റാഷിദ് ബിൻ അബ്ദുറഹ്മാൻ ബിൻ റദൻ അൽബദ്ദാഹ്
ഈ വിജ്ഞാനം സർവ്വതും നൽകുന്ന റബ്ബിൽ നിന്നുള്ള ദാനങ്ങളാണ്. ഇമാം അഹ്‌മദ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 241) പറഞ്ഞു: “വിജ്ഞാനം എന്നത് അല്ലാഹു നൽകുന്ന ദാനങ്ങളാണ്; തൻ്റെ സൃഷ്ടികളിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അവനത് നൽകുന്നു. തറവാടിത്തം കൊണ്ടോ കുടുംബമഹിമ കൊണ്ടോ ആർക്കും അത് നേടിയെടുക്കാൻ കഴിയില്ല; ഇനി അങ്ങനെ തറവാടിത്തത്തിന്റെ പേരിലാണ് അത് ലഭിക്കുന്നതെങ്കിൽ അതിന് ഏറ്റവും അർഹർ നബി ﷺ യുടെ കുടുംബക്കാരാകുമായിരുന്നു.”¹
അതിനാൽ വിജ്ഞാനം എന്നത് ആർക്കെങ്കിലുമുള്ള ഒരു കുത്തകാവകാശമല്ല. മറിച്ച് ഇബ്നുൽ ഖയ്യിം റഹിമഹുല്ലാഹു തആലാ (മരണം ഹി. 751) പറഞ്ഞതുപോലെയാണ്:
وَالعِلْمُ يَدْخُلُ قَلْبَ كُلِّ مُوَفَّقٍ … مِنْ غَيْرِ أَبْوَابٍ وَلَا اسْتِئْذَانِ وَيَرُدُّهُ المَحْرُومُ مِنْ خِذْلَانِهِ … لَا تُشْقِنَا اللَّهُمَّ بِالحِرْمَانِ
വിജ്ഞാനം യാതൊരു വാതിലുകളോ അനുവാദമോ ഇല്ലാതെ തന്നെ ഭാഗ്യവാന്മാരുടെ ഹൃദയങ്ങളിലേക്ക് കടന്നുചെല്ലുന്നു. എന്നാൽ ഭാഗ്യം കെട്ടവന് അവളിലേക്കുള്ള വഴി തടയപ്പെടുന്നു; അല്ലാഹുവേ, ഞങ്ങളെ നീ ആ ഭാഗ്യം കെട്ടവരിൽ ഉൾപ്പെടുത്തരുതേ.²
കൂടാതെ വിജ്ഞാനം എന്നത് ഒരു വലിയ പദവിയും മഹത്വവുമാണ്, ഏതൊരാളും ആ മഹത്വം ആഗ്രഹിക്കുന്നതാണ്. ‘ഓ വിവരമില്ലാത്തവനേ’ എന്ന് വിളിക്കപ്പെടാൻ ആരും തന്നെ ഇഷ്ടപ്പെടുകയുമില്ല.
അലി റളിയല്ലാഹു അൻഹു (മരണം ഹി. 40) പറഞ്ഞു: “വിജ്ഞാനത്തിന് മഹത്വം ലഭിക്കാൻ അത് അറിയാത്തവർ പോലും അതിലേക്ക് ചേർത്തുപറയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നതും അതിൽ സന്തോഷിക്കുന്നുവെന്നതും മതിയായതാണ്.”³
അമീറായ ശൈഖ് സിദ്ദീഖ് ഹസൻ ഖാൻ റഹിമഹുല്ലാഹു തആലാ (മരണം ഹി. 1307) പറഞ്ഞു: “വിവരമില്ലാത്ത ഭരണാധികാരികളാരും തന്നെ തങ്ങളുടെ പ്രതാപം പണ്ഡിതന്മാരുടെ പ്രതാപം പോലെയാകണമെന്ന് ആഗ്രഹിക്കാത്തവരില്ല. എന്നാൽ അവരുടെ മൃഗീയമായ തടസ്സങ്ങൾ അത് നേടിയെടുക്കുന്നതിൽ നിന്ന് അവരെ തടയുന്നു.”⁴
അതിനാൽ വിജ്ഞാനം എന്നത് രാജാക്കന്മാരും വിവരമില്ലാത്തവരും നേതാക്കന്മാരുമെല്ലാം ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ്; കാരണം അത് മാനസികമായ ആസ്വാദനങ്ങളിൽ പെട്ട ഒന്നാണ്, അതൊരു പദവിയുമാണ്.
അബൂ ജഅ്ഫർ അൽ-മൻസൂർ റഹിമഹുല്ലാഹു തആലാ (മരണം ഹി. 158) യോട് ചോദിക്കപ്പെട്ടു: “താങ്കൾക്ക് ഇനിയും നേടാൻ കഴിയാത്ത ദുനിയാവിലെ എന്തെങ്കിലും ആസ്വാദനങ്ങളുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇനിയൊരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ; അതായത് ഞാനൊരു ഉയർന്ന പീഠത്തിൽ ഇരിക്കുകയും എന്റെ ചുറ്റും ഹദീസ് പണ്ഡിതന്മാരിരിക്കുകയും ചെയ്യുക. അപ്പോൾ സദസ്സിലുള്ളവരിൽ നിന്നൊരാൾ എന്നോട് ചോദിക്കുക: ‘അല്ലാഹു താങ്കളോട് കരുണ കാണിക്കട്ടെ, താങ്കൾക്ക് ഈ ഹദീസ് പറഞ്ഞുതന്നതാര്?'” അപ്പോൾ പിറ്റേദിവസം പ്രമാണിമാരും മന്ത്രിമാരുടെ മക്കളും പേനകളും പുസ്തകങ്ങളുമായി അദ്ദേഹത്തിന്റെ സദസ്സിലേക്ക് വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങളല്ല ഞാൻ ഉദ്ദേശിച്ച ആളുകൾ, ഞാൻ ഉദ്ദേശിച്ചത് മുഷിഞ്ഞ വസ്ത്രം ധരിച്ചവരും, കാൽപാദങ്ങൾ വിണ്ടുകീറിയവരും, മുടിയലസരായവരും, നാടുകൾ തോറും ചുറ്റിക്കറങ്ങുന്നവരും, ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നവരുമായ ആളുകളെയാണ്.”⁵
أَلْهَى عَنِ العِلْمِ أَقْوَامًا تَطَلُّبُهُمْ … لَذَّاتِ دُنْيَا غَدَوْا مِنْهَا عَلَى غَرَرِ
അങ്ങനെ ദുനിയാവിന്റെ ആസ്വാദനങ്ങളിൽ മുഴുകിയ ജനങ്ങളെ വിജ്ഞാനം തേടുന്നതിൽ നിന്ന് അത് അശ്രദ്ധരാക്കി.⁶
നേതാക്കന്മാരും പ്രതാപികളുമായ ആളുകൾ പണ്ഡിതന്മാരുടെ ആസ്വാദനങ്ങൾ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് താങ്കൾ കണ്ടില്ലേ?!
