ഒന്നാം നിയമം: നന്മ കൈവരുത്താത്തതൊന്നും അവിടുന്ന് കൽപ്പിക്കുന്നില്ല

7 Min Read

الشَّارِعُ لاَ يَأْمُرُ إِلاَّ بِمَا مَصْلَحَتُهُ خَالِصَةٌ أَوْ رَاجِحَةٌ وَلاَ يَنْهَى إِلاَّ عَمَّا مَفْسَدَتُهُ خَالِصَةٌ أَوْ رَاجِحَةٌ

മതനിയമദാതാവ് (അല്ലാഹുവും റസൂലും) പൂർണ്ണമായ നന്മ (മസ്‌ലഹത്ത്) ഉള്ളതോ അല്ലെങ്കിൽ നന്മ മുൻതൂക്കം നിൽക്കുന്നതോ ആയ കാര്യങ്ങളല്ലാതെ കൽപ്പിക്കുന്നില്ല. അതുപോലെ പൂർണ്ണമായ തിന്മയോ (മഫ്സദത്ത്) അല്ലെങ്കിൽ തിന്മ മുൻതൂക്കം നിൽക്കുന്നതോ ആയ കാര്യങ്ങളല്ലാതെ വിരോധിക്കുന്നുമില്ല.

ഈ നിയമം ഈ മതത്തിലെ മുഴുവൻ ശരീഅത്തുകളെയും ഉൾക്കൊള്ളുന്നതാണ്. മതത്തിന്റെ അടിസ്ഥാന കാര്യങ്ങളുമായോ ശാഖാപരമായ കാര്യങ്ങളുമായോ ബന്ധപ്പെട്ടതാകട്ടെ, അല്ലാഹുവിന്റെ അവകാശങ്ങളുമായോ അടിമകളുടെ അവകാശങ്ങളുമായോ ബന്ധപ്പെട്ടതാകട്ടെ, ശരീഅത്തിലെ യാതൊരു വിധിയും ഈ നിയമത്തിൽ നിന്ന് പുറത്തുപോകുന്നില്ല. അല്ലാഹു പറയുന്നു:

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

നീതി പാലിക്കുവാനും, നന്മ ചെയ്യുവാനും, കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനും അല്ലാഹു കൽപിക്കുന്നു. നീചവൃത്തി, ദുഷ്കർമ്മം, അതിക്രമം എന്നിവ അവൻ വിലക്കുകയും ചെയ്യുന്നു. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് ഉപദേശം നൽകുന്നു. [സൂറത്ത് അന്നഹ്ൽ – 90]

ഈ മഹത്തായ ആയത്തിൽ അല്ലാഹു കൽപ്പിക്കാത്തതായി വിസ്മരിക്കപ്പെട്ട യാതൊരു നീതിയോ, നന്മയോ, കുടുംബബന്ധം ചേർക്കലോ അവശേഷിക്കുന്നില്ല. അതുപോലെ അല്ലാഹുവിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട യാതൊരു നീചവൃത്തിയും ദുഷ്കർമ്മങ്ങളും, അല്ലെങ്കിൽ സൃഷ്ടികളുടെ ജീവൻ, സമ്പത്ത്, അഭിമാനം എന്നിവയിലുള്ള യാതൊരു അതിക്രമങ്ങളും, അല്ലാഹു വിലക്കാത്തതായി അവശേഷിക്കുന്നുമില്ല. അല്ലാഹുവിന്റെ ഈ കൽപ്പനകൾ ശ്രദ്ധിക്കുവാനും, അതിലെ നന്മയും ഉപകാരവും മനസ്സിലാക്കി അത് നടപ്പിലാക്കുവാനും അല്ലാഹു തന്റെ അടിമകളെ ഉണർത്തുന്നു. അപ്രകാരം തന്നെ അല്ലാഹുവിന്റെ ഈ വിലക്കുകളിലുള്ള തിന്മയും അപകടവും മനസ്സിലാക്കി അവയിൽ നിന്ന് വിട്ടുനിൽക്കാനും അല്ലാഹു ഉണർത്തുന്നു.

അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ഈ വചനവും:

قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِنْدَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ

(നബിയേ,) പറയുക: നീതിപാലിക്കുവാനാണ് എന്റെ രക്ഷിതാവ് കൽപിച്ചിരിക്കുന്നത്‌. എല്ലാ ആരാധനാവേളകളിലും നിങ്ങളുടെ മുഖങ്ങൾ ശരിപ്പെടുത്തുകയും, കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക. [സൂറത്ത് അൽ അഅ്റാഫ് – 29]

അല്ലാഹുവിന്റെ മുഴുവൻ കൽപ്പനകളുടെയും അടിസ്ഥാനങ്ങളെ ഈ ആയത്ത് ഒരുമിച്ചുകൂട്ടിയിരിക്കുന്നു, മാത്രമല്ല ആ കൽപ്പനകളുടെ നന്മയെക്കുറിച്ച് അത് ഉണർത്തുകയും ചെയ്യുന്നു. തൊട്ടടുത്ത ആയത്ത് നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനങ്ങൾ വ്യക്തമാക്കുകയും, അതിന്റെ തിന്മയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതുപോലെ. അല്ലാഹു പറയുന്നു:

قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ

(നബിയേ,) പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളും, അധർമ്മവും, ന്യായമില്ലാതെ അതിക്രമം പ്രവർത്തിക്കുന്നതും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തവയെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും, നിങ്ങൾക്ക് വിവരമില്ലാത്തത് അല്ലാഹുവിന്റെ പേരിൽ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. [സൂറത്ത് അൽ അഅ്റാഫ് – 33]

മറ്റൊരു ആയത്തിൽ, നമസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പായി ശുദ്ധീകരണം നടത്താൻ അല്ലാഹു കൽപ്പിക്കുമ്പോൾ ഇപ്രകാരം പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا ۚ وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ مِنْهُ

സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന് നിന്നാൽ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, ഞെരിയാണി വരെ രണ്ടു കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരായാൽ നിങ്ങൾ കുളിച്ച് ശുദ്ധിയാകുക. നിങ്ങൾ രോഗികളാകുകയോ, യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജ്ജനം കഴിഞ്ഞുവരികയോ, നിങ്ങൾ സ്ത്രീകളുമായി സ്പർശനത്തിൽ ഏർപ്പെടുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധിയുള്ള മണ്ണ് തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. [സൂറത്ത് അൽ മാഇദഃ – 6]

ഈ ആയത്തിൽ അല്ലാഹു രണ്ട് തരം ശുദ്ധീകരണങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. അതായത് ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും വെള്ളം ഉപയോഗിച്ചുള്ള ശുദ്ധീകരണം. ഇനി വെള്ളം ലഭ്യമല്ലെങ്കിലോ അല്ലെങ്കിൽ രോഗം കാരണത്താലോ ആണെങ്കിൽ മണ്ണ് ഉപയോഗിച്ച് ശുദ്ധീകരിക്കുക. തുടർന്ന് അല്ലാഹു പറയുന്നു:

مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَٰكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കുവാനും, തന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കിത്തരുവാനും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേക്കാം. [സൂറത്ത് അൽ മാഇദഃ – 6]

ഈ ആയത്തിൽ, തന്റെ കൽപ്പനകൾ ഈ ദുനിയാവിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണെന്നും, പരലോകത്ത് അവൻ നൽകാനിരിക്കുന്ന അനുഗ്രഹങ്ങളുമായി അതിന് അടുത്ത ബന്ധമുണ്ടെന്നും അല്ലാഹു നമ്മെ അറിയിക്കുന്നു.

