ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുമ്പോഴുള്ള ശർഇയായ അടിസ്ഥാനങ്ങൾ

23 Min Read

ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ്

സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദാസനും, ദൂതനും, അവൻ്റെ ഉത്തമ സൃഷ്ടിയും, പ്രിയമിത്രവുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അന്ത്യനാളിന് മുന്നോടിയായി, അല്ലാഹുവിനെ സൂക്ഷിക്കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവരായും; അല്ലാഹുവിൻ്റെ കൽപ്പനകൾ ധിക്കരിക്കുകയും റസൂൽ ﷺ യെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് നരകശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്നവരായും അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചു.

ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുമ്പോൾ സൂക്ഷ്മമായ കാഴ്ചപ്പാട് നൽകിയും, ഹൃദയങ്ങൾക്ക് ജീവനും ഊർജ്ജവുമായ ഉപകാരപ്രദമായ വിജ്ഞാനം നൽകിയും അല്ലാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ നമ്മെ ഏവരെയും ഉൾപ്പെടുത്താൻ ഞാൻ അവനോട് പ്രാർത്ഥിക്കുന്നു.

അല്ലാഹു ഖുർആനിലെ ബോധനം ജലത്തോട് ഉപമിച്ചിരിക്കുന്നു; കാരണം അതിലൂടെയാണ് ഹൃദയങ്ങൾക്ക് ജീവനുണ്ടാകുന്നത്. ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുകയും പ്രകടമാവുകയും ചെയ്യുമ്പോൾ ശരിയായ കാഴ്ചപ്പാടും തിരിച്ചറിവും ലഭിക്കുന്നതും അതിലൂടെയാണ്.

മുഖവുര

ഖദാഇലും ഖദ്‌റിലുമുള്ള വിശ്വാസം

ഒരു മുസ്‌ലിം താഴെ പറയുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്നു:

  1. തനിക്ക് ബാധിച്ചതൊന്നും തന്നെ ബാധിക്കാതിരിക്കില്ലായിരുന്നുവെന്നും, തനിക്ക് ബാധിക്കാതിരുന്നതൊന്നും തന്നെ ബാധിക്കുമായിരുന്നില്ലെന്നും അവൻ വിശ്വസിക്കുന്നു.
  2. അല്ലാഹുവിൻ്റെ ഖദാഉം ഖദ്‌റും (വിധിവിവിലക്കുകൾ) മാറ്റമില്ലാതെ സംഭവിക്കുന്നവയാണെന്ന് അവൻ വിശ്വസിക്കുന്നു.

എന്നാൽ അല്ലാഹുവിൻ്റെ ഖദാഉം ഖദ്‌റും പ്രപഞ്ചികമായ കാരണങ്ങളോടും, മതപരമായ കാരണങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.

പരീക്ഷണങ്ങളുടെ കാരണങ്ങളും ഇനങ്ങളും

  1. അല്ലാഹു ഇസ്‌ലാമിക സമുദായത്തിന് പരീക്ഷണങ്ങൾ നൽകുന്നത് ചിലപ്പോൾ അവരുടെ പാപങ്ങൾ കാരണമായിട്ടാകാം; മറ്റു ചിലപ്പോൾ അതൊരു പരീക്ഷണവും പരിശോധനയുമായിട്ടാകാം.
  2. അമുസ്‌ലിം സമുദായങ്ങൾക്ക് അല്ലാഹു നൽകുന്ന വിപത്തുകൾ ഒന്നുകിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ ലംഘിച്ചതിനുള്ള ശിക്ഷയായിട്ടാകാം; അല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരു ഗുണപാഠമാകാൻ വേണ്ടിയാകാം; അതുമല്ലെങ്കിൽ ജനങ്ങൾക്കൊരു പരീക്ഷണമായിട്ടാകാം (ആ പരീക്ഷണത്തിന് ശേഷം അവർക്ക് രക്ഷ വിധിക്കപ്പെടുമോ ഇല്ലയോ എന്ന് നോക്കാൻ).

അല്ലാഹു തആലാ പറയുന്നു:

فَكُلًّا أَخَذْنَا بِذَنبِهِ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ

“അവരെയൊക്കെ അവരുടെ പാപം കാരണം നാം പിടികൂടി. അവരുടെ കൂട്ടത്തില്‍ നാം ചരല്‍മഴ അയച്ചവരുണ്ട്‌. ഘോരശബ്ദം പിടികൂടിയവരും അവരിലുണ്ട്‌. നാം ഭൂമിയില്‍ ആഴ്ത്തിയവരുമുണ്ട്‌. നാം മുക്കിക്കൊന്നവരും അവരിലുണ്ട്‌. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല; എന്നാല്‍ അവര്‍ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു.” [അൽ-അൻകബൂത് – 40]

മുൻസമുദായങ്ങൾക്ക് ബാധിച്ച ശിക്ഷകളുടെ കാര്യമാണിത്; അവർക്ക് ബാധിച്ച സമഗ്രമായ വേരോടെ പിഴുതെറിയുന്ന ശിക്ഷകളും, അല്ലെങ്കിൽ അവർക്ക് കടുത്ത ആഘാതവും നാശവും ഏൽപ്പിക്കുന്ന ശിക്ഷകളും ഇതിൽ ഉൾപ്പെടുന്നു.

  1. സമുദായം പല കക്ഷികളായും വിഭാഗങ്ങളായും പിരിഞ്ഞുപോകുക എന്നതാണ് അല്ലാഹു നൽകുന്ന മറ്റൊരു പരീക്ഷണം; കാരണം അവർ അല്ലാഹുവിൻ്റെ കൽപ്പനകൾ ഉപേക്ഷിച്ചു.
  2. ആളുകൾ പരസ്പരം അതിക്രമം കാണിക്കുകയും, അല്ലാഹു അവതരിപ്പിച്ച മഹത്തായ വിജ്ഞാനത്തിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്നതാണ് മറ്റൊരു പരീക്ഷണം.

നമുക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളുടെ വാർത്തകൾ വിവരിച്ചുകൊണ്ട് അല്ലാഹു തആലാ പറയുന്നു:

وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ

“വേദം നല്‍കപ്പെട്ടവര്‍, തങ്ങള്‍ക്ക് ജ്ഞാനം വന്നുകിട്ടിയതിന് ശേഷം തന്നെയാണ് ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള മാത്സര്യം കാരണമാണിത്‌.” [ആലു ഇംറാൻ – 19]

അല്ലാഹു സുബ്ഹാനഹു വ തആലാ പറയുന്നു:

وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ

“വേദം നല്‍കപ്പെട്ടവര്‍, തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷം മാത്രമാണ് ഭിന്നിച്ചുപോയത്‌.” [അൽ-ബയ്യിന – 4]

വേദക്കാരുടെ പക്കൽ ഉപകാരപ്രദമായ വിജ്ഞാനമുണ്ടായിരുന്നു. എന്നാൽ അവർ പരസ്പരം അതിക്രമം പ്രവർത്തിച്ചതുകൊണ്ടും, അല്ലാഹു അവതരിപ്പിച്ച ഈ മഹത്തായ വിജ്ഞാനത്തിലേക്ക് മടങ്ങാതിരുന്നതുകൊണ്ടുമാണ് അവർ ഭിന്നിച്ചത്. കർമ്മങ്ങളുടെ കാര്യത്തിൽ അവർ ഭിന്നിക്കുകയും അതിലെ ചില ഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.

  1. ഹൃദയങ്ങളിൽ വക്രത ഉള്ളതുകൊണ്ട് അതിൻ്റെ ഫലമായി ആശയക്കുഴപ്പമുള്ളവയെ (مُتَشَابِه) പിൻപറ്റുക എന്നതാണ് ഒരു വിഭാഗത്തിന് നൽകപ്പെടുന്ന പരീക്ഷണം.

അവരുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു പറയുന്നു:

فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ

“എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാനും, ദുര്‍വ്യാഖ്യാനം ചെയ്യാനും ഉദ്ദേശിച്ചുകൊണ്ട് അതില്‍ (ഖുര്‍ആനില്‍) നിന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നവയെ പിന്തുടരുന്നു. അതിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.” [ആലു ഇംറാൻ – 7]

അതായത്, ആശയക്കുഴപ്പമുള്ള കാര്യങ്ങളുടെ സാന്നിധ്യമല്ല വക്രതയ്ക്ക് കാരണം, മറിച്ച് വക്രത ആദ്യമേ അവരുടെ മനസ്സുകളിൽ കുടികൊള്ളുന്നുണ്ട്. അല്ലാഹു വ്യക്തമാക്കുന്നത് പോലെ, ആദ്യമായി അവരുടെ ഹൃദയങ്ങളിൽ വക്രത നിലനിൽക്കുന്നു, രണ്ടാമതായാണ് അവർ ആശയക്കുഴപ്പമുള്ളവയെ പിൻപറ്റുന്നത്. فَيَتَّبِعُونَ എന്നതിലെ ഫاء (فَ) എന്ന അക്ഷരം ഈ ക്രമത്തെയും തുടർച്ചയെയും സൂചിപ്പിക്കുന്നു.

പ്രമാണങ്ങളിൽ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ കണ്ടേക്കാം. എന്നാൽ ഹൃദയത്തിൽ വക്രതയുള്ള അയാൾ ആ പ്രമാണത്തെ തൻ്റെ വക്രതയ്ക്കുള്ള തെളിവായി സ്വീകരിക്കുന്നു. യാഥാർത്ഥ്യത്തിൽ അയാൾക്ക് അതിൽ യാതൊരു അടിസ്ഥാനവുമില്ല, മറിച്ച് തൻ്റെ വക്രതയെ ന്യായീകരിക്കാനുള്ള കാര്യങ്ങൾ അയാൾ തപ്പിയെടുക്കുകയാണ്.

ഇതാണ് സ്വഹാബത്തിൻ്റെ കാലഘട്ടത്തിൽ ചിലർക്ക് (അതായത് ഖവാരിജുകൾക്ക്) ബാധിച്ച പരീക്ഷണം. താബിഉകളുടെ കാലഘട്ടത്തിലും സമാനമായ പല ഫിത്‌നകളും ഉണ്ടായിട്ടുണ്ട്, അതിൻ്റെ ഫലമായി കൊലപാതകങ്ങളും രക്തച്ചൊരിച്ചിലുകളും സംഭവിച്ചുവെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

പരീക്ഷണങ്ങളുടെ നേട്ടങ്ങൾ (فوائد الابتلاء)

ഇസ്‌ലാമിക സമുദായവും മുസ്‌ലിംകളും പരീക്ഷിക്കപ്പെടുന്നു. ഈ പരീക്ഷണത്തിൻ്റെ നേട്ടം എന്തെന്നാൽ; അല്ലാഹുവെ മുറുകെ പിടിച്ച്, നിഷ്പക്ഷതയോടെ, സലഫുകളുടെ മാർഗ്ഗത്തെ പിൻപറ്റി അല്ലാഹുവിൻ്റെ കൽപ്പനയിലേക്ക് മടങ്ങുന്നത് ആരാണെന്നും, ഫിത്‌ന ബാധിച്ചതിൻ്റെ ഫലമായി അതിലേക്ക് മടങ്ങാത്തത് ആരാണെന്നും തിരിച്ചറിയുക എന്നതാണ്.

(1) ശഹാദത്തൈനിയുടെ സാക്ഷാത്കാരം (تحقيق الشهادتين)

അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസ പ്രമാണങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ട് സാക്ഷ്യ വചനങ്ങളുടെ സാക്ഷാത്കാരം (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ള സാക്ഷ്യം).

ഈ സാക്ഷ്യമാണ് വിശ്വാസത്തിൻ്റെ അടിസ്ഥാനം. അല്ലാഹുവിനോടും, അവൻ്റെ ദൂതനോടും, മതത്തോടുമുള്ള കൂറ് (مُوَالَاة) ഇതിൽ അടങ്ങിയിരിക്കുന്നു. അതുപോലെ കുഫ്‌റിനോടും ശിർക്കിനോടുമുള്ള ബന്ധവിച്ഛേദനവും (بَرَاء) ഇതിൽ ഉൾപ്പെടുന്നു. ഇത് വിശ്വാസികൾക്കിടയിൽ പരസ്പരമുള്ള സ്നേഹബന്ധം അനിവാര്യമാക്കുന്നു.

അൽ-വലാഅ് വൽ-ബറാഅ് വിശ്വാസം

അൽ-വലാഅ് വൽ-ബറാഅ് (സ്നേഹവും വെറുപ്പും) എന്നത് ഓരോ മുസ്‌ലിമും മുറുകെപ്പിടിക്കേണ്ട അടിസ്ഥാനമാണ്. കാരണം അത് അവൻ്റെ ദീനിൻ്റെയും മില്ലത്തിൻ്റെയും അടിസ്ഥാനമാണ്. നബി ﷺ മക്കയിലായിരുന്നപ്പോഴും ഇത് കാത്തുസൂക്ഷിച്ചിരുന്നു; മദീനയിലായിരുന്നപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു; തൻ്റെ എല്ലാ സാഹചര്യങ്ങളിലും അവിടുന്ന് അത് പൂർണ്ണമായി കാത്തുസൂക്ഷിച്ചിരുന്നു.

നബി ﷺ തന്നെയാണ് ഈ കാര്യത്തിലെ ഉത്തമ മാതൃക. അതുപോലെ, ഹുദൈബിയ സന്ധിയിൽ സംഭവിച്ചതും പ്രസിദ്ധമാണ്. നബി ﷺ മക്ക ലക്ഷ്യമാക്കി വന്നപ്പോൾ, മുശ്‌രിക്കുകൾ (അവർ അന്ന് ദുർബലരായിരുന്നു) അവിടുത്തോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് അവർക്കിടയിൽ ഒരു ശക്തമായ കരാർ രൂപപ്പെട്ടു. നബി ﷺ അത് അംഗീകരിക്കുകയും ചെയ്തു. ആ കരാറിലെ ഒരു വ്യവസ്ഥ ഇതായിരുന്നു:

أنه مَنْ يأْتِنا مسلماً يُرجَع إليهم، ومن يأتهم منا فلا يُرْجَعُ إلى المسلمين

“അവരിൽ നിന്നും ഒരു മുസ്‌ലിമായി നമ്മുടെ അടുക്കൽ വരുന്നവരെ അവർക്ക് തന്നെ തിരികെ നൽകണം. നമ്മിൽ നിന്ന് അവരുടെ അടുക്കൽ പോകുന്നവരെ മുസ്‌ലിംകൾക്ക് തിരികെ നൽകേണ്ടതില്ല.” [സ്വഹീഹുൽ ബുഖാരി]

ഉമർ رَضِيَ اللَّهُ عَنْهُ ഇതിൽ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു: യാ റസൂലല്ലാഹ്! നാം സത്യത്തിലല്ലേ? അവർ അസത്യത്തിലുമല്ലേ? അവിടുന്ന് അരുളി: അതെ. അപ്പോൾ അദ്ദേഹം ചോദിച്ചു: എന്തിനാണ് നാം നമ്മുടെ ദീനിൻ്റെ കാര്യത്തിൽ ഈ നിന്ദ്യത സ്വീകരിക്കുന്നത്?

എന്നാൽ നബി ﷺ കൽപ്പിച്ചതും സ്വഹാബത്ത് പ്രവർത്തിച്ചതുമായിരുന്നു സത്യം.

