ഡോ. അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽ-ഖാസിം
ഖുർആനിന്റെ സ്ഥാനം
മഹത്തായ ഖുർആൻ, അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായ ഗ്രന്ഥമാണ്. താഴെ പറയുന്ന കാര്യങ്ങളിൽ നിന്ന് ഇത് വ്യക്തമാകുന്നതാണ്:
1 – അല്ലാഹുവിന്റെ സംസാരമാണ് ഏറ്റവും ഉത്തമമായ സംസാരം. സൃഷ്ടികളുടെ സംസാരത്തിന് മേൽ അവന്റെ സംസാരത്തിനുള്ള ശ്രേഷ്ഠത, സൃഷ്ടികൾക്ക് മേൽ സ്രഷ്ടാവിനുള്ള ശ്രേഷ്ഠത പോലെയാണ്. ഖുർആൻ അവതരിക്കുന്നതിന് മുൻപ് തന്നെ മുൻകഴിഞ്ഞ പ്രവാചകന്മാർ അതിനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ
തീർച്ചയായും അതിന്‍റെ (ഖുർആനിന്‍റെയും പ്രവാചകൻ മുഹമ്മദ് നബിക്കുള്ള അതിന്റെ അവതരണത്തിന്റെയും) വിവരം പൂർവ്വികന്മാരുടെ വേദഗ്രന്ഥങ്ങളിൽ (തൗറാത്തിലും ഇൻജീലിലും) ഉണ്ട്. [അശ്ശുഅറാഅ് – 196]
ഇബ്നു കസീർ (رَحِمَهُ اللَّهُ) പറഞ്ഞു: “മുൻകഴിഞ്ഞ പ്രവാചകന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ട മുൻഗാമികളുടെ ഗ്രന്ഥങ്ങളിൽ ഖുർആനിനെക്കുറിച്ചുള്ള പരാമർശവും സൂചനയും നിലവിലുണ്ട്.”1
2 – ഖുർആൻ അവതരിപ്പിച്ചതിന്റെ പേരിൽ അല്ലാഹു അവനെത്തന്നെ സ്തുതിക്കുന്നു. അല്ലാഹു പറഞ്ഞു:
الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَى عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا
തന്‍റെ ദാസന് (മുഹമ്മദ് നബിക്ക്) ഈ വേദഗ്രന്ഥം (ഖുർആൻ) അവതരിപ്പിച്ചു കൊടുത്ത അല്ലാഹുവിന് സ്തുതി. അതിൽ യാതൊരു വക്രതയും അവൻ ഉണ്ടാക്കിയിട്ടില്ല. [അൽകഹ്ഫ് – 1]
സർവ്വശക്തനായ അവൻ അതിനെക്കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു. അവൻ പറഞ്ഞു:
يسَ وَالْقُرْءَانِ الْحَكِيمِ
യാ-സീന്‍. വിജ്ഞാനസമ്പൂർണ്ണമായ (നിയമങ്ങളും തെളിവുകളും ദൃഷ്ടാന്തങ്ങളും നിറഞ്ഞ) ഖുർആൻ തന്നെയാണ സത്യം. [യാസീൻ – 1, 2]
അതിന്റെ സത്തയിലും, പദവിയിലും, സ്ഥാനത്തിലുമുള്ള ഔന്നത്യവും മഹത്വവും അവൻ അതിന് (ഖുർആനിന്) രേഖപ്പെടുത്തിയിരിക്കുന്നു. അവൻ പറഞ്ഞു:
وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيُّ حَكِيمُ
തീർച്ചയായും അത് (ഈ ഖുർആൻ) നമ്മുടെ അടുക്കലുള്ള മൂലഗ്രന്ഥത്തിൽ (ലൗഹുൽ മഹ്ഫൂളിൽ) ഉൾപ്പെട്ടതാകുന്നു. അത് ഉന്നതവും വിജ്ഞാനസമ്പൂർണ്ണവും തന്നെയാകുന്നു. [അസ്സുഖ്റുഫ് – 4]
3 – ഈ സമുദായത്തിന്മേൽ അല്ലാഹു ഇത് ഒരു മഹാ അനുഗ്രഹമായി നൽകിയിരിക്കുന്നു:
لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا عَلَيْهِمْ ءَايَتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
