സിറാജുൽ ഇസ്ലാം ബാലുശ്ശേരി
പ്രഗൽഭനായ താബിഈ പണ്ഡിതനാണ് മഹാനായ ഇബ്രാഹീം ഇബ്നു അദ്ഹം رَحِمَهُ اللَّهُ. അദ്ദേഹം ഒരിക്കൽ ഇറാഖിലെ ബസ്വറ പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോൾ, വലിയ പണ്ഡിതനായതുകൊണ്ടുതന്നെ അദ്ദേഹത്തിന് ചുറ്റും ആളുകൾ ഒരുമിച്ചുകൂടി. തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയാൻ വേണ്ടിയായിരുന്നു അവർ വന്നത്. ആ കൂട്ടത്തിൽ ധാരാളം ആളുകൾ ഒരേപോലെ അദ്ദേഹത്തോട് ഒരു ആവലാതി പറഞ്ഞു: “ഞങ്ങളുടെ പ്രാർത്ഥനകൾക്കൊന്നും ഉത്തരം ലഭിക്കുന്നില്ല. ജീവിതത്തിൽ ഒരു ബർക്കത്തും ഞങ്ങൾ കാണുന്നില്ല. എന്താണ് ഇതിന് കാരണം?”
മനുഷ്യന്റെ ജീവിതത്തിൽ ഒരുപാട് ബർക്കത്തുകളുണ്ട്. ആ ബർക്കത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ പ്രാർത്ഥനകൾക്ക് അല്ലാഹു ഉത്തരം നൽകുക എന്നുള്ളതാണ്. അതൊരു വലിയ അനുഗ്രഹമാണ് (ഫള്ൽ). അതുകൊണ്ടാണ് നബി ﷺ യുടെ പ്രാർത്ഥനകളിൽ ഇപ്രകാരം കാണാൻ സാധിക്കുന്നത്:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
“അല്ലാഹുവേ, ഉപകാരപ്പെടാത്ത അറിവിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിവരാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.” [സ്വഹീഹ് മുസ്ലിം – 2722]
ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്ന് കാവൽ ചോദിക്കുക എന്നത് റബ്ബിനോട് നാം പ്രത്യേകം പ്രാർത്ഥിക്കേണ്ട വിഷയമാണ്. എന്ന് പറഞ്ഞാൽ, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കുക എന്നത് മറ്റൊരു പ്രാർത്ഥനാ വിഷയമാണ് എന്നർത്ഥം. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് പറയുന്നത് നമ്മുടെ ദുആ അല്ലാഹു സ്വീകരിച്ച് നമുക്ക് ഉത്തരം നൽകുക എന്നുള്ളതാണ്. എന്നാൽ പലർക്കും അത് ലഭിക്കുന്നില്ല. ധാരാളം ആളുകൾ പലപ്പോഴും പറയാറുള്ള ഒരു കാര്യമാണിത്. എന്തുകൊണ്ടാണ് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ബർക്കത്ത് ഇല്ലാത്തത്? അതിന് മഹാനായ ഇബ്രാഹീം ഇബ്നു അദ്ഹം رَحِمَهُ اللَّهُ നൽകിയ മറുപടി 10 കാര്യങ്ങളിൽ മനുഷ്യർക്ക് വീഴ്ചകൾ സംഭവിക്കുന്നുണ്ട് എന്നാണ്. ഈ 10 കാര്യങ്ങളാണ് അത്തരം അവസ്ഥകൾക്കുള്ള പ്രധാന കാരണം. അദ്ദേഹം വിശദീകരിച്ച ആ കാര്യങ്ങൾ താഴെ പറയുന്നവയാണ്:
