ഇസ്‌ലാമിന്റെ സമഗ്രമായ അടിസ്ഥാന തത്വങ്ങൾ നിരവധിയും വൈവിധ്യപൂർണ്ണവുമാണ്; അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
- ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കുന്നതിലും, പ്രവൃത്തികളിലും മാതൃകയാക്കുന്നതിലും അല്ലാഹുവിന്റെ റസൂൽ ﷺ യെ പിൻപറ്റുന്നതിലുമാണ് ഇസ്‌ലാം അധിഷ്ഠിതമായിരിക്കുന്നത്.
- ഇസ്‌ലാം വാക്ക്, പ്രവൃത്തി, വിശ്വാസം, പെരുമാറ്റം എന്നിവയെ ഉൾക്കൊള്ളുന്നു.
- മതത്തിലെ ബിദ്അത്തുകളെല്ലാം (നൂതനാചാരങ്ങൾ) തള്ളപ്പെടേണ്ടതും മോശവുമാണ്, അതേസമയം ഭൗതിക കാര്യങ്ങളിലെ പുതിയ കണ്ടുപിടുത്തങ്ങളിൽ നല്ലവ മികച്ചതും വിനാശകരമായവ മോശവുമാണ്, കാരണം അല്ലാഹു പറയുന്നു:
أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ ۚ ۞
‘അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത മതം അവർക്ക് നിയമമാക്കിത്തന്ന വല്ല പങ്കുകാരും അവർക്കുണ്ടോ?’¹
കൂടാതെ, നബി ﷺ പറഞ്ഞു:
إِنَّ أَصْدَقَ الْحَدِيثِ كِتَابُ اللهِ، وَأَحْسَنَ الْهَدْيِ هَدْيُ مُحَمَّدٍ ﷺ، وَشَرَّ الْأُمُورِ مُحْدَثَاتُهَا، وَكُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ، وَكُلَّ ضَلَالَةٍ فِي النَّارِ
‘തീർച്ചയായും സംസാരങ്ങളിൽ വെച്ച് ഏറ്റവും സത്യസന്ധമായത് അല്ലാഹുവിന്റെ ഗ്രന്ഥമാണ്, മാർഗ്ഗദർശനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് മുഹമ്മദ് ﷺ യുടെ മാർഗ്ഗദർശനമാണ്, കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശമായത് അതിൽ (മതത്തിൽ) പുതിയതായി ഉണ്ടാക്കപ്പെട്ടവയാണ്, പുതിയതായി ഉണ്ടാക്കപ്പെട്ടതെല്ലാം ബിദ്അത്താണ് (നൂതനാചാരം), എല്ലാ ബിദ്അത്തും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലാണ്.’²
- പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹായിക്കുക എന്നതും, പാപത്തിലും അതിക്രമത്തിലും സഹകരിക്കുന്നത് ഒഴിവാക്കുക എന്നതും ഈ മതത്തിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ്.
