ഖുർആൻ തെളിവായി ഉദ്ധരിച്ചവരെല്ലാം ഒഴികഴിവ് നൽകപ്പെടുന്നവരല്ല

4 Min Read

ശൈഖ് അബ്ദുള്ള അൽ-ഉബൈലാൻ

അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു ആയത്ത് തെളിവായി ഉദ്ധരിച്ചുവെന്നത് മാത്രം ഒരാൾക്ക് ഒഴികഴിവ് നൽകപ്പെടാൻ കാരണമാകുമെന്നോ, അല്ലെങ്കിൽ ആ ആയത്തിനെ മനസ്സിലാക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും അവൻ കൃത്രിമം കാണിച്ചാലും അവന്റെ വാദം വഴികേടാണെന്ന് വിധി പ്രസ്താവിക്കുന്നതിൽ നിന്ന് അത് തടയുമെന്നോ ഒരാൾ ധരിക്കുന്നത് ഏറ്റവും വലിയ അബദ്ധങ്ങളിൽ പെട്ടതാണ്. കേവലം ദലീൽ (തെളിവ്) ഉദ്ധരിക്കുക എന്നതിലല്ല കാര്യം; മറിച്ച്, തെളിവ് പിടിക്കുന്നതിലെ ശരിയും, അല്ലാഹുവും അവന്റെ റസൂലും ﷺ ഉദ്ദേശിച്ചതിനോട് അത് യോജിച്ചു വരികയും ചെയ്യുക എന്നതിലാണ് കാര്യം.

ഖുർആൻ തെളിവായി ഉദ്ധരിച്ചു എന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഒഴികഴിവ് ലഭിക്കുമായിരുന്നുവെങ്കിൽ, അതിന് ഏറ്റവും അർഹർ ഖവാരിജുകൾ ആകുമായിരുന്നു. അവർ ആരാധനകളിലും ഖുർആൻ പാരായണത്തിലും മുഴുകുന്നവരായിരുന്നു. അവർ ഖുർആൻ തെളിവായി ഉദ്ധരിക്കുകയും ധാരാളമായി പാരായണം ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും അവരെക്കുറിച്ച് നബി ﷺ ഇപ്രകാരം പറഞ്ഞു:

«يَقْرَءُونَ القُرْآنَ لاَ يُجَاوِزُ حَنَاجِرَهُمْ»

“അവർ ഖുർആൻ പാരായണം ചെയ്യും; അത് അവരുടെ തൊണ്ടക്കുഴികൾക്കപ്പുറം കടക്കുകയില്ല.”1

«يَمْرُقُونَ مِنَ الدِّينِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّةِ»

“വേട്ടമൃഗത്തിൽ നിന്ന് അമ്പ് തുളച്ചുപോകുന്നതുപോലെ അവർ ദീനിൽ നിന്ന് പുറത്തുപോകും.” 2

എന്നിട്ടും ഖുർആൻ കൊണ്ടുള്ള അവരുടെ തെളിവുപിടിക്കൽ അവർക്ക് ഉപകാരപ്പെട്ടില്ല. കാരണം, അവർ അതിലെ നസ്സുകളെ (പ്രമാണങ്ങളെ) അല്ലാഹു ഉദ്ദേശിച്ചതല്ലാത്ത അർത്ഥത്തിലാണ് മനസ്സിലാക്കിയത്. അവർ മുത്തശാബിഹായ വചനങ്ങളെ അടിസ്ഥാനമാക്കുകയും, മുഹ്കമായ വചനങ്ങളിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു. അങ്ങനെ അവർ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്തു. ഇതിനു സമാനമാണ് മസീഹിന്റെ (ഈസാ നബിയുടെ) കാര്യത്തിൽ ചില ക്രിസ്ത്യാനികൾ നടത്തുന്ന തെളിവുപിടിക്കലും. അവർ നസ്സുകളെ അതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിന് വിപരീതമായി വ്യാഖ്യാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ദിവ്യത്വത്തിനോ, അല്ലെങ്കിൽ അദ്ദേഹം ദൈവപുത്രനാണെന്നതിനോ അവർ അത് തെളിവായി സ്വീകരിച്ചു. എന്നാൽ അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അത് നിഷേധിച്ചിട്ടുണ്ട്. അതിനാൽ അവരുടെ തെളിവുപിടിക്കൽ അവർക്ക് അനുകൂലമായല്ല, മറിച്ച് പ്രതികൂലമായ ഒരു തെളിവായാണ് ഭവിച്ചത്.