ചില മുസ്‌ലിംകളെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ

“ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളോട് സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്‌. എന്നാല്‍ നിങ്ങളുമായി കരാറിലേര്‍പെട്ടു കഴിയുന്ന വല്ല ജനതയ്ക്കും എതിരായിക്കൊണ്ടാകരുത് (സഹായിക്കേണ്ടത്‌).” [അൽ-അൻഫാൽ – 72]

ഇബ്നു കസീർ رَحِمَهُ اللَّهُ തൻ്റെ തഫ്സീറിൽ പറയുന്നു: അല്ലാഹു തആലാ പറയുന്നു, (وَإِنِ اسْتَنصَرُوكُمْ) ഹിജ്റ ചെയ്യാത്ത ഗ്രാമീണരായ ആളുകൾ അവരുടെ ശത്രുക്കൾക്കെതിരായ ഒരു മതപരമായ യുദ്ധത്തിൽ നിങ്ങളോട് സഹായം ആവശ്യപ്പെട്ടാൽ, അവരെ സഹായിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്. കാരണം അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാണ്. എന്നാൽ നിങ്ങളുമായി കരാറുള്ള ഒരു അവിശ്വാസി സമൂഹത്തിനെതിരെയാണ് അവർ സഹായം തേടുന്നതെങ്കിൽ, നിങ്ങളവരെ സഹായിക്കരുത്. അതായത്, ഒരു നിശ്ചിത കാലയളവിലേക്കുള്ള സന്ധി നിലനിൽക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ഉടമ്പടി ലംഘിക്കരുത്, നിങ്ങൾ കരാർ ചെയ്തവരോടുള്ള നിങ്ങളുടെ സത്യം ലംഘിക്കരുത്. ഇതാണ് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ അടിസ്ഥാനത്തെ മുറുകെപ്പിടിക്കൽ നിർബന്ധമാണ്. എല്ലാ സാഹചര്യങ്ങളിലും നബി ﷺ യുടെ മാർഗ്ഗത്തിലേക്ക് മടങ്ങുന്നതിലാണ് പരിപൂർണ്ണതയുള്ളത്. നബി ﷺ യും സ്വഹാബത്തുമാണ് വലാഅ് വൽ-ബറാഇൻ്റെ അടിസ്ഥാനവും മാതൃകയും.

പ്രബോധകർ ഈ മാർഗ്ഗം പിന്തുടരുകയും ഈ അടിസ്ഥാനത്തെ മുറുകെപ്പിടിക്കുകയും വേണം. എല്ലാ കാലത്തും എല്ലാ സ്ഥലത്തും എപ്പോഴും കാഠിന്യവും പരുഷതയും കാണിക്കുന്നതല്ല വലാഅ് വൽ-ബറാഅ് എന്ന വിശ്വാസത്തെ പൂർണ്ണമാക്കുന്നത്.

പൊതുപ്രഭാഷണങ്ങളിലോ വിവിധ മാധ്യമങ്ങളിലൂടെയോ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പാടില്ലാത്ത ചില വിഷയങ്ങളുണ്ട്. അത് പണ്ഡിതന്മാർക്കിടയിൽ മാത്രം ചർച്ച ചെയ്യേണ്ടവയാണ്.

ശൈഖ് അല്ലാമാ അബ്ദുല്ലത്തീഫ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് പറയുന്നു: “മൈത്രി, ശത്രുത, സന്ധി, കത്തെഴുത്ത്, ധനം നൽകൽ, പാരിതോഷികങ്ങൾ, അല്ലാഹു അവതരിപ്പിച്ചതല്ലാത്തത് കൊണ്ടുള്ള വിധികൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ, ഗ്രാമീണരും ചിന്താശൂന്യരുമായ ആളുകളുടെ മുന്നിൽ നിങ്ങൾ ചർച്ചകളിൽ ഏർപ്പെട്ടു. വാസ്തവത്തിൽ വിവേകമുള്ള പണ്ഡിതന്മാർക്കും, അല്ലാഹുവിൽ നിന്നുള്ള ഗ്രാഹ്യവും യുക്തിയും സംസാരശേഷിയും നൽകപ്പെട്ടവർക്കും മാത്രമേ ഈ വിഷയങ്ങളിൽ സംസാരിക്കാൻ പാടുള്ളൂ.”

ജീവനുകളപഹരിക്കുന്നതിൻ്റെ മതവിധി

അന്യായമായി ജീവനുകളപഹരിക്കുന്നത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന കാര്യത്തിൽ എല്ലാ നാടുകളിലുമുള്ള, ശരിയായ വീക്ഷണമുള്ള കർമ്മശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

സംരക്ഷണം നൽകപ്പെട്ട ജീവനുകൾക്ക് നേരെയുള്ള അതിക്രമം – അത് ഇസ്‌ലാം മുഖേനയുള്ള സംരക്ഷണമാകട്ടെ, അല്ലെങ്കിൽ കരാറും അഭയവും മുഖേനയുള്ള സംരക്ഷണമാകട്ടെ – ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണ്. എന്ന് മാത്രമല്ല, അല്ലാഹുവിങ്കൽ നിന്നും വന്ന എല്ലാ മതനിയമങ്ങൾക്കും വിരുദ്ധമാണത്.

ബുദ്ധിമാന്മാരായ ആളുകൾ ഈ കാര്യത്തിൽ യോജിച്ചിരിക്കുന്നു; അതുകൊണ്ടാണ് അമേരിക്കയിൽ നടന്ന ആക്രമണങ്ങൾ ഇസ്‌ലാമിക ശരീഅത്തിന് അനുയോജ്യമാണെന്നോ, മുസ്‌ലിംകൾ അത് അംഗീകരിക്കുന്നവരോ തൃപ്തിപ്പെടുന്നവരോ ആണെന്നോ ഉള്ള വാദങ്ങളെ നിരാകരിക്കുന്നതായി നാം കണ്ടത്.

അല്ലാഹു പറയുന്നു:

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

“തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കാനും നന്മചെയ്യാനും കുടുംബക്കാര്‍ക്ക് കൊടുക്കാനുമാണ്‌. നികൃഷ്ടവും വെറുക്കപ്പെട്ടതുമായ കാര്യങ്ങളും, അതിക്രമവും അവന്‍ വിലക്കുന്നു. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു.” [അന്നഹ്ൽ – 90]

ഏവരും ഈ അടിസ്ഥാനത്തെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അല്ലാഹു തആലാ പറയുന്നു:

وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ

“ഒരു ജനതയോടുള്ള ശത്രുത നിങ്ങള്‍ നീതി പാലിക്കാതിരിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌.” [അൽ-മാഇദ – 8]

അല്ലാഹുവിൻ്റെ വാഗ്ദാനത്തിലുള്ള ദൃഢവിശ്വാസം

നമുക്ക് അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അല്ലാഹുവിൻ്റെ വാഗ്ദാനം ഒരിക്കലും ലംഘിക്കപ്പെടുകയില്ല. അല്ലാഹു പറയുന്നു:

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ ۚ وَكَفَىٰ بِاللَّهِ شَهِيدًا

“സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്‍റെ ദൂതനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതങ്ങളെയും അതിജയിക്കുന്നതാക്കാന്‍ വേണ്ടി. സാക്ഷിയായി അല്ലാഹു തന്നെ മതി.” [അൽ-ഫത്ഹ് – 28]

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്‌ലാം മതം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും പള്ളികൾ നിർമ്മിക്കലും, പ്രബോധനവും, മതത്തിൻ്റെ അടയാളങ്ങൾ വ്യക്തമാക്കലും പോലുള്ള ഇസ്‌ലാമിക പ്രവർത്തനങ്ങൾ നിലവിൽ വരികയും, അതിന് വലിയ സ്വാധീനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിലേക്കും, യൂറോപ്പിലേക്കും, അമേരിക്കയിലേക്കും, ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ ഭാഗങ്ങളിലേക്കും ഇസ്‌ലാമിക പ്രബോധനം എത്തിക്കുന്നതിൽ ഈ രാജ്യത്തിന് (സൗദി അറേബ്യക്ക്) വലിയ പങ്കുണ്ട്.

ഇത് അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ടും, പിന്നീട് നമ്മുടെ ഭരണാധികാരികളുടെ നിർദ്ദേശങ്ങൾ കൊണ്ടുമാണ് സാധ്യമായത്.

ഈ ദീൻ പ്രചരിപ്പിക്കുക എന്നത് മഹത്തായ അടിസ്ഥാനങ്ങളിൽ ഒന്നാണ്. കാരണം അതൊരു നിരന്തരമായ പോരാട്ടമാണ്; അഥവാ തെളിവുകളും വിശദീകരണങ്ങളും കൊണ്ടുള്ള പോരാട്ടം (ജിഹാദുൽ ഹുജ്ജ വൽ ബയാൻ).

