സർവ്വ സ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ വചനങ്ങൾ തിരുനബി ﷺ യിൽ നിന്ന് നേരിട്ട് പഠിക്കുകയും, ഈ ദീൻ യാതൊരു കോട്ടവും തട്ടാതെ വരുംതലമുറകളിലേക്ക് കൈമാറുകയും ചെയ്ത മഹത്തുക്കളാണ് സ്വഹാബത്ത് رَضِيَ اللَّهُ عَنْهُمْ. അവരെ സ്നേഹിക്കലും ആദരിക്കലും ഇസ്ലാമിക അഖീദയുടെ അവിഭാജ്യ ഘടകമാണ്. സച്ചരിതരായ ആ മുൻഗാമികളെ ആരെങ്കിലും അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നുവെങ്കിൽ, അവൻ ഇസ്‌ലാമിൻ്റെ അടിസ്ഥാനങ്ങളെത്തന്നെയാണ് തകർക്കാൻ ശ്രമിക്കുന്നത്; സംശയമില്ല, അവർ ഇസ്‌ലാമിൻ്റെ കൊടിയ ശത്രുക്കളാണ്.
അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ പ്രിയപ്പെട്ട അനുചരന്മാരെയും പത്നിമാരെയും വ്യഭിചാരികളെന്നും കാപട്യക്കാരെന്നും വിളിച്ചാക്ഷേപിച്ച ഒരുവനുവേണ്ടി കണ്ണീർ പൊഴിക്കാൻ സുന്നികളെന്ന് അവകാശപ്പെടുന്നവർക്ക് എങ്ങനെ സാധിക്കുന്നു? സയണിസ്റ്റ് ജൂതരാഷ്ട്രത്തിന്റെ ആക്രമണത്തിൽ നാശമടഞ്ഞ അലി ഖാംനഈ എന്ന ഇറാൻ്റെ റാഫിദി നേതാവിനെ ‘ശഹീദ്’ എന്ന് വിളിച്ച് വാഴ്ത്തുന്ന ചില അവിവേകികളെയും വഴികേടുകാരെയും നാം ഇന്ന് കാണുന്നു. എന്തൊരു വലിയ അബദ്ധമാണിത്! ശത്രുവിൻ്റെ ശത്രു മിത്രമാണെന്ന രാഷ്ട്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ, ദീനിന്റെ അടിവേരറുക്കുന്നവരെ മഹത്വവൽക്കരിക്കുന്നത് അഖീദയിലുള്ള കടുത്ത അജ്ഞതയാണ്. ഇസ്‌ലാമിക ഐക്യത്തെക്കുറിച്ച് പുറമെ സംസാരിച്ചുകൊണ്ടും, എന്നാൽ തന്റെ ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇസ്‌ലാമിക ചരിത്രത്തെ വക്രീകരിക്കുകയും, ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കളായ സ്വഹാബത്തിനെ رَضِيَ اللَّهُ عَنْهُمْ പരസ്യമായി താറടിച്ചു കാണിച്ച് ആക്ഷേപിക്കുകയുമാണ് അഹ്ലുസ്സുന്നയുടെ ശത്രുവായ ഇയാൾ ചെയ്തു പോന്നത്. ’അൽ-ഖവാസ് വൽ-ലഹ്‌ദാത്തുൽ മസ്വീരിയ്യ’ (الخواص واللحظات المصيرية) എന്ന ഇയാളുടെ പുസ്തകം ഇതിനൊരു ഉദാഹരണം മാത്രമാണ്. അധികാരമോഹികളും ഭൗതികതാൽപര്യക്കാരുമായി സ്വഹാബത്തിനെ ചിത്രീകരിക്കുന്നതിലൂടെ, അയാൾ നബി ﷺ യുടെ അധ്യാപനങ്ങളെയും അല്ലാഹുവിൻ്റെ വചനങ്ങളെയുമാണ് പരിഹസിച്ചിട്ടുള്ളത്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ, അലി ഖാംനഈ എന്ന ഈ ദുഷ്ടന്റെ കാപട്യങ്ങളെയും സ്വഹാബത്തിനോടുള്ള, ഇസ്‌ലാമിനോടുള്ള വെറുപ്പിനെയും തുറന്നുകാണിക്കാനുള്ള ലേഖന പരമ്പരയുടെ ആദ്യഭാഗമാണിത്.
