വിജ്ഞാന സദസ്സുകളിൽ നിന്നും പ്രയോജനമെടുക്കുന്നതിനുള്ള വ്യക്തമായ ഉപദേശങ്ങൾ

45 Min Read

ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ്

സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവൻ ഉദ്ദേശിച്ചവരെ തന്റെ പൊരുത്തത്തിന്റെ വഴികളിലേക്ക് അവൻ വഴിനടത്തി. അവൻ ഉദ്ദേശിച്ചവരെ അവൻ പഠിപ്പിച്ചു. അവൻ തിരഞ്ഞെടുത്തവർക്ക് അവൻ മര്യാദകൾ നൽകി. മഹത്തായ അനുഗ്രഹങ്ങളും ധാരാളം ദാനങ്ങളും നൽകി നമ്മെ അനുഗ്രഹിച്ചതിന് അവന് സ്തുതി. അവൻ ധാരാളമായി അനുഗ്രഹിച്ചതുപോലെ അവന് ധാരാളമായി സ്തുതികളർപ്പിക്കുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും അവൻ – جل جلاله – നമ്മോട് ഔദാര്യം കാണിക്കുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്തതുപോലെ അവന് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു.

ഞാൻ അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുന്നു. എല്ലാ നന്മകളും അവനിലാണെന്ന് ഞാൻ പ്രകീർത്തിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നബി ﷺ യുടെ മേലും അവിടുത്തെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ.

അല്ലാഹു – جل وعلا – ഇഷ്ടപ്പെടുകയും പൊരുത്തപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെയും നിങ്ങളെയും അവൻ ഉപയോഗപ്പെടുത്തണമെന്നും, നന്മയുടെ വഴികൾ നമുക്കെല്ലാവർക്കും അവൻ എളുപ്പമാക്കിത്തരണമെന്നും, തിന്മയുടെ വഴികൾ നമ്മിൽ നിന്നും അവൻ കൊട്ടിയടക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. തീർച്ചയായും അവൻ – سبحانه – അങ്ങേയറ്റം ഔദാര്യമുള്ളവനും മാന്യനുമാണ്.

ഏതൊരു വിജ്ഞാന ദൗറയ്ക്കും അല്ലെങ്കിൽ വിജ്ഞാന സദസ്സുകൾക്കും അത് നിലനിൽക്കുന്ന ചില അടിസ്ഥാനങ്ങൾ (أركان) ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ആ അടിസ്ഥാനങ്ങൾ നാലെണ്ണമാണ്:

  • ഒന്നാമത്തേത്: ആ വിജ്ഞാന സദസ്സുകൾക്ക് മുന്നോടിയായുള്ള അനുയോജ്യമായ സംഘാടനം (التنظيم المناسب).
  • രണ്ടാമത്തേത്: അദ്ധ്യാപകന്റെ (ശൈഖിന്റെ) സാന്നിധ്യം.
  • മൂന്നാമത്തേത്: താല്പര്യവും പരിശ്രമവുമുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യം.
  • നാലാമത്തേത്: ചുരുങ്ങിയ കാലയളവിലേക്ക് വലിയൊരു വിഭാഗം ആളുകൾ പങ്കെടുക്കുന്ന ദൗറകൾ സംഘടിപ്പിക്കാൻ അനുയോജ്യമായ സ്ഥലത്തിന്റെ സാന്നിധ്യം.

ഒന്നാമത്തെ അടിസ്ഥാനം: അനുയോജ്യമായ സംഘാടനം

ഈ ദർസുകളിൽ നിന്നുള്ള വലിയ പ്രയോജനം മികച്ച സംഘാടനത്തിലും മുൻകൂട്ടിയുള്ള തയ്യാറെടുപ്പിലുമാണെന്നതിൽ സംശയമില്ല. അതിലൂടെയാണ് ഇത്തരം ദൗറകളിൽ നിന്നോ ദർസുകളിൽ നിന്നോ യഥാർത്ഥ പ്രയോജനം ലഭിക്കുന്നത്.

ഈ ദർസുകൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് സംഘാടനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പള്ളിയുടെ ഇമാം, അല്ലെങ്കിൽ പ്രബോധന വിഭാഗത്തിലോ പ്രബോധന കേന്ദ്രത്തിലോ (മർകസുദ്ദഅ്‌വ) പ്രവർത്തിക്കുന്ന സഹോദരങ്ങൾ എന്നിവരായിരിക്കും സംഘാടകർ.

സംഘാടകർ നിർബന്ധമായും വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യകതയും, ഈ ദർസുകൾ ആഗ്രഹിക്കുന്ന യുവാക്കളുടെ ആവശ്യകതയും പരിഗണിക്കേണ്ടതുണ്ട്. ഈ ആവശ്യകത സ്ഥലകാലങ്ങൾക്കനുസരിച്ചും, അദ്ധ്യാപകർക്കനുസരിച്ചും, വിദ്യാർത്ഥികൾ പഠിക്കുന്ന പാഠ്യപദ്ധതികൾക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.

അതിനാൽ അവർ നാടും പള്ളിയുമാകുന്ന സ്ഥലം പരിഗണിക്കേണ്ടതുണ്ട്. അതുപോലെ കാലത്തെയും പരിഗണിക്കേണ്ടതുണ്ട്; കാരണം മഞ്ഞുകാലത്തെ ദൗറകളുടെ ക്രമീകരണങ്ങളും സമയവും വേനൽക്കാലത്തെ ദൗറകളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കും. ഒരു ദൗറയോ വിജ്ഞാന സദസ്സുകളോ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത് തന്റെ പള്ളിയിൽ സംഘടിപ്പിക്കുന്നത് അനുയോജ്യമായിക്കൊള്ളണമെന്നില്ല. കാരണം പ്രയോജനമെടുക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം വിദ്യാർത്ഥികൾ അതിൽ പങ്കെടുക്കാൻ എത്തും.

ഇത് സ്ഥലം സജ്ജമാക്കുന്നതിലേക്ക് വിരൽചൂണ്ടുന്നു. അതായത് ആ സ്ഥലം അതിന് അനുയോജ്യമാണോ എന്നതിലും, മികച്ച ശീതീകരണ സംവിധാനങ്ങൾ ഉണ്ടോ എന്നതിലും, പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും എളുപ്പമുള്ളതാണോ എന്നതിലുമെല്ലാം ശ്രദ്ധിക്കണം. അതിനാൽ സ്ഥലത്തിന്റെയും കാലത്തിന്റെയും അവസ്ഥ പരിഗണിക്കുക എന്നത് അനിവാര്യമാണ്.

പിന്നീട് ദൗറ ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ സംഘാടകർ അതിന്റെ സംഘാടനത്തിലും ക്രമീകരണത്തിലും പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ശൈഖുമാരുമായുള്ള ക്രമീകരണങ്ങൾ ആറ് മാസമോ അഞ്ച് മാസമോ നാല് മാസമോ മുമ്പ് തന്നെ നടത്തിയിരിക്കണം; അവർക്ക് അവരുടെ കാര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ വേണ്ടിയാണിത്.

ചില സഹോദരങ്ങൾ ദർസുകളും ദൗറകളും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുകയും, രണ്ടാഴ്ചയോ മൂന്നാഴ്ചയോ അല്ലെങ്കിൽ ഒരു മാസമോ മുമ്പ് മാത്രം അതിൽ പങ്കെടുക്കാൻ ചില ശൈഖുമാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അവരിൽ നിന്നും സമ്മതം ലഭിച്ചില്ല. കാരണം, ആ ആവശ്യം സ്വീകരിക്കുന്നതിൽ നിന്നും അവരെ തടയുന്ന മറ്റു ചില ബാധ്യതകൾ അവർക്കുണ്ടായിരുന്നു. പ്രത്യേകിച്ച്, അനേകം ആളുകൾക്ക് മറ്റു പല ക്രമീകരണങ്ങളുമുണ്ടാകുന്ന അവധിക്കാലങ്ങളിൽ.

അതിനാൽ എല്ലാവരുമായുള്ള ഏകോപനം എളുപ്പമാക്കുന്നതിനും, പങ്കെടുത്തേക്കാവുന്ന പണ്ഡിതന്മാർ, ശൈഖുന്മാർ, വിദ്യാർത്ഥികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് കൃത്യമാക്കുന്നതിനും വേണ്ടി ആവശ്യമായത്ര സമയം മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

സംഘാടനത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം, ദൗറകൾക്ക് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് മുൻകൂട്ടി മനസ്സിലാക്കിയവരുമായി ചേർന്ന് സംഘാടകർ ദൗറ ക്രമീകരിക്കുക എന്നതാണ്. ഉദാഹരണത്തിന്: ആദ്യമായി ഒരു ദൗറ സംഘടിപ്പിക്കുന്നതിനായി സൗദി അറേബ്യയുടെ ഉള്ളിലോ പുറത്തോ ഉള്ള ഏതെങ്കിലും ഒരു നാട് തിരഞ്ഞെടുക്കുകയാണെങ്കിൽ, വിജയകരമായ ദൗറകളും വിജ്ഞാന സദസ്സുകളും സംഘടിപ്പിച്ചവരുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. കാരണം, ഒരു സത്യവിശ്വാസി കൂടിയാലോചന നടത്തുന്നവനാണ്. കൂടിയാലോചിച്ചവൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മുൻപരിചയമില്ലാത്തതിനാലും കൂടിയാലോചന നടത്താത്തതിനാലും ചില ദൗറകൾ പരാജയപ്പെട്ടിട്ടുണ്ട്.

ദൗറകളുടെ സംഘാടനം എന്നത് കേവലം കടലാസിലെ ക്രമീകരണമല്ല. അങ്ങനെയാകുമ്പോൾ ആളുകൾ വന്നെത്തുകയും സമയവും സ്ഥലവും ഒത്തുവരികയും ചെയ്യുമ്പോൾ അവിടെ ചില പിഴവുകൾ സംഭവിച്ചേക്കാം. അതിനാൽ വിജയകരമായി പൂർത്തിയായ ദൗറകളുടെ അവസ്ഥ പരിശോധിക്കേണ്ടത് അനിവാര്യമാണ്, അവ എങ്ങനെയാണ് വിജയിച്ചത് എന്ന് നോക്കണം. ദൗറകളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, വിദ്യാർത്ഥികൾക്ക് പ്രയോജനം നൽകുന്നതിൽ സംഘാടകർ ശ്രദ്ധ പുലർത്തുക എന്നതാണ്.

ഇതിൽ പങ്കെടുക്കുന്നവരിൽ പ്രഭാഷണങ്ങൾക്ക് അനുയോജ്യരായവർ ഉണ്ടാകാം എന്നത് പരസ്യമായ കാര്യമാണ്. എന്നാൽ അവർക്ക് പഠിപ്പിക്കൽ എന്ന കല (فن التعليم) നന്നായി അറിയണമെന്നില്ല. ഇനി പഠിപ്പിക്കാൻ നന്നായി അറിയാമെങ്കിൽ തന്നെ, ഇത്തരത്തിലുള്ള തീവ്രമായ ദൗറകളിൽ പഠിപ്പിക്കൽ എന്ന കല അവർക്ക് വഴങ്ങണമെന്നില്ല. അതുപോലെത്തന്നെ, തനിക്ക് നന്നായി അറിയാവുന്ന വിജ്ഞാനം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ കഴിയാത്തവരും അവരിലുണ്ടാകാം.

അതിനാൽ സംഘാടകർ സ്ഥലം പരിഗണിക്കുകയും അത് സജ്ജമാക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ സമയം പരിഗണിക്കാനും, അദ്ധ്യാപകനെ തിരഞ്ഞെടുക്കാനും, വിജ്ഞാന ശാഖകൾ തിരഞ്ഞെടുക്കാനും, വിഷയങ്ങൾ തിരഞ്ഞെടുക്കാനും, ഗ്രന്ഥങ്ങളും മത്നുകളും തിരഞ്ഞെടുക്കാനും അവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം തികഞ്ഞ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. ഇത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല.

അതുകൊണ്ടാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മസ്ജിദിൽ ഈ വിജ്ഞാന സദസ്സുകൾക്ക് നേതൃത്വം നൽകുന്ന സഹോദരങ്ങളുടെ – അതിൽ മുൻപന്തിയിലുള്ള സഹോദരൻ ഫഹദ് അൽ-ഗുറാബ് (അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ), അതുപോലെയുള്ള മറ്റു സഹോദരങ്ങളുടെയും – നന്മകളിൽ പെട്ടൊരു കാര്യമായി ഇത് മാറിയത്. അതായത്, വിഷയങ്ങളും, വിജ്ഞാന ശാഖകളും, മത്നുകളും തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും ഉചിതമായതെന്താണെന്ന് അവർ പണ്ഡിതന്മാരുമായി കൂടിയാലോചിക്കാറുണ്ട്.

പണ്ഡിതന്മാർക്ക് അനുയോജ്യമായതും അനുയോജ്യമല്ലാത്തതും ഏതാണെന്നതിൽ നല്ല മുൻപരിചയമുണ്ട്. മുൻകാല ദൗറകളിൽ നിന്നും അവരത് മനസ്സിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ന മത്ന് അതിന്റെ ഉള്ളടക്കം ചിതറിക്കിടക്കുന്നതിനാലോ, അല്ലെങ്കിൽ അതിന്റെ ശൈലിയിലുള്ള ദൗർബല്യം കാരണത്താലോ, അല്ലെങ്കിൽ ഈ വിഷയത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും അതിൽ ഉൾക്കൊള്ളാത്തതിനാലോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ അത് അനുയോജ്യമല്ല എന്ന് അവർക്ക് അറിയാം. അതിനാൽ ഈ ദൗറകൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ വിജ്ഞാനം നന്നായി അറിയുന്നവരുമായി കൂടിയാലോചിച്ച് ക്രമീകരണങ്ങൾ നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

രണ്ടാമത്തെ അടിസ്ഥാനം: അദ്ധ്യാപകൻ

ദർസുകൾ നൽകുന്ന ശൈഖ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ശൈഖുമാർ അവരുടെ തയ്യാറെടുപ്പുകളുടെ കാര്യത്തിൽ വ്യത്യസ്തരായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല; കാരണം അല്ലാഹു – جل وعلا – മനുഷ്യർക്ക് വ്യത്യസ്ത കഴിവുകളാണ് നൽകിയിട്ടുള്ളത്. മുൻഗാമികൾക്ക് ലഭിക്കാത്തത് പിൻഗാമികൾക്ക് അവൻ നൽകിയേക്കാം. മുതിർന്നവർക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത് ചെറിയവർക്ക് അവൻ നൽകിയേക്കാം. ദർസുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മധ്യവയസ്കരായ ആളുകൾ യുവാക്കളോട് കൂടുതൽ അടുപ്പമുള്ളവരായിരിക്കാനും സാധ്യതയുണ്ട്.

ഒരു പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിപ്പിക്കാനായി ഒരു മത്ന് നൽകപ്പെട്ടേക്കാം. യഥാർത്ഥത്തിൽ ആ മത്ന് എല്ലാ ആഴ്ചയിലും ഓരോ ദർസ് എന്ന കണക്കിൽ ഒരു വർഷം കൊണ്ട് പഠിപ്പിച്ചു തീർക്കേണ്ടതായിരിക്കാം. അങ്ങനെ പഠിപ്പിക്കുന്നവൻ അതിൽ വിജയിക്കുകയും ചെയ്യും. എന്നാൽ അതിനുള്ള സമയം ഒരാഴ്ച മാത്രമാണെങ്കിൽ, ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ കഴിവുള്ള ആൾക്ക് ഒരുപക്ഷെ ഈ ഒരാഴ്ച കൊണ്ട് അത് സാധിച്ചെന്ന് വരില്ല. അതിനാൽ അദ്ദേഹം മൂന്നോ നാലോ പേജുകൾ വിശദീകരിക്കും, പിന്നീട് മത്നിന്റെ മൂന്നിൽ രണ്ട് ഭാഗവും വിശദീകരിക്കാതെ ബാക്കിവെക്കുകയും ചെയ്യും. അതിനാൽ അദ്ധ്യാപകൻ മത്നിനെ സമയത്തിനനുസരിച്ച് വിഭജിക്കുന്നത് വളരെ നല്ലതാണ്.

