ശിർക്കിനെക്കുറിച്ചുള്ള നാല് സുപ്രധാന ഉപദേശങ്ങൾ

5 Min Read

ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി

ഈ ആമുഖത്തിന്റെ അവസാനമായി, ശിർക്കിനെ മനസ്സിലാക്കാനുള്ള അടിസ്ഥാന നിയമങ്ങളിലേക്ക് (القواعد) കടക്കുന്നതിന് മുമ്പ് പ്രിയ സഹോദരങ്ങളേ, നാല് സുപ്രധാന ഉപദേശങ്ങൾ ഞാൻ എനിക്കും നിങ്ങൾക്കും നൽകുകയാണ്:

1. തൗഹീദ് വർദ്ധിക്കുന്നതിനനുസരിച്ച് ശിർക്കിനോടുള്ള ഭയം വർദ്ധിക്കുന്നു

ഒന്നാമത്തെ ഉപദേശം: ഒരു വഴികേടിന്റെ (الضلالة) ഗൗരവം വലുതാകുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്താൽ, അതിനോടുള്ള ഭയവും അത്രത്തോളം വലുതായിരിക്കണം. പഴയ കാലത്തും പുതിയ കാലത്തും ശിർക്കിനേക്കാൾ അപകടകരവും വ്യാപകവുമായ മറ്റെന്തുണ്ട്?

ഒരു മനുഷ്യന്റെ ഈമാനും തൗഹീദും വർദ്ധിക്കുന്നതിനനുസരിച്ച് ശിർക്കിനോടുള്ള അവന്റെ ഭയവും വർദ്ധിക്കുന്നു. ഇതൊരു അടിസ്ഥാന നിയമമായി നിങ്ങൾ മനസ്സിലാക്കുക. ഒരാൾ ഈമാനിലും തൗഹീദിലും എത്രത്തോളം ഉന്നതനാകുന്നുവോ അത്രത്തോളം അവൻ ശിർക്കിനെ ഭയപ്പെടുന്നവനായിരിക്കും.

അതുകൊണ്ടാണ് നബി മുഹമ്മദ് (ﷺ) ക്ക് ശേഷം മനുഷ്യരിൽ ഏറ്റവും ഉന്നതമായ തൗഹീദുള്ള, മുവഹ്ഹിദുകളുടെ നേതാവായ ഖലീലുല്ലാഹി ഇബ്രാഹീം (عليه السلام) ന്റെ അവസ്ഥ നാം നോക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രാർത്ഥന കാണുക:

وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ

“വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് എന്നെയും എന്റെ മക്കളെയും നീ അകറ്റി നിര്‍ത്തേണമേ.” [14 – 35]

ലാ ഇലാഹ ഇല്ലല്ലാഹ്! ഇബ്രാഹീം (عليه السلام) ശിർക്കിനെ ഭയപ്പെടുകയും അതിൽ നിന്ന് തന്നെ അകറ്റി നിർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രഗത്ഭനായ താബിഈ പണ്ഡിതൻ ഇബ്രാഹീമുത്തൈമി (رَحِمَهُ اللَّهُ) വളരെ മനോഹരമായി ഇപ്രകാരം പറഞ്ഞു: “ഇബ്രാഹീം നബിക്ക് ശേഷം ഈ പരീക്ഷണത്തിൽ (ശിർക്കിൽ അകപ്പെടുന്നതിൽ) നിന്ന് ആർക്കാണ് നിർഭയനാകാൻ കഴിയുക?” ഇബ്രാഹീം (عليه السلام) തന്നെ ശിർക്കിനെ ഭയപ്പെട്ടിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താണ് സഹോദരങ്ങളേ!

2. യഥാർത്ഥ ഭയം കൃത്യമായ അറിവിനെ അനിവാര്യമാക്കുന്നു

രണ്ടാമത്തെ ഉപദേശം: ശിർക്കിനോടുള്ള യഥാർത്ഥ ഭയം അത് സൂക്ഷ്മമായി പഠിക്കാൻ നമ്മെ നിർബന്ധിക്കുന്നു. ഒരാൾ ഒരുകാര്യത്തെ ഭയപ്പെടുന്നുവെങ്കിൽ അതിൽ നിന്ന് അകന്നുനിൽക്കാൻ വേണ്ടി അതിനെക്കുറിച്ച് മനസ്സിലാക്കാൻ അവൻ പരിശ്രമിക്കും. എന്നാൽ അതിനെക്കുറിച്ച് അറിവില്ലാത്തവൻ അവൻ പോലുമറിയാതെ അതിൽ അകപ്പെട്ടുപോയേക്കാം. അങ്ങനെയല്ലേ?