• ഒന്നാമതായി: നിങ്ങൾ അല്ലാഹുവിനെ അറിയുന്നു, എന്നാൽ അവനുള്ള അവകാശങ്ങൾ നിങ്ങൾ നൽകുന്നില്ല അദ്ദേഹം പറഞ്ഞു: നിങ്ങൾക്കൊക്കെ അല്ലാഹുവിനെ അറിയാം, പക്ഷേ റബ്ബിന് നൽകേണ്ട അവകാശങ്ങൾ നിങ്ങൾ നൽകുന്നുണ്ടോ എന്ന് ചിന്തിക്കുക. എനിക്കും നിങ്ങൾക്കും അല്ലാഹുവിനെ അറിയാം. നാം ഖുർആൻ ഓതുമ്പോഴും ദീനിന്റെ ക്ലാസുകൾ കേൾക്കുമ്പോഴുമൊക്കെ ധാരാളമായി അല്ലാഹുവിനെക്കുറിച്ച് കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിനെ അറിയാത്ത വിശ്വാസികൾ ഉണ്ടോ? കാരുണികനായ റബ്ബിനെ അവന്റെ അസ്മാഉകളിലൂടെയും സിഫാത്തുകളിലൂടെയും (നാമഗുണവിശേഷണങ്ങൾ) ഒക്കെ നമുക്ക് അടുത്തറിയാം. പക്ഷേ, റബ്ബിനുള്ള അവകാശങ്ങൾ അറിഞ്ഞിട്ടും അത് നൽകുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നു. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കാനും ജീവിതത്തിൽ ബർക്കത്ത് ഇല്ലാതിരിക്കാനുമുള്ള പ്രധാന കാരണം, റബ്ബിനെ അറിയുന്നവർ പോലും അവനുള്ള അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നില്ല എന്നതാണ്.
• രണ്ടാമതായി: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുന്നു, എന്നാൽ അതനുസരിച്ച് പ്രവർത്തിക്കുന്നില്ല നിങ്ങളൊക്കെ ഖുർആൻ ഓതുന്നുണ്ട്, പക്ഷേ അതനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നില്ല. ഖുർആൻ ഓതുന്നുണ്ട്, അതിന്റെ അർത്ഥമറിയാം, അതിന്റെ തഫ്സീറുകൾ അറിയാം; പക്ഷേ ഖുർആൻ അനുസരിച്ചുള്ള ജീവിതം എത്രയുണ്ട് എന്ന് ചിന്തിക്കൂ. ഖുർആൻ ഓതുന്നുണ്ട് എന്നല്ലാതെ യഥാർത്ഥത്തിൽ ആ പാരായണം ഒരു കർമ്മമാക്കി നിങ്ങൾ മാറ്റുന്നില്ല. ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞതുപോലെ, ഖുർആൻ അവതരിപ്പിക്കപ്പെട്ടത് അത് അമലിൽ കൊണ്ടുവരാനാണ്. എന്നാൽ പലരും ഖുർആൻ പാരായണത്തെ മാത്രം ഒരു അമലാക്കി മാറ്റി. പാരായണം ചെയ്യുക എന്നത് പ്രതിഫലാർഹമായ ഒരു അമല് തന്നെയാണ്, അതിൽ സംശയമില്ല. എന്നാൽ ഖുർആൻ ഓത്ത് മാത്രമേയുള്ളൂ, അതനുസരിച്ചുള്ള ജീവിതമില്ല എന്നതാണ് പ്രശ്നം. ജീവിതത്തെ ക്രമീകരിക്കുന്നില്ല, ഖുർആനിനെ മാർഗ്ഗദർശിയായി കാണുന്നില്ല. നിങ്ങൾ ഖുർആൻ ഓതുന്നുണ്ട്, പക്ഷേ അത് പ്രാവർത്തികമാക്കുന്നതിൽ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ചിന്തിക്കുക.