ഈ പള്ളിയിലോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലോ നടന്ന മുൻകാല ദൗറകളിൽ സംഭവിച്ചത് എന്താണെന്നാൽ, അദ്ധ്യാപകന്റെ (ശൈഖിന്റെ) വിജ്ഞാനം ദൗറയുടെ സമയത്തേക്കാൾ വളരെ വലുതായിരുന്നു. അതിനാൽ അദ്ദേഹം പ്രയോജനപ്രദമായ നിരവധി വിശദീകരണങ്ങൾ നൽകി. അങ്ങനെ അദ്ദേഹത്തിന് സമയം പോരാതെ വരികയും, ആ മത്ന് പൂർത്തിയാക്കാതെ അദ്ദേഹം വിദ്യാർത്ഥികളെ വിട്ടുപോവുകയും ചെയ്തു.

ഈയൊരു സാഹചര്യത്തിൽ, ഇത്തരം ദൗറകളിൽ പങ്കെടുക്കുന്നവർക്ക് ആ പ്രയോജനം നഷ്ടപ്പെടുന്നു. അവരുടെ എണ്ണം നൂറുകണക്കിന് വരും. എന്നാൽ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദരേഖകളിലൂടെ പ്രയോജനമെടുക്കുന്നവരാകട്ടെ, ലക്ഷക്കണക്കിന് ആളുകളായിരിക്കും.

ആഫ്രിക്കയിലോ യൂറോപ്പിലോ ഉള്ള ചില രാജ്യങ്ങൾ സന്ദർശിച്ച പ്രബോധകരായ ചില സഹോദരങ്ങൾ എന്നോട് പറയുകയുണ്ടായി: ഈ പള്ളിയിലോ മറ്റോ നടന്ന ദൗറകൾ അവർ അവിടെ കാസറ്റുകളിൽ റെക്കോർഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പൂർണ്ണമായി വിശദീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്നോ മത്നുകളിൽ നിന്നോ ആണ് ജനങ്ങൾ യഥാർത്ഥത്തിൽ പ്രയോജനമെടുക്കുന്നത്.

അതിനാൽ അദ്ധ്യാപകൻ സമയം ക്രമീകരിക്കേണ്ടതുണ്ട്. വിവരങ്ങൾക്ക് പിന്നാലെ അദ്ദേഹം ഒഴുകിപ്പോകാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ പുസ്തകത്തിലെ ഒന്നോ രണ്ടോ പേജുകൾ അല്ലാതെ മറ്റൊന്നും പൂർത്തിയാക്കാതെ സമയം അവസാനിക്കും. ഇക്കാരണത്താൽ തന്നെ, ദൗറകൾക്ക് നേതൃത്വം നൽകുന്നവർ, ആദ്യത്തെ ഒന്നോ രണ്ടോ ദർസുകൾ കഴിയുമ്പോൾ ശൈഖ് വിഷയത്തിൽ നിന്നും അമിതമായി വ്യതിചലിച്ച് വിശദീകരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ ഓർമ്മപ്പെടുത്തേണ്ടത് അനിവാര്യമാണ്. സമയത്തെ കൃത്യമായി കാത്തുസൂക്ഷിക്കലും അതിൽ ശ്രദ്ധ ചെലുത്തലും നിർബന്ധമാണ്. വിശദീകരണം ആ ചുരുങ്ങിയ സമയവുമായി ഒത്തുപോകുന്നതായിരിക്കണം.

അതുകൊണ്ട് അദ്ധ്യാപകനെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവരിൽ ചിലർ വലിയ തയ്യാറെടുപ്പുകളോടെ ദർസുകൾ മനോഹരമായി നൽകുന്നവരുണ്ട്. ചില സമയങ്ങളിൽ അദ്ധ്യാപകന് തയ്യാറെടുപ്പുകൾ ആവശ്യമായി വരും. എന്നാൽ മറ്റു ചിലപ്പോൾ ആ തയ്യാറെടുപ്പുകൾ വിഷയവും ഉള്ളടക്കവും അവതരണവും ദീർഘിക്കുന്നതിന് കാരണമായേക്കാം. അങ്ങനെ ദർസ് നൽകാൻ വരുന്ന അദ്ധ്യാപകന്റെ മനസ്സിൽ വിവരങ്ങൾ തിങ്ങിക്കൂടുകയും അദ്ദേഹം അവയൊക്കെയും അവതരിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ആ ഗ്രന്ഥത്തിന്റെ വിശദീകരണത്തിൽ വിദ്യാർത്ഥിക്ക് അവയൊന്നും ആവശ്യമായി വരില്ല; കാരണം മത്ന് പൂർണ്ണമായി മനസ്സിലാക്കുക എന്നതാണ് വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഗ്രന്ഥങ്ങളിൽ നിന്നുള്ള വലിയ വിശദീകരണങ്ങളും ഉദ്ധരണികളും ഇത്തരത്തിലുള്ള തീവ്രമായ വിജ്ഞാന ദൗറകൾക്ക് അനുയോജ്യമല്ല. ദൗറകളിലെ അദ്ധ്യാപകൻ ശ്രദ്ധിക്കേണ്ടത്, മത്നിലെ പദപ്രയോഗങ്ങൾ വ്യക്തമാക്കി അത് അവതരിപ്പിക്കുകയും, രചയിതാവിന്റെ ഉദ്ദേശ്യം തെളിവുകൾ സഹിതം വിവരിക്കുകയും, വിഷയത്തിന് യാതൊരു കോട്ടവും തട്ടാത്ത വിധത്തിൽ വേഗത്തിൽ അത് പറഞ്ഞുപോകുകയും ചെയ്യുക എന്നതാണ്. ഇതിന് നല്ല പരിശീലനം ആവശ്യമാണ്. കൂടാതെ ആ ശാഖയിൽ ഉടനടി ഓർത്തെടുക്കാൻ കഴിയുന്ന വിജ്ഞാനവും കുറഞ്ഞ തയ്യാറെടുപ്പും ആവശ്യമാണ്.

വിവരങ്ങൾ പകർന്നു നൽകുന്നതിൽ എളുപ്പമുള്ള മാർഗ്ഗം സ്വീകരിക്കാൻ അദ്ധ്യാപകൻ ബാധ്യസ്ഥനാണ്. അതോടൊപ്പം വിജ്ഞാനപരമായ നേട്ടങ്ങൾ (فوائد) അവതരിപ്പിക്കുകയും വേണം; കാരണം വിജ്ഞാനപരമായ നേട്ടങ്ങൾ ലഭിച്ചില്ലെങ്കിൽ വിജ്ഞാനാന്വേഷികൾ അതിൽ തുടർന്നു നിൽക്കുകയില്ല.

അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകളിൽ പെട്ടതാണ്, അദ്ദേഹം ആ വിജ്ഞാന ശാഖയിൽ അഗാധ പാണ്ഡിത്യമുള്ളവനാകുക എന്നത്. അദ്ദേഹത്തിന്റെ കഴിവ് സ്വീകാര്യമായിരിക്കണം, അദ്ദേഹത്തിന്റെ ഭാഷ മനസ്സിലാക്കാൻ എളുപ്പമുള്ളതും വ്യക്തവുമായിരിക്കണം. സംസാരിക്കുമ്പോൾ അമിതമായ പദപ്രയോഗങ്ങളും കൃത്രിമത്വവും കാണിക്കുന്നതിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കേണ്ടതുണ്ട്.

റെക്കോർഡിംഗിന് തടസ്സമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകനെ തടസ്സപ്പെടുത്താൻ പാടില്ല. സദസ്സിൽ സന്നിഹിതരായവർക്കുള്ള പ്രയോജനം ദർസുകൾ വിശദീകരിക്കുന്നതിലൂടെയും അവ മനഃപാഠമാക്കുന്നതിലൂടെയുമാണ് യാഥാർത്ഥ്യമാകുന്നത്. സന്നിഹിതരാകാത്തവർക്കുള്ള പ്രയോജനം കാസറ്റുകളിൽ റെക്കോർഡ് ചെയ്യപ്പെട്ട ദർസുകൾ കേൾക്കുന്നതിലൂടെയാണ് യാഥാർത്ഥ്യമാകുന്നത്. ഇമാമുദ്ദഅ്‌വ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ യുടെ കിതാബുത്തൗഹീദിന്റെ വിശദീകരണം, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ യുടെ അൽ-വാസിത്വിയ്യയുടെ വിശദീകരണം, ഖുർആൻ തഫ്സീർ എന്നിവ ഉദാഹരണം. അതുപോലെ ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീം رَحِمَهُ اللَّهُ യുടെ വിശദീകരണം, സമാഹത്തുശ് ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് رَحِمَهُ اللَّهُ (അല്ലാഹു സ്വർഗ്ഗത്തിൽ അദ്ദേഹത്തിന്റെ പദവി ഉയർത്തുകയും സ്വിദ്ദീഖുകളോടൊപ്പം അദ്ദേഹത്തെ ചേർക്കുകയും ചെയ്യട്ടെ) നൽകിയ വിശദീകരണം, അതുപോലെത്തന്നെ ശൈഖ് ഇബ്നു ഉസൈമീൻ رَحِمَهُ اللَّهُ, ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله തുടങ്ങിയ നമ്മുടെ നിരവധി ശൈഖുമാരുടെ വിശദീകരണങ്ങളും ഇതിൽ പെടും. ഈ ദർസുകളെല്ലാം റെക്കോർഡ് ചെയ്യപ്പെട്ടതാണ്.

അതിനാൽ തന്റെ ദർസുകൾ സംരക്ഷിക്കപ്പെടുന്നവയാണെന്നും, ഒരുപക്ഷെ നൂറ് വർഷങ്ങൾക്ക് ശേഷവും അത് പ്രയോജനപ്പെടുത്തപ്പെട്ടേക്കാം എന്നും അദ്ധ്യാപകൻ ബോധവാനായിരിക്കണം. അതിനാൽ എല്ലാവരും ശ്രദ്ധിച്ച് കേൾക്കുന്നവരും കാര്യബോധമുള്ളവരുമാണെങ്കിൽ, വിജ്ഞാനം പകരുന്നതിൽ അദ്ധ്യാപകൻ കൂടുതൽ ഉന്മേഷവാനായിരിക്കും. അതുകൊണ്ടാണ് സുഫ്‌യാൻ, മാലിക് رَحِمَهُمَا اللَّهُ തുടങ്ങിയ പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിരുന്നത്: “ഞങ്ങൾ ഉന്മേഷവാന്മാരായിരിക്കുമ്പോൾ ഹദീസ് സനദോടുകൂടി പറയുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് ക്ഷീണം തോന്നുമ്പോൾ സനദ് പറയാതെ മുർസലായി ഉദ്ധരിക്കുമായിരുന്നു.” അതിനാൽ അത് അദ്ധ്യാപകന്റെ മാനസികാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്.

അതുപോലെ വിജ്ഞാനം സ്വീകരിക്കുന്ന വിദ്യാർത്ഥിയെ ആശ്രയിച്ചും അത് മാറും. കാരണം വിദ്യാർത്ഥിയുടെ ചലനങ്ങളും, അവന്റെ തയ്യാറെടുപ്പും, സ്വീകരിക്കുന്ന രീതിയും, ശ്രദ്ധാപൂർവ്വമുള്ള കേൾവിയും, മനോഹരമായി എഴുതിയെടുക്കുന്ന ശീലവുമെല്ലാം വിജ്ഞാനപരമായ നേട്ടങ്ങൾ അവതരിപ്പിക്കാൻ അദ്ധ്യാപകന് കൂടുതൽ ഉന്മേഷം നൽകുന്നതാണ്. പേനയും കടലാസുമാണ് വിദ്യാർത്ഥിയുടെ ആയുധം.

റെക്കോർഡ് ചെയ്യപ്പെടുന്ന ദർസുകൾ വിജയിപ്പിക്കുന്നതിൽ അദ്ധ്യാപകനും വിദ്യാർത്ഥിയും പരസ്പരം സഹകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇടത്തരം നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ വിജ്ഞാന ദൗറകൾ പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിനാൽ അദ്ധ്യാപകൻ തന്റെ വിശദീകരണത്തിൽ സ്വീകരിക്കേണ്ട ശൈലി, വളരെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധം അത്ര ഉയർന്ന നിലവാരത്തിലുള്ളതാകാൻ പാടില്ല, അതുപോലെ തുടക്കക്കാരായ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം വളരെ താഴേക്കിടയിലുള്ളതുമാകാൻ പാടില്ല. മറിച്ച്, അദ്ദേഹത്തിന്റെ ശൈലി ഇവ രണ്ടിനും മധ്യേയായിരിക്കണം. അല്ലാഹു جل وعلا തന്റെ വചനത്തിലൂടെ വിശേഷിപ്പിച്ച റബ്ബാനിയ്യീങ്ങളായ പണ്ഡിതന്മാരുടെ സവിശേഷത ഇതാണ്:

وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ

“മറിച്ച്, നിങ്ങൾ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, അത് പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും റബ്ബാനിയ്യീങ്ങൾ ആകുക.” [ആലുഇംറാൻ – 79]

വിജ്ഞാനം പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനെയാണ് റബ്ബാനിയായ പണ്ഡിതനായി അല്ലാഹു – جل وعلا – വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ വിജ്ഞാനം പഠിക്കുകയും, അത് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കരുതുകയും ചെയ്യുന്നവൻ റബ്ബാനിയ്യീങ്ങളിൽ പെട്ടവനല്ല.

അബൂ അബ്ദില്ലാഹ് അൽ-ബുഖാരി رَحِمَهُ اللَّهُ പറഞ്ഞു: “വിജ്ഞാനത്തിലെ വലിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് മുമ്പായി ചെറിയ കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നവനാണ് റബ്ബാനി.” അതായത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് പഠിപ്പിക്കുന്നവൻ എന്നർത്ഥം.

നബി ﷺ ക്ക് ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന സംസാരശേഷി നൽകപ്പെട്ടിട്ടുണ്ട്. അതിനാൽ സംസാരം ചുരുങ്ങിയതും പ്രയോജനപ്രദവുമാണെങ്കിൽ അത് സാധാരണക്കാരനും ബുദ്ധിമാനും ബുദ്ധി കുറഞ്ഞവനും സന്നിഹിതരായവർക്കും ഗ്രാമീണർക്കുമെല്ലാം എളുപ്പത്തിൽ മനസ്സിലാകും.

അതിനാൽ അദ്ധ്യാപകൻ തന്റെ ഇടത്തരം വിദ്യാർത്ഥികൾക്ക് നിർവചനങ്ങൾ, വ്യവസ്ഥകൾ, നിയമങ്ങൾ എന്നിവ നൽകി പ്രയോജനം ചെയ്യണം. ദൗറകളിൽ അദ്ധ്യാപകൻ അലങ്കാര ശൈലികളിലുള്ള (വർണ്ണനാത്മകമായ) അവതരണങ്ങളും, വർണ്ണനകളിലുള്ള അമിതമായ വ്യതിചലനങ്ങളും ഒഴിവാക്കേണ്ടതുണ്ട്. കാരണം വിദ്യാർത്ഥി ആഗ്രഹിക്കുന്നത് വ്യവസ്ഥകളും വിഭജനങ്ങളും നേരിട്ട് എഴുതിയെടുക്കാനാണ്. ഉദാഹരണത്തിന്, വലിയ ശിർക്കിന്റെ വ്യവസ്ഥ ഇതാണ്, ചെറിയ ശിർക്കിന്റെ വ്യവസ്ഥ ഇതാണ് എന്നിങ്ങനെ അദ്ധ്യാപകൻ പറയുന്നത് അവർക്ക് എഴുതിയെടുക്കണം. ചെറിയ ശിർക്കും മറഞ്ഞ ശിർക്കും തമ്മിലുള്ള വ്യത്യാസമെന്താണ്? ഉദാഹരണത്തിന്: ഈ വിഷയം നാലായി തിരിയുന്നു.. എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയാൻ. ഇതാണ് വിദ്യാർത്ഥിയുടെ കൂടെ എക്കാലവും നിലനിൽക്കുന്നത്. വിജ്ഞാനത്തിൽ അവന് മനസ്സിലാകാത്ത കാര്യങ്ങൾ തുറന്നുകൊടുക്കുന്നത് ഇതാണ്.