(2) പണ്ഡിതന്മാരും പ്രബോധകരുമാണ് ഈ സമുദായത്തിൻ്റെ മാതൃകകൾ (العلماء والدعاة قدوة هذه الأمة)

ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ സ്വഹാബത്തിനെയും താബിഉകളിലെ ശ്രേഷ്ഠന്മാരെയും വർണ്ണിച്ചത് ഈ രൂപത്തിലാണ്: “അവർ വിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നിലകൊണ്ടത്, സൂക്ഷ്മമായ കാഴ്ചപ്പാടോടെയാണ് അവർ പലതിൽ നിന്നും വിട്ടുനിന്നത്.”

ഈ സമുദായത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് വലിയൊരു പരീക്ഷണമാണ്. അവർ അടിസ്ഥാനപരമായ അസലിലേക്ക് മടങ്ങുമോ?

അതായത് അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലേക്കും, റസൂൽ ﷺ യുടെ സുന്നത്തിലേക്കും, സജ്ജനങ്ങളായ സലഫുകളുടെ മാർഗ്ഗത്തിലേക്കും, അടിയുറച്ച പണ്ഡിതന്മാരുടെ വാക്കുകളിലേക്കും അവർ മടങ്ങുമോ?

അതോ അവർ ആ അടിസ്ഥാനപരമായ അസലിലേക്ക് മടങ്ങാതിരിക്കുമോ? അങ്ങനെ സംഭവിച്ചാൽ അവരുടെ ഹൃദയങ്ങളിൽ വക്രതയുണ്ടാകുകയും, അവർ ആശയക്കുഴപ്പമുള്ളവയെ പിൻപറ്റുകയും ചെയ്യും.

സലഫുകളുടെ മൻഹജ് മനസ്സിലാക്കൽ നിർബന്ധമാണ്; അഥവാ ഖുർആനിലെയും സുന്നത്തിലെയും ശരിയായ ഗ്രാഹ്യം

കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ സംഭവിക്കുമ്പോൾ സലഫുകളുടെ മൻഹജ് എന്താണെന്ന് തിരിച്ചറിയുക എന്നത് വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥികളുടെ ബാധ്യതയാണ്.

അല്ലാഹു തൻ്റെ ദാസന്മാരെ പരീക്ഷിക്കും. ആ സമയത്ത് സലഫുകളുടെ മൻഹജ് മനസ്സിലാക്കിയ ശേഷം അതിലേക്ക് മടങ്ങുകയും, ഖുർആനിലും സുന്നത്തിലും അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതാണ് യഥാർത്ഥ അടിസ്ഥാനം.

വ്യാജവാർത്തകളും കിംവദന്തികളും പ്രചരിക്കുമ്പോഴുള്ള ജാഗ്രത

ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും, ഇസ്‌ലാമിലേക്ക് ചേർക്കപ്പെടുന്ന ചില പണ്ഡിതന്മാരും പ്രബോധകരും ആവേശഭരിതരും തിടുക്കം കൂട്ടുന്നവരും വിവിധ ഉപഗ്രഹ ചാനലുകളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരുമായ ആളുകളിൽ നിന്ന് നിങ്ങൾ കേൾക്കുന്ന സംസാരങ്ങളും വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

വിവിധ ഉപഗ്രഹ ചാനലുകൾ സ്ഥിരമായി കാണുകയും അവയെ പിന്തുടരുകയും ചെയ്യുന്നവർ ശരിയായ മൻഹജിൽ നിന്നും വ്യതിചലിക്കാൻ സാധ്യതയുണ്ട്; ഖുർആനോടും സുന്നത്തോടും സലഫുകളുടെ മൻഹജിനോടും ശക്തമായ ബന്ധമുള്ളവരൊഴികെ.

അനന്തരഫലങ്ങൾ ചിന്തിക്കാതെ സംസാരിക്കൽ

വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥികളും പ്രബോധകരും ഉപദേശകരും മാർഗ്ഗദർശികളും, ഈ സമുദായത്തിൽ ഭിന്നതയുണ്ടാക്കുന്നതോ ഇസ്‌ലാമിക രാജ്യങ്ങളിൽ ആളുകളുടെ മനസ്സുകളിൽ പകയുണ്ടാക്കുന്നതോ ആയ വാക്കുകൾ എറിയുന്നതിൽ നിന്ന് വളരെ കരുതിയിരിക്കണം.

മാധ്യമങ്ങൾക്ക് (ഉപഗ്രഹ ചാനലുകൾ, റേഡിയോ, പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ) പിന്നാലെ പോകുന്നതിനെക്കുറിച്ച് അവർ ജാഗ്രത പാലിക്കണം. ഇസ്‌ലാമിക പ്രബോധകർ ജനങ്ങളെ അവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് നയിക്കണം.

പോരാട്ടങ്ങളെ സമുദായത്തിനുള്ളിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ്

പോരാട്ടങ്ങളെ ഇസ്‌ലാമിക രാജ്യങ്ങൾക്ക് ഉള്ളിലേക്ക് വലിച്ചിഴക്കുക എന്നത് വലിയൊരു ദുരന്തമാണ്; അത് എല്ലാ നാടുകളിലും വിപത്തുകൾ വരുത്തിവെക്കുകയും ജനങ്ങൾ തമ്മിൽ പോരടിക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

സോവിയറ്റ് യൂണിയനുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സംഭവിച്ചത് ഇതിനൊരു ഉദാഹരണമാണ്. അവർ പരസ്പരം കുറ്റപ്പെടുത്തുകയും, ഭിന്നതകൾ തുടരുകയും ചെയ്തു. അഫ്ഗാനികൾ ഒരു ഭരണത്തിന് കീഴിൽ ഒന്നിച്ചില്ല. ഇയാൾ അയാളെ അംഗീകരിക്കില്ല, അയാൾ ഇയാളെയും അംഗീകരിക്കില്ല; അങ്ങനെ തുടർന്നു…

അവർക്കിടയിൽ ഒരു ഭരണകൂടം നിലവിൽ വന്നാൽ തന്നെ എല്ലാവരും അതിൽ യോജിക്കുന്നില്ല. അവിടെ തർക്കങ്ങളും കൊലപാതകങ്ങളും നടക്കുന്നു. വിവിധ ഗ്രൂപ്പുകളുടെയും വിഭാഗങ്ങളുടെയും നിരവധി നേതാക്കൾ അവിടെ കൊല്ലപ്പെട്ടു.

ശത്രുക്കൾക്ക് അവസരം നിഷേധിക്കുക എന്നത് വിവേകമാണ്

ഓരോ ഇസ്‌ലാമിക പ്രബോധകനും, ഉപദേശകനും, വിദ്യാർത്ഥിയും മുസ്‌ലിംകളുടെ ഐക്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അവർ ജമാഅത്തിനോടൊപ്പം നിൽക്കുകയും ഭരണാധികാരികളുടെ കീഴിൽ ഒരുമിച്ചു നിൽക്കാൻ ആഗ്രഹിക്കുകയും വേണം.

കാരണം ഇതിലൂടെയാണ് നന്മകൾ നേടിയെടുക്കാനും തിന്മകൾ തടയാനും സാധിക്കുന്നത്. കൂടാതെ, ഈ സമുദായത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ഇസ്‌ലാമിൻ്റെ ശത്രുക്കളുടെ ലക്ഷ്യങ്ങളെയും അവസരങ്ങളെയും പരാജയപ്പെടുത്താനും ഇതിലൂടെ സാധിക്കും.

വികാരങ്ങൾ ഇളക്കിവിടാതിരിക്കുക

ഇസ്‌ലാമിക പ്രബോധകരുടെ ദൗത്യം ജനങ്ങളെ അവർക്ക് ഉപകാരപ്രദമായതിലേക്ക് നയിക്കുക എന്നതാണ്. എന്നാൽ ചില പ്രബോധകർ തൻ്റെ ചുമലിലുള്ള ദൗത്യം മറന്നിരിക്കുന്നു. ഉപഗ്രഹ ചാനലുകളും മാധ്യമങ്ങളും പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവർ ജനങ്ങളുടെ വികാരങ്ങൾ ഇളക്കിവിടാൻ വേണ്ടി സ്ഥിരമായി പറയുന്നത് നിങ്ങൾക്ക് കാണാം.