അൽ-മഅ്മൂൻ റഹിമഹുല്ലാഹു തആലാ (മരണം ഹി. 218) പറഞ്ഞു: “എന്റെ മനസ്സ് ആഗ്രഹിച്ചതെല്ലാം അത് നേടിയിട്ടുണ്ട്; ഈ ഹദീസ് ഒഴികെ. ഞാനൊരു കസേരയിലിരിക്കുകയും എന്നോട് ഇപ്രകാരം ചോദിക്കപ്പെടുകയും ചെയ്യണമെന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു: ‘താങ്കൾക്ക് ഈ ഹദീസ് പറഞ്ഞുതന്നതാര്?’ അപ്പോൾ ഞാൻ പറയണം: ‘എനിക്ക് ഇന്ന വ്യക്തി പറഞ്ഞുതന്നു’.” അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “അമീറുൽ മുഅ്‌മിനീൻ; പിന്നെന്തുകൊണ്ടാണ് താങ്കൾ ഹദീസ് പറയാത്തത്?” അദ്ദേഹം പറഞ്ഞു: “ഭരണവും ഖിലാഫത്തും ഹദീസുമായി ഒത്തുപോകുകയില്ല.”⁷
ഒരു ഖലീഫ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചു. അപ്പോൾ ഹദീസ് പണ്ഡിതന്മാരിൽ ഒരാളുടെ പിന്നാലെ വിജ്ഞാനാന്വേഷികൾ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നത് അദ്ദേഹം കണ്ടു. അപ്പോൾ ഖലീഫ തൻ്റെ കൂടെയുള്ളവരോട് തിരിഞ്ഞുകൊണ്ട് പറഞ്ഞു: “ഇവർ എന്റെ പിന്നാലെ നടക്കുന്നത് ഖിലാഫത്തിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്.”⁸
അതുകൊണ്ടാണ് കുറച്ചെങ്കിലും അറിവുള്ള സ്ഥാനമാനങ്ങളും അധികാരവുമുള്ള ആളുകൾ, തങ്ങളുടെ സദസ്സുകളിൽ പണ്ഡിതന്മാരുമായി സഹവസിക്കുന്നതും വിജ്ഞാനപരമായ ചർച്ചകളിൽ ഏർപ്പെടുന്നതും താങ്കൾക്ക് കാണാൻ സാധിക്കുന്നത്.
അൽ-അഹ്നഫ് ബിൻ ഖൈസ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 67) പറഞ്ഞു: “ഭരണാധികാരിയുടെ വ്യക്തിത്വത്തിന്റെ പൂർണ്ണത മൂന്ന് കാര്യങ്ങളിലാണ്; വിജ്ഞാനത്തോടും പണ്ഡിതന്മാരോടുമുള്ള സ്നേഹം…”⁹
രാജാക്കന്മാരും അമീറുകളും തങ്ങളുടെ സദസ്സുകളിൽ പണ്ഡിതന്മാരുമായി സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു എന്നതിനുള്ള ഒരു തെളിവ് താങ്കൾക്ക് താഴെ നൽകുന്നു:
അബൂബക്കർ ബിൻ അബ്ദുറഹ്മാൻ റഹിമഹുല്ലാഹു തആലാ (മരണം ഹി. 94) പറഞ്ഞു: അബൂ ഹുറൈറ തൻ്റെ ഉദ്ബോധനങ്ങളിൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ആരെങ്കിലും ജനാബത്തുകാരനായി (വലിയ അശുദ്ധിയോടെ) പ്രഭാതത്തിലേക്ക് പ്രവേശിച്ചാൽ അവൻ നോമ്പെടുക്കേണ്ടതില്ല…” അങ്ങനെ ഞാൻ ആയിശയോടും ഉമ്മുസലമയോടും ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവർ രണ്ടുപേരും പറഞ്ഞു: “നബി ﷺ സ്വപ്നസ്ഖലനം കൊണ്ടല്ലാതെ ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തിൽ പ്രവേശിക്കുകയും എന്നിട്ട് അവിടുന്ന് നോമ്പെടുക്കുകയും ചെയ്യാറുണ്ടായിരുന്നു.” അങ്ങനെ ഞങ്ങൾ പുറപ്പെട്ട് മർവാന്റെ അടുക്കൽ പ്രവേശിക്കുകയും ഇക്കാര്യം അദ്ദേഹത്തോട് പറയുകയും ചെയ്തു. അപ്പോൾ മർവാൻ പറഞ്ഞു: “നീ അബൂ ഹുറൈറയുടെ അടുക്കൽ പോയി അദ്ദേഹം പറഞ്ഞതിന് മറുപടിയായി ഈ കാര്യം അദ്ദേഹത്തെ അറിയിക്കണമെന്ന് ഞാൻ നിന്നോട് കൽപ്പിക്കുന്നു.” അങ്ങനെ ഞങ്ങൾ അബൂ ഹുറൈറയുടെ അടുക്കൽ വന്നു (കാര്യങ്ങൾ പറഞ്ഞു). അപ്പോൾ അബൂ ഹുറൈറ ചോദിച്ചു: “അവർ രണ്ടുപേരുമാണോ നിന്നോട് ഇത് പറഞ്ഞത്?” അദ്ദേഹം പറഞ്ഞു: “അതെ.” അബൂ ഹുറൈറ പറഞ്ഞു: “അവർക്കാണ് എന്നേക്കാൾ കൂടുതൽ അറിവുള്ളത്.”¹⁰
ഇതിനെക്കുറിച്ച് ഹാഫിദ് ഇബ്നു അബ്ദുൽ ബർറ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 463) പറഞ്ഞു: “കർമ്മശാസ്ത്ര പണ്ഡിതന്മാർ ഭരണാധികാരികളുടെ സദസ്സുകളിൽ പ്രവേശിക്കുന്നതിനും അവരുമായി വിജ്ഞാനപരമായ ചർച്ചകളിൽ ഏർപ്പെടുന്നതിനുമുള്ള തെളിവ് ഈ ഹദീസിലുണ്ട്. അതുപോലെത്തന്നെ മർവാൻ ദുനിയാവിന്റെ കാര്യങ്ങളിൽ മുഴുകിയവനായിട്ടും വിജ്ഞാനത്തോട് അദ്ദേഹം എത്രത്തോളം താല്പര്യം കാണിച്ചിരുന്നുവെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു.”¹¹
ഒരാൾ തൻ്റെ വിനോദങ്ങളിലോ സ്ഥാനമാനങ്ങളിലോ മുഴുകിയവനായിരിക്കെ, പിന്നീട് വിജ്ഞാനം ആസ്വദിക്കുന്നവനായി മാറാൻ കഴിയുമോ?!