നൂറുശതമാനം നന്മയുള്ള കാര്യങ്ങളിലെ അല്ലാഹുവിന്റെ കൽപ്പനകളും, അതുപോലെ തികച്ചും വിനാശകരമായ കാര്യങ്ങളിൽ നിന്നുള്ള അല്ലാഹുവിന്റെ വിലക്കുകളും താഴെ പറയുന്ന ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.

ഈ ശരീഅത്തിലെ ഒട്ടുമിക്ക വിധികൾക്കും പൂർണ്ണമായ നന്മയാണുള്ളത്. ഈമാനും തൗഹീദും പൂർണ്ണമായ നന്മയാണ്; ഹൃദയത്തിനും, ആത്മാവിനും, ശരീരത്തിനും, ഇഹലോക-പരലോക ജീവിതത്തിനും അത് നന്മയാണ്. എന്നാൽ ശിർക്കും കുഫ്റും പൂർണ്ണമായും തിന്മയും ഉപദ്രവങ്ങളുമാണ്; ഹൃദയത്തിനും ശരീരത്തിനും ഇഹലോകത്തിനും പരലോകത്തിനും അവ വിനാശം വരുത്തിവെക്കുന്നു.

സത്യസന്ധത പൂർണ്ണമായ നന്മയാണ്, എന്നാൽ കളവ് പറയൽ നേരെ വിപരീതവുമാണ്. എന്നിരുന്നാലും, കളവ് പറയുന്നതിലൂടെ ഉണ്ടാകുന്ന തിന്മയെക്കാൾ വലിയ നന്മ അതിലൂടെ കൈവരിക്കാൻ കഴിയുമെങ്കിൽ – യുദ്ധവേളയിലുള്ള കളവ്, അല്ലെങ്കിൽ ആളുകൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ വേണ്ടി പറയുന്ന കളവ് പോലുള്ളവ – നബി ﷺ അത്തരം സന്ദർഭങ്ങളിൽ കളവ് പറയുന്നതിൽ ഇളവ് (റുഖ്സത്ത്) നൽകിയിട്ടുണ്ട്. കാരണം, അത്തരം സന്ദർഭങ്ങളിൽ അതിന്റെ നന്മയ്ക്കോ ഗുണത്തിനോ ആണ് മുൻതൂക്കമുള്ളത്.

അപ്രകാരം തന്നെ നീതി പൂർണ്ണമായ നന്മയാണ്; എന്നാൽ അതിക്രമം പൂർണ്ണമായും തിന്മയുമാണ്. ഇനി ചൂതാട്ടവും മദ്യപാനവും എടുത്താൽ, അവയുടെ ഉപകാരത്തെക്കാൾ അവയിലെ തിന്മയും ഉപദ്രവങ്ങളുമാണ് കൂടുതലുള്ളത്. അതുകൊണ്ടാണ് അല്ലാഹു അത് നിഷിദ്ധമാക്കിയത്. അല്ലാഹു പറയുന്നു:

يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا

(നബിയേ,) നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും വലിയ പാപമുണ്ട്‌. മനുഷ്യർക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാൽ അവയിലെ പാപമാണ് അവയിലെ പ്രയോജനത്തേക്കാൾ വലുത്‌. [സൂറത്ത് അൽ ബഖറഃ – 219]

ചൂതാട്ടത്തിന്റെ അംശങ്ങളുള്ള ചില കാര്യങ്ങളിൽ വലിയ നന്മകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, ഉദാഹരണത്തിന് കുതിരയോട്ട മത്സരത്തിലോ അമ്പെയ്ത്ത് മത്സരത്തിലോ പങ്കെടുക്കുന്നവരിൽ നിന്ന് പ്രവേശന ഫീസായി സ്വരൂപിച്ച തുകയിൽ നിന്ന് സമ്മാനം നൽകുന്നത് പോലെയുള്ളവ, അത്തരം കാര്യങ്ങൾ അനുവദനീയമാണ്. കാരണം, ഇത്തരം മത്സരങ്ങൾ ജിഹാദിന്റെ പതാക ഉയർത്തിപ്പിടിക്കുന്നതിന് സഹായകമാണ്.