• മൂന്നാമതായി: നിങ്ങൾ പ്രവാചകനെ ﷺ സ്നേഹിക്കുന്നുവെന്ന് വാദിക്കുന്നു, എന്നാൽ അവിടുത്തെ സുന്നത്ത് നിങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു നിങ്ങൾ നബിയെ ﷺ വലിയ ഇഷ്ടമാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്, പക്ഷേ നബിയുടെ സുന്നത്ത് നിങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. എത്ര സത്യമാണത്! എല്ലാവർക്കും നബിയെ ﷺ വലിയ ഇഷ്ടമാണ്. നബിയെക്കുറിച്ച് പറയുമ്പോഴേക്കും നമ്മുടെ കണ്ണുകൾ നിറയാറുണ്ട്, ഹൃദയത്തിൽ വിങ്ങൽ ഉണ്ടാവാറുണ്ട്, സന്തോഷം വരാറുണ്ട്. ‘ഞങ്ങൾ നബിയെ സ്നേഹിക്കുന്നു’ എന്ന് നാം പ്രഖ്യാപിക്കാറുണ്ട്. നബിയെ സ്നേഹിക്കുക എന്ന് പറഞ്ഞാൽ നബിയുടെ സുന്നത്തിനെ പിൻപറ്റലാണ് എന്ന് ബിദ്അത്തിന്റെ ആളുകളോട് വരെ നാം പറയാറുണ്ട്. പക്ഷേ, ആ സുന്നത്ത് പിൻപറ്റുന്ന വിഷയത്തിൽ നാം എവിടെയാണ്? അല്ലാഹുവിന്റെ റസൂലിനോടുള്ള ഇഷ്ടം പറയുന്നുവെന്നല്ലാതെ നബിയുടെ സുന്നത്തുകൾ നമ്മുടെ ജീവിതത്തിൽ എത്രമാത്രമുണ്ട്? അല്ലാഹു പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
“പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” [സൂറത്ത് ആലു ഇംറാൻ – 31]
അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവും ലഭിക്കണമെങ്കിൽ നബിയുടെ സുന്നത്തിനെ പിൻപറ്റണം. എങ്കിൽ മാത്രമേ അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുകയുള്ളൂ എന്ന് ഖുർആൻ വ്യക്തമാക്കിയ കാര്യമാണ്. എന്നാൽ അതിൽ നിങ്ങൾ വീഴ്ച വരുത്തുന്നുണ്ട്.
• നാലാമതായി: നിങ്ങൾ പിശാചിനോട് ശത്രുത പ്രഖ്യാപിക്കുന്നു, എന്നാൽ അവനെത്തന്നെ നിങ്ങൾ പിൻപറ്റുന്നു ശൈത്താനോടുള്ള ശത്രുതയൊക്കെ നിങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. ‘അഊദു ബില്ലാഹി മിനശ്ശൈത്വാനിർറജീം’ എന്നൊക്കെ ഭംഗിയായി ഓതുന്നുണ്ട്. പക്ഷേ, ശൈത്താന്റെ കാൽപാടുകളെ പിൻപറ്റുന്നതിൽ നിങ്ങൾ ഒട്ടും പിറകിലല്ല. എന്തിനേറെ, ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ പോലും എത്ര പറഞ്ഞുകൊടുത്താലും ചിലർ ഇടതുകൈ കൊണ്ടുതന്നെ കുടിക്കും. നബി ﷺ പഠിപ്പിച്ചത് എന്താണ്?
