തന്റെ രാജ്യത്തെ ഭരണാധികാരികളോട് എപ്രകാരമാണ് വർത്തിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ബാധ്യതകൾ മനസ്സിലാക്കുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ അറിവുകളിൽ പെട്ടതാണ്. മുസ്‌ലിമായ ഭരണാധികാരിയോട് എങ്ങനെയാണ് ഇടപഴകേണ്ടതെന്ന് ജനങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ, അത് വലിയ തിന്മകൾക്കും നാശങ്ങൾക്കും കാരണമാകും.
ഈ സദസ്സിൽ മുഹമ്മദ് റസൂൽ ﷺ പഠിപ്പിച്ച നാല് അടിസ്ഥാന തത്വങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഭരണാധികാരികളോടുള്ള നമ്മുടെ ബാധ്യതകളെയും സമീപനങ്ങളെയും വ്യക്തമാക്കുന്ന തത്വങ്ങളാണവ. അവ താഴെ പറയുന്നവയാണ്:
ഒന്നാമത്തെ തത്വം: ഭരണാധികാരിക്ക് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യൽ നിർബന്ധമാണെന്ന് വിശ്വസിക്കുക.
ഒരു ഭരണാധികാരിയുടെ കാലത്ത് സാമൂഹിക സാഹചര്യങ്ങൾ സുസ്ഥിരമായാൽ, അദ്ദേഹത്തിന്റെ അധികാരത്തിന് കീഴിലുള്ള ഓരോ വ്യക്തിക്കും ആ ഭരണാധികാരിയെ അനുസരിക്കാൻ ബൈഅത്ത് ചെയ്യേണ്ടത് നിർബന്ധമാണെന്ന് വിശ്വസിക്കൽ അനിവാര്യമാണ്; ഇനി അവൻ നേരിട്ടുചെന്ന് ആ ബൈഅത്തിൽ പങ്കെടുത്തവനായില്ലെങ്കിലും ശരി. കാരണം ബൈഅത്ത് പൂർണ്ണമാകാൻ ഒരു വ്യക്തി അത് നേരിട്ടുചെന്ന് ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇസ്‌ലാമിക കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം, ‘അഹ്‌ലുൽ ഹല്ലി വൽ അഖ്ദ്’ (സമൂഹത്തിലെ പണ്ഡിതന്മാരും പ്രഗത്ഭരും നേതാക്കളും) ഒരു ഭരണാധികാരിക്ക് ബൈഅത്ത് ചെയ്യുകയും അവിടെ കാര്യങ്ങൾ സുസ്ഥിരമാവുകയും ചെയ്താൽ ആ ബൈഅത്ത് സാധുവാകുന്നതും, ശേഷം എല്ലാവരുടെ മേലും അതൊരു ബാധ്യതയായി മാറുന്നതുമാണ്.
അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ മേൽ ഭരണാധികാരിക്ക് നൽകേണ്ട ഒരു ബൈഅത്തിന്റെ ബാധ്യതയുണ്ടെന്ന് ഉറച്ചു വിശ്വസിക്കണം. ഇതൊരു ശർഇയ്യായ (മതപരമായ) നിർബന്ധ ബാധ്യതയാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു മുസ്‌ലിമിനും അനുവാദമില്ല. തന്റെ രാജ്യത്ത് തനിക്ക് നിർബന്ധമായ ഒരു ബൈഅത്ത് ഭരണാധികാരിയോട് തനിക്കില്ല എന്ന് വിശ്വസിക്കുന്നവന് കടുത്ത താക്കീതുകളാണ് പ്രമാണങ്ങളിലുള്ളത്.
നബി ﷺ പറഞ്ഞു:
مَنْ خَلَعَ يَدًا مِنْ طَاعَةٍ لَقِيَ اللَّهَ يَوْمَ الْقِيَامَةِ لَا حُجَّةَ لَهُ وَمَنْ مَاتَ وَلَيْسَ فِي عُنُقِهِ بَيْعَةٌ مَاتَ مِيتَةً جَاهِلِيَّةً
“ആരെങ്കിലും (ഭരണാധികാരിയോടുള്ള) അനുസരണത്തിൽ നിന്ന് കൈ വലിച്ചാൽ, യാതൊരു ന്യായവുമില്ലാത്ത അവസ്ഥയിൽ അന്ത്യനാളിൽ അവൻ അല്ലാഹുവെ കണ്ടുമുട്ടുന്നതാണ്. ആരെങ്കിലും തന്റെ പിരടിയിൽ ബൈഅത്ത് ഇല്ലാത്ത നിലയിൽ മരണപ്പെട്ടാൽ, അവൻ മരണപ്പെടുന്നത് ജാഹിലിയ്യാ മരണമാണ് (അജ്ഞാനകാലത്തെ മരണമാണ്).”
[സ്വഹീഹ് മുസ്‌ലിം – 3441]
ഭരണാധികാരിക്ക് ബൈഅത്ത് ചെയ്യേണ്ടതില്ല എന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് ഈ താക്കീതുണ്ട്; അവന്റെ മരണം അജ്ഞാനകാലത്തുള്ളവരുടേതിന് സമാനമായ മരണമാണ്. അല്ലാഹു ഇത്തരം മോശമായ അവസ്ഥകളിൽ നിന്ന് നമ്മെ കാത്തുരക്ഷിക്കട്ടെ. അതുകൊണ്ട് ഒരു മുസ്‌ലിം ഇത് വളരെ ദൃഢമായി വിശ്വസിക്കേണ്ടതുണ്ട്. ബൈഅത്ത് എന്നത്, എപ്പോൾ വേണമെങ്കിലും അണിയാനും ഇഷ്ടമില്ലാത്തപ്പോൾ ഊരി മാറ്റാനും കഴിയുന്ന കഴുത്തിലെ ഒരു മാല പോലെയല്ല എന്ന് ഓരോ മുസ്‌ലിമും തിരിച്ചറിയണം. മറിച്ച്, രാജ്യത്ത് ആ ഭരണാധികാരിയുടെ അധികാരം നിലനിൽക്കുന്ന കാലത്തോളം ആ ബൈഅത്തും നിർബന്ധമായി നിലനിൽക്കുന്നതാണ്. ഈ ബൈഅത്തിൽ നിന്ന് പിന്മാറാൻ ഒരു മുസ്‌ലിമിനും പാടുള്ളതല്ല.
രണ്ടാമത്തെ തത്വം: ഭരണാധികാരികളെ ഉപദേശിക്കുക; അതോടൊപ്പം അവർക്കെതിരെ പുറപ്പെടുകയോ (ഖുറൂജ്), അവരെ അസഭ്യം പറയുകയോ അപമാനിക്കുകയോ, അവർക്കെതിരെ ജനങ്ങളുടെ മനസ്സിൽ വിദ്വേഷം ജനിപ്പിക്കുകയോ ചെയ്യാതിരിക്കുക.
ഭരണാധികാരികളുടെ നടപടികളെ വിലയിരുത്തുന്ന വിഷയത്തിൽ, തികച്ചും അബദ്ധമായ രണ്ട് നിലപാടുകൾ സ്വീകരിക്കുന്ന രണ്ട് വിഭാഗങ്ങളുണ്ട്. അതിലൊന്ന്: തങ്ങളുടെ ഭരണാധികാരി (ഇമാം) സർവ്വ തെറ്റുകളിൽ നിന്നും സുരക്ഷിതനാണെന്ന് (മഅ്സൂം ആണെന്ന്) വിശ്വസിക്കുന്നവരാണ്. അല്ലാഹുവിന്റെ കല്പനകൾക്കനുസരിച്ചാണ് അവർ ഭരിക്കുന്നതെന്നതിനാൽ അവരുടെ പ്രവർത്തനങ്ങളെല്ലാം ശരിയാണെന്നും, പ്രവാചകന്മാരുടേതിന് സമാനമായ പദവിയാണ് അവർക്കുള്ളതെന്നും അവർ വിശ്വസിക്കുന്നു. റവാഫിദുകളുടെ (ശിയാക്കളുടെ) പിഴച്ച വീക്ഷണം ഇപ്രകാരമാണ്.
