ഡോ. അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽ-ഖാസിം
ഖുർആൻ സദസ്സുകൾ
ഖുർആൻ സദസ്സുകൾ സമാധാനവും (സകീനത്ത്) കാരുണ്യവും ഇറങ്ങുന്ന ഇടങ്ങളാകുന്നു.
നബി (ﷺ) പറഞ്ഞു:
وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ
“അല്ലാഹുവിന്റെ ഭവനങ്ങളിൽ വെച്ചൊരു ഭവനത്തിൽ ഒരു വിഭാഗം ആളുകൾ ഒരുമിച്ചുകൂടി അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, അവർക്കിടയിൽ അത് പഠിക്കുകയും ചെയ്യുന്നുവെങ്കിൽ; അവരുടെ മേൽ സമാധാനം ഇറങ്ങാതിരിക്കില്ല. കാരുണ്യം അവരെ പൊതിയുകയും മലക്കുകൾ അവരെ വലയം വെക്കുകയും ചെയ്യും. അല്ലാഹു തന്റെ അടുക്കലുള്ളവരോട് അവരെക്കുറിച്ച് പറയുകയും ചെയ്യുന്നതാണ്.”1
ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ഉത്തമരായ കൂട്ടുകാർ ഖുർആനിന്റെ ആളുകളാകുന്നു. ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “ഉമറിന്റെ (رَضِيَ اللَّهُ عَنْهُ) സദസ്സുകളിലെ ആളുകളും അദ്ദേഹത്തിന്റെ ഉപദേശകരും ഖുർആൻ പാരായണ വിദഗ്ധരായിരുന്നു (ഖുർറാഅ്); അവർ പ്രായമായവരാകട്ടെ യുവാക്കളാകട്ടെ.”2
അറിവുള്ളവരും ഖുർആനിന്റെ ആശയങ്ങൾ മനസ്സിലാക്കിയവരുമായ ഖുർആനിന്റെ ആളുകൾ തന്നെയാകുന്നു യഥാർത്ഥ പണ്ഡിതന്മാർ.
അല്ലാഹു പറഞ്ഞു:
بَلْ هُوَ ءَايَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ
അല്ല, ജ്ഞാനം നൽകപ്പെട്ടവരുടെ ഹൃദയങ്ങളിൽ അത് (ഖുർആൻ) സുവ്യക്തമായ വചനങ്ങളാകുന്നു. [അൽഅൻകബൂത്ത് – 49]
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആത്മാർത്ഥമായി ആരെങ്കിലും ഖുർആനിലേക്ക് തിരിയുന്നുവോ, അല്ലാഹു അവനെ ഉയർത്തുന്നതാണ്. ഉമർ (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “തീർച്ചയായും നിങ്ങളുടെ നബി (ﷺ) പറഞ്ഞിരിക്കുന്നു:
إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا وَيَضَعُ بِهِ آخَرِينَ
തീർച്ചയായും ഈ ഗ്രന്ഥം മുഖേന അല്ലാഹു ചില ജനവിഭാഗങ്ങളെ ഉയർത്തുകയും മറ്റുചിലരെ താഴ്ത്തുകയും ചെയ്യുന്നതാണ്.”3
വിഷയം 2: ഖുർആൻ പഠിക്കുന്നതിന്റെ ശ്രേഷ്ഠത
അല്ലാഹു അവന്റെ ദാസന്മാർക്ക് ഖുർആൻ പഠിപ്പിച്ചു നൽകുകയും, അവർക്കത് പാരായണം ചെയ്യാനും മനഃപാഠമാക്കാനും എളുപ്പമാക്കി കൊടുക്കുകയും ചെയ്തു.
