ഒന്നാമത്തെ ദിക്ർ: ഇസ്തിഗ്ഫാർ

4 Min Read

ശൈഖ് സ്വാലിഹ് അൽ ഉസൈമി:

അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളിൽ ഒന്നാമത്തെ ഇനമാണിത്. അത് ‘ഇസ്തിഗ്ഫാർ’ ആകുന്നു. അത് ‘മൂന്ന് തവണ’ ചൊല്ലണം. കാരണം ഇമാം മുസ്‌ലിം സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരം പറയുന്നു:

كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا انْصَرَفَ مِنْ صَلَاتِهِ اسْتَغْفَرَ ثَلَاثًا

നബി ﷺ തന്റെ നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുമായിരുന്നു. സ്വഹീഹ് മുസ്‌ലിം – 591

ഇവിടെ ‘വിരമിച്ചാൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സലാം വീട്ടിയാൽ എന്നാണ്. പ്രവാചക ഹദീസുകളിൽ വന്നിട്ടുള്ള ഇൻസ്വിറാഫ് എന്ന പദത്തിന് രണ്ട് അർത്ഥങ്ങളുണ്ട്:

  • ഒന്ന്: നമസ്കാരത്തിൽ നിന്നും സലാം വീട്ടുക. ഇപ്രകാരം സലാം വീട്ടുന്നതോടെ നമസ്കരിക്കുന്ന വ്യക്തി നമസ്കാരത്തിൽ നിന്നും വിരമിച്ചവനായിത്തീരുന്നു.
  • രണ്ട്: പള്ളിയിൽ നിന്നും പുറത്തുപോവുക. ഇപ്രകാരം പള്ളിയിൽ നിന്നും പുറത്തുപോകുമ്പോൾ അയാൾ വിരമിച്ചവനായിത്തീരുന്നു.

ഈ രണ്ട് അർത്ഥങ്ങളിൽ ഒന്നാമത്തേതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത് നബി ﷺ നിർബന്ധ നമസ്കാരത്തിൽ നിന്നും സലാം വീട്ടിയാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുമായിരുന്നു. ഈ ദിക്ർ നിർബന്ധ നമസ്കാരത്തിന് മാത്രമുള്ളതാണ്; കാരണം നിരുപാധികം നമസ്കാരം എന്ന് പറഞ്ഞാൽ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുക നിർബന്ധ നമസ്കാരങ്ങളാണ്.

നബി ﷺ ഇസ്തിഗ്ഫാർ ചെയ്യാറുണ്ടായിരുന്നു എന്ന വിവരമാണ് ഈ ഹദീസിലുള്ളത്. ‘അവിടുന്ന് മൂന്ന് തവണ ഇസ്തിഗ്ഫാർ ചെയ്യുമായിരുന്നു’ എന്ന പരാമർശത്തിൽ ഇസ്തിഗ്ഫാർ ചെയ്യേണ്ടത് ഏത് പദങ്ങൾ കൊണ്ടാണെന്നത് വന്നിട്ടില്ല. അതുകൊണ്ടാണ് ഇമാം മുസ്‌ലിമിന്റെ സ്വഹീഹിൽ, വലീദ് ബിൻ മുസ്‌ലിം തന്റെ റിപ്പോർട്ടറായ ഇമാം ഔസാഇയോട് ചോദിച്ചത്: “എന്താണ് ഇസ്തിഗ്ഫാർ?” അപ്പോൾ അദ്ദേഹം മറുപടി നൽകി: “അസ്തഗ്ഫിറുല്ലാഹ്.” നബി ﷺ യിൽ നിന്നും അവർക്കിടയിൽ ഏതെങ്കിലും ഒരു പ്രത്യേക രൂപം അറിയപ്പെട്ടിരുന്നെങ്കിൽ വലീദ് ബിൻ മുസ്‌ലിമിന് അത് ചോദിക്കേണ്ടി വരുമായിരുന്നില്ല; കാരണം മുസ്ലിംകൾക്കിടയിൽ ആ പ്രവൃത്തി അത്രത്തോളം വ്യാപകമായിരുന്നേനെ. അതിനാൽ, ഇസ്തിഗ്ഫാറിന്റെ ഏറ്റവും ചുരുങ്ങിയ രൂപം എന്താണോ അതാണ് ഇമാം ഔസാഇ മറുപടിയായി നൽകിയത്. അതായത് നമസ്കരിച്ച വ്യക്തി ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറയുക.

അബൂദാവൂദ് അലി رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്:

كَانَ إِذَا سَلَّمَ مِنَ الصَّلَاةِ قَالَ: اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ…

നബി ﷺ നമസ്കാരത്തിൽ നിന്നും സലാം വീട്ടിയാൽ ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ, ഞാൻ ചെയ്തതും ഇനി ചെയ്യാൻ പോകുന്നതും രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതുമായ എന്റെ സർവ്വ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ… സുനൻ അബീദാവൂദ് – 1509

