ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി
സഹോദരങ്ങളേ, ഭൂമുഖത്ത് സംഭവിച്ചിട്ടുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഏറ്റവും വലിയ കുറ്റകൃത്യമാണ് ശിർക്ക്. നിങ്ങളുടെ മനസ്സിൽ ചിന്തിക്കാൻ കഴിയുന്ന എത്ര വലിയ അപകടത്തെക്കാളും ദുരന്തത്തെക്കാളും പാപത്തെക്കാളും വലുതാണ് ശിർക്ക്. ശിർക്ക് എന്ന പാപത്തെ മറ്റു പാപങ്ങളുമായോ നീചപ്രവൃത്തികളുമായോ താരതമ്യം ചെയ്യാൻ പോലുമാകില്ല. നിരുപാധികം പാപങ്ങളിൽ വെച്ച് ഏറ്റവും വലുത് ശിർക്കാണ്.
ആരെങ്കിലും അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ചാൽ, അല്ലെങ്കിൽ അല്ലാഹുവെ സ്നേഹിക്കേണ്ടതുപോലെ മറ്റൊന്നിനെ സ്നേഹിച്ചാൽ, അല്ലെങ്കിൽ അല്ലാഹുവല്ലാത്തവർക്ക് നേർച്ചകൾ നേർന്നാൽ, അല്ലാഹുവല്ലാത്തവർക്ക് വേണ്ടി അറവുകൾ നടത്തിയാൽ, അല്ലെങ്കിൽ അല്ലാഹുവല്ലാത്തവരിൽ ഭരമേല്പിച്ചാൽ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഇബാദത്ത് അല്ലാഹുവല്ലാത്തവരിലേക്ക് തിരിച്ചുവിട്ടാൽ തീർച്ചയായും അവൻ നരകത്തിന്റെ ആ വലിയ ഗർത്തത്തിൽ വീണുപോയിരിക്കുന്നു. അല്ലാഹു തൗബ ചെയ്യാൻ അവന് തൗഫീഖ് നൽകിയില്ലെങ്കിൽ, അല്ലാഹു കാക്കട്ടെ, ആ നരകം അവന് ശാശ്വതമായിരിക്കും.
ഖുർആൻ പറയുന്നു:
وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ വലിയൊരു പാപം തന്നെയാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.” [4 – 48]
وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا
“അല്ലാഹുവോട് ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.” [4 – 116]
وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ
“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം ആകാശത്തുനിന്ന് അവന്‍ വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ട് പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരമായ വല്ല സ്ഥലത്തും കൊണ്ടുപോയി വീഴ്ത്തുന്നു.” [22 – 31]
إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” [5 – 72]
സ്വർഗ്ഗം എന്ന വിലമതിക്കാനാവാത്ത ആ ഭവനം കളങ്കമില്ലാത്ത തൗഹീദ് കൊണ്ടുമാത്രമേ നിങ്ങൾക്ക് കരസ്ഥമാക്കാനാകൂ. നിങ്ങളുടെ ഹൃദയവും ബാഹ്യരൂപവും ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതാകണം. നിങ്ങളുടെ ജീവിതവും മരണവും ആരാധനകളും അല്ലാഹുവിന് മാത്രമുള്ളതാകണം. ഇതിന് വിപരീതമായി സംഭവിച്ചാൽ അതിന്റെ പര്യവസാനം അനിവാര്യമായ വലിയ നഷ്ടമായിരിക്കും.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശിർക്കിൽ ഒത്തുചേർന്നിട്ടുള്ളത്:
- പാപങ്ങളിൽ വെച്ച് ഏറ്റവും നികൃഷ്ടമായതും വെറുക്കപ്പെട്ടതുമായ പാപമാണിത് (أشد الذنوب قبحا).
- പാപങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷയുള്ള പാപമാണിത് (أشد الذنوب عقوبة).