അല്ലാഹു പറയുന്നു:
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ ۞
‘പുണ്യത്തിലും ഭക്തിയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്.’³
നബി ﷺ പറഞ്ഞു:
لَقَدْ شَهِدْتُ فِي دَارِ عَبْدِ اللَّهِ بْنِ جُدْعَانَ حِلْفًا مَا أُحِبُّ أَنَّ لِي بِهِ حُمْرَ النَّعَمِ، وَلَوْ أُدْعَى بِهِ فِي الْإِسْلَامِ لَأَجَبْتُ
‘അബ്ദുല്ലാഹ് ബിൻ ജുദ്ആന്റെ വീട്ടിൽ വെച്ച് നടന്ന ഹിൽഫുൽ മുത്വയ്യിബീനിൽ (സത്യസന്ധരുടെ ഉടമ്പടി) ഞാൻ പങ്കെടുത്തിട്ടുണ്ട്. അതിന് പകരമായി ചുവന്ന ഒട്ടകങ്ങൾ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇസ്‌ലാമിൽ വെച്ച് അത്തരമൊരു ഉടമ്പടിക്ക് എന്നെ ക്ഷണിച്ചാൽ പോലും ഞാൻ ഉത്തരം നൽകും.’⁴ ⁵
- കർമ്മങ്ങൾ വിലയിരുത്തപ്പെടുന്നത് അവയുടെ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. നബി ﷺ പറഞ്ഞു:
إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِامْرِئٍ مَا نَوَى
‘തീർച്ചയായും കർമ്മങ്ങൾ നിയ്യത്തുകളെ (ഉദ്ദേശ്യങ്ങൾ) അടിസ്ഥാനമാക്കിയാണ്, ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുള്ളത്.’⁶
- സംശയം കാരണം ദൃഢബോധ്യം ഇല്ലാതാകുന്നില്ല. വുദൂഅ് (അംഗശുദ്ധി) നഷ്ടപ്പെടുന്ന എന്തോ സംഭവിച്ചതായി തനിക്ക് സംശയം തോന്നുന്നുവെന്ന് ഒരാൾ നബി ﷺ യോട് പരാതിപ്പെട്ടു.
നബി ﷺ മറുപടി പറഞ്ഞു:
لَا يَنْصَرِفْ حَتَّى يَسْمَعَ صَوْتًا، أَوْ يَجِدَ رِيحًا
‘ഒരു ശബ്ദം കേൾക്കുകയോ അല്ലെങ്കിൽ (വായു പോയതിന്റെ) ഗന്ധം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ അവൻ (നമസ്കാരത്തിൽ നിന്ന്) തിരിഞ്ഞുപോകരുത്.’⁷
- ഒരാളുടെ കഴിവിനും ശേഷിക്കും അതീതമായ ഭാരം ആർക്കും നൽകപ്പെടുന്നില്ല. അല്ലാഹു പറയുന്നു:
لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ ۞
‘ഒരാളോടും അയാളുടെ കഴിവിലുപരിയായി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതല്ല.’⁸
നബി ﷺ പറഞ്ഞു:
فَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَاجْتَنِبُوهُ، وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ
‘അതുകൊണ്ട് ഞാൻ നിങ്ങളോട് എന്തെങ്കിലും വിലക്കിയാൽ നിങ്ങളത് പൂർണ്ണമായും ഒഴിവാക്കുക, ഞാൻ നിങ്ങളോട് വല്ലതും കൽപ്പിച്ചാൽ നിങ്ങൾക്ക് കഴിയുന്നത്ര നിങ്ങളത് ചെയ്യുക.’⁹
- പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു. അല്ലാഹു പറയുന്നു:
فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ۞
‘എന്നാൽ (നോമ്പനുഷ്ഠിക്കാൻ) സാധിക്കാത്തവൻ അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകേണ്ടതാണ്.’¹⁰
കൂടാതെ, നബി ﷺ യുടെ അനുചരനായ ഇംറാൻ ബിൻ ഹുസൈനിൽ നിന്നുള്ള ഹദീസിൽ അദ്ദേഹം പറഞ്ഞു:
كَانَتْ بِي بَوَاسِيرُ، فَسَأَلْتُ النَّبِيَّ ﷺ عَنِ الصَّلَاةِ، فَقَالَ:
‘എനിക്ക് മൂലക്കുരു ഉണ്ടായിരുന്നു, അതിനാൽ ഞാൻ നബി ﷺ യോട് നമസ്കാരത്തെക്കുറിച്ച് ചോദിച്ചു.’
അപ്പോൾ നബി ﷺ നിർദ്ദേശിച്ചു:
صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ
‘നീ നിന്നുകൊണ്ട് നമസ്കരിക്കുക, നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ ഇരുന്നുകൊണ്ട്, അതിനും കഴിഞ്ഞില്ലെങ്കിൽ കിടന്നുകൊണ്ട് (നമസ്കരിക്കുക).’¹¹
- ഉപദ്രവം നീക്കം ചെയ്യേണ്ടതാണ്¹².
