അവ രണ്ട് ഇനങ്ങളാകുന്നു:
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
‘അവ രണ്ട് ഇനങ്ങളാകുന്നു’ എന്നതിലൂടെ ഗ്രന്ഥകർത്താവ് ഉദ്ദേശിക്കുന്നത്, നമസ്കാരത്തിൽ സലാം വീട്ടിയതിന് ശേഷം ചൊല്ലപ്പെടുന്ന ദിക്റുകൾ രണ്ട് ഇനങ്ങളാണെന്നാണ്:
- ഒന്ന്: അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം സലാം വീട്ടിയാൽ ചൊല്ലേണ്ട ദിക്റുകൾ.
- രണ്ട്: ഐച്ഛിക നമസ്കാരങ്ങൾക്ക് ശേഷം സലാം വീട്ടിയാൽ ചൊല്ലേണ്ട ദിക്റുകൾ.
ഇപ്രകാരം നമസ്കാരത്തിന്റെ ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് ദിക്റുകൾ വിഭജിക്കപ്പെട്ടിട്ടുള്ളത്. കാരണം നമസ്കാരങ്ങളിൽ നിർബന്ധമുള്ളവയും സുന്നത്തായവയും ഉണ്ട്. അതിനാൽ ദിക്റുകളിലും നിർബന്ധ നമസ്കാരങ്ങളായ അഞ്ചു നേരത്തെ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലാനുള്ള ദിക്റുകളും, ചില സുന്നത്ത് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലാനുള്ള ദിക്റുകളും വന്നിട്ടുണ്ട്.
ഒന്നാമത്തെ ഇനം: അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
നമസ്കാരങ്ങൾക്ക് ശേഷമുള്ള രണ്ട് ഇനം ദിക്റുകളിൽ ഒന്നാമത്തെ ഇനമാണ് ഗ്രന്ഥകർത്താവ് ഇവിടെ പരാമർശിക്കുന്നത്. ‘അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ’. അഞ്ച് നിർബന്ധ നമസ്കാരങ്ങൾ എന്നത് രാപ്പകലുകളിലെ നമസ്കാരങ്ങളായ ഫജ്ർ, ദുഹ്ർ, അസ്ർ, മഗ്‌രിബ്, ഇശാ എന്നിവയാണ്. ഈ ദിക്റുകൾ അവയുടെ ദുബുറിലാണ് ചൊല്ലേണ്ടത്.
നമസ്കാരത്തിന്റെ ‘ദുബുർ’ എന്നതിന് രണ്ട് അർത്ഥങ്ങളുണ്ട്:
- ഒന്ന്: നമസ്കാരത്തോട് ചേർന്നുനിൽക്കുന്ന അതിന്റെ അവസാന ഭാഗം.
- രണ്ട്: നമസ്കാരത്തിന് ശേഷം അതിനെ തുടർന്ന് വരുന്ന വേറിട്ടുനിൽക്കുന്ന സമയം.
ഹദീസുകളിൽ ഈ രണ്ട് സ്ഥാനങ്ങളെയും ‘നമസ്കാരത്തിന്റെ ദുബുർ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സലാം വീട്ടുന്നതിന് മുമ്പുള്ള സ്ഥാനത്തിനും, സലാം വീട്ടിയതിന് ശേഷം നമസ്കാരത്തെ തുടർന്ന് വരുന്ന സമയത്തിനും ഈ പേര് ഉപയോഗിക്കപ്പെടുന്നു. ഇവ രണ്ടും നമസ്കാരത്തിന്റെ ദുബുറാണ്. എന്നാൽ ഒന്ന് നമസ്കാരത്തോട് ചേർന്നുനിൽക്കുന്നതും മറ്റേത് വേറിട്ടുനിൽക്കുന്നതുമാണ്.
ഗ്രന്ഥകർത്താവ് പറഞ്ഞ ‘അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ’ എന്നതിലെ ഉദ്ദേശ്യം രണ്ടാമത്തെ അർത്ഥമാണ്. അതായത്, നമസ്കാരത്തെ തുടർന്ന് വരുന്ന വേറിട്ടുനിൽക്കുന്ന സമയം. അതിനാൽ നമസ്കരിക്കുന്നയാൾ സലാം വീട്ടിയാൽ ഈ ദിക്റുകൾ ചൊല്ലേണ്ടതാണ്.
അവ ആറ് ദിക്റുകളാകുന്നു:
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകൾ ആറ് ഇനങ്ങളാണെന്ന് ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു. നബി ﷺ യിൽ നിന്നുള്ള ഒരൊറ്റ ഹദീസിൽ ഇവയെല്ലാം ഒരുമിച്ച് വന്നിട്ടില്ല. മറിച്ച്, വ്യത്യസ്ത ഹദീസുകളിലായാണ് ഇവ വന്നിട്ടുള്ളത്. ആ ഹദീസുകളിലെല്ലാം തന്നെ ഈ ദിക്റുകൾ സലാം വീട്ടി നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ചൊല്ലേണ്ടതാണെന്ന് കൃത്യമായി പരാമർശിച്ചിട്ടുണ്ട്.