അല്ലാഹു പറഞ്ഞു:
الرَّحْمَنُ * عَلَّمَ الْقُرْءَانَ
പരമകാരുണികൻ. അവൻ ഖുർആൻ പഠിപ്പിച്ചു (അവന്റെ കാരുണ്യത്താൽ). [അർറഹ്മാൻ – 1, 2]
ഇബ്നു കസീർ (رَحِمَهُ اللَّهُ) പറഞ്ഞു: “അല്ലാഹു അവന്റെ ദാസന്മാർക്ക് ഖുർആൻ അവതരിപ്പിച്ചു നൽകി, അവൻ കാരുണ്യം ചൊരിഞ്ഞവർക്ക് അത് മനഃപാഠമാക്കാനും ഗ്രഹിക്കാനും അവൻ എളുപ്പമാക്കി കൊടുക്കുകയും ചെയ്തു.”4
അങ്ങനെ അറബികളും അനറബികളും, ചെറുപ്പക്കാരും പ്രായമായവരും, പുരുഷന്മാരും സ്ത്രീകളും, ധനികരും ദരിദ്രരും അത് പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്യുന്നു. ഇബ്രാഹീം നബിയും ഇസ്മാഈൽ നബിയും (അവർ ഇരുവരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ) അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തു കേൾപ്പിക്കാനും പഠിപ്പിക്കാനുമായി ഒരു പ്രവാചകനെ നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. അവർ ഇരുവരും പറഞ്ഞു:
رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا عَلَيْهِمْ ءَايَتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നിന്‍റെ വചനങ്ങൾ വായിച്ചുകേൾപിക്കുകയും, അവർക്ക് ഗ്രന്ഥവും (ഖുർആൻ) ഹിക്മത്തും (ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള പൂർണ്ണ ജ്ഞാനം, അല്ലെങ്കിൽ വിവേകം, അല്ലെങ്കിൽ പ്രവാചകത്വം തുടങ്ങിയവ) പഠിപ്പിക്കുകയും… ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. (മുഹമ്മദ് നബിയെ നിയോഗിച്ചതിലൂടെ അല്ലാഹു അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി). [അൽബഖറ – 129]
ഖുർആൻ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവനാകുന്നു ജനങ്ങളിൽ ഏറ്റവും ഉത്തമൻ. നബി (ﷺ) പറഞ്ഞു:
خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
“ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമർ.”5
ഐഹികലോകത്തെ സമ്പത്തിനെക്കാളും ഉത്തമമാണ് ഖുർആൻ പഠിക്കൽ. നബി (ﷺ) പറഞ്ഞു:
أَيَعْجِزُ أَحَدُكُمْ أَنْ يَغْدُوَ إِلَى الْمَسْجِدِ فَيَتَعَلَّمَ أَوْ يَقْرَأَ آيَتَيْنِ مِنْ كِتَابِ اللَّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ
“നിങ്ങളിലൊരാൾ രാവിലെ പള്ളിയിൽ പോയി പ്രതാപവാനും മഹാനുമായ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് രണ്ട് വചനങ്ങൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നത് രണ്ട് പെണ്ണൊട്ടകങ്ങളെക്കാൾ അവന് ഉത്തമമല്ലേ? മൂന്ന് വചനങ്ങൾ മൂന്ന് ഒട്ടകങ്ങളെക്കാളും, നാല് വചനങ്ങൾ നാല് ഒട്ടകങ്ങളെക്കാളും അവന് ഉത്തമമാകുന്നു. വചനങ്ങളുടെ എണ്ണത്തിനനുസരിച്ച് അത്രയും ഒട്ടകങ്ങളെക്കാളും അത് അവന് ഉത്തമമാണ്.”6
കുട്ടികളുടെ ഹൃദയങ്ങളിൽ ഈമാൻ ഉറച്ചുനിൽക്കുന്നതിനായി അവരെ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതിൽ മുൻഗാമികൾ അതീവ താല്പര്യം കാണിച്ചിരുന്നു. ഇബ്നു ഖൽദൂൻ (رَحِمَهُ اللَّهُ) പറഞ്ഞു: “കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്നത് മതത്തിന്റെ അടയാളങ്ങളിൽ പെട്ട ഒന്നാണ്. മതനിഷ്ഠയുള്ള ആളുകൾ ഈ സമ്പ്രദായം ഏറ്റെടുക്കുകയും എല്ലാ പ്രദേശങ്ങളിലും അതിലൂടെ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദയങ്ങളിൽ ഈമാനും വിശ്വാസപ്രമാണങ്ങളും സ്ഥാപിക്കുന്നതിൽ അത് ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം, അവ ഖുർആൻ വചനങ്ങളിൽ നിന്നും വിവിധ പ്രവാചക പാഠങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അങ്ങനെ വിദ്യാഭ്യാസത്തിന്റെ അടിത്തറയായി ഖുർആൻ മാറി, പിന്നീടുള്ള മറ്റു വൈദഗ്ധ്യങ്ങളും കഴിവുകളും ഇതിന്മേലാണ് പടുത്തുയർത്തപ്പെടുന്നത്.”7
