ആരാധനയും ശിർക്കും തമ്മിലുള്ള ബന്ധം

8 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – അൽ-ഖവാഇദുൽ അർബഅ്

ശൈഖ് സ്വാലിഹ് അൽ-ഉസൈമി:

നമ്മെ സൃഷ്ടിച്ചതിലെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണെന്ന് ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ സ്ഥിരപ്പെടുത്തിയപ്പോൾ – ഇത് അഹ്ലുൽ ഖിബ്ലക്കിടയിൽ (മുസ്ലിംകൾക്കിടയിൽ) ഏകാഭിപ്രായമുള്ള കാര്യമാണ് – അല്ലാഹുവിനുള്ള ആരാധനയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി: ‘തൗഹീദോടു കൂടി മാത്രമല്ലാതെ ആരാധനയ്ക്ക് ആരാധന എന്ന് പറയപ്പെടുകയില്ല’. അപ്പോൾ താൻ അല്ലാഹുവിനെ ആരാധിക്കുന്നുണ്ട് എന്ന് ഒരാൾ വാദിക്കുകയും, എന്നാൽ അവൻ തൗഹീദ് ഉള്ളവനല്ലെങ്കിൽ അവന്റെ ആരാധനയ്ക്ക് യാതൊരു പരിഗണനയുമില്ല, അവന്റെ വാദം കളവുമാണ്.

അല്ലാഹുവിനുള്ള ആരാധനയ്ക്ക് (ഇബാദത്തിന്) മതത്തിൽ (ശറഇൽ) രണ്ട് അർത്ഥങ്ങളുണ്ട്:

  • ഒന്നാമത്തേത്: പൊതുവായ അർത്ഥം. അതായത്: സ്നേഹത്തോടും കീഴ്‌വണക്കത്തോടും കൂടി മതത്തിന്റെ കൽപ്പനകൾ അനുസരിക്കുക എന്നതാണ്.
  • രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം. അത് ‘തൗഹീദ്’ എന്നതാണ്.

ഇനി തൗഹീദിന് മതപരമായി രണ്ട് അർത്ഥങ്ങളുണ്ട്:

  • ഒന്നാമത്തേത്: പൊതുവായ അർത്ഥം. അതായത്: അല്ലാഹുവിന് അവകാശപ്പെട്ട കാര്യങ്ങളിൽ അവനെ ഏകനാക്കുക എന്നതാണ്.

അല്ലാഹുവിന്റെ അവകാശങ്ങൾ രണ്ട് ഇനമാണ്: 1) അറിയുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിലുള്ള അവകാശം. 2) ഉദ്ദേശ്യത്തിലും തേട്ടത്തിലുമുള്ള അവകാശം. ഈ രണ്ട് അവകാശങ്ങളിൽ നിന്നും അല്ലാഹുവിന്റെ തൗഹീദിൽ നിർബന്ധമായും നൽകേണ്ട അവകാശങ്ങൾ മൂന്ന് ഇനങ്ങളായി രൂപപ്പെടുന്നു: തൗഹീദുർറുബൂബിയ്യ, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്.

  • രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം. അതായത്: ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കുക എന്നതാണ്.

ആരാധനയും തൗഹീദും മഹത്തായ രണ്ട് അടിസ്ഥാനങ്ങളാണ്. അവയുടെ ഉദ്ദേശ്യാർത്ഥങ്ങളെ അടിസ്ഥാനമാക്കി അവ തമ്മിലുള്ള ബന്ധം യോജിച്ചും വേർപിരിഞ്ഞും വരുന്നതാണ്; അവയ്ക്ക് രണ്ട് അവസ്ഥകളുണ്ട്:

ഒന്നാമത്തെ അവസ്ഥ: അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ഉദ്ദേശ്യത്തിലേക്ക് നോക്കുമ്പോൾ അവ രണ്ടും യോജിക്കുന്നു. അതായത്: അല്ലാഹുവിലേക്കുള്ള സാമീപ്യം എന്ന നിലയിൽ ഒരു കർമ്മം ചെയ്യാൻ ഹൃദയം ഉദ്ദേശിക്കുമ്പോൾ. അപ്പോൾ അവ രണ്ടും ഒരേ അർത്ഥത്തെ കുറിക്കുന്നവയായി (മുത്തഹിദ്) മാറും – എന്നാൽ അവയ്ക്ക് രണ്ടിനും ഒരേ പര്യായപദം (മുതറാദിഫ്) എന്ന് പറയപ്പെടുകയില്ല. അപ്പോൾ അല്ലാഹുവിലേക്ക് സാമീപ്യം തേടുന്ന എല്ലാ ആരാധനകളും തൗഹീദാണ്. ഇതാണ് ‘തൗഹീദോടു കൂടി മാത്രമല്ലാതെ ആരാധനയ്ക്ക് ആരാധന എന്ന് പറയപ്പെടുകയില്ല’ എന്ന ഗ്രന്ഥകർത്താവിന്റെ വാക്കിന്റെ അർത്ഥം. ഇവിടെ ‘അൽ ഇബാദത്ത്’ (العِبَادَةِ) എന്നതിലെ ‘അൽ’ (أَلْ) എന്നത് ശറഇൽ കൽപ്പിക്കപ്പെട്ടിട്ടുള്ള ആരാധനകളെ ഉദ്ദേശിക്കുന്ന العَهْدِيَّة (അൽ അഹ്ദിയ്യ) ആണ്.

രണ്ടാമത്തെ അവസ്ഥ: സാമീപ്യം തേടുന്ന കർമ്മങ്ങളിലേക്ക്, അതായത് ഓരോന്നിനേയും വേറിട്ട് നോക്കുമ്പോൾ അവ രണ്ടും വേർപിരിയുന്നു. അവിടെ ഇബാദത്ത് എന്നത് കൂടുതൽ വിശാലമാണ്. അല്ലാഹുവിലേക്ക് സാമീപ്യം തേടുന്ന ഓരോ കാര്യവും ഇബാദത്താണ്. ആ സാമീപ്യം തേടുന്ന കാര്യങ്ങളിൽ ഒന്നാണ് തൗഹീദ്. അത് അല്ലാഹുവിന്റെ അവകാശങ്ങളിൽ മാത്രം പ്രത്യേകമായ ഒന്നാണ്.

ഇതാണ് തൗഹീദും ഇബാദത്തും തമ്മിലുള്ള ബന്ധം. സാമീപ്യം തേടുക എന്ന ഉദ്ദേശ്യത്തിൽ അവ രണ്ടും യോജിക്കുന്നു. എന്നാൽ ഏത് കർമ്മം കൊണ്ടാണോ അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നത് എന്ന കാര്യത്തിൽ അവ രണ്ടും വേർപിരിയുന്നു.

തുടർന്ന്, ആരാധനയെ ഇല്ലാതാക്കുന്ന ഏറ്റവും വലിയ കാര്യത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് ഉണർത്തുന്നു. അത് ‘ശിർക്ക്’ ആണ്. ശിർക്കിന് മതത്തിൽ രണ്ട് അർത്ഥങ്ങളുണ്ട്:

  • ഒന്നാമത്തേത്: പൊതുവായ അർത്ഥം. അതായത്: അല്ലാഹുവിന്റെ അവകാശങ്ങളിൽ പെട്ട വല്ലതും മറ്റുള്ളവർക്ക് നൽകുക എന്നതാണ്.
  • രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം. അതായത്: ആരാധനയിൽ പെട്ട വല്ലതും അല്ലാഹുവല്ലാത്തവർക്ക് നൽകുക എന്നതാണ്.

ആരാധനയിൽ ശിർക്ക് കടന്നുകൂടിയാൽ അത് ഏൽപ്പിക്കുന്ന ആഘാതം അതിന്റെ തോതനുസരിച്ച് വ്യത്യാസപ്പെടും. കാരണം അത് രണ്ട് ഇനമാണ്:

  • ഒന്നാമത്തേത്: വലിയ ശിർക്ക് (الشَّرْكُ الأَكْبَرُ). അതായത്: ഈമാനിന്റെ അടിസ്ഥാനത്തെ തന്നെ ഇല്ലാതാക്കുന്ന രൂപത്തിൽ അല്ലാഹുവിന്റെ അവകാശങ്ങളിൽ പെട്ട വല്ലതും മറ്റുള്ളവർക്ക് നൽകുക എന്നതാണ്.
  • രണ്ടാമത്തേത്: ചെറിയ ശിർക്ക് (الشَّرْكُ الأَصْغَرُ). അതായത്: ഈമാനിന്റെ പൂർണ്ണതയെ ഇല്ലാതാക്കുന്ന രൂപത്തിൽ അല്ലാഹുവിന്റെ അവകാശങ്ങളിൽ പെട്ട വല്ലതും മറ്റുള്ളവർക്ക് നൽകുക എന്നതാണ്.1

അവ രണ്ടും തമ്മിലുള്ള വ്യത്യാസം അവകാശത്തിന്റെ ബന്ധത്തെയും ഈമാനിൽ നിന്ന് അത് ഇല്ലാതാക്കുന്നതിന്റെ പദവിയെയുമാണ് ആശ്രയിച്ചിരിക്കുന്നത്. ഈമാനിന്റെ അടിസ്ഥാനത്തെ ഇല്ലാതാക്കുന്നത് വലിയ ശിർക്കും, ഈമാനിന്റെ പൂർണ്ണതയെ ഇല്ലാതാക്കുന്നത് ചെറിയ ശിർക്കുമാണ്.

‘ആരാധനയിൽ ശിർക്ക് കടന്നുവന്നാൽ ആ ആരാധന നിഷ്ഫലമായിപ്പോകും’ എന്ന ഗ്രന്ഥകർത്താവിന്റെ വാക്കിലെ ഉദ്ദേശ്യം വലിയ ശിർക്കാണ്. കാരണം, അതിനുശേഷം അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്: ‘ആരാധനയിൽ ശിർക്ക് കലർന്നാൽ അത് ആരാധനയെ നിഷ്ഫലമാക്കുമെന്നും, കർമ്മങ്ങളെ ഇല്ലാതാക്കുമെന്നും, അത് ചെയ്യുന്നവൻ നരകത്തിൽ സ്ഥിരവാസിയായിത്തീരുമെന്നും നീ മനസ്സിലാക്കിയാൽ’. അപ്പോൾ നരകത്തിൽ സ്ഥിരവാസിയായിത്തീരുക എന്നത് വലിയ ശിർക്കിന് മാത്രം സംഭവിക്കുന്നതാണ്, ചെറിയ ശിർക്കിനല്ല.

ശിർക്ക് എന്ന മാലിന്യം മാലിന്യങ്ങളിൽ വെച്ച് ഏറ്റവും വലിയ മാലിന്യമാണ്. നമസ്കരിക്കാൻ ഉദ്ദേശിക്കുമ്പോൾ അടിമയുടെ ശരീരത്തിൽ നിന്നും, വസ്ത്രത്തിൽ നിന്നും, നമസ്കരിക്കുന്ന സ്ഥലത്ത് നിന്നും പുറമെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൽപ്പിക്കപ്പെട്ടത് പോലെത്തന്നെ, അവന്റെ ഹൃദയത്തെയും നാവിനെയും അവയവങ്ങളെയും ശിർക്കിൽ നിന്ന് മുക്തമാക്കിക്കൊണ്ട് അവന്റെ എല്ലാ കർമ്മങ്ങളെയും ശുദ്ധിയാക്കാനും അവൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു; അവന്റെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകുമോ എന്ന ഭയത്താലാണിത്.