1. പാപങ്ങളിൽ വെച്ച് ഏറ്റവും നികൃഷ്ടമായത് ശിർക്കാണ്
ശിർക്ക് ഏറ്റവും നികൃഷ്ടമായ പാപമാണെന്ന് സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും ഇബ്‌നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിലൂടെ വ്യക്തമാകുന്നു. അദ്ദേഹം നബി (ﷺ) യോട് ചോദിച്ചു:
أَيُّ الذَّنْبِ أَعْظَمُ؟ عِنْدَ اللَّهِ قَالَ أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ
“ഏത് പാപമാണ് ഏറ്റവും വലിയത് എന്ന് നബി (ﷺ) യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കെ, നീ അവന് സമന്മാരെ ഉണ്ടാക്കലാണ്.” [സ്വഹീഹുൽ ബുഖാരി – 4477]
സ്വന്തം ഇച്ഛയനുസരിച്ച് സംസാരിക്കാത്ത, സത്യസന്ധനായ പ്രവാചകന്റെ (ﷺ) വചനമാണിത്. നിരുപാധികം പാപങ്ങളിൽ വെച്ച് ഏറ്റവും വലുത് ഇതാണ്: അല്ലാഹുവിന് സമന്മാരെ സ്ഥാപിക്കുക എന്നത്. അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്, നിങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവനാണ്; എന്നിരിക്കെ അല്ലാഹുവിനോടൊപ്പം ഒരു പങ്കുകാരനുണ്ടെന്ന് വാദിക്കുക!
ശിർക്ക് വളരെ ഭയാനകവും ഗൗരവമേറിയതുമായ ഒന്നാണെന്ന് ബോധ്യപ്പെടുത്തുന്ന അഞ്ച് കാര്യങ്ങളുണ്ട്:
- ഒന്നാമതായി: ശിർക്ക് എന്നാൽ മഹോന്നതനായ അല്ലാഹുവിന്റെ മഹത്വത്തിലുള്ള ഒരു കുറവ് വരുത്തലാണ്. മഹാനായ അല്ലാഹുവിന്റെ മഹത്വത്തെ കുറച്ചുകാണുന്നതിനെക്കാൾ നികൃഷ്ടമായ പാപം മറ്റെന്തുണ്ട്? മുശ്‌രിക്ക് അല്ലാഹുവിന്റെ മഹത്വത്തെയോ അവന്റെ അവകാശത്തെയോ പരിഗണിക്കുന്നില്ല; മറിച്ച്, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകുന്നു. ഇതിലും വെറുക്കപ്പെട്ട ഏത് പാപമാണുള്ളത് സഹോദരങ്ങളേ! അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഒരു കാര്യമുണ്ട്, അത് മറ്റാർക്കും നൽകാൻ പാടില്ല. അതുപോലെ സൃഷ്ടികൾക്കും ചില അവകാശങ്ങളുണ്ട്. അവ രണ്ടും രണ്ടാണ്. യാതൊരു വകതിരിവോ വേർതിരിവോ ഇല്ലാതെ ആ രണ്ട് അവകാശങ്ങളെയും ഒന്നാക്കി മാറ്റരുത്. അല്ലാഹുവിനെ അവന്റേതായ മഹത്വത്തിൽ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ‘യാ മഅ്റൂഫ്’ എന്നോ ‘യാ ബദവീ’ എന്നോ വിളിച്ചു തേടുമായിരുന്നില്ല. ഒരാൾ മറ്റൊരാളുടെ സമ്പത്ത് മോഷ്ടിക്കുകയും അവന്റെ വീടിന്റെ പവിത്രത തകർക്കുകയും ചെയ്താൽ, അയാൾ ആ വീട്ടുടമസ്ഥനെ ആദരിക്കുന്നവനാണോ? അതോ അയാളെ അവഗണിക്കുന്നവനാണോ? തീർച്ചയായും അയാൾ അവഗണിക്കുന്നവനാണ്. ആദരിക്കുന്നവനായിരുന്നെങ്കിൽ അയാൾ ഒരിക്കലും അതിന് മുതിരുമായിരുന്നില്ല, കാരണം അയാൾക്ക് ഭയവും ബഹുമാനവുമുണ്ടാകുമായിരുന്നു. എന്നാൽ മുശ്‌രിക്കിന്റെ അവസ്ഥ നോക്കുക, അവൻ അല്ലാഹുവിന്റെ അവകാശത്തെ എടുത്ത് മറ്റുള്ളവർക്ക് നൽകുന്നു. ഇത് അല്ലാഹുവിന്റെ മഹത്വത്തെ താഴ്ത്തിക്കെട്ടലാണ്.