ഖുർആൻ പഠിക്കുന്നതിന്റെ ശ്രേഷ്ഠതകൾ സലഫുകൾ മനസ്സിലാക്കിയപ്പോൾ, തങ്ങളുടെ യാത്രകളിൽ പോലും അവർ അത് പഠിക്കുന്നതിനായി പ്രതിജ്ഞാബദ്ധരായി. അബൂബക്കർ അഹ്മദ് അശ്ശഥഈ (رَحِمَهُ اللَّهُ) തന്റെ ഗുരുവുമൊത്ത് ബാഗ്ദാദിൽ നിന്ന് ദമസ്കസിലേക്കുള്ള 847 കിലോമീറ്റർ യാത്രയിൽ, അദ്ദേഹത്തിന് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കാനായി ഒപ്പം സഞ്ചരിച്ചു. അദ്ദേഹം (رَحِمَهُ اللَّهُ) പറഞ്ഞു: “ഞാൻ ബാഗ്ദാദിൽ വെച്ച് അബുൽ ഹസൻ ഇബ്നുൽ അഖ്റമിന് സൂറത്ത് അത്തൗബ വരെ പാരായണം ചെയ്തു കേൾപ്പിച്ചു. ശേഷം അദ്ദേഹം പുറപ്പെട്ടു, അദ്ദേഹത്തോടൊപ്പം ഞാനും പുറപ്പെട്ടു. ദമസ്കസിൽ വെച്ച് അത് പൂർണ്ണമായും പാരായണം ചെയ്തു തീർക്കുന്നതുവരെ വഴിനീളെ ഞാൻ അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചു കൊടുക്കുമായിരുന്നു.”8
ഖുർആൻ പാരായണം ചെയ്യുന്നതിന്റെ ശ്രേഷ്ഠത
ഖുർആൻ പാരായണം ചെയ്യുന്നവനെ അല്ലാഹു മഹത്തായ പ്രതിഫലം നൽകി ആദരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ
“അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ആരെങ്കിലും ഒരു അക്ഷരം പാരായണം ചെയ്താൽ അവന് അതുമുഖേന ഒരു നന്മയുണ്ട്. ഒരു നന്മയ്ക്ക് പത്തിരട്ടി പ്രതിഫലമാണുള്ളത്. അലിഫ്-ലാം-മീം എന്നത് ഒരൊറ്റ അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല, മറിച്ച് അലിഫ് ഒരു അക്ഷരമാണ്, ലാം ഒരു അക്ഷരമാണ്, മീം ഒരു അക്ഷരമാണ്.” 9
ഖുർആൻ പാരായണം ചെയ്യുക എന്നത് സ്ഥിരത കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ പെട്ടതാണ്.
അത്യുന്നതനായ അല്ലാഹു പറഞ്ഞു:
وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْءَانُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلًا
സത്യനിഷേധികൾ പറഞ്ഞു: ഇവന് ഖുർആൻ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്ത്? നിന്‍റെ ഹൃദയത്തെ അതുമൂലം ഉറപ്പിച്ചുനിർത്താൻ വേണ്ടി അപ്രകാരം (ഘട്ടം ഘട്ടമായി അത് അവതരിപ്പിക്കപ്പെടുന്നു). നാം അതിനെ സാവകാശം പാരായണം ചെയ്തു തരികയും ചെയ്തിരിക്കുന്നു (23 വർഷങ്ങളിലായാണ് അത് നബിക്ക് അവതരിപ്പിച്ചു കൊടുത്തത്). [അൽഫുർഖാൻ – 32]
ഇബ്നു കസീർ (رَحِمَهُ اللَّهُ) പറഞ്ഞു: “വ്യത്യസ്ത ഭാഗങ്ങളായാണ് (ഖുർആൻ) അവതരിപ്പിക്കപ്പെട്ടത്, 23 വർഷക്കാലം നീണ്ടുനിന്ന കാലയളവിൽ, അവസ്ഥകൾക്കും സംഭവവികാസങ്ങൾക്കും, മതനിയമങ്ങളിലെ വിധികൾക്കനുസരിച്ചുള്ള ആവശ്യങ്ങൾക്കും വിധേയമായാണ് (വചനങ്ങൾ അവതരിപ്പിക്കപ്പെട്ടത്); സത്യവിശ്വാസികളുടെ ഹൃദയങ്ങൾ അതുമുഖേന ഉറപ്പിച്ചു നിർത്തപ്പെടുന്നതിന് വേണ്ടിയാണിത്.”10
ഖുർആൻ അതിന്റെ ആളുകൾക്ക് അന്ത്യനാളിൽ ഒരു തെളിവാണ്, ലോകരക്ഷിതാവിങ്കൽ ശുപാർശ സ്വീകരിക്കപ്പെടുന്ന ഒരു ശുപാർശകനുമാണത്.