1.ഖലീഫ അബൂബക്കർ സ്വിദ്ദീഖിനെ (رَضِيَ اللَّهُ عَنْهُ) ഉമ്മത്തിൽ ആദ്യം ഭിന്നതയുണ്ടാക്കിയ ആളായി ചിത്രീകരിക്കുന്നു
അബൂബക്കർ സ്വിദ്ദീഖ് (رَضِيَ اللَّهُ عَنْهُ) ഈ ഉമ്മത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ്. റസൂൽ ﷺ യുടെ വിയോഗത്തിന് ശേഷം ഉമ്മത്ത് ചിതറിപ്പോകാതിരിക്കാൻ സഖീഫയിൽ ഓടിയെത്തി അവരെ ഏകോപിപ്പിച്ചത് അദ്ദേഹമാണ്. യാതൊരു ഗൂഢാലോചനയും അവിടെ നടന്നിട്ടില്ല. ഇസ്‌ലാമിന്റെ രക്ഷകനായ ആ മഹാനെ ഫിത്നയുടെ ഉപജ്ഞാതാവായി ചിത്രീകരിക്ച്ചത് നോക്കൂ. ഖാംനഈ:
والعجيب من ابي بكر انه يتهم الآخرين بالفرقة وقد تناسى انه اول من شق عصا المسلمين بذهابه للتشاور مع جماعته بأمر الخلافة وسعى لحياكه المؤامرات خلف الاستار .”.
“അബൂബക്കറിന്റെ കാര്യത്തിൽ അത്ഭുതം തോന്നുന്നത്, അദ്ദേഹം മറ്റുള്ളവരെ ഭിന്നതയുടെ പേരിൽ കുറ്റപ്പെടുത്തുന്നു എന്നതാണ്. ഖിലാഫത്തിന്റെ കാര്യത്തിൽ തന്റെ ആളുകളുമായി കൂടിയാലോചിക്കാൻ പോയതിലൂടെ മുസ്‌ലിംകളുടെ ഐക്യദണ്ഡ് ആദ്യമായി പിളർത്തിയത് താനാണെന്നും, തിരശ്ശീലയ്ക്ക് പിന്നിൽ ഗൂഢാലോചനകൾ മെനയാൻ ശ്രമിച്ചത് താനാണെന്നുമുള്ള കാര്യം അദ്ദേഹം മറന്നുകളഞ്ഞു” [പേജ് 57].
2. ഉമർ ബിൻ ഖത്താബിനെ (رَضِيَ اللَّهُ عَنْهُ) നബി ﷺ യുടെ വസ്വിയ്യത്ത് തടഞ്ഞവനായി മുദ്രകുത്തുന്നു
“فقال عمر بن الخطاب وبدون تردد : ان النبي قد غلب عليه الوجع وعندكم القرآن حسبنا كتاب الله … وهكذا أفسد بعض الصحابة الذين يجهلون حقيقة الاسلام ما أراد الرسول ﷺ ان يوصي به بخصوص استمرار خط النبوة في ولاية علي واقامة صرح العدالة بين افراد المجتمع الاسلامي”
“അപ്പോൾ ഉമർ ബിൻ ഖത്താബ് ഒട്ടും മടികൂടാതെ പറഞ്ഞു: നബിയെ വേദന കീഴടക്കിയിരിക്കുന്നു, നിങ്ങളുടെ പക്കൽ ഖുർആൻ ഉണ്ട്, നമുക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മതി… അപ്രകാരം, ഇസ്‌ലാമിന്റെ യാഥാർത്ഥ്യം അറിയാത്ത ചില സ്വഹാബിമാർ, പ്രവാചകൻ ﷺ അലിക്ക് (ഭരണ) അധികാരം നൽകിക്കൊണ്ട് പ്രവാചകത്വത്തിന്റെ പരമ്പര നിലനിർത്താനും ഇസ്‌ലാമിക സമൂഹത്തിലെ വ്യക്തികൾക്കിടയിൽ നീതിയുടെ ഗോപുരം സ്ഥാപിക്കാനും നൽകാനുദ്ദേശിച്ച വസ്വിയ്യത്തിനെ നശിപ്പിച്ചുകളഞ്ഞു.” -ഖാംനഈ [പേജ് 52]
നബി ﷺ യോടുള്ള അങ്ങേയറ്റത്തെ കാരുണ്യം കൊണ്ടും, അവിടുത്തേക്ക് അസുഖം വർദ്ധിച്ചതിനാലുമാണ് ഉമർ (رَضِيَ اللَّهُ عَنْهُ) അങ്ങനെ പറഞ്ഞത്. ദീൻ പൂർത്തീകരിക്കപ്പെട്ടുവെന്ന് അല്ലാഹു ﷻ വചനത്തിലൂടെ വ്യക്തമാക്കിയതാണ്. നബി ﷺ യുടെ ഏറ്റവും അടുത്ത അനുചരന്മാരെ ‘ഇസ്‌ലാമിന്റെ യഥാർത്ഥ്യം അറിയാത്തവർ’ എന്ന് വിളിക്കാൻ അയാൾക്കെങ്ങനെ ധൈര്യം വന്നു? ഇത് റാഫിളികളുടെ സ്ഥിരം നുണപ്രചാരണമാണ്.