ആരാധന നിഷ്ഫലമാക്കുന്നതിലും, കർമ്മങ്ങൾ ഇല്ലാതാക്കുന്നതിലും, അത് ചെയ്യുന്നവനെ നരകത്തിൽ എത്തിക്കുന്നതിലുമുള്ള അതിന്റെ ദുരന്തഫലങ്ങളും ഭയാനകമായ പര്യവസാനവും, അതിനെക്കുറിച്ച് പഠിക്കാനും അതിനെ ഭയപ്പെടാനും അടിമയെ നിർബന്ധിതനാക്കുന്നു. പിശാച് സൃഷ്ടികൾക്ക് മുന്നിൽ വിരിച്ചിട്ടുള്ള ആ കെണിയിൽ നിന്ന് അവൻ രക്ഷപ്പെട്ടേക്കാം. ഗ്രന്ഥകർത്താവ് ‘ഈ വലയിൽ’ (هَذِهِ الشَّبَكَةِ) എന്ന് പറഞ്ഞുകൊണ്ട് സൂചിപ്പിച്ചത് ഇതിനെക്കുറിച്ചാണ്. അതിനാൽ സൃഷ്ടികളെ തൗഹീദിൽ നിന്ന് ശിർക്കിലേക്ക് മാറ്റാൻ വേണ്ടി പിശാച് വിരിക്കുന്ന കെണിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അതിനെക്കുറിച്ച് (ശിർക്കിനെക്കുറിച്ച്) പഠിക്കാൻ കൽപ്പിച്ചത് അതിന്റെ വിപരീതമായിട്ടുള്ളതിനെക്കുറിച്ച് പഠിക്കാനുള്ള കൽപ്പന കൂടിയാണ്; അത് തൗഹീദാണ്. തൗഹീദിനെക്കുറിച്ച് പഠിക്കാതെ അടിമയ്ക്ക് ശിർക്കിനെക്കുറിച്ചുള്ള അറിവ് പൂർണ്ണമാകുകയില്ല. പഠിക്കാൻ കൽപ്പിക്കപ്പെട്ടതിൽ ഒന്നാമതായി നിൽക്കുന്നത് അതാണ്.

ശിർക്കിനെ താക്കീത് ചെയ്യുന്ന വിഷയത്തിൽ ഗ്രന്ഥകർത്താവ് പരാമർശിച്ച വചനം – അതായത് ﴿إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ﴾ എന്ന വചനം – പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ വെച്ച് ഏറ്റവും ശരിയായ അഭിപ്രായപ്രകാരം അത് എല്ലാ ശിർക്കുകൾക്കും ബാധകമാണ്. അപ്പോൾ അല്ലാഹു ശിർക്കിൽ നിന്ന് യാതൊന്നും പൊറുത്തുകൊടുക്കുകയില്ല, അത് ചെറുതായാലും വലുതായാലും. കാരണം ‘യുശ്രക’ (يُشْرَكَ) എന്ന ഫിഅ്‌ൽ മുദാരിഇനെ (വർത്തമാനകാല ക്രിയ) ‘അൻ’ (أَن) എന്നതിനോട് ചേർക്കുമ്പോൾ അതൊരു മസ്ദർ മുഅവ്വൽ (മസ്ദറിന്റെ അർത്ഥം നൽകുന്ന പ്രയോഗം) ആയി മാറുകയും, ‘ശിർക്കൻ’ (شِرْكًا) എന്ന് സങ്കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ നഖിറയായ (അനിർദ്ദിഷ്ടമായ) പദം നഫ്യ് (നിഷേധിക്കപ്പെടുന്ന) വാക്യഘടനയിൽ വരുന്നു. അപ്പോൾ അതിന്റെ അർത്ഥം ‘തീർച്ചയായും അല്ലാഹു അവനിൽ പങ്കുചേർക്കുന്നതിനെ പൊറുക്കുകയില്ല’ എന്നായിത്തീരുന്നു.

അറബി ഭാഷയിൽ പൊതുവായി അർത്ഥമാക്കുന്ന സന്ദർഭങ്ങളിൽ ഒന്നാണ് നിഷേധിക്കപ്പെടുന്ന (നഫ്യ്) വാക്യഘടനയിൽ നഖിറയായി (അനിർദ്ദിഷ്ടമായി) കൊണ്ടുവരുക എന്നത്. അപ്പോൾ അല്ലാഹു ശിർക്കിൽ നിന്ന് യാതൊരു കാര്യവും പൊറുത്തുകൊടുക്കുകയില്ല.

ചെറിയ ശിർക്ക് പൊറുക്കപ്പെടുകയില്ല എന്നത് നരകത്തിൽ ശാശ്വതമായിരിക്കും എന്ന് നിർബന്ധമാക്കുന്നില്ല. അടിമയുടെ കർമ്മങ്ങൾ തൂക്കപ്പെടുമ്പോൾ അത് അവന്റെ തിന്മകളിൽ ഉൾപ്പെടും. അവന്റെ തുലാസിൽ ഏതിനാണോ മുൻതൂക്കം ലഭിക്കുന്നത് അതനുസരിച്ചായിരിക്കും അവനുള്ള പ്രതിഫലം.

