ആരെയാണ് ഭരണാധികാരി എന്ന് വിളിക്കുന്നത്?

3 Min Read

മനുഷ്യർക്ക് ഉപകാരപ്രദമായ എല്ലാ കാര്യങ്ങളും നബി ﷺ നിയമമാക്കുകയും, അവർക്ക് ഉപദ്രവകരമായ എല്ലാ കാര്യങ്ങളും അവിടുന്ന് വിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഭരണാധികാരികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് മതപരമായ പ്രമാണങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളും ഇതിൽ പെട്ടതാണ്. ഈ പ്രമാണങ്ങൾ ഇക്കാര്യത്തെ വളരെ വ്യക്തമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. അല്ലാഹു سُبْحَانَهُ وَتَعَالَى മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്, മറ്റുള്ളവരോടൊപ്പം ചേർന്നുനിൽക്കാനും കൂട്ടമായി ജീവിക്കാനും താല്പര്യപ്പെടുന്ന പ്രകൃതത്തിലാണെന്നത് ബുദ്ധിമാന്മാർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഒരു കൂട്ടം ആളുകൾ ഉണ്ടാകുമ്പോൾ തീർച്ചയായും അവർക്കൊരു നേതാവ് ആവശ്യമാണെന്നതും ഏവർക്കുമറിയാം. തന്റെ അധികാരത്തിലൂടെ സമൂഹത്തിൽ നന്മകൾ (മസ്വ്‌ലഹത്തുകൾ) യാഥാർഥ്യമാക്കുകയും ഉപദ്രവങ്ങളെ തടയുകയും ചെയ്യുന്ന ഒരു നേതാവിന്റെ സാന്നിധ്യമുണ്ടാകുന്നത് വരെ ജനങ്ങളുടെ കാര്യങ്ങൾ ഒരിക്കലും നേരെയാവുകയില്ല.

ദീനും നീതിയും നിലനിർത്താനുള്ള ഒരു മാർഗ്ഗമാണ് അമീറും (നേതാവും) ഉദ്യോഗസ്ഥരും ഭരണാധികാരിയുമൊക്കെ. ഭരണാധികാരിയുടെ സാന്നിധ്യത്തിലൂടെയാണ് നന്മകൾ യാഥാർഥ്യമാക്കപ്പെടുന്നതും നാശങ്ങൾ തടയപ്പെടുന്നതും. വാസ്തവത്തിൽ ഒരു നേതാവിന്റെ സാന്നിധ്യം എന്നത് ഈ ദുനിയാവിലെ നന്മയുടെ പ്രതിഫലനം തന്നെയാണ്. ഭരണാധികാരിയില്ലാതെ സമൂഹത്തെ അരാജകത്വത്തിലേക്ക് വിടുകയാണെങ്കിൽ, തീർച്ചയായും ശക്തന്മാർ ദുർബലരെ അക്രമിക്കുകയും, അനാഥകളുടെ സമ്പത്തുകൾ കവർന്നെടുക്കപ്പെടുകയും ചെയ്യും; സാമൂഹികമായ നന്മകൾ യാഥാർഥ്യമാകാതിരിക്കുകയും ചെയ്യും. സമൂഹത്തിനിടയിൽ ദീൻ പാഴാക്കപ്പെടുക എന്നതും ഇതിൽ ഉൾപ്പെടുന്നതാണ്.

അതുകൊണ്ടുതന്നെ, തന്റെ രാജ്യത്തെ ഭരണാധികാരികളോട് എപ്രകാരമാണ് വർത്തിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ബാധ്യതകൾ മനസ്സിലാക്കുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ അറിവുകളിൽ പെട്ടതാണ്. മുസ്‌ലിമായ ഭരണാധികാരിയോട് എങ്ങനെയാണ് ഇടപഴകേണ്ടതെന്ന് ജനങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ, അത് വലിയ തിന്മകൾക്കും നാശങ്ങൾക്കും കാരണമാകും.

ഭരണാധികാരിയുടെ സാന്നിധ്യം എന്നത് വലിയൊരു നന്മയാണ്. ഭരണാധികാരികളോടുള്ള സമീപനത്തിലെ ശർഇയ്യായ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അറിവും ഒരു നന്മയാണ്. എന്നാൽ ഈ അറിവിനെക്കുറിച്ചുള്ള അജ്ഞത വലിയൊരു തിന്മയും വ്യാപകമായ നാശവുമാകുന്നു. അതുകൊണ്ട്, ഈ വിഷയവും ഇതിലെ മതവിധികളും മുസ്‌ലിംകൾക്ക് വിശദീകരിച്ചുകൊടുക്കുക എന്നത് അറിവന്വേഷിക്കുന്ന വിദ്യാർത്ഥികളുടെ ബാധ്യതയാണ്. അങ്ങനെ പൊതുവായ നന്മകൾ യാഥാർഥ്യമാകുകയും സമൂഹത്തിൽ സന്തോഷം നിറയുകയും ചെയ്യും. അതുവഴി ജനങ്ങൾക്കും ഭരണാധികാരികൾക്കും ഈ അധികാരത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

ഭരണാധികാരികളോട് എപ്രകാരം പെരുമാറണം എന്നതിനെക്കുറിച്ചുള്ള മതപരമായ നിർദ്ദേശങ്ങൾ വിശദീകരിക്കുന്നതിന് മുമ്പ്, യഥാർത്ഥത്തിൽ ആരെയാണ് ഭരണാധികാരി എന്ന് വിളിക്കുന്നത് എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നാം ഉദ്ദേശിക്കുന്ന ഭരണാധികാരി ആരാണ്? എങ്ങനെയുള്ള ഭരണാധികാരിയോടുള്ള സമീപനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന തത്വങ്ങളാണ് നമ്മുടെ ദീൻ വ്യക്തമാക്കുന്നത്?