لَا يَأْكُلَنَّ أَحَدُكُمْ بِشِمَالِهِ، وَلَا يَشْرَبَنَّ بِهَا، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ، وَيَشْرَبُ بِهَا
“നിങ്ങളിലാരും തന്റെ ഇടതു കൈകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയമായും പിശാച് തന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്.” [സ്വഹീഹ് മുസ്ലിം – 2020]
നാം ശൈത്താനെ പോലെ ആകരുത്. നമ്മൾ ‘അഊദു ബില്ലാഹി മിനശ്ശൈത്വാനിർറജീം’ എന്ന് പറയും, പിശാചിനെ നമുക്ക് ഇഷ്ടമല്ല. ഇബ്ലീസിനെ കുറിച്ച് കേൾക്കുമ്പോൾ ‘ലഅ്നത്തുല്ലാഹി അലൈഹി’ എന്നൊക്കെ പറയും. പക്ഷേ എത്രയെത്ര പിശാചിന്റെ പ്രവർത്തനങ്ങളെയാണ് നാം ചെയ്യുന്നത്. ഇത് പിശാചിന്റെ പണിയാണെന്ന് റസൂൽ ﷺ വ്യക്തമാക്കി തന്ന കാര്യങ്ങൾ മനുഷ്യർ അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു. എന്നിട്ട് ശൈത്താന്റെ കൂടെ നടക്കുകയാണ്. എന്നിട്ട് പറയുന്നു, ‘ഞാൻ ശൈത്താനെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നു’ എന്ന്. ശൈത്താനെക്കുറിച്ച് പറയുമ്പോൾ ചിലർ ചോദിക്കും, ‘മനുഷ്യരെ കുറിച്ച് തന്നെ പറയൂ, എന്തിനാണ് ശൈത്താനെ കുറിച്ച് പറയുന്നത്?’ എന്ന്. ശൈത്താനും മനുഷ്യനും തമ്മിലുള്ള ബന്ധം എന്താണ്, അവൻ എത്രമാത്രം അപകടം ഉണ്ടാക്കുന്നവനാണ് എന്ന് ഖുർആനിലും ഹദീസിലും വന്നതിനെക്കുറിച്ച് അജ്ഞരായതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. നമ്മുടെ പ്രവർത്തനങ്ങൾ ശൈത്താനുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അല്ലാഹു എത്ര ആയത്തുകളിലാണ് പഠിപ്പിച്ചത്:
وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
“നിങ്ങൾ പിശാചിന്റെ കാൽപാടുകളെ പിൻപറ്റരുത്. നിശ്ചയമായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.” [സൂറത്തുൽ ബഖറ – 168]
പക്ഷേ പലപ്പോഴും പിശാചിന്റെ കാൽപാടുകളെയാണ് മനുഷ്യർ പിൻപറ്റുന്നത്. എന്നിട്ട് ദുആക്ക് ഉത്തരം കിട്ടുന്നില്ല എന്നും, ജീവിതത്തിൽ ബർക്കത്തില്ല എന്നും പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുകയാണ്.
• അഞ്ചാമതായി: നിങ്ങൾ സ്വർഗ്ഗത്തെ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നു, എന്നാൽ അതിനുവേണ്ടി നിങ്ങൾ പ്രവർത്തിക്കുന്നില്ല നിങ്ങൾ ജൽപ്പിക്കുന്നത് സ്വർഗ്ഗം നിങ്ങൾക്ക് വലിയ ഇഷ്ടമാണ് എന്നാണ്. പക്ഷേ സ്വർഗ്ഗത്തിന് വേണ്ടി നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പരിശോധിച്ചിട്ടുണ്ടോ? അല്ലാഹു പറയുന്നു:
وَمَنْ أَرَادَ ٱلْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا
“ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്താൽ അത്തരക്കാരുടെ പരിശ്രമം നന്ദിപൂർവ്വം സ്വീകരിക്കപ്പെടുന്നതാണ്.” [സൂറത്തുൽ ഇസ്റാഅ് – 19]
‘സആ’ (سَعَى) എന്ന് പറഞ്ഞാൽ അധ്വാനമാണ്, ദൃതിപിടിച്ചുള്ള അധ്വാനം. സ്വർഗ്ഗത്തിന് വേണ്ടി മനുഷ്യൻ അധ്വാനിക്കണം. ജുമുഅയുടെ ആയത്തിൽ ‘ഫസ്അൗ ഇലാ ദിക്രില്ലാഹ്’ (അല്ലാഹുവിന്റെ സ്മരണയിലേക്ക് നിങ്ങൾ ധൃതിപ്പെട്ട് ചെല്ലുക) എന്ന് പറഞ്ഞില്ലേ. സ്വർഗ്ഗം നിങ്ങൾക്ക് ഇഷ്ടമാണ്, അത് സ്വർണ്ണം കൊണ്ടുള്ളതാണ്, വെള്ളി കൊണ്ടുള്ളതാണ്, അവിടെ ഹൂറികളുണ്ട്, അവിടെ മരണമില്ല, വാർദ്ധക്യമില്ല, രോഗമില്ല; ഇതൊക്കെ നാം വളരെ സന്തോഷത്തോടുകൂടി പറയുന്നു. പക്ഷേ, അങ്ങനെയുള്ള ഒരു സ്വർഗ്ഗലോകത്തിന് വേണ്ടി, അതാണ് എന്റെ ജീവിതത്തിലെ മുഖ്യ ലക്ഷ്യം എന്ന നിലക്ക് പലരും പ്രവർത്തിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
• ആറാമതായി: നിങ്ങൾക്ക് നരകത്തെ ഭയമാണെന്ന് പറയുന്നു, എന്നാൽ സ്വന്തം ശരീരത്തെ നിങ്ങൾ അതിലേക്ക് പണയപ്പെടുത്തിയിരിക്കുന്നു നരകത്തെ നിങ്ങൾക്ക് ഇഷ്ടമല്ല എന്ന് നിങ്ങൾ ജൽപ്പിക്കുന്നു. നരകം ഭയാനകമാണെന്ന് നിങ്ങൾക്കറിയാം. പക്ഷേ, നിങ്ങൾ സ്വന്തം ശരീരത്തെ നരകത്തിന് വേണ്ടി പണയപ്പെടുത്തിയിരിക്കുന്നു. അല്ലാഹു പറയുന്നു:
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ
“ഓരോ വ്യക്തിയും താൻ സമ്പാദിച്ചുവെച്ചതിന് (കർമ്മങ്ങൾക്ക്) പണയപ്പെടുത്തപ്പെട്ടവനാകുന്നു.” [സൂറത്തുൽ മുദ്ദഥ്ഥിർ – 38]
തന്റെ ശരീരം നരകത്തിൽ പോയാലും വേണ്ടില്ല, തൽക്കാലം എനിക്ക് ഈ സുഖം വേണം, തൽക്കാലം ഞാൻ ഈ ഹറാം ചെയ്യുകയാണ്, ഈ തിന്മ (മഅ്സിയത്ത്) ചെയ്യുകയാണ് എന്ന നിലപാടാണ് പലർക്കും. ഇത് ചെയ്താൽ നരകത്തിൽ പോകുമെന്ന് നൂറു ശതമാനവും അറിയാം, ഖുർആനിലൂടെയും ഹദീസിലൂടെയും അത് പഠിച്ചിട്ടുണ്ട്; പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം തൽക്കാലം ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്ന കാര്യം എനിക്ക് കിട്ടണം. അതിനായി സ്വന്തം ശരീരത്തെ നരകത്തിലേക്ക് പണയപ്പെടുത്തിയിട്ട് ഭൗതികമായ സുഖങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രവർത്തിക്കുകയും അതിന് മുൻഗണന കൊടുക്കുകയും ചെയ്യുന്നു. പിന്നെ എങ്ങനെയാണ് നിങ്ങളുടെ ദുആക്ക് ഉത്തരം കിട്ടുന്നത്?