അതെ, അല്ലാഹുവാണെ സത്യം; ഒരാൾ ചിലപ്പോൾ അശ്രദ്ധനായി കഴിഞ്ഞുകൂടുന്നവനായിരിക്കാം, എന്നിട്ട് അല്ലാഹു അവനെ ആ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതാണ്; ഗുഹാവാസികളെ (അഹ്‌ലുൽ കഹ്ഫ്) അവരുടെ ഉറക്കത്തിൽ നിന്ന് അല്ലാഹു ഉണർത്തിയത് പോലെ. അല്ലെങ്കിൽ അവൻ വിജ്ഞാനത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിൽ മാത്രം മുഴുകിയ അജ്ഞനായിരിക്കാം, എന്നിട്ട് അല്ലാഹു അവന്റെ ഹൃദയത്തിൽ വിജ്ഞാനത്തോടുള്ള സ്നേഹവും അതിൻ്റെ ആസ്വാദനവും ഇട്ടുകൊടുക്കും, അങ്ങനെ അവൻ അതിലൂടെ ഉപകാരം നേടുകയും ഉന്നതനാകുകയും ചെയ്യുന്നു.
جَهِلْتَ العِلْمَ فِي زَمَنِ التَّصَابِي … وَدُمْتَ عَلَى البَطَالَةِ وَالتَّوَانِي
കുട്ടിക്കളിയുടെ കാലത്ത് നീ വിജ്ഞാനത്തെക്കുറിച്ച് അജ്ഞനായി, അലസതയിലും സമയനഷ്ടത്തിലും നീ തുടരുകയും ചെയ്തു.¹²
വിജ്ഞാനം കരസ്ഥമാക്കാനുള്ള സമയം കഴിഞ്ഞുപോയി എന്ന് വാദിക്കുന്നവർക്കും തങ്ങളുടെ ആയുസ്സ് നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്നവർക്കും ഉത്തേജനം നൽകുന്ന ഉറപ്പായ പത്ത് ഉദാഹരണങ്ങളും ചരിത്രങ്ങളും താഴെ നൽകുന്നു:
- അബൂ ഇഖാൽ ഗൽബൂൻ ബിൻ അൽ-ഹസൻ റഹിമഹുല്ലാഹു തആലാ (മരണം ഹി. 291): അദ്ദേഹം വളർന്നത് തിന്മകളിലും അശ്രദ്ധയിലുമായിരുന്നു. പിന്നീട് അദ്ദേഹം വിജ്ഞാനത്തിലേക്കും അധ്യാപനത്തിലേക്കും ഫത്‌വ നൽകുന്നതിലേക്കും ആരാധനകളിലേക്കും തിരിഞ്ഞു. അദ്ദേഹം മക്കയിൽ താമസമാക്കുകയും തറാവീഹ് നമസ്കാരത്തിനിടയിൽ മഖാമു ഇബ്രാഹീമിന് പിന്നിൽ സുജൂദിലായിരിക്കെ മരണപ്പെടുകയും ചെയ്തു.¹³
- അബൂ ത്വാലിബ് അൽ-കർഖി റഹിമഹുല്ലാഹു തആലാ (മരണം ഹി. 585): അദ്ദേഹം ഉദു (ഒരു സംഗീതോപകരണം) വായിക്കുന്ന വ്യക്തിയായിരുന്നു. അതിൽ അദ്ദേഹം വളരെ പ്രശസ്തനായി, അങ്ങനെ ആളുകൾ അദ്ദേഹത്തെ ഉദാഹരണമായി പറയാൻ തുടങ്ങി. പിന്നീട് അദ്ദേഹം അത് ഉപേക്ഷിക്കുകയും വിജ്ഞാനത്തിലേക്ക് തിരിയുകയും ചെയ്തു. അങ്ങനെ അദ്ദേഹം നേതൃസ്ഥാനത്തെത്തുകയും മറ്റുള്ളവർക്ക് ഉപകാരം നൽകുകയും ചെയ്തു.¹⁴
- അബൂ ത്വാഹിർ അൽ-ജാബിരി അശ്ശാഫിഈ റഹിമഹുല്ലാഹു തആലാ (മരണം ഹി. 633): അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തുടക്കത്തിൽ അദ്ദേഹം പാനീയങ്ങൾ (ശറാബ്) ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അവസ്ഥ മാറിമറിയുകയും, അദ്ദേഹം ഈജിപ്തിലെ ശൈഖ് ആയി മാറുകയും ചെയ്തു.¹⁵
- അഹ്‌മദ് ബിൻ ഇബ്രാഹീം അൽ-ഖിനാഈ റഹിമഹുല്ലാഹു തആലാ (മരണം ഹി. 767): അദ്ദേഹം ആടുമേയ്ക്കുന്ന ജോലി ചെയ്തിരുന്നു. പിന്നീട് തന്റെ മുപ്പതാമത്തെ വയസ്സിൽ അദ്ദേഹം വിജ്ഞാനത്തിലേക്ക് തിരിഞ്ഞു. അങ്ങനെ അദ്ദേഹം കർമ്മശാസ്ത്രവും അറബി വ്യാകരണവും (നഹ്‌വ്) മറ്റും പഠിച്ചു. അങ്ങനെ തന്റെ നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹം ക്ലാസ്സുകൾ നൽകാൻ തുടങ്ങി. അദ്ദേഹം വളരെ ബുദ്ധിമാനായിരുന്നു; ഒരു ദിവസം കൊണ്ട് നാനൂറ് വരികൾ അദ്ദേഹം മനഃപാഠമാക്കുമായിരുന്നു.¹⁶
- ഇബ്നുൽ ഖത്വീബ് അൽ-ഖത്വീഈ റഹിമഹുല്ലാഹു തആലാ (മരണം ഹി. 770): തന്റെ ജീവിതത്തിന്റെ തുടക്കത്തിൽ അദ്ദേഹം അമീറിന് കീഴിൽ എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം അതൊക്കെ ഉപേക്ഷിക്കുകയും വിജ്ഞാനത്തിലേക്ക് തിരിയുകയും ചെയ്തു. അങ്ങനെ വായനയിലും എഴുത്തിലും ഗ്രന്ഥരചനയിലും അധ്യാപനത്തിലുമായി അദ്ദേഹം എപ്പോഴും മുഴുകി.¹⁷