3. ആയിശ (رَضِيَ اللَّهُ عَنْهُ), അബ്ദുല്ല ബിൻ സുബൈർ (رَضِيَ اللَّهُ عَنْهُ) എന്നിവർ ഇസ്‌ലാമിലെ ആദ്യത്തെ കള്ളസാക്ഷ്യം നൽകിയെന്ന് ദുരാരോപണം നടത്തുന്ന
فلما اصبحا إذا عبد الله بن الزبير وقد أتى بخمسين رجلاً يشهدون عندها ان هذا الماء ليس بماء الحواب وانهم قد جازوا ماء الحوأب بليل ، فكانت هذه الشهادة أول شهادة زور شهد بها في الاسلام
“..നേരം വെളുത്തപ്പോൾ അബ്ദുല്ല ബിൻ സുബൈർ അമ്പത് ആളുകളുമായി വന്ന്, അത് ഹൗഅബിലെ വെള്ളമല്ലെന്നും, രാത്രിയിൽ തന്നെ അവർ ഹൗഅബ് പിന്നിട്ടുവെന്നും അവളോട് (ആയിശയോട്) സാക്ഷ്യപ്പെടുത്തി. ഇസ്‌ലാമിൽ നൽകപ്പെട്ട ആദ്യത്തെ കള്ളസാക്ഷ്യമായിരുന്നു ഇത്.” -ഖാംനഈ [പേജ് 65]
ഉമ്മുൽ മുഅ്മിനീനും, മഹാനായ സ്വഹാബിയുമായ അബ്ദുല്ല ബിൻ സുബൈറിനുമെതിരെയുള്ള (رَضِيَ اللَّهُ عَنْهُ) പച്ചക്കള്ളമാണിത്.
4. സഅ്ദ് ബിൻ അബീ വഖാസ്, അബൂ മൂസൽ അശ്അരി, അബ്ദുല്ല ബിൻ ഉമർ (رَضِيَ اللَّهُ عَنْهُ) തുടങ്ങിയവർ ദുൻയാവ് മോഹിച്ച് സത്യം മറച്ചുവെച്ചവരാണെന്ന് പറയുന്നു
“وكان على رأس هذه المجموعة سعد بن ابي وقاص ، أبو سعيد الخدري ، ابو موسى الاشعري ، عبد الله بن عمر … نعم ، انهم يعرفون علي ومنزلته وفضائله في القرآن وفي احاديث الرسول لكن حب الدنيا وزخارفها حال بينهم وبين الاعتراف بالحقيقة”
“ഈ വിഭാഗത്തിന്റെ തലപ്പത്ത് സഅ്ദ് ബിൻ അബീ വഖാസ്, അബൂ സഈദ് അൽ ഖുദ്‌രി, അബൂ മൂസൽ അശ്അരി, അബ്ദുല്ല ബിൻ ഉമർ എന്നിവരായിരുന്നു… അതെ, അവർക്ക് അലിയെയും ഖുർആനിലെയും നബിവചനങ്ങളിലെയും അദ്ദേഹത്തിന്റെ പദവിയും അറിയാമായിരുന്നു, പക്ഷേ ഭൗതിക ലോകത്തോടുള്ള സ്നേഹവും അതിന്റെ അലങ്കാരങ്ങളും സത്യം അംഗീകരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു.” -ഖാംനഈ [പേജ് 67, 68]
ഈ മഹത്തുക്കളായ സ്വഹാബികൾ മുസ്‌ലിംകൾക്കിടയിലുണ്ടായ ഫിത്നകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. അവർ ദുൻയാവ് മോഹിച്ചവരാണെന്ന് പറയുന്നത് അവരുടെ ഈമാനിനെ ചോദ്യം ചെയ്യലാണ്.