- രണ്ടാമതായി: അല്ലാഹുവിനെ സൃഷ്ടികളായ രാജാക്കന്മാരോടും ഭരണാധികാരികളോടും തുല്യപ്പെടുത്തലാണിത്. ഇബ്നുൽ ഖയ്യിം (رَحِمَهُ اللَّهُ) പറയുന്നു: “ശിർക്ക് എന്നാൽ അറിവില്ലായ്മ കൊണ്ടുള്ള ആദരവാണ്. നാഥനായ അല്ലാഹുവിനെ ഭരണാധികാരികളോടും രാജാക്കന്മാരോടും താരതമ്യം ചെയ്യുന്നതിൽ നിന്നാണ് അതുണ്ടാകുന്നത്.” ഭരണാധികാരിയെ നേരിട്ട് സമീപിക്കാൻ കഴിയില്ലെന്നും, കാര്യങ്ങൾ ബോധിപ്പിക്കാൻ ശുപാർശകരോ സഹായികളോ ആവശ്യമാണെന്നും വിശ്വസിക്കുന്നതുപോലെ മുശ്‌രിക്കുകൾ അല്ലാഹുവിന്റെ കാര്യത്തിലും വിശ്വസിച്ചു. സർവ്വശക്തനായ അല്ലാഹുവിനെ ഇഹലോകത്തെ രാജാക്കന്മാരുടെ സ്ഥാനത്താണ് അവർ പ്രതിഷ്ഠിച്ചത്. അല്ലാഹു കരുണാവാരിധിയാണ്, എല്ലാം അറിയുന്നവനാണ്. എന്നിട്ടും സൃഷ്ടികളിൽ ആരെയെങ്കിലും ഇടനിലക്കാരായി നിർത്തേണ്ട ആവശ്യം അവനുണ്ടോ?
- മൂന്നാമതായി: മുശ്‌രിക്ക് ഒരു വലിയ അക്രമിയാണ്. കാരണം ശിർക്ക് വലിയ അക്രമമാണ്. ഒരുകാര്യത്തെ അതിന്റേതല്ലാത്ത സ്ഥാനത്ത് വെക്കുന്നതിനാണ് അക്രമം എന്ന് പറയുന്നത്. മുശ്‌രിക്കിനെക്കാൾ വലിയ അക്രമി വേറെയാരുണ്ട്? അല്ലാഹുവിന് മാത്രം നൽകേണ്ട ഇബാദത്തിനെ അവൻ അല്ലാഹുവല്ലാത്തവർക്ക് നൽകി. അങ്ങനെ ആരാധനയെ അവൻ അതിന്റേതല്ലാത്ത സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അതിനാൽ തന്നെ അക്രമികളിൽ വെച്ച് ഏറ്റവും വലിയ അക്രമിയാകാൻ അവൻ അർഹനായിത്തീർന്നു.
- നാലാമതായി: അല്ലാഹുവിനോടുള്ള ഏറ്റവും വലിയ ധിക്കാരവും ശത്രുതയുമാണിത്. കാരണം, നിന്നെ അല്ലാഹു സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാൻ വേണ്ടിയാണ്. എന്നാൽ മുശ്‌രിക്ക് ചെയ്തതോ? നേരെ വിപരീതമായ കാര്യം ചെയ്തു ധിക്കാരം കാണിച്ചു. ഇതൊരു സാധാരണ പാപമല്ല, ധിക്കാരത്തിന്റെ അങ്ങേയറ്റമാണിത്. നിങ്ങൾ നിങ്ങളുടെ വീട്ടിലെ ഒരു മതിൽ നന്നാക്കാൻ ഒരാളെ പണം നൽകി ഏൽപ്പിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. എന്നാൽ ആ പണിക്കാരൻ വന്ന് ആ വീട് മുഴുവൻ പൊളിച്ചു കളയുന്നു! ഇതൊരു സാധാരണ തെറ്റാണെന്ന് പറയാനാകുമോ? അല്ല, വലിയ ധിക്കാരമാണിത്. എന്താണോ ആവശ്യപ്പെട്ടത് അതിന്റെ നേരെ വിപരീതമാണ് അയാൾ ചെയ്തത്. ഇതുപോലെയാണ്, അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തൗഹീദിനുവേണ്ടിയാണെങ്കിൽ മുശ്‌രിക്ക് കൊണ്ടുവന്നത് തൗഹീദിന് വിപരീതമായ ശിർക്കാണ്. അല്ലാഹുവിനോടുള്ള വെല്ലുവിളിയാണിത്. അതിനാൽ തന്നെ പാപങ്ങളിൽ വെച്ച് ഏറ്റവും നികൃഷ്ടമായത് ശിർക്കാകുന്നു.