മറ്റൊരു വിഭാഗമാകട്ടെ ഇതിന് നേർവിപരീതമായ നിലപാടുള്ളവരാണ്. അഥവാ, ഭരണാധികാരികളിൽ നിന്ന് വല്ല തെറ്റും സംഭവിച്ചാൽ അവർ ആ തെറ്റിനെ പർവ്വതീകരിക്കുകയും, ചിലപ്പോൾ അതിന്റെ പേരിൽ അവരെ കാഫിറാക്കുകയും (തക്ഫീർ) ചെയ്യും. തന്നെയുമല്ല, അവർക്കെതിരെ പുറപ്പെടൽ (സായുധ കലാപം) നിർബന്ധമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. ഈ രണ്ട് വിഭാഗങ്ങളും മുഹമ്മദ് നബി ﷺ യുടെ സുന്നത്തിന് തീർത്തും വിരുദ്ധമായവരാണ്.
എന്നാൽ സത്യത്തിന്റെ ആളുകളായ അഹ്‌ലുസ്സുന്ന വൽ ജമാഅത്ത് എപ്പോഴും മധ്യനിലപാട് സ്വീകരിക്കുന്നവരാണ്. അവർ വിശ്വസിക്കുന്നത് ഭരണാധികാരി ഒരു സാധാരണ മനുഷ്യനാണെന്നാണ്. അദ്ദേഹത്തിൽ നിന്ന് ശരിയും തെറ്റും സംഭവിക്കാം. അദ്ദേഹത്തിന്റെ ചില നടപടികൾ ശരിയായിരിക്കും, ചിലത് തെറ്റുമായിരിക്കും. എന്നാൽ ഒരു തെറ്റ് സംഭവിച്ചു എന്നത്, അദ്ദേഹത്തിനെതിരെ പുറപ്പെടാനോ, അദ്ദേഹത്തെ അസഭ്യം പറയാനോ, അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാനോ, ജനങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോട് വെറുപ്പുണ്ടാക്കാനോ ഉള്ള കാരണമല്ല. മറിച്ച് നാം ചെയ്യേണ്ടത് അദ്ദേഹത്തെ ഉപദേശിക്കുകയും, ശർഇയ്യായി അനുവദിക്കപ്പെട്ട രൂപത്തിൽ, സാഹചര്യങ്ങളെയും അവസ്ഥകളെയും പരിഗണിച്ചുകൊണ്ട് റസൂലിന്റെ ﷺ സുന്നത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ തെറ്റുകൾ അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുകയുമാണ്.
നബി ﷺ പറഞ്ഞു:
إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا: (مِنْهَا): وَأَنْ تَنَاصَحُوا مَنْ وَلَّاهُ اللَّهُ أَمْرَكُمْ
“തീർച്ചയായും അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങളിൽ തൃപ്തിപ്പെടുന്നു: (അതിലൊന്ന്) നിങ്ങളുടെ കാര്യങ്ങൾ അല്ലാഹു ആരെ ഏൽപ്പിച്ചുവോ അവരോട് നിങ്ങൾ ഗുണകാംക്ഷയോടെ വർത്തിക്കുക എന്നതാണ്.”
[മുസ്‌നദ് അഹ്‌മദ് – 23278, മുവത്വ മാലിക് – 1578]
തങ്ങളുടെ പ്രജകളായ മുസ്‌ലിംകളിൽ നിന്ന് അല്ലാഹു തൃപ്തിപ്പെടുന്ന കാര്യമാണിത്; തങ്ങളുടെ മേൽ അധികാരം നൽകപ്പെട്ട ഭരണാധികാരികളെ അവർ ഉപദേശിക്കുക, അവരോടുള്ള ഇടപാടുകളിൽ സത്യസന്ധത കാണിക്കുക, സാഹചര്യങ്ങളും അവസ്ഥകളും പരിഗണിച്ച് മതപരമായി അനുവദിക്കപ്പെട്ട രൂപത്തിൽ അവരുടെ തെറ്റുകൾ അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ.
നബി ﷺ പറഞ്ഞു:
ثَلَاثٌ لَا يَغِلُّ عَلَيْهِنَّ قَلْبُ الْمُؤْمِنِ: إِخْلَاصُ الْعَمَلِ، وَالنَّصِيحَةُ لِوَلِيِّ الْأَمْرِ، وَلُزُومُ الْجَمَاعَةِ، فَإِنَّ دَعْوَتَهُمْ تَكُونُ مِنْ وَرَائِهِ
“മൂന്ന് കാര്യങ്ങൾ, ഒരു സത്യവിശ്വാസിയുടെ ഹൃദയം അതിൽ വിദ്വേഷം വെച്ചുപുലർത്തുകയില്ല: അല്ലാഹുവിന് വേണ്ടി കർമ്മങ്ങൾ നിഷ്കളങ്കമാക്കുക (ഇഖ്‌ലാസ്), ഭരണാധികാരിയെ ഉപദേശിക്കുക, മുസ്‌ലിം ജമാഅത്തിനോടൊപ്പം ചേർന്നുനിൽക്കുക. തീർച്ചയായും അവരുടെ പ്രാർത്ഥന അവർക്ക് പിന്നിൽ നിന്ന് അവരെ വലയം ചെയ്യുന്നതാണ്.”
[സുനൻ അബീ ദാവൂദ് – 3/322, സുനൻ അത്തിർമിദി – 5/33, മുസ്‌നദ് അഹ്‌മദ് – 5/183. ശൈഖ് അൽബാനി رَحِمَهُ اللَّهُ തന്റെ ‘ദിലാലുൽ ജന്ന’ പേജ് 504 ൽ ഇത് സ്വഹീഹാക്കിയിട്ടുണ്ട്]
ഒരു മുസ്‌ലിമിന്റെ ഹൃദയം വെറുപ്പും വിദ്വേഷവും വെച്ചുപുലർത്താത്ത മൂന്ന് കാര്യങ്ങളാണിവ.
ഒന്നാമതായി: ഒരാളുടെ കർമ്മങ്ങളും അവൻ ഇടപെടുന്ന കാര്യങ്ങളും അല്ലാഹു تَبَارَكَ وَتَعَالَى ക്ക് വേണ്ടി നിഷ്കളങ്കമാക്കുക എന്നത്. നാം സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ പ്രത്യേകിച്ചും ഇതിന് പ്രാധാന്യമുണ്ട്. ഭരണാധികാരിക്ക് ഒരാൾ നൽകുന്ന ഉപദേശങ്ങളും സമീപനങ്ങളും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം; അതിലൂടെ അവൻ അല്ലാഹുവെ മാത്രമായിരിക്കണം ലക്ഷ്യമാക്കേണ്ടത്. ഭരണാധികാരിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അത് അല്ലാഹുവിന് വേണ്ടിയായിരിക്കണം; ഭരണാധികാരിയെ ഉപദേശിക്കുകയാണെങ്കിലും അത് അല്ലാഹുവിന് വേണ്ടിയായിരിക്കണം. അല്ലാതെ ഭൗതികമായ നേട്ടങ്ങൾ ആഗ്രഹിച്ചുകൊണ്ടാകരുത്.
രണ്ടാമതായി: ഒരാൾ അല്ലാഹുവിന് വേണ്ടി പൂർണ്ണമായി നിഷ്കളങ്കത പുലർത്തുന്നുവെങ്കിൽ തീർച്ചയായും അവൻ ഭരണാധികാരിയെ ഉപദേശിക്കുന്നതാണ്. അല്ലാഹുവിനോടുള്ള ഇഖ്‌ലാസിന്റെ (നിഷ്കളങ്കതയുടെ) ഭാഗമാണ് ഒരാൾ ഭരണാധികാരിയെ ഗുണകാംക്ഷയോടെ ഉപദേശിക്കുക എന്നത്.
മൂന്നാമതായി: ഭരണാധികാരിയെ ഉപദേശിക്കുക എന്നതിന്റെ വിവക്ഷയിൽ പെട്ടതാണ് ജമാഅത്തിനോടൊപ്പം (മുസ്‌ലിം സമൂഹത്തോടൊപ്പം) എപ്പോഴും ചേർന്നുനിൽക്കുക എന്നത്. ഒരുവൻ ഭരണാധികാരിയെ ഉപദേശിക്കുന്നുണ്ട് എന്ന് വാദിക്കുകയും, അതോടൊപ്പം മുസ്‌ലിം ജമാഅത്തിൽ നിന്ന് അവൻ വേറിട്ടു നിൽക്കുകയും ചെയ്യുന്നുവെങ്കിൽ അത് കളവാണ്, കളവാണ്, തികഞ്ഞ കളവാണ്. മുസ്‌ലിം ജമാഅത്തിനോടൊപ്പം ചേർന്നുനിൽക്കാതെ ഒരിക്കലും സത്യസന്ധമായ ഒരു ഉപദേശം സാധ്യമാവുകയില്ല.