സത്യവിശ്വാസികൾക്ക് അവരിൽ നിന്നുതന്നെയുള്ള ഒരു ദൂതനെ (മുഹമ്മദ് നബിയെ) നിയോഗിച്ചതിലൂടെ അല്ലാഹു മഹത്തായ ഒരു അനുഗ്രഹമാണ് അവർക്ക് നൽകിയിരിക്കുന്നത്. അല്ലാഹുവിന്‍റെ വചനങ്ങൾ (ഖുർആൻ) അവർക്ക് വായിച്ചുകേൾപ്പിക്കുകയും, അവരെ (പാപങ്ങളിൽ നിന്ന് അദ്ദേഹത്തെ പിൻപറ്റുന്നതിലൂടെ) സംസ്കരിക്കുകയും, അവർക്ക് ഗ്രന്ഥവും (ഖുർആൻ) ഹിക്മത്തും (വിജ്ഞാനവും പ്രവാചകന്റെ സുന്നത്തും) പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ. മുമ്പ് അവർ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു. [ആലു ഇംറാൻ – 164]
തന്റെ മറ്റു പല അനുഗ്രഹങ്ങളെയും എടുത്തുപറയുന്നതിന് മുൻപായി അവൻ ഖുർആനിനെക്കുറിച്ച് പരാമർശിച്ചു. അവൻ പറഞ്ഞു:
الرَّحْمَنُ * عَلَّمَ الْقُرْءَانَ * خَلَقَ الْإِنسَانَ * عَلَّمَهُ الْبَيَانَ
പരമകാരുണികൻ! അവൻ ഖുർആൻ പഠിപ്പിച്ചു (അവന്റെ കാരുണ്യത്താൽ). അവൻ മനുഷ്യനെ സൃഷ്ടിച്ചു. അവന് വിശദീകരണം (വ്യക്തമായ സംസാരം) പഠിപ്പിച്ചു. [അർറഹ്മാൻ – 1-4]
ഖുർആനിന്റെ സവിശേഷതകൾ
അല്ലാഹു ഖുർആനിനെ മഹത്തായ സവിശേഷതകൾ മുഖേന വിശേഷിപ്പിച്ചിരിക്കുന്നു:
1 – അത് അത്യധികം പ്രതാപവും ആദരവുമുള്ളതാകുന്നു. അതിന്റെ ആദരവിനോട് കിടപിടിക്കാൻ മറ്റൊന്നിനുമാവില്ല, അതിലേക്ക് അടുക്കുന്നവർക്കെല്ലാം ആദരവ് ലഭിക്കുന്നതാണ്.
അത്യുന്നതനായ അല്ലാഹു പറഞ്ഞു:
وَإِنَّهُ لَكِتَبُ عَزِيزٌ
തീർച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. [ഫുസ്സിലത് – 41]
2 – അത് ഗാംഭീര്യമുള്ളതും ഉന്നത സ്ഥാനമുള്ളതും അതിന്റെ മഹത്വത്തിൽ പരിപൂർണ്ണതയാൽ വിശേഷിപ്പിക്കപ്പെട്ടതുമാകുന്നു.
അത്യുന്നതനായ അല്ലാഹു പറഞ്ഞു:
وَلَقَدْ ءَاتَيْنَكَ سَبْعًا مِّنَ الْمَثَانِي وَالْقُرْءَانَ الْعَظِيمَ
ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും (സൂറത്തുൽ ഫാത്തിഹ) മഹത്തായ ഖുർആനും തീർച്ചയായും നാം നിനക്ക് നൽകിയിട്ടുണ്ട്. [അൽഹിജ്ർ – 87]
3 – ഇഹലോകത്തും പരലോകത്തും അത് മഹത്വമുള്ളതാകുന്നു.
അത്യുന്നതനായ അല്ലാഹു പറഞ്ഞു:
ق وَالْقُرْءَانِ الْمَجِيدِ
ഖാഫ്. മഹത്വമേറിയ ഖുർആൻ തന്നെയാണ സത്യം. [ഖാഫ് – 1]
4 – അത് ആദരണീയവും ബഹുമാനത്തിന്റെ അത്യുന്നത തലത്തിൽ എത്തിയതുമാകുന്നു.
അത്യുന്നതനായ അല്ലാഹു പറഞ്ഞു:
إِنَّهُ لَقُرْءَانُ كَرِيمٌ
തീർച്ചയായും ഇതൊരു ആദരണീയമായ ഖുർആൻ തന്നെയാകുന്നു. [അൽവാഖിഅ – 77]
5 – അതിൽ വിജ്ഞാനം ഉൾക്കൊള്ളുന്നു.