അല്ലാഹു പറയുന്നു:
لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَّهُ بِوَلَدِهِ ۚ ۞
‘മാതാവ് തന്റെ കുട്ടിയുടെ പേരിൽ ദ്രോഹിക്കപ്പെടാൻ ഇടയാകരുത്. പിതാവും തന്റെ കുട്ടിയുടെ പേരിൽ ദ്രോഹിക്കപ്പെടരുത്.’¹³ ¹⁴
നബി ﷺ പറഞ്ഞു:
لَا ضَرَرَ وَلَا ضِرَارَ
‘ഉപദ്രവിക്കാൻ പാടില്ല, ഉപദ്രവത്തിന് പകരമായി ഉപദ്രവിക്കാനും പാടില്ല.’¹⁵
- നിയമപരമായ പ്രമാണങ്ങളില്ലാത്ത കാര്യങ്ങളിൽ ഉർഫ് (നാട്ടുനടപ്പ്/സദാചാരം) ആധികാരികമാണ്. അല്ലാഹു പറയുന്നു:
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ۞
‘വിട്ടുവീഴ്ച സ്വീകരിക്കുകയും, ഉർഫ് (സദാചാരം) കൽപിക്കുകയും, വിവരദോഷികളിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.’¹⁶
ഭാര്യയുടെ നിർബന്ധ ചെലവുകളെക്കുറിച്ച് നബി ﷺ പറഞ്ഞു:
وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ
‘ഉർഫ് (ന്യായമായ രീതി) അനുസരിച്ച് അവർക്ക് (ഭാര്യമാർക്ക്) ഭക്ഷണവും വസ്ത്രവും നൽകുക എന്നത് നിങ്ങളുടെ (ഭർത്താക്കന്മാരുടെ) ബാധ്യതയാണ്.’¹⁷
- അല്ലാഹുവിന്റെ ഈ വചനം കാരണം ഒരാൾ ആദരിക്കപ്പെടേണ്ടവനാണ് എന്നതാണ് അടിസ്ഥാന തത്വം, അവരുടെ ജീവൻ, സമ്പത്ത്, അഭിമാനം എന്നിവയ്ക്ക് ലംഘിക്കാനാവാത്ത അവകാശങ്ങളുണ്ട്:
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ۞
‘തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിലേറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.’¹⁸
ഒരാൾ അവിശ്വാസം, ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ), അനീതി, അതിക്രമം അല്ലെങ്കിൽ അധാർമ്മികത എന്നിവ ചെയ്യുമ്പോൾ അല്ലാതെ ഈ തത്വം ലംഘിക്കപ്പെടുന്നില്ല; ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത നബി ﷺ യുടെ അനുചരനായ അബൂ ഹുറൈറയിൽ നിന്നുള്ള ഹദീസിൽ നബി ﷺ പറഞ്ഞതുപോലെ:
لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ؛ لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا. وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ؛ دَمُهُ، وَمَالُهُ، وَعِرْضُهُ
‘നിങ്ങൾ പരസ്പരം അസൂയപ്പെടരുത്, വിലകൂട്ടി ലേലം വിളിക്കരുത്, പരസ്പരം വെറുക്കരുത്, പരസ്പരം പിന്തിരിഞ്ഞുനിൽക്കരുത്, നിങ്ങൾ പരസ്പരം കച്ചവടത്തിന് മീതെ കച്ചവടം ചെയ്യരുത്, അല്ലാഹുവിന്റെ ദാസന്മാരായിക്കൊണ്ട് നിങ്ങൾ സഹോദരന്മാരാകുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്: അവൻ അവനെ ഉപദ്രവിക്കുകയോ, അവനെ കൈവിടുകയോ, അവനെ നിസ്സാരനാക്കുകയോ ഇല്ല. തഖ്‌വ (ഭക്തി) ഇവിടെയാണ്.’ തന്റെ നെഞ്ചിലേക്ക് മൂന്ന് തവണ ചൂണ്ടിക്കൊണ്ട് നബി ﷺ ഇത് പറഞ്ഞു. ‘തന്റെ മുസ്‌ലിമായ സഹോദരനെ നിസ്സാരനാക്കുക എന്നത് തന്നെ ഒരാൾക്ക് മതിയായ തിന്മയാണ്. ഓരോ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിം പവിത്രമാണ്: അവന്റെ രക്തവും അവന്റെ സമ്പത്തും അവന്റെ അഭിമാനവും.’¹⁹
- ഇസ്‌ലാമിൽ മുസ്‌ലിംകൾ അവകാശങ്ങളിലും കടമകളിലും സമന്മാരാണ്, അവരിൽ ഏറ്റവും ആദരണീയൻ അവരിൽ ഏറ്റവും ഭക്തിയുള്ളവനാണ്.