• ഏഴാമതായി: മരണം സത്യമാണെന്ന് നിങ്ങൾ പറയുന്നു, എന്നാൽ അതിനുവേണ്ടി നിങ്ങൾ ഒരുങ്ങുന്നില്ല മരണം സത്യമാണെന്നും ഏതു നിമിഷവും മരണം പിടികൂടുമെന്നും നിങ്ങൾ പറയുന്നു. ഇതറിയാത്ത ഏത് വിശ്വാസിയാണ് ഉള്ളത്? എവിടെ വെച്ച് മരണപ്പെടുമെന്നോ നാളെ എന്ത് സംഭവിക്കുമെന്നോ ഒരാൾക്കും പറയാൻ കഴിയില്ല. അബ്ദുല്ലാഹി ബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا പറയാറുണ്ടായിരുന്നു:
إِذَا أَمْسَيْتَ فَلَا تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرِ الْمَسَاءَ
“വൈകുന്നേരമായാൽ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതമായാൽ നീ പ്രദോഷത്തെയും പ്രതീക്ഷിക്കരുത്.” [സ്വഹീഹ് ബുഖാരി – 6416]
ഇതൊക്കെ നമുക്കറിയാം. എന്നിട്ടും നിങ്ങൾ മരണാനന്തര ജീവിതത്തിന് വേണ്ടി ഒരുങ്ങുന്നില്ല. ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ എന്റെ കിതാബുകൾ (കർമ്മങ്ങൾ) ക്ലിയറാണ്, വ്യക്തികളോടുള്ള ഇടപാടുകൾ, റഹ്മാനായ റബ്ബിനോടുള്ള ഹക്കുകൾ ഇതൊക്കെ ക്ലിയറാണ്, അതുകൊണ്ട് ഖബറിൽ പോയാലും മഹ്ശറയിൽ ചെന്നാലും എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പുള്ള എത്രപേർ നമ്മുടെ കൂട്ടത്തിലുണ്ടാകും? ഞാനും നിങ്ങളും ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ്. അല്ലാഹു പറയുന്നു:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ വ്യക്തിയും നാളേക്കുവേണ്ടി എന്തൊരു കർമ്മമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ.” [സൂറത്തുൽ ഹശ്ർ – 18]
വല്ലാത്തൊരു വാക്കല്ലേ! നാളേക്ക് വേണ്ടി എന്താണ് റെഡിയാക്കിയത് എന്ന് നോക്കണം. വിദൂരമായ കാലത്തേക്കല്ല അല്ലാഹു പറഞ്ഞത്, മറിച്ച് ‘നാളേക്ക്’ എന്നാണ്. അതുകൊണ്ട് ഇന്നുതന്നെ ഒരുങ്ങണം. കാരണം നാളെ പോകാനുള്ളതാണ്. നബി ﷺ യോട് ചോദിക്കപ്പെട്ടില്ലേ, ആരാണ് ബുദ്ധിമാനായ മുഅ്മിൻ? അവിടുന്ന് പറഞ്ഞു:
أَكْثَرُهُمْ لِلْمَوْتِ ذِكْرًا، وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا، أُولَئِكَ الْأَكْيَاسُ
“അവരിൽ ഏറ്റവും കൂടുതൽ മരണത്തെ ഓർക്കുന്നവനും, മരണാനന്തര ജീവിതത്തിന് വേണ്ടി ഏറ്റവും നന്നായി തയ്യാറെടുപ്പ് നടത്തുന്നവനുമാണ് ഏറ്റവും ബുദ്ധിമാൻ.” [സുനൻ ഇബ്നുമാജ – 4259]
പക്ഷേ, പലരും മരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവർ അതിനുവേണ്ടി ഒരുങ്ങുന്നില്ല.