അല്ലാഹു പറഞ്ഞു:
تِلْكَ ءَايَاتُ الْكِتَابِ الْحَكِيمِ
വിജ്ഞാനസമ്പൂർണ്ണമായ ഗ്രന്ഥത്തിലെ (ഖുർആനിലെ) വചനങ്ങളാകുന്നു അവ. [ലുഖ്മാൻ – 2]
6 – നന്മകളുടെയും പ്രയോജനങ്ങളുടെയും ആധിക്യത്താൽ അത് അനുഗ്രഹീതമാക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു പറഞ്ഞു:
وَهَذَا كِتَبُ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ
ഇതും നാം അവതരിപ്പിച്ചതായ അനുഗ്രഹീത ഗ്രന്ഥമാകുന്നു (ഖുർആൻ). അതിനാൽ നിങ്ങളത് പിൻപറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം. [അൽഅൻആം – 155]
7 – അതിലെ പദപ്രയോഗങ്ങളിലും ആശയങ്ങളിലും അത് വ്യക്തതയുള്ളതാകുന്നു. കാര്യങ്ങളുടെ യാഥാർത്ഥ്യം അത് വിശദീകരിക്കുന്നു.
അല്ലാഹു പറഞ്ഞു:
هَذَا بَيَانُ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ
ഇത് മനുഷ്യർക്കായുള്ള ഒരു വ്യക്തമായ പ്രഖ്യാപനവും, മുത്തഖീങ്ങൾക്ക് (സൂക്ഷ്മത പാലിക്കുന്നവർക്ക്) സന്മാർഗ്ഗദർശനവും സദുപദേശവുമാകുന്നു. [ആലു ഇംറാൻ – 138]
ഇബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “അല്ലാഹു ഈ ഖുർആനിലൂടെ നമുക്ക് എല്ലാ വിജ്ഞാനങ്ങളും സകല കാര്യങ്ങളും വിശദീകരിച്ചു നൽകിയിരിക്കുന്നു.”2
ഖുർആനിന്റെ മുഅ്ജിസത്ത്
വിശുദ്ധ ഖുർആൻ മറ്റേതൊരു ഗ്രന്ഥത്തിനും കിടപിടിക്കാൻ കഴിയാത്ത ഒരു ഗ്രന്ഥമാണ്. അല്ലാഹു പറഞ്ഞു:
أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَى عَلَيْهِمْ
അവർക്ക് വായിച്ചുകേൾപ്പിക്കപ്പെടുന്ന ഈ ഗ്രന്ഥം (ഖുർആൻ) നാം നിനക്ക് അവതരിപ്പിച്ചു കൊടുത്തിരിക്കുന്നു എന്നത് തന്നെ അവർക്ക് മതിയായതല്ലേ? [അൽഅൻകബൂത്ത് – 51]
വിശുദ്ധ ഖുർആൻ ഏറ്റവും ഉത്തമമായ സംസാരമാകുന്നു.
اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ
അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അതായത് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്നതുമായ ഒരു ഗ്രന്ഥം (ഈ ഖുർആൻ). തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമ്മങ്ങൾ അതുമൂലം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിന്‍റെ സ്മരണയിലേക്ക് മയപ്പെടുന്നു. [അസ്സുമർ – 23]
ശൈഖുൽ ഇസ്ലാം (رَحِمَهُ اللَّهُ) പറഞ്ഞു: “മറ്റു എല്ലാ സംസാരങ്ങളെക്കാളും ഖുർആൻ ഉത്തമമാണ് എന്നതിന് ഇത് തെളിവാണ്: അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ടവയെക്കാളും അല്ലാത്തവയെക്കാളും അത് ശ്രേഷ്ഠമാണ്.” 3
ഏറ്റവും സമഗ്രമായ വിജ്ഞാന ശാഖകളും വിവരങ്ങളും വിശുദ്ധ ഖുർആനിൽ ഉൾക്കൊള്ളുന്നു. ഏറ്റവും സത്യസന്ധമായ വിവരങ്ങൾ, വാർത്തകൾ, വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളും, ഏറ്റവും ഉത്തമമായ ചരിത്രങ്ങൾ, വിജ്ഞാനത്തിന്റെ അത്യുന്നത തലങ്ങൾ, ഭാഷാസാഹിത്യത്തിന്റെയും വാഗ്മിത്വത്തിന്റെയും ഏറ്റവും മനോഹരമായ ഘടകങ്ങൾ എന്നിവ അതിൽ അടങ്ങിയിരിക്കുന്നു.