- അഞ്ചാമതായി: മനുഷ്യനെ അതിലേക്ക് പ്രേരിപ്പിക്കുന്ന യാതൊരു ശാരീരിക ഇച്ഛകളും (شهوة) ശിർക്കിലില്ല എന്നതാണ് ഇതിന്റെ നികൃഷ്ടത വ്യക്തമാക്കുന്ന മറ്റൊരു കാര്യം. മറ്റെല്ലാ പാപങ്ങൾക്കും പിന്നിൽ അതിലേക്ക് പ്രേരിപ്പിക്കുന്ന ഇച്ഛകളുണ്ട്. ഒരാൾ മോഷണം നടത്തിയാൽ അതിന് കാരണം പണത്തോടുള്ള ആഗ്രഹമാണ്. ഒരാൾ വ്യഭിചാരത്തിൽ ഏർപ്പെട്ടാൽ അതിന് കാരണവും ശാരീരികമായ ഇച്ഛകളാണ്. എന്നാൽ ഒരാൾ എന്തിനാണ് ശിർക്ക് ചെയ്യുന്നത്? അതിലേക്ക് അവനെ പ്രേരിപ്പിക്കുന്ന യാതൊരു ഭൗതിക കാരണവുമില്ല. തൗഹീദ് എന്നത് മനുഷ്യന്റെ പ്രകൃതമാണ് (ഫിത്വ്‌റ). തൗഹീദിലൂടെയാണ് മനസ്സിന് സമാധാനം ലഭിക്കുന്നത്. എന്നാൽ ശിർക്ക് ഫിത്വ്‌റയ്ക്ക് വിരുദ്ധമാണ്. യാതൊരു ഇച്ഛകളോ ഭൗതിക ആവശ്യങ്ങളോ ഇല്ലാതെ തന്നെ പൂർണ്ണമായും മനസ്സ് ദുഷിച്ചതുകൊണ്ടു മാത്രമാണ് ഒരാൾ ശിർക്കിൽ അകപ്പെടുന്നത്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. അതുകൊണ്ടാണ് സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും വന്ന ഹദീസിൽ നബി (ﷺ) ഇപ്രകാരം പറഞ്ഞത്:
يَقُولُ اللَّهُ لأَهْوَنِ أَهْلِ النَّارِ عَذَابًا: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ كُنْتَ تَفْتَدِي بِهِ؟ قَالَ: نَعَمْ، فَيَقُولُ: قَدْ سَأَلْتُكَ مَا هُوَ أَهْوَنُ مِنْ هَذَا وَأَنْتَ فِي صُلْبِ آدَمَ، أَنْ لاَ تُشْرِكَ بِي فَأَبَيْتَ إِلاَّ الشِّرْكَ
“നരകവാസികളിൽ വെച്ച് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്നവനോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ള മുഴുവൻ സമ്പത്തും നിനക്കുണ്ടായിരുന്നെങ്കിൽ (ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ) പകരമായി നീ അത് നൽകുമോ? അവൻ പറയും: അതെ. അപ്പോൾ അല്ലാഹു പറയും: നീ ആദമിന്റെ മുതുകിലായിരിക്കെ ഇതിനേക്കാൾ നിസ്സാരമായ ഒരു കാര്യമാണ് ഞാൻ നിന്നോട് ആവശ്യപ്പെട്ടത്; എന്നിൽ നീ പങ്കുചേർക്കരുതെന്ന്. എന്നാൽ ശിർക്ക് ചെയ്യാനല്ലാതെ നീ തയ്യാറായില്ല.” [സ്വഹീഹുൽ ബുഖാരി – 3334] അല്ലാഹു അവനോട് ആവശ്യപ്പെട്ടത് ഫിത്വ്‌റയോട് യോജിക്കുന്ന വളരെ ലളിതമായ കാര്യമായിരുന്നു. എന്നാൽ മുശ്‌രിക്ക് ഫിത്വ്‌റയ്ക്ക് വിരുദ്ധമായതിനെ തിരഞ്ഞെടുത്തു. ഈ അഞ്ച് കാര്യങ്ങൾ ശിർക്ക് എത്രത്തോളം നികൃഷ്ടമായ പാപമാണെന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നു.
2. പാപങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷയുള്ളത് ശിർക്കിനാണ്
ശിർക്കിന്റെ ശിക്ഷ ഏറ്റവും കഠിനമായതാണെന്ന് ബോധ്യപ്പെടുത്തുന്ന മൂന്ന് കാര്യങ്ങളുണ്ട്:
- ഒന്നാമതായി: നരകത്തിൽ ശാശ്വതമായി കിടക്കാൻ കാരണമാകുന്ന ഒരേയൊരു പാപം ശിർക്കാണ്. ശിർക്ക് അല്ലാതെ മറ്റൊരൊറ്റ പാപവും നരകത്തിൽ അനശ്വരമായ ശിക്ഷ അനിവാര്യമാക്കുന്നില്ല. എത്ര വർഷമാണത്? പത്തുലക്ഷം വർഷമോ? ശതകോടി വർഷങ്ങളോ? അല്ല, അവസാനമില്ലാത്ത കാലത്തോളം! കാരണം മുശ്‌രിക്കിന്റെ അശുദ്ധി യഥാർത്ഥവും ശാശ്വതവുമായ അശുദ്ധിയാണ്. അതുകൊണ്ടുതന്നെ അവന്റെ ശിക്ഷയും ശാശ്വതമാകാൻ അവൻ അർഹനായി. തീർച്ചയായും ജീവനുള്ള ഹൃദയങ്ങൾ അങ്ങേയറ്റം ഭയപ്പെടേണ്ട ഒരു കാര്യമാണിത്. സഹോദരങ്ങളേ, നരകത്തിലെ ശാശ്വതമായ ശിക്ഷ അനിവാര്യമാക്കുന്ന ഒരേയൊരു പാപം! ഹൃദയങ്ങൾ ഇതിൽ അകപ്പെടുന്നതിനെ ഓർത്ത് നടുങ്ങേണ്ടതല്ലേ? അവസാനമില്ലാത്ത ശിക്ഷയാണത്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കഠിനമായ ശിക്ഷ. ഒരാളെ പിടിച്ച് ഒരു ഓവനിൽ (ചൂളയിൽ) അടച്ചുവെന്ന് സങ്കൽപ്പിക്കുക. തീ കത്തിച്ചിട്ടില്ല, വെറുതെ അടച്ചുവെക്കുക മാത്രമാണ് ചെയ്തത്. ഒരു മണിക്കൂർ കഴിഞ്ഞാൽ അയാളുടെ അവസ്ഥ എന്തായിരിക്കും? ഇനി ഏറ്റവും കുറഞ്ഞ ചൂടിൽ തീ കത്തിച്ചാലുള്ള അവസ്ഥയോ? അല്ലാഹുവേ, കാക്കണേ! ആ ചെറിയ ചൂടിൽ അയാൾ 24 മണിക്കൂർ കഴിഞ്ഞാൽ എന്താകും അവസ്ഥ? ഒരു വർഷം മുഴുവൻ ആ തീയിൽ കിടന്നാലോ? ജനിച്ചത് മുതൽ മരിക്കുന്നത് വരെ 60 ഓ 70 ഓ വർഷം അവിടെ കിടന്നാലോ? എന്നാൽ ആ കഠിനമായ ശിക്ഷയിൽ അവസാനമില്ലാതെ കിടക്കുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ! വല്ലാത്ത ഭയപ്പെടുത്തുന്ന അവസ്ഥയാണിത്. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള അനിഷേധ്യമായ തെളിവുകളാണിത്.
- രണ്ടാമതായി: അല്ലാഹു ഒരിക്കലും പൊറുത്തുനൽകാത്ത ഒരേയൊരു പാപമാണിത്.