വളരെ സ്പഷ്ടമായ അറബി ഭാഷയിൽ നബി ﷺ വ്യക്തമാക്കിയത് ഇങ്ങനെയാണ്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മൂന്ന് കാര്യങ്ങളെയാണ് അവിടുന്ന് വിശദീകരിച്ചത്. ആദ്യം അല്ലാഹുവിനോടുള്ള നിഷ്കളങ്കത. അതിനെത്തുടർന്ന് ഭരണാധികാരിക്കുള്ള ഗുണകാംക്ഷ (നസ്വീഹത്ത്). ശേഷം മുസ്‌ലിം ജമാഅത്തിനോടൊപ്പം ചേർന്നുനിൽക്കൽ.
ഭരണാധികാരിക്കുള്ള ഉപദേശം എന്നത് നന്മകളും നേട്ടങ്ങളും (മസ്വ്‌ലഹത്തുകൾ) കൊണ്ടുവരുന്ന രീതിയിലായിരിക്കണം; അല്ലാതെ നാശങ്ങൾ (മഫ്സദത്തുകൾ) ഉണ്ടാക്കുന്ന രീതിയിലാകാൻ പാടില്ല. അതുകൊണ്ടുതന്നെ മിമ്പറുകളിൽ വെച്ചോ പ്രസംഗപീഠങ്ങളിൽ വെച്ചോ ആകാൻ പാടില്ല ഇത്തരം ഉപദേശങ്ങൾ നൽകേണ്ടത്. ജനങ്ങളുടെ ഹൃദയങ്ങളിൽ ഭരണാധികാരികളോട് വെറുപ്പ് ജനിപ്പിക്കാത്ത രീതിയിലായിരിക്കണം അവർക്ക് ഉപദേശം നൽകേണ്ടത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ ഞാൻ ഭരണാധികാരികൾക്കെതിരെ ശബ്ദിക്കുന്ന വലിയൊരു ധീരനാണെന്ന് ജനങ്ങളെ കാണിക്കാനോ അവരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റാനോ അവൻ ഉദ്ദേശിക്കുകയില്ല. അവന്റെ ഒരേയൊരു ആഗ്രഹം നാടിനും നാട്ടുകാർക്കും നന്മയുണ്ടാകണം എന്നത് മാത്രമാണ്. ആ നന്മ യാഥാർഥ്യമാകണമെങ്കിൽ ഭരണാധികാരികളുടെ തെറ്റുകൾ അവരെ ബോധ്യപ്പെടുത്തുന്നത് ഏറ്റവും നല്ല രീതിയിലായിരിക്കണം; അതോടൊപ്പം കുഴപ്പങ്ങൾ പടരാതിരിക്കാൻ ഭരണാധികാരിയുടെ മേൽ ജനങ്ങളുടെ ഹൃദയങ്ങളെ ഒരുമിച്ചു നിർത്തുകയും വേണം.
ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലത്ത് ഒരു ഫിത്നയുണ്ടായി. അന്ന് ചില ആളുകൾ ഉസാമ ബിൻ സൈദ് رَضِيَ اللَّهُ عَنْهُمَا യോട് ചോദിച്ചു: “താങ്കൾ ഉസ്മാന്റെ നടപടികളെ എതിർക്കുന്നില്ലേ?”
ഉസാമ رَضِيَ اللَّهُ عَنْهُمَا മറുപടി നൽകി: “ജനങ്ങളുടെ മുന്നിൽ വെച്ച് ഞാനദ്ദേഹത്തെ എതിർക്കണമെന്നാണോ നിങ്ങൾ പറയുന്നത്? എന്നാൽ ഞാനും അദ്ദേഹവും തമ്മിൽ രഹസ്യമായി അദ്ദേഹത്തോട് ഞാൻ സംസാരിക്കാറുണ്ട്. ആളുകൾക്ക് മേൽ ഫിത്നയുടെ ഒരു വാതിൽ തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
[മുസ്‌നദ് അഹ്‌മദ് – 3/340, സുനൻ ഇബ്നു അബീ ആസിം – 2/507. ശൈഖ് അൽബാനി رَحِمَهُ اللَّهُ തന്റെ ‘ദിലാലുൽ ജന്ന’ പേജ് 507 ൽ ഇത് സ്വഹീഹാക്കിയിട്ടുണ്ട്. ശൈഖ് അൽബാനി ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു: അഥവാ ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിനെ പരസ്യമായി ജനമധ്യത്തിൽ വെച്ച് എതിർക്കുന്നത്. കാരണം പരസ്യമായ അത്തരം എതിർപ്പുകൾ വലിയ വിപത്തുകൾക്ക് കാരണമാകുമെന്ന് ഭയപ്പെടേണ്ടതുണ്ട്. ഖവാരിജുകൾ പരസ്യമായി എതിർത്തതിന്റെ ഫലമായി ഒടുവിൽ ഉസ്മാൻ رَضِيَ اللَّهُ عَنْهُ വധിക്കപ്പെട്ട സംഭവം ഇതിനുദാഹരണമാണ്. (മുഖ്തസ്വർ സ്വഹീഹ് മുസ്‌ലിം, പേജ് 335)].
ഭരണാധികാരികളെ പരസ്യമായി ഉപദേശിക്കുന്നത് ഫിത്നയുടെ വാതിലുകൾ തുറക്കാൻ കാരണമാകുമെന്ന് സ്വഹാബികൾക്കിടയിൽ തന്നെ സ്ഥിരപ്പെട്ട ഒരു വസ്തുതയായിരുന്നു. അതുകൊണ്ടാണ് ഉസാമ ബിൻ സൈദ് رَضِيَ اللَّهُ عَنْهُمَا ഈ മഹത്തായ അടിസ്ഥാനത്തെ മുറുകെപ്പിടിച്ചത്. നബി ﷺ യുടെ ഈ ഹദീസാണ് ഇതിനാധാരം:
مَنْ أَرَادَ أَنْ يَنْصَحَ لِسُلْطَانٍ بِأَمْرٍ فَلَا يُبْدِ لَهُ عَلَانِيَةً وَلَكِنْ لِيَأْخُذْ بِيَدِهِ فَيَخْلُوَ بِهِ فَإِنْ قَبِلَ مِنْهُ فَذَاكَ وَإِلَّا كَانَ قَدْ أَدَّى الَّذِي عَلَيْهِ لَهُ
“ഭരണാധികാരിയെ വല്ല കാര്യത്തിലും ഉപദേശിക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അവനത് പരസ്യമാക്കാതിരിക്കട്ടെ. മറിച്ച് അയാളുടെ കൈപിടിച്ച് രഹസ്യമായി സംസാരിക്കട്ടെ. അദ്ദേഹം അത് സ്വീകരിച്ചാൽ അത് (വളരെ നല്ലത്); ഇല്ലെങ്കിൽ അവൻ തന്റെ ബാധ്യത നിർവഹിച്ചിരിക്കുന്നു.”
[സുനൻ അത്തിർമിദി – 4/502. അസ്സ്വഹീഹ 5/376 ൽ ഇത് ഹസൻ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്].
നബി ﷺ വിശദീകരിച്ചത് ഇപ്രകാരമാണ്. ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നവൻ, ജനങ്ങൾക്ക് അദ്ദേഹത്തോട് ദേഷ്യം വരാതിരിക്കാൻ വേണ്ടി ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് അതൊരിക്കലും പ്രകടിപ്പിക്കാൻ പാടുള്ളതല്ല. എന്നാൽ മിമ്പറുകളിലിരുന്നോ പരസ്യമായോ ഭരണാധികാരിയുടെ ന്യൂനതകളെക്കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും ഉപദേശമല്ല; മറിച്ച് അതൊരു ആക്ഷേപിക്കലും അപമാനിക്കലുമാണ്. നബി ﷺ പറഞ്ഞു:
مَنْ أَهَانَ سُلْطَانَ اللَّهِ فِي الْأَرْضِ أَهَانَهُ اللَّهُ
“ഭൂമിയിൽ വെച്ച് അല്ലാഹു അധികാരം നൽകിയ ഭരണാധികാരിയെ ആരെങ്കിലും അപമാനിച്ചാൽ, അല്ലാഹു അവനെ അപമാനിക്കുന്നതാണ്.”
[സുനൻ അത്തിർമിദി – 4/502. അസ്സ്വഹീഹ – 5/376].