അതുകൊണ്ടുതന്നെ കേവലം ഒരു നസ്സ് തെളിവായി ഉദ്ധരിക്കുക എന്നതല്ല ഹുജ്ജത്ത് (തെളിവ്); മറിച്ച്, റസൂലുല്ലാഹി ﷺ കൊണ്ടുവന്നതിനോടും അവിടുത്തെ സ്വഹാബത്ത് رضي الله عنهم മനസ്സിലാക്കിയതിനോടും യോജിക്കുന്ന രൂപത്തിൽ നസ്സിനെ മനസ്സിലാക്കുന്നതിലാണ് ഹുജ്ജത്തുള്ളത്. ഇക്കാരണത്താലാണ്, അറിവില്ലാതെ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ സംസാരിക്കുന്നതിനെക്കുറിച്ച് സലഫുകൾ മുന്നറിയിപ്പ് നൽകിയിരുന്നത്. കേവലം സത്യം ആഗ്രഹിക്കുന്നതിലോ അതിനായി തെളിവ് ഉദ്ധരിക്കുന്നതിലോ അല്ല കാര്യം; മറിച്ച്, സത്യത്തിൽ എത്തിച്ചേരുക എന്നതിലാണ് കാര്യം എന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്.

ബാത്വിലായ തെളിവുപിടിക്കലുകളുടെ ഉദാഹരണങ്ങളിൽ പെട്ടതാണ്; മരിച്ചവരോട് പ്രാർത്ഥിക്കുകയോ അവരോട് ഇസ്തിഗാസ നടത്തുകയോ ചെയ്യുന്നത് അനുവദനീയമാണെന്ന് സ്ഥാപിക്കാൻ ഒരാൾ അല്ലാഹുവിന്റെ താഴെ പറയുന്ന വചനം തെളിവായി ഉദ്ധരിക്കുന്നത്:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ﴾

“അവനിലേക്ക് (അടുക്കുവാനുള്ള) വസീല നിങ്ങൾ തേടുകയും ചെയ്യുക.”3

ഈ ആയത്ത് അല്ലാഹുവിലേക്ക് വസീല തേടാനാണ് കൽപ്പിക്കുന്നത്, അല്ലാതെ അവനല്ലാത്തവരോട് പ്രാർത്ഥിക്കാനല്ല. സലഫുകൾ വിശദീകരിച്ചതുപോലെ ഈമാൻ, അനുസരണം, സൽകർമ്മങ്ങൾ എന്നിവയിലൂടെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളാണ് വസീല എന്നത്. അല്ലാഹു അല്ലാത്തവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരാധനകൾ അർപ്പിക്കുന്നത് അനുവദനീയമാണെന്ന് അവരിലൊരാൾ പോലും ഇതിൽ നിന്ന് മനസ്സിലാക്കിയിട്ടില്ല.

അതുപോലെത്തന്നെ ചില മനുഷ്യർക്ക് കേവലമായ അദൃശ്യജ്ഞാനം (ഗൈബ്) ഉണ്ടെന്ന് സ്ഥാപിക്കാൻ അല്ലാഹുവിന്റെ ഈ വചനം തെളിവായി ഉദ്ധരിക്കുന്നവരും:

﴿إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍۢ﴾

“താൻ തൃപ്തിപ്പെട്ട വല്ല ദൂതനുമൊഴികെ.”4

അദ്ദേഹവും ഈ ആയത്ത് മനസ്സിലാക്കുന്നതിൽ പിഴവ് വരുത്തിയിരിക്കുന്നു. കാരണം, അല്ലാഹു താനുദ്ദേശിച്ച അദൃശ്യകാര്യങ്ങൾ വഹ്‌യിലൂടെ തന്റെ ദൂതന്മാർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ചാണ് ഈ ആയത്ത് സംസാരിക്കുന്നത്. അല്ലാതെ അവർക്ക് സ്വന്തമായി അദൃശ്യജ്ഞാനമുണ്ടെന്ന് ഇത് സ്ഥാപിക്കുന്നില്ല; അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

