ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി
മതപരമായ സന്ദർഭങ്ങളിൽ പണ്ഡിതന്മാരുടെ സംസാരങ്ങളിൽ ‘സമാഅ്’ (കേൾവി) എന്ന് പ്രയോഗിച്ചാൽ, അതിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത് ഈണത്തിൽ ആലപിക്കപ്പെടുന്ന കാവ്യങ്ങളും പാട്ടുകളും കേൾക്കുക എന്നതാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ ഈ ‘കേൾവികളെ’ അടിസ്ഥാനപരമായി മൂന്നായി തിരിക്കാം:
- സുകൃതവാന്മാരുടെ കേൾവി (സമാഉൽ മുഖർറബീൻ)
- പുത്തനാശയക്കാരുടെ കേൾവി (സമാഉൽ മുബ്തദിഈൻ)
- വിനോദത്തിൽ ഏർപ്പെടുന്നവരുടെ കേൾവി (സമാഉൽ മുതലാഇബീൻ)
ഇതിൽ ഓരോന്നും എന്താണെന്നും അവയുടെ ഇസ്‌ലാമിക വിധികളെന്താണെന്നും താഴെ വിശദീകരിക്കുന്നു.
1. സുകൃതവാന്മാരുടെ കേൾവി
ഇതിൽ ഏറ്റവും ഉത്തമമായത് സുകൃതവാന്മാരുടെ കേൾവിയാണ്. അല്ലാഹുവിന്റെ വചനങ്ങൾ (വിശുദ്ധ ഖുർആൻ) ശ്രവിക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. യഥാർത്ഥ വിശ്വാസികളെക്കുറിച്ച് അല്ലാഹു ﷻ ഖുർആനിൽ പറയുന്നത് കാണുക:
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا
“സത്യവിശ്വാസികള്‍ (യഥാര്‍ത്ഥത്തില്‍) ആരാണെന്നാല്‍ അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്.” [സൂറത്തുൽ അൻഫാൽ – 2]
സജ്ജനങ്ങളുടെയും പണ്ഡിതന്മാരുടെയും ആരാധനാ നിരതരുടെയും കേൾവിയാണിത്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും, അത് കേൾക്കാനും, അതിലെ വചനങ്ങൾ ചിന്തിച്ചു മനസ്സിലാക്കി (തദബ്ബുർ) അതനുസരിച്ച് പ്രവർത്തിക്കാനും അവർ അങ്ങേയറ്റം താല്പര്യം കാണിക്കുന്നു. ഇതാണ് ഒരു സത്യവിശ്വാസി തന്റെ ജീവിതത്തിൽ ശീലമാക്കേണ്ടത്.
2. പുത്തനാശയക്കാരുടെ കേൾവി
സൂഫികൾക്കിടയിൽ വ്യാപകമായി പ്രചാരത്തിലുള്ള കേൾവിയാണിത്. ഈണത്തിൽ ആലപിക്കപ്പെടുന്ന കാവ്യങ്ങളെയും പാട്ടുകളെയും അല്ലാഹുവിലേക്ക് അടുക്കാനും ഹൃദയങ്ങളെ സ്ഫുടം ചെയ്യാനുമുള്ള മാർഗ്ഗമായി ഇവർ സ്വീകരിച്ചു. ഇത് ആത്മാവിനുള്ള ഭക്ഷണമാണെന്ന് പോലും അവർ വാദിച്ചു. ഇക്കൂട്ടരിൽ ചിലർ അതിരുകടന്നുകൊണ്ട്, അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുന്നതിനേക്കാൾ അടിമകൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്നത് ഇത്തരം കാവ്യങ്ങൾ കേൾക്കുന്നതാണെന്ന് വരെ വാദിക്കാൻ ധൈര്യം കാണിച്ചു.