• എട്ടാമതായി: നിങ്ങൾ മറ്റുള്ളവരുടെ ന്യൂനതകൾ അന്വേഷിക്കാൻ തിരക്ക് കൂട്ടുന്നു, എന്നാൽ സ്വന്തം ന്യൂനതകൾ നിങ്ങൾ മറന്നുകളയുന്നു നിങ്ങളുടെ തിരക്ക് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കലാണ്. മനുഷ്യന് ഭയങ്കര തിരക്കിട്ട പണിയാണിത്. രാവിലെ മുതൽ വൈകുന്നേരം വരെ, ആർക്കൊക്കെ എന്തൊക്കെ ന്യൂനതകളുണ്ട്, ആരുടെയൊക്കെ ഈമാനിനെ ചോദ്യം ചെയ്യാം, തഖ്വയെ ചോദ്യം ചെയ്യാം, ഇഖ്ലാസിനെ ചോദ്യം ചെയ്യാം, ആരൊക്കെ മുനാഫിഖാണ്, മുശ്രിക്കാണ്, മോശക്കാരാണ് എന്ന് പ്രഖ്യാപിക്കാൻ ജനങ്ങളുടെ ഐബുകൾ അന്വേഷിച്ചുള്ള നടത്തമാണ്. പക്ഷേ നിങ്ങൾ നിങ്ങളുടെ ന്യൂനതകളെക്കുറിച്ച് ചിന്തിക്കുന്നേയില്ല. എനിക്ക് എന്തൊക്കെ പോരായ്മകളുണ്ട് എന്നാണ് ചിന്തിക്കേണ്ടത്. ഹദീസിൽ വന്നിട്ടുള്ളത് നോക്കുക:
يُبْصِرُ أَحَدُكُمُ الْقَذَاةَ فِي عَيْنِ أَخِيهِ، وَيَنْسَى الْجِذْعَ فِي عَيْنِهِ
“നിങ്ങളിലൊരാൾ തന്റെ സഹോദരന്റെ കണ്ണിലെ കരട് കാണുന്നു; എന്നാൽ സ്വന്തം കണ്ണിലെ വലിയ വിറകുകൊള്ളി അവൻ മറന്നുകളയുകയും ചെയ്യുന്നു.” [അൽ-അദബുൽ മുഫ്റദ് – 592]
മനുഷ്യൻ അങ്ങനെയാണ്. മറ്റുള്ളവരുടെ ന്യൂനതകളുടെ പിന്നാലെ പോയി തിരക്കിട്ട പണിയാണ്. അവനവന്റെ ഐബുകൾ പരിശോധിച്ച് അത് നേരെയാക്കുന്നതിൽ ആരും ശ്രദ്ധ കാണിക്കുന്നില്ല. എനിക്കെന്തൊക്കെ പോരായ്മകളുണ്ട്, ഞാൻ എവിടെയാണ് പരിഹരിക്കേണ്ടത് എന്ന് ചിന്തിക്കുന്നില്ല. പിന്നെ എങ്ങനെ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും?
• ഒൻപതാമതായി: നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു, എന്നാൽ അതിന് നിങ്ങൾ നന്ദികാണിക്കുന്നില്ല അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ തിന്നുകൊണ്ടിരിക്കുന്നു. രാവിലെ മുതൽ നമ്മുടെ ദാഹത്തിന് വെള്ളം, വിശപ്പിന് ഭക്ഷണം തുടങ്ങി ഒട്ടനവധി അനുഗ്രഹങ്ങൾ. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിക്കണക്കാക്കാൻ വിചാരിച്ചാൽ അത് സാധ്യമല്ല. എന്നിട്ടും നിങ്ങൾ റബ്ബിന് ശുക്ർ (നന്ദി) കാണിക്കുന്നുണ്ടോ? അല്ലാഹു പറയുന്നു:
وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ
“എന്റെ ദാസന്മാരിൽ നന്ദികാണിക്കുന്നവർ വളരെ കുറച്ചാകുന്നു.” [സൂറത്ത് സബഅ് – 13]
إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ
“തീർച്ചയായും മനുഷ്യൻ തന്റെ രക്ഷിതാവിനോട് അങ്ങേയറ്റം നന്ദികെട്ടവൻ തന്നെയാകുന്നു.” [സൂറത്തുൽ ആദിയാത്ത് – 6]
ഇബ്ലീസ് റബ്ബിനോട് പറഞ്ഞത് എന്താണ്? ‘മനുഷ്യനെ ഞാൻ നന്ദികെട്ടവനാക്കും’ എന്നാണ്. ഇബ്ലീസിന്റെ ഏറ്റവും വലിയ ഡ്യൂട്ടികളിൽ ഒന്ന് മനുഷ്യനെ നന്ദികെട്ടവനാക്കലാണ്. ഖുർആൻ ആ സംഭാഷണം വ്യക്തമാക്കുന്നത് കാണുക:
وَلَا تَجِدُ أَكْثَرَهُمْ شَـٰكِرِينَ
“അവരിൽ (മനുഷ്യരിൽ) അധികപേരെയും നന്ദിയുള്ളവരായി നിനക്ക് കണ്ടെത്താൻ കഴിയില്ല (എന്ന് ഇബ്ലീസ് പറഞ്ഞു).” [സൂറത്തുൽ അഅ്റാഫ് – 17]
അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട് നന്ദി കാണിക്കുന്നതിൽ നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കുക.