അങ്ങേയറ്റം ഗൗരവമേറിയതും വ്യാപകമായി പടർന്നുപിടിക്കുന്നതുമായ ഒരു മഹാമാരിയെക്കുറിച്ചോ വൈറസിനെക്കുറിച്ചോ നമുക്കറിയാമെങ്കിൽ, അതെന്താണെന്നും എങ്ങനെയെല്ലാമാണ് അത് നമ്മിലേക്ക് എത്തുന്നതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അതിൽ നിന്ന് നമുക്ക് ഒഴിഞ്ഞുനിൽക്കാൻ സാധിക്കൂ. അപ്രകാരം, ശിർക്കിനോടുള്ള നിങ്ങളുടെ ഭയം സത്യസന്ധമാണെങ്കിൽ, അതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള തെളിവുകളിൽ നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, ശിർക്കിന്റെ വിശദാംശങ്ങളെക്കുറിച്ചും, അതിന്റെ അനുബന്ധ വിഷയങ്ങളെക്കുറിച്ചും, അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും (الذرائع), അതിന്റെ വിധികളെക്കുറിച്ചും സൂക്ഷ്മമായ അറിവ് നിങ്ങൾക്കുണ്ടായിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് അതിൽ നിന്ന് രക്ഷനേടാൻ കഴിയൂ.

3. അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ പ്രാർത്ഥന (الدعاء)

മൂന്നാമത്തെ ഉപദേശം: ശിർക്കിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ആത്മാർത്ഥതയോടെ അല്ലാഹുവിനെ അഭയം പ്രാപിക്കുക എന്നതാണ് ഞാൻ എനിക്കും നിങ്ങൾക്കും നൽകുന്ന മൂന്നാമത്തെ ഉപദേശം. അല്ലാഹുവിനോട് ചോദിക്കുക, ആ ചോദ്യത്തിൽ ആത്മാർത്ഥത കാണിക്കുക. അല്ലാഹുവിനോട് താഴ്മയോടെ യാചിക്കുക, ആ യാചനയിൽ സത്യസന്ധത കാണിക്കുക. ശിർക്കിൽ നിന്ന് നിങ്ങളെ അകറ്റി നിർത്താൻ അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക.

അതുകൊണ്ടാണ് നബി (ﷺ) ഈ സമുദായത്തിലെ സിദ്ദീഖിന് (അബൂബക്കർ (رَضِيَ اللَّهُ عَنْهُ) വിന്) മഹത്തായ ഒരു പ്രാർത്ഥന പഠിപ്പിച്ചുകൊടുത്തത്:

اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ شَيْئًا وَأَنَا أَعْلَمُ ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ

“അല്ലാഹുവേ, അറിഞ്ഞുകൊണ്ട് നിന്നിൽ ഞാൻ എന്തെങ്കിലുമൊന്നിനെ പങ്കുചേർക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. എനിക്കറിയാത്ത കാര്യങ്ങളിൽ ഞാൻ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു.” [അൽ അദബുൽ മുഫ്‌റദ് – 716]

ഈ ഗൗരവമേറിയ പാപത്തിൽ നിന്ന് സംരക്ഷണം നൽകാൻ അല്ലാഹുവിനോട് ചോദിക്കുക. “അല്ലാഹുവേ, ശിർക്കിൽ നിന്ന് എനിക്ക് അഭയം നൽകേണമേ, അല്ലാഹുവേ, ശിർക്കിൽ നിന്ന് എന്നെ കാക്കണേ, അല്ലാഹുവേ, ശിർക്കിൽ നിന്ന് എന്നെ സംരക്ഷിക്കണേ”, എന്നിങ്ങനെ ആത്മാർത്ഥമായി അല്ലാഹുവിനോട് ചോദിക്കുക. ഇബ്രാഹീം (عليه السلام) ചോദിച്ചതുപോലെ, “വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് എന്നെയും എന്റെ മക്കളെയും നീ അകറ്റി നിര്‍ത്തേണമേ” എന്ന് പ്രാർത്ഥിക്കുക.

4. തൗഹീദിലേക്കുള്ള ക്ഷണം (الدعوة)

നാലാമത്തെ ഉപദേശം: നിങ്ങളുടെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കുക. നിങ്ങളുടെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവരെ ഗുണദോഷിച്ചുകൊണ്ടും, വഴികാട്ടിക്കൊണ്ടും, കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തുകൊണ്ടും ചേർത്തുപിടിക്കുക. ഈ മഹത്തായ വിഷയത്തെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ അവർക്ക് എത്തിച്ചുകൊടുക്കുക. ലുഖ്മാൻ (عليه السلام) തന്റെ മകന് നൽകിയ ഉപദേശത്തിൽ നിങ്ങൾക്ക് മികച്ചൊരു മാതൃകയുണ്ട്. അല്ലാഹു ആ വചനം ഇപ്രകാരം പറയുന്നു:

يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ

“എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” [31 – 13]

