القَاعِدَةُ الأُولَى: أَنْ تَعْلَمَ أَنَّ الكُفَّارَ الَّذِينَ قَاتَلَهُمْ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؛ مُقِرُّونَ بِأَنَّ اللَّهَ تَعَالَى هُوَ الخَالِقُ المُدَبِّرُ، وَأَنَّ ذَلِكَ لَمْ يُدْخِلْهُمْ فِي الإِسْلَامِ. وَالدَّلِيلُ قَولُهُ تَعَالَى: ﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَرَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيْتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلَا تَتَّقُونَ ﴾ [يُونُس: ٣١].
ഒന്നാമത്തെ അടിസ്ഥാന നിയമം: നബി ﷺ പോരാടിയ അവിശ്വാസികൾ, അല്ലാഹുവാണു സൃഷ്ടാവും കാര്യങ്ങൾ നിയന്ത്രിക്കുന്നവനും എന്ന് അംഗീകരിക്കുന്നവരായിരുന്നു; എന്നിട്ടും അത് അവരെ ഇസ്ലാമിൽ പ്രവേശിപ്പിച്ചില്ല എന്ന് നീ അറിയുക. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَرَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيْتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلَا تَتَّقُونَ ﴾
(നബിയേ,) ചോദിക്കുക: ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നത് ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ അവനെ സൂക്ഷിക്കുന്നില്ലേ? [സൂറത്ത് യൂനുസ് – 31]
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
ഈ അടിസ്ഥാന നിയമത്തിന്റെ ഉദ്ദേശ്യം രണ്ട് കാര്യങ്ങൾ വ്യക്തമാക്കുക എന്നതാണ്:
- ഒന്നാമതായി: ‘നബി ﷺ പോരാടിയ അവിശ്വാസികൾ തൗഹീദുർറുബൂബിയ്യ അംഗീകരിക്കുന്നവരായിരുന്നു’ എന്നത്. തൗഹീദുർറുബൂബിയ്യ എന്നാൽ: അല്ലാഹുവിനെ അവന്റെ സത്തയിലും പ്രവൃത്തികളിലും ഏകനാക്കുക എന്നാണ്. ‘അല്ലാഹുവാണു സൃഷ്ടാവും കാര്യങ്ങൾ നിയന്ത്രിക്കുന്നവനും എന്ന് സമ്മതിക്കുന്നവരായിരുന്നു’ എന്ന വാക്കിലൂടെ ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ സൂചിപ്പിച്ചത് ഇതിലേക്കാണ്. കാരണം, സൃഷ്ടിക്കുക, കാര്യങ്ങൾ നിയന്ത്രിക്കുക എന്നിവ റുബൂബിയ്യത്തിന്റെ ഏറ്റവും വലിയ പ്രവൃത്തികളിൽ പെട്ടതാണ്.
- രണ്ടാമതായി: തൗഹീദുർറുബൂബിയ്യയിലുള്ള അവരുടെ ഈ അംഗീകാരം മാത്രം അവരെ ഇസ്ലാമിൽ പ്രവേശിപ്പിച്ചില്ല, അവരുടെ രക്തത്തിന് സംരക്ഷണം നൽകിയതുമില്ല എന്നത്. കാരണം, നബി ﷺ അവർക്ക് കുഫ്റിന്റെ (അവിശ്വാസത്തിന്റെ) വിശേഷണം സ്ഥിരപ്പെടുത്തുകയും അവരോട് പോരാടുകയും ചെയ്തു. റുബൂബിയ്യത്തിലുള്ള അവരുടെ ഈ അംഗീകാരം കൊണ്ട് അവർ മുസ്ലിംകളായിരുന്നെങ്കിൽ, നബി ﷺ അവരോട് ഇസ്ലാം ആവശ്യപ്പെടുകയോ അതിനായി അവരോട് പോരാടുകയോ ചെയ്യുമായിരുന്നില്ല.
താൻ പറഞ്ഞ കാര്യങ്ങൾക്ക് ഗ്രന്ഥകർത്താവ് തെളിവാക്കിയത് അല്ലാഹുവിന്റെ ഈ വചനമാണ്:
﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَرَ … ﴾ [സൂറത്ത് യൂനുസ് – 31].
ഈ വചനം മുൻപ് പറഞ്ഞ രണ്ട് കാര്യങ്ങൾക്കും ഒരുമിച്ച് തെളിവാകുന്നു:
ഒന്നാമത്തെ കാര്യത്തിന് ഇത് തെളിവാകുന്നത് ഇങ്ങനെയാണ്: അന്നം നൽകുന്നതും, ഉടമപ്പെടുത്തുന്നതും, കാര്യങ്ങൾ നിയന്ത്രിക്കുന്നതുമെല്ലാം അല്ലാഹുവാണെന്ന് അവർ അംഗീകരിക്കുന്നുണ്ട്. അവരോട് അതിനെക്കുറിച്ച് ചോദിക്കപ്പെട്ടാൽ അവർ അത് സമ്മതിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ: ﴿فَسَيَقُولُونَ اللَّهُ﴾ ‘അവര്‍ പറയും: അല്ലാഹു എന്ന്’. അതായത്: ഈ പറഞ്ഞ കാര്യങ്ങളെല്ലാം അല്ലാഹുവിന് മാത്രമാണെന്ന് അവർ സ്ഥിരീകരിക്കുന്നു.
രണ്ടാമത്തെ കാര്യത്തിന് ഇത് തെളിവാകുന്നത് ഇങ്ങനെയാണ്: അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിനെ അല്ലാഹു അവരിൽ നിഷേധിക്കുന്നത് ഇതിലൂടെ കാണാം. അല്ലാഹു പറഞ്ഞു: ﴿فَقُلْ أَفَلَا تَتَّقُونَ﴾ ‘അപ്പോള്‍ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ അവനെ സൂക്ഷിക്കുന്നില്ലേ?’. അതായത്, അവർക്കെതിരെയുള്ള തെളിവ് സ്ഥാപിച്ചുകൊണ്ട് അവരോട് ചോദിക്കുക: നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുകൊണ്ട് അവന് മാത്രമായി നിങ്ങൾ ആരാധനയെ നിഷ്കളങ്കമാക്കുന്നില്ലേ?!
തൗഹീദുൽ ഉലൂഹിയ്യ ആവശ്യപ്പെട്ടുകൊണ്ട് അവരെ അഭിസംബോധന ചെയ്തത്, അവർ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട് അവർക്ക് യാതൊരു ഉപകാരവും ലഭിച്ചിട്ടില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ്. ഈ പറഞ്ഞ രണ്ടാമത്തെ കാര്യത്തിന്റെ കൂടുതൽ വ്യക്തമായ വിശദീകരണം മൂന്നാമത്തെ ഖാഇദയിൽ വരുന്നതാണ്.