എന്നാൽ സിഹ്ർ (മാരണം) പഠിക്കുന്ന കാര്യം, അത് പൂർണ്ണമായും തിന്മ (മഫ്സദത്ത്) മാത്രമാണ്. അല്ലാഹു പറയുന്നു:

وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنْفَعُهُمْ

അവർക്ക് ഉപദ്രവമുണ്ടാക്കുന്നതും, ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവർ പഠിച്ചുകൊണ്ടിരിക്കുന്നത്‌. [സൂറത്ത് അൽ ബഖറഃ – 102]

അപ്രകാരം തന്നെയാണ് ശവം, രക്തം, പന്നിയിറച്ചി, അതുപോലെ തിന്മയും ഉപദ്രവവും ഉൾക്കൊള്ളുന്ന സമാനമായ കാര്യങ്ങൾ നിഷിദ്ധമാക്കപ്പെട്ടതും. എന്നാൽ ഈ നിഷിദ്ധമാക്കപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന തിന്മയെക്കാൾ വലിയ നന്മ അതിലുണ്ടെങ്കിൽ, അതായത് ജീവൻ നിലനിർത്താൻ വേണ്ടിയുള്ള സന്ദർഭങ്ങളിൽ, അത്തരം ഹറാമായ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. അല്ലാഹു പറയുന്നു:

فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَحِيمٌ

വല്ലവനും പാപം ചെയ്യാൻ ആഗ്രഹിക്കാതെ കടുത്ത വിശപ്പുകാരണമായി (ഇവ തിന്നുവാൻ) നിർബന്ധിതനാകുന്ന പക്ഷം തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [സൂറത്ത് അൽ മാഇദഃ – 3]

ആധുനിക കാലത്തെ ശാസ്ത്രവിജ്ഞാനങ്ങളെയും, അതുപോലെ മനുഷ്യർക്ക് അവരുടെ മതപരവും ഭൗതികവുമായ കാര്യങ്ങളിൽ ഉപകാരപ്രദമായ പുതിയ കണ്ടുപിടുത്തങ്ങളെയും, അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചതും ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ ഈ മഹത്തായ ശരീഅത്ത് അടിസ്ഥാനവും നിയമവും നമുക്ക് ആധാരമാക്കാവുന്നതാണ്. അതോടൊപ്പം ഇവയെല്ലാം അല്ലാഹു തന്റെ അടിമകൾക്ക് നൽകിയ വലിയ അനുഗ്രഹങ്ങളുമാണ്. കാരണം, മനുഷ്യർക്ക് വളരെയധികം ആവശ്യമായ പ്രയോജനങ്ങൾ അവയിലുണ്ട്, അവ മികച്ച സഹായോപാധികളുമാണ്.

അതിനാൽ, വിവിധ തരത്തിലുള്ള വാർത്താവിനിമയ സംവിധാനങ്ങൾ, വ്യവസായങ്ങൾ, പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവയുടെയെല്ലാം സാന്നിധ്യം ഈ ഫിഖ്ഹീ നിയമത്തിന്റെ പ്രായോഗികവൽക്കരണത്തോട് വളരെ യോജിക്കുന്നവയാണ്. ഇത്തരം കാര്യങ്ങളിൽ, അവ നൽകുന്ന പ്രയോജനങ്ങളുടെയും അതിലൂടെ ഉണ്ടാകുന്ന കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ നിർബന്ധമായവയും , സുന്നത്തായവയും, അനുവദനീയമായവയും ഉണ്ട്. അതുപോലെ തന്നെ, ഈ നിയമത്തിന്റെ ശാഖകളായി വരുന്ന മറ്റ് ശരീഅത്ത് നിയമങ്ങളിലും ഈ കാര്യങ്ങളെ ഉൾപ്പെടുത്താവുന്നതാണ്.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

Share This Article
Leave a Comment