വിശുദ്ധ ഖുർആനിലെ അറബി പദപ്രയോഗങ്ങളും ഘടനയും അനന്യമാണ്, മറ്റൊന്നിനും അതിനോട് കിടപിടിക്കാനാവില്ല. അതിന്റെ പദപ്രയോഗങ്ങളിൽ അത് അത്ഭുതകരമാണ്, മറ്റൊരു സംസാരവും അതിനോട് സാമ്യം പുലർത്തുന്നില്ല. ശൈഖുൽ ഇസ്ലാം (رَحِمَهُ اللَّهُ) പറഞ്ഞു:
“ഖുർആനിന്റെ ഘടനയും ശൈലിയും അതിശയകരവും അത്ഭുതാവഹവുമാണ്. സംസാരങ്ങളുടെ പരമ്പരാഗത ശൈലികളിൽ നിന്നൊക്കെ വിഭിന്നമാണത്. അതിനോട് തുല്യമായ ഒരു ശൈലിയുമായി ആരും ഇതുവരെ വന്നിട്ടില്ല; അത് കവിതയായി കണക്കാക്കപ്പെടുന്നില്ല, അതൊരു പ്രഭാഷണമല്ല, അതൊരു കത്തുമല്ല. അതിന്റെ ഘടനാശൈലി ജനങ്ങളുടെ സംസാരങ്ങളിലെ ഒന്നുമായും സാമ്യമുള്ളതല്ല; അവർ അറബികളാകട്ടെ അനറബികളാകട്ടെ.”4
5 – ഖുർആനിന്റെ ആശയങ്ങളിലുള്ള മുഅ്ജിസത്ത് അതിന്റെ പദങ്ങളിലുള്ള മുഅ്ജിസത്തിനെക്കാൾ മഹത്തായതും വിപുലമായതുമാണ്. ശൈഖുൽ ഇസ്ലാം (رَحِمَهُ اللَّهُ) പറഞ്ഞു: “അതിന്റെ ആശയങ്ങളിലുള്ള മുഅ്ജിസത്ത് പദങ്ങളിലുള്ള മുഅ്ജിസത്തിനെക്കാൾ വളരെ മഹത്തായതാണ്.”
അത്യുന്നതനായ അല്ലാഹുവിന്റെ വചനം:
قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَى أَن يَأْتُوا بِمِثْلِ هَذَا الْقُرْءَانِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
പറയുക: ഈ ഖുർആൻ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒത്തുചേർന്നാലും, അവർക്കതു പോലൊന്ന് കൊണ്ടുവരാനാകില്ല. അവരിൽ ചിലർ മറ്റുചിലർക്ക് പിന്തുണ നൽകുന്നവരായാൽ പോലും. [അൽഇസ്റാഅ് – 88]
സകല കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതായത്, അതിന്റെ പദവും അതിന്റെ ആശയവും.5
6 – അല്ലാഹുവിന്റെ ഗ്രന്ഥം അതിന്റെ വിധികൾ സമഗ്രമാക്കിയതാണ്. അത് അതിന്റെ വിധിതീർപ്പുകളിൽ നീതിയുക്തവും ന്യായയുക്തവുമാണ്. കൽപ്പനകളിലും നിരോധനങ്ങളിലും അത് യുക്തിഭദ്രമാണ്, അത് പ്രതാപമുള്ളതും അത്യുന്നതവുമാണ്. അതിന് കരുത്തും സ്വാധീനവും സൗന്ദര്യവുമുണ്ട്. അതിലെ ഏറ്റവും ചെറിയ പദങ്ങളിൽപ്പോലും അതൊരു അത്ഭുതമാണ്. അതിലെ ഏറ്റവും ലളിതമായ തെളിവുകളിലൂടെ അതൊരു സന്മാർഗ്ഗദർശനമാണ്. അതൊരു ശ്രദ്ധേയമായ ദൃഷ്ടാന്തവും വ്യക്തമായ അത്ഭുതവുമാണ്. ബുദ്ധിയുള്ള ഒരാളും ഖുർആൻ കേൾക്കുമ്പോൾ അതവന് സത്യമാണെന്ന് സാക്ഷ്യപ്പെടുത്താതിരിക്കില്ല. ജിന്നുകൾ ഖുർആൻ പാരായണം കേട്ടപ്പോൾ അവർ പരസ്പരം പറഞ്ഞു:
أَنصِتُوا
നിങ്ങൾ മൗനമായി ശ്രദ്ധിക്കുക! [അൽഅഹ്ഖാഫ് – 29]
അവർ അവരുടെ സമൂഹത്തിലേക്ക് തിരിച്ചുചെന്ന് പറഞ്ഞു:
إِنَّا سَمِعْنَا قُرْءَانًا عَجَبًا
