ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – അൽ-ഖവാഇദുൽ അർബഅ്
بسمِ اللهِ الرَّحْمنِ الرَّحِيمِ وَبِهِ نَسْتَعِينُ أَسْأَلُ اللهَ الكَرِيمَ رَبَّ العَرْشِ العَظِيمِ أَنْ يَتَوَلَّاكَ فِي الدُّنْيَا وَالْآخِرَةِ، وَأَنْ يَجْعَلَكَ مُبَارَكًا أَيْنَمَا كُنْتَ، وَأَنْ يَجْعَلَكَ مِمَّنْ إِذَا أُعْطِيَ شَكَرَ ، وَإِذَا ابْتُلِيَ صَبَرَ، وَإِذَا أَذْنَبَ اسْتَغْفَرَ، فَإِنَّ هَؤُلَاءِ الثَّلَاثَ عُنْوَانُ السَّعَادَةِ.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അവനോട് മാത്രമാണ് നാം സഹായം തേടുന്നത്. ഇഹലോകത്തും പരലോകത്തും അല്ലാഹു നിന്റെ വലിയ്യ് ആകാനും, നീ എവിടെയായിരുന്നാലും നിന്നെ അവൻ അനുഗ്രഹീതനാക്കാനും, മഹത്തായ അർശിന്റെ രക്ഷിതാവായ ഉദാരനായ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു. നൽകപ്പെട്ടാൽ നന്ദി കാണിക്കുകയും, പരീക്ഷിക്കപ്പെട്ടാൽ ക്ഷമിക്കുകയും, പാപം ചെയ്തുപോയാൽ പാപമോചനം തേടുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ അവൻ നിന്നെ ഉൾപ്പെടുത്തട്ടെ. തീർച്ചയായും ഈ മൂന്ന് കാര്യങ്ങളാണ് സആദത്തിന്റെ (വിജയത്തിന്റെ) അടയാളം.
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
അനുഗ്രഹീതമായ ഈ ഗ്രന്ഥം ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ ‘ബിസ്മി’ കൊണ്ട് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. നബി ﷺ രാജാക്കന്മാർക്കയച്ച കത്തുകളിൽ ‘ബിസ്മി’ കൊണ്ട് ആരംഭിച്ചിരുന്ന സുന്നത്തിനെ പിൻപറ്റിക്കൊണ്ടാണിത്. ഗ്രന്ഥരചനകളും ഇതേ മാർഗ്ഗത്തിൽ തന്നെയാണ് തുടർന്നുവരുന്നത്.
തുടർന്ന്, ഇത് വായിക്കുന്നവർക്കായി അദ്ദേഹം സമഗ്രമായ മൂന്ന് പ്രാർത്ഥനകൾ നടത്തുന്നു:
- ഒന്നാമതായി: ‘ഇഹലോകത്തും പരലോകത്തും അല്ലാഹു നിന്റെ വലിയ്യ് ആകട്ടെ’ എന്നതാണ്; അതായത് അല്ലാഹു അവന് വലിയ്യ് ആയിത്തീരുക. അല്ലാഹുവിന്റെ ഉൽകൃഷ്ട നാമങ്ങളിൽ ഒന്നാണ് ‘അൽ-വലിയ്യ്’ (الْوَلِيُّ). അതിന്റെ അർത്ഥം: സൃഷ്ടികളെ പൊതുവായി നിയന്ത്രിക്കുന്നവനും, പ്രത്യേകിച്ച് സത്യവിശ്വാസികൾക്ക് ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നവനും എന്നാണ്.
- രണ്ടാമതായി: ‘നീ എവിടെയായിരുന്നാലും അവൻ നിന്നെ അനുഗ്രഹീതനാക്കട്ടെ’; അതായത് നിരന്തരമായ ധാരാളം നന്മകൾക്ക് കാരണക്കാരനാക്കട്ടെ.
- മൂന്നാമതായി: നൽകപ്പെട്ടാൽ നന്ദി കാണിക്കുകയും, പരീക്ഷിക്കപ്പെട്ടാൽ ക്ഷമിക്കുകയും, പാപം ചെയ്തുപോയാൽ പാപമോചനം തേടുകയും ചെയ്യുന്നവരിൽ നിന്നെ ഉൾപ്പെടുത്തട്ടെ. ഗ്രന്ഥകർത്താവ് ഇതിനെ ‘സആദത്തിന്റെ അടയാളം’ (عُنْوَانُ السَّعَادَةِ) എന്നാണ് വിശേഷിപ്പിച്ചത്.