ഇതിലെ റിപ്പോർട്ടർമാർ വിശ്വസ്തരാണ്. എന്നാൽ ഈ ഹദീസിന്റെ അടിസ്ഥാന രൂപം ഇമാം മുസ്‌ലിമിന്റെ സ്വഹീഹിലുണ്ട്. അതായത്, നമസ്കാരവുമായി ബന്ധപ്പെടുത്താതെ നബി ﷺ നടത്തിയിരുന്ന ഒരു പൊതുവായ പ്രാർത്ഥനയായാണ് അതിൽ വന്നിട്ടുള്ളത്. അതിനാൽ, ‘നമസ്കാരത്തിൽ നിന്നും സലാം വീട്ടിയാൽ’ എന്ന പ്രയോഗം ഇതിൽ അബദ്ധമാണ്. നബി ﷺ ഇത് തന്റെ നമസ്കാരത്തിനുള്ളിൽ പ്രാർത്ഥിച്ചിരുന്നു എന്നതാണ് ഇതിന്റെ മഹ്ഫൂളായ രൂപം. ഈ ഹദീസ് സ്വഹീഹായിരുന്നെങ്കിൽ ഇസ്തിഗ്ഫാറിന്റെ പ്രത്യേക രൂപം വ്യക്തമാക്കുന്ന തെളിവായി അത് മാറുമായിരുന്നു, എന്നാൽ നബി ﷺ യിൽ നിന്നും ഈ രൂപം അപ്രകാരം സ്വഹീഹായി വന്നിട്ടില്ല.

ചുരുക്കത്തിൽ, ഇസ്തിഗ്ഫാറിന്റെ അടിസ്ഥാനരൂപം സ്ഥിരപ്പെടുകയും എന്നാൽ പ്രത്യേക പദങ്ങൾ നിർണ്ണയിക്കപ്പെടാതിരിക്കുകയും ചെയ്തപ്പോൾ, ഇസ്തിഗ്ഫാറിന് ഉപയോഗിക്കേണ്ട പദങ്ങളെക്കുറിച്ച് കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ചിലർ പറഞ്ഞു: ‘അസ്തഗ്ഫിറുല്ലാഹൽ ഹയ്യൽ ഖയ്യൂം’ എന്ന് പറയണം. മറ്റുചിലർ പറഞ്ഞു: ‘അസ്തഗ്ഫിറുല്ലാഹൽ അലിയ്യൽ അളീം’ എന്ന് പറയണം. എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെട്ടു.

എന്നാൽ ഇതിലെല്ലാം വെച്ച് ഏറ്റവും ഉത്തമമായത്, നബി ﷺ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ പതിവാക്കിയിരുന്ന ഇസ്തിഗ്ഫാറിന്റെ രൂപം സ്വീകരിക്കുക എന്നതാണ്. സയ്യിദ ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്നുള്ള സ്വഹീഹ് മുസ്‌ലിമിലെ ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: സൂറത്ത് അന്നസ്വർ അവതരിച്ചതിന് ശേഷം നബി ﷺ ഇപ്രകാരം പറയുമായിരുന്നു:

أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ

ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. സ്വഹീഹ് മുസ്‌ലിം – 484

പാപമോചനം തേടുന്നതിനോടൊപ്പം അല്ലാഹുവിലേക്കുള്ള പശ്ചാത്താപം കൂടി ഉൾക്കൊള്ളുന്നതാണ് ഇസ്തിഗ്ഫാറിന്റെ ഏറ്റവും പൂർണ്ണമായ രൂപം. അതാണ് ഗ്രന്ഥകർത്താവ് പറഞ്ഞത്: ‘അതിൽ ഏറ്റവും പൂർണ്ണമായത്: أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ എന്നാകുന്നു. അതിൽ ചുരുങ്ങിയ രൂപം: أَسْتَغْفِرُ اللهَ എന്നതുമാണ്’. അതുകൊണ്ട് ഒരാൾ കേവലം ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് മാത്രം പറഞ്ഞാലും അയാൾ നബി ﷺ യുടെ ചര്യ പിൻപറ്റിയവനായി.

നാം ഇവിടെ ‘അസ്തഗ്ഫിറുല്ലാഹ വ അത്തൂബു ഇലൈഹി’ എന്ന രൂപത്തിന് മുൻഗണന നൽകിയത്, ഇമാം ബുഖാരി ഉദ്ധരിച്ച ശദ്ദാദ് ബിൻ ഔസ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിന് എതിരാകുന്നില്ല. അതിൽ നബി ﷺ പറയുന്നു:

سَيِّدُ الاسْتِغْفَارِ : اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ…

ഇസ്തിഗ്ഫാറിന്റെ നേതാവ് ഇപ്രകാരം പറയലാണ്: അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്… സ്വഹീഹുൽ ബുഖാരി – 6306

ഈ ദിക്ർ സയ്യിദുൽ ഇസ്തിഗ്ഫാർ തന്നെയാണ്. എന്നാൽ നാം അതിനെ ഇവിടെ പരിഗണിക്കാത്തതിന് കാരണം, അതിലെ മഹത്തായ അർത്ഥങ്ങൾ പരിഗണിച്ചാണ് അതിന് ഈ പദവി ലഭിച്ചത്, അഥവാ അതാണ് ഏറ്റവും മഹത്തായ ഇസ്തിഗ്ഫാർ. എന്നാൽ കർമ്മശാസ്ത്രപരമായി നോക്കുമ്പോൾ അത് പ്രഭാത-പ്രദോഷ ദിക്റുകളിലായാണ് പരിമിതപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നബി ﷺ പതിവാക്കുകയും ധാരാളമായി ചൊല്ലുകയും ചെയ്തിരുന്നത് «أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ» എന്നതായിരുന്നു. അതിനാൽ ഇതാണ് ഇവിടെ മറ്റുള്ളവയെക്കാൾ മുൻഗണിക്കപ്പെടേണ്ടത്.

തുടർച്ച: രണ്ടാമത്തെ ദിക്ർ: …اللَّهُمَّ أَنْتَ السَّلَامُ

Share This Article
Leave a Comment