ഇവയെല്ലാം ഒരുമിച്ച് ചേർക്കൽ അനുവദനീയമായത് ആ മഹല്ലിന് (സ്ഥാനത്തിന്) അത് സ്വീകരിക്കാനുള്ള കഴിവുള്ളതിനാലാണ്. അസ്സുനനുൽ മുതനവ്വിഅയിൽ (വൈവിധ്യമാർന്ന സുന്നത്തുകളിൽ) പെട്ട ഇത്തരം ദിക്റുകളുടെ കാര്യത്തിൽ, ആ മഹല്ലിന് അവയെ ഒരുമിച്ചുകൂട്ടാൻ സാധിക്കുമോ ഇല്ലയോ എന്നാണ് പരിശോധിക്കപ്പെടുക.
മഹല്ല് സ്വീകരിക്കുന്നതിന്റെയും ഇല്ലാത്തതിന്റെയും അടിസ്ഥാനത്തിൽ അസ്സുനനുൽ മുതനവ്വിഅ രണ്ട് ഇനങ്ങളുണ്ട്:
- ഒന്ന്: മഹല്ല് അവയുടെ ഒരുമിച്ചുകൂടൽ സ്വീകരിക്കുന്ന അസ്സുനനുൽ മുതനവ്വിഅ.
- രണ്ട്: മഹല്ല് അവയുടെ ഒരുമിച്ചുകൂടൽ സ്വീകരിക്കാത്ത അസ്സുനനുൽ മുതനവ്വിഅ.
മഹല്ല് അവയുടെ ഒരുമിച്ചുകൂടൽ സ്വീകരിക്കുന്നതാണെങ്കിൽ അവയെ ഒരുമിച്ചു ചേർക്കൽ അനുവദനീയമാണ്. സ്വീകരിക്കുന്നതല്ലെങ്കിൽ അവയെ ഒരുമിച്ചു ചേർക്കാൻ പാടില്ല.
ഒന്നാമത്തേതിന് ഉദാഹരണമാണ് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ. കാരണം അത് വിശാലമായ സമയമാണ്. അവിടെ വന്നിട്ടുള്ള ദിക്റുകളിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം മാത്രമേ പാടുള്ളൂ എന്ന് പ്രത്യേകം തെളിയിക്കുന്ന ഖരീനകളൊന്നുമില്ല. അതിനാൽ വന്നിട്ടുള്ളവയെല്ലാം അവിടെ ചൊല്ലൽ അനുയോജ്യമാണ്.
രണ്ടാമത്തേതിന് ഉദാഹരണമാണ് നബി ﷺ യിൽ നിന്നും വന്നിട്ടുള്ള വിവിധ തരം ഇസ്തിഫ്താഹ് പ്രാർത്ഥനകൾ. നബി ﷺ ഖിറാഅത്തിന് മുമ്പായി തന്റെ നമസ്കാരം ആരംഭിക്കാൻ ഉപയോഗിച്ചിരുന്ന വിവിധ തരം ദിക്റുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയെല്ലാം കൂടി ഒരുമിച്ച് ചേർക്കുന്നത് ആ മഹല്ല് സ്വീകരിക്കുകയില്ല എന്നതിന് വ്യക്തമായ ഖരീനയുണ്ട്. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും സ്വഹീഹുൽ ബുഖാരിയിൽ വന്നിട്ടുള്ള ഹദീസാണത്. അദ്ദേഹം നബി ﷺ യോട് ചോദിച്ചു: “അങ്ങ് തക്ബീർ ചൊല്ലിയാൽ അല്പനേരം മൗനം ദീക്ഷിക്കാറുണ്ടല്ലോ, ആ സമയത്ത് അങ്ങ് എന്താണ് പറയുന്നത്?” അപ്പോൾ നബി ﷺ ഇസ്തിഫ്താഹിന്റെ പ്രാർത്ഥനകളിൽ പെട്ട ഒരൊറ്റ ദിക്ർ മാത്രമാണ് അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തത്. മറ്റൊന്നും നബി ﷺ അദ്ദേഹത്തോട് പറഞ്ഞില്ല. ഈ ഹദീസ് വ്യക്തമാക്കുന്നത്, ഇസ്തിഫ്താഹ് പ്രാർത്ഥന വന്നിട്ടുള്ളവയിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം മാത്രമേ ചൊല്ലാൻ പാടുള്ളൂ എന്നാണ്. നബി ﷺ യിൽ നിന്ന് സ്വഹീഹായി വന്നിട്ടുള്ള വിവിധ തരം തശഹുദുകളുടെ കാര്യവും ഇതുപോലെത്തന്നെയാണ്. നമസ്കരിക്കുന്ന വ്യക്തി അവയിൽ നിന്നും ഏതെങ്കിലും ഒന്ന് മാത്രമാണ് ചൊല്ലേണ്ടത്.
