بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ഹജ്ജിനെ പഠനത്തിനുള്ള ഒരു വേദിയാക്കുകയും, അതിലൂടെ താൻ ഉദ്ദേശിച്ച സൃഷ്ടികൾക്ക് നേരായ മതത്തിലേക്ക് മാർഗ്ഗദർശനം നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഹാജിമാർക്ക് പഠനം നൽകപ്പെടുന്ന കാലത്തോളം, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാർക്കും ഉത്തമരായ ഹാജിമാരുടെ സംഘത്തിനും അല്ലാഹുവിന്റെ കാരുണ്യവും രക്ഷയുമുണ്ടാകട്ടെ.
ഹാജിമാരുടെ പഠന പദ്ധതിയുടെ മൂന്നാം വർഷത്തിൽ ഉൾപ്പെടുത്തിയ ആറാമത്തെ ഗ്രന്ഥത്തിന്റെ വിശദീകരണമാണിത്. ‘അൽ-ബാഖിയാത്തുസ്സ്വാലിഹാത്ത് മിനൽ അദ്കാരി ബഅ്ദസ്സ്വലവാത്ത്’ എന്നതാണ് ആ ഗ്രന്ഥം. സ്വാലിഹ് ബിൻ അബ്ദില്ലാഹ് ബിൻ ഹമദ് അൽ ഉസൈമിയാണ് ഇതിന്റെ രചയിതാവ്.
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
നമസ്കാരങ്ങൾക്ക് ശേഷം, അഥവാ നമസ്കരിക്കുന്നയാൾ സലാം വീട്ടിയാൽ ചൊല്ലേണ്ട ദിക്റുകൾ പ്രവാചക സുന്നത്തുകളിൽ പെട്ടതാണ്.
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
പൂർവ്വികരായ ഒട്ടുമിക്ക ഗ്രന്ഥകർത്താക്കളുടെയും പതിവനുസരിച്ച് ‘ബിസ്മി’ കൊണ്ട് മാത്രമാണ് ഗ്രന്ഥകർത്താവ് ഈ ലഘുലേഖ ആരംഭിച്ചിരിക്കുന്നത്. അബൂ അബ്ദില്ലാഹ് അഹ്‌മദ് ബിൻ ഹൻബൽ തന്റെ ‘മുസ്നദിലും’, അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ ബുഖാരി തന്റെ ‘സ്വഹീഹിലും’, അബൂ ദാവൂദ് സുലൈമാൻ ബിൻ അശ്അസ് അസ്സജിസ്താനി തന്റെ ‘സുനനിലും’ ഇപ്രകാരം ചെയ്തതായി കാണാം.
തുടർന്ന് അദ്ദേഹം പറയുന്നു: ‘പ്രവാചക സുന്നത്തുകളിൽ പെട്ടതാണ്’. ഇതിലെ ‘മിൽ’ (مِنْ) എന്ന പദം ഒരു ഭാഗത്തെ കുറിക്കാൻ വേണ്ടിയാണ്. കാരണം, പ്രവാചക സുന്നത്തുകൾ ധാരാളമുണ്ട്. അക്കൂട്ടത്തിൽ പെട്ട ഒന്നാണ് നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകളായി ഗ്രന്ഥകർത്താവ് ഇവിടെ പരാമർശിച്ചിട്ടുള്ളത്.
പ്രവാചക സുന്നത്ത് എന്നാൽ നബി ﷺ യിലേക്ക് ചേർത്തു പറയപ്പെടുന്ന സുന്നത്താണ്. അതിന് രണ്ട് അർത്ഥങ്ങളുണ്ട്:
- ഒന്ന്: പൊതുവായ അർത്ഥം; നബി ﷺ കൊണ്ടുവന്ന മതമാണ് അത്. മതത്തിന് മുഴുവനായും സുന്നത്ത് എന്ന് പറയപ്പെടും. ശറഇലെ സംബോധനകളിൽ നിരുപാധികം സുന്നത്ത് എന്ന് പറഞ്ഞാൽ ഇതാണ് ഉദ്ദേശിക്കപ്പെടുന്നത്. അബൂ ദാവൂദും മറ്റും ഉദ്ധരിച്ച ഇർബാദ് ബിൻ സാരിയ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ നബി ﷺ പറഞ്ഞതുപോലെ:
فَعَلَيْكُمْ بِسُنَّتِي
എന്റെ സുന്നത്തിനെ നിങ്ങൾ മുറുകെ പിടിക്കുക. സുനൻ അബീദാവൂദ് – 4607
അതായത്: അല്ലാഹു എന്നെ നിയോഗിച്ച ഈ മതത്തെ നിങ്ങൾ മുറുകെ പിടിക്കുക.
- രണ്ട്: പ്രത്യേക അർത്ഥം; നിർബന്ധമല്ലാത്ത രൂപത്തിൽ ഒരു കാര്യം ആവശ്യപ്പെടുന്ന നിർദ്ദേശമാണിത്. സാങ്കേതികമായി ഈ അർത്ഥമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. മതത്തിൽ ഇതിനെ ‘നഫ്ല്’ എന്ന് വിളിക്കപ്പെടുന്നു.