വളരെ വ്യക്തമായ രണ്ട് നിലപാടുകൾ അടങ്ങിയ ഒരു സംഭവം ഞാൻ ഇവിടെ ഉദ്ധരിക്കാം. നമ്മളോരോരുത്തരും ഇതിൽ ഏത് പക്ഷത്താണുള്ളതെന്ന് നാം ചിന്തിക്കണം.
ഇബ്നു ആമിർ എന്ന ഗവർണർ ഒരിക്കൽ ജുമുഅ ഖുതുബ നിർവഹിക്കാൻ വേണ്ടി വളരെ നേർത്ത (ഉള്ളുകാണുന്ന) ഒരു വസ്ത്രം ധരിച്ചുകൊണ്ട് പുറപ്പെട്ടു. അപ്പോൾ ഖവാരിജുകളിൽ പെട്ട അബൂ ബിലാൽ അൽ ഖാരിജി ഇപ്രകാരം വിളിച്ചുപറഞ്ഞു: “നമ്മുടെ അമീറിനെ നോക്കൂ, അദ്ദേഹം തെമ്മാടികളുടെ വസ്ത്രം ധരിച്ചിരിക്കുന്നു!” അപ്പോൾ നബി ﷺ യുടെ സ്വഹാബിയായ അബൂ ബക്റ رَضِيَ اللَّهُ عَنْهُ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു: “മിണ്ടാതിരിക്കൂ. അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ഭൂമിയിൽ വെച്ച് അല്ലാഹു അധികാരം നൽകിയ ഭരണാധികാരിയെ ആരെങ്കിലും അപമാനിച്ചാൽ, അല്ലാഹു അവനെ അപമാനിക്കുന്നതാണ്.'”
[സുനൻ ഇബ്നു അബീ ആസിം – 2/494. ഇത് ഹസൻ ലിഗൈരിഹി ആണ്].
ഭരണാധികാരികളുടെ തെറ്റുകളോടുള്ള ഒരു ഖാരിജിയുടെ (ഖവാരിജുകളുടെ) നിലപാടും, ഒരു സ്വഹാബിയുടെ നിലപാടും തമ്മിലുള്ള വ്യത്യാസം നിങ്ങൾ നോക്കൂ. അതുകൊണ്ട് അല്ലയോ അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾക്ക് പ്രിയപ്പെട്ടവരാരോ അവരുടെ മാർഗ്ഗം നിങ്ങൾ തിരഞ്ഞെടുക്കുക. അന്ത്യനാളിൽ ഓരോ മനുഷ്യനും താൻ ഇഷ്ടപ്പെടുന്നവരോടൊപ്പമായിരിക്കുമല്ലോ.
ഇവിടെ ഒരാൾ ചോദിച്ചേക്കാം: “അതിന്റെ അർത്ഥം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വല്ല തെറ്റും സംഭവിച്ചാൽ നാമത് മിണ്ടാതിരിക്കണമെന്നാണോ? ആളുകൾ തിന്മകൾ ചെയ്യുന്നത് നാം വിലക്കുകയോ അത് തിന്മയാണെന്ന് വ്യക്തമാക്കുകയോ വേണ്ടെന്നാണോ?”
അങ്ങനെയല്ല! ആളുകൾ തിന്മകൾ ചെയ്യുന്നത് വിലക്കുക എന്നത് നമ്മുടെ ബാധ്യതയാണ്; അത് തിന്മയാണെന്ന് നാം വ്യക്തമാക്കുകയും വേണം. എന്നാൽ ഈ തിന്മയുമായി ബന്ധപ്പെട്ട് ഭരണാധികാരിയെ ഉപദേശിക്കുന്നത്, ജനങ്ങൾക്ക് അദ്ദേഹത്തോട് ദേഷ്യവും വെറുപ്പും ഉണ്ടാകാത്ത രൂപത്തിലായിരിക്കണം എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ടത്.
അഹ്‌ലുസ്സുന്ന വൽ ജമാഅത്ത് ഈ അടിസ്ഥാന തത്വം സ്ഥാപിക്കുമ്പോൾ, ഭരണാധികാരിയാണ് ഈ തിന്മ ചെയ്തതെന്ന ഒരൊറ്റ കാരണത്താൽ അതിനെ എതിർക്കാതെ മിണ്ടാതിരിക്കണം എന്ന് അവർ ഒരിക്കലും കൽപ്പിക്കാറില്ല എന്ന് നാം തിരിച്ചറിയണം. മറിച്ച്, ആ തിന്മയെ തീർച്ചയായും നാം എതിർക്കേണ്ടതുണ്ട്; അത് തിന്മയാണെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. എന്നാൽ ഈ തിന്മയുടെ പേരിലോ മറ്റെന്തെങ്കിലും കാര്യത്തിന്റെ പേരിലോ ഭരണാധികാരിയെ പ്രത്യേകം എതിർക്കേണ്ടിവരുമ്പോൾ നാം മുകളിൽ പറഞ്ഞ അടിസ്ഥാന തത്വങ്ങൾ പൂർണ്ണമായും പാലിച്ചിരിക്കണം.
മൂന്നാമത്തെ തത്വം: അല്ലാഹുവിന് ധിക്കാരമല്ലാത്ത (മഅ്സിയ്യത്തല്ലാത്ത) കാര്യങ്ങളിൽ ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.
മുസ്‌ലിം ജമാഅത്തിനോടൊപ്പം നിൽക്കാതെ സമൂഹത്തിൽ യാതൊരു നന്മയുമുണ്ടാകില്ല. ഒരു ഇമാമത്ത് (ഭരണനേതൃത്വം) ഇല്ലാതെ ആ ജമാഅത്തിന്റെ കാര്യങ്ങൾ നേരെയാകുകയുമില്ല. ഭരണാധികാരിയെ അനുസരിക്കാതെ ആ ഭരണനേതൃത്വം നിലനിൽക്കുകയുമില്ല.
അതുകൊണ്ട് തന്നെ അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ രാജ്യത്തെ ഭരണാധികാരിയെ അനുസരിക്കണം എന്ന് വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങളുണ്ട്. അല്ലാഹു عَزَّ وَجَلَّ സത്യവിശ്വാസികളോട് പറയുന്നു:
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ﴾
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങളിൽ നിന്നുള്ള അധികാരമുള്ളവരെയും നിങ്ങൾ അനുസരിക്കുക.”
[സൂറഃ അന്നിസാഅ് – 59]
അല്ലാഹു ഈ ആയത്ത് ആരംഭിക്കുന്നത് തന്നെ “സത്യവിശ്വാസികളേ” എന്ന് വിളിച്ചുകൊണ്ടാണ്. ഖുർആൻ വ്യാഖ്യാതാക്കളായ പണ്ഡിതന്മാർ (മുഫസ്സിറുകൾ) പറയുന്നു: “സത്യവിശ്വാസികളേ എന്ന വിളിയിലൂടെയാണ് അല്ലാഹു ഒരു ആയത്ത് ആരംഭിക്കുന്നതെങ്കിൽ, അതിന് ശേഷം അതിപ്രധാനമായ ഒരു കാര്യമാണ് വരാനിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുക.”
അല്ലാഹുവിനെയും റസൂലിനെയും ﷺ അനുസരിക്കാനാണ് അവൻ കൽപ്പിക്കുന്നത്. തുടർന്ന് അല്ലാഹുവിനെയും റസൂലിനെയും ﷺ അനുസരിക്കുന്നതിന്റെ ഭാഗം തന്നെയാണ് അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ ഭരണാധികാരികളെ അനുസരിക്കുക എന്നതും അവൻ വ്യക്തമാക്കിത്തരുന്നു. നബി ﷺ പറഞ്ഞു: “ആരെങ്കിലും എന്നെ അനുസരിച്ചാൽ അവൻ അല്ലാഹുവെ അനുസരിച്ചു. ആരെങ്കിലും അമീറിനെ (ഭരണാധികാരിയെ) അനുസരിച്ചാൽ അവൻ എന്നെ അനുസരിച്ചു. ആരെങ്കിലും അമീറിനെ ധിക്കരിച്ചാൽ അവൻ എന്നെ ധിക്കരിച്ചു.”