അല്ലാഹു പറയുന്നു:
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ
“തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്.” [4 – 48] ശിർക്ക് ഒഴികെയുള്ള മറ്റെല്ലാ പാപങ്ങളും അല്ലാഹു ഉദ്ദേശിച്ചാൽ പൊറുത്തു നൽകാൻ സാധ്യതയുള്ളതാണ്. പണ്ഡിതന്മാർ ഈ വചനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ശിർക്കിന്റെ വിഷയത്തിലുള്ള ഏറ്റവും ശക്തമായ വചനവും, ഒപ്പം ശിർക്കിനെക്കുറിച്ച് ഏറ്റവും ഭയപ്പെടുത്തുന്ന വചനവുമാണിത്. എന്നാൽ തൗഹീദിന്റെ വിഷയത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന വചനവുമാണിത്.” കാരണം, ശിർക്കല്ലാത്ത പാപങ്ങൾ അല്ലാഹുവിന്റെ ഉദ്ദേശ്യാനുസരണം പൊറുക്കപ്പെടുമെന്നത് തൗഹീദുള്ളവന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
- മൂന്നാമതായി: ഒരാൾ ശിർക്കിൽ മരണപ്പെട്ടാൽ, അവന്റെ മറ്റെല്ലാ സൽകർമ്മങ്ങളെയും പൂർണ്ണമായി നശിപ്പിക്കുന്ന (നിഷ്ഫലമാക്കുന്ന) ഒരേയൊരു പാപം ശിർക്കാണ്.
അല്ലാഹു പറയുന്നു:
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا
“അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ പാറിപ്പറക്കുന്ന ധൂളിപോലെയാക്കിത്തീര്‍ക്കുകയും ചെയ്യും.” [25 – 23]
وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ
“അവര്‍ ശിര്‍ക്ക് ചെയ്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.” [6 – 88]
നബി (ﷺ) യോടും മുൻഗാമികളായ പ്രവാചകന്മാരോടുമായി അല്ലാഹു പറയുന്നു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ
“തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും ബോധനം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം ഫലശൂന്യമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിലാകുകയും ചെയ്യും.” [39 – 65] പ്രവാചകന്മാരുടെ അവസ്ഥ ഇതാണെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും സഹോദരങ്ങളേ? ഒരാൾ 90 വർഷം ജീവിച്ചു എന്ന് കരുതുക. ആ ജീവിതം മുഴുവൻ നമസ്കാരവും നോമ്പും സകാത്തും ഹജ്ജും ഉംറയും ഖുർആൻ പാരായണവും ദിക്‌റുകളുമായി അല്ലാഹുവിന് കീഴ്‌പ്പെട്ട് അവൻ കഴിച്ചുകൂട്ടി. എന്നാൽ മരിക്കുന്നതിന് രണ്ട് മിനുട്ട് മുമ്പ് അയാൾ വിളിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എന്നെ സഹായിക്കണേ, എനിക്ക് ശുപാർശ നൽകണേ (അശ്‌ശഫാഅത്ത യാ റസൂലല്ലാഹ്)”. എന്നിട്ട് അയാൾ മരിച്ചു. അയാളുടെ 90 വർഷത്തെ സൽകർമ്മങ്ങളുടെ ഫലം എന്താണ്? പൂജ്യം! ഒന്നുമില്ല! 90 വർഷത്തെ സൽകർമ്മങ്ങൾ വെറും രണ്ടോ മൂന്നോ സെക്കന്റ് എടുത്ത ആ ഒറ്റ വാചകം കൊണ്ട് ഇല്ലാതായിപ്പോകുമോ? അതെ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ആ മുശ്‌രിക്കിന്റെ കർമ്മങ്ങൾ മുഴുവൻ കാറ്റിൽ പറക്കുന്ന പൊടിപടലങ്ങൾ പോലെയായിത്തീർന്നു. യാതൊരു മൂല്യവുമില്ലാതെ, ഒരൊറ്റ നന്മയുമില്ലാതെയാണ് അയാൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നത്. കാരണം വലിയ ശിർക്കിന്റെ ഒരു തുള്ളി, സൽകർമ്മങ്ങളുടെ സമുദ്രങ്ങളെ തന്നെ നശിപ്പിച്ചുകളയുന്നു. ലോകത്തുള്ള സമുദ്രങ്ങളിലേക്കും മഹാസമുദ്രങ്ങളിലേക്കും ഒരു തുള്ളി വിഷം വീണാൽ അത് മുഴുവൻ ഉപയോഗശൂന്യമായി മാറുന്നതുപോലെ! ഇതാണ് ശിർക്കിന്റെ യാഥാർത്ഥ്യം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