ഒരു കാര്യത്തിന്റെ ‘ഉൻവാൻ’ (عُنْوَانُ) എന്നാൽ ആ കാര്യത്തെ അറിയിക്കുന്ന സൂചകം എന്നാണ് അർത്ഥം. ഒരു പുസ്തകത്തിന്റെ പേരും, താമസിക്കുന്ന മേൽവിലാസവും അവ രണ്ടും അറിയിക്കുന്ന പേരുകളായി ഉപയോഗിക്കുന്നത് ഇതിൽ നിന്നാണ്. പുസ്തകത്തിന്റെ ഉൻവാൻ അതിന്റെ പേരും, താമസസ്ഥലത്തിന്റെ ഉൻവാൻ അവിടത്തെ മേൽവിലാസവുമാണ്.
‘സആദത്ത്’ (السَّعَادَةُ) എന്നാൽ അടിമയ്ക്ക് ഏറ്റവും അനുയോജ്യമായ നല്ല അവസ്ഥ എന്നാണ്.
അടിമ പ്രധാനമായും മൂന്ന് അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്: ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ, വന്നണയുന്ന പരീക്ഷണങ്ങൾ, സംഭവിച്ചു പോകുന്ന തിന്മകൾ. ഈ ഓരോ അവസ്ഥയുമായും ബന്ധപ്പെട്ട് ഓരോ മതപരമായ കൽപ്പനകളുണ്ട്:
- അനുഗ്രഹം ലഭിക്കുമ്പോൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്: അതിന് നന്ദി കാണിക്കുക എന്നതാണ്.
- പരീക്ഷണം ഉണ്ടാകുമ്പോൾ: അതിൽ ക്ഷമിക്കുക എന്നതാണ്.
- തിന്മ സംഭവിച്ചുപോയാൽ: അതിൽ നിന്നും പാപമോചനം തേടുക എന്നതാണ്.
ഇവ മൂന്നിലും മതത്തിന്റെ കൽപ്പനകൾ ആര് പാലിച്ചുവോ, അവൻ ഇഹലോകത്തെയും പരലോകത്തെയും വിജയം കരസ്ഥമാക്കി.
അതുകൊണ്ടുതന്നെ മനുഷ്യന്റെ അവസ്ഥ നാം ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നും പുറത്തുപോകുന്നില്ല. അവൻ ഒന്നുകിൽ ഒരു അനുഗ്രഹം അനുഭവിക്കുന്നവനോ, അല്ലെങ്കിൽ പരീക്ഷണങ്ങൾ നേരിടുന്നവനോ, അല്ലെങ്കിൽ തിന്മകൾ സംഭവിച്ചുപോയവനോ ആയിരിക്കും. ഈ ഓരോ അവസ്ഥയുമായും ബന്ധപ്പെട്ട മതപരമായ കൽപ്പനകളുണ്ട്. ആര് ഈ ഓരോ അവസ്ഥയിലും മതം കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിക്കുന്നുവോ, അവൻ ഇഹലോകത്തെയും പരലോകത്തെയും സആദത്ത് കരസ്ഥമാക്കി.
أَعْلَمْ – أَرْشَدَكَ اللهُ لِطَاعَتِهِ – أَنَّ الحَنِيفِيَّةَ مِلَّةَ إِبْرَاهِيمَ : أَنْ تَعْبُدَ اللَّهَ وَحْدَهُ مُخْلِصًا لَهُ الدِّينَ، وَبِذَلِكَ أَمَرَ اللهُ جَمِيعَ النَّاسِ، وَخَلَقَهُمْ لَهَا ؛ كَمَا قَالَ تَعَالَى: ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾
അറിയുക – അല്ലാഹു നിന്നെ അവന്റെ കൽപ്പനകൾ അനുസരിക്കുന്നതിലേക്ക് നയിക്കട്ടെ – ഇബ്രാഹീം നബിയുടെ മാർഗ്ഗമായ ഹനീഫിയ്യത്ത് എന്നാൽ: കീഴ്വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം നീ ആരാധിക്കുക എന്നതാണ്. ഈയൊരു കാര്യം തന്നെയാണ് എല്ലാ മനുഷ്യരോടും അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. അതിനുവേണ്ടി മാത്രമാണ് അവരെ അവൻ സൃഷ്ടിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടി മാത്രമല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. [സൂറത്ത് അദ്ദാരിയാത്ത് – 56]
ശൈഖ് സ്വാലിഹ് അൽ-ഉസൈമി പറയുന്നു:
‘ഹനീഫിയ്യത്ത് ഇബ്രാഹീം നബിയുടെ മാർഗ്ഗമാണ്’ എന്ന് ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ ഇവിടെ പരാമർശിച്ചിരിക്കുന്നു. ശറഇൽ എന്തെല്ലാമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പ്രസ്താവനയിലൂടെ അദ്ദേഹം അതിന്റെ യാഥാർത്ഥ്യം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ശറഇൽ ഹനീഫിയ്യത്തിന് രണ്ട് അർത്ഥങ്ങളുണ്ട്:
- ഒന്നാമത്തേത്: പൊതുവായ അർത്ഥം, അത് ‘ഇസ്ലാം’ എന്നതാണ്.