സ്വഹീഹായ ഈ ഹദീസ് വളരെ മഹത്തായ ഒരു അടിസ്ഥാനത്തെയാണ് പഠിപ്പിക്കുന്നത്. റസൂലിനെ ﷺ അനുസരിക്കുക എന്നത് അല്ലാഹു تَبَارَكَ وَتَعَالَى യെ അനുസരിക്കലാണ്. അമീറിനെ അനുസരിക്കുക എന്നത് റസൂലിനെ ﷺ അനുസരിക്കലാണ്. റസൂലിനെ ﷺ ധിക്കരിക്കുക എന്നത് അല്ലാഹു تَبَارَكَ وَتَعَالَى യെ ധിക്കരിക്കലാണ്. അമീറിനെ ധിക്കരിക്കുകയും എതിർക്കുകയും ചെയ്യുക എന്നത് റസൂലിനെ ﷺ ധിക്കരിക്കലുമാണ്.
ഇതിൽ നിന്നും നമുക്ക് സുപ്രധാനമായ ഒരു പാഠം ഉൾക്കൊള്ളാൻ സാധിക്കും. അഥവാ, അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ നാം ഭരണാധികാരികളെ അനുസരിക്കുമ്പോൾ യഥാർത്ഥത്തിൽ നാം അല്ലാഹുവിലേക്ക് സാമീപ്യം തേടുകയാണ് ചെയ്യുന്നത്. ധിക്കാരമല്ലാത്ത കാര്യങ്ങളിലുള്ള നിങ്ങളുടെ ആ അനുസരണം അല്ലാഹുവിലേക്കുള്ള നിങ്ങളുടെ അടുപ്പമാണ് (ഖുർബത്താണ്). നിങ്ങൾ ഭരണാധികാരിയെയോ പോലീസിനെയോ നോക്കേണ്ടതില്ല; ആരെങ്കിലും നിങ്ങളെ കാണുന്നുണ്ടോ എന്നും നോക്കേണ്ടതില്ല. മറിച്ച് അല്ലാഹുവിങ്കലേക്ക് സാമീപ്യം തേടുക എന്ന നിയ്യത്തോടെ (ഉദ്ദേശ്യത്തോടെ) വേണം നിങ്ങളത് ചെയ്യാൻ. കാരണം നബി ﷺ തന്നെയാണ് നമുക്കീ കാര്യം വ്യക്തമാക്കിത്തന്നിട്ടുള്ളത്. അതുകൊണ്ടാണ് അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമാണെന്ന് പണ്ഡിതന്മാർ ഏകോപിച്ചഭിപ്രായപ്പെട്ടത്.
ഒരു രാജ്യത്ത് സമാധാനം നിലനിൽക്കുന്നതിലും ജനങ്ങളുടെ സന്തോഷത്തിലും ഇത് ചെലുത്തുന്ന സ്വാധീനം വളരെ വലുതായതുകൊണ്ട് തന്നെ, മനുഷ്യരുടെ ഹൃദയങ്ങളിൽ പിശാച് നുഴഞ്ഞുകയറാൻ സാധ്യതയുള്ള പഴുതുകളെല്ലാം നബി ﷺ കൊട്ടിയടച്ചിട്ടുണ്ട്. ചിലപ്പോൾ പിശാച് മനുഷ്യന്റെ മനസ്സിൽ വന്ന് ഇപ്രകാരം ദുർബോധനം നടത്തും: ഭരണാധികാരികളെ അനുസരിക്കേണ്ടത് അവർ നീതിമാന്മാരായിരിക്കുകയും നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ നൽകുകയും ചെയ്യുമ്പോൾ മാത്രമാണ്. എന്നാൽ നിങ്ങളുടെ ഭരണാധികാരി ഒരു അക്രമിയാണ്, അവൻ നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ നൽകുന്നില്ല. മാത്രമല്ല അവൻ നിങ്ങളുടെ സമ്പത്ത് കവർന്നെടുക്കുകയും ചെയ്യുന്നു. അവൻ അവന് വേണ്ടപ്പെട്ടവർക്ക് മാത്രം അധികാരങ്ങൾ നൽകുകയും, നിങ്ങൾക്ക് അത് നൽകാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇയാളെ അനുസരിക്കേണ്ടതില്ല. ഇത്തരം പിശാചിന്റെ ദുർബോധനങ്ങളെ നബി ﷺ തന്നെ നേരിട്ട് തടഞ്ഞിരിക്കുകയാണ്; അത് മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.
ഒരാൾ എഴുന്നേറ്റു നിന്ന് നബി ﷺ യോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ. ഞങ്ങൾക്ക് മേൽ ചില ഭരണാധികാരികൾ അധികാരത്തിൽ വരികയും, അവർ ഞങ്ങളിൽ നിന്ന് അവരുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുകയും ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് തടയുകയും ചെയ്താൽ എന്താണ് ഞങ്ങൾ ചെയ്യേണ്ടതെന്ന് താങ്കൾ കൽപ്പിക്കുന്നു?”
നബി ﷺ അദ്ദേഹത്തിൽ നിന്ന് മുഖം തിരിച്ചു. അയാൾ രണ്ടാമതും ചോദിച്ചു. നബി ﷺ വീണ്ടും മുഖം തിരിച്ചു. അയാൾ മൂന്നാമതും ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു: “നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. തീർച്ചയായും അവരുടെ ബാധ്യത അവരുടെ മേലും, നിങ്ങളുടെ ബാധ്യത നിങ്ങളുടെ മേലുമാണ്.”
മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു: “നിന്റെ പ്രയാസത്തിലും എളുപ്പത്തിലും താല്പര്യത്തിലും വെറുപ്പിലും അവർ നിന്നോട് അക്രമം കാണിച്ചാലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.” അതായത്, നിനക്ക് എളുപ്പമുള്ള അവസ്ഥയിലായാലും, നിനക്ക് ആവശ്യത്തിന് സമ്പത്തുള്ളപ്പോഴായാലും, നിന്റെ മനസ്സമാധാനമുള്ള അവസ്ഥയിലായാലും, ഇനി നിനക്ക് ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെങ്കിലും, നിനക്കത് ചെയ്യാൻ മടിയുള്ളപ്പോഴാണെങ്കിലും, നിന്റെ അവസ്ഥകളെ പരിഗണിക്കാതെ ഭരണാധികാരി നിന്റെ അവകാശങ്ങൾ പിടിച്ചുവെച്ചാലും നീ അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എന്നാൽ ഇതിന് വിരുദ്ധമായ വഴികളെല്ലാം പിശാചിന്റെ വഴികളാകുന്നു.
ചിലപ്പോൾ പിശാച് ജനങ്ങളുടെ മനസ്സിൽ വന്ന് ഇപ്രകാരം മന്ത്രിക്കും: അബൂ ബക്റിനെയോ ഉമറിനെയോ പോലെയുള്ള ഭരണാധികാരികളെ മാത്രമേ അനുസരിക്കേണ്ടതുള്ളൂ. എന്നാൽ ഈ ഭരണാധികാരി അല്ലാഹുവിനെ ധിക്കരിക്കുന്ന വലിയ പാപിയാണല്ലോ. ഇവർ അല്ലാഹുവിന്റെ ദീൻ നിലനിർത്തുന്നില്ല, അതുകൊണ്ട് ഇവരെ അനുസരിക്കേണ്ട ആവശ്യമില്ല. ഈ പഴുതും നബി ﷺ അടച്ചുകളഞ്ഞു: “എനിക്ക് ശേഷം ചില ഭരണാധികാരികൾ വരും; അവർ എന്റെ സന്മാർഗ്ഗം സ്വീകരിക്കില്ല, എന്റെ സുന്നത്ത് പിൻപറ്റുകയുമില്ല. മനുഷ്യരുടെ ശരീരത്തിൽ പിശാചുക്കളുടെ ഹൃദയങ്ങളുള്ള ചില ആളുകൾ അവർക്കിടയിൽ ഉയർന്നുവരും.”
ആ അവസ്ഥ നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ, അവിടുത്തേക്ക് ശേഷം വരാനിരിക്കുന്ന ഭരണാധികാരികൾ. എന്താണ് അവർ ചെയ്യുന്നത്? റസൂലിന്റെ ﷺ സന്മാർഗ്ഗമോ സുന്നത്തോ അവർ പിൻപറ്റുന്നില്ല. എത്ര മോശമാണവരുടെ അവസ്ഥ! ഗുണകാംക്ഷികളെന്ന വ്യാജേന ചിലർ കടന്നുവരും; അവരുടെ ഹൃദയങ്ങൾ മനുഷ്യരൂപത്തിലുള്ള പിശാചുക്കളുടേതായിരിക്കും.