അല്ലാഹു തന്റെ മുഹ്കമായ ഗ്രന്ഥത്തിൽ പറഞ്ഞു:

﴿قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ﴾

“പറയുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ.”5

അല്ലാഹു വീണ്ടും പറഞ്ഞു:

﴿قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ﴾

“പറയുക: അല്ലാഹു ഉദ്ദേശിച്ചതൊഴികെ എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരം ചെയ്യാനോ ഉപദ്രവം ചെയ്യാനോ എനിക്ക് സ്വാധീനമില്ല. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. ഒരു ദോഷവും എന്നെ ബാധിക്കുകയുമില്ലായിരുന്നു. വിശ്വസിക്കുന്ന ജനങ്ങൾക്ക് ഒരു താക്കീതുകാരനും സന്തോഷവാർത്ത അറിയിക്കുന്നവനും മാത്രമാകുന്നു ഞാൻ.”6

അതിനാൽ, ഖുർആൻ തെളിവായി ഉദ്ധരിച്ചവരെല്ലാം ഒഴികഴിവ് നൽകപ്പെടുന്നവരല്ല. മറിച്ച്, അറിവില്ലാതെ ഒരാൾ അതിൽ സംസാരിക്കുകയോ, സ്വന്തം തന്നിഷ്ടങ്ങൾക്കനുസരിച്ച് അതിനെ വ്യാഖ്യാനിക്കുകയോ, അല്ലെങ്കിൽ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടുവന്നതിനും അവിടുത്തെ സ്വഹാബത്ത് رضي الله عنهم നിലകൊണ്ടതിനും വിപരീതമായി പ്രവർത്തിക്കാൻ അതിനെ ഉപയോഗിക്കുകയോ ചെയ്താൽ ആ ഖുർആൻ തന്നെ അവന് എതിരായ തെളിവായി മാറിയേക്കാം. അല്ലാഹു പറഞ്ഞു:

﴿مِّنَ ٱلَّذِينَ هَادُوا۟ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ﴾

“ജൂതന്മാരിൽ പെട്ട ചിലരുണ്ട്; അവർ വാക്കുകളെ അവയുടെ സ്ഥാനങ്ങളിൽ നിന്ന് തെറ്റിക്കുന്നു.”7

അല്ലാഹു വീണ്ടും പറഞ്ഞു:

﴿أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ﴾

“(മുസ്‌ലിംകളേ,) അവർ നിങ്ങൾക്ക് വിശ്വാസികളായിത്തീരുമെന്ന് നിങ്ങൾ മോഹിക്കുകയാണോ? അവരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ വചനം കേൾക്കുകയും, അത് മനസ്സിലാക്കിയതിന് ശേഷം അറിഞ്ഞുകൊണ്ട് തന്നെ അതിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്നവരാണല്ലോ.”8

അതുകൊണ്ട്, രക്ഷയുള്ളത് ഖുർആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ ഗ്രാഹ്യത്തിനനുസരിച്ച് പിൻപറ്റുന്നതിലാണ്; അല്ലാതെ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നുള്ള ഏതെങ്കിലും ഒരു ആയത്ത് കേവലം തെളിവായി ഉദ്ധരിക്കുന്നതിലല്ല.

  1. സ്വഹീഹ് ബുഖാരി – 3610 ↩︎
  2. സ്വഹീഹ് ബുഖാരി – 3610 ↩︎
  3. സൂറത്തുൽ മാഇദ – 35 ↩︎
  4. സൂറത്തുൽ ജിന്ന് – 27 ↩︎
  5. സൂറത്തുന്നംല് – 65 ↩︎
  6. സൂറത്തുൽ അഅ്റാഫ് – 188 ↩︎
  7. സൂറത്തുന്നിസാഅ് – 46 ↩︎
  8. സൂറത്തുൽ ബഖറ – 75 ↩︎
Share This Article
Leave a Comment