തീർച്ചയായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു. [അൽജിന്ന് – 1]
ഖുർആൻ അവതരിപ്പിക്കപ്പെട്ടതിന്റെ യുക്തി
അല്ലാഹുവിന്റെ ഗ്രന്ഥത്തെ ഒഴിവാക്കി മുന്നോട്ടുപോകാൻ ആർക്കും സാധ്യമല്ല. നമ്മുടെ പ്രവാചകൻ മുഹമ്മദ് (ﷺ) ജനങ്ങളിൽ ഏറ്റവും ബുദ്ധിപൂർണ്ണതയുള്ളവരായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിയുടെ പൂർണ്ണത അദ്ദേഹത്തെ നേർവഴിയിലേക്ക് നയിച്ചില്ല; മറിച്ച്, അദ്ദേഹത്തിനുള്ള സന്മാർഗ്ഗദർശനം ഖുർആനിലൂടെയായിരുന്നു.
അല്ലാഹു പറഞ്ഞു:
قُلْ إِن ضَلَلْتُ فَإِنَّمَا أَضِلُّ عَلَى نَفْسِي وَإِنِ اهْتَدَيْتُ فَبِمَا يُوحِيَ إِلَيَّ رَبِّي
പറയുക: ഞാൻ പിഴച്ചുപോയിട്ടുണ്ടെങ്കിൽ ഞാൻ പിഴക്കുന്നത് എന്റെ തന്നെ ദോഷത്തിനായിട്ടാണ്. ഞാൻ നേർവഴിയിലാണെങ്കിലോ അത് എന്റെ രക്ഷിതാവ് എനിക്ക് നൽകുന്ന ബോധനത്തിന്റെ ഫലമായിട്ടാണ്. [സബഅ് – 50]
അല്ലാഹു ഖുർആനിനെ ഒരു സദുപദേശമായും, ശമനമായും, കാരുണ്യമായും അവതരിപ്പിച്ചു. അത്യുന്നതനായ അല്ലാഹു പറഞ്ഞു:
يَأَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും (നല്ല കാര്യങ്ങൾ കൽപ്പിക്കുകയും തിന്മകൾ വിലക്കുകയും ചെയ്യുന്ന ഖുർആൻ), നെഞ്ചുകളിലുള്ള രോഗങ്ങൾക്ക് ശമനവും (അജ്ഞത, സംശയം, കാപട്യം, അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയവയ്ക്ക്), സത്യവിശ്വാസികൾക്ക് സന്മാർഗ്ഗദർശനവും കാരുണ്യവും (അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങൾ വിശദീകരിക്കുന്നത്) നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. [യൂനുസ് – 57]
അല്ലാഹു തന്റെ ദാസന്മാർക്ക് അതിനെ ഒരു പ്രകാശമാക്കിത്തീർത്തു. അത്യുന്നതനായ അല്ലാഹു പറഞ്ഞു:
قَدْ جَاءَكُم مِّنَ اللَّهِ نُورٌ
തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശം (ഖുർആൻ) വന്നെത്തിയിരിക്കുന്നു. [അൽമാഇദ – 15]
ഇത് ഉത്തമ സ്വഭാവങ്ങളുടെയും സദാചാരത്തിന്റെയും ഉറവിടമാണ്. സഅ്ദ് ഇബ്നു ഹിശാം (رَحِمَهُ اللَّهُ) പറഞ്ഞു: “ഓ വിശ്വാസികളുടെ മാതാവേ, അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) സ്വഭാവത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക.” അവർ ചോദിച്ചു: “താങ്കൾ ഖുർആൻ വായിക്കാറില്ലേ?” ഞാൻ പറഞ്ഞു: “അതെ”. അവർ പറഞ്ഞു: “തീർച്ചയായും അല്ലാഹുവിന്റെ പ്രവാചകന്റെ സ്വഭാവം ഖുർആനായിരുന്നു.” 6
ഖുർആനിലൂടെ സന്തോഷം കണ്ടെത്തൽ