ചിലപ്പോൾ ശർഇയായ വ്യവസ്ഥകളില്ലാത്ത വലാഅ് വൽ-ബറാഇൻ്റെ പേരിലായിരിക്കും. മറ്റ് ചിലപ്പോൾ അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദിലേക്കുള്ള ക്ഷണത്തിൻ്റെ പേരിലായിരിക്കും. ചിലപ്പോൾ അങ്ങനെ, ചിലപ്പോൾ ഇങ്ങനെ.

ഇതെല്ലാം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ശരിയായ മാർഗ്ഗദർശനമില്ലാതെ അവരുടെ മനസ്സുകളെ പ്രകോപിപ്പിക്കുന്നു. ഇതിൻ്റെ ഫലമായി പരസ്പരമുള്ള ശത്രുതയും ഭിന്നതയും ഉടലെടുക്കുന്നു.

പ്രബോധകർ തങ്ങളുടെ വാക്കുകൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നതായിരിക്കാൻ ശ്രദ്ധിക്കണം. ജനങ്ങളുടെ വികാരങ്ങൾ ഇളക്കിവിടുന്നതിൽ നിന്ന് അവർ വിട്ടുനിൽക്കണം. കാരണം ശർഇയായ വ്യവസ്ഥകളില്ലാതെയുള്ള ഈ പ്രകോപനങ്ങളുടെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് അവർക്ക് അറിയില്ല.

ജനങ്ങളുടെ മനസ്സുകൾ ശാന്തമായിരിക്കുമ്പോഴാണ് അവർക്ക് ശരിയായ മാർഗ്ഗദർശനം നൽകാനും സാഹചര്യങ്ങൾ ബോധ്യപ്പെടുത്താനും സാധിക്കുന്നത്.

എന്നാൽ രാവും പകലും ഈ ചാനലുകൾ കണ്ട് ജനങ്ങളുടെ മനസ്സുകൾ കലുഷിതമായിരിക്കുമ്പോൾ, പ്രഭാഷകനോ പ്രബോധകനോ വന്ന് ആ തീ ആളിക്കത്തിക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും?

നമുക്ക് ചോദിക്കാം: ഓ പ്രഭാഷകാ, ജനങ്ങൾ എങ്ങോട്ട് നീങ്ങണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

ഉത്തരം വ്യക്തമാണ്: മനസ്സുകളിലെ ഭിന്നതകൾ വർദ്ധിപ്പിക്കാനും, ദുർവിചാരങ്ങൾ ഉണ്ടാക്കാനും, ജമാഅത്തിനെ (ഐക്യത്തെ) ഉപേക്ഷിക്കാനുമല്ലാതെ വേറൊന്നിനും ഇത് കാരണമാകില്ല.

അതുകൊണ്ട് ജനങ്ങൾക്ക് ഉപകാരമില്ലാത്ത, ഉപദ്രവം മാത്രം വരുത്തുന്ന ഇത്തരം കാര്യങ്ങളിലേക്ക് പ്രബോധകർ ക്ഷണിക്കുന്നതിനെതിരെ അങ്ങേയറ്റം കരുതിയിരിക്കുക.

സ്വഹാബികൾക്കിടയിൽ നടന്ന യുദ്ധങ്ങളെക്കുറിച്ച് പ്രബോധകർ അറിഞ്ഞിരിക്കണം. അലി رَضِيَ اللَّهُ عَنْهُ വും മുആവിയ رَضِيَ اللَّهُ عَنْهُ വും തമ്മിൽ നടന്ന സ്വിഫ്ഫീൻ യുദ്ധവും, ആയിശ رَضِيَ اللَّهُ عَنْهَا യുടെ കാലത്ത് നടന്ന ജമൽ യുദ്ധവും ഇതിൽ പെടുന്നു. അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസമനുസരിച്ച് സ്വഹാബികൾ ഈ യുദ്ധങ്ങളിൽ ഒരു ഭാഗമായിരുന്നില്ല. അവർ പോലും അറിയാതെയാണ് അവർ പരസ്പരം പോരടിക്കുന്ന അവസ്ഥയിലെത്തിയത്.

ഖവാരിജുകളാണ് ഈ യുദ്ധങ്ങൾക്ക് തീ കൊളുത്തിയത്. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയയും, ത്വഹാവിയ്യയുടെ വ്യാഖ്യാതാവും, അഖീദ ഗ്രന്ഥങ്ങളും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഖവാരിജുകൾ ഇരുവിഭാഗങ്ങൾക്കുമിടയിൽ പ്രവർത്തിച്ചു; ഇവിടെ ഒരു കാര്യം പറഞ്ഞും അവിടെ മറ്റൊരു കാര്യം പറഞ്ഞും അവർ പ്രവർത്തിച്ചു. “വിധികർത്താവ് അല്ലാഹു മാത്രം” (لا حكم إلا لله) എന്ന പുറമെ സത്യമെന്ന് തോന്നിക്കുന്ന എന്നാൽ ഉള്ളിൽ അസത്യമായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് അവർ ഇത് ചെയ്തത്.

സ്വഹാബികൾ പരസ്പരം യുദ്ധം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഫലങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്ന ചില പ്രവർത്തനങ്ങൾ അവരെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു സ്വഹാബികൾ തമ്മിലുള്ള യുദ്ധം.

അവർക്കിടയിൽ നടന്ന യുദ്ധങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നതിൽ നിന്ന് നമ്മുടെ നാവുകളെയും ഹൃദയങ്ങളെയും കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്.

അങ്ങനെയെങ്കിൽ, ആരാണ് ഈ ഫിത്‌നക്ക് തിരികൊളുത്തിയത് എന്ന് ചോദിച്ചാൽ; അത് ഖവാരിജുകളാണെന്ന് പറയാം. അതെങ്ങനെ സംഭവിച്ചു? നാം പറയുന്നു: ഇന്നത്തെ അവസ്ഥ അന്ന് സംഭവിച്ചതിനോട് എത്ര സമാനമാണ്! ആളുകളുടെ വികാരങ്ങൾ കൂടുതൽ കൂടുതൽ ഇളക്കിവിട്ടാൽ അത് ഫിത്‌നകൾക്ക് കാരണമാകും.

ചില വിഭാഗങ്ങൾ ബോധപൂർവ്വമോ അല്ലാതെയോ, ഉദ്ദേശിച്ചോ അല്ലാതെയോ ജനങ്ങളെ സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും വലിച്ചിഴക്കുന്നു. അവർ അത് അറിയുന്നില്ല. സംഭവിക്കുമ്പോൾ മാത്രമേ അവർക്ക് അത് മനസ്സിലാകൂ. വാളെടുത്ത് കഴിഞ്ഞാൽ പിന്നെ അത് എപ്പോൾ താഴെ വെക്കാനാകും?

അതുകൊണ്ട് ഈ വിഷയത്തിൽ വളരെ ജാഗ്രത പാലിക്കണം. സലഫുകളുടെ മാർഗ്ഗം പിൻപറ്റുന്നതിലും, മുൻകാലങ്ങളിൽ നടന്ന ഫിത്‌നകളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുന്നതിലും നാം ശ്രദ്ധാലുക്കളായിരിക്കണം.

ഉത്തമ മാതൃക

സംഭവവികാസങ്ങൾ ഉണ്ടാകുകയും കാര്യങ്ങൾ കുഴപ്പത്തിലാകുകയും ചെയ്യുമ്പോൾ വിശ്വാസികൾ പൊതുവെയും, പ്രബോധകരായ വിദ്യാർത്ഥികൾ, ഉപദേശകർ, മതകാര്യങ്ങളുടെ ചുമതലയുള്ളവർ എന്നിവർ പ്രത്യേകിച്ചും ജനങ്ങൾക്ക് ഉത്തമ മാതൃകയായി വർത്തിക്കേണ്ടത് നിർബന്ധമാണ്.

