ശൈഖ് അബ്ദുള്ള അൽ-ഉബൈലാൻ
അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ അഇമ്മത്തുകൾ (നേതാക്കൾ) കേവലം ഒരു അബദ്ധത്തിന്റെയോ ഇജ്തിഹാദിന്റെയോ പേരിൽ വ്യക്തികളെ ബിദ്അത്തുകാരായി മുദ്രകുത്താനോ, അവരെ അഹ്ലുസ്സുന്നയുടെ വൃത്തത്തിൽ നിന്ന് പുറത്താക്കാനോ ധൃതി കാണിച്ചിരുന്നില്ല. മറിച്ച്, അബദ്ധവും ബിദ്അത്തും തമ്മിലും, ഒരു വാദത്തെ ഖണ്ഡിക്കുന്നതും അത് പറഞ്ഞ വ്യക്തിയുടെ മേൽ വിധി പ്രസ്താവിക്കുന്നതും തമ്മിലും അവർ വേർതിരിച്ചു മനസ്സിലാക്കിയിരുന്നു. എതൊരെയോ അഇമ്മത്തുകളുടെ പ്രസ്താവനകൾ പല വിഷയങ്ങളിലും ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്; എങ്കിലും അവരുടെ ഇമാമത്തും വിജ്ഞാനവും ശ്രേഷ്ഠതയും കാത്തുസൂക്ഷിക്കപ്പെടുക തന്നെ ചെയ്തു.
ഇമാം ദഹബി رحمه الله പറഞ്ഞു:
قال الذهبي رحمه الله: «وَلَوْ أَنَّا كُلَّمَا أَخْطَأَ إِمَامٌ فِي اجْتِهَادِهِ فِي آحَادِ المَسَائِلِ خَطَأً مَغْفُورًا لَهُ، قُمْنَا عَلَيْهِ وَبَدَّعْنَاهُ وَهَجَرْنَاهُ، لَمَا سَلِمَ مَعَنَا لاَ ابْنُ نَصْرٍ، وَلاَ ابْنُ مَنْدَهْ، وَلاَ مَنْ هُوَ أَكْبَرُ مِنْهُمَا، وَاللَّهُ هُوَ هَادِي الخَلْقِ إِلَى الحَقِّ، وَهُوَ أَرْحَمُ الرَّاحِمِينَ».
“ഓരോ ഇമാമും തങ്ങളുടെ ഇജ്തിഹാദിൽ ഏതെങ്കിലും ചില വിഷയങ്ങളിൽ മാപ്പാക്കപ്പെടുന്ന തെറ്റുവരുത്തുമ്പോഴൊക്കെ, നാം അവർക്കെതിരെ തിരിയുകയും അവരെ ബിദ്അത്തുകാരായി മുദ്രകുത്തുകയും വർജ്ജിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ഇബ്നു നസ്വ്റോ ഇബ്നു മന്ദയോ അവരെക്കാൾ മഹത്തുക്കളായ മറ്റുള്ളവരോ നമ്മുടെ കൂടെ സുരക്ഷിതരായി അവശേഷിക്കുമായിരുന്നില്ല. അല്ലാഹുവാണ് സൃഷ്ടികളെ സത്യത്തിലേക്ക് വഴിനടത്തുന്നവൻ, അവൻ കരുണാനിധികളിൽ വെച്ച് ഏറ്റവും കരുണാനിധിയുമാകുന്നു.”1
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
وقال شيخ الإسلام ابن تيمية رحمه الله: «وَلَيْسَ لِأَحَدٍ أَنْ يَنْصِبَ لِلْأُمَّةِ شَخْصًا يَدْعُو إِلَى طَرِيقَتِهِ، وَيُوَالِي وَيُعَادِي عَلَيْهَا غَيْرَ النَّبِيِّ ﷺ، وَلَا يَنْصِبَ لَهُمْ كَلَامًا يُوَالِي عَلَيْهِ وَيُعَادِي غَيْرَ كَلَامِ اللَّهِ وَرَسُولِهِ».
“പ്രവാചകൻ ﷺ അല്ലാത്ത മറ്റൊരാളെയും അദ്ദേഹത്തിന്റെ രീതിയിലേക്ക് ക്ഷണിക്കാനും, അതിൻ്റെ പേരിൽ ബന്ധം സ്ഥാപിക്കാനും ശത്രുത വെച്ചുപുലർത്താനും ഉമ്മത്തിന് മുമ്പിൽ പ്രതിഷ്ഠിക്കാൻ യാതൊരാൾക്കും അവകാശമില്ല. അതുപോലെ അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകളല്ലാത്ത മറ്റൊന്നിനെയും അതിനോടുള്ള താത്പര്യത്താലോ എതിർപ്പിനാലോ മിത്രതയും ശത്രുതയും നിശ്ചയിക്കാനുള്ള മാനദണ്ഡമായി സ്ഥാപിക്കാനും ആർക്കും അവകാശമില്ല.”2
ഇത് വളരെ മഹത്തായ ഒരു അടിസ്ഥാന തത്വമാണ്. മാനദണ്ഡം ദലീലുകളാണ് (തെളിവുകൾ), വ്യക്തികളല്ല എന്നും, പണ്ഡിതന്മാരുടെ ഇജ്തിഹാദുകളുടെ അടിസ്ഥാനത്തിലല്ല അൽ-വലാഅ് വൽ-ബറാഅ് കെട്ടിപ്പടുക്കേണ്ടതെന്നും ഇത് വ്യക്തമാക്കുന്നു.