അപ്പോൾ ഹുദൈഫ رَضِيَ اللَّهُ عَنْهُ എഴുന്നേറ്റു നിന്ന് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞാനീ കാലഘട്ടത്തിൽ എത്തിച്ചേർന്നാൽ എന്താണ് ചെയ്യേണ്ടത്?”
നബി ﷺ പറഞ്ഞു: “നീ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക; നിന്റെ മുതുക് അടിക്കപ്പെട്ടാലും, നിന്റെ സമ്പത്ത് കവർന്നെടുക്കപ്പെട്ടാലും.”
നബി ﷺ സൂചിപ്പിച്ച ഈ പ്രതിസന്ധിഘട്ടത്തിൽപ്പോലും, ജനങ്ങൾക്ക് നേരെ ഭരണാധികാരിയുടെ അക്രമങ്ങൾ ഉണ്ടായാൽപ്പോലും അവരെ അനുസരിക്കൽ നിർബന്ധമാണെന്നാണ് പ്രവാചകൻ ﷺ സ്ഥിരപ്പെടുത്തിയത്.
നബി ﷺ പറഞ്ഞു: “നിങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും ഉത്തമന്മാർ, നിങ്ങൾ അവരെ സ്നേഹിക്കുകയും അവർ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും മോശപ്പെട്ടവർ, നിങ്ങൾ അവരെ വെറുക്കുകയും അവർ നിങ്ങളെ വെറുക്കുകയും ചെയ്യുന്നവരാണ്. നിങ്ങൾ അവരെ ശപിക്കുകയും അവർ നിങ്ങളെ ശപിക്കുകയും ചെയ്യും.”
നിങ്ങളീ അവസ്ഥ നോക്കൂ, ഏറ്റവും മോശപ്പെട്ട ഭരണാധികാരികൾ; അവർക്ക് മതബോധം കുറവായതുകൊണ്ട് നിങ്ങൾ അവരെ വെറുക്കുന്നു. നിങ്ങൾക്കും ദീൻ കുറവായതുകൊണ്ട് അവർ നിങ്ങളെയും വെറുക്കുന്നു. നിങ്ങൾ പരസ്പരം ശപിച്ചുകൊണ്ടിരിക്കുന്നു.
അപ്പോൾ സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അവരെ വാളുകൊണ്ട് നേരിടേണ്ടതില്ലേ?”
നബി ﷺ പറഞ്ഞു: “പാടില്ല, അവർ നിങ്ങൾക്കിടയിൽ നമസ്കാരം നിലനിർത്തുന്ന കാലത്തോളം. അറിയുക, ആർക്കെങ്കിലും മേൽ ഒരു ഭരണാധികാരി അധികാരമേൽക്കുകയും, ആ ഭരണാധികാരി അല്ലാഹുവിന് ധിക്കാരമായ കാര്യങ്ങൾ ചെയ്യുന്നത് അവൻ കാണുകയും ചെയ്താൽ, അവൻ ആ തിന്മയെ വെറുക്കട്ടെ; എന്നാൽ അനുസരണത്തിൽ നിന്ന് അവൻ ഒരിക്കലും കൈ വലിക്കരുത്.”
എത്ര മഹത്തായ ഒരു സന്തുലിതാവസ്ഥയാണിതെന്ന് നോക്കൂ. ഭരണാധികാരി അല്ലാഹുവിനെ ധിക്കരിക്കുന്ന തിന്മകൾ ചെയ്യുന്നത് നാം കണ്ടാൽ, നാമാ തിന്മയെ വെറുക്കണം. ഭരണാധികാരിയാണ് അത് ചെയ്തത് എന്നതുകൊണ്ട് അതൊരിക്കലും നന്മയാണെന്ന് നാം പറയരുത്. ഭരണാധികാരിയാണല്ലോ ഇത് ചെയ്തതെന്ന് കരുതി മറ്റുള്ളവരുടെ മുന്നിൽ അതൊരു നല്ല കാര്യമായി അവതരിപ്പിക്കാനും പാടില്ല. മറിച്ച്, ഭരണാധികാരിയിലേക്ക് ചേർക്കാതെ തന്നെ ആ തിന്മയെ നാം വെറുക്കണം. തിന്മയെ വെറുക്കുമ്പോഴും നാം അവരെ അനുസരിക്കുന്നതിൽ നിന്ന് പിന്മാറാൻ പാടില്ല. മറിച്ച് അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ നാം അവരെ അനുസരിക്കുക തന്നെ വേണം.
അദീ ബിൻ ഹാതിം رَضِيَ اللَّهُ عَنْهُ പറയുന്നു: “ഭയഭക്തിയുള്ള (മുത്തഖിയായ) ഒരു ഭരണാധികാരിയെ അനുസരിക്കുന്നതിനെക്കുറിച്ചല്ല ഞങ്ങൾ ചോദിച്ചത്. മറിച്ച്, അങ്ങനെയൊക്കെ ചെയ്യുന്ന (അക്രമിയായ) ഭരണാധികാരിയെക്കുറിച്ചാണ് ഞങ്ങൾ ചോദിച്ചത്.” ഭരണാധികാരിയുടെ തിന്മകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഭയഭക്തിയുള്ള ഭരണാധികാരിയെക്കുറിച്ചല്ല ഞങ്ങൾ ചോദിക്കുന്നത്, കാരണം അത് വ്യക്തമാണല്ലോ. മറിച്ച് തിന്മകൾ പ്രവർത്തിക്കുന്ന ഭരണാധികാരിയെക്കുറിച്ചാണ് ഞങ്ങൾ ചോദിക്കുന്നത്.”
അപ്പോൾ നബി ﷺ മറുപടി നൽകി: “നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക!” അഥവാ അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ അവരെ അനുസരിക്കുക. ഇതേക്കുറിച്ച് ഞാൻ പിന്നീട് വിശദീകരിക്കുന്നതാണ്.
ഇവിടെ ഒരു സംശയം ഉയർന്നേക്കാം: എല്ലാ കാര്യങ്ങളിലും നാം ഭരണാധികാരിയെ അനുസരിക്കണമെന്നുണ്ടോ? ഭരണാധികാരി നമ്മോട് കൽപ്പിക്കുന്നതെല്ലാം നാം അനുസരിക്കണമോ?
ഇല്ല എന്നാണ് ഇതിനുത്തരം! അല്ലാഹുവിന് ധിക്കാരമല്ലാത്ത (മഅ്സിയ്യത്തല്ലാത്ത) കാര്യങ്ങൾ കൽപ്പിക്കുമ്പോൾ മാത്രമാണ് ഭരണാധികാരിയെ അനുസരിക്കേണ്ടത്. എന്നാൽ അല്ലാഹുവിന് ധിക്കാരമായ ഒരു കാര്യം ചെയ്യാൻ കൽപ്പിച്ചാൽ, അവിടെ കേൾക്കലോ അനുസരിക്കലോ ഇല്ല. എന്നാൽ അല്ലാത്ത കാര്യങ്ങളിൽ അവരെ അനുസരിക്കുകയും വേണം.
നബി ﷺ പറഞ്ഞു:
عَلَى الْمَرْءِ الْمُسْلِمِ السَّمْعُ وَالطَّاعَةُ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلَا سَمْعَ وَلَا طَاعَةَ
“ഒരു മുസ്‌ലിമിന് തനിക്കിഷ്ടമുള്ള കാര്യത്തിലും വെറുപ്പുള്ള കാര്യത്തിലും (ഭരണാധികാരികളെ) കേൾക്കലും അനുസരിക്കലും നിർബന്ധമാണ്; അല്ലാഹുവിനെ ധിക്കരിക്കാൻ കൽപ്പിക്കപ്പെടാത്ത കാലത്തോളം. എന്നാൽ അല്ലാഹുവിനെ ധിക്കരിക്കാൻ കൽപ്പിക്കപ്പെട്ടാൽ അവിടെ കേൾക്കലോ അനുസരിക്കലോ ഇല്ല.”