• പത്താമതായി: നിങ്ങളുടെ കൂട്ടത്തിൽ മരണപ്പെടുന്നവരെ നിങ്ങൾ മറവുചെയ്യുന്നു, എന്നാൽ അതിൽ നിന്നും നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുന്നില്ല നിങ്ങളുടെ കൂട്ടത്തിൽ മരണപ്പെട്ടവരെ നിങ്ങൾ ഖബറടക്കി. എന്നിട്ടും നിങ്ങൾക്ക് അതിൽ നിന്ന് ഒരു ഗുണപാഠവും കിട്ടിയില്ലേ? നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ബന്ധുമിത്രാദികളെ നിങ്ങൾ ആറടി മണ്ണിൽ വെച്ച്, മീതെ സ്ലാബിട്ട് മണ്ണുമിട്ട് മൂടി. ഇന്നലെ ഇതേപോലെ എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ്, എന്റെ കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന ആളാണ്, ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതാണ്. ഇന്നിതാ ആ മനുഷ്യനെ ഞാൻ ആറടി മണ്ണിൽ വിട്ടേച്ചു പോവുകയാണ്. നാളെ ഇതേപോലെ ഞാനും കിടക്കേണ്ടി വരില്ലേ എന്ന് നിങ്ങൾ ചിന്തിച്ചോ? സ്വഹാബികളുടെ പ്രശസ്തമായ ഒരു വചനമുണ്ട്:
كَفَى بِالْمَوْتِ وَاعِظًا
“ഉപദേശകനായിട്ട് മരണം തന്നെ മതിയാകുന്നതാണ്.”
ഏറ്റവും വലിയ ഉപദേശകൻ മരണമാണ്. മരണം വലിയ ഗുണപാഠം നൽകും. പക്ഷേ അങ്ങനെ ഒരു ഗുണപാഠം കിട്ടിയോ? ചുറ്റിൽ നിന്നും ആളുകൾ മരണപ്പെട്ടിട്ടും നമ്മൾ ഇപ്പോഴൊന്നും മരിക്കില്ല എന്നാണ് എല്ലാവരും ധരിക്കുന്നത്. ഇങ്ങനെ ജീവിച്ചാൽ എങ്ങനെയാണ് പ്രാർത്ഥനക്ക് ഉത്തരം കിട്ടുക? എങ്ങനെയാണ് ജീവിതത്തിൽ ബർക്കത്തുണ്ടാവുക?
ഈ പത്ത് കാര്യങ്ങളാണ് ഇബ്രാഹീം ഇബ്നു അദ്ഹം رَحِمَهُ اللَّهُ ആ ജനങ്ങളുടെ മനസ്സുകളിലേക്ക് ഇട്ടുകൊടുത്തത്. ഞാനും നിങ്ങളും ഇത് ഉൾക്കൊള്ളുകയും ചിന്തിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുക. അല്ലാഹു സുബ്ഹാനഹുവതആല നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