5. മഹാനായ സ്വഹാബി അംറ് ബിൻ അൽ-ആസിനെയും (رَضِيَ اللَّهُ عَنْهُ) അദ്ദേഹത്തിന്റെ മാതാവിനെയും വ്യഭിചാരമാരോപിച്ച് അധിക്ഷേപിക്കുന്നു
‘ان أمه كانت جارية… وكانت من النساء الزانيات وقد زنى بها في ليلة واحدة كلّ من ابي لهب ، أمية بن خلف ، هشام ، ابي سفيان ، والعاص بن… فتنازع الجميع فيما بينهم كل واحد منهم يدعي بان عمرو ابنه” “.
عَمْرُو بْنُ الْعَاصِ بَاعَ دِينَهُ بِدُنْيَاهُ.
“അദ്ദേഹത്തിന്റെ ഉമ്മ ഒരു അടിമസ്ത്രീയായിരുന്നു… അവർ വ്യഭിചാരിണികളായ സ്ത്രീകളിൽ പെട്ടവളായിരുന്നു… അവരിൽ (അബൂലഹബ്, ഉമയ്യത്ത് ഇബ്നു ഖലഫ്, ഹിശാം, അബൂസുഫ്യാൻ, ആസ്വ് ഇബ്നു വാഇൽ.) ഓരോരുത്തരും അംറ് തന്റെ മകനാണെന്ന് വാദിച്ചുകൊണ്ട് പരസ്പരം തർക്കിച്ചു”. കൂടാതെ “അംറ് ബിൻ അൽ-ആസ് തന്റെ ദീനിനെ ദുൻയാവിന് പകരം വിറ്റു” -ഖാംനഈ [പേജ് 74,75]
നബി ﷺ യുടെ മഹാനായ സ്വഹാബിയും, ഈജിപ്ത് കീഴടക്കിയ ഇസ്‌ലാമിക സൈന്യാധിപനുമായ അംറ് ബിൻ അൽ-ആസിനെതിരെയും (رَضِيَ اللَّهُ عَنْهُ) അദ്ദേഹത്തിന്റെ മാതാവിനെതിരെയും ഉന്നയിക്കുന്ന എത്ര നീചമായ അപവാദമാണ് ഇത്. നബി ﷺ അദ്ദേഹത്തെ വിശ്വാസയോഗ്യനായി കണ്ട് സൈന്യാധിപനായി നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തെ വ്യഭിചാരപുത്രനെന്നും ദീൻ വിറ്റവനെന്നും ചിത്രീകരിക്കുന്നത് റസൂൽ ﷺ യോടുള്ള കടുത്ത അനാദരവും അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്നതുമാണ്.
6. അബൂ മൂസൽ അശ്അരിയെ (رَضِيَ اللَّهُ عَنْهُ) കപടവിശ്വാസികളോട് ഉപമിക്കുകയും ഇസ്‌ലാമിന് ആപത്തായി ചിത്രീകരിക്കുകയും ചെയ്യുന്നു
“وأصروا على تمثيل ابي موسى بالرغم من أن خطره على الاسلام لا يقل عن خطر عمرو بن العاص وامثاله من المنافقين”.
“അബൂ മൂസൽ അശ്അരിയെ പ്രതിനിധിയാക്കാൻ അവർ നിർബന്ധം പിടിച്ചു, ഇസ്‌ലാമിന് അദ്ദേഹം വരുത്തുന്ന അപകടം അംറ് ബിൻ അൽ-ആസിനെയും അതുപോലുള്ള കപടവിശ്വാസികളെയും (മുനാഫിഖുകൾ) പോലെയുള്ളവരുടേതിനേക്കാൾ കുറവല്ലായിരുന്നിട്ടും.” -ഖാംനഈ [പേജ് 85].