എന്നാൽ വർണ്ണനാത്മകമായ ശൈലികൾ വായനയിലൂടെ വിദ്യാർത്ഥിക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഏറ്റവും പ്രയോജനപ്രദമായത് അതിസൂക്ഷ്മമായ വ്യത്യാസങ്ങൾ മനസ്സിലാക്കിക്കൊടുക്കലാണ്. ദൗറകളിൽ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വിശാലമായ ചക്രവാളങ്ങൾ തുറന്നുകൊടുക്കുന്നു. ഒരു ശൈഖിൽ നിന്നും നേരിട്ട് പഠിക്കുന്നതിന്റെ പ്രയോജനം ഇതാണ്. സമാനമായ വിഷയങ്ങളിലെ വിജ്ഞാനപരമായ നേട്ടങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കിക്കൊടുത്തില്ലായിരുന്നെങ്കിൽ ഈ ദർസുകൾക്ക് യാതൊരു പ്രത്യേകതയും ഉണ്ടാകുമായിരുന്നില്ല. മറിച്ച്, ഒരു വിദ്യാർത്ഥി അദ്ധ്യാപകനില്ലാതെ പുസ്തകങ്ങളിൽ നിന്നും വിജ്ഞാനം നേടുന്നതിന് തുല്യമായിത്തീരുമായിരുന്നു അത്.

ഫിഖ്ഹിലെയും അഖീദയിലെയും മുൻഗാമികളുടെ ചില ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ, അവർ അതിന്റെ ഇനങ്ങൾ ‘വാവ്’ (و) അല്ലെങ്കിൽ ‘അവ്’ (أو) എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് അവതരിപ്പിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഉദാഹരണത്തിന് അവർ പറയും: വെള്ളം ത്വാഹിറാണ്, ത്വഹൂറാണ്, നജസാണ്, സംശയാസ്പദമാണ്. അതുപോലെ അവർ പറയും: ശിർക്ക് വലുതാണ്, ചെറുതാണ്, മറഞ്ഞതാണ്. അതിനാൽ അദ്ധ്യാപകൻ ഇത് എളുപ്പമാക്കി കൊടുക്കേണ്ടതുണ്ട്. അദ്ദേഹം പറയണം: ഒന്നാമത്തെ വിഭാഗം, രണ്ടാമത്തെ വിഭാഗം, മൂന്നാമത്തെ വിഭാഗം, എന്നിങ്ങനെ… അല്ലെങ്കിൽ അദ്ദേഹം പറയണം: ഒന്നാമത്തെ ഇനം, രണ്ടാമത്തെ ഇനം, മൂന്നാമത്തെ ഇനം, എന്നിങ്ങനെ…

അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളിലും അദ്ദേഹം ഇപ്രകാരം തന്നെ ചെയ്യണം. വിഷയം അവതരിപ്പിച്ച ശേഷം അതിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ക്രമത്തിൽ പറയണം. ഉദാഹരണത്തിന് അദ്ദേഹം പറയണം: ഒന്നാമത്തെ അഭിപ്രായം, അതിന്റെ തെളിവ്, ആ തെളിവ് അതിലേക്ക് എങ്ങനെ വിരൽചൂണ്ടുന്നു എന്നത്. പിന്നീട് രണ്ടാമത്തെ അഭിപ്രായം പറയുക, അങ്ങനെ തുടർന്ന് പോകുക. അതിനുശേഷം അദ്ദേഹത്തിന് വ്യക്തമായ ഏറ്റവും പ്രബലമായ അഭിപ്രായം ഏതാണെന്ന് പറയുക. ചിലപ്പോൾ മറ്റുള്ളവരുടെ അടുക്കൽ അത് പ്രബലമായ അഭിപ്രായമായിക്കൊള്ളണമെന്നില്ല.

അതുപോലെത്തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്, ദൗറകളിലെ അദ്ധ്യാപകനെ എല്ലാ വിഷയങ്ങളിലും ഒരു ഇമാമായി വിദ്യാർത്ഥി കാണാതിരിക്കുക എന്നത്. അദ്ദേഹം യൂണിവേഴ്സിറ്റിയിലോ മറ്റോ ഉള്ള ഒരു പ്രൊഫസറാണെങ്കിൽ പോലും. കാരണം, അദ്ധ്യാപകനിൽ എന്തെങ്കിലും ന്യൂനതകൾ കണ്ടാൽ വിദ്യാർത്ഥി അദ്ദേഹത്തിൽ നിന്നും പിന്തിരിഞ്ഞു പോകും. ഇമാം അദ്ദഹബി رَحِمَهُ اللَّهُ വിശേഷിപ്പിച്ചതുപോലെയുള്ള ആളുകളിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും അവന് വിജ്ഞാനം നേടാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു: “പുസ്തകങ്ങളിലോ അല്ലെങ്കിൽ മണ്ണിനടിയിലോ അല്ലാതെ അവരെ എനിക്ക് കാണാൻ കഴിയില്ല.” (അതായത് ജീവിച്ചിരിപ്പില്ലാത്ത മുൻകാല പണ്ഡിതന്മാർ).

അദ്ധ്യാപകനിൽ നീ ഒരിക്കലും പ്രയാസകരമായ നിബന്ധനകൾ വെക്കരുത്. ഇത് കാരണം നീ അദ്ദേഹത്തെയും മറ്റുള്ളവരെയും വിമർശിക്കാൻ തുടങ്ങും. വിജ്ഞാനം പകർന്നു നൽകുമ്പോൾ അല്ലാഹുവിനെ സൂക്ഷിക്കുന്നു എന്നതാണ് അദ്ധ്യാപകനിൽ പ്രധാനമായും ഉണ്ടായിരിക്കേണ്ടത്. അല്ലാഹു – جل وعلا – വിലേക്കോ റസൂലിലേക്കോ ഇസ്ലാം മതത്തിലേക്കോ മതപരമായ വിജ്ഞാനങ്ങളിലേക്കോ പണ്ഡിതന്മാരുടെ വാക്കുകളായി തനിക്കറിയാത്ത കാര്യങ്ങൾ അദ്ദേഹം ചേർത്തുപറയാൻ പാടില്ല. വിജ്ഞാനത്തിൽ തന്റെ വ്യക്തിപരമായ ഗവേഷണങ്ങൾ അദ്ദേഹം ഉൾപ്പെടുത്താനും പാടില്ല; കാരണം വിജ്ഞാന സദസ്സുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്, പണ്ഡിതന്മാർ എങ്ങനെയാണോ വിജ്ഞാനം കൈമാറിയത് അതേപോലെ അത് കൈമാറുക എന്നതാണ്.

ഈ സമുദായത്തിലെ വിജ്ഞാനം എന്നാൽ അല്ലാഹു പറഞ്ഞു, അവന്റെ റസൂൽ പറഞ്ഞു, സ്വഹാബികൾ പറഞ്ഞു, പണ്ഡിതന്മാർ പറഞ്ഞു എന്നത് മാത്രമാണ്. അതിനാൽ അദ്ധ്യാപകനിൽ നീ പ്രയാസകരമായ നിബന്ധനകൾ വെക്കരുത്, അങ്ങനെ ചെയ്താൽ നീ അദ്ദേഹത്തെക്കുറിച്ച് മോശമായി ചിന്തിക്കുകയും, അദ്ദേഹം മുഖേന ലഭിക്കേണ്ട പ്രയോജനം നിനക്ക് നിഷേധിക്കപ്പെടുകയും ചെയ്യും. ഒരു വിഷയത്തിലും അദ്ദേഹത്തിന് ഒരു വീഴ്ചയും സംഭവിക്കരുത് അല്ലെങ്കിൽ യാതൊരു അബദ്ധവും പിണയരുത് എന്നും നീ നിബന്ധന വെക്കരുത്. പ്രത്യേകിച്ചും വിജ്ഞാന ദൗറകളിൽ. കാരണം ചിലപ്പോൾ അദ്ധ്യാപകന് അറിയാത്ത ഒരു വിവരം വിദ്യാർത്ഥിയുടെ പക്കലുണ്ടാകും, ആ വിദ്യാർത്ഥിയിൽ നിന്ന് അദ്ധ്യാപകൻ അത് മനസ്സിലാക്കുകയും ചെയ്തേക്കാം.

ഇബ്നുൽ ഖശ്ശാബ് അൽ-ഹൻബലി رَحِمَهُ اللَّهُ പറയുമായിരുന്നു: “ഞാൻ എന്റെ വിദ്യാർത്ഥികളുടെ വിദ്യാർത്ഥിയാണ്.” ഇത് തികച്ചും ശരിയാണ്. കാരണം അദ്ധ്യാപകനും പ്രയോജനം ലഭിക്കുന്നു. വിദ്യാർത്ഥിക്കും പ്രയോജനം ലഭിക്കുന്നു. അങ്ങനെയാണ് അത് തുടരുന്നത്.

അതിനാൽ പുതുതായി പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ഒരദ്ധ്യാപകൻ, മിഡിൽ സ്കൂളുകളിലോ ഹൈസ്കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കുമ്പോൾ, ആദ്യമായി പഠിപ്പിക്കാൻ തുടങ്ങുന്ന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് അദ്ദേഹത്തിന് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ കാലം കഴിയുന്തോറും അദ്ദേഹം വിദ്യാർത്ഥികളിൽ നിന്ന് കാര്യങ്ങൾ പഠിക്കുന്നത് കുറയുകയും, അതിനേക്കാളുപരി അവർക്ക് കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നവനായി അദ്ദേഹം മാറുകയും ചെയ്യുന്നു. കാരണം അദ്ദേഹം പറയുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിയുന്ന ബുദ്ധിശക്തിയുള്ളവർ അദ്ദേഹത്തിന് മുന്നിലുണ്ടാകും. അതിനാൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യും. എന്നാൽ ചില വിഷയങ്ങൾ വന്നേക്കാം, അതിൽ ശൈഖ് ഹൃദിസ്ഥമാക്കിയിട്ടുള്ളത് ദുർബലമായ അഭിപ്രായമായിരിക്കാം, അല്ലെങ്കിൽ അത് ശരിയല്ലാത്തതായിരിക്കാം, അതുമല്ലെങ്കിൽ അത് കൃത്യമായ ഗവേഷണത്തിലൂടെ ലഭിച്ചതായിരിക്കില്ല. ചിലപ്പോൾ ചില കാര്യങ്ങൾ അദ്ദേഹത്തിന് വിട്ടുപോയേക്കാം, അല്ലെങ്കിൽ ഒരു ഹദീസ് ചേർത്തുപറയുന്നതിലോ മറ്റോ അദ്ദേഹത്തിന് അബദ്ധം പിണഞ്ഞേക്കാം. എന്നാൽ വിദ്യാർത്ഥിക്ക് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം ചിലപ്പോൾ അറിയാമായിരിക്കും.

അതിനാൽ ദൗറകളിലെ വിജ്ഞാനം അദ്ധ്യാപകനും വിദ്യാർത്ഥിക്കും ഇടയിൽ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ്. വിദ്യാർത്ഥിയിൽ നിന്നും വിജ്ഞാനം സ്വീകരിക്കുന്നതിൽ നിന്നും അദ്ധ്യാപകൻ മാറിനിൽക്കാൻ പാടില്ല. അദ്ധ്യാപകന് വിജ്ഞാനം പറഞ്ഞുകൊടുക്കാൻ വിദ്യാർത്ഥി ലജ്ജ വിചാരിച്ച് മടി കാണിക്കാനും പാടില്ല. എന്നാൽ വിദ്യാർത്ഥി തികഞ്ഞ അദബോടെയും ലജ്ജയോടെയും കാര്യങ്ങൾ ചോദിച്ചറിയുന്ന രൂപത്തിലായിരിക്കണം തന്റെ അദ്ധ്യാപകനുമായി അത് ചർച്ച ചെയ്യേണ്ടത്.

അതിനാൽ പ്രഗൽഭരായ ഇമാമുകളിൽ മാത്രം കാണാൻ സാധിക്കുന്ന പ്രയാസകരമായ നിബന്ധനകൾ ഒരു വിദ്യാർത്ഥി തന്റെ അദ്ധ്യാപകനിൽ ചുമത്താൻ പാടില്ല. അഹ്മദ് ബിൻ ഹൻബൽ, അല്ലെങ്കിൽ അൽ-ബുഖാരി, അല്ലെങ്കിൽ ഇബ്നു തൈമിയ്യ പോലെയുള്ള ഇമാമുകളിൽ മാത്രം കാണാൻ കഴിയുന്ന നിബന്ധനകളാണ് അവ.

മൂന്നാമത്തെ അടിസ്ഥാനം: വിദ്യാർത്ഥി

ദൗറകളിൽ പങ്കെടുക്കുന്ന വിജ്ഞാനാന്വേഷിയായ വിദ്യാർത്ഥിയാണിത്. അവന് ചില ഗുണങ്ങളും സവിശേഷതകളും ഉണ്ടായിരിക്കണം.

വിജ്ഞാനമന്വേഷിക്കുന്ന വിദ്യാർത്ഥിക്കുള്ള ഉപദേശങ്ങൾ:

ഒന്നാമത്തെ ഉപദേശം: ഇഖ്ലാസ്വ്

തന്റെ റബ്ബിലുള്ള പ്രതീക്ഷ അവൻ നിഷ്കളങ്കമാക്കണം. അങ്ങനെ വിജ്ഞാനത്തിനും പ്രയോജനത്തിനുമായി അവൻ തന്റെ ഹൃദയം തുറന്നുവെക്കണം. ഹൃദയത്തിലേക്ക് പലവിധ ചിന്തകളും വ്യതിചലനങ്ങളും കടന്നുവരും. അവൻ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരിക്കുമ്പോൾ അവന് പ്രയോജനം ലഭിക്കുന്നത് തടയുന്ന ചില ചിന്തകൾ കടന്നുവന്നേക്കാം. അപ്പോൾ തന്റെ ശ്രദ്ധ തിരിച്ചുപിടിക്കാൻ അവൻ ശ്രമിക്കുമെങ്കിലും അത് പ്രയാസകരമാകും. അങ്ങനെ വിജ്ഞാനങ്ങൾ അവനിൽ കൂടിക്കലരുകയും, പിന്നീട് കേട്ടത് ആദ്യം കേട്ടതിനെ മായ്ച്ചുകളയുകയും ചെയ്യും.

അതിനാൽ മതത്തിൽ അവഗാഹവും, വിജ്ഞാനത്തിൽ നിന്നുള്ള പ്രയോജനവും, അത് നേടിയെടുക്കാനുള്ള ക്ഷമയും നൽകാൻ അല്ലാഹുവിനോട് – جل وعلا – നാം അങ്ങേയറ്റം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം വിജ്ഞാനത്തിന് നിർബന്ധമായും ക്ഷമ ആവശ്യമാണ്. അല്ലാഹുവിനോടുള്ള – جل وعلا – ഇഖ്ലാസ്വും സത്യസന്ധതയും അവനിലേക്കുള്ള ഉത്തമമായ മുന്നേറ്റവും ഇതിന് അത്യാവശ്യമാണ്. കാരണം വിജ്ഞാനം അന്വേഷിക്കുക എന്നത് ഒരു ആരാധനയാണ്. നബി ﷺ പറയുന്നു:

وَإِنَّ الْمَلَائِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِمَا يَصْنَعُ، وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ حَتَّى الْحِيتَانُ فِي الْمَاءِ

“തീർച്ചയായും മലക്കുകൾ വിജ്ഞാനം അന്വേഷിക്കുന്നവന് അവൻ ചെയ്യുന്നതിലുള്ള തൃപ്തിയാൽ തങ്ങളുടെ ചിറകുകൾ താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, വെള്ളത്തിലുള്ള മത്സ്യങ്ങൾ വരെ പണ്ഡിതന് വേണ്ടി പാപമോചനം തേടുന്നതാണ്.” [സുനനു അബീദാവൂദ് – 3641]

ഇതൊരു മഹത്തായ ശ്രേഷ്ഠതയാണ്. അതിനാൽ അല്ലയോ വിദ്യാർത്ഥീ, അല്ലാഹുവിനെക്കുറിച്ച് – جل وعلا – നീ നല്ലത് വിചാരിക്കുകയും അവനോട് തേടുകയും ചെയ്യുക. നിന്റെ ഹൃദയത്തെ വിജ്ഞാനത്തിനായി അല്ലാഹു – جل وعلا – തുറന്നുതരാനും, നിന്റെ ഹൃദയത്തിൽ വിജ്ഞാനം ഉറപ്പിച്ചു നിർത്താനുമാണത്.