ഈമാൻ, തക്ഫീർ തുടങ്ങിയ ചില വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ, ഒരു പണ്ഡിതനെ ബിദ്അത്തിന്റെ ഏതെങ്കിലും മദ്ഹബുകളുമായി (കക്ഷികളുമായി) ബന്ധിപ്പിക്കുന്നതിനുള്ള കാരണമാക്കുന്നത് അക്രമമാണ്; ആ മദ്ഹബിന്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം സ്വീകരിക്കുകയും അത് പാലിച്ചുപോരുകയും ചെയ്തു എന്ന് തെളിയാത്ത പക്ഷം. കാരണം, ഒരു പ്രത്യേക വിഷയത്തിൽ യോജിച്ചു എന്നത് ആ മദ്ഹബിൽ മുഴുവനായി യോജിക്കലിനെ അനിവാര്യമാക്കുന്നില്ല എന്ന് വിജ്ഞാനത്തിന്റെ ആളുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം, ചില ഭാഗികമായ കാര്യങ്ങളിൽ യോജിച്ചു എന്നതിൻ്റെ പേരിൽ മാത്രം നിരവധി അഇമ്മത്തുകളെ വഴിപിഴച്ച കക്ഷികളിലേക്ക് ചേർത്തു പറയേണ്ടിവരുമായിരുന്നു. ഇത് ഇൻസ്വാഫിന്റെ (നീതിയുടെ) ആളുകളുടെ ഇജ്മാഅ് പ്രകാരം ബാത്വിലാണ് (അസാധുവാണ്).
പണ്ഡിതന്മാരുടെ മേൽ വിശേഷണങ്ങളും അപഹാസ്യമായ പദവികളും വച്ചു കെട്ടുന്നവർ പരലോകത്തെ വിചാരണ നിസ്സാരമല്ല എന്ന് അറിഞ്ഞിരിക്കട്ടെ. കാരണം പണ്ഡിതന്മാരുടെ ആത്മാഭിമാനം ഏറ്റവും മഹത്തായ അമാനത്തുകളിൽ പെട്ടതാണ്. അതിൽ കുറ്റപ്പെടുത്തലുകൾ ഉന്നയിക്കുന്നത് മുഴുവൻ ഉമ്മത്തിനെയും ബാധിക്കുന്ന ഫസാദിന് (നാശത്തിന്) കാരണമാകുന്നു.
യാതൊരു ന്യായവുമില്ലാതെ ഒരു പണ്ഡിതനെ തരംതാഴ്ത്താനും തള്ളിക്കളയാനും ജനങ്ങളെ ക്ഷണിക്കുന്നവൻ, ഉപകാരപ്രദമായ അറിവിൽ നിന്ന് ജനങ്ങളെ തടയുന്നതിന് കാരണക്കാരനായേക്കാം. അങ്ങനെ തന്റെ വാക്കിന്റെ ഫലമായി ഉണ്ടാകുന്ന ഫസാദിന് അനുസൃതമായ പാപം അവൻ ചുമക്കേണ്ടിവരും.
പണ്ഡിതന്മാരെക്കുറിച്ച് സംസാരിക്കുന്നവർ അല്ലാഹുവിനെ തഖ്വ ചെയ്യട്ടെ (സൂക്ഷിക്കട്ടെ). ഒരു വാക്ക് പുറത്തുവന്നാൽ അത് പ്രചരിക്കുമെന്നും, അത് തിരിച്ചുവിളിക്കാൻ പിന്നീട് സാധിച്ചേക്കില്ലെന്നും മനസ്സിലാക്കട്ടെ. തുടർന്ന്, താൻ ചെയ്ത പാപങ്ങളും തന്റെ വാക്ക് സ്വാധീനിച്ചവരുടെ പാപങ്ങളും പേറിയായിരിക്കും അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നത്. അന്ത്യനാളിൽ ഒരു അടിമ രക്ഷപ്പെടാൻ ഏറ്റവും വലിയ കാരണം അക്രമത്തിൽ നിന്ന് തടഞ്ഞുനിർത്തിയ നാവും, സത്യവിശ്വാസികളോട് നിഷ്കളങ്കമായ ഖൽബും, തന്നിഷ്ടങ്ങൾക്ക് വഴങ്ങാത്ത നീതിപൂർവ്വമായ വിധിയുമാണ്.
ഒരാൾക്ക് ഏതെങ്കിലും ഒരു പണ്ഡിതനോട് വിമർശനമുണ്ടെങ്കിൽ, ആ വിമർശനം അറിവോടെയും, നീതിയോടെയും, മര്യാദയോടെയും, ദലീലുകൾ വ്യക്തമാക്കി കൊണ്ടും ആയിരിക്കട്ടെ. പരസ്യമായി ആക്ഷേപിക്കാതെയും, തരംതാഴ്ത്താതെയും, അണികളെ ഭിന്നിപ്പിക്കുകയും വിദ്വേഷം വളർത്തുകയും ഫിത്നയുടെ വാതിലുകൾ തുറക്കുകയും ചെയ്യുന്ന പദവികൾ ചുമത്താതെയും ആയിരിക്കണം അത്. അത് മാത്രമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ മാർഗ്ഗം. അല്ലാഹു കൽപ്പിച്ച നീതിക്ക് അനുയോജ്യമായതും, ദീനിൽ സുരക്ഷിതത്വത്തിനും, അന്ത്യനാളിൽ അടിമകളുടെ അവകാശ ലംഘനങ്ങളിൽ നിന്ന് വിമുക്തി നേടുന്നതിനും ഏറ്റവും അടുത്തതുമായ മാർഗ്ഗം ഇതുതന്നെയാണ്.