ശിർക്കിനെക്കുറിച്ച് മനസ്സിലാക്കാനും അതിൽ നിന്ന് അകന്നുനിൽക്കാനും അടിമയെ സഹായിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ‘അല്ലാഹു തന്റെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള നാല് അടിസ്ഥാന നിയമങ്ങൾ പഠിക്കുക’ എന്നത്. നബി ﷺ നിയോഗിക്കപ്പെട്ട സമൂഹത്തിലെ മുശ്‌രിക്കുകളുടെ അവസ്ഥയും, അവരെ എന്തിലേക്കാണ് ക്ഷണിച്ചിരുന്നത് എന്നതും ഇത് വ്യക്തമാക്കുന്നു. ഇതിലൂടെ ശിർക്കിന്റെ യാഥാർത്ഥ്യം വ്യക്തമാകുകയും, മുസ്ലിംകളുടെ ദീനിനെ മുശ്‌രിക്കുകളുടെ ദീനിൽ നിന്നും വേർതിരിച്ചറിയുകയും ചെയ്യാം. ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ പരാമർശിച്ച ഖവാഇദുകൾ അവയാണ്.

അപ്പോൾ ഈ അടിസ്ഥാന നിയമങ്ങളുടെ പരമമായ ലക്ഷ്യം മുസ്ലിംകളുടെ ദീനും മുശ്‌രിക്കുകളുടെ ദീനും തമ്മിൽ വേർതിരിക്കുക എന്നതാണ്. അത് രണ്ട് കാര്യങ്ങളിലേക്ക് മടങ്ങുന്നു:

  • ഒന്നാമതായി: നബി ﷺ കൊണ്ടുവന്ന ദീൻ മനസ്സിലാക്കുക.
  • രണ്ടാമതായി: അദ്ദേഹത്തെ നിയോഗിച്ച സമൂഹത്തിലെ മുശ്‌രിക്കുകളുടെ അവസ്ഥ മനസ്സിലാക്കുക.

ഗ്രന്ഥകർത്താവ് ഈ നിയമങ്ങൾ എടുത്തിട്ടുള്ളത് വിശുദ്ധ ഖുർആനിൽ നിന്നാണ്. ഇതിൽ സുന്നത്തിൽ നിന്ന് നൽകപ്പെട്ടിട്ടുള്ള തെളിവുകൾ അതിനെ പിൻപറ്റി വരുന്നതാണ്. അടിസ്ഥാനപരമായി അദ്ദേഹം അത് ഖുർആനിലേക്ക് മാത്രം ചുരുക്കാനുള്ള കാരണം, എല്ലാ ഇസ്ലാമിക വിഭാഗങ്ങൾക്കിടയിലും അത് സ്വീകരിക്കുന്നതിലും തെളിവാക്കുന്നതിലും ഏകാഭിപ്രായമുള്ളത് കൊണ്ടാണ്.

ഗ്രന്ഥകർത്താവിന്റെ രചനകളിലെല്ലാം പൊതുവായുള്ള ഒരു പതിവാണ് ഖുർആനിൽ നിന്നുള്ള തെളിവുകൾ ധാരാളമായി കൊണ്ടുവരിക എന്നത്. അത് സ്ഥിരപ്പെട്ടതാണ് എന്ന കാര്യത്തിൽ ഏകാഭിപ്രായമുള്ളതുകൊണ്ടാണിത്. സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ അതിൽ യാതൊരുവിധ നിരാകരണവും കടന്നുവരികയില്ല. എന്നാൽ ഹദീസുകളുടെ അവസ്ഥ ഇതിന് വിപരീതമാണ്; അതിൽ സ്വീകരിക്കപ്പെടുന്നവയും നിരാകരിക്കപ്പെടുന്നവയും ഉണ്ട്.

ഈ സ്ഥലത്ത് ‘അൽ ഖാഇദ’ (القَاعِدَةِ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫിഖ്ഹ് പണ്ഡിതന്മാർ പ്രയോഗിക്കുന്നതിനേക്കാൾ വിശാലമായ അർത്ഥമാണ്. അത് അതിന്റെ ഭാഷാപരമായ അർത്ഥത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നതാണ്.