അല്ലാഹുവിനെ ധിക്കരിക്കാൻ കൽപ്പിക്കാത്ത കാലത്തോളം ഭരണാധികാരിയെ അനുസരിക്കൽ ഒരു മുസ്‌ലിമിന് നിർബന്ധമാണ്. എന്നാൽ ഒരു തിന്മ ചെയ്യാൻ അവൻ കൽപ്പിക്കപ്പെട്ടാൽ, അവിടെ അല്ലാഹുവെ അനുസരിക്കുന്നതിനാണ് അവൻ മുൻഗണന നൽകേണ്ടത്. ആ തിന്മയുടെ കാര്യത്തിൽ അമീറിനെ അനുസരിക്കാൻ അവന് പാടില്ല; എങ്കിലും അതുകൊണ്ട് മാത്രം അവൻ അമീറിനെ അനുസരിക്കുന്നതിൽ നിന്ന് പൂർണ്ണമായി പിന്മാറാനും പാടില്ല. മഅ്സിയ്യത്ത് അല്ലാത്ത മറ്റു കാര്യങ്ങളിൽ അവരെ അനുസരിക്കൽ അവന് നിർബന്ധമായിത്തന്നെ തുടരും.
സ്വഹാബികൾ ഈ വിഷയം കൃത്യമായി മനസ്സിലാക്കിയവരായിരുന്നു. സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന ഒരു സംഭവം ഞാൻ വിവരിക്കാം. നബി ﷺ ഒരു സൈനിക പര്യടനത്തിന് വേണ്ടി ഒരാളെ സൈന്യാധിപനായി നിശ്ചയിക്കുകയും, അദ്ദേഹത്തെ കേൾക്കാനും അനുസരിക്കാനും സൈനികരോട് കൽപ്പിക്കുകയും ചെയ്തു. അവർ യാത്ര തിരിച്ചു. യാത്രാമധ്യേ സൈനികർ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്ന എന്തോ പ്രവർത്തിച്ചു. അപ്പോൾ വിറക് ശേഖരിക്കാൻ അദ്ദേഹം അവരോട് കൽപ്പിച്ചു. അവർ വിറക് ശേഖരിച്ചു. ശേഷം അദ്ദേഹം അവരോട് പറഞ്ഞു: “നിങ്ങളിതിന് തീ കൊളുത്തുക.” അവർ തീ കൊളുത്തി, തീ ആളിക്കത്തി. അപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: “ഞാൻ നിങ്ങളുടെ നേതാവല്ലേ?”
അവർ പറഞ്ഞു: “അതെ.”
അദ്ദേഹം ചോദിച്ചു: “എന്നെ കേൾക്കാനും അനുസരിക്കാനും നബി ﷺ നിങ്ങളോട് കൽപ്പിച്ചിട്ടില്ലേ?”
അവർ പറഞ്ഞു: “അതെ.”
അദ്ദേഹം കൽപ്പിച്ചു: “എങ്കിൽ നിങ്ങളീ തീയിലേക്ക് ചാടുക!”
നേതാവിനെ അനുസരിക്കൽ നിർബന്ധമാണെന്ന് അറിയാവുന്നതുകൊണ്ട് അവരിൽ ചിലർ തീയിലേക്ക് ചാടാനായി തങ്ങളുടെ വസ്ത്രം ചുരുട്ടിപ്പിടിച്ചു. എന്നാൽ അവരിലെ ബുദ്ധിമാന്മാരായ ചിലർ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു: “(നാം ഇത് ചെയ്യുകയില്ല), നാം നബി ﷺ യുടെ അടുത്തെത്തുന്നത് വരെ.”
അവർ ഈ വിവരം നബി ﷺ യെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “അവരതിലേക്ക് ചാടിയിരുന്നെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുകടക്കുമായിരുന്നില്ല. തീർച്ചയായും അനുസരണം സദാചാര കാര്യങ്ങളിൽ (മഅ്സിയ്യത്തല്ലാത്ത കാര്യങ്ങളിൽ) മാത്രമാണ്.” ഇതിലൂടെ നബി ﷺ വ്യക്തമാക്കുന്നത്, ഭരണാധികാരിയെയോ നേതാവിനെയോ അനുസരിക്കാൻ കർശനമായി കൽപ്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിന് ധിക്കാരമല്ലാത്ത കാര്യങ്ങളിൽ മാത്രമാണ് എന്നാണ്. അല്ലാഹുവിന് ധിക്കാരമായ കാര്യങ്ങളിൽ അവരെ അനുസരിക്കാൻ പാടില്ല; എങ്കിലും അല്ലാത്ത കാര്യങ്ങളിൽ അവരെ അനുസരിക്കൽ നിർബന്ധമാണ് താനും.
നാലാമത്തെ തത്വം: മുസ്‌ലിം ഭരണാധികാരികളെ കാഫിറാക്കുന്നതിൽ (തക്ഫീർ ചെയ്യുന്നതിൽ) തിടുക്കം കാണിക്കാതിരിക്കുക. തക്ഫീർ എന്നത് അല്ലാഹുവിന്റെ അവകാശമാണ്. തക്ഫീർ ചെയ്യപ്പെടാൻ അർഹരായവരിലേക്കല്ലാതെ അത് പ്രയോഗിക്കാൻ പാടുള്ളതല്ല.
നബി ﷺ പറഞ്ഞു: “ഒരാൾ തന്റെ സഹോദരനെ ‘അല്ലയോ കാഫിർ’ എന്ന് വിളിച്ചാൽ, അത് അവരിലൊരാളിലേക്ക് മടങ്ങുന്നതാണ്.”
ഇനി ഇത് ഭരണാധികാരികളുടെ കാര്യത്തിലാണെങ്കിൽ ഇതിന്റെ ഗൗരവം വളരെ വലുതായിരിക്കും. കാരണം ഭരണാധികാരികളെ കാഫിറാക്കുന്നത് സങ്കീർണ്ണമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് വഴിവെക്കും. അതുകൊണ്ടാണ് അഹ്‌ലുസ്സുന്ന വൽ ജമാഅത്ത് ഇക്കാര്യത്തിൽ വ്യക്തമായ നിബന്ധനകൾ വെച്ചിട്ടുള്ളത്. താഴെ പറയുന്ന മൂന്ന് നിബന്ധനകൾ ഒത്തുവന്നാൽ മാത്രമേ ഒരു ഭരണാധികാരിയെ കാഫിറാക്കാൻ പാടുള്ളൂ:
ഒന്നാമതായി: വ്യക്തവും സ്പഷ്ടവുമായ അവിശ്വാസം (കുഫ്ർ ബവാഹ്) നാം കാണണം. അറബി ഭാഷയിൽ ‘ബവാഹ്’ എന്ന് പറഞ്ഞാൽ, യാതൊരു അവ്യക്തതയുമില്ലാതെ, എല്ലാവർക്കും അറിയാവുന്ന രൂപത്തിൽ വെളിവായത് എന്നാണ്.
രണ്ടാമതായി: ബുർഹാൻ ഉണ്ടാകണം. പണ്ഡിതന്മാർ ഇതിന് നൽകുന്ന അർത്ഥം, വ്യാഖ്യാനങ്ങൾക്ക് പഴുതില്ലാത്ത വ്യക്തമായ തെളിവ് എന്നാണ്. ഒന്നിലധികം വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു ഭരണാധികാരിയെ കാഫിറാക്കാൻ പാടുള്ളതല്ല.
ഉബാദ ബിൻ സ്വാമിത് رَضِيَ اللَّهُ عَنْهُ പറയുന്നു: “നബി ﷺ ഞങ്ങളെ വിളിച്ചു, അങ്ങനെ ഞങ്ങൾ അവിടുത്തേക്ക് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു. അവിടുന്ന് ഞങ്ങളിൽ നിന്ന് വാങ്ങിയ പ്രതിജ്ഞകളിൽ ഇപ്രകാരമുണ്ടായിരുന്നു: ഇഷ്ടമുള്ളപ്പോഴും വെറുപ്പുള്ളപ്പോഴും ഞങ്ങൾക്ക് എളുപ്പമുള്ളപ്പോഴും പ്രയാസമുള്ളപ്പോഴും ഞങ്ങളോട് അവർ അക്രമം കാണിച്ചാലും ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും, അധികാരം അതിന് അർഹരായവരിൽ നിന്ന് ഞങ്ങൾ പിടിച്ചെടുക്കുകയില്ലെന്നും. (തുടർന്ന് അവിടുന്ന് പറഞ്ഞു): അല്ലാഹുവിങ്കൽ നിന്ന് നിങ്ങളുടെ അടുക്കൽ വ്യക്തമായ തെളിവുകളുള്ള (ബുർഹാൻ ഉള്ള), സ്പഷ്ടമായ അവിശ്വാസം (കുഫ്ർ ബവാഹ്) നിങ്ങൾ അവരിൽ കാണുന്നത് വരെയല്ലാതെ (നിങ്ങൾ അവർക്കെതിരെ പുറപ്പെടരുത്).”