അല്ലാഹു പറയുന്നു:
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ۞
‘മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’²⁰
നബി ﷺ പറഞ്ഞു:
يَا أَيُّهَا النَّاسُ، أَلَا إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلَا لَا فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ، وَلَا لِأَحْمَرَ عَلَى أَسْوَدَ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى
‘ജനങ്ങളേ, നിങ്ങളുടെ നാഥൻ ഒന്നാണ്, നിങ്ങളുടെ പിതാവും (ആദം നബി) ഒന്നാണ്. തഖ്‌വ (ഭക്തി) കൊണ്ടല്ലാതെ ഒരു അറബിക്ക് അനറബിയേക്കാളോ, ഒരു അനറബിക്ക് അറബിയേക്കാളോ, ഒരു വെളുത്തവന് കറുത്തവനേക്കാളോ, ഒരു കറുത്തവന് വെളുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല.’²¹
ഇവ ഏറ്റവും പ്രധാനപ്പെട്ട ചില അടിസ്ഥാന തത്വങ്ങളാണ്. ഇസ്‌ലാമിലെ എല്ലാ തത്വങ്ങളും ഒരു ലഘു ഗ്രന്ഥത്തിൽ വിവരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതൽ അറിവ് ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാന തത്വങ്ങളെയും കർമ്മശാസ്ത്ര നിയമങ്ങളെയും മറ്റും കുറിച്ചുള്ള ഗ്രന്ഥങ്ങൾ പരിശോധിക്കാവുന്നതാണ്.
- അശ്ശൂറാ 42:21.
- അന്നസാഈ ഈ പദപ്രയോഗത്തോടെ റിപ്പോർട്ട് ചെയ്തത്, ഇതിന്റെ അടിസ്ഥാനം ‘സ്വഹീഹ് മുസ്‌ലിമി’ൽ ജാബിറിൽ നിന്നുള്ള ഹദീസാണ്.
- അൽമാഇദ 5:2.
- ജാഹിലിയ്യ കാലഘട്ടത്തിൽ (ഇസ്‌ലാം വരുന്നതിന് മുമ്പുള്ള അജ്ഞാന കാലഘട്ടം) ഉൾപ്പെടെ അറേബ്യൻ സമൂഹത്തിൽ ചില ചിഹ്നങ്ങൾക്കും ആചാരങ്ങൾക്കും സാംസ്കാരിക പ്രാധാന്യമുണ്ടായിരുന്നു. അതിലൊന്നായിരുന്നു ചുവന്ന ഒട്ടകം. അറബികൾക്കിടയിൽ ഇതിന് വലിയ വിലയുണ്ടായിരുന്നു. ഈ ഒട്ടകങ്ങൾ അഭിമാനകരമായും, സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായും കണക്കാക്കപ്പെട്ടിരുന്നു.
- ഇമാം അഹ്‌മദ് തന്റെ ‘മുസ്‌നദി’ൽ അബ്ദുർറഹ്മാൻ ബിൻ ഔഫിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്. പുസ്തകത്തിന്റെ പരിശോധകൻ പറഞ്ഞു: “ഇതിന്റെ പരമ്പര സ്വഹീഹാണ് (ആധികാരികമാണ്).”