ഭാഷാപരമായി അതിന്റെ അർത്ഥം: അടിസ്ഥാനം (അടിത്തറ) എന്നാണ്. അപ്പോൾ ഈ ഓരോ നിയമങ്ങളും മതത്തിന്റെ അടിത്തറകളിൽ പെട്ട ഒരു അടിസ്ഥാനമായും, അതിന്റെ മൂലതത്വങ്ങളിൽ പെട്ട ഒരു മൂലതത്വമായും കണക്കാക്കപ്പെടുന്നു. അതിനെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ആധാരം മതനിയമങ്ങൾ (ഖവാഇദുശ്ശരീഅ) ആകുന്നു.

‘ഖാഇദ’യുടെ സാങ്കേതിക അർത്ഥം ഉദ്ദേശിക്കാനും സാധിക്കും. അപ്പോൾ അവ ‘തൗഹീദിന്റെ അടിസ്ഥാന നിയമങ്ങൾ’ ആകുന്നു. അതായത്: അതിലൂടെ വിധികൾ മനസ്സിലാക്കാൻ കഴിയുന്ന, ഒട്ടനവധി ഉപവിഭാഗങ്ങൾക്ക് മേൽ പ്രയോഗിക്കാവുന്ന സമഗ്രമായ കാര്യം. ഇവിടെ അത് തൗഹീദുമായി ബന്ധപ്പെട്ടതാണ്.

  1. ഇതിന്റെ ശരിയായ അർത്ഥം നിർണ്ണയിക്കുന്നതിൽ വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. പണ്ഡിതന്മാർക്ക് ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുൻഗാമികളുടെ വാക്കുകൾ ഉദ്ധരിക്കുകയും എന്നാൽ അതിൽ ഒരു അഭിപ്രായത്തിനും മുൻഗണന നൽകാതിരിക്കുകയും ചെയ്ത ഗവേഷകരായ പണ്ഡിതന്മാരുണ്ട് എന്നത് ഈ വിഷയത്തിന്റെ ഗൗരവമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിഷയം മനസ്സിലാക്കാൻ തൗഫീഖ് ലഭിച്ച പണ്ഡിതർ പറയുന്നു: ചെറിയ ശിർക്ക് എന്നാൽ: ഈമാനിന്റെ പൂർണ്ണതയുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ അവകാശങ്ങളിൽ നിന്ന് വല്ലതും മറ്റുള്ളവർക്ക് നൽകുക എന്നതാണ്. ഇങ്ങനെ പറയുന്നവൻ ആക്ഷേപിക്കപ്പെടുകയില്ല. മറിച്ച്, ഭാഷാപരമായും മതപരമായും ഏറ്റവും അനുയോജ്യമായ വാക്ക് അതാണ്. ‘ഈമാനിന്റെ പൂർണ്ണതയുമായി ബന്ധപ്പെട്ടത്’ എന്ന് നമ്മൾ ഉദ്ദേശിക്കുന്നത്: അത് ഉണ്ടാകുമ്പോൾ ഈമാൻ എന്ന പേര് ഇല്ലാതാകുന്നില്ല, മറിച്ച് അതിന്റെ പൂർണ്ണതയാണ് ഇല്ലാതാകുന്നത് എന്നാണ്. ഈ വിഷയം പരിശോധിക്കുമ്പോൾ ഇതാണ് നമ്മൾ ഉദ്ദേശിക്കുന്ന അർത്ഥം. ചിന്തകൾ മാറ്റുരയ്ക്കപ്പെടുന്നതും വീക്ഷണങ്ങൾ വ്യത്യാസപ്പെടുന്നതുമായ ഒരു വിഷയമാണിത്. (അബൂ ബുത്വൈന്റെ ‘അത്തഅ്‌രീഫാത്തുശ്ശർഇയ്യ ലിൽ അഹ്കാമിൽ ഖംസത്തിൽ ഉസൂലിയ്യ’, രണ്ടാം മജ്‌ലിസ്, ‘ജുമലുൽ ഇൽമ്’ പഠനപദ്ധതി, മദീന, 1432 ജുമാദൽ ആഖിറ 10 വ്യാഴാഴ്ച രാത്രിയിൽ നിന്നുള്ള വിവരണം). ↩︎

Share This Article
Leave a Comment