മഹത്തായ ഖുർആനിൽ സന്തോഷം കണ്ടെത്തുകയും ആനന്ദിക്കുകയും ചെയ്യുക എന്നത് വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന രൂപങ്ങളിലൊന്നാണ്. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടതിൽ വേദക്കാർ സന്തോഷിച്ചതായി അല്ലാഹു പരാമർശിച്ചിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
وَالَّذِينَ ءَاتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنزِلَ إِلَيْكَ
നാം വേദം നൽകിയിട്ടുള്ളവർ നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു. [അർറഅ്ദ് – 36]
ഇബ്നു കസീർ (رَحِمَهُ اللَّهُ) പറഞ്ഞു:
അത്യുന്നതനായ അല്ലാഹു പറയുന്നു: “നാം വേദം നൽകിയിട്ടുള്ളവർ”, “(അവർ) നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു,” ഇത് ഖുർആനിനെയാണ് സൂചിപ്പിക്കുന്നത്. കാരണം അവരുടെ ഗ്രന്ഥങ്ങളിൽ അതിലെ സത്യസന്ധതയെക്കുറിച്ചുള്ള തെളിവുകളും അതിന്റെ അവതരണത്തെക്കുറിച്ചുള്ള സന്തോഷവാർത്തയും ഉൾക്കൊള്ളുന്നുണ്ട്.”7
ഈ സമുദായത്തിന് അവരുടെ ഗ്രന്ഥത്തോടുള്ള സന്തോഷം മറ്റേത് സമുദായത്തിന്റെ സന്തോഷത്തെയും കവച്ചുവെക്കുന്നതാണ്. ഇത് അതിൽ സന്തോഷിക്കുവാനുള്ള അല്ലാഹുവിന്റെ കൽപ്പനയുടെ അടിസ്ഥാനത്തിലാണ്.
അത്യുന്നതനായ അല്ലാഹു പറഞ്ഞു:
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا
പറയുക: അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടും അവന്‍റെ കാരുണ്യം കൊണ്ടും (അതായത് ഇസ്‌ലാമും ഖുർആനും), അതുകൊണ്ട് അവർ സന്തോഷിച്ചു കൊള്ളട്ടെ. [യൂനുസ് – 58]
ഇബ്നു കസീർ (رَحِمَهُ اللَّهُ) പറഞ്ഞു: “സന്മാർഗ്ഗദർശനത്തിൽ നിന്നും സത്യമതത്തിൽ നിന്നുമായി അല്ലാഹുവിങ്കൽ നിന്നും വന്നെത്തിയതിൽ:
“…അതുകൊണ്ട് അവർ സന്തോഷിച്ചു കൊള്ളട്ടെ.”
കാരണം, തീർച്ചയായും അവർ സന്തോഷിക്കുന്നവയിൽ വെച്ച് ഏറ്റവും അർഹതപ്പെട്ടത് അതാണ്.
هُوَ خَيْرٌ مِّمَّا يَجْمَعُونَ
അവർ (സമ്പത്ത്) ഒരുമിച്ചുകൂട്ടുന്നതിനെക്കാൾ ഉത്തമമായിട്ടുള്ളത് അതാണ്.
ഭൗതിക ലോകത്തെ അലങ്കാരങ്ങളെക്കാളും, അതിലുള്ള നശ്വരമായ ആഡംബരങ്ങളെക്കാളും ഉത്തമമാണത് എന്ന് തീർച്ചയാണ് ഇത് അർത്ഥമാക്കുന്നത്.”
ജനങ്ങളിൽ ഏറ്റവും സന്തോഷവാന്മാർ അല്ലാഹുവിന്റെ ഗ്രന്ഥത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നവരാകുന്നു, കാരണം തീർച്ചയായും അതൊരു പ്രകാശമാണ്.
അല്ലാഹു പറഞ്ഞു:
قَدْ جَاءَكُم مِّنَ اللَّهِ نُورٌ
തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശം (ഖുർആൻ) വന്നെത്തിയിരിക്കുന്നു. [അൽമാഇദ – 15]