മുസ്‌ലിംകളായ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം, ഒരു ഭരണാധികാരി (അൽ ഹാകിം) എന്ന് പറയുന്നത്, ആരു മുഖേനയാണോ ഒരു നാട്ടിൽ സാമൂഹിക സുസ്ഥിരത കൈവരിക്കുന്നത് അദ്ദേഹമാണ്. മതപരമായി നിഷ്കർഷിക്കപ്പെട്ട രൂപത്തിലൂടെയാണോ അല്ലയോ അദ്ദേഹം അധികാരത്തിൽ വന്നത് എന്നതോ, അദ്ദേഹത്തിന്റെ അധികാരം മുഴുവൻ മുസ്‌ലിം രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നതാണോ അതോ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം പരിമിതപ്പെട്ടതാണോ എന്നതോ ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഹാഫിദ് ഇബ്നു ഹജർ رَحِمَهُ اللَّهُ പറയുന്നു: “ബലപ്രയോഗത്തിലൂടെ (യുദ്ധത്തിലൂടെയോ അട്ടിമറിയിലൂടെയോ മറ്റോ) അധികാരം പിടിച്ചെടുത്ത (മുതഗല്ലിബ് ആയ) ഇമാമിനെ (ഭരണാധികാരിയെ) അനുസരിക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ ഫുഖഹാക്കൾ ഏകോപിച്ചഭിപ്രായപ്പെട്ടിട്ടുണ്ട്.” അതായത്, ഒരു ഭരണാധികാരി വാളുകൊണ്ട് (ശക്തിപ്രയോഗിച്ച്) അധികാരത്തിന്റെ ഉന്നതങ്ങളിൽ എത്തുകയും, തന്റെ ശക്തി ഉപയോഗിച്ച് രാജ്യത്തെ നിയന്ത്രിക്കാൻ പ്രാപ്തനാകുകയും, അങ്ങനെ സമൂഹത്തിൽ സുസ്ഥിരത കൈവരികയും ചെയ്താൽ, അദ്ദേഹത്തെ അനുസരിക്കൽ നിർബന്ധമാണെന്ന് ഫുഖഹാക്കൾ ഏകോപിച്ചഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം മുസ്‌ലിംകളുടെ ഇമാമും ഭരണാധികാരിയുമാകുന്നു.

നിലവിലുള്ള ഭരണാധികാരിയെ അനുസരിക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചഭിപ്രായപ്പെട്ടിട്ടുണ്ട് എന്നത് ഏവർക്കുമറിയാവുന്ന കാര്യമാണ്. അത് മുഴുവൻ മുസ്‌ലിം രാജ്യങ്ങളെയും ഭരിക്കുന്ന ഒരൊറ്റ ഇമാമായാലും ശരി, അല്ലെങ്കിൽ വിവിധ രാജ്യങ്ങളെ ഭരിക്കുന്ന ഒന്നിലധികം ഇമാമുമാരായാലും ശരി.

തീർച്ചയായും ഇമാം അഹ്‌മദിന്റെ കാലം മുതൽ ഇന്നുവരെയും മുസ്‌ലിംകൾ ഒരൊറ്റ ഭരണനേതൃത്വത്തിന് കീഴിലല്ല ഒത്തുകൂടിയിട്ടുള്ളത്. ഇസ്‌ലാമിക പണ്ഡിതന്മാരും ഇമാമുമാരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഭരണാധികാരികളെ അനുസരിക്കുന്നത് നിർബന്ധമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി നമുക്കറിയാം. യഥാർത്ഥത്തിൽ ഒന്നിലധികം ഭരണാധികാരികളുള്ള അന്നത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണവർ അത് രേഖപ്പെടുത്തിയത്. അതുകൊണ്ട്, ഇമാം എന്ന് പറയുന്നത് ആരുടെ കാലത്താണോ സമൂഹത്തിൽ സുസ്ഥിരത കൈവരിക്കുന്നത് അദ്ദേഹമാണ്. ഇതൊരു പണ്ഡിതന്മാർക്കിടയിൽ ഏകോപിച്ചഭിപ്രായമുള്ള (ഇജ്മാഅ് ഉള്ള) വിഷയമാണ്. സമുദായത്തിന്റെ ബുദ്ധിയിലും ഹൃദയങ്ങളിലും പിശാച് നുഴഞ്ഞുകയറാതിരിക്കാൻ ഈ വിഷയം കൃത്യമായി അറിഞ്ഞിരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

[അവലംബം: അസ്സുന്ന മാസിക, ലക്കം 06 / വർഷം 1427 (2006)].

ശൈഖ് ഡോ. സുലൈമാൻ ബിൻ സലീമുല്ല അർറുഹൈലി

Share This Article
Leave a Comment