രണ്ടാമത്തെ ഉപദേശം: ആവശ്യമായവ സജ്ജമാക്കൽ

പേന, കടലാസ് പോലെയുള്ളവ സജ്ജമാക്കുക. ദർസിനു മുമ്പായി തന്റെ പേന അവൻ പരിശോധിക്കേണ്ടതാണ്. അൽ-ഖത്വീബുൽ ബഗ്ദാദി رَحِمَهُ اللَّهُ തന്റെ ‘ജാമിഉൽ ജാമിഅ്’ എന്ന ഗ്രന്ഥത്തിലും, ഇബ്നു അബ്ദിൽ ബർറ് رَحِمَهُ اللَّهُ തന്റെ ‘അൽ-ജാമിഉ ലി ബയാനിൽ ഇൽമി വ ഫദ്ലിഹി’ എന്ന ഗ്രന്ഥത്തിലും മറ്റു പലരും ഇക്കാര്യം പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥി സദസ്സിൽ വരികയും, എന്നാൽ പേന മറന്നുപോവുകയോ അല്ലെങ്കിൽ പേനയിൽ മഷിയില്ലാതിരിക്കുകയോ ചെയ്യുന്നത് അവന്റെ വീഴ്ചകളിൽ പെട്ടതാണ്.

ഇനി കടലാസിന്റെ കാര്യമെടുത്താൽ, ഓരോ വിജ്ഞാന ശാഖയ്ക്കും ഓരോ നോട്ട്ബുക്കുകളോ അല്ലെങ്കിൽ ഒന്നിലധികം നോട്ട്ബുക്കുകളോ അവൻ തയ്യാറാക്കേണ്ടതുണ്ട്. അവ കൃത്യമായി ക്രമീകരിച്ചിട്ടുള്ളതുമായിരിക്കണം. ഇതെല്ലാം അവന്റെ ചിന്തകളുടെ ക്രമീകരണത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ വിദ്യാർത്ഥിയുടെ ചിന്തകൾ ചിതറിക്കിടക്കുന്നതാണെങ്കിൽ അതിന്റെ സ്വാധീനം അവന്റെ വിജ്ഞാനത്തിലും അവന്റെ നോട്ട്ബുക്കുകളിലും പ്രകടമാകും.

ഒന്നിലധികം വിജ്ഞാന ശാഖകൾ ഒരേ നോട്ട്ബുക്കിൽ എഴുതുന്നതിൽ നിന്നും വിദ്യാർത്ഥി വിട്ടുനിൽക്കേണ്ടതുണ്ട്. അതുപോലെ പുസ്തകത്തിന്റെ വശങ്ങളിൽ കുറിപ്പുകൾ എഴുതുന്നതും ഒഴിവാക്കണം. കാരണം അങ്ങനെ എഴുതുമ്പോൾ അക്ഷരങ്ങൾ തിങ്ങിക്കൂടുകയും, പിന്നീട് അത് നോക്കി വായിക്കാൻ അവന് സാധിക്കാതെ വരികയും ചെയ്യും.

ഇക്കാരണത്താലാണ് ചെറിയ അക്ഷരങ്ങളിൽ എഴുതുന്നതിനെക്കുറിച്ച് ഇമാം അഹ്മദ് رَحِمَهُ اللَّهُ വിനോട് ചോദിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു: “ഞാനത് വെറുക്കുന്നു, കാരണം എപ്പോഴാണ് അവന് അത് ആവശ്യമായി വരികയെന്ന് അവനറിയില്ല. ഒരുപക്ഷെ അവന് അത് ആവശ്യമായി വരികയും, എന്നാൽ അത് വായിച്ചെടുക്കാൻ അവന് കഴിയാതെ വരികയും ചെയ്തേക്കാം.” ഈ പറഞ്ഞത് തികച്ചും ശരിയാണ്. പുസ്തകങ്ങളുടെ വശങ്ങളിൽ എഴുതുന്ന കുറിപ്പുകൾ നേരെയാകണമെന്നില്ല, അവ താഴേക്ക് പോയേക്കാം, അച്ചടിച്ച വരികളുമായി അത് കൂടിക്കലർന്നേക്കാം, അതുപോലെ ആ കൈയക്ഷരം ഭംഗിയുള്ളതുമാകണമെന്നില്ല. അല്ലാഹുവിന് സ്തുതി, ഇന്നത്തെ കാലത്ത് കടലാസുകൾ ധാരാളമായി ലഭ്യമാണ്, അതിന് വിലയും കുറവാണ്.

നോട്ട്ബുക്കുകളിൽ എഴുതുന്നതിന് ഒരു ക്രമമുണ്ട്: താൻ പഠിക്കുന്ന മത്ന് എടുത്തിട്ട് അതിൽ ഒന്നുമുതൽ അവസാനം വരെ തുടർച്ചയായി അക്കങ്ങൾ നൽകുക. അദ്ധ്യാപകൻ വിശദീകരണം നൽകുന്ന ഓരോ വിഷയവും ഒരു പ്രത്യേക പേജിൽ എഴുതുക. മറ്റൊരു വിശദീകരണം അടുത്ത പേജിൽ എഴുതുക. അത് കേവലം ഒരു വരി മാത്രമാണെങ്കിൽ പോലും അങ്ങനെ ചെയ്യുക. പേജ് വെറുതെ കിടക്കുകയാണല്ലോ എന്ന് പറയരുത്; കാരണം ഏതെങ്കിലുമൊരു ദിവസം അവന് അത് ആവശ്യമായി വന്നേക്കാം. ശൈഖ് വിശദീകരിക്കാത്ത ഏതെങ്കിലും ഒരു വിഷയത്തിൽ അവന് കൂടുതൽ വിശദീകരണം നൽകണമെന്നുണ്ടെങ്കിൽ, ആ വിഷയത്തിന്റെ അടിസ്ഥാനം അവിടെ എഴുതുകയും അതിനുശേഷം അവന്റെ പക്കലുള്ള വിവരങ്ങൾ അതിൽ ചേർക്കുകയും ചെയ്യാവുന്നതാണ്. ഇൻഷാ അല്ലാഹ്, ഭാവിയിൽ ആ വിദ്യാർത്ഥിക്ക് വലിയൊരു വിശദീകരണ ഗ്രന്ഥം തയ്യാറാക്കുന്നതിന് ഈ കുറിപ്പുകൾ അടിസ്ഥാനമായിത്തീരും.

മൂന്നാമത്തെ ഉപദേശം: മുഴുവൻ ദർസുകളിലും പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥി ശ്രദ്ധിക്കേണ്ടത്

മുഴുവൻ ദർസുകളിലും പങ്കെടുക്കാൻ സാധിക്കാത്ത, എന്നാൽ തന്റെ ഒഴിവുസമയത്തിനനുസരിച്ച് ക്ലാസുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണെങ്കിൽ; തന്റെ വിജ്ഞാനപരമായ കഴിവ് പൂർണ്ണമാക്കുന്നതിന് ദീനിൽ തനിക്ക് ഏറ്റവും ആവശ്യമുള്ള വിജ്ഞാന ശാഖ അവൻ തിരഞ്ഞെടുക്കണം.

ഉദാഹരണത്തിന്, ഒരുപക്ഷെ ആ വിദ്യാർത്ഥി തൗഹീദ് പഠിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ കാലങ്ങൾക്ക് മുമ്പ് പഠിച്ചതായതിനാൽ അതൊന്ന് ഓർത്തെടുക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ അവൻ തിരഞ്ഞെടുക്കേണ്ട അടിസ്ഥാന വിഷയം ഇതായിരിക്കണം. ബാക്കിയുള്ള സമയം മറ്റു വിഷയങ്ങൾക്കും ശാഖകൾക്കുമായി അവൻ മാറ്റിവെക്കണം. അതിനാൽ വിജ്ഞാനാന്വേഷിയായ വിദ്യാർത്ഥിക്ക് അനുയോജ്യമായ സമയവും വിജ്ഞാന ശാഖയും തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.

നാലാമത്തെ ഉപദേശം: ദർസുകൾക്കായുള്ള മികച്ച മുന്നൊരുക്കം

ദർസുകൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുമ്പോൾ അവനെങ്ങനെയാണ് മുന്നൊരുക്കം നടത്തുക?

  • ശൈഖിൽ നിന്നും വിശദീകരണം കേൾക്കുന്നതിന് മുമ്പായി ആ മത്ന് മനഃപാഠമാക്കിക്കൊണ്ടായിരിക്കണം അവൻ മുന്നൊരുക്കം നടത്തേണ്ടത്. അതിലൂടെ ശരിയായ രൂപത്തിലുള്ള വിജ്ഞാനപരമായ അടിത്തറ അവന് രൂപപ്പെടുന്നു.
  • അതുപോലെ അവന് ആവശ്യമുള്ള വിഷയങ്ങൾ പരിശോധിച്ചുകൊണ്ടുമായിരിക്കണം അവൻ തയ്യാറെടുപ്പുകൾ നടത്തേണ്ടത്. അതായത്, ഏതാനും വരികളോ അല്ലെങ്കിൽ ഒരു പേജോ വായിക്കുമ്പോൾ അതിൽ അപരിചിതമായ ചില വിഷയങ്ങൾ അവൻ ശ്രദ്ധിച്ചേക്കാം. അത് അദ്ധ്യാപകനിൽ നിന്നും മനസ്സിലാക്കുന്നതിനായി അവൻ തയ്യാറെടുക്കണം. വിദ്യാർത്ഥിയുടെ തയ്യാറെടുപ്പ് അദ്ധ്യാപകന്റെ തയ്യാറെടുപ്പ് പോലെ ആയിരിക്കണമെന്ന് നിബന്ധനയില്ല.
  • ഈ തയ്യാറെടുപ്പ് കൊണ്ട് അവൻ പഠിക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് തന്റെ കഴിവിനെ അദ്ധ്യാപകൻ നൽകുന്ന വിജ്ഞാനവുമായി അവൻ താരതമ്യം ചെയ്യുക എന്നത് കൂടിയാണ്.

കാലക്രമേണ വിദ്യാർത്ഥിയുടെ കഴിവ് വർദ്ധിക്കാൻ ഈ രീതി കാരണമാകുന്നു. വിദ്യാർത്ഥി മുന്നൊരുക്കങ്ങൾ നടത്തുകയും, ശൈഖ് ആ ഗ്രന്ഥത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും, താൻ ആ ഗ്രന്ഥത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും അവൻ നിരീക്ഷിക്കുകയും വേണം.

ഉദാഹരണത്തിന്: പഠിക്കാൻ നിശ്ചയിക്കപ്പെട്ട ഗ്രന്ഥം ‘ബുലൂഗുൽ മറാം’ ആണെന്നിരിക്കട്ടെ. അതിലെ വിഷയം ‘കിതാബുസ് സ്വലാത്ത്’ (നമസ്കാരത്തിന്റെ അധ്യായം) ആണ്. അതിലെ ഒരു ഹദീസിനെക്കുറിച്ച് ‘സുബുലുസ്സലാം’, ‘ഫത്ഹുൽ ബാരി’ പോലെയുള്ള ഗ്രന്ഥങ്ങൾ പരിശോധിച്ചുകൊണ്ട് അവൻ തയ്യാറെടുപ്പുകൾ നടത്തുന്നു. എന്നിട്ട് തനിക്ക് അതിൽ നിന്നും ലഭിച്ച ഫലമെന്താണെന്ന് വിദ്യാർത്ഥി നോക്കുന്നു. പിന്നീട് ശൈഖ് ആ ഹദീസിനെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് അവൻ താരതമ്യം ചെയ്യുന്നു. തീർച്ചയായും അവന് അറിയാത്ത പല പ്രയോജനങ്ങളും അവന് അതിലൂടെ ലഭിക്കുമെന്നതിൽ സംശയമില്ല.

അദ്ധ്യാപകൻ ചെയ്യേണ്ടത്, തന്റെ വിദ്യാർത്ഥികളിൽ നിന്നും പഠിപ്പിക്കാൻ കഴിവുള്ളവരെ കണ്ടെത്തുകയും അവർക്ക് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുക എന്നതാണ്. എങ്ങനെ പഠിപ്പിക്കണം, എങ്ങനെ പഠിക്കണം, വിഷയങ്ങൾ എങ്ങനെ ക്രമീകരിക്കണം എന്നീ കാര്യങ്ങൾ അദ്ദേഹം അവർക്ക് വ്യക്തമാക്കിക്കൊടുക്കണം. ചിലപ്പോൾ ഒരു വിദ്യാർത്ഥി തന്റെ അദ്ധ്യാപകന്റെ അടുക്കൽ വന്നിട്ട് പറഞ്ഞേക്കാം: “കഴിഞ്ഞ വർഷം നടന്ന ദൗറയിൽ ഞാൻ താങ്കളുടെ ക്ലാസ്സിൽ പങ്കെടുത്തിരുന്നു, താങ്കളിൽ നിന്നും ബുലൂഗുൽ മറാമിന്റെ വിശദീകരണം (അല്ലെങ്കിൽ അർബഈന നവവിയ്യയുടെ വിശദീകരണം) ഞാൻ കേട്ടിട്ടുണ്ട്…” വിദ്യാർത്ഥികളുടെ ആധിക്യം കാരണം അദ്ധ്യാപകൻ ചിലപ്പോൾ അവനെ മറന്നേക്കാം, ചിലപ്പോൾ ഓർത്തെന്നും വരാം. എന്നാൽ പരിശ്രമിയായ ഒരു വിദ്യാർത്ഥിയെ അദ്ദേഹം ഒരിക്കലും മറക്കില്ല. കാരണം ആ വിദ്യാർത്ഥി മത്നിനെ കൈകാര്യം ചെയ്യുന്ന മനോഹരമായ രീതി, അവൻ ഹദീസ് മനസ്സിലാക്കുന്ന രീതി, തന്റെ അദ്ധ്യാപകരോടുള്ള അവന്റെ അദബ് എന്നിവയെക്കുറിച്ചെല്ലാം അദ്ധ്യാപകന് ഒരു ധാരണയുണ്ടായിരിക്കും.

അഞ്ചാമത്തെ ഉപദേശം: അദ്ധ്യാപകനിൽ നിന്നുള്ള വിവരങ്ങൾ എഴുതിയെടുക്കൽ

മുൻകാല ദൗറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടവയെ മാത്രം വിദ്യാർത്ഥി ആശ്രയിക്കാൻ പാടില്ല. ‘റെക്കോർഡുകൾ ലഭ്യമായതിനാൽ എഴുതിയെടുക്കേണ്ട ആവശ്യമില്ല’ എന്ന് വിദ്യാർത്ഥി പറയാൻ പാടില്ല. ചില വിദ്യാർത്ഥികൾക്ക് സംഭവിക്കുന്ന വലിയൊരു അബദ്ധമാണിത്. ശൈഖ് പറയുന്നത് വിദ്യാർത്ഥി എഴുതിയെടുക്കുന്നത് അവന്റെ വിജ്ഞാനപരമായ തയ്യാറെടുപ്പുകളെയും വിജ്ഞാനത്തോടുള്ള അവന്റെ പെരുമാറ്റത്തെയും സ്വാധീനിക്കുന്ന കാര്യമാണ്. അതിനാൽ വിജ്ഞാനത്തിന് നിർബന്ധമായും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഠിനാധ്വാനവും സഹിക്കേണ്ടതുണ്ട്.

എഴുതുന്നതിലൂടെ വിജ്ഞാനത്തെ സംഗ്രഹിക്കാനുള്ള ഒരു കഴിവ് അവനിൽ രൂപപ്പെടുന്നു. കാരണം അദ്ധ്യാപകൻ പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി എഴുതിയെടുക്കാൻ അവന് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ, അദ്ധ്യാപകൻ പറഞ്ഞുകൊടുക്കുന്നത് വിദ്യാർത്ഥി പകർത്തിയെഴുതുന്നതും അവൻ കേൾക്കുന്നതും തമ്മിൽ വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. അദ്ധ്യാപകൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും അവൻ കേട്ടത് സംഗ്രഹിച്ച് എഴുതുമ്പോൾ അതിൽ വലിയ കുറവുകൾ സംഭവിച്ചേക്കാം.

അങ്ങനെയെങ്കിൽ എഴുതുന്നത് കൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? വിദ്യാർത്ഥിക്ക് സംഗ്രഹിക്കാനുള്ള കഴിവ് പരിശീലിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അങ്ങനെ അവൻ കേൾക്കുകയും പിന്നീട് സംഗ്രഹിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തിൽ ശൈഖ് വേഗത്തിൽ സംസാരിക്കുകയും വിദ്യാർത്ഥിക്ക് അത് എഴുതിയെടുക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നത് കാണാം. രണ്ടാമത്തെ തവണ അവന് എഴുതാൻ സാധിക്കും, പക്ഷേ ചില കാര്യങ്ങൾ അവന് നഷ്ടപ്പെട്ടേക്കാം. അങ്ങനെ ഒരു സമയം വരുമ്പോൾ കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കി എഴുതാനും ഏറ്റവും മികച്ച രീതിയിൽ അത് ചുരുക്കിയെഴുതാനും അവന് സാധിക്കും. കാരണം ആ കഴിവ് അവനിൽ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ടാകും. പരിശീലനം കൊണ്ടുമാത്രമേ ഇത് സാധ്യമാകൂ.