നബി (ﷺ) പറഞ്ഞു:
اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ
“നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, കാരണം അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ഒരു ശുപാർശകനായിക്കൊണ്ട് അത് വരുന്നതാണ്.”11
ഖുർആൻ മനഃപാഠമാക്കുന്നതിന്റെ ശ്രേഷ്ഠത
ഖുർആൻ മനഃപാഠമാക്കുന്നവൻ ആദരണീയരായ മലക്കുകൾക്കൊപ്പമാണ്. നബി (ﷺ) പറഞ്ഞു:
الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ
“ഖുർആൻ പാരായണം ചെയ്യുകയും അത് മനഃപാഠമാക്കുകയും ചെയ്തവന്റെ (അതിൽ നൈപുണ്യം നേടിയവന്റെ) ഉപമ പുണ്യവാന്മാരും ആദരണീയരുമായ മലക്കുകൾക്കൊപ്പമാണ്. പ്രയാസപ്പെട്ടുകൊണ്ട് വിക്കി വിക്കി ഖുർആൻ പാരായണം ചെയ്യുകയും അതിൽ നിത്യമായി നിലകൊള്ളുകയും ചെയ്യുന്നവന് രണ്ട് പ്രതിഫലങ്ങളുണ്ട്.”12
അല്ലാഹുവിന്റെ മഹത്തായ ഗ്രന്ഥം മനഃപാഠമാക്കുക എന്നത് പണ്ഡിതന്മാരുടെ ഉപദേശമാണ്. ഇബ്നുൽ ജൗസി (رَحِمَهُ اللَّهُ) പറഞ്ഞു:
“(ഒരു ദാസൻ) താൻ വിജ്ഞാനങ്ങളിൽ നിന്ന് എന്താണ് മനഃപാഠമാക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. കാരണം തീർച്ചയായും ജീവിതം വിലപ്പെട്ടതാണ്, വിജ്ഞാനങ്ങൾ അനവധിയുമാണ്. മഹത്തായ വിജ്ഞാനങ്ങളെക്കാൾ പ്രാധാന്യം കുറഞ്ഞവ മനഃപാഠമാക്കുന്നതിനായി സമയം ചിലവഴിക്കുന്നവരുണ്ട്. എല്ലാ വിജ്ഞാനങ്ങളും ഉത്തമമാണെങ്കിലും, കൂടുതൽ പ്രധാനപ്പെട്ടതിനും ശ്രേഷ്ഠമായതിനും മുൻഗണന നൽകുന്നതാണ് ഏറ്റവും നല്ലത്. ഒരാൾക്ക് സ്വയം വ്യാപൃതനാകാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യം ഖുർആൻ മനഃപാഠമാക്കലാണ്.”13
തങ്ങളുടെ കുട്ടികളെ ഖുർആൻ മനഃപാഠമാക്കിക്കുന്നതിൽ സലഫുകൾ അതീവ താല്പര്യം കാണിച്ചിരുന്നു. ഇബ്നുൽ ജൗസി (رَحِمَهُ اللَّهُ) പറഞ്ഞു: “സലഫുകളിൽ ഒരാൾക്ക് ഒരു കുഞ്ഞ് പിറന്നാൽ, ഖുർആൻ മനഃപാഠമാക്കുന്നതിലും ഹദീസ് ശ്രവിക്കുന്നതിലും അവർ അവനെ വ്യാപൃതനാക്കുമായിരുന്നു. അങ്ങനെ അവന്റ (കുട്ടിയുടെ) ഹൃദയത്തിൽ ഈമാൻ ദൃഢമായിത്തീരും.”14
പ്രായാധിക്യം ഒരാളെ ഖുർആൻ മനഃപാഠമാക്കുന്നതിൽ നിന്ന് തടയുന്നില്ല. അബൂബക്കർ അസ്സിദ്ദീഖിന് (رَضِيَ اللَّهُ عَنْهُ) 61 വയസ്സുള്ളപ്പോഴാണ് ദിവ്യബോധനം അവതരിക്കുന്നത് പൂർണ്ണമാകുന്നത്, അദ്ദേഹം ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി. ഇമാം അന്നവവി (رَحِمَهُ اللَّهُ) പറഞ്ഞു: “ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കിയ സ്വഹാബികളിലെ പ്രായം ചെന്നവരിൽ പെട്ടയാളാണ് അദ്ദേഹം.”15
അബൂ അബ്ദുല്ല ഇബ്നു ഉമർ ഇബ്നു ഹമ്മൂയഹ് ഖുർആൻ മനഃപാഠമാക്കിയത് അദ്ദേഹത്തിന് 80 വയസ്സായപ്പോഴാണ്.16
അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് യാതൊന്നും മനഃപാഠമാക്കാത്തവന്റെ ഹൃദയം നശിച്ചുപോയ ഒരു ഭവനം പോലെയാണ്. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
إِنَّ الَّذِي لَيْسَ فِي جَوْفِهِ شَىْءٌ مِنَ الْقُرْآنِ كَالْبَيْتِ الْخَرِبِ
“ഉള്ളിൽ ഖുർആനിൽ നിന്നുള്ള യാതൊന്നുമില്ലാത്തവൻ ശൂന്യമായ (നശിച്ച) ഒരു ഭവനം പോലെയാണ്.” 17
ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവോടുള്ള ഭയം
വിശുദ്ധ ഖുർആൻ ഉൽബോധനങ്ങളാലും ശാസനകളാലും കൽപ്പനകളാലും നിറഞ്ഞിട്ടുള്ളതാണ്. അതൊരു പർവ്വതത്തിന്മേൽ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ, അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്താൽ അത് വിനീതമാകുന്നതും പൊട്ടിപ്പിളർന്ന് തകരുന്നതും തീർച്ചയായും താങ്കൾക്ക് കാണാമായിരുന്നു.