- ഇബ്രാഹീം ഇബ്നു അയ്ബക് അസ്സഫദീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 742): ഇദ്ദേഹം പ്രശസ്ത ചരിത്രകാരനായ സ്വലാഹുദ്ദീന്റെ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ തുടക്കത്തിൽ കുറച്ചുകാലം കളികളിൽ മുഴുകിയവനും വിജ്ഞാനത്തിലേക്ക് തിരിയാത്തവനുമായിരുന്നു. എന്നാൽ ഇരുപത്തിമൂന്ന് വയസ്സായപ്പോൾ അദ്ദേഹം വിജ്ഞാനത്തിലേക്ക് പൂർണ്ണമായും തിരിഞ്ഞു.¹⁸
- ഇബ്നു റസ്സാം അസ്സഫദീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 749): അദ്ദേഹത്തിന്റെ പിതാവ് ഒരു സൈനികനായിരുന്നു. അദ്ദേഹം വളർന്നത് വസ്ത്രങ്ങളിൽ ചിത്രപ്പണികൾ ചെയ്യുന്ന ജോലിയിലായിരുന്നു. പിന്നീട് ശൈഖ് അന്നാജിം അസ്സഫദീ അദ്ദേഹത്തെ വിജ്ഞാനത്തിലേക്ക് പ്രേരിപ്പിച്ചു. അങ്ങനെ അദ്ദേഹം വിജ്ഞാനത്തിൽ മുഴുകുകയും ‘അത്തഅ്ജീസു’ മനഃപാഠമാക്കുകയും കർമ്മശാസ്ത്രം പഠിക്കുകയും ചെയ്തു.¹⁹
- ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ ഇറാഖ് അൽ-ഖായാത്തീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 933): അദ്ദേഹം സുഖലോലുപതയിൽ മുഴുകിയവനും വേട്ടയാടൽ, ചതുരംഗം, ബാക്ക്ഗാമൺ (നർദ്ദ്) തുടങ്ങിയ വിനോദങ്ങളിൽ അശ്രദ്ധനുമായിരുന്നു. കുതിരസവാരിയിൽ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. പിന്നീട് അദ്ദേഹം വിജ്ഞാനത്തിലേക്ക് പൂർണ്ണമായും തിരിഞ്ഞു. അങ്ങനെ അദ്ദേഹം ‘ശൈഖുൽ ഇസ്‌ലാം’ എന്ന് വിളിക്കപ്പെടാൻ തുടങ്ങി.
- മഖ്‌ലൂഫ് അൽ-ബിൽബാലീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 941): വാർദ്ധക്യകാലത്താണ് അദ്ദേഹം വിജ്ഞാനത്തിലേക്ക് തിരിഞ്ഞത്. കച്ചവടം ഉപേക്ഷിച്ച് അദ്ദേഹം ‘സ്വഹീഹ് ബുഖാരി’ മനഃപാഠമാക്കി.²⁰
- വിജ്ഞാനാന്വേഷണം തുടരാൻ പ്രേരിപ്പിക്കുന്ന അതിശയകരമായ പത്താമത്തെ കഥ താഴെ നൽകുന്നു: ഇതിന്റെ പരമ്പരയുമായി ഇബ്നു ബത്വാൽ റഹിമഹുല്ലാഹു തആലാ (മരണം ഹി. 449) ഉദ്ധരിക്കുന്നു: യഹ്‌യ ബിൻ യഹ്‌യ അല്ലൈഥീ പറഞ്ഞു: മാലിക് ബിൻ അനസിന്റെ സദസ്സിൽ ഞാൻ ആദ്യമായി ചെന്ന ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: “ഓ യഹ്‌യ, നീ വിജ്ഞാനം തേടുന്ന കാര്യത്തിൽ വളരെയധികം പരിശ്രമിക്കണം. വിജ്ഞാനത്തോട് നിനക്ക് താല്പര്യമുണ്ടാക്കുന്നതും മറ്റ് കാര്യങ്ങളിൽ നിന്ന് നിന്നെ അകറ്റുന്നതുമായ ഒരു ഹദീസ് ഞാൻ നിനക്ക് പറഞ്ഞുതരാം.” അദ്ദേഹം തുടർന്നു: “നിന്റെ അതേ പ്രായത്തിലുള്ള ഒരു യുവാവ് ശാമിൽ നിന്ന് മദീനയിലേക്ക് വന്നു. അങ്ങനെ അവൻ ഞങ്ങളോടൊപ്പം വിജ്ഞാനത്തിനായി കഠിനാധ്വാനം ചെയ്തു. അങ്ങനെ അവന് മരണം സംഭവിച്ചു. ഞങ്ങളുടെ നാട്ടിലെ പണ്ഡിതന്മാരുടെയോ വിദ്യാർത്ഥികളുടെയോ ജനാസകളിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു കാഴ്ച അവന്റെ ജനാസയിൽ ഞാൻ കണ്ടു. പണ്ഡിതന്മാരെല്ലാവരും അവന്റെ ജനാസയെടുക്കാൻ തിക്കിത്തിരക്കുന്നത് ഞാൻ കണ്ടു. അമീർ ഇതുകണ്ടപ്പോൾ നമസ്കരിക്കുന്നതിൽ നിന്ന് മാറിനിന്നു, എന്നിട്ട് പറഞ്ഞു: ‘നിങ്ങൾക്ക് ഇഷ്ടമുള്ളവരെ നിങ്ങൾ മുന്നോട്ട് വെക്കുക.’ അങ്ങനെ പണ്ഡിതന്മാർ റബീഅയെ മുന്നോട്ട് വെച്ചു. അങ്ങനെ റബീഅ, സെയ്ദ് ബിൻ അസ്‌ലം, യഹ്‌യ ബിൻ സഈദ്, ഇബ്നു ശിഹാബ്, സ്വഫ്‌വാൻ ബിൻ സുലൈം, അബൂ ഹാസിം തുടങ്ങിയവരെല്ലാം ചേർന്നാണ് അവനെ ഖബ്റിലേക്ക് വെച്ചത്. അവരെല്ലാവരും ചേർന്നാണ് അവന് ഇഷ്ടികകൾ വെച്ചുകൊടുത്തത്.” മാലിക് പറഞ്ഞു: “അവനെ മറവുചെയ്തതിന്റെ മൂന്നാം ദിവസം, ഞങ്ങളുടെ നാട്ടിലെ ഉത്തമരായ ആളുകളിൽ ഒരാൾ സ്വപ്നത്തിൽ അവനെ വളരെ മനോഹരമായ ഒരു രൂപത്തിൽ കണ്ടു. അവൻ താടിമീശ മുളക്കാത്ത ഒരു യുവാവായിരുന്നു, അവൻ വെള്ള വസ്ത്രം ധരിച്ചിരുന്നു, പച്ച തലപ്പാവ് ധരിച്ചിരുന്നു. ആകാശത്ത് നിന്ന് ഇറങ്ങിവന്ന ഒരു വെളുത്ത കുതിരയുടെ പുറത്തായിരുന്നു അവൻ. അവൻ പറയുകയായിരുന്നു: ‘ഈ വിജ്ഞാനമാണ് എന്നെ ഇവിടെ എത്തിച്ചത്.’ അപ്പോൾ ആ വ്യക്തി അവനോട് ചോദിച്ചു: ‘എന്തിലേക്കാണ് അത് നിന്നെ എത്തിച്ചത്?’ അവൻ പറഞ്ഞു: ‘ഞാൻ പഠിച്ച ഓരോ വിജ്ഞാന ശാഖകൾക്കും പകരമായി അല്ലാഹു എനിക്ക് സ്വർഗ്ഗത്തിൽ ഓരോ പദവികൾ നൽകി. അങ്ങനെ പണ്ഡിതന്മാരുടെ പദവിയിലേക്ക് ഞാൻ എത്തുന്നതുവരെ ആ പദവികൾ ഉയർത്തപ്പെട്ടു. അപ്പോൾ അല്ലാഹു പറഞ്ഞു: എന്റെ പ്രവാചകന്മാരുടെ അനന്തരാവകാശികളുടെ പദവികൾ വർദ്ധിപ്പിക്കുക. പണ്ഡിതനായോ വിദ്യാർത്ഥിയായോ മരണപ്പെടുന്നവരെ ഒരൊറ്റ പദവിയിൽ ഒരുമിച്ചുകൂട്ടുമെന്ന് ഞാൻ എന്നോട് തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്.. എനിക്കും റസൂൽ ﷺ ക്കുമിടയിൽ രണ്ട് പദവികൾ മാത്രമാണുള്ളത്; റസൂൽ ﷺ ഇരിക്കുന്ന പദവിയും, അതിന്റെ ചുറ്റും എല്ലാ പ്രവാചകന്മാരുമുണ്ട്. അതിന് താഴെയുള്ള പദവിയിൽ അവിടുത്തെ എല്ലാ സ്വഹാബികളുമുണ്ട്, കൂടാതെ പ്രവാചകന്മാരെ പിന്തുടർന്ന അവരുടെ എല്ലാ സ്വഹാബികളുമുണ്ട്. അതിന് ശേഷമുള്ള പദവിയിലാണ് എല്ലാ പണ്ഡിതന്മാരും വിദ്യാർത്ഥികളുമുള്ളത്. അങ്ങനെ അവർ എന്നെ കൊണ്ടുപോയി അവരുടെ നടുവിലിരുത്തി. അപ്പോൾ അവർ എന്നോട് പറഞ്ഞു: സ്വാഗതം, സ്വാഗതം! ഇതുകൂടാതെ അല്ലാഹുവിങ്കൽ എനിക്ക് കൂടുതൽ അനുഗ്രഹങ്ങളുമുണ്ട്.’ അപ്പോൾ ആ വ്യക്തി ചോദിച്ചു: ‘അല്ലാഹുവിങ്കൽ നിനക്ക് ഇനിയും എന്ത് അനുഗ്രഹങ്ങളാണുള്ളത്?’ അവൻ പറഞ്ഞു: ‘നീ കണ്ടതുപോലെ എല്ലാ പ്രവാചകന്മാരെയും ഒരേ കൂട്ടമായി ഒരുമിച്ചുകൂട്ടുമെന്ന് അവൻ എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട്.. എന്റെ അടിമകൾക്ക് എന്നോടുള്ള ആദരവും എന്റെ അടുക്കൽ നിങ്ങൾക്കുള്ള സ്ഥാനവും അവർ കാണാൻ വേണ്ടിയാണത്.’ അങ്ങനെ പ്രഭാതമായപ്പോൾ ആ വ്യക്തി പണ്ഡിതന്മാരോട് ഈ വിവരം പറയുകയും, മദീനയിൽ ആ വാർത്ത പരക്കുകയും ചെയ്തു.” മാലിക് പറഞ്ഞു: “ഞങ്ങളോടൊപ്പം ഈ വിജ്ഞാനം തേടാൻ തുടങ്ങുകയും പിന്നീട് അത് ഉപേക്ഷിച്ചുപോകുകയും ചെയ്ത ചില ആളുകൾ മദീനയിലുണ്ടായിരുന്നു. ഈ ഹദീസ് കേട്ടപ്പോൾ അവർ വിജ്ഞാനത്തിലേക്ക് മടങ്ങിവരികയും ദൃഢനിശ്ചയത്തോടെ അതിനെ സമീപിക്കുകയും ചെയ്തു. അവരിപ്പോൾ ഞങ്ങളുടെ നാട്ടിലെ പണ്ഡിതന്മാരാണ്. ഓ യഹ്‌യ, നീ വിജ്ഞാനം തേടുന്ന കാര്യത്തിൽ വളരെയധികം പരിശ്രമിക്കുക!”²¹
ഈ സ്വപ്നം വിജ്ഞാനത്തിൽ നിന്ന് പിന്തിരിഞ്ഞുപോയ ഒരുപാട് ആളുകൾക്ക് ഉത്തേജനമായി മാറി, അങ്ങനെ പലരും വിജ്ഞാനത്തിലേക്ക് മടങ്ങിവന്നു. അതിനാൽ നമുക്കും ഇതൊരു വലിയ ഉത്തേജനമായി മാറട്ടെ. അല്ലാഹുവേ, മാധുര്യമുള്ള ഉപകാരപ്രദമായ വിജ്ഞാനത്തിലേക്കും നേർവഴിയിലുള്ള സൽകർമ്മങ്ങളിലേക്കും ഞങ്ങളുടെ ഹൃദയങ്ങളെ നീ അടുപ്പിക്കേണമേ.