പരിശീലനം എങ്ങനെയാണ് നടപ്പിലാക്കേണ്ടത്? മേൽപറഞ്ഞ കാര്യങ്ങൾക്ക് പുറമെ, റെക്കോർഡുകളെ മാത്രം ആശ്രയിക്കാതിരിക്കുക എന്നത് കൂടിയാണ് ഈ പരിശീലനം.

ആറാമത്തെ ഉപദേശം: വിദ്യാർത്ഥികൾക്കിടയിലുള്ള പരസ്പര കാരുണ്യം

ഈ വിജ്ഞാന ദൗറകളിൽ പങ്കെടുക്കുന്നവർ വ്യത്യസ്ത വിഭാഗങ്ങളായിരിക്കാം:

  • വിജ്ഞാനം നേടുന്നതിനായി പങ്കെടുക്കുന്നവർ.
  • തുടക്കക്കാരായി പങ്കെടുക്കുന്നവർ.
  • ദിക്റിന്റെ സദസ്സ് എന്ന നിലയിൽ പങ്കെടുക്കുകയും കേൾക്കുകയും ചെയ്യുന്നവർ. പ്രത്യേകിച്ചും അത് ഫജ്റിന് ശേഷമോ അല്ലെങ്കിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളിലോ ആണെങ്കിൽ.
  • എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാനായി പങ്കെടുക്കുകയും, തനിക്ക് ലഭിക്കുന്നതെന്തോ അതുകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നവർ.

യഥാർത്ഥത്തിൽ വിജ്ഞാനാന്വേഷികൾ പരസ്പരം സഹകരിക്കുകയാണ് വേണ്ടത്. അങ്ങനെ പഠിക്കുന്ന ഒരു വിദ്യാർത്ഥി തുടക്കക്കാരനായ തന്റെ സഹോദരന് വിജ്ഞാനത്തിന്റെ വഴി പഠിപ്പിച്ചുകൊടുക്കുകയും അവന് ഉപദേശം നൽകുകയും വേണം. അതിനാൽ വിജ്ഞാന സദസ്സുകളിലും, വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും നാം പരസ്പരം കരുണ കാണിക്കേണ്ടതുണ്ട്.

പലപ്പോഴും പണ്ഡിതന്മാർ തങ്ങളുടെ മത്നുകൾ ആരംഭിക്കുന്നത് തന്നെ വിജ്ഞാനാന്വേഷിക്ക് കാരുണ്യത്തെക്കുറിച്ച് ഉപദേശം നൽകിക്കൊണ്ടാണ്. അതുകൊണ്ടാണ് ഹദീസിന്റെ ഇജാസത്തുകളിൽ അവർ ആദ്യമായി ഉദ്ധരിക്കുന്നത് ഈ ഹദീസ് ആണെന്ന് നിനക്ക് കാണാൻ കഴിയുക:

الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ، ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

“കരുണ കാണിക്കുന്നവരോട് പരമകാരുണികനായ അല്ലാഹു കരുണ കാണിക്കുന്നതാണ്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.” [മുസ്നദ് അഹ്മദ് – 6494]

പണ്ഡിതന്മാർക്കിടയിൽ ‘അൽ-മുസൽസൽ ബിൽ-അവ്വലിയ്യ’ എന്ന പേരിലാണ് ഈ ഹദീസ് അറിയപ്പെടുന്നത്. കാരണം ഓരോ ശൈഖും തന്റെ ശൈഖിനെക്കുറിച്ച് പറയും: “ഞങ്ങളുടെ ശൈഖായ ഇന്നയാൾ ഞങ്ങളോട് പറഞ്ഞു, ഞാൻ അദ്ദേഹത്തിൽ നിന്നും ആദ്യമായി കേട്ട ഹദീസ് ഇതാണ്.” അദ്ദേഹം പറയും: “എന്റെ ശൈഖ് ഇന്നയാൾ എന്നോട് പറഞ്ഞു, ഞാൻ അദ്ദേഹത്തിൽ നിന്നും ആദ്യമായി കേട്ട ഹദീസ് ഇതാണ്.” അങ്ങനെ അത്തുബാഉത്താബിഈങ്ങളുടെ തലമുറ വരെ ഇതെല്ലാം അവർ ആദ്യം കേട്ടതായിരിക്കും.

ചോദ്യം: എന്തിനാണ് അവർ “കരുണ കാണിക്കുന്നവരോട് പരമകാരുണികനായ അല്ലാഹു കരുണ കാണിക്കും…” എന്ന ഹദീസ് പഠിക്കുന്നത്?

ഉത്തരം: അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ, നീ മനസ്സിലാക്കുക: അല്ലാഹു – جل وعلا – വിജ്ഞാനാന്വേഷിക്ക് അനുഗ്രഹവും കാരുണ്യവും ചൊരിയാൻ കാരണമാകുന്ന അവന്റെ സവിശേഷതകളിൽ പെട്ടതാണ്, തന്റെ ചുറ്റുമുള്ളവരോട് അവൻ കരുണ കാണിക്കുക എന്നത്. അവൻ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും, അവരെ പഠിപ്പിക്കുകയും, അവരെ സഹായിക്കുകയും ചെയ്യും. അതിനാൽ നീ വിജ്ഞാനം അന്വേഷിക്കുമ്പോൾ സൃഷ്ടികളോടും നിന്റെ സഹപാഠികളോടും കൂട്ടുകാരോടും സദസ്സിൽ സന്നിഹിതരായവരോടും നന്മയിലും സഹകരണത്തിലും കാരുണ്യം കാണിക്കുന്നവനാണെങ്കിൽ, അല്ലാഹുവിന്റെ – جل وعلا – കാരുണ്യം നിനക്കുണ്ടാകുമെന്ന സന്തോഷവാർത്ത നീ സ്വീകരിക്കുക. നബി ﷺ യുടെ സത്യസന്ധമായ വാഗ്ദാനമാണത്: “കരുണ കാണിക്കുന്നവരോട് പരമകാരുണികനായ അല്ലാഹു കരുണ കാണിക്കുന്നതാണ്.”

അല്ലാഹു – جل وعلا – നിങ്ങളെ അനുഗ്രഹീതരാക്കണമെന്നും നിങ്ങളെക്കൊണ്ട് പ്രയോജനം നൽകണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. അല്ലാഹു ഒരാളെ അനുഗ്രഹീതനാക്കുക എന്നതിന്റെ അർത്ഥം: ഈസാ عَلَيْهِ السَّلَام യുടെ വാക്കായി സൂറത്ത് മർയമിൽ അല്ലാഹു പറഞ്ഞതുപോലെയാണ്:

وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ

“ഞാൻ എവിടെയായിരുന്നാലും അവനെന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു.” [സൂറത്ത് മർയം – 31]

അതായത് നീ വിജ്ഞാനം പഠിപ്പിക്കുന്നവനാകുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. പണ്ഡിതന്മാർ ഇതിന്റെ തഫ്സീറിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “അല്ലാഹുവിന്റെ ദാസന്മാരിൽ അനുഗ്രഹീതൻ (മുബാറക്) എന്നാൽ ജനങ്ങളെ നന്മ പഠിപ്പിക്കുന്നവനാണ്.”

അതിനാൽ അല്ലാഹു നിങ്ങളെ അനുഗ്രഹീതരാക്കണമെന്നും നിങ്ങളെക്കൊണ്ട് പ്രയോജനം നൽകണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ഈ വിജ്ഞാന സദസ്സുകൾ അത് അവതരിപ്പിക്കുന്നവർക്കും അത് സ്വീകരിക്കുന്നവർക്കും പ്രയോജനപ്രദമാകട്ടെ. അവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നിങ്ങൾക്ക് നേർമാർഗ്ഗവും ശരിയും അവൻ തോന്നിപ്പിച്ചുതരട്ടെ. നമുക്കും നിങ്ങൾക്കും മതത്തിലുള്ള അവഗാഹവും സുന്നത്തിനോടുള്ള പ്രതിബദ്ധതയും അവൻ നൽകട്ടെ. കണ്ണിമവെട്ടുന്ന സമയം പോലും അവൻ നമ്മെ നമ്മുടെ സ്വന്തത്തിലേക്ക് തന്നെ ഏൽപ്പിക്കാതിരിക്കട്ടെ.

തീർച്ചയായും അവൻ سبحانه അങ്ങേയറ്റം ഔദാര്യമുള്ളവനും മാന്യനുമാണ്. അല്ലാഹുവേ, ഞങ്ങൾക്ക് എല്ലാവർക്കും നീ പൊറുത്തുതരേണമേ. നമ്മുടെ നബി മുഹമ്മദ് ﷺ യുടെ മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാനവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

അനുബന്ധം: ചോദ്യോത്തരങ്ങൾ

ചോദ്യകർത്താവ്: ഞങ്ങൾ ഈ ദൗറ (വിജ്ഞാന ക്യാമ്പ്) നടക്കുന്ന സ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ഒരിടത്താണ്. അവിടെ വിജ്ഞാനാന്വേഷികളായ വിദ്യാർത്ഥികളൊന്നുമില്ല. എന്നാൽ ദൗറയുടെ ശബ്ദരേഖകൾ ഞങ്ങൾക്ക് ലഭ്യമാണ്. എങ്കിൽ ഞങ്ങൾക്ക് അതിൽ നിന്നും എത്രത്തോളം പ്രയോജനമെടുക്കാൻ സാധിക്കും? (അതിൽ നിന്നും പഠിച്ച് അവിടെ പഠിപ്പിക്കാൻ സാധിക്കുമോ എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്).

ഉത്തരം: നീ പഠിപ്പിക്കുന്നതിന് യാതൊരു വിരോധവുമില്ല. നീ പഠിപ്പിക്കണമെങ്കിൽ അഗാധ പാണ്ഡിത്യമുള്ള ഒരു പണ്ഡിതനോ, സർവ്വകലാശാലയിലെ പ്രൊഫസറോ, ഏതെങ്കിലും വിജ്ഞാന ശാഖയിൽ പ്രത്യേകം പ്രാവീണ്യം നേടിയവനോ ആയിരിക്കണമെന്ന് നിബന്ധനയില്ല. എന്നാൽ നീ പറയുന്ന കാര്യങ്ങളിൽ നീ അല്ലാഹുവിനെ – جل وعلا – സൂക്ഷിക്കുക. നീ പറയുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും നീ വിചാരണ ചെയ്യപ്പെടുമെന്ന് നീ മനസ്സിലാക്കുക.

ഒരു പണ്ഡിതനും പറയാത്ത ഒരു കാര്യം (സദസ്സിലെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനായി) അദ്ദേഹത്തിന്റെ പേരിലേക്ക് നീ ചേർത്തു പറയരുത്.

നിനക്കറിയാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ മേൽ നീ പറയാതിരിക്കുക. ശബ്ദരേഖകളിൽ നിന്നോ മറ്റോ നീ പഠിച്ച കാര്യങ്ങളിൽ പൂർണ്ണ ബോധ്യമുള്ളവ അതിന്റെ വ്യക്തമായ തെളിവുകളോടെ അധികരിപ്പിക്കാതെ പറയുക.

നിന്റെ പ്രഭാഷണം അരമണിക്കൂർ നീണ്ടുനിൽക്കണമെന്നത് പ്രധാനമല്ല. മറിച്ച് പത്തുമിനിറ്റായാൽ പോലും അത് മതിയാകും. ഇൻഷാ അല്ലാഹ്, അല്ലാഹുവിൽ – جل وعلا – നിന്നും നിനക്ക് അതിന് പൂർണ്ണമായ പ്രതിഫലം ലഭിക്കുക എന്നതാണ് പ്രധാനം.

പള്ളികളിൽ ജനങ്ങളെ പഠിപ്പിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്ന പലരും അതിൽ സ്ഥിരത കാണിക്കാത്തത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. കാരണം, പ്രഭാഷണം ദീർഘിപ്പിക്കുക വഴി യഥാർത്ഥത്തിൽ അവർക്ക് യാതൊരു അറിവുമില്ലാത്ത, എന്നാൽ അവർക്ക് ബോധ്യമുണ്ടെന്ന് അവർ കരുതുന്ന പല കാര്യങ്ങളും അവർക്ക് സംസാരിക്കേണ്ടി വരുന്നു. അങ്ങനെ സംസാരിക്കുമ്പോൾ അവർക്ക് പ്രയാസം നേരിടുകയോ, അല്ലെങ്കിൽ വിഷയത്തിൽ നിന്നും വ്യതിചലിച്ച് അവരുടെ സ്വന്തം യുക്തിപരമായ കാര്യങ്ങളിൽ അവർ പ്രവേശിക്കുകയോ ചെയ്യുന്നു. എന്നാൽ യഥാർത്ഥ വിജ്ഞാനം അവർ പറയുന്നതിന് വിപരീതമായിരിക്കും. അവരുടെ വാക്കുകൾ തെറ്റുമായിരിക്കും.

ചിലപ്പോൾ അവർ പണ്ഡിതന്മാർ പറയാത്ത കാര്യങ്ങൾ അവരുടെ മേൽ കെട്ടിച്ചമച്ചേക്കാം. അങ്ങനെ അവൻ പറയും: “ഞാൻ ശൈഖ് ഇന്നയാളിൽ നിന്നും ഇത് കേട്ടിട്ടുണ്ട്.” എന്നാൽ ശൈഖ് ആ പറഞ്ഞതിൽ നിന്നും പൂർണ്ണമായും മുക്തനായിരിക്കും. ഇതിന്റെയെല്ലാം ഫലം എന്താണെന്നാൽ, അവനു ചുറ്റും കൂടിയ ജനങ്ങൾ പിരിഞ്ഞുപോകാൻ അത് കാരണമാകും.

അതിനാൽ നേരിട്ട് വിജ്ഞാനം നുകരുകയും, ഈ ദൗറകളിൽ പങ്കെടുക്കുകയും ചെയ്ത ഒരാളിൽ നിന്നുള്ള പഠിപ്പിക്കലാണ് ഏറ്റവും ശരിയായത്. അവൻ തന്റെ നാട്ടിലേക്ക് മടങ്ങുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു – جل وعلا – അവന് ഉത്തമമായ പ്രതിഫലം നൽകട്ടെ. അല്ലാഹു അവന്റെ കാൽവെപ്പുകളെ രേഖപ്പെടുത്തുകയും, അവനെ വിജ്ഞാനാന്വേഷികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും, അവന്റെ ഹൃദയത്തിൽ വിജ്ഞാനത്തെ ഉറപ്പിക്കുകയും, അവന്റെ ദാസന്മാരിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ മുഖേന പ്രയോജനം നൽകുകയും ചെയ്യട്ടെ.

ചുരുക്കത്തിൽ: നീ ശബ്ദരേഖകൾ കേൾക്കുന്നതിനും, അതിൽ നിന്നും നീ വ്യക്തമായി മനസ്സിലാക്കിയ കാര്യങ്ങൾ ദീർഘിപ്പിക്കാതെ സംഗ്രഹിച്ചു കൈമാറുന്നതിനും യാതൊരു വിരോധവുമില്ല. എന്നാൽ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പണ്ഡിതന്മാരുടെയും മേൽ നീ കളവ് പറയാതിരിക്കുക.

നീ ശൈഖുമാരിൽ നിന്നും പഠിച്ചതും കേട്ടതുമായ കാര്യങ്ങൾ, അല്ലെങ്കിൽ ഒരു സംശയവും അവ്യക്തതയുമില്ലാതെ നീ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക. നീ സ്വന്തമായി അനുമാനിച്ചെടുത്ത കാര്യങ്ങൾ പറയരുത്. എങ്കിൽ അല്ലാഹു – جل وعلا – അതിൽ നിനക്ക് അനുഗ്രഹം ചൊരിയുന്നതാണ്.