അത്യുന്നതനായ അല്ലാഹു പറഞ്ഞിരിക്കുന്നു:
لَوْ أَنزَلْنَا هَذَا الْقُرْءَانَ عَلَى جَبَلٍ لَّرَأَيْتَهُ خَشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
ഈ ഖുർആനിനെ നാം ഒരു പർവ്വതത്തിന്മേൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ അല്ലാഹുവെപ്പറ്റിയുള്ള ഭയത്താൽ അത് വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ജനങ്ങൾ ചിന്തിക്കുന്നതിന് വേണ്ടി നാം അവർക്ക് വിവരിച്ചുകൊടുക്കുന്ന ഉപമകളാണിവ. [അൽഹശ്ർ – 21]
ജനങ്ങളിൽ ഏറ്റവും ഉത്തമരും ശ്രേഷ്ഠരുമായവരെ ഖുർആനിലെ വചനങ്ങൾ കരയിപ്പിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) അല്ലാഹുവിന്റെ റസൂലിന് (ﷺ) സൂറത്തുന്നിസാഇൽ നിന്ന് ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു. അദ്ദേഹം ഈ വചനത്തിൽ എത്തിയപ്പോൾ:
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلَاءِ شَهِيدًا
എന്നാൽ ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും, ഇക്കൂട്ടർക്കെതിരിൽ നിന്നെ (മുഹമ്മദ് നബിയെ) നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ! [അന്നിസാഅ് – 41]
അല്ലാഹുവിന്റെ റസൂൽ (ﷺ) അദ്ദേഹത്തോട് പറഞ്ഞു: ‘ഇപ്പോൾ മതി.’
ഇബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “അപ്പോൾ ഞാൻ അദ്ദേഹത്തിലേക്ക് നോക്കി, അദ്ദേഹത്തിന്റെ ഇരുകണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.” 18
അബ്ദുല്ല ഇബ്നു അശ്ശിഖ്ഖീർ (رَضِيَ اللَّهُ عَنْهُ) പറഞ്ഞു:
أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يُصَلِّي وَلِجَوْفِهِ أَزِيزٌ كَأَزِيزِ الْمِرْجَلِ مِنَ الْبُكَاءِ
“ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) അടുക്കൽ ചെന്നു. അദ്ദേഹം നമസ്കരിക്കുകയായിരുന്നു; കരച്ചിൽ കാരണം തിളക്കുന്ന പാത്രത്തിന്റെ ശബ്ദം പോലെ അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്ന് ഒരു ശബ്ദം വരുന്നുണ്ടായിരുന്നു.”19
ആയിശ (رَضِيَ اللَّهُ عَنْهَا) പറഞ്ഞു:
إِنَّ أَبَا بَكْرٍ رَجُلٌ أَسِيفٌ، إِذَا قَرَأَ الْقُرْآنَ لَمْ يَمْلِكْ عَيْنَيْهِ
“അബൂബക്കർ (رَضِيَ اللَّهُ عَنْهُ) പെട്ടെന്ന് കരയുന്ന പ്രകൃതക്കാരനായ ഒരാളായിരുന്നു, ഖുർആൻ പാരായണം ചെയ്യുമ്പോൾ അദ്ദേഹത്തിന് തന്റെ കണ്ണുകളെ (കണ്ണുനീരിനെ) നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.”20