- അൽ ബുഖാരി അബൂ ഹുറൈറയിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്.
- ഈ ഹദീസിൽ യോജിപ്പുണ്ട്; ഉമറിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്.
- അൽബഖറ 2:233.
- ഈ ഹദീസിൽ യോജിപ്പുണ്ട്; അബൂ ഹുറൈറയിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്, ഈ പദപ്രയോഗം അൽ ബുഖാരിയുടേതാണ്.
- അൽമുജാദില 58:4.
- അൽ ബുഖാരി റിപ്പോർട്ട് ചെയ്തത്.
- “ഉപദ്രവം നീക്കം ചെയ്യേണ്ടതാണ്” എന്ന തത്വം സാധ്യമാകുന്നിടത്തെല്ലാം ഉപദ്രവം ലഘൂകരിക്കുന്നതിന്റെയും ഇല്ലാതാക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു. എന്നിരുന്നാലും, മറ്റൊരു ഉപദ്രവത്തിലൂടെ ഈ ഉപദ്രവം നീക്കം ചെയ്യാൻ പാടില്ല. ഇസ്‌ലാമിന്റെ ഈ സമഗ്രമായ തത്വം മുസ്‌ലിംകൾക്ക് തങ്ങൾക്കും മറ്റുള്ളവർക്കും ശാരീരികമായും ആത്മീയമായും ഉണ്ടാകുന്ന ഉപദ്രവങ്ങൾ തടയുന്നതിനായി സജീവമായി പ്രവർത്തിക്കാനുള്ള ഒരു അടിസ്ഥാന മാർഗ്ഗനിർദ്ദേശമായി വർത്തിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്ഷേമം, നീതി, അനുകമ്പ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ബാധ്യതയെ ഈ തത്വം ഊന്നിപ്പറയുന്നു. അതുവഴി സമൂഹാംഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതും, ദുരിതങ്ങൾ അനുഭവപ്പെടുമ്പോഴെല്ലാം അത് ലഘൂകരിക്കാൻ ശ്രമിക്കുന്നതുമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത് സഹായിക്കുന്നു.
- അൽബഖറ 2:233.
- വിവർത്തകന്റെ കുറിപ്പ്: ഏതെങ്കിലും ഒരു രക്ഷിതാവ് കുട്ടിയെ മറ്റൊരാൾക്ക് ദ്രോഹം ചെയ്യാനുള്ള ഒരു ഉപാധിയാക്കുന്നത് അനുവദനീയമല്ലെന്നാണ് ഈ ആയത്ത് അർത്ഥമാക്കുന്നത്.
- ഇബ്നു മാജ ഇബ്നു അബ്ബാസിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്. അൽ അൽബാനി ഇത് ആധികാരികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
- അൽഅഅ്റാഫ് 7:199.
- മുസ്‌ലിം തന്റെ ‘സ്വഹീഹി’ൽ ജാബിർ ബിൻ അബ്ദുല്ലാഹിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്.
- അൽഇസ്രാഅ് 17:70.
- മുസ്‌ലിം തന്റെ ‘സ്വഹീഹി’ൽ റിപ്പോർട്ട് ചെയ്തത്.
- അൽഹുജുറാത്ത് 49:13.
- ഇമാം അഹ്‌മദ് തന്റെ ‘മുസ്‌നദി’ൽ അബൂ നദ്റയിൽ നിന്നുള്ള ഹദീസിലൂടെ റിപ്പോർട്ട് ചെയ്തത്, അദ്ദേഹം നബി ﷺ യിൽ നിന്ന് കേട്ട ഒരാളിൽ നിന്നാണ് ഇത് നിവേദനം ചെയ്തത്. പുസ്തകത്തിന്റെ പരിശോധകൻ പറഞ്ഞു: “ഇതിന്റെ പരമ്പര സ്വഹീഹാണ് (ആധികാരികമാണ്).”