മൂന്നാമതായി: ഈ വിഷയം തീരുമാനിക്കേണ്ടത് അഹ്‌ലുസ്സുന്നയിലെ അറിവും ഉൾക്കാഴ്ചയുമുള്ള പണ്ഡിതന്മാരായിരിക്കണം (അഹ്‌ലുൽ ഇൽമി വൽ ബസ്വീറഃ). കാരണം ഭരണാധികാരികളെ കാഫിറാക്കുന്നത് മുസ്‌ലിംകൾക്കിടയിൽ വലിയ ഭയാശങ്കകൾക്ക് കാരണമാകും. ഈ വിഷയത്തിൽ കപടവിശ്വാസികളുടെയും (മുനാഫിഖുകളുടെ) സത്യമാർഗ്ഗത്തിൽ ചരിക്കുന്നവരുടെയും നിലപാടുകൾ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. അല്ലാഹു تَبَارَكَ وَتَعَالَى പറഞ്ഞു:
وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا
“സമാധാനവുമായോ ഭയവുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും (ഉലുൽ അംറിന്റെയും) തീരുമാനത്തിന് വിട്ടിരുന്നുവെങ്കിൽ, അവരിൽ നിന്ന് യാഥാർഥ്യം മനസ്സിലാക്കാൻ കഴിവുള്ളവർ അത് (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു. നിങ്ങളുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ അല്പം ചിലരൊഴികെ പിശാചിനെ പിൻപറ്റുമായിരുന്നു.”
[സൂറഃ അന്നിസാഅ് – 83]
കപടവിശ്വാസികളുടെ (മുനാഫിഖുകളുടെ) സ്വഭാവം ഇതാണ്: സമാധാനമോ ഭയമോ ഉണ്ടാക്കുന്ന വലിയ പ്രശ്നങ്ങൾ അവർ കണ്ടാൽ, അവരത് സ്വയം കൈകാര്യം ചെയ്യാനും പ്രചരിപ്പിക്കാനും അതിൽ അഭിപ്രായം പറയാനും തുടങ്ങും. ഭരണാധികാരികളെ വളരെ എളുപ്പത്തിൽ കാഫിറാക്കുന്ന, അറിവും ഈമാനും കുറഞ്ഞ ദുർബലരുടെ സ്വഭാവമാണിത്. അതുകൊണ്ടാണ് ചില ഡോക്ടർമാരും, എഞ്ചിനീയർമാരും, ചിലപ്പോൾ ഡ്രൈവർമാരും മറ്റ് പലരും വരെ ഭരണാധികാരികളെ കാഫിറാക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നത്. ഇവർക്കെവിടെ നിന്നാണ് അതിനുള്ള അറിവ് ലഭിച്ചത്? ഇത് ഇസ്‌ലാമിക നിയമങ്ങളോടുള്ള വ്യക്തമായ അതിക്രമമാണ്.
എന്നാൽ യഥാർത്ഥ സത്യവിശ്വാസികളുടെ (മുഅ്മിനുകളുടെ) സ്വഭാവം എന്താണ്? സമാധാനവും ഭയവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ വരുമ്പോൾ അവരത് അല്ലാഹുവിന്റെ റസൂലിലേക്കും അവിടുത്തെ സുന്നത്തിലേക്കും, അതുപോലെ അവരിലെ ഉലുൽ അംറിലേക്കും മടക്കുന്നു. ഇവിടെ ഉലുൽ അംറ് എന്ന് പറഞ്ഞാൽ പണ്ഡിതന്മാരാകുന്നു. അതും എല്ലാ പണ്ഡിതന്മാരുമല്ല; മറിച്ച്, സത്യാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ (ഇസ്തിംബാത്വ് ചെയ്യാൻ) കഴിവുള്ള പ്രത്യേക പണ്ഡിതന്മാരാണ് അവർ.
സഹോദരങ്ങളേ, ഈ മഹത്തായ തത്വം നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ; “അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കിൽ” എന്ന് അല്ലാഹു പറഞ്ഞതിൽ നിന്ന്, നാം മടങ്ങേണ്ട ആ ഉലുൽ അംറ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരാണെന്ന് നമുക്ക് മനസ്സിലാക്കാം. കാരണം ഒരു പ്രശ്നം റസൂലിലേക്ക് മടക്കുക എന്ന് പറഞ്ഞാൽ, അവിടുത്തെ സുന്നത്തിലേക്ക് മടക്കുക എന്നാണ്. അപ്പോൾ ഈ വിഷയത്തിലെ ഉലുൽ അംറ് എന്ന് പറയുന്നത് അവിടുത്തെ സുന്നത്ത് കൃത്യമായി അറിയുന്നവരാകുന്നു. അഥവാ മതവിധികൾ നൽകാൻ അധികാരമുള്ള അറിവും ഉൾക്കാഴ്ചയുമുള്ള പണ്ഡിതന്മാർ (അഹ്‌ലുൽ ഇൽമി വൽ ബസ്വീറഃ).
ഇതാണ് നാം പിൻപറ്റേണ്ട ശരിയായ മാർഗ്ഗം. പ്രമാണങ്ങളെക്കുറിച്ച് കൃത്യമായ അറിവും ബോധ്യവുമുള്ള അഹ്‌ലുസ്സുന്നയിലെ പണ്ഡിതന്മാരല്ലാതെ മറ്റാരും ഒരു ഭരണാധികാരിയെയും കാഫിറാക്കാൻ പാടുള്ളതല്ല. അല്ലാത്തപക്ഷം ഈ നിയമം ആർക്കും കൈകാര്യം ചെയ്യാവുന്ന ഒന്നായി മാറും; ഭരണാധികാരികളെ കാഫിറാക്കുന്ന ഏതൊരാളുടെയും അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാനും പാടുള്ളതല്ല. വളരെ വ്യക്തവും സ്പഷ്ടവുമായ മൂന്ന് നിബന്ധനകളാണിവ. ഇതിൽ കൃത്യമായ മധ്യനിലപാടും സന്തുലിതാവസ്ഥയുമുണ്ട്; ഇത് സത്യവും പിഴവുകളിൽ നിന്ന് മുക്തവുമാണ്. ഒരു സത്യവിശ്വാസി ഈ മഹത്തായ അടിസ്ഥാനങ്ങളെ മുറുകെപ്പിടിക്കുക എന്നത് അവന് നിർബന്ധമാണ്.
ഇതെല്ലാം നിങ്ങളുടെ ദീനിന്റെ ഭാഗമാണ്. ഇതെല്ലാം നമ്മുടെ സ്വന്തം അഭിപ്രായങ്ങളല്ല; മറിച്ച്, അല്ലാഹുവിന്റെ കിതാബിൽ നിന്നും റസൂലിന്റെ ﷺ സുന്നത്തിൽ നിന്നും നാം എടുത്തതാണ്. അതുകൊണ്ട് അല്ലാഹുവിന്റെ വചനം പറഞ്ഞുകൊണ്ട് ഞാൻ നിങ്ങളെ ഉണർത്തുകയാണ്:
﴾وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ﴿
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെപ്പറ്റി സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.”
[സൂറഃ അൽ അഹ്‌സാബ് – 36]
﴾فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴿
“ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപ്പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളിൽ യാതൊരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ചനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല.”
[സൂറഃ അന്നിസാഅ് – 65]
നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ സുന്നത്തിൽ അടിയുറച്ചു നിൽക്കുക, എന്നാൽ നിങ്ങൾക്ക് വിജയിക്കാം. വികാരങ്ങളെയും വെപ്രാളങ്ങളെയും നിങ്ങൾ ഒഴിവാക്കുക; കാരണം അതൊരിക്കലും നിങ്ങൾക്ക് നന്മ വരുത്തിവെക്കില്ല. ദുനിയാവിലും അല്ലാഹുവെ കണ്ടുമുട്ടുന്ന പരലോകത്തും നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ ‘അല്ലാഹു പറഞ്ഞു, റസൂൽ പറഞ്ഞു’ എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.
നബിയെ ﷺ യഥാർത്ഥത്തിൽ പിൻപറ്റുകയും, അവിടുത്തെ വചനങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തുമാറാകട്ടെ.
[അവലംബം: അസ്സുന്ന മാസിക, ലക്കം 06 / വർഷം 1427 (2006)].
ശൈഖ് ഡോ. സുലൈമാൻ ബിൻ സലീമുല്ല അർറുഹൈലി