‘ഇഹ്‌യാ ഉലൂമിദ്ദീൻ’ (إحياء علوم الدين) എന്ന ഗ്രന്ഥത്തിൽ അൽ-ഗസാലി ഈയൊരു അബദ്ധത്തിൽ അകപ്പെട്ടിട്ടുണ്ട്. ഖുർആൻ പാരായണം കേൾക്കുന്നതിനേക്കാൾ പാട്ടുകൾ കേൾക്കുന്നത് ഹൃദയങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് സ്ഥാപിക്കാൻ അയാൾ ഏഴ് കാരണങ്ങൾ അതിൽ നിരത്തുന്നുണ്ട്. ഖുർആൻ സ്ഥിരമായി കേൾക്കുന്നതുകൊണ്ട് അതിന് ഹൃദയങ്ങളിലുള്ള സ്വാധീനം കുറയുമെന്നും, എന്നാൽ ഗായകർ ദിവസവും പുതിയ പുതിയ വരികളുമായി വരുമ്പോൾ അത് ഹൃദയങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നുമൊക്കെയാണ് അയാൾ അതിൽ വാദിക്കുന്നത്. എത്ര വലിയ അബദ്ധമാണിത്! അല്ലാഹുവിന്റെ വചനങ്ങൾ എത്ര ആവർത്തിച്ചു കേട്ടാലും അത് പഴഞ്ചനാവുകയില്ല. സന്നിഹിതമായ ഹൃദയത്തോടെയും സന്മാർഗ്ഗം കാംക്ഷിച്ചുകൊണ്ടും ഒരാൾ ഖുർആൻ ശ്രവിച്ചാൽ, അല്ലാഹു അവന് വിജ്ഞാനത്തിന്റെയും ഈമാനിന്റെയും വലിയ കവാടങ്ങൾ തുറന്നുകൊടുക്കുന്നതാണ്.
മുൻഗാമികളായ പണ്ഡിതന്മാർ ഇത്തരം പുത്തനാചാരങ്ങളെ (ബിദ്അത്തുകളെ) അതിശക്തമായി എതിർത്തിട്ടുണ്ട്. ഇമാം ശാഫിഈ, ഇമാം മാലിക്, സുഫ്‌യാൻ അഥൗരി, യസീദ് ബിൻ ഹാറൂൻ, ഇമാം അഹ്‌മദ് ബിൻ ഹൻബൽ, ഇസ്ഹാഖ് ബിൻ റാഹവൈഹി رَحِمَهُمُ اللَّهُ തുടങ്ങിയവരെല്ലാം ഇതിന് താക്കീത് നൽകിയവരാണ്.
ഇമാം ശാഫിഈ رَحِمَهُ اللَّهُ വിന്റെ വളരെ പ്രധാനപ്പെട്ട ഒരു വാക്കുമുണ്ട്: “ബാഗ്ദാദിൽ ‘അത്തഗ്ബീർ’ (التغبير) എന്ന് പേരുള്ള ഒരു കാര്യം ഞാൻ ഉപേക്ഷിച്ചുപോന്നിട്ടുണ്ട്; സനാദിഖകൾ (ഇസ്‌ലാമിന്റെ ശത്രുക്കളായ നിഷേധികൾ) പുതുതായി ഉണ്ടാക്കിയതാണത്.” ഹൃദയങ്ങളെ അലിയിപ്പിക്കുമെന്ന വാദത്തോടെ, മുളവടികളോ മറ്റോ ഉപയോഗിച്ച് ശബ്ദമുണ്ടാക്കി ഈണത്തിൽ പാട്ടുപാടുന്ന രീതിയാണ് അത്തഗ്ബീർ. ഇത് സനാദിഖകൾ ഉണ്ടാക്കിയതാണെന്ന ഇമാം ശാഫിഈ رَحِمَهُ اللَّهُ വിന്റെ വാക്കിനെ വിശദീകരിച്ചുകൊണ്ട് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു: “ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അഗാധമായ അറിവാണ് ഇത് വ്യക്തമാക്കുന്നത്. കാരണം, ഇത്തരം ഗാനസദസ്സുകളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇബ്നു റാവാന്ദി, അൽ-ഫാറാബി, ഇബ്നു സീന തുടങ്ങിയ സനാദിഖകളാണ്.” ഇത്തരം ബിദ്അത്തുകളെ സ്വന്തം ഗ്രന്ഥങ്ങളിലൂടെ ആളുകൾക്കിടയിൽ പ്രചരിപ്പിച്ചത് അവരാണ്. അല്ലാഹുവിന്റെ വചനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും ആളുകളെ തടയാൻ വേണ്ടിയാണ് അവർ ഈ മോശപ്പെട്ട മാർഗ്ഗം കൊണ്ടുവന്നത്.