ഉബൈദ് ഇബ്നു ഉമൈർ (رَحِمَهُ اللَّهُ) പറഞ്ഞു: “ഉമർ ഇബ്നുൽ ഖത്വാബ് (رَضِيَ اللَّهُ عَنْهُ) ഞങ്ങൾക്ക് സുബ്ഹി നമസ്കാരത്തിന് നേതൃത്വം നൽകി. അദ്ദേഹം സൂറത്ത് യൂസുഫ് പാരായണം ചെയ്യാൻ ആരംഭിച്ചു, ഈ വചനത്തിൽ എത്തിയപ്പോൾ:
وَأَبْيَضَّتْ عَيْنَاهُ مِنَ الْحُزْنِ فَهُوَ كَظِيمٌ
ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ കണ്ണുകൾ വെളുത്തുപോയി. അങ്ങനെ അദ്ദേഹം അത്യധികം സങ്കടം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. [യൂസുഫ് – 84]
ശബ്ദം ഇടറുന്നത് വരെ അദ്ദേഹം കരഞ്ഞു, പിന്നീട് അദ്ദേഹം റുകൂഇലേക്ക് പോയി.”21
ഇബ്നു അബീ മുലൈക (رَحِمَهُ اللَّهُ) പറഞ്ഞു: “ഞാൻ മദീനയിൽ നിന്നും മക്കയിലേക്ക് ഇബ്നു അബ്ബാസിനെ (رَضِيَ اللَّهُ عَنْهُ) അനുഗമിച്ചു, അദ്ദേഹം ഈരണ്ട് റക്അത്തുകൾ നമസ്കരിക്കുമായിരുന്നു. തമ്പടിച്ചാൽ രാത്രിയുടെ പകുതിയും അദ്ദേഹം നിന്ന് ഖുർആൻ പാരായണം ചെയ്യും. ഓരോ അക്ഷരങ്ങളായി അദ്ദേഹം പാരായണം ചെയ്യുകയും വളരെയധികം വിതുമ്പുകയും കരയുകയും ചെയ്യുമായിരുന്നു.”22
അബ്ദുല്ല ഇബ്നു ഉർവ ഇബ്നുസ്സുബൈർ (رَحِمَهُ اللَّهُ) പറഞ്ഞു: “ഞാൻ എന്റെ പിതാമഹി അസ്മാഅ് ബിൻത് അബീബക്കറിനോട് (رَضِيَ اللَّهُ عَنْهَا) ചോദിച്ചു, ‘റസൂലിന്റെ (ﷺ) സ്വഹാബികൾക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ എങ്ങനെയായിരുന്നു?’ അവർ പറഞ്ഞു, ‘അല്ലാഹു അവരെ വിശേഷിപ്പിച്ചത് പോലെയായിരുന്നു അവർ; കണ്ണുകൾ കരയുന്നവരും ചർമ്മങ്ങൾ വിറകൊള്ളുന്നവരുമായിരുന്നു അവർ.”23
ജഅ്ഫർ അത്ത്വയ്യാർ (رَضِيَ اللَّهُ عَنْهُ) നജ്ജാശിക്ക് സൂറത്ത് മർയമിന്റെ പ്രാരംഭ ഭാഗങ്ങൾ പാരായണം ചെയ്തു കേൾപ്പിച്ചു. താടിരോമങ്ങൾ നനയുന്നത് വരെ അദ്ദേഹം കരഞ്ഞു, അദ്ദേഹത്തിന്റെ പുരോഹിതന്മാർ അവരുടെ ഗ്രന്ഥങ്ങൾ കുതിരുന്നത് വരെ കരഞ്ഞു.24
അബൂ സാലിഹ് അസ്സമ്മാൻ (رَحِمَهُ اللَّهُ) പറഞ്ഞു: “അബൂബക്കറിന്റെ (رَضِيَ اللَّهُ عَنْهُ) കാലത്ത് യെമൻകാർ വരികയും ഖുർആൻ കേൾക്കുകയും ചെയ്തപ്പോൾ, അതവരെ കരയിപ്പിച്ചു. അബൂബക്കർ (رَضِيَ اللَّهُ عَنْهُ) പറഞ്ഞു, ‘ഞങ്ങളും അങ്ങനെയായിരുന്നു, പിന്നീട് ഹൃദയങ്ങൾ കടുത്തുപോയി.”25
ഖുർആനിന്റെ ആളുകളുടെ പദവി
ഖുർആനിന്റെ ആളുകൾ അല്ലാഹുവിന്റെ ആളുകളും അവനോട് ഏറ്റവും അടുത്തവരുമാണ്. നബി (ﷺ) പറഞ്ഞു:
إِنَّ لِلَّهِ أَهْلِينَ مِنَ النَّاسِ
“തീർച്ചയായും അല്ലാഹുവിന് ജനങ്ങളിൽ നിന്ന് അവന്റേതായ ചിലക്കാരുണ്ട്.”
ചോദിക്കപ്പെട്ടു: “ഓ അല്ലാഹുവിന്റെ റസൂലേ, അവർ ആരാണ്?”