(3) വസത്വിയ്യ (മിതത്വം): അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അടിസ്ഥാനങ്ങളിൽ പെട്ട ഒരടിസ്ഥാനം (الوَسَطِيَّةُ أصل من أصول أهل السنة والجماعة)

നമ്മുടെ സജ്ജനങ്ങളായ സലഫുകളിൽ (മുൻഗാമികളിൽ) നമുക്ക് ഉത്തമ മാതൃകയുണ്ട്. സ്വഹാബികളും താബിഉകളും അവർക്ക് ശേഷം വന്നവരും (അല്ലാഹു അവരോട് കരുണ കാണിക്കട്ടെ) ഫിത്‌നകൾ വരുമ്പോഴോ കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോഴോ സത്യം എന്താണോ അത് ഉപദേശിച്ചിരുന്നു. അതായത് അമിതത്വത്തിൻ്റെയും (غُلُو) ഉദാസീനതയുടെയും (جَفَاء) ഇടയിലുള്ള നിലപാടായിരുന്നു അത്. കാര്യങ്ങളിൽ മിതത്വം പുലർത്തുന്നവരായിരുന്നു അവർ.

അവർ അമിതത്വം കാണിക്കുന്നവരോടൊപ്പം അതിര് കടന്നില്ല; ഉദാസീനത കാണിക്കുന്നവരോടൊപ്പം വീഴ്ച വരുത്തിയില്ല. ജനങ്ങൾ ഭയപ്പെടുമ്പോൾ അവർ അല്ലാഹുവെ മാത്രമല്ലാതെ മറ്റാരെയും ഭയപ്പെട്ടില്ല. ജനങ്ങൾ നിർഭയരായിരിക്കുമ്പോൾ അവർ അല്ലാഹുവിൻ്റെ ശിക്ഷയെക്കുറിച്ച് നിർഭയരുമായില്ല.

നാം നമ്മുടെ ശരീഅത്തിൽ നിന്നാണ് തുടങ്ങുന്നത്. നാം കാര്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടത്തില്ല, താങ്ങാൻ കഴിയാത്തത് അടിച്ചേൽപ്പിക്കുകയുമില്ല. തക്ഫീർ (മുസ്‌ലിമിനെ കാഫിറാക്കൽ) പോലെയുള്ള സ്വീകാര്യമല്ലാത്ത കാര്യങ്ങളിലേക്കും നാം പോകില്ല. കാര്യങ്ങളെ അവ അർഹിക്കുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോകില്ല. മുസ്‌ലിം പണ്ഡിതന്മാരെയും ഭരണാധികാരികളെയും പറ്റി ദുർവിചാരം വെച്ചുപുലർത്തുകയുമില്ല.

ഉപഗ്രഹ ചാനലുകൾ പ്രചരിപ്പിക്കുന്ന വാർത്തകളുടെ ഉറവിടമായ ആഗോള മാധ്യമ ഗൂഢസംഘങ്ങളെ കരുതിയിരിക്കുക, അങ്ങേയറ്റം കരുതിയിരിക്കുക. മുസ്‌ലിംകൾ അൽപനേരം ചിന്തിക്കുകയും സ്വയം ചോദിക്കുകയും വേണം: ഇസ്‌ലാമിക സമുദായത്തിൻ്റെ മനസ്സുകളിൽ എന്ത് കുത്തിവെക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്? എന്താണ് അവരുടെ ലക്ഷ്യം?

സമുദായത്തിനുള്ളിൽ തന്നെ പോരാട്ടങ്ങൾ ഉണ്ടാകുന്നതിനെതിരെ അങ്ങേയറ്റം ജാഗ്രത പാലിക്കുക. അല്ലാത്തപക്ഷം സമുദായം പല വിഭാഗങ്ങളായും കക്ഷികളായും പിരിയും, അവർ പരസ്പരം അതിക്രമം കാണിക്കുകയും പരസ്പരം കൊല്ലുകയും ചെയ്യും.

അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസമായ മിതത്വം നിലനിർത്തേണ്ടത് അനിവാര്യമാണ്. സാവകാശത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയുമാണ് കാര്യങ്ങൾ നേടിയെടുക്കാനാകുക.

നമ്മുടെ പ്രബോധനത്തിൽ നാം അമിതത്വം കാണിക്കുന്നവരിൽ നിന്നും ഉദാസീനത കാണിക്കുന്നവരിൽ നിന്നും അകന്ന് നിൽക്കണം. നാം മിതത്വമുള്ള സമുദായമാണ്. നാം സമുദായത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ പഠിപ്പിക്കുകയും അതിലേക്ക് വഴിനയിക്കുകയും ചെയ്യുന്നു, ഉപദ്രവകരമായ കാര്യങ്ങളിലേക്കല്ല.

(4) ജിഹാദ്: ഈ സമുദായത്തിൻ്റെ ഒരു സവിശേഷത (الجهاد صفة هذه الأُمَّةِ)

അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് ഈ സമുദായത്തിൻ്റെ സവിശേഷതയാണ്. അല്ലാഹു തൻ്റെ ഗ്രന്ഥത്തിൽ വ്യക്തമാക്കിയതും നബി ﷺ പഠിപ്പിച്ചതുമാണിത്. എന്നാൽ അതിന് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും, തഫ്സീറുകളിലും, ഹദീസുകളുടെ വ്യാഖ്യാനങ്ങളിലും വ്യക്തമാക്കപ്പെട്ട നിയമങ്ങളുണ്ട്.

ജിഹാദുമായി ബന്ധപ്പെട്ട ആദ്യത്തെ കാര്യത്തെക്കുറിച്ച് അല്ലാഹു തആലാ പറയുന്നു:

وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا ۞ فَقَاتِلْ فِي سَبِيلِ اللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ الْمُؤْمِنِينَ

“സമാധാനവുമായോ ഭയവുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് അത് ശരിയായി മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ചുരുക്കം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമാകുമായിരുന്നു. അതിനാല്‍ (നബിയേ,) താങ്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. താങ്കളുടെ കാര്യത്തിലല്ലാതെ താങ്കള്‍ നിര്‍ബന്ധിതനാവുകയില്ല. സത്യവിശ്വാസികളെ താങ്കള്‍ പ്രേരിപ്പിക്കുകയും ചെയ്യുക.” [അന്നിസാഅ് – 83, 84]

പ്രസിദ്ധമായ സ്വഹീഹായ ഹദീസിൽ വന്നതുപോലെ, ഒരാൾ നബി ﷺ യുടെ അടുക്കൽ വന്ന് ജിഹാദിന് പോകാൻ അനുവാദം ചോദിച്ചു. അവിടുന്ന് ചോദിച്ചു: “നിൻ്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അവിടുന്ന് അരുളി: എങ്കിൽ അവർക്ക് സേവനം ചെയ്യുന്നതിൽ നീ ജിഹാദ് ചെയ്യുക.” [സ്വഹീഹുൽ ബുഖാരി]

ഏതൊരു ഭരണാധികാരി (ഇമാം) യുടെ കൂടെയും അന്ത്യനാൾ വരെ ജിഹാദ് നിലനിൽക്കുമെന്ന കാര്യത്തിൽ അഹ്‌ലുസ്സുന്ന വൽ ജമാഅ ഏകോപിച്ചിരിക്കുന്നു.

വ്യക്തികൾ എത്ര വലിയവരായാലും ജനങ്ങളെ ജിഹാദിലേക്ക് ക്ഷണിക്കാൻ അവർക്ക് അവകാശമില്ല. ഭരണാധികാരി (വലിയ്യുൽ അംറ്) യാണ് ജിഹാദിലേക്ക് ക്ഷണിക്കേണ്ടത്. അല്ലാഹു തൻ്റെ നബി ﷺ യോട് പറഞ്ഞത് (وَحَرِّضِ الْمُؤْمِنِينَ – സത്യവിശ്വാസികളെ താങ്കള്‍ പ്രേരിപ്പിക്കുക) എന്നാണ്.