ഇബ്നു ഖഫീഫ് رَحِمَهُ اللَّهُ ഇതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “ഇതൊരു ആരാധനയായി കണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി ഇത് കേൾക്കുന്നത് കുഫ്‌റാണ്.” കാരണം, അല്ലാഹു അനുവദിക്കാത്ത ഒരു കാര്യത്തെ ദീനായി നിയമമാക്കുകയാണ് ഇവർ ഇതിലൂടെ ചെയ്യുന്നത്. അല്ലാഹുവിന്റെ വചനം കാണുക:
أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ
“അതല്ല, അല്ലാഹു അനുവാദം നല്‍കിയിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുക്കുന്ന വല്ല പങ്കാളികളും അവര്‍ക്കുണ്ടോ?” [സൂറത്തുശ്ഷൂറാ – 21]
ഇന്ന് ഇന്റർനെറ്റിലും സോഷ്യൽ മീഡിയകളിലും സൂഫികളുടെ ഇത്തരം അനശീദുകളും കാവ്യങ്ങളും വ്യാപകമാണ്. അഹ്‌ലുസ്സുന്നയുടെ മൻഹജ് പിൻപറ്റുന്ന വിദ്യാർത്ഥികൾ ഇതിൽ വഞ്ചിതരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ കേൾക്കാൻ താല്പര്യം കാണിച്ചാൽ ക്രമേണ അത് ഹൃദയത്തെ കീഴ്പ്പെടുത്തുകയും, അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവനെ വഴിതെറ്റിക്കുകയും ചെയ്യും.
3. വിനോദത്തിൽ ഏർപ്പെടുന്നവരുടെ കേൾവി
സൂഫികളെപ്പോലെ അല്ലാഹുവിലേക്ക് അടുക്കാനോ പ്രതിഫലം കാംക്ഷിച്ചോ അല്ല ഇക്കൂട്ടർ പാട്ടുകൾ കേൾക്കുന്നത്. മറിച്ച്, കേവലം വിനോദത്തിനും ആസ്വാദനത്തിനും വേണ്ടിയുള്ള ആലാപനങ്ങളാണിവ. ഇസ്‌ലാമിക വീക്ഷണത്തിൽ ഇതും അങ്ങേയറ്റം വെറുക്കപ്പെട്ടതാണ്. കാരണം, അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും ഈ പാട്ടുകൾ മനുഷ്യനെ അശ്രദ്ധനാക്കുന്നു. ഇന്ന് സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അനശീദുകൾ, ശീലത്തുകൾ (ഗാനരൂപത്തിലുള്ള കാവ്യങ്ങൾ) എന്നിവയിൽ ആകൃഷ്ടരായ ആളുകളുടെ അവസ്ഥ നോക്കുക; ഇത്തരം പാട്ടുകൾ അവരുടെ ഹൃദയങ്ങളെ കീഴടക്കുകയും, ക്രമേണ വിശുദ്ധ ഖുർആൻ കേൾക്കുന്നതിനോടുള്ള അവരുടെ താല്പര്യം ഇല്ലാതാകുകയും ചെയ്യുന്നു. വെറുതെ സമയം പാഴാക്കാൻ മാത്രമേ ഇത് ഉപകരിക്കുന്നുള്ളൂ.
ഇനി, ഈ പാട്ടുകളുടെ കൂടെ സംഗീതോപകരണങ്ങൾ (ആലത്തുൽ ലഹ്‌വ് – آلات اللهو) കൂടിയുണ്ടെങ്കിൽ അതിൽ യാതൊരു സംശയവുമില്ല; അത് കർശനമായും നിഷിദ്ധമാണ്. സംഗീതോപകരണങ്ങൾ ഹറാമാണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപിച്ച അഭിപ്രായമുണ്ട്.
ചുരുക്കത്തിൽ, സത്യവിശ്വാസികളുടെ ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും നൽകേണ്ടത് അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുർആനാണ്; അല്ലാതെ ഇത്തരം ഗാനങ്ങളോ കാവ്യങ്ങളോ അല്ല എന്ന് നാം തിരിച്ചറിയുക.