- രണ്ടാമത്തേത്: പ്രത്യേകമായ അർത്ഥം, അത് ‘തൗഹീദിലൂടെ അല്ലാഹുവിലേക്ക് മുന്നിടുക’ എന്നതാണ്. ശിർക്കിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നുകൊണ്ട് അല്ലാഹുവല്ലാത്തവരിൽ നിന്നുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കൽ അതിന്റെ അനിവാര്യമായ താല്പര്യമാണ്.
‘കീഴ്വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം നീ ആരാധിക്കുക എന്നതാണ്’ എന്ന ഗ്രന്ഥകർത്താവിന്റെ പ്രസ്താവനയിൽ പരാമർശിച്ചിട്ടുള്ളത് ഹനീഫിയ്യത്തിന്റെ പരമമായ ലക്ഷ്യമാണ്. ഈ പറഞ്ഞ രണ്ട് അർത്ഥങ്ങളെയും ഒരുമിച്ച് ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു നിർവചനമാണിത്.
ഹനീഫിയ്യത്ത് എന്നത് എല്ലാ പ്രവാചകന്മാരുടെയും മതമാണ്. അത് ഇബ്രാഹീം നബിക്ക് മാത്രം പ്രത്യേകമായ ഒന്നല്ല. എന്നാൽ ഗ്രന്ഥകർത്താവിന്റെയും മറ്റുള്ളവരുടെയും വാക്കുകളിൽ അത് ഇബ്രാഹീം നബിയിലേക്ക് ചേർത്ത് പറയപ്പെടുന്നു; ഖുർആനിൽ അപ്രകാരം വന്നിട്ടുള്ളതിനെ പിൻപറ്റിക്കൊണ്ടാണത്. അതിനെ അദ്ദേഹത്തിലേക്ക് ചേർത്തു പറയാനുള്ള പ്രധാന കാരണങ്ങൾ രണ്ട് കാര്യങ്ങളാണ്:
- ഒന്നാമതായി: നമ്മുടെ നബി ﷺ ഏത് ജനതയിലാണോ നിയോഗിക്കപ്പെട്ടത്, അവർക്ക് ഇബ്രാഹീം നബിയെ നന്നായി അറിയാമായിരുന്നു. മാത്രമല്ല, അവർ തങ്ങളുടെ പാരമ്പര്യം അദ്ദേഹത്തിലേക്ക് ചേർത്തു പറയുകയും, അദ്ദേഹത്തെ തങ്ങളുടെ പിതാമഹനായി കണക്കാക്കുകയും, തങ്ങൾ അദ്ദേഹത്തിന്റെ മതത്തിലാണ് നിലകൊള്ളുന്നത് എന്ന് വാദിക്കുകയും ചെയ്തിരുന്നു. അതിനാൽ, അവർ അദ്ദേഹത്തെ പിൻപറ്റുകയും, അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ ഹനീഫുകളാവുകയും (ഋജുവായ മാർഗ്ഗത്തിലാവുകയും) ചെയ്യുക എന്നതായിരുന്നു അവർക്ക് ഏറ്റവും അർഹമായിരുന്നത്. ഇക്കാരണത്താൽ മറ്റ് പ്രവാചകന്മാരെക്കാൾ ആ മാർഗ്ഗത്തെ അദ്ദേഹത്തിലേക്ക് ചേർത്തു പറയുന്നത് ഏറ്റവും അനുയോജ്യമായി മാറി.