ഒരു മുവഹ്ഹിദ് (തൗഹീദ് ഉൾക്കൊണ്ടവൻ), തൗഹീദിന് വിരുദ്ധമായ കാര്യങ്ങളിൽ അകപ്പെട്ടു ജീവിക്കുന്ന ഒരു ജനതയ്ക്കിടയിൽ യാതൊരു പ്രതികരണവുമില്ലാതെ, ഈ വിഷയങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ ജീവിക്കുക എന്നത് അല്ലാഹുവാണെ സത്യം, വളരെ അത്ഭുതകരമാണ്. അല്ലാഹുവിനെ ഭയപ്പെടുക! നിങ്ങൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരാൾ കടലിൽ മുങ്ങിത്താഴുന്നത് കണ്ടാൽ, തിരിഞ്ഞുനോക്കാതെ നടന്നുപോകാൻ നിങ്ങളുടെ മനസ്സ് അനുവദിക്കുമോ? പറയൂ സഹോദരങ്ങളേ! അങ്ങനെയൊരു സാഹചര്യത്തിൽ മനുഷ്യപ്രകൃതം എന്താണ് ചെയ്യുക? അവനെ രക്ഷിക്കാൻ ശ്രമിക്കില്ലേ? നിങ്ങളുടെ മുന്നിൽ ഒരാൾ കടലിൽ മുങ്ങിത്താഴുമ്പോൾ, ഈ വിഷയം എന്നെ ബാധിക്കുന്നില്ല എന്ന് കരുതി അവനെ ഉപേക്ഷിച്ച് നടന്നുപോകാൻ അങ്ങേയറ്റം കഠിനമായ ഹൃദയമുള്ളവന് മാത്രമേ സാധിക്കൂ; അങ്ങനെയല്ലേ? എന്നാൽ അല്പമെങ്കിലും കാരുണ്യമുള്ള ഒരു ഹൃദയത്തിന് അവനെ രക്ഷിക്കാൻ ശ്രമിക്കാതിരിക്കാൻ കഴിയില്ല.

അങ്ങനെയെങ്കിൽ, അല്ലാഹു കാക്കട്ടെ, ഭയാനകമായ നരകക്കുഴിയിലേക്ക് നടന്നടുക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതിൽ വീഴുന്നതിനും അവനുമിടയിലുള്ള ഒരേയൊരു തടസ്സം അവന്റെ ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിയുക എന്നത് മാത്രമാണ്. എന്നിട്ടും ഈ വിഷയം നിങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടിൽ അവന് ഒരു ഉപദേശം പോലും നൽകാതെ, അവനെ തൗഹീദിലേക്ക് ക്ഷണിക്കാതെ, അല്ലാഹുവിന്റെ ദീൻ അവനെ അറിയിക്കാതെ ഇരിക്കുകയാണോ! സുബ്ഹാനല്ലാഹ്! ഇസ്‌ലാം നമ്മെ പഠിപ്പിച്ച കാരുണ്യവുമായി പൊരുത്തപ്പെടുന്ന ഒരു കാര്യമല്ലിത് സഹോദരങ്ങളേ, അങ്ങനെയല്ലേ? നബി (ﷺ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ، ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

“കരുണ കാണിക്കുന്നവരോട് പരമകാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.” [സുനൻ അബീദാവൂദ് – 4941]

കാരുണ്യം എന്നത് ആവശ്യക്കാരന് വെള്ളമോ ഒരു കഷണം റൊട്ടിയോ ദീനാറോ ദിർഹമോ നൽകൽ മാത്രമല്ല. അതൊക്കെ കാരുണ്യം തന്നെ. എന്നാൽ അതിനേക്കാൾ വലിയൊരു കാരുണ്യമുണ്ട്. അല്ലാഹുവിന്റെ ദാസന്മാർക്ക് അവന്റെ ശിക്ഷ ലഭിക്കുന്നതിൽ നിന്ന് അവരോട് കരുണ കാണിക്കുക എന്നതാണത്. ഈമാൻ ഉള്ളവരുടെ ഹൃദയങ്ങളിലെ ഏറ്റവും വലിയ കാരുണ്യം ഇതാണ്.

അതുകൊണ്ടാണ് കാഫിറുകളെയും മുശ്‌രിക്കുകളെയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നാം വെറുക്കുമ്പോഴും, അവരോട് നാം കാരുണ്യം കാണിക്കുന്നത്. അവരെ തൗഹീദിലേക്ക് ക്ഷണിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഈ കാരുണ്യമാണ്. നാം കാഫിറുകളെ വെറുക്കുന്നു; എന്നാൽ അതോടൊപ്പം അവരെ കാരുണ്യത്തിന്റെ കോണിലൂടെ നോക്കിക്കാണുന്ന മറ്റൊരു കണ്ണും നമുക്കുണ്ട്. അങ്ങനെ നാം അവരോട് കരുണ കാണിക്കുകയും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് സഹോദരങ്ങളേ, ഒരു മുസ്‌ലിം യഥാർത്ഥ കാരുണ്യമുള്ളവനാകുന്നത്.

Share This Article
Leave a Comment