വിജ്ഞാനത്തിൽ നിന്ന് പിന്തിരിഞ്ഞുപോയ ഒരാൾ ഒരുപക്ഷേ തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന തിരക്കിലായതുകൊണ്ടാകാം, അതൊരുപക്ഷേ ന്യായമായ കാരണവുമാകാം എന്നത് അല്ലാഹുവിന്റെ വിധിയുടെ ഒരു അത്ഭുതമാണ്. അപ്പോൾ അല്ലാഹു അവനൊരു സാധാരണക്കാരനെ അയച്ചുകൊടുക്കുകയും, അവൻ വിജ്ഞാനത്തിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ രണ്ടുപേർക്കും അല്ലാഹു നന്മയും വിജയവും നൽകുന്നു.
തന്റെ വിജ്ഞാനാന്വേഷണത്തിന്റെ തുടക്കത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഖാസിം റഹിമഹുല്ലാഹു തആലാ (മരണം ഹി. 1421) പറയുന്നു: “ഞാൻ ഞങ്ങളുടെ നാടായ ‘അൽ-ബീർ’ ലെ ഞങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ അവിടെ ജോലി ചെയ്യുന്നത് കണ്ട ഇബ്രാഹീം ബിൻ മുഹമ്മദ് അൽ-യഹ്‌യ പലതവണ എന്നെ ഉപദേശിച്ചു: ‘ഇതല്ല നിന്റെ ജോലി, നീ വിജ്ഞാനം തേടി പോവുക.’ അദ്ദേഹത്തിന്റെ ആ ഉപദേശം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.”²²
ഒരാളുടെ വിവരമില്ലായ്മ കൊണ്ടുള്ള ദുരിതപൂർണ്ണമായ ജീവിതവും പണ്ഡിതനായുള്ള അവന്റെ ജീവിതത്തിലെ ബറകത്തും തമ്മിൽ യാതൊരു താരതമ്യവുമില്ല. ഇനി ഉപജീവനമാർഗ്ഗം കണ്ടെത്താനായി ജീവിതത്തിൽ കഷ്ടപ്പെടാൻ നിർബന്ധിതനായാൽ പോലും, വിജ്ഞാനത്തിന്റെ മാധുര്യം ആ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവനെ മറപ്പിക്കുന്നു.
അബൂ ഹാമിദ് അൽ-ഗസാലി റഹിമഹുല്ലാഹു തആലാ (മരണം ഹി. 505) പറഞ്ഞു: “വിജ്ഞാനത്തിന്റെ മാധുര്യം ശാശ്വതമാണ്, അത് ഒരിക്കലും മുറിഞ്ഞുപോകില്ല, അത് മോഷ്ടിക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ ഇല്ല, അതിൽ യാതൊരു മത്സരവുമില്ല. അത് തികച്ചും പരിശുദ്ധമാണ്, അതിൽ യാതൊരു കലർപ്പുമില്ല. എന്നാൽ ദുനിയാവിലെ എല്ലാ ആസ്വാദനങ്ങളും അപൂർണ്ണവും കലർപ്പുള്ളതും കുഴപ്പങ്ങൾ നിറഞ്ഞതുമാണ്. അതിന്റെ പ്രതീക്ഷകൾ അതിലെ ഭയത്തിന് തുല്യമല്ല, അതിന്റെ ആസ്വാദനങ്ങൾ അതിന്റെ വേദനകൾക്കും തുല്യമല്ല, അതിലെ സന്തോഷം അതിലെ സങ്കടങ്ങൾക്കും തുല്യമല്ല.”²³
തന്റെ വിനോദങ്ങളിൽ മുഴുകിയിട്ടും വിജ്ഞാനത്തിലേക്ക് തിരിഞ്ഞവൻ വളരെ ഉന്നതനായ ഒരു വ്യക്തിയാണ്, അവൻ എപ്പോഴും ഉന്നതങ്ങളെയാണ് ആഗ്രഹിക്കുന്നത്. അവന്റെ ബുദ്ധി അവന്റെ ദേഹേച്ഛയെ അതിജയിച്ചിരിക്കുന്നു. വിജ്ഞാനത്തിൽ നിന്ന് തടയുന്ന യാതൊരു തടസ്സങ്ങളുമില്ലാത്ത ഒരാളേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാൻ അർഹൻ ഒരുപക്ഷേ അവനായിരിക്കാം.
വിജ്ഞാനത്തിൽ നിന്ന് അമൂല്യമായ ഒരു വിഹിതം കരസ്ഥമാക്കിയ, വിനോദങ്ങളിൽ മുഴുകിയിരുന്ന ഒരുവൻ ആ വിജ്ഞാനത്തെ മുറുകെ പിടിക്കേണ്ടതുണ്ട്. അവൻ അത് ഉപേക്ഷിച്ചാൽ അത് അവനിൽ നിന്ന് ഓടിപ്പോകും, ഒരുപക്ഷേ ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധത്തിൽ. വിജ്ഞാനങ്ങൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുകയും പിന്നീട് മറ്റൊരു കാലത്ത് ചെടികളെപ്പോലെയോ നീരുറവകളെപ്പോലെയോ പൊട്ടിമുളക്കുകയും ചെയ്യുമെന്ന് അവൻ മനസ്സിലാക്കണം; അത് ഒരു ജനതയിൽ നിന്ന് മറ്റൊരു ജനതയിലേക്കും, ഒരു ദേശത്ത് നിന്ന് മറ്റൊരു ദേശത്തേക്കും മാറിക്കൊണ്ടിരിക്കും.²⁴
لَا تَدَعْ لَذَّةَ يَوْمٍ لِغَدٍ … وَبِعِ الغَيَّ بِتَعْجِيلِ الرُّشْدِ
ഇന്നത്തെ ആസ്വാദനത്തെ നീ നാളേക്കായി മാറ്റിവെക്കരുത്, നേർവഴിയിലേക്ക് വേഗത്തിൽ കുതിച്ചുകൊണ്ട് നീ വഴിപിഴവുകളെ വിൽക്കുക.²⁵
ദുനിയാവിന്റെ ആസ്വാദനങ്ങളേക്കാൾ വിജ്ഞാനത്തിന്റെ ആസ്വാദനങ്ങളെ മുൻഗണന നൽകാൻ താങ്കളെ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്: വിനോദങ്ങളിൽ ആസ്വദിച്ചിരുന്നവരും പിന്നീട് അല്ലാഹു യഥാർത്ഥ ആസ്വാദനമായ വിജ്ഞാനത്തിന്റെ മാധുര്യം നൽകി അനുഗ്രഹിച്ചവരുമായ ആളുകളുടെ ചരിത്രങ്ങൾ താങ്കൾ വായിച്ച് ആസ്വദിക്കുക. അതോടെ അവർ പഴയതൊക്കെ ഉപേക്ഷിച്ചു. അല്ലെങ്കിൽ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നതിൽ പൂർണ്ണമായും മുഴുകിയിരുന്നവരും പിന്നീട് വിജ്ഞാനത്തെ പ്രണയിക്കുകയും അങ്ങനെ സ്വന്തത്തെത്തന്നെ അവർ മറക്കുകയും ചെയ്തു.