ഈ രണ്ട് അർത്ഥങ്ങളും ഇവിടെ ശരിയാണ്. ഈ ലഘുലേഖയിൽ പരാമർശിച്ചിരിക്കുന്നത് നബി ﷺ കൊണ്ടുവന്ന മതത്തിൽ പെട്ടതാണ്; അവ ഫർളുകളല്ല, മറിച്ച് നവാഫിലുകളിൽ പെട്ടതുമാണ്.
‘അൽ-അദ്കാർ’ എന്നത് ‘ദിക്ർ’ എന്നതിന്റെ ബഹുവചനമാണ്. ശറഇൽ അല്ലാഹുവിനെ സ്മരിക്കുക എന്നാൽ: ഹൃദയത്തിലോ നാവിലോ അല്ലെങ്കിൽ ഇവ രണ്ടിലും അല്ലാഹുവിനെക്കുറിച്ചുള്ള സാന്നിധ്യവും അവനോടുള്ള ആദരവും ഉണ്ടാവുക എന്നതാണ്.
അതുകൊണ്ട്, ദിക്ർ നിർവ്വഹിക്കുന്ന അവയവത്തിന്റെ അടിസ്ഥാനത്തിൽ ദിക്ർ മൂന്ന് ഇനങ്ങളുണ്ട്:
- ഒന്ന്: ഹൃദയവും നാവും ഒരുമിച്ചു കൊണ്ടുള്ള ദിക്ർ.
- രണ്ട്: ഹൃദയം കൊണ്ട് മാത്രമുള്ള ദിക്ർ.
- മൂന്ന്: നാവ് കൊണ്ട് മാത്രമുള്ള ദിക്ർ.
ഇവയിൽ ഏറ്റവും പൂർണ്ണമായത് ഒന്നാമത്തേതാണ്; നാവിൽ ദിക്ർ ഒഴുകുകയും ഹൃദയം അതിനോട് യോജിക്കുകയും ചെയ്യുന്ന അവസ്ഥ.
മതത്തിൽ നിഷ്കർഷിക്കപ്പെട്ട ദിക്റുകളിൽ പെട്ടതാണ്: ‘നമസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ട ദിക്റുകൾ’. അതായത് നമസ്കാരത്തിൽ നിന്നും വിരമിച്ചതിന് ശേഷം. നമസ്കാരത്തിൽ നിന്നുള്ള വിരമിക്കൽ സലാം വീട്ടലിലൂടെയാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ഗ്രന്ഥകർത്താവ് ‘നമസ്കരിക്കുന്നയാൾ സലാം വീട്ടിയാൽ’ എന്ന് പറഞ്ഞത്. അതായത് സലാം വീട്ടി തന്റെ നമസ്കാരത്തിൽ നിന്നും വിരമിച്ചാൽ എന്ന് അർത്ഥം. കാരണം, നമസ്കാരം ആരംഭിക്കുന്നതും അവസാനിക്കുന്നതും വാക്കിലൂടെയാണ്. അത് ആരംഭിക്കുന്നത് തക്ബീറത്തുൽ ഇഹ്റാം കൊണ്ടും, അവസാനിക്കുന്നത് സലാം വീട്ടൽ കൊണ്ടുമാണ്.
നമസ്കാരവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ദിക്റുകൾ മൂന്ന് ഇനങ്ങളുണ്ട്:
- ഒന്ന്: നമസ്കാരത്തിന് മുമ്പ് ചൊല്ലുന്ന ദിക്റുകൾ. ഇതിൽ ളഈഫായ ചില ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഭേദപ്പെട്ടത് ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസാണ്: നബി ﷺ നമസ്കാരത്തിനായി പുറപ്പെട്ടാൽ ഇപ്രകാരം പറയുമായിരുന്നു:
اللَّهُمَّ اجْعَلْ لِي نُورًا…
അല്ലാഹുവേ, എനിക്ക് നീ പ്രകാശം നൽകേണമേ… സ്വഹീഹ് മുസ്‌ലിം – 763
ഈ ഹദീസിൽ ‘നമസ്കാരത്തിനായി പുറപ്പെട്ടാൽ’ എന്നുള്ള വർദ്ധനവ് അബദ്ധമാണ്. മറിച്ച്, നമസ്കാരത്തിൽ പ്രാർത്ഥിക്കപ്പെടുന്ന പ്രാർത്ഥനകളിൽ പെട്ട ഒരു പ്രാർത്ഥനയായാണ് ഇത് മനഃപാഠമാക്കപ്പെട്ടിട്ടുള്ളത്.
- രണ്ട്: നമസ്കാരത്തിനുള്ളിൽ, അതായത് അതിലെ ഭാഗങ്ങളായ നിർത്തം, റുകൂഅ്, സുജൂദ്, ഇരുത്തം തുടങ്ങിയവയിൽ നിർവ്വഹിക്കുന്ന ദിക്റുകൾ.
- മൂന്ന്: നമസ്കാരത്തിന് ശേഷം, അതായത് അതിൽ നിന്നും വിരമിച്ചതിന് ശേഷം ചൊല്ലുന്ന ദിക്റുകൾ. അവയാണ് ഈ ലഘുലേഖയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്.