നബി ﷺ യമനിലേക്ക് പ്രബോധകനായി നിയോഗിച്ച, ഖുർആൻ പാരായണത്തിൽ നബി ﷺ യുടെ പ്രശംസ പിടിച്ചുപറ്റിയ അബൂ മൂസൽ അശ്അരിയെ (رَضِيَ اللَّهُ عَنْهُ) മുനാഫിഖുകളോട് ഉപമിക്കുന്നത് റാഫിളികളുടെ അങ്ങേയറ്റത്തെ വഴികേടാണ്. ഇവർ യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ തോണ്ടാനാണ് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്.
7. അബ്ദുറഹ്മാൻ ബിൻ ഔഫിനെ (رَضِيَ اللَّهُ عَنْهُ) ചതിയനും വഞ്ചകനുമായി അധിക്ഷേപിക്കുന്നു
“وفي مقابل تلك الفضائل… لم يستطع عبد الرحمن ان يعترض بشكل علني فالتجأ الى المكر والخداع لانه كان يعلم أفضلية الامام…”
“ആ ശ്രേഷ്ഠതകൾക്ക് മുന്നിൽ… പരസ്യമായി എതിർക്കാൻ അബ്ദുറഹ്മാന് കഴിഞ്ഞില്ല, അതിനാൽ അയാൾ വഞ്ചനയിലും ചതിയിലും അഭയം പ്രാപിച്ചു, കാരണം ഇമാമിന്റെ ശ്രേഷ്ഠത അയാളറിയാമായിരുന്നു…” -ഖാംനഈ [പേജ് 63]
സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് പേരിൽ ഒരാളായ അബ്ദുറഹ്മാൻ ബിൻ ഔഫ് (رَضِيَ اللَّهُ عَنْهُ) വഞ്ചകനാണെന്ന് പറയുന്നതിലൂടെ അയാൾ തന്റെ കടുത്ത ശത്രുതയാണ് വ്യക്തമാക്കുന്നത്. ശൂറാ സമിതിയിൽ ഏറ്റവും വിശ്വസ്തനായ മധ്യസ്ഥനായി സ്വഹാബികൾ ഒന്നടങ്കം തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്. അങ്ങനെയുള്ള മഹാനെതിരെ ചതിയും വഞ്ചനയും ആരോപിക്കുന്നത് ഇസ്‌ലാമിനോടുള്ള കടുത്ത ശത്രുതയുടെ ലക്ഷണമാണ്.
8. മുഗീറ ബിൻ ശുഅ്ബയും (رَضِيَ اللَّهُ عَنْهُ) അബൂബക്കർ സിദ്ദീഖും (رَضِيَ اللَّهُ عَنْهُ) ചേർന്ന് മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന വ്യാജവാദം
“فقال له المغيرة : لابد من ايجاد الفرقة فيما بينهم حتى تتشتت كلمتهم… ثم سأل أبو بكر المغيرة ثانية وقال : كيف أفرق جمعهم ؟ فقال له المغيرة : ارى ان تلقوا العباس فتطمعوه…”
“അപ്പോൾ മുഗീറ അയാളോട് (അബൂബക്കറിനോട്) പറഞ്ഞു: അവരുടെ ഐക്യം തകരാൻ അവർക്കിടയിൽ ഭിന്നത ഉണ്ടാക്കേണ്ടത് അനിവാര്യമാണ്… അപ്പോൾ അബൂബക്കർ മുഗീറയോട് വീണ്ടും ചോദിച്ചു: അവരുടെ സംഘത്തെ ഞാൻ എങ്ങനെ ഭിന്നിപ്പിക്കും? അപ്പോൾ മുഗീറ പറഞ്ഞു: നിങ്ങൾ അബ്ബാസിനെ കണ്ട് അദ്ദേഹത്തെ മോഹിപ്പിക്കണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു…” -ഖാംനഈ [പേജ് 56]
മഹാനായ സ്വഹാബി മുഗീറ ബിൻ ശുഅ്ബയും (رَضِيَ اللَّهُ عَنْهُ) ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖും (رَضِيَ اللَّهُ عَنْهُ) ചേർന്ന് മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും അഹ്‌ലുൽ ബൈത്തിനെ അകറ്റാനും ഗൂഢാലോചന നടത്തിയെന്നത് ശിയാക്കൾ കാലങ്ങളായി ഉന്നയിക്കുന്ന വ്യാജാരോപണമാണ്. അബൂബക്കർ (رَضِيَ اللَّهُ عَنْهُ) ഉമ്മത്തിനെ ഒന്നിപ്പിക്കാനാണ് പരിശ്രമിച്ചത്. ഈ കള്ളക്കഥകൾ സ്വഹാബികളോടുള്ള അയാളിലുണ്ടായിരുന്ന ഹൃദയത്തിലെ വിദ്വേഷത്തിന്റെ ആഴം കാണിക്കുന്നു.
9. സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ത്വൽഹയെയും സുബൈറിനെയും (رَضِيَ اللَّهُ عَنْهُمَا) വഴി തെറ്റിയവരും കർമ്മങ്ങൾ നിഷ്ഫലമായവരുമായി അധിക്ഷേപിക്കുന്നു
”لكنهما في لحظة من اللحظات المصيرية في التاريخ فشلوا في الصمود أمام مغريات الدنيا فانزلقوا في طريق الباطل فحبطت اعمالهم وخسروا دينهم ودنياهم وذلك هو الخسران المبين .”
”എന്നാൽ ചരിത്രത്തിലെ ഒരു നിർണ്ണായക നിമിഷത്തിൽ ഭൗതികലോകത്തിന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കുന്നതിൽ അവർ (ത്വൽഹയും സുബൈറും) പരാജയപ്പെട്ടു. അവർ വഴിപിഴച്ച പാതയിലേക്ക് വഴുതിവീണു, അവരുടെ കർമ്മങ്ങൾ നിഷ്ഫലമായി, അവർക്ക് അവരുടെ ദീനും ദുൻയാവും നഷ്ടപ്പെട്ടു, അതാണ് വ്യക്തമായ നഷ്ടം.”-ഖാംനഈ [പേജ് 100]
അല്ലാഹുവിന്റെ റസൂൽ ﷺ സ്വർഗ്ഗം വാഗ്ദാനം ചെയ്ത, നബി ﷺ യുടെ ഹവാരിയ്യൂങ്ങൾ (പ്രത്യേക സഹായികൾ) ആയ ഈ മഹത്തുക്കളെക്കുറിച്ചാണ് അയാൾ ഈ പച്ചക്കള്ളം പറഞ്ഞത്. അവരുടെ കർമ്മങ്ങൾ നിഷ്ഫലമായി എന്ന് പറയുന്നത് റാഫിളികളുടെ അങ്ങേയറ്റത്തെ വഴികേടാണ്. ഇസ്‌ലാമിന് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറായ അവരെ ഭൗതികമോഹികളായി ചിത്രീകരിക്കുന്നത് ഇസ്‌ലാമിക ചരിത്രത്തോടുള്ള കൊടുംവഞ്ചനയാണ്.
10. നബി ﷺ യുടെ പിതൃവ്യപുത്രനും ഖുർആൻ വ്യാഖ്യാതാവുമായ അബ്ദുല്ല ബിൻ അബ്ബാസിനെ (رَضِيَ اللَّهُ عَنْهُمَا) ഇസ്‌ലാമിനെ വഞ്ചിച്ചവനും മോഷ്ടാവുമായി ചിത്രീകരിക്കുന്നു
”…كيف أن خزانة البصرة المليئة بالجواهر قـد أغرت الصحابي (عبد الله بن عباس)… وبعد ان فرّغ تلك الاموال والجواهر في رحله سلك طريق مكة المكرمة وترك مولاه وامامه…” “…اقدم على خيانة كبرى بحق الاسلام…”
”രത്നങ്ങൾ നിറഞ്ഞ ബസറയിലെ ഖജനാവ് നബി ﷺ യുടെ പിതൃവ്യപുത്രനായ സ്വഹാബി അബ്ദുല്ല ബിൻ അബ്ബാസിനെ എങ്ങനെയാണ് പ്രലോഭിപ്പിച്ചതെന്ന് നമുക്ക് കാണാം. ആ സമ്പത്തും രത്നങ്ങളും സ്വന്തം യാത്രാസംഘത്തിലേക്ക് മാറ്റിയ ശേഷം അദ്ദേഹം മക്കയിലേക്ക് പോവുകയും തന്റെ മൗലായെയും ഇമാമിനെയും ഉപേക്ഷിക്കുകയും ചെയ്തു…” കൂടാതെ “…ഇസ്‌ലാമിനോട് അദ്ദേഹം വലിയൊരു വഞ്ചനയാണ് കാണിച്ചത്…” -ഖാംനഈ