- രണ്ടാമതായി: ഇബ്രാഹീം നബിക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാർക്ക് വിപരീതമായി, അല്ലാഹു അദ്ദേഹത്തെ അദ്ദേഹത്തിന് ശേഷം വരുന്ന പ്രവാചകന്മാർക്കെല്ലാം ഒരു ഇമാമായി നിശ്ചയിച്ചിരിക്കുന്നു. ഇബ്രാഹീം നബിയല്ലാതെ മറ്റൊരു പ്രവാചകനെയും തനിക്ക് ശേഷം വരുന്ന പ്രവാചകന്മാർക്ക് അല്ലാഹു ഇമാമാക്കിയിട്ടില്ല. ഇമാം ഇബ്നു ജരീർ അത്വാബരി തന്റെ ‘തഫ്സീറിൽ’ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളോട് എല്ലാവർക്കും അല്ലാഹുവിനെ ആരാധിക്കാൻ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് ഹനീഫിയ്യത്തിന്റെ ലക്ഷ്യവും. അതിനുവേണ്ടിയാണ് അവരെ സൃഷ്ടിച്ചിട്ടുള്ളതും. ഇതിനുള്ള തെളിവ് അല്ലാഹുവിന്റെ വചനമാണ്:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടി മാത്രമല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. [സൂറത്ത് അദ്ദാരിയാത്ത് – 56]
ഈ വചനം മുൻപ് പറഞ്ഞ രണ്ട് കാര്യങ്ങളെയും വ്യക്തമാക്കുന്നു. ആ വചനത്തിന്റെ دلالة (അർത്ഥ സൂചനകൾ) രണ്ട് രീതിയിലാണ് മനസ്സിലാക്കുന്നത്:
- ഒന്നാമതായി: അവരെ സൃഷ്ടിച്ചിട്ടുള്ളത് ആരാധനയ്ക്ക് വേണ്ടിയാണ് എന്ന് ആ വചനത്തിന്റെ صريح (നേരിട്ടുള്ള വാചകം) വ്യക്തമാക്കുന്നു.
- രണ്ടാമതായി: ജനങ്ങളോട് ആരാധനക്കായി കൽപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ആ വാചകത്തിന്റെ لازم (അനിവാര്യമായ താല്പര്യം) വ്യക്തമാക്കുന്നു. കാരണം, അവർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അതിനു വേണ്ടിയാണല്ലോ.
ജിന്നുകളുടെ ലോകവും മനുഷ്യരുടെ ലോകവും ‘മനുഷ്യർ’ (الناس) എന്ന ഒറ്റപ്പേരിൽ ഉൾപ്പെടും എന്നാണ് രണ്ട് അഭിപ്രായങ്ങളിൽ വെച്ച് ഏറ്റവും ശരിയായ അഭിപ്രായം. അതുകൊണ്ട് ‘ഈയൊരു കാര്യം തന്നെയാണ് എല്ലാ മനുഷ്യരോടും അല്ലാഹു കൽപ്പിച്ചിട്ടുള്ളത്, അതിനുവേണ്ടി മാത്രമാണ് അവരെ അവൻ സൃഷ്ടിച്ചിട്ടുള്ളതും’ എന്ന ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽ ഈ രണ്ട് വിഭാഗവും ഉൾപ്പെടുന്നു. ഈ വിശദീകരണത്തിലൂടെ, ആരാധിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു എന്നും ആരാധനയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള രണ്ട് വിഷയങ്ങളിലും ഈ വചനം എങ്ങനെയാണ് തെളിവാകുന്നത് എന്ന് വ്യക്തമായി.
ചുരുക്കത്തിൽ, ആരാധിക്കാനുള്ള കൽപ്പന ആ വചനത്തിന്റെ لازم ൽ നിന്നുള്ളതാണ്; എന്നാൽ അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നത് ആ വചനത്തിന്റെ صريح ൽ നിന്നുള്ളതുമാണ്.
മനുഷ്യർ ആരാധനയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവരും, അപ്രകാരം കൽപ്പിക്കപ്പെട്ടവരുമാണെന്നത് ഇസ്ലാം മതം വിശ്വസിക്കുന്നവരാരും നിഷേധിക്കാത്ത ഏകാഭിപ്രായമുള്ള കാര്യമാണ്. അതിനാൽ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിന്റെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണെന്നും, അവർ അതിനായി കൽപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാ മുസ്ലിംകളും ഏകാഭിപ്രായമുള്ളവരാണ്.