മഹല്ല് ഒന്നിലധികം സുന്നത്തുകളെ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പണ്ഡിതന്മാരായ ഗ്രന്ഥകർത്താക്കളുടെ രചനകളെയും നമുക്ക് ആശ്രയിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഇമാം നസാഇയുടെ ‘അമൽ അൽ-യൗം വൽ-ലൈല’ എന്ന ഗ്രന്ഥം പരിശോധിച്ചാൽ, അദ്ദേഹം നമസ്കാരാനന്തര ദിക്റുകളോ, പ്രഭാത ദിക്റുകളോ, പ്രദോഷ ദിക്റുകളോ പരാമർശിക്കുമ്പോൾ ‘മറ്റൊരിനം’, ‘മറ്റൊരിനത്തെ കുറിച്ചുള്ള അധ്യായം’ എന്നിങ്ങനെ വിവിധ അധ്യായങ്ങളായി നൽകിയതായി കാണാം. ഈ ഇനങ്ങളെല്ലാം വന്നിട്ടുണ്ട് എന്ന് അറിയിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അതിനാൽ, ഇവയെല്ലാം വന്നിരിക്കുകയും, എന്നാൽ അവ ഒരുമിച്ചു ചേർക്കാൻ പാടില്ല എന്ന് അറിയിക്കുന്ന ഖരീനകൾ ഇല്ലാതിരിക്കുകയും, സലഫുകളിൽ നിന്ന് അപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ ആ മഹല്ല് അവയുടെ ഒരുമിച്ചുകൂടൽ സ്വീകരിക്കുന്നതായി കണക്കാക്കാം. പ്രഭാത-പ്രദോഷ ദിക്റുകൾ, നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകൾ, സലാമിന് മുമ്പോ സുജൂദിലോ നിർവ്വഹിക്കുന്ന പ്രാർത്ഥനകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ മഹല്ല് അത് സ്വീകരിക്കുന്നതല്ലെന്ന് തെളിവ് അറിയിക്കുകയാണെങ്കിൽ, അത്തരം ദിക്റുകളിൽ നിന്ന് ഒരെണ്ണം കൊണ്ട് മാത്രം ചുരുക്കേണ്ടതാണ്.
ഈ ലഘുലേഖയിൽ അഞ്ച് നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ആറ് ദിക്റുകൾ മാത്രമാണ് ചുരുക്കി നൽകിയിട്ടുള്ളത്. നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകളായി ഗ്രന്ഥകർത്താക്കൾ പരാമർശിക്കാറുള്ളവയിൽ നിന്ന് ഇവിടെ ഒഴിവാക്കപ്പെട്ടവ രണ്ട് ഇനങ്ങളാണ്:
- ഒന്ന്: രിവായത്തായി സ്വഹീഹായി സ്ഥിരപ്പെടാത്തവ. തനിക്ക് സ്ഥിരപ്പെടാത്തതിനാൽ ഗ്രന്ഥകർത്താവ് അത് ഒഴിവാക്കി. എന്നാൽ യോഗ്യതയുള്ള മറ്റൊരു വ്യക്തിക്ക് അത് സ്വഹീഹാണെന്ന് ബോധ്യപ്പെട്ടാൽ അത് സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല.
- രണ്ട്: ദിറായത്തായി അവ സലാമിന് ശേഷം ചൊല്ലേണ്ട ദിക്റാണെന്ന് സ്ഥിരപ്പെടാത്തവ. അബൂദാവൂദിലും മറ്റും വന്നിട്ടുള്ള മുആദ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസ് ഇതിന് ഉദാഹരണമാണ്. നബി ﷺ അദ്ദേഹത്തോട് പറഞ്ഞു:
لَا تَدَعَنَّ أَنْ تَقُولَ فِي دُبُرِ كُلِّ صَلَاةٍ: اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ
ഓരോ നമസ്കാരത്തിന് ശേഷവും നീ ഇപ്രകാരം പറയാൻ ഒരിക്കലും ഉപേക്ഷിക്കരുത്: അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി കാണിക്കാനും നിനക്ക് ഉത്തമമായി ഇബാദത്ത് ചെയ്യാനും എന്നെ നീ സഹായിക്കേണമേ. സുനൻ അബീദാവൂദ് – 1522
പണ്ഡിതന്മാരുടെ ഏറ്റവും ശരിയായ അഭിപ്രായപ്രകാരം ഈ ദിക്ർ നമസ്കാരത്തിന്റെ ദുബുറിൽ, അഥവാ സലാമിന് മുമ്പ് നമസ്കാരത്തോട് ചേർന്ന് തന്നെ ചൊല്ലേണ്ടതാണ്. അതിനാൽ ഇത് സലാമിന് ശേഷം ചൊല്ലേണ്ട ദിക്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുകയില്ല, മറിച്ച് സലാമിന് മുമ്പ് ചൊല്ലേണ്ടതാണ്.
തുടർച്ച: ഒന്നാമത്തെ ദിക്ർ: ഇസ്തിഗ്ഫാർ