വ്യാകരണ പണ്ഡിതനായ ഇബ്നുസ്സർറാജ് റഹിമഹുല്ലാഹു തആലാ (മരണം ഹി. 316) യുടെ ജീവിതത്തിൽ നടന്ന രസകരമായ ഒരു സംഭവം: അദ്ദേഹം അൽ-മുബർറദിൽ നിന്ന് ‘കിതാബ് സീബവൈഹി’ പഠിച്ചു. പിന്നീട് അദ്ദേഹം സംഗീതത്തിൽ മുഴുകി. അങ്ങനെ അസ്സജ്ജാജ് സന്നിഹിതനായ ഒരു സദസ്സിൽ വെച്ച് അദ്ദേഹത്തോട് ഒരു മസ്അലയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം തെറ്റായ ഉത്തരമാണ് നൽകിയത്. അപ്പോൾ അസ്സജ്ജാജ് അദ്ദേഹത്തെ ശാസിച്ചുകൊണ്ട് പറഞ്ഞു: “ഇതുപോലെയുള്ള മസ്അലകളിൽ നിന്നെപ്പോലൊരാൾക്ക് തെറ്റ് സംഭവിക്കുകയോ?! അല്ലാഹുവാണെ സത്യം; ഞാൻ എന്റെ വീട്ടിലായിരുന്നെങ്കിൽ നിന്നെ ഞാൻ അടിക്കുമായിരുന്നു, എന്നാൽ ഈ സദസ്സ് അതിന് അനുയോജ്യമല്ല.” അപ്പോൾ അദ്ദേഹം പറഞ്ഞു: “ഓ അബൂ ഇസ്ഹാഖ്, താങ്കൾ എന്നെ അടിച്ചു കഴിഞ്ഞിരിക്കുന്നു.” സംഗീതമായിരുന്നു അദ്ദേഹത്തെ ഈ വിജ്ഞാനത്തിൽ നിന്ന് അകറ്റിയത്. പിന്നീട് അദ്ദേഹം ‘കിതാബ് സീബവൈഹി’ ലേക്ക് തന്നെ മടങ്ങുകയും അതിലെ സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു. എത്രത്തോളമെന്നാൽ ആളുകൾ ഇപ്രകാരം പറയാൻ തുടങ്ങി: “അറബി വ്യാകരണം (നഹ്‌വ്) ഒരു ഭ്രാന്തനെപ്പോലെയായിരുന്നു, ഇബ്നുസ്സർറാജ് അതിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ അതിനെ ബന്ധിക്കുന്നത് വരെ.” അൽ-മുബർറദിന് ശേഷം അറബി വ്യാകരണത്തിന്റെ നേതൃസ്ഥാനം ഇബ്നുസ്സർറാജിലാണ് അവസാനിച്ചത്.²⁶
إِذَا جُلْتُ فِكْرًا فِي العُلُومِ عَوِيصِهَا … وَمَادَتْ بِيَ الأَفْرَاحُ كُلَّ مَمِيدِ تَصَاغَرَتِ الدُّنْيَا لَدَيَّ وَأَهْلُهَا … وَجِئْتُ بِمَا يَشْفِي غَلِيلَ مُرِيدِ وَنِلْتُ لَذِيذَ العِلْمِ بِالذَّوْقِ وَحْدَهُ … وَكُلُّ لَذِيذٍ غَيْرَهُ كَهَبِيدِ
വിജ്ഞാനത്തിന്റെ ആഴങ്ങളിലൂടെ എന്റെ ചിന്തകൾ സഞ്ചരിക്കുമ്പോൾ, സന്തോഷങ്ങൾ എന്നെ വല്ലാതെ കുലുക്കുന്നു. അപ്പോൾ ദുനിയാവും അതിലെ ആളുകളും എന്റെ മുമ്പിൽ നിസ്സാരമായി മാറുന്നു, വിജ്ഞാനാന്വേഷികളുടെ ദാഹം ശമിപ്പിക്കുന്ന കാര്യങ്ങളുമായി ഞാൻ വരുന്നു. വിജ്ഞാനത്തിന്റെ മാധുര്യം ഞാൻ അതിന്റെ രുചിയിലൂടെ മാത്രം കരസ്ഥമാക്കി, അതല്ലാത്ത മറ്റെല്ലാ ആസ്വാദനങ്ങളും എനിക്ക് കൈപ്പുള്ളതാണ്.²⁷
ചുറ്റുപാടുകൾ ഒരു വ്യക്തിയുടെ വളർച്ചയെ സ്വാധീനിക്കുന്നു എന്നതിൽ സംശയമില്ല. വിജ്ഞാനത്തിന്റെ ചുറ്റുപാടിലാണ് ഒരാൾ വളരുന്നതെങ്കിൽ അത് അവനെ ഉന്നതങ്ങളിലേക്ക് നയിക്കും. എന്നാൽ ഒരാളുടെ ചുറ്റുപാട് സംഗീതം പോലെയുള്ള കാര്യങ്ങൾ നിറഞ്ഞതാണെങ്കിൽ അവിടത്തുകാരുടെ സ്വഭാവവും അതുതന്നെയായിരിക്കും.