‘ഹബ്റുൽ ഉമ്മ’ (സമുദായത്തിലെ പണ്ഡിതൻ) എന്നും ‘തർജുമാനുൽ ഖുർആൻ’ എന്നും നബി ﷺ വിശേഷിപ്പിച്ച, അഹ്‌ലുൽ ബൈത്തിൽ പെട്ട മഹാനായ സ്വഹാബിയെയാണ് അയാൾ പണക്കൊതിയനും വഞ്ചകനുമായി ചിത്രീകരിക്കുന്നത്. അഹ്‌ലുൽ ബൈത്തിനെ സ്നേഹിക്കുന്നു എന്ന് പുറമെ പറയുകയും അവരെത്തന്നെ മോഷ്ടാക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നത് ശിയാക്കളുടെ തനിനിറമാണ്. ദീൻ പഠിപ്പിച്ചുതന്ന മുൻഗാമികളെ മോശക്കാരാക്കി ഇസ്‌ലാമിന്റെ അടിത്തറ തോണ്ടാനാണ് ഇയാൾ ശ്രമിച്ചത്.
ചിന്തിക്കുക!
സത്യവിശ്വാസികളേ, മേൽ സൂചിപ്പിച്ച ഏതാനും ഉദ്ധരണികളിൽ നിന്ന് തന്നെ അലി ഖാംനഈ എന്ന ഈ റാഫിദിയുടെ തനിനിറം ഏതൊരു സുന്നിക്കും ബോധ്യപ്പെടുന്നതാണ്. നബി ﷺ യുടെ ഏറ്റവും അടുത്ത അനുചരന്മാരായ അബൂബക്കർ, ഉമർ, ഉസ്മാൻ رَضِيَ اللَّهُ عَنْهُمْ തുടങ്ങിയ ഖുലഫാഉർറാശിദുകളെയും, സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട മറ്റ് മഹത്തുക്കളെയും അധിക്ഷേപിക്കുന്നവർ ഒരിക്കലും ഇസ്ലാമിന്റെ മിത്രങ്ങളല്ല, മറിച്ച് കൊടിയ ശത്രുക്കളാണ്. സ്വഹാബത്തിനെ رَضِيَ اللَّهُ عَنْهُمْ വിമർശിക്കുന്നത് കേവലം വ്യക്തിപരമായ വിമർശനമല്ല; മറിച്ച് ഈ ദീൻ നമ്മിലേക്ക് എത്തിച്ച കണ്ണികളെ മുറിച്ചുകളയാനുള്ള ജൂത-മജൂസി അജണ്ടകളുടെ ഭാഗമാണ്.
രാഷ്ട്രീയമായ ചില സംഭവവികാസങ്ങളുടെ പേരിൽ, നമ്മുടെ മുൻഗാമികളെ പഴിച്ചവരും അല്ലാഹുവിന്റെ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്തവരുമായ ഈ ശിയാ മത നേതാക്കളെ മഹത്വവൽക്കരിക്കുന്നവർ സ്വന്തം പരലോകമാണ് നശിപ്പിക്കുന്നത്. നാളെ ഖിയാമത്ത് നാളിൽ സ്വർഗ്ഗാവകാശികളായ അബൂബക്കർ സിദ്ദീഖിന്റെയും ഉമറുൽ ഫാറൂഖിന്റെയും رَضِيَ اللَّهُ عَنْهُمَا മുന്നിൽ നിൽക്കാൻ ഇവർക്കെങ്ങനെ സാധിക്കും? അല്ലാഹുവും അവൻ്റെ റസൂലും ﷺ സ്നേഹിച്ചവരെ വെറുത്തവനെ നാം എങ്ങനെ സ്നേഹിക്കും? നമ്മുടെ അഖീദയും ഈമാനും കേവലം ഭൗതിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പണയം വെക്കാനുള്ളതല്ല. അല്ലാഹു നമ്മെ നേർവഴിയിൽ ഉറപ്പിച്ചു നിർത്തുമാറാകട്ടെ.
(തുടരും)
– മുഹമ്മദ് അമീൻ