ഗ്രാമങ്ങളിൽ ചില ശൈഖുമാർ ചെറിയ മത്നുകൾ ചുരുങ്ങിയ വാക്കുകളിൽ എന്നാൽ ഏറ്റവും ശരിയായ രൂപത്തിൽ വിശദീകരിക്കുന്നത് നിനക്ക് കാണാൻ കഴിയും. ആ വാക്കുകൾ സ്വതവേ ചെറുതാണെങ്കിലും അതിൽ വലിയ അനുഗ്രഹങ്ങളുണ്ടാകും.

നീ പഠിച്ച കാര്യങ്ങൾ നിന്റെ കുടുംബത്തിനും മക്കൾക്കും കൂട്ടുകാർക്കും അത് ആവശ്യമുള്ളവർക്കും കൈമാറുക. നീ കൈമാറുന്ന കാര്യങ്ങളിൽ നിനക്ക് പൂർണ്ണ ബോധ്യമുണ്ടായിരിക്കണം. അല്ലാഹുവിന്റെ – جل وعلا – അടുക്കലുള്ള വിചാരണയെ നീ ഭയപ്പെടുകയും ചെയ്യുക. കാരണം അല്ലാഹു سبحانه وتعالى വിജ്ഞാനം കൈമാറുന്നതിൽ കളവ് പറയുന്ന പണ്ഡിതനെ വിചാരണ ചെയ്യുന്നതാണ്; കാരണം അവൻ മതത്തിന്റെ മേലാണ് കളവ് പറയുന്നത്. മതത്തിന്റെ മേൽ കളവ് പറയുന്നതിന് വളരെ മോശമായ പ്രത്യാഘാതങ്ങളുണ്ടാകും. അവർ മോശക്കാരായ പണ്ഡിതന്മാരാണ് (ഉലമാഉസ്സൂഅ്). അല്ലാഹു കാത്തുരക്ഷിക്കട്ടെ.


ചോദ്യകർത്താവ്: വിജ്ഞാന സമ്പാദനത്തിലുള്ള ക്ഷീണവും താല്പര്യക്കുറവും ഞാൻ എങ്ങനെയാണ് ചെറുക്കേണ്ടത്?

ഉത്തരം: ആദ്യമായി അല്ലാഹുവിനോട് – جل وعلا – അഭയം തേടിക്കൊണ്ട് വേണം ആ താല്പര്യക്കുറവിനെ നീ ചെറുക്കാൻ. പിന്നീട് വിജ്ഞാനത്തിന്റെയും പണ്ഡിതന്മാരുടെയും ശ്രേഷ്ഠതകൾ, പണ്ഡിതന്മാരുടെ പദവികൾ, പണ്ഡിതന്മാർക്കുള്ള വലിയ പ്രതിഫലം, വിജ്ഞാനാന്വേഷിക്കുള്ള പ്രതിഫലം, അവന്റെ സൽസ്വഭാവങ്ങൾ, പ്രബോധകരുടെ സ്വഭാവങ്ങൾ, ദഅ്‌വത്തിന്റെ ശ്രേഷ്ഠത, നന്മയും നേർമാർഗ്ഗവും പകർന്നുനൽകുന്നതിന്റെ ശ്രേഷ്ഠത എന്നിവയെല്ലാം നീ വായിക്കുകയും കേൾക്കുകയും ചെയ്യുക.

അതിനാൽ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ആയത്തുകളും, ആ ആയത്തുകൾക്ക് പണ്ഡിതന്മാർ നൽകിയ തഫ്സീറുകളും, അതോടൊപ്പം ഹദീസുകളും നീ വായിക്കുക. അപ്പോൾ വിജ്ഞാനാന്വേഷണത്തിലുള്ള ഉയർന്ന ലക്ഷ്യബോധം നൽകി അല്ലാഹു – عز وجل – നിന്നെ അനുഗ്രഹിക്കുന്നതാണ്.


ചോദ്യകർത്താവ്: ഞാൻ നിരവധി വർഷങ്ങളായി വിജ്ഞാനം അന്വേഷിക്കുന്നു, എന്നിട്ടും വിവരങ്ങൾ എന്നിൽ ഉറച്ചുനിൽക്കുന്നില്ല, എനിക്കൊരു പ്രയോജനവും അനുഭവപ്പെടുന്നില്ല. എനിക്ക് താങ്കൾ നൽകുന്ന ഉപദേശമെന്താണ്? അല്ലാഹു താങ്കൾക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ.

ഉത്തരം: “എനിക്ക് പ്രയോജനം ലഭിക്കുന്നില്ല” എന്ന് നീ പറയരുത്. കാരണം വിദ്യാർത്ഥി ഒരു ആരാധനയിലാണ് ഏർപ്പെട്ടിരിക്കുന്നത്. വിജ്ഞാനം അന്വേഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ – جل وعلا – പൊരുത്തം നേടിയെടുക്കുക എന്നതാണ്. പശ്ചാത്തപിച്ചു മടങ്ങിയ ആ മനുഷ്യന്റെ കഥ നിങ്ങൾക്കറിയാമല്ലോ.

فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ …

“അങ്ങനെ മനുഷ്യരൂപത്തിൽ ഒരു മലക്ക് അവരുടെ അടുക്കൽ വന്നു, അവർ അദ്ദേഹത്തെ തങ്ങൾക്കിടയിലെ വിധികർത്താവാക്കി…” [സ്വഹീഹ് മുസ്‌ലിം – 7008]

(മരണത്തിന്റെ മലക്ക് വന്നപ്പോൾ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മിൽ ആ മനുഷ്യന്റെ കാര്യത്തിൽ തർക്കമുണ്ടായി. കാരുണ്യത്തിന്റെ മലക്കുകൾ പറഞ്ഞു: “അവൻ തന്റെ ഹൃദയം അല്ലാഹുവിലേക്ക് തിരിച്ചു പശ്ചാത്തപിച്ചവനായിട്ടാണ് വന്നിരിക്കുന്നത്.” ശിക്ഷയുടെ മലക്കുകൾ പറഞ്ഞു: “അവൻ ഒരു നന്മയും ചെയ്തിട്ടില്ല.” അങ്ങനെ വിധികർത്താവായി വന്ന മലക്ക് പറഞ്ഞു: “രണ്ട് നാടുകൾക്കിടയിലുള്ള ദൂരം നിങ്ങൾ അളക്കുക, ഏത് നാടിനോടാണോ അവൻ കൂടുതൽ അടുത്തായിട്ടുള്ളത് അവനുള്ളതാണ് അവൻ.” അങ്ങനെ അവർ അളന്നപ്പോൾ അവൻ ഉദ്ദേശിച്ച നാടിനോട് (നന്മയുടെ നാടിനോട്) അവൻ അടുത്തായി അവർ കണ്ടെത്തി. അങ്ങനെ കാരുണ്യത്തിന്റെ മലക്കുകൾ അവനെ ഏറ്റെടുത്തു.)

പശ്ചാത്തപിച്ചു മടങ്ങിയ ഈ മനുഷ്യന് പൊറുത്തുകൊടുക്കപ്പെട്ടു; കാരണം അവന്റെ ചലനം അവന് അനുകൂലമായി രേഖപ്പെടുത്തപ്പെട്ടു. അതുപോലെ നന്മയുടെ നാട്ടിലേക്ക് ഹിജ്റ പോകുന്നവന്റെ ചലനം പോലെയാണ് വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥിയുടെ ചലനവും. അതൊരു ആരാധനയാണ്.

സുന്നത്തായ നമസ്കാരങ്ങളേക്കാളും മറ്റ് ചില സുന്നത്തായ ആരാധനകളേക്കാളും നിനക്ക് ഏറ്റവും ഉത്തമമായത് വിജ്ഞാനം നേടലാണ്. അതിന് നിർബന്ധമായും സത്യസന്ധമായ നിയ്യത്ത് ആവശ്യമാണ്. പിന്നീട് വിജ്ഞാനം നിന്നിൽ പടിപടിയായി രൂപപ്പെടുന്നു. നീ ഒുകിൽ വലിയൊരു പണ്ഡിതനാകുക, അല്ലെങ്കിൽ വിജ്ഞാനാന്വേഷിയേ അല്ലാതിരിക്കുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മറിച്ച്, നിന്റെ അറിവില്ലായ്മ നീക്കുക, അല്ലാഹുവിനെ – جل وعلا – ശരിയായ രൂപത്തിൽ ആരാധിക്കുക, നിന്റെ വിശ്വാസം (അഖീദ) ശരിയാക്കുക, സംശയങ്ങളിൽ നിന്നും പ്രശസ്തിയോടുള്ള ആഗ്രഹങ്ങളിൽ നിന്നും മുക്തമായിക്കൊണ്ട് അല്ലാഹുവിലേക്ക് – جل وعلا – മുന്നേറുക എന്നിവയെല്ലാമാണ് വിജ്ഞാന സമ്പാദനത്തിലൂടെ നീ ലക്ഷ്യം വെക്കേണ്ടത്.

അല്ലാഹുവിന്റെ – جل وعلا – വചനം കാണുക:

يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ۝  إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ

“സമ്പത്തോ സന്താനങ്ങളോ യാതൊരു പ്രയോജനവും ചെയ്യാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവരൊഴികെ.” [അശ്ശുഅറാഅ് – 88, 89]

അവൻ – جل جلاله – പറയുന്നു:

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

“തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ, അത്തരം സൽകർമ്മങ്ങൾ ചെയ്തവരുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കിക്കളയുകയില്ല.” [അൽകഹ്ഫ് – 30]

ഈ വിജ്ഞാനത്തിലൂടെ നിനക്കും നിന്റെ കുടുംബത്തിനും മാത്രമേ പ്രയോജനം ലഭിച്ചുള്ളൂവെങ്കിൽ പോലും അതിൽ വലിയ നന്മയുണ്ട്.


ചോദ്യകർത്താവ്: ഞാൻ വലിയ ബുദ്ധിശക്തിയുള്ളവനല്ലാത്തതിനാൽ എനിക്കൊരു റബ്ബാനിയായ പണ്ഡിതനാകാൻ സാധിക്കില്ല. (ഇതുപോലെയുള്ള മറ്റു ചില ഒഴിവുകഴിവുകളും അദ്ദേഹം പറഞ്ഞു). എനിക്ക് താങ്കൾ നൽകുന്ന ഉപദേശമെന്താണ്?

ഉത്തരം: മുമ്പ് നിന്റെ സഹോദരന് നൽകിയ ഉപദേശം തന്നെയാണ് നൽകാനുള്ളത്. നീ ഒരു റബ്ബാനിയായ പണ്ഡിതനായിരിക്കണമെന്നത് വിജ്ഞാനത്തിന്റെ നിബന്ധനയല്ല. നീ നിന്റെ റബ്ബിനോട് തൗഫീഖിനായി ചോദിക്കുക. നീ വിജ്ഞാന മേഖലയിൽ മുന്നിട്ടിറങ്ങുകയും, ജനങ്ങൾ വിരൽചൂണ്ടുന്ന ഒരു വലിയ പണ്ഡിതനായി മാറുകയും ചെയ്താൽ നിന്റെ ബാധ്യതകൾ നീങ്ങുമോ ഇല്ലയോ എന്ന് നിനക്കറിയില്ലല്ലോ. അത് നിനക്ക് നന്മയാണോ അതോ പരീക്ഷണമാണോ എന്നും നിനക്കറിയില്ല.

നിന്റെ വിജ്ഞാന സമ്പാദനം കൊണ്ട് നീ ഉദ്ദേശിക്കേണ്ടത്:

  1. നിന്നിൽ നിന്നുള്ള അറിവില്ലായ്മ നീക്കുക എന്ന് നിയ്യത്ത് ചെയ്യുക.
  2. വിജ്ഞാനം നേടാനുള്ള ഒരു മാർഗ്ഗം നീ സ്വീകരിച്ചു എന്നതിനാൽ അല്ലാഹു – جل وعلا – നിന്നെ പൊരുത്തപ്പെടാൻ വേണ്ടി നിയ്യത്ത് ചെയ്യുക.
  3. നിന്റെ ഹൃദയത്തെയും അവയവങ്ങളെയും നന്നാക്കുക എന്ന് നിയ്യത്ത് ചെയ്യുക.

നീ വിജ്ഞാനം അന്വേഷിക്കുക. അല്ലാഹു – جل وعلا – നിന്നെ ഒരു റബ്ബാനിയായ പണ്ഡിതന്റെ സ്ഥാനത്ത് ഉയർത്തുകയാണെങ്കിൽ അത് അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണ്. അതിന്റെ അറിവ് ലോകരക്ഷിതാവിങ്കലാണ്. ഇനി അങ്ങനെയല്ലെങ്കിൽ പോലും നീ ഒരു വിദ്യാർത്ഥിയാണല്ലോ.

അല്ലാഹുവിന്റെ – جل وعلا – വചനം കാണുക:

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ

“നിന്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (അവൻ ഉദ്ദേശിക്കുന്നത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക് യാതൊരു തെരഞ്ഞെടുപ്പുമില്ല. അല്ലാഹു എത്രയോ പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അവൻ ഉപരിതനായിരിക്കുന്നു.” [അൽഖസ്വസ്വ് – 68]

അല്ലാഹു – عز وجل – നിനക്കും നിന്റെ സഹോദരങ്ങൾക്കും, അതുപോലെ നന്മ ആഗ്രഹിച്ചിട്ടും അത് നേടിയെടുക്കാൻ കഴിയാത്ത എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ. അശ്-ശിൻഖീത്വി رَحِمَهُ اللَّهُ തന്റെ കവിതയിൽ പറയുന്നു: “ഹേ യുവാവേ, വിജ്ഞാനത്തെക്കുറിച്ച് നീ മോശമായി ചിന്തിക്കരുത്. തീർച്ചയായും വിജ്ഞാനത്തെക്കുറിച്ചുള്ള മോശം ചിന്ത നാശമാണ്.”


ചോദ്യകർത്താവ്: ബിദ്അത്തുകളും ശിർക്കുകളും വ്യാപകമായ നാടുകളിൽ പ്രബോധനം നടത്തുന്നവരോടുള്ള താങ്കളുടെ നിർദ്ദേശമെന്താണ്?

ഉത്തരം: വിജ്ഞാനം പ്രചരിപ്പിക്കുക എന്നത് ഒരു ആരാധനയും ജിഹാദുമാണ്. നബി ﷺ മക്കയിലായിരുന്നപ്പോൾ അവിടുത്തോട് വിജ്ഞാനം മുഖേന മുശ്‌രിക്കുകളോട് ജിഹാദ് ചെയ്യാൻ അല്ലാഹു – جل وعلا – കൽപ്പിച്ചു. അല്ലാഹു പറയുന്നു:

فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا

“അതിനാൽ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഇതുമായി (ഖുർആൻ മുഖേന) അവരോട് നീ വലിയൊരു ജിഹാദ് (സമരം) ചെയ്യുക.” [അൽഫുർഖാൻ – 52]

(അതായത് വിജ്ഞാനം കൊണ്ടും ഖുർആൻ കൊണ്ടും സമരം ചെയ്യുക എന്നർത്ഥം).

ശത്രുക്കൾക്കെതിരെയുള്ള ഏറ്റവും വലിയ ജിഹാദ് വിജ്ഞാനം കൊണ്ടുള്ള ജിഹാദാണ്. അതിലൂടെയാണ് നന്മ നിലനിൽക്കുന്നതും സ്വാധീനം അവശേഷിക്കുന്നതും. വിജ്ഞാനാന്വേഷി സ്വാധീനം ചെലുത്തുകയും, നന്മ പ്രചരിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ ആ വൃത്തം വികസിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് അത് തുടരുന്നത്.

ഇതുകൊണ്ടാണ് ഹദീസിൽ ഇപ്രകാരം വന്നത്:

فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ

“ഒരു പണ്ഡിതന് ഒരു സാധാരണ ആരാധകനേക്കാളുള്ള ശ്രേഷ്ഠത, എന്നെപ്പോലുള്ള ഒരാൾക്ക് നിങ്ങളിലെ ഏറ്റവും താഴ്ന്നവനേക്കാളുള്ള ശ്രേഷ്ഠത പോലെയാണ്.” [ജാമിഉത്തിർമിദി – 2686]

എന്നാൽ സ്വന്തം കാര്യത്തിൽ മാത്രം സ്വാലിഹായ ഒരാൾ അവനിൽ മാത്രമേ സ്വാധീനം ചെലുത്തുകയുള്ളൂ.

വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വളരെ മഹത്തായതാണെന്നതിൽ സംശയമില്ല. അതിനാൽ തന്റെ നാട്ടിൽ വെച്ച് പഠിപ്പിക്കാൻ ഒരാൾക്ക് അവസരം ലഭിച്ചാൽ അത് നല്ലതാണ്. ഇനി ആവശ്യമുള്ളവന്റെ അടുത്തേക്ക് യാത്ര ചെയ്ത് അവിടെ വെച്ച് പഠിപ്പിക്കാൻ അവസരം ലഭിക്കുകയാണെങ്കിലും അതും നല്ലതാണ്. സാധാരണയായി ജനങ്ങൾ അറിയപ്പെടുന്ന പണ്ഡിതന്മാരിലേക്കാണ് ചെന്നെത്തുക. അവരെക്കാൾ താഴെയുള്ള വിജ്ഞാനാന്വേഷികളിൽ നിന്നും അവർ പിന്തിരിഞ്ഞു പോകും. ഇതൊരു സ്വാഭാവിക കാര്യമാണെന്ന് ഞാൻ പറയുന്നു.

ചെറിയ മത്നുകൾ പഠിക്കുകയും, തൗഹീദിലോ സീറയിലോ അവഗാഹമുള്ള വിജ്ഞാനാന്വേഷികളുടെ പങ്ക് എന്താണെന്നാൽ; അവർ മറ്റ് നാടുകളിലേക്ക് യാത്ര ചെയ്യണം. ആഫ്രിക്കയിലോ ഇന്തോനേഷ്യയിലോ അവർ വിജ്ഞാന ദൗറകൾ സംഘടിപ്പിക്കണം. അവിടെ തങ്ങളുടെ സമ്പത്തും അഖീദയിലുള്ള വിജ്ഞാനവും അവർ ചെലവഴിക്കണം. അവർ പറയുന്ന കാര്യങ്ങളിൽ അവർ അല്ലാഹുവിനെ – جل وعلا – സൂക്ഷിക്കുകയും വേണം.

ബിദ്അത്തുകളും ശിർക്കുകളും വ്യാപകമായ ഒരു നാട്ടിലെ ഏറ്റവും മഹത്തായ വിജ്ഞാനമെന്നത്, പ്രവാചകന്മാർ عَلَيْهِمُ الصَّلَاةُ وَالسَّلَامُ കൊണ്ടുവരികയും പ്രബോധനം ചെയ്യുകയും ചെയ്ത കാര്യങ്ങളാണ്. ദാസന്മാരുടെ മേൽ അല്ലാഹുവിനുള്ള അവകാശമായ അല്ലാഹുവിന്റെ – جل وعلا – തൗഹീദ് ആണ് അത്. ഏതൊരു സ്ഥലത്തും നിനക്ക് അനന്തരാവകാശമായി നൽകാനും അവശേഷിപ്പിക്കാനും കഴിയുന്ന ഏറ്റവും മഹത്തായ കാര്യം അതാണ്.

പിന്നീട് അല്ലാഹുവിന്റെ – جل وعلا – വചനങ്ങളും സുന്നത്തും നീ അവരെ പഠിപ്പിക്കണം. കാരണം അതാണ് എന്നും നിലനിൽക്കുന്നതും, സ്വീകാര്യത ലഭിക്കുന്നതും. അൽ-അർബഊന നവവിയ്യയോ അതുപോലെയുള്ള ഗ്രന്ഥങ്ങളോ നീ അവരെ പഠിപ്പിക്കുക. ആ നാടുകളിലെ പണ്ഡിതന്മാർ നിന്നെ വിമർശിക്കുന്നതിനോ നിന്നെ എതിർക്കുന്നതിനോ നീ പ്രാധാന്യം കൽപ്പിക്കരുത്. കാരണം പിശാചിന്റെ ദുർബോധനം മുഖേനയും, സജ്ജനങ്ങളായ അല്ലാഹുവിന്റെ വലിയ്യുകളോട് പിശാചിനുള്ള ശത്രുത കാരണത്താലും അവർക്ക് തോന്നുന്ന കാര്യങ്ങളാണവർ ചിന്തിച്ചുകൂട്ടുന്നത്. അതിനാൽ അല്ലാഹുവിന്റെയും – جل وعلا – പിശാചിന്റെയും ശത്രുക്കളോട് നീ നടത്തുന്ന ഏറ്റവും വലിയ ജിഹാദ് വിജ്ഞാനം പ്രചരിപ്പിക്കലാണ്. നിനക്ക് കഴിയുന്നത്ര എല്ലാ സ്ഥലങ്ങളിലും അത് പ്രചരിപ്പിക്കുക. ആ കാര്യത്തിൽ നീ അല്ലാഹുവിനെ – جل وعلا – സൂക്ഷിക്കുക. അല്ലാഹുവിന്റെ വചനം കാണുക:

وَقُل رَّبِّ زِدْنِى عِلْمًا

“എന്റെ രക്ഷിതാവേ, എനിക്ക് നീ വിജ്ഞാനം വർദ്ധിപ്പിച്ചുതരേണമേ എന്ന് നീ പറയുക.” [ത്വാഹാ – 114]


ചോദ്യകർത്താവ്: വാസ്തുവിദ്യ (എഞ്ചിനീയറിംഗ്), രസതന്ത്രം തുടങ്ങി ഭൗതിക ശാസ്ത്ര ശാഖകളിൽ പ്രാവീണ്യം നേടിയവർ ഈ ദർസുകളിൽ നിന്നും ദൗറകളിൽ നിന്നും നേടുന്ന വിഹിതമെന്താണ്? പ്രയോജനം ആഗ്രഹിക്കുന്ന ഇത്തരക്കാർ ധാരാളമായുണ്ട്.

ഉത്തരം: ഓരോ മുസ്‌ലിമിനും തന്റെ അഖീദയും ആരാധനയും ശരിയാകാൻ ആവശ്യമായ കാര്യങ്ങൾ പഠിക്കൽ നിർബന്ധമാണ്. വൈദ്യൻ, വാസ്തുശില്പി, ഗണിതശാസ്ത്രം, രസതന്ത്രം എന്നിവയിൽ പ്രാവീണ്യം നേടിയവർ, നിർമ്മാണ വിദഗ്ദ്ധൻ, ആധുനിക സാങ്കേതികവിദ്യ അറിയുന്നവർ തുടങ്ങി മറ്റെല്ലാ മേഖലകളിൽ ഉള്ളവർക്കും ഇത് നിർബന്ധമാണ്. ഇവരെല്ലാം തങ്ങളുടെ അഖീദയും ആരാധനയും ശരിയാകാൻ ആവശ്യമായവ പഠിക്കേണ്ടതുണ്ട്. ഈ ദൗറകൾ അവർക്കൊരു മികച്ച അവസരമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർക്ക് ധാരാളം വിജ്ഞാനം നേടാൻ ഇതിലൂടെ സാധിക്കും. ഇനി അവർ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ, അവർക്ക് ആവശ്യമുള്ള വിജ്ഞാനം ഓരോ ശാഖയിൽ നിന്നും അവർക്ക് സ്വീകരിക്കാവുന്നതാണ്.

മതപരമായ വിജ്ഞാനങ്ങൾ മനസ്സിലാക്കാൻ ഇവർക്ക് സ്വാഭാവികമായ കഴിവുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ് ചില തത്ത്വചിന്തകർ പറഞ്ഞത്: “വാസ്തുവിദ്യ അറിയാത്തവൻ എന്റെ വീട്ടിൽ പ്രവേശിക്കേണ്ടതില്ല.” ഒരു പ്രത്യേക വിഭാഗത്തോടാണ് അദ്ദേഹം ഇത് പറഞ്ഞത്. കാരണം ഈ മേഖലയിലുള്ളവരുടെ ബുദ്ധി മതപരമായ വിജ്ഞാനങ്ങൾക്ക് അനുയോജ്യമാംവിധം ക്രമീകരിക്കപ്പെട്ടതാണ്. ജ്യാമിതി, വൈദ്യശാസ്ത്രം എന്നീ രണ്ട് ശാസ്ത്ര ശാഖകളാണ് മതപരമായ വിജ്ഞാനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്നത്.

അതുകൊണ്ടാണ് ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ പറഞ്ഞത്: “ഞാൻ വിജ്ഞാനങ്ങളെ നിരീക്ഷിച്ചു. അപ്പോൾ വിജ്ഞാനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് രണ്ട് ശാഖകളാണെന്ന് ഞാൻ കണ്ടു: മതപരമായ വിജ്ഞാനവും ശരീരത്തെക്കുറിച്ചുള്ള വിജ്ഞാനവും (വൈദ്യശാസ്ത്രം). ഞാൻ വീണ്ടും ചിന്തിച്ചപ്പോൾ ശരീരത്തെക്കുറിച്ചുള്ള വിജ്ഞാനമായ വൈദ്യശാസ്ത്രം ഇഹലോകത്ത് മനുഷ്യനെ രക്ഷിക്കുന്നതാണെന്ന് ഞാൻ കണ്ടു; കാരണം അത് ഇഹലോകത്ത് ശരീരത്തിന്റെ കാര്യങ്ങളെ നന്നാക്കുന്നു. എന്നാൽ മതപരമായ വിജ്ഞാനമാകട്ടെ, ഇഹലോകത്തും പരലോകത്തും ശരീരത്തെയും ആത്മാവിനെയും നന്നാക്കുന്നതാണെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ ശരീരത്തെക്കുറിച്ചുള്ള വിജ്ഞാനത്തേക്കാൾ മതപരമായ വിജ്ഞാനത്തിന് ഞാൻ മുൻഗണന നൽകി.”

ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ വൈദ്യശാസ്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിലും ഫിറാസത്തിലും (ബാഹ്യലക്ഷണങ്ങളിൽ നിന്ന് സ്വഭാവം മനസ്സിലാക്കുന്ന വിദ്യ) നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ഓർമ്മശക്തി കാരണം ചില മരുന്നുകൾ കഴിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിന് തന്നെ കാരണമായത്. ഹിജ്റ 150-ലാണ് അശ്ശാഫിഈ رَحِمَهُ اللَّهُ ജനിച്ചത്, 204-ൽ അദ്ദേഹം മരണപ്പെട്ടു. അതായത് അമ്പത്തിനാല് വർഷം അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന് ദീർഘായുസ്സ് ലഭിച്ചിരുന്നില്ല. വൈദ്യശാസ്ത്രം നന്നായി അറിയാമായിരുന്നതിനാൽ അദ്ദേഹം ചില മരുന്നുകൾ കഴിച്ചു, അത് അദ്ദേഹത്തിന്റെ രക്തത്തെ ബാധിക്കുകയും രക്തസ്രാവം (ആന്തരിക രക്തസ്രാവം) ഉണ്ടായി അദ്ദേഹം മരണപ്പെടുകയുമാണുണ്ടായത്. അതാണ് അദ്ദേഹത്തിന്റെ മരണകാരണം.

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ വൈദ്യശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ ‘മിഫ്താഹു ദാരിസ്സആദ’ എന്ന ഗ്രന്ഥത്തിൽ മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ച് അദ്ദേഹം വളരെ അത്ഭുതകരമായി വിവരിച്ചിട്ടുണ്ട്. കരളിനെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും ചർമ്മത്തിന്റെ പാളികളെക്കുറിച്ചുമെല്ലാം അദ്ദേഹം അതിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പണ്ഡിതന്മാർ ഇത്തരം കാര്യങ്ങൾ പരസ്യമാക്കുന്നത് അനുയോജ്യമല്ല. ഗ്രഹണങ്ങളെക്കുറിച്ചും, കോണാകൃതിയിലുള്ള രൂപങ്ങൾ, വ്യാസം, കോണുകൾ, സമയം എന്നിവ കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ജ്യാമിതീയ ഗണിതക്രിയകളും അദ്ദേഹം അതിൽ പരാമർശിച്ചിട്ടുണ്ട്. അതിലെ വിവരങ്ങൾ ഉപയോഗിച്ച് നിനക്ക് സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുടെ സമയം കണക്കാക്കാൻ സാധിക്കും.

അതിനാൽ ഈ സമുദായത്തിലെ പണ്ഡിതന്മാരായ റബ്ബാനിയ്യീങ്ങൾക്ക് ഇത്തരം ചില ഭൗതിക ശാസ്ത്രങ്ങളിൽ ഇടപെടലുകളുണ്ടായിരുന്നു. കാരണം ഇത്തരം ശാസ്ത്രങ്ങൾ ബുദ്ധിക്ക് കൂടുതൽ കരുത്ത് പകരുന്നവയാണ്. അതിനാൽ ഒരു വൈദ്യനോ വാസ്തുശില്പിയോ അതുപോലെയുള്ള മറ്റെന്തെങ്കിലും മേഖലയിലുള്ളവനോ മതപരമായ വിജ്ഞാനം പഠിക്കാൻ തൗഫീഖ് ലഭിച്ചാൽ അവൻ ഉയർന്ന ലക്ഷ്യബോധമുള്ളവരിൽ പെട്ടവനാണ്. കവി അൽ-മുതനബ്ബി പാടിയതുപോലെ:

عَلَى قَدْرِ أَهْلِ العَزْمِ تَأْتِي العَزَائِمُ وَتَأْتِي عَلَى قَدْرِ الكِرَامِ الْمَكَارِمُ

“ദൃഢനിശ്ചയമുള്ളവരുടെ കഴിവിനനുസരിച്ചാണ് മഹത്തായ കാര്യങ്ങൾ സംഭവിക്കുന്നത്, മാന്യന്മാരുടെ പദവിക്കനുസരിച്ചാണ് ശ്രേഷ്ഠതകൾ കൈവരുന്നത്.”

ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ യുടെ അത്ഭുതകരമായ കാര്യങ്ങളിൽ പെട്ടതാണ് അദ്ദേഹം ഫിറാസത്ത് കൈകാര്യം ചെയ്തിരുന്നു എന്നത്. ഫിറാസത്ത് മൂന്ന് വിഭാഗങ്ങളാണെന്ന് എല്ലാവർക്കുമറിയാമല്ലോ:

  1. ഈമാനികമായ ഫിറാസത്ത് (വിശ്വാസവുമായി ബന്ധപ്പെട്ടത്).
  2. റിയാദിയ്യായ ഫിറാസത്ത് (പരിശീലനവുമായി ബന്ധപ്പെട്ടത്).
  3. ത്വബീഇയ്യായ ഫിറാസത്ത് (പ്രകൃതിദത്തമായത്). അഖീദയിൽ നിങ്ങൾ ഇത് പഠിക്കുന്നതാണ്.

ഇവിടെ പ്രകൃതിദത്തമായ ഫിറാസത്താണ് ഉദ്ദേശിക്കുന്നത്. മുഖത്തിന്റെ രൂപം പോലെയുള്ള ബാഹ്യരൂപങ്ങളിൽ നിന്നും മറഞ്ഞുകിടക്കുന്ന ചില സ്വഭാവങ്ങളെക്കുറിച്ച് മനസ്സിലാക്കുന്ന വിദ്യയാണിത്. ഉദാഹരണത്തിന് ഒരാൾ പറയും: ഇവന്റെ കണ്ണുകൾ തീക്ഷ്ണമാണ്, അത് അവന്റെ ബുദ്ധിശക്തിയുടെ അടയാളമാണ്. ഇവന്റെ കണ്ണുകൾ മങ്ങിയതാണ്, അത് അവന്റെ മണ്ടത്തരത്തിന്റെ അടയാളമാണ്. ഇവന്റെ നടത്തം സൂചിപ്പിക്കുന്നത് അവൻ തന്റെ കാര്യങ്ങളിൽ തിടുക്കം കൂട്ടുന്നവനാണെന്നാണ്. ഇവന്റെ നെറ്റിയുടെ രൂപം ഇങ്ങനെയുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു, എന്നിങ്ങനെ. ഇവരുമായി ഇടപഴകാതെ തന്നെ ഫിറാസത്തിലൂടെയാണ് അദ്ദേഹം ഇത് പറയുന്നത്. ഈ വിജ്ഞാനം പണ്ടുമുതൽക്കെ ജനങ്ങൾക്കിടയിലുണ്ട്. അതിൽ ശരിയായതുമുണ്ട്, തെറ്റായതുമുണ്ട്.

ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ ഇത് പ്രയോഗിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: “ഫിറാസത്തിനെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ തേടി ഞാൻ യമനിലേക്ക് പോയി. അങ്ങനെ ഞാനത് എഴുതിയെടുക്കുകയും ശേഖരിക്കുകയും ചെയ്തു. എന്റെ മടക്കയാത്രയുടെ സമയമായപ്പോൾ, വഴിയിൽ വെച്ച് തന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുന്ന ഒരാളുടെ അരികിലൂടെ ഞാൻ നടന്നുപോയി. അയാൾ നീലക്കണ്ണുള്ളവനും, നെറ്റിന്തിയവനും, താടിയില്ലാത്തവനുമായിരുന്നു.”

(ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ പറയുന്നു: ഫിറാസത്തിന്റെ നിയമപ്രകാരം ഏറ്റവും മോശപ്പെട്ട സ്വഭാവഗുണങ്ങളാണിവയെല്ലാം).

“ഞാൻ അയാളോട് ചോദിച്ചു: ഇവിടെ താമസിക്കാൻ വല്ല സൗകര്യവുമുണ്ടോ? അയാൾ പറഞ്ഞു: അതെ. അങ്ങനെ ഞാൻ അവിടെ ഇറങ്ങി. അപ്പോൾ എന്നിലേക്ക് അത്താഴവും സുഗന്ധവും, എന്റെ വാഹനത്തിന് ഭക്ഷണവും, എനിക്ക് കിടക്കാൻ വിരിപ്പും പുതപ്പും കൊടുത്തുവിട്ട ഏറ്റവും മാന്യനായ ഒരാളെയാണ് ഞാൻ അവിടെ കണ്ടത്. രാത്രി മുഴുവൻ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞാൻ ഈ ഗ്രന്ഥങ്ങൾ വെച്ച് എന്ത് ചെയ്യാനാണ്? കാരണം ഈ മോശം അടയാളങ്ങളെല്ലാം ഞാൻ ഈ മനുഷ്യനിൽ കണ്ടു, എന്നിട്ടും ഏറ്റവും മാന്യനായ ഒരാളെയാണ് ഞാൻ കണ്ടത്. ഞാൻ പറഞ്ഞു: ഈ പുസ്തകങ്ങളെല്ലാം ഞാൻ വലിച്ചെറിയാൻ പോകുന്നു. നേരം പുലർന്നപ്പോൾ ഞാൻ ഭൃത്യനോട് പറഞ്ഞു: വാഹനം തയ്യാറാക്കുക. ഭൃത്യൻ വാഹനം സജ്ജമാക്കി. ഞാൻ വാഹനത്തിൽ കയറി അയാളുടെ അരികിലൂടെ നടന്നു. ഞാൻ അയാളോട് പറഞ്ഞു: താങ്കൾ മക്കയിൽ വരികയും ദീ ത്വുവാ എന്ന സ്ഥലത്തുകൂടി കടന്നുപോവുകയും ചെയ്താൽ മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈയുടെ വീട് ചോദിച്ചു വരിക.”

“അപ്പോൾ അയാൾ എന്നോട് ചോദിച്ചു: ഞാൻ താങ്കളുടെ പിതാവിന്റെ അടിമയാണോ?! ഞാൻ പറഞ്ഞു: അല്ല. അയാൾ ചോദിച്ചു: താങ്കൾക്ക് എന്റെയടുക്കൽ വല്ല നിക്ഷേപവുമുണ്ടോ?! ഞാൻ പറഞ്ഞു: ഇല്ല. അയാൾ ചോദിച്ചു: ഇന്നലെ രാത്രി ഞാൻ താങ്കൾക്ക് വേണ്ടി ചിലവഴിച്ച കാര്യങ്ങളെല്ലാം എവിടെ?! ഞാൻ ചോദിച്ചു: അതെന്താണ്? അയാൾ പറഞ്ഞു: ഞാൻ താങ്കൾക്ക് രണ്ട് ദിർഹമിന് ഭക്ഷണം വാങ്ങി, ഇത്ര ദിർഹമിന് കറി വാങ്ങി, മൂന്ന് ദിർഹമിന് സുഗന്ധം വാങ്ങി, താങ്കളുടെ വാഹനത്തിന് ഭക്ഷണം വാങ്ങി. വിരിപ്പിന്റെയും പുതപ്പിന്റെയും വാടക രണ്ട് ദിർഹം.”

“ഞാൻ പറഞ്ഞു: അല്ലയോ ഭൃത്യാ, അത് അവന് കൊടുക്കുക. ഇനി വല്ലതും ബാക്കിയുണ്ടോ? അയാൾ പറഞ്ഞു: വീടിന്റെ വാടക. കാരണം ഞാൻ എനിക്ക് തന്നെ ഞെരുക്കമുണ്ടാക്കിക്കൊണ്ട് താങ്കൾക്ക് സൗകര്യം ചെയ്തുതന്നു. (ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ പറയുന്നു: അപ്പോൾ ആ ഗ്രന്ഥങ്ങളുടെ കാര്യത്തിൽ എനിക്ക് വലിയ സന്തോഷം തോന്നി). അതിനുശേഷം ഞാൻ അയാളോട് ചോദിച്ചു: ഇനി വല്ലതും ബാക്കിയുണ്ടോ? അയാൾ പറഞ്ഞു: നീ പോകൂ, അല്ലാഹു നിന്നെ നിന്ദിക്കട്ടെ, നിന്നെപ്പോലെ ഇത്രയും മോശക്കാരനായ ഒരാളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”

ഇമാം അശ്ശാഫിഈ رَحِمَهُ اللَّهُ യിൽ ഇതുണ്ടാക്കിയ സ്വാധീനം എത്രത്തോളമെന്നാൽ; തന്റെ ഭൃത്യൻ ഭക്ഷണം കൊണ്ടുവന്നാൽ, നീ ഇത് ആരുടെ അടുത്തുനിന്നാണ് വാങ്ങിയത്, അയാളുടെ രൂപം എനിക്ക് വിവരിച്ചുതരൂ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ഭൃത്യൻ അയാളുടെ രൂപം വിവരിക്കുമ്പോൾ അദ്ദേഹം പറയും: “ഞാൻ ഇത് കഴിക്കില്ല, ഇത് വളരെ മോശപ്പെട്ട രൂപമാണ്. ഇത് കൊണ്ടുപോകൂ, നിങ്ങൾ തിന്നോളൂ, അല്ലെങ്കിൽ അത് തിരികെ നൽകുക.” ആ വിദ്യയിൽ തെറ്റുകളുണ്ടെങ്കിലും അത് അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ഇതുപോലെയുള്ള കഥകൾ ഉദ്ധരിക്കുന്നതിൽ നിരവധി പ്രയോജനങ്ങളുണ്ട്:

  1. വിദ്യാർത്ഥിയായ നീ പണ്ഡിതന്മാരുടെ ജീവചരിത്രങ്ങൾ വായിക്കാൻ ശ്രദ്ധിക്കണം. കാരണം അത് ബുദ്ധിയെ ഉണർത്തുകയും മടുപ്പും അലസതയും ഇല്ലാതാക്കുകയും ചെയ്യുന്നു. മനുഷ്യപ്രകൃതി അങ്ങനെയാണ്. മുൻകാല പണ്ഡിതന്മാരുടെയും മറ്റും ജീവചരിത്രങ്ങൾ വായിക്കുന്നത് വിദ്യാർത്ഥിക്ക് ഉന്മേഷം നൽകുകയും വിജ്ഞാനത്തിൽ അവനെ ലയിപ്പിക്കുകയും ചെയ്യുന്നു. കാരണം വിജ്ഞാനത്തിൽ രസകരമായ കാര്യങ്ങളുണ്ട്, സങ്കീർണ്ണവും പ്രയാസകരവുമായ കാര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് അസ്-സുഹ്‌രി رَحِمَهُ اللَّهُ യെപ്പോലുള്ള പണ്ഡിതന്മാർ ക്ലാസ്സ് കഴിഞ്ഞാൽ ഇപ്രകാരം പറഞ്ഞിരുന്നത്: “നിങ്ങളുടെ വിശേഷങ്ങൾ പറയൂ, നിങ്ങളുടെ കവിതകൾ കേൾപ്പിക്കൂ, തീർച്ചയായും ഹൃദയത്തിന് ആശ്വാസം നൽകുന്ന കാര്യങ്ങൾ ആവശ്യമാണ്.”
  2. വിദ്യാർത്ഥിയായ നീ മുൻകാല പണ്ഡിതന്മാരിൽ നിന്നും പ്രയോജനം നേടണം. അതോടൊപ്പം അവർ അബദ്ധങ്ങളിൽ നിന്നും സുരക്ഷിതരല്ലെന്നും നീ മനസ്സിലാക്കണം. കാരണം പണ്ഡിതന്മാരുടെ ജീവചരിത്രങ്ങളിൽ അപരിചിതമായ പല കാര്യങ്ങളും നീ കണ്ടേക്കാം. അവർ മനുഷ്യരാണല്ലോ. സർവ്വ പൂർണ്ണതയും പ്രവാചകൻ ﷺ യിൽ നിലനിർത്തുന്നതിനും, അവിടുത്തെ മാത്രം മാതൃകയാക്കുന്നതിനും വേണ്ടി തന്റെ കഴിവുകൊണ്ടും യുക്തികൊണ്ടും അല്ലാഹു – جل وعلا – ചില പണ്ഡിതന്മാരുടെ പൂർണ്ണതയുടെ വിശേഷണങ്ങളിൽ ചില കുറവുകൾ വരുത്തിയിട്ടുണ്ട്.

എന്നാൽ പൂർണ്ണമായും തെറ്റുകൾ സംഭവിക്കാത്ത ഒരു പ്രവാചകന്റെ സ്ഥാനത്ത് നീ ഒരു പണ്ഡിതനെ പ്രതിഷ്ഠിക്കുന്നത് ഒരിക്കലും ശരിയല്ല. നബി ﷺ യുടെ പ്രവർത്തികൾ പോലെയാണ് അദ്ദേഹത്തിന്റെ പ്രവർത്തികളെന്നും നീ വിശ്വസിക്കാൻ പാടില്ല. അല്ലാഹുവിന്റെ – جل وعلا – വിധിപ്രകാരമുള്ള ഒരു ഭൗതിക നന്മ അതിലുണ്ട്. അതായത്, ജനങ്ങൾ പണ്ഡിതന്മാരിൽ ആരെയും അമിതമായി പുകഴ്ത്താതിരിക്കുന്നതിനാണ് ഇത്. അതിനാൽ അദ്ദേഹത്തിന് ഏതെങ്കിലുമൊരു വീഴ്ച സംഭവിച്ചിട്ടുണ്ടാകും. പൂർണ്ണനായ മാതൃകാപുരുഷനെന്നത്, ജനങ്ങളെ നന്മ പഠിപ്പിക്കുകയും, ജനങ്ങൾക്കിടയിൽ സന്മാർഗ്ഗം പ്രചരിപ്പിക്കുകയും, സുന്നത്ത് പഠിപ്പിക്കുകയും ചെയ്യുന്ന റബ്ബാനിയായ പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ആക്ഷേപിക്കപ്പെടുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ നീ അതിലേക്ക് തിരിഞ്ഞുനോക്കരുത്; കാരണം ആക്ഷേപിക്കപ്പെടുന്ന എന്തെങ്കിലും കാര്യങ്ങളില്ലാത്തവരായി ആരും തന്നെയില്ല.

ഇമാം മാലിക് رَحِمَهُ اللَّهُ യുടെ ജീവചരിത്രം വായിച്ചാൽ അതിൽ ആക്ഷേപിക്കപ്പെടുന്ന കാര്യങ്ങൾ നിനക്ക് കാണാൻ കഴിയും. അതുപോലെയാണ് ഇമാം അഹ്മദ് رَحِمَهُ اللَّهُ യുടെ ചരിത്രത്തിലും, അബൂഹനീഫ رَحِمَهُ اللَّهُ യുടെ ചരിത്രത്തിലും, അശ്ശാഫിഈ رَحِمَهُ اللَّهُ യുടെ ചരിത്രത്തിലുമുള്ളത്. എന്നാൽ ഇന്ന് ജനങ്ങൾ ഈ നാല് ഇമാമുകളെയും പ്രകീർത്തിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. ഇമാം അബൂഹനീഫ رَحِمَهُ اللَّهُ യുടെ ജീവചരിത്രം പരിശോധിച്ചാൽ, ചില വിഷയങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹത്തെ ശപിക്കുന്നവരെ വരെ നിനക്ക് കാണാൻ കഴിയും. എന്നാൽ പിന്നീട് അദ്ദേഹത്തെ പ്രകീർത്തിക്കുന്നതിലും, അദ്ദേഹം ഫിഖ്ഹിലെ മുജ്തഹിദുകളായ പണ്ഡിതന്മാരിൽ പെട്ടവനാണെന്നതിലും കാര്യങ്ങൾ സ്ഥിരപ്പെടുകയാണുണ്ടായത്.

എല്ലാ കാലഘട്ടങ്ങളിലുമുള്ള പണ്ഡിതന്മാരുടെ ചരിത്രങ്ങൾ പരിശോധിച്ചാൽ അവർ പൂർണ്ണരായിരുന്നില്ല എന്ന് നിനക്ക് കാണാൻ കഴിയും. മറിച്ച് അവിടെ ചില ന്യൂനതകൾ നിർബന്ധമായും ഉണ്ടാകും. ഈ ന്യൂനത നീ അവരിലേക്ക് മാത്രം ചേർത്തുപറയരുത്, മറിച്ച് പൂർണ്ണനായവന്റെ പൂർണ്ണത വ്യക്തമാകുന്നതിനും, ഉപദേശിക്കുന്നവന്റെ ഉപദേശം വ്യക്തമാകുന്നതിനും അല്ലാഹു – جل وعلا – നൽകുന്ന പരീക്ഷണമാണത്. പൂർണ്ണമായ മാതൃക പ്രവാചകന്മാരിൽ عَلَيْهِمُ الصَّلَاةُ وَالسَّلَامُ മാത്രമാണെന്ന് നിനക്ക് ബോധ്യപ്പെടാൻ വേണ്ടിയുമാണിത്. വിശേഷിച്ചും നമ്മുടെ നബി മുഹമ്മദ് صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ യിൽ. എന്നാൽ പണ്ഡിതന്മാരിൽ ഓരോരുത്തരും ഇപ്രകാരം പറയുന്നതാണ്: എനിക്ക് ഇപ്രകാരമാണ് വ്യക്തമായത്, അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയുക. ചിലപ്പോൾ അദ്ദേഹം അത് പറയുന്നത് ഖുർആനിനും സുന്നത്തിനും എതിരായിട്ടാകാം.

  1. പണ്ഡിതന്മാരുടെ ദർസുകളിൽ രസകരമായ കഥകൾ ഉദ്ധരിക്കുന്നത് നല്ലതാണ്. അവയിൽ നിന്ന് നല്ല ഫലങ്ങൾ കൊയ്യാനും, സംസ്കരണത്തിലും ഉത്തമമായ മാർഗ്ഗനിർദ്ദേശത്തിലും പ്രയോജനങ്ങൾ നൽകാനും അത് സഹായിക്കുന്നു. അത് ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ പതിയുന്നതും, അല്ലാഹുവിലേക്കുള്ള – جل جلاله – മുന്നേറ്റത്തിലും വിജ്ഞാനത്തോടുള്ള താല്പര്യത്തിലും കൂടുതൽ സ്വാധീനം ചെലുത്തുന്നതുമാണ്. ഇത് മതിയാകും എന്ന് കരുതുന്നു.

അല്ലാഹു – جل وعلا – നിങ്ങളുടെ മികച്ച ശ്രദ്ധയ്ക്കും നിങ്ങളുടെ സാന്നിധ്യത്തിനും ഉത്തമമായ പ്രതിഫലം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ ദർസുകൾ മുഖേന നമുക്കും നിങ്ങൾക്കും അവൻ വലിയ പ്രയോജനം നൽകട്ടെ. എല്ലാവർക്കും അവൻ ഉത്തമമായ പ്രതിഫലം ധാരാളമായി നൽകട്ടെ. ഭരണാധികാരികൾക്ക് അല്ലാഹുവിന്റെ പൊരുത്തമുള്ള കാര്യങ്ങൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ. അവർക്ക് നേർമാർഗ്ഗവും സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖും നൽകി അവൻ അനുഗ്രഹിക്കട്ടെ. തീർച്ചയായും അവൻ سبحانه അങ്ങേയറ്റം ഔദാര്യമുള്ളവനും മാന്യനുമാണ്.

നമ്മുടെ നബി മുഹമ്മദ് ﷺ യുടെയും അവിടുത്തെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാനവും അനുഗ്രഹങ്ങളുമുണ്ടാകട്ടെ.1

  1. محاضرة الوصايا الجلية للاستفادة من الدروس العلمية ↩︎
Share This Article
Leave a Comment