ഇബ്നു റുശ്ദ് അൽ-ഹഫീദ് അൽ-ഖുർത്വുബീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 595), മന്ത്രി ഇബ്നു സുഹ്ർ അൽ-ഇശ്ബീലീ റഹിമഹുല്ലാഹു തആലാ (മരണം ഹി. 595) എന്നിവർ തമ്മിൽ ഒരു ചർച്ച നടന്നു. അപ്പോൾ ഇബ്നു റുശ്ദ് ഖുർത്വുബയുടെ ശ്രേഷ്ഠതയെക്കുറിച്ച് ഇബ്നു സുഹ്റിനോട് പറഞ്ഞു: “താങ്കൾ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല, എന്നാൽ ഖുർത്വുബയിൽ ഒരു പണ്ഡിതൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഉപകരണങ്ങൾ വിൽക്കാൻ വേണ്ടി ഇശ്ബീലിയ്യയിലേക്ക് കൊണ്ടുപോകും. എന്നാൽ ഇശ്ബീലിയ്യയിൽ ഒരു സംഗീതജ്ഞൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഉപകരണങ്ങളും പുസ്തകങ്ങളും വിൽക്കാൻ വേണ്ടി ഖുർത്വുബയിലേക്കാണ് കൊണ്ടുപോകുന്നത്.”²⁸
അതുകൊണ്ടാണ് ഖുർത്വുബയിലെ ചില പണ്ഡിതന്മാർ അഭിമാനത്തോടെ ഇപ്രകാരം പറഞ്ഞത്:
بِأَرْبَعٍ فَاقَتِ الأَمْصَارَ قُرْطُبَةٌ … مِنْهُنَّ قَنْطَرَةُ الوَادِي، وَجَامِعُهَا هَاتَانِ ثِنْتَانِ، وَالزَّهْرَاءُ ثَالِثَةٌ … وَالعِلْمُ أَعْظَمُ شَيْءٍ، وَهُوَ رَابِعُهَا
നാല് കാര്യങ്ങൾ കൊണ്ട് ഖുർത്വുബ മറ്റ് നഗരങ്ങളെ അതിജയിച്ചിരിക്കുന്നു… അതിലൊന്ന് അവിടത്തെ പാലവും ജുമാ മസ്ജിദുമാണ്. ഇവ രണ്ടും കൂടാതെ മൂന്നാമത്തേത് അസ്സഹ്റാഅ് കൊട്ടാരമാണ്, എന്നാൽ ഇതിലെല്ലാം വെച്ച് ഏറ്റവും ഉത്തമമായത് വിജ്ഞാനമാണ്; അതാണ് നാലാമത്തേത്.²⁹
അവലംബങ്ങൾ: 1. താരീഖു ദിമശ്ഖ് ലി ഇബ്നി അസാകിർ (393/40) വ ത്വബഖാതുൽ ഹനാബില ലി ഇബ്നി അബീ യഅ്‌ലാ (74/1 വ 323). 2. നൂനിയ്യത്തു ഇബ്നിൽ ഖയ്യിം – അൽ-കാഫിയതുശ്ശാഫിയ (പേജ് 165). 3. അല്ലത്വാഇഫു വള്ളറാഇഫ് ലിഥ്ഥആലബീ (പേജ് 48). 4. അബ്ജദുൽ ഉലൂം (പേജ് 65). 5. താരീഖു ദിമശ്ഖ് ലി ഇബ്നി അസാകിർ (330/32). 6. ഖവാഇദുത്തഹ്ദീഥ് മിൻ ഫുനൂനി മുസ്ത്വലഹിൽ ഹദീഥ് (പേജ് 406). 7. അൽ-ആദാബുശ്ശിറഇയ്യ വൽ മിനഹുൽ മർഇയ്യ (140/2). 8. ശറഫു അസ്വ്ഹാബിൽ ഹദീഥ് ലിൽ ഖത്വീബിൽ ബഗ്ദാദി (പേജ് 102). 9. താരീഖു ദിമശ്ഖ് ലി ഇബ്നി അസാകിർ (347/24). 10. സ്വഹീഹുൽ ബുഖാരി (1931) വ സ്വഹീഹ് മുസ്‌ലിം വല്ലഫ്ളു ലഹു (2645). 11. അത്തംഹീദു ലിമാ ഫിൽ മുവത്വഇ മിനൽ മആനി വൽ അസാനീദ് (40/22). 12. താരീഖു ഇർബിൽ (277/1). 13. രിയാദുന്നിഫൂസ് ഫീ ത്വബഖാതി ഉലമാഇൽ ഖൈറവാൻ വ ഇഫ്‌റീഖിയ്യ (527/1) വ ദയ്‌ലു ത്വബഖാതിൽ ഹനാബില (77/5). 14. അൽ-ഇഖ്ദുൽ മുദഹബ് ഫീ ത്വബഖാതി ഹമലത്തിൽ മദ്ഹബ് (പേജ് 327). 15. ത്വബഖാതുശ്ശാഫിഈയ്യത്തിൽ കുബ്റാ ലിസ്സുബ്കീ (49/8) വ തൗദീഹുൽ മുശ്തബഹ് (127/2). 16. അദ്ദുററുൽ കാമിന ഫീ അഅ്‌യാനിൽ മിഅതിഥ്ഥാമിന (95/1). 17. അൽ-വാഫീ ബിൽ വഫയാത് (416/5). 18. അദ്ദുററുൽ കാമിന ഫീ അഅ്‌യാനിൽ മിഅതിഥ്ഥാമിന (124/4). 19. അൽ-അഅ്‌ലാം ലിസ്സർക്കലീ (590/6). 20. നൈലുൽ ഇബ്തിഹാജ് ബി തത്വ്‌രീസിദ്ദീബാജ് (പേജ് 608). 21. ശർഹു സ്വഹീഹിൽ ബുഖാരി ലി ഇബ്നി ബത്വാൽ (134/1). 22. അൽ-ആലിമുൽ ആബിദുശ്‌ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഖാസിം – തഅ്‌ലീഫു ഇബ്നിഹി അശ്‌ശൈഖ് അബ്ദുൽ മലിക് (പേജ് 22). 23. ഇഹ്‌യാഉ ഉലൂമിദ്ദീൻ (126/4). 24. ഉയൂനുൽ അൻബാഇ ഫീ ത്വബഖാതിൽ അത്വിബ്ബാഇ (പേജ് 692). 25. മുഅ്ജമുശ്ശുഅറാഅ് (പേജ് 464). 26. മുഅ്ജമുൽ ഉദബാഅ് (2535/6). 27. അൽ-വസീത്വ് ഫീ തറാജിമി ഉദബാഇ ശിൻഖീത്വ് (പേജ് 24). അൽ-ഹബീദ് എന്നാൽ കൈപ്പുള്ള കായ്കനി. 28. അൽ-ഇസ്തിഖ്സ്വാ ലി അഖ്ബാരി ദുവലിൽ മഗ്‌രിബിൽ അഖ്സ്വാ (201/2). 29. നഫ്ഹുത്ത്വീബ് മിൻ ഗുസ്നിൽ അന്ദലുസിർ-റത്വീബ് (153/1).