أَهْلُ الْقُرْآنِ هُمْ أَهْلُ اللَّهِ وَخَاصَّتُهُ
അവിടുന്ന് പറഞ്ഞു: “(അവർ) ഖുർആനിന്റെ ആളുകളാണ്, അവർ അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാകുന്നു.”26
അല്ലാഹുവിന്റെ ഗ്രന്ഥം മഹത്തായതാണ്. അതിലേക്ക് ആരെങ്കിലും അടുക്കുന്നുവോ, അവന്റെ പദവി അല്ലാഹു ഉയർത്തുന്നതാണ്. അനസ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “ഒരാൾ സൂറത്ത് അൽബഖറയും സൂറത്ത് ആലുഇംറാനും പാരായണം ചെയ്താൽ, ഞങ്ങൾ അദ്ദേഹത്തെ മഹാനായി കണക്കാക്കുമായിരുന്നു.”27
അബ്ദുല്ല ഇബ്നു അംറ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “ആരെങ്കിലും ഖുർആൻ ഹൃദയത്തിൽ ശേഖരിച്ചാൽ അവൻ മഹത്തായ ഒരു കാര്യമാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. ദിവ്യബോധനം അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതല്ല എന്നതൊഴിച്ചാൽ, പ്രവാചകത്വം അദ്ദേഹത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു (അതായത്, ദിവ്യബോധനം നേരിട്ട് അവതരിപ്പിക്കപ്പെട്ട പ്രവാചകനല്ല അദ്ദേഹം, എങ്കിലും പ്രവാചകത്വത്തിന്റെ ദിവ്യബോധനം അദ്ദേഹത്തിന്റെ പക്കലുണ്ട്). ഖുർആൻ മനഃപാഠമുള്ള ഒരാൾക്ക്, കോപിക്കുന്നവനോട് അത്യധികം കോപിക്കാനോ, അവിവേകം കാണിക്കുന്നവനോട് അവിവേകം കാണിക്കാനോ പാടുള്ളതല്ല, കാരണം അവൻ പ്രതാപവാനും മഹാനുമായ അല്ലാഹുവിന്റെ വചനങ്ങൾ പേറുന്നവനാകുന്നു.”28
ഖുർആനിൽ നൈപുണ്യം നേടിയവർ മലക്കുകൾക്കൊപ്പമായിരിക്കുമെന്ന് അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു. നബി (ﷺ) പറഞ്ഞു:
الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ
“ഖുർആനിൽ നൈപുണ്യം നേടിയവൻ ആദരണീയരും അനുസരണയുള്ളവരുമായ മലക്കുകൾക്കൊപ്പമാണ്.” 29
ഖാദി ഇയാദ് (رَحِمَهُ اللَّهُ) പറഞ്ഞു: “അല്ലാഹുവിന്റെ ഗ്രന്ഥം പേറുന്നവരിൽ മലക്കുകളുടെ സവിശേഷതകളുള്ളതിനാൽ പരലോകത്ത് ‘സഫറ’ (എഴുത്തുകാരായ മലക്കുകൾ) എന്നറിയപ്പെടുന്ന ആ മലക്കുകൾക്കൊപ്പം ഒരു കൂട്ടുകാരനായി മാറുന്ന പദവിയിലേക്ക് അദ്ദേഹം എത്താൻ സാധ്യതയുണ്ട് – അല്ലാഹുവിനാണ് ഏറ്റവും നന്നായറിയാവുന്നത്. ഇതിന്റെ അർത്ഥം അദ്ദേഹം അവരെപ്പോലെ തന്നെ കർമ്മങ്ങൾ ചെയ്യുകയും അവരുടെ വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു എന്നതുമാകാൻ സാധ്യതയുണ്ട്.” 30
തീരുമാനങ്ങളെടുക്കുന്നവർ (പണ്ഡിതന്മാർ, ഭരണാധികാരികൾ, ന്യായാധിപന്മാർ തുടങ്ങിയവർ) ഖുർആനിൽ നൈപുണ്യമുള്ളവരെ തങ്ങളുടെ സദസ്സുകളിൽ കൂട്ടുകാരാക്കുകയും അവരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: “ഉമറിന്റെ (رَضِيَ اللَّهُ عَنْهُ) സദസ്സുകളിലെ ആളുകളും അദ്ദേഹത്തിന്റെ ഉപദേശകരും ഖുർആൻ പാരായണ വിദഗ്ധരായിരുന്നു (ഖുർറാഅ്); അവർ പ്രായമായവരാകട്ടെ യുവാക്കളാകട്ടെ.”31
ഖുർആൻ പേറുന്നവൻ ഈ ലോകത്തും അവന്റെ മരണശേഷവും ആദരിക്കപ്പെടുന്നവനാണ്. ഈ ലോകത്ത്, “ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകേണ്ടത് അവരിൽ ഖുർആൻ ഏറ്റവുമധികം അറിയുന്ന (പാരായണം ചെയ്യാൻ നൈപുണ്യമുള്ള) ആളാകുന്നു.”32 മരണശേഷം, “ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളിൽ നിന്ന് രണ്ട് പേരെ റസൂൽ (ﷺ) (ഒറ്റ ഖബ്റിൽ) ഒരുമിച്ചുകൂട്ടുമായിരുന്നു. എന്നിട്ട് അവിടുന്ന് ചോദിക്കും: ‘ഇവരിൽ ആരാണ് ഖുർആൻ കൂടുതലായി അറിയുന്നവർ (കൂടുതൽ ഖുർആൻ മനഃപാഠമാക്കിയവർ)?’ അവരിൽ ഒരാളെ ചൂണ്ടിക്കാണിക്കപ്പെട്ടാൽ ഖബ്റിലെ അറയിൽ (ലഹ്ദിൽ) അവിടുന്ന് അദ്ദേഹത്തെ മുന്തിക്കുമായിരുന്നു.”33