അല്ലാഹു ഭരണാധികാരിക്ക് മാത്രം നൽകിയ പ്രത്യേക അധികാരങ്ങളിൽ ഇടപെടാൻ പ്രജകളിൽ ആർക്കും അവകാശമില്ല. സ്വഹാബികൾ ഇത് കൃത്യമായി മനസ്സിലാക്കിയിരുന്നു; അതുകൊണ്ടാണ് ആ മനുഷ്യൻ നബി ﷺ യോട് ജിഹാദിന് പോകാൻ അനുവാദം ചോദിച്ചത്… അനുവാദമില്ലാതെ അദ്ദേഹം പോയില്ല.

ജിഹാദ് എന്നത് ചില ഗ്രൂപ്പുകളുടെയോ ജമാഅത്തുകളുടെയോ കൂടെയുള്ളതല്ല, മറിച്ച് ഭരണാധികാരിയുടെ (ഇമാമിൻ്റെ) കൂടെയാണ്; അദ്ദേഹം അതിലേക്ക് ക്ഷണിച്ചാൽ മാത്രം. ജിഹാദ് എന്നത് ഭരണാധികാരിയുടെ ഏറ്റവും വലിയ അധികാരങ്ങളിൽ പെട്ടതാണ്. അഥവാ സാധാരണക്കാരായ ആളുകൾ ജിഹാദിലേക്ക് ക്ഷണിച്ചാൽ അതൊരു അരാജകത്വത്തിന് കാരണമാകും.

ഭരണാധികാരി ജിഹാദിലേക്ക് ക്ഷണിച്ചാൽ പണ്ഡിതന്മാരും പ്രബോധകരും അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കണം. അതിനാലാണ് അല്ലാഹു പറഞ്ഞത് (وَحَرِّضِ الْمُؤْمِنِينَ). ഈ വിഷയത്തിൽ വിശ്വാസികൾ ഭരണാധികാരിയെ പിന്തുടരേണ്ടവരാണ്.

മുവാഫഖുദ്ദീൻ ഇബ്നു ഖുദാമ തൻ്റെ ‘അൽ-മുഗ്നി’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അധ്യായം: ജിഹാദിൻ്റെ കാര്യം ഇമാമിനും അദ്ദേഹത്തിൻ്റെ തീരുമാനത്തിനും വിട്ടുകൊടുക്കേണ്ടതാണ്. അദ്ദേഹം തീരുമാനിക്കുന്ന കാര്യങ്ങളിൽ അദ്ദേഹത്തെ അനുസരിക്കൽ പ്രജകൾക്ക് നിർബന്ധമാണ്…”

നബി ﷺ യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഒരു വിഷയം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്: നബി ﷺ യുടെ സംസാരങ്ങളും പ്രവൃത്തികളും പല രൂപങ്ങളിലാണ് മനസ്സിലാക്കേണ്ടത്:

എ) ചിലപ്പോൾ അവിടുന്ന് ഒരു റസൂലും നബിയുമായ നിലയിലായിരിക്കും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. ഇത് വഹ്‌യ്, പ്രബോധനം, നിയമനിർമ്മാണം, കൽപ്പനകൾ, വിലക്കുകൾ, ഹലാൽ, ഹറാം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും… ബി) മറ്റ് ചിലപ്പോൾ വിവിധ പരിഗണനകൾ വെച്ചായിരിക്കും അവിടുന്ന് പ്രവർത്തിക്കുന്നതും സംസാരിക്കുന്നതും:

  1. മുസ്‌ലിംകളുടെ ഇമാം അഥവാ ഭരണാധികാരി എന്ന നിലയിൽ.
  2. ന്യായാധിപൻ (ഖാളി) എന്ന നിലയിൽ.
  3. ഫത്‌വ നൽകുന്ന മുഫ്തി എന്ന നിലയിൽ.
  4. മാർഗ്ഗദർശി എന്ന നിലയിൽ.
  5. ഉപദേശകൻ എന്ന നിലയിൽ. അങ്ങനെ പല നിലക്കും…

അതുകൊണ്ടാണ് പൊതുസമൂഹത്തോട് അല്ലാഹു പറഞ്ഞത്:

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا

“തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.” [അൽ-അഹ്‌സാബ് – 21]

നബി ﷺ മുസ്‌ലിം ഭരണാധികാരികൾക്ക് ഉത്തമ മാതൃകയാണ്; ന്യായാധിപന്മാർക്കും, മുഫ്തിമാർക്കും, മാർഗ്ഗദർശികൾക്കും, പ്രബോധകർക്കും, തൻ്റെ വീട്ടിലെ ഗൃഹനാഥനും, സാധാരണക്കാരായ ജനങ്ങൾക്കും എല്ലാം നബി ﷺ ഉത്തമ മാതൃകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങൾക്കും അവിടുന്ന് ഉത്തമ മാതൃകയാണ്.

അതുകൊണ്ട് തന്നെ, ഭരണാധികാരി ക്ഷണിക്കാതെ ജനങ്ങളെ ജിഹാദിലേക്ക് ക്ഷണിക്കാൻ നമ്മിലാർക്കും അവകാശമില്ല. ഈ വിഷയത്തിലുള്ള പ്രമാണങ്ങളും അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അടിസ്ഥാനങ്ങളും പാലിക്കുക എന്നത് മതപരമായി നമുക്ക് നിർബന്ധമാണ്.

നമ്മിൽ ആർക്കും ഈ വിഷയത്തിൽ കാൽവഴുതാതിരിക്കാൻ ശ്രദ്ധിക്കണം, ജനങ്ങൾക്ക് നൽകാൻ പാടില്ലാത്തത് നൽകുകയുമരുത്.

നബി ﷺ ജിഹാദിന് പ്രേരിപ്പിച്ചുകൊണ്ട് പറഞ്ഞു:

جاهِدُوا المشركين بأموالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ

“മുശ്‌രിക്കുകളോട് നിങ്ങൾ നിങ്ങളുടെ സമ്പത്തുകൊണ്ടും, ശരീരങ്ങൾ കൊണ്ടും, നാവുകൾ കൊണ്ടും ജിഹാദ് ചെയ്യുക.” [സുനൻ അബീ ദാവൂദ്]

ഈ കൽപ്പന പ്രമാണങ്ങളുമായും അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസവുമായും ബന്ധിപ്പിക്കപ്പെട്ടതാണ്.

(5) ഫിത്‌നകൾ വെളിപ്പെടുമ്പോൾ സലഫുകളുടെ മാർഗ്ഗത്തിൽ ഒന്നിച്ചുനിൽക്കൽ (الاجتماع على هدي السلف عند ظهور الفتن)

കാലഘട്ടങ്ങളും സാഹചര്യങ്ങളും മാറുമ്പോഴും ഫിത്‌നകൾ വെളിപ്പെടുമ്പോഴും പ്രമാണങ്ങളിൽ വന്നതുപോലെ സലഫുകളുടെ മാർഗ്ഗം പാലിക്കൽ നിർബന്ധമാണ്.

ആശയക്കുഴപ്പങ്ങൾ വരുമ്പോൾ എടുത്തുചാട്ടം അപലപനീയമാണ്. സാവകാശവും വിട്ടുവീഴ്ചയുമാണ് പ്രശംസനീയമായത്. ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ സ്വഹാബികളെക്കുറിച്ച് പറഞ്ഞത് പോലെ: “അവർ വിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നിലകൊണ്ടത്” – അതായത് അവർ ചെയ്ത കാര്യങ്ങളിൽ; “സൂക്ഷ്മമായ കാഴ്ചപ്പാടോടെയാണ് അവർ പലതിൽ നിന്നും വിട്ടുനിന്നത്” – അതായത് ദീനിൻ്റെയും കർമ്മങ്ങളുടെയും കാര്യത്തിൽ അവർ വിട്ടുനിന്നവയിൽ.

പ്രബോധകൻ ദീനിൽ അവഗാഹം നേടേണ്ടത് വളരെ പ്രധാനപ്പെട്ടതും അനിവാര്യവുമാണ്. അതിലൂടെ അയാൾക്ക് എല്ലാ നന്മകളും ലഭിക്കുന്നു. അതിൽ ചിലതാണ്:

  • ഭിന്നതകളുടെ കാലത്ത് അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് തന്നെത്തന്നെ രക്ഷിക്കുന്നവനാകാൻ സാധിക്കുന്നു.
  • മറ്റുള്ളവരെ ആശയക്കുഴപ്പത്തിലേക്കോ ഫിത്‌നയിലേക്കോ വീഴ്ത്താതിരിക്കാൻ സാധിക്കുന്നു.

എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായാൽ അയാൾ ഈ ഹദീസ് മുറുകെപ്പിടിക്കണം. ഇസ്‌ലാമിൻ്റെ അടിത്തറ നിൽക്കുന്നത് തന്നെ ഈ ഹദീസിലാണ്, ഇസ്‌ലാമിൻ്റെ അടിസ്ഥാനങ്ങളിൽ വലിയൊരടിസ്ഥാനമാണിത്. നബി ﷺ അരുളി: “നിന്നിൽ സംശയമുണ്ടാക്കുന്ന കാര്യങ്ങൾ ഉപേക്ഷിച്ച്, സംശയമുണ്ടാക്കാത്ത കാര്യങ്ങളിലേക്ക് നീ മാറുക.” [ജാമിഉത്തിർമിദി]

അതായത്, പരീക്ഷണങ്ങളുടെയും ഭിന്നതകളുടെയും ഫിത്‌നയുടെയും കാലത്ത് പ്രമാണങ്ങളുടെയും വിശ്വാസത്തിൻ്റെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്നില്ലെങ്കിൽ, സംശയമുള്ള കാര്യങ്ങൾ ഉപേക്ഷിച്ച് സംശയമില്ലാത്ത കാര്യങ്ങളിലേക്ക് നിങ്ങൾ മാറുക.

  • വാക്കുകൽ അവലംബിക്കാൻ കൊള്ളാത്തവരെ അനുകരിക്കുന്നത് ഉപേക്ഷിക്കുക.

ഉദാഹരണത്തിന്: ഇമാം അഹ്‌മദിൻ്റെ കാലത്ത് ജനങ്ങൾ വലിയൊരു ഫിത്‌നയിലകപ്പെട്ടു. ആ സമയത്ത് ഇമാം അഹ്‌മദ് പൗരാണികവും യഥാർത്ഥവുമായ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. മുൻഗാമികളായ പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്: “കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടായാൽ നിങ്ങൾ പൗരാണികമായ മാർഗ്ഗത്തെ മുറുകെപ്പിടിക്കുക.” പൗരാണികമായ മാർഗ്ഗം എന്നത് മുൻഗാമികളുടെ (സലഫുകളുടെ) മാർഗ്ഗമാണ്.

ചില ആളുകളുടെ പ്രവൃത്തികൾ കണ്ട് ജനങ്ങൾ അവരെ പിൻപറ്റുക എന്നത് അംഗീകരിക്കാൻ കഴിയില്ല. ചെറിയൊരു വിഭാഗം ആളുകൾ പ്രബോധകരെയും ഇസ്‌ലാമിക സംഘടനകളെയും രാജ്യങ്ങളെയും വിവരമില്ലാതെയും യുക്തിയില്ലാതെയും ഒരു പൊതുയുദ്ധത്തിലേക്കോ ജിഹാദിലേക്കോ വലിച്ചിഴക്കുന്നത് ശരിയല്ല.

ഇവിടെ ഒരു ചോദ്യമുണ്ട്: ഒരാൾ എന്തെങ്കിലും പ്രവർത്തിക്കുകയും അതിൻ്റെ ഫലമായി എല്ലാവരും ആ പ്രവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നത് അനുവദനീയമാണോ?

ഉത്തരം: ഇസ്‌ലാമിക ശരീഅത്ത് വന്നിട്ടുള്ളത് നന്മകൾ നേടിയെടുക്കാനും തിന്മകൾ തടയാനുമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊരു വലിയ അടിസ്ഥാനമാണ്… നാം ആഗ്രഹിക്കാത്ത ഒന്നിലേക്ക് നാം വലിച്ചിഴക്കപ്പെടാൻ പാടില്ല. ഫിത്‌നയുടെ കാലത്ത് ആർക്കും പിന്നാലെ പോയി വലിച്ചിഴക്കപ്പെടരുതെന്ന് ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കണം.

എല്ലാവരും ആളുകളെ ആവേശഭരിതരാക്കുന്നു; ഭയഭക്തിയുള്ളവരും, തെമ്മാടികളും, ചാനലുകളും, ഇസ്‌ലാമികമല്ലാത്തതും സംശയാസ്പദവുമായ ചാനലുകൾ പോലും ജനങ്ങളുടെ മനസ്സുകളിൽ ഈ ആവേശം നിറക്കുന്നു. എന്തിനാണിത്?! ജനങ്ങൾ ജിഹാദിലേക്ക് പോകണമെന്ന സ്നേഹം കൊണ്ടാണോ?! അല്ല, ഈ സമുദായത്തിന് ഗുണകരമല്ലാത്ത പല ഗൂഢലക്ഷ്യങ്ങളും അവർക്കുണ്ട്.

അല്ലാഹു പറയുന്നു:

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ

“പറയുക: ഇതാണ് എന്‍റെ മാര്‍ഗം. അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. വ്യക്തമായ ബോധ്യത്തോട് കൂടിയാണ് ഞാനും എന്നെ പിന്‍പറ്റിയവരും ക്ഷണിക്കുന്നത്‌. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്നവരുടെ കൂട്ടത്തിലേയല്ല.” [യൂസുഫ് – 108]

പ്രിയ സഹോദരങ്ങളെ:

ഈ വിഷയം വളരെ വിശാലമാണ്, എങ്കിലും നാം മിതത്വവും സന്തുലിതാവസ്ഥയും നിലനിർത്തണം. നാം വിശ്വാസികളോടൊപ്പമാണ്, അവിശ്വാസികൾക്ക് എതിരാണ്. എന്നാൽ അത് നമ്മുടെ മൻഹജിലായിരിക്കണം, മറ്റുള്ളവരുടെ മൻഹജിലല്ല. നാം ആരുടെയും പിന്നാലെ വലിച്ചിഴക്കപ്പെടരുത്. ഈ കാര്യങ്ങളിൽ ജനങ്ങൾ അവരുടെ ഭരണാധികാരികളെയാണ് പിന്തുടരേണ്ടത്. കാരണം ദീനിനെ സംരക്ഷിക്കുക, ശത്രുക്കൾ അതിക്രമം കാണിക്കാതിരിക്കാൻ സമുദായത്തിൻ്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുക എന്നിവയൊക്കെ ഇമാമിൻ്റെയും ഭരണാധികാരിയുടെയും പ്രധാന ചുമതലകളിൽ പെട്ടതാണ്.

ചില ആളുകൾ എടുത്തുചാടുകയും ഭരണാധികാരികളെയും പണ്ഡിതന്മാരെയും അവഗണിക്കുകയും ചെയ്താൽ, അത് വലിയ ഫിത്‌നകൾക്കും സലഫുകളുടെ മാർഗ്ഗത്തിൽ നിന്നുള്ള വ്യതിയാനത്തിനും കാരണമാകും. അതിനാൽ അല്ലാഹുവിനെ ഭയപ്പെടുക, നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും നമ്മിലാരും മറ്റുള്ളവരാൽ വലിച്ചിഴക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

അല്ലാഹു തൃപ്തിപ്പെടുന്ന കാര്യങ്ങളിലേക്ക് അവൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ. സത്യത്തെ സത്യമായി കാണാനും അത് പിൻപറ്റാനും, അസത്യത്തെ അസത്യമായി കണ്ട് അതിൽ നിന്ന് വിട്ടുനിൽക്കാനും അവൻ നമ്മെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നന്മയിലേക്കും ശരിയായ മാർഗ്ഗത്തിലേക്കും എല്ലാവർക്കും തൗഫീഖ് നൽകാനും, നമ്മുടെ ഭരണാധികാരികളെ സത്യം കൊണ്ട് സഹായിക്കാനും, ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വേണ്ടി അവർക്ക് ഏറ്റവും നല്ല പ്രതിഫലം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.1

  1. الأصول الشرعية عند حلول الشبهات ↩︎

Share This Article
Leave a Comment