ഖുർആനിന്റെ ആളുകൾ (സ്വർഗ്ഗത്തിലെ) ഏറ്റവും ഉയർന്ന അനുഗ്രഹങ്ങളുടെ തലത്തിലായിരിക്കും. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
“അന്ത്യനാളിൽ ഖുർആനിന്റെ ആളുകളോട് പറയപ്പെടും: ‘നീ പാരായണം ചെയ്യുകയും (പദവികളിൽ) ഉയരുകയും ചെയ്യുക, ഐഹികലോകത്ത് നീ സാവകാശം പാരായണം ചെയ്തിരുന്നതുപോലെ പാരായണം ചെയ്യുക. കാരണം, നീ വായിച്ചവസാനിപ്പിക്കുന്ന അവസാനത്തെ വചനത്തിന്റെ അടുത്താണ് നിന്റെ പദവി.”34
- സ്വഹീഹ് മുസ്ലിം – 2699. അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎
- സ്വഹീഹ് ബുഖാരി. കിതാബ് തഫ്സീറിൽ ഖുർആൻ – 4642 ↩︎
- സ്വഹീഹ് മുസ്ലിം. കിതാബുസ്സലാത്ത് – 817 ↩︎
- തഫ്സീർ ഇബ്നു കസീർ, 7/489 ↩︎
- സ്വഹീഹ് ബുഖാരി. കിതാബ് ഫദാഇലിൽ ഖുർആൻ – 5027 ↩︎
- സ്വഹീഹ് മുസ്ലിം. കിതാബുസ്സലാത്ത് – 803 ↩︎
- താരിഖ് ഇബ്നു ഖൽദൂൻ, 1/740 ↩︎
- ജമാലുൽ ഖുർറാഅ് വ കമാലുൽ ഇഖ്റാഅ്, പേജ് 553 ↩︎
- ത്തിർമിദി. അബ്വാബ് ഫദാഇലിൽ ഖുർആൻ – 3171 ↩︎
- തഫ്സീർ ഇബ്നു കസീർ, 6/109 ↩︎
- സ്വഹീഹ് മുസ്ലിം. കിതാബുസ്സലാത്ത് – 804. അബൂ ഉമാമ അൽബാഹിലീ (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎
- സ്വഹീഹ് ബുഖാരി. കിതാബ് തഫ്സീറിൽ ഖുർആൻ – 4937. ആയിശ (رَضِيَ اللَّهُ عَنْهَا) നിവേദനം ചെയ്തത് ↩︎
- സയ്ദുൽ ഖാത്വിർ, പേജ് 193 ↩︎
- സയ്ദുൽ ഖാത്വിർ, പേജ് 491 ↩︎
- തഹ്ദീബുൽ അസ്മാഇ വല്ലുഗാത്, 2/191 ↩︎
- അൽബിദായ വന്നിഹായ, 17/275 ↩︎
- ത്തിർമിദി. അബ്വാബ് ഫദാഇലിൽ ഖുർആൻ – 2913. ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎
- സ്വഹീഹ് ബുഖാരി – 5050, സ്വഹീഹ് മുസ്ലിം – 800 എന്നിവയിൽ റിപ്പോർട്ട് ചെയ്തത് ↩︎
- അന്നസാഈ. കിതാബുസ്സഹ്‌വ് – 1214 ↩︎
- സ്വഹീഹ് ബുഖാരി. കിതാബുസ്സലാത്ത് – 476 ↩︎
- ഫദാഇലുൽ ഖുർആൻ, അൽഖാസിം ഇബ്നു സല്ലാം, പേജ് 137 ↩︎
- അൽബിദായ വന്നിഹായ, 8/334 ↩︎
- തഫ്സീറുൽ ബഗവി, 4/86 ↩︎
- മുസ്നദ് ഇമാം അഹ്മദ് – 1740 ↩︎
- ഹില്യത്തുൽ ഔലിയാഅ്, 1/33 ↩︎
- മുസ്നദ് ഇമാം അഹ്മദ് – 12292 ↩︎
- മുസ്നദ് ഇമാം അഹ്മദ് – 12216 ↩︎
- ഫദാഇലുൽ ഖുർആൻ, അൽഖാസിം ഇബ്നു സല്ലാം, പേജ് 113 ↩︎
- സ്വഹീഹ് ബുഖാരി – 4937, സ്വഹീഹ് മുസ്ലിം – 798 എന്നിവയിൽ റിപ്പോർട്ട് ചെയ്തത് ↩︎
- ഇക്മാലുൽ മുഅ്‌ലിമ്, 3/166 ↩︎
- സ്വഹീഹ് ബുഖാരി. കിതാബ് തഫ്സീറിൽ ഖുർആൻ – 4642 ↩︎
- സ്വഹീഹ് മുസ്ലിം. കിതാബുൽ മസാജിദ് – 673; അബൂ മസ്ഊദ് അൽഅൻസാരി (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎
- സ്വഹീഹ് ബുഖാരി. കിതാബുൽ ജനാഇസ് – 1343; ജാബിർ ഇബ്നു അബ്ദുല്ല (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎
- ത്തിർമിദി. അബ്വാബ് ഫദാഇലിൽ ഖുർആൻ – 2914; അബ്ദുല്ല ഇബ്നു അംറ് (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്തത് ↩︎

