യാസിൻ അൽ ഹികമി
ബുദ്ധി എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു നിയമസംഹിതയോ, ഏതൊരു വിഷയത്തിലും തീർപ്പുകൽപ്പിക്കാൻ കഴിയുന്ന ഒരു കേവല മാനദണ്ഡമോ അല്ല. ബുദ്ധി മനുഷ്യന് അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണെങ്കിലും, അതിന് വ്യക്തമായ പരിമിതികളും അതിരുകളുമുണ്ട്. ബുദ്ധിക്ക് അതിൻ്റെതായ പരിമിതികളുണ്ട് എന്ന് പറയുമ്പോൾ അതിൻ്റെ സുപ്രധാനമായ കാരണങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ആ കാരണങ്ങൾ തന്നെയാണ് ബുദ്ധിക്ക് പരിമിതിയുണ്ട് എന്നതിൻ്റെ തെളിവുകളും.
ബുദ്ധിയുടെ പരിമിതികൾ: കാരണങ്ങൾ
ബുദ്ധിക്ക് പരിധികളുണ്ട് എന്ന് വ്യക്തമാക്കുന്ന പ്രധാനമായും നാല് കാരണങ്ങളുണ്ട്:
• ഒന്നാമതായി: ബുദ്ധി ഒരു സൃഷ്ടിയാണ് സൃഷ്ടികൾക്കെല്ലാം പരിമിതികളും അതിരുകളുമുണ്ട്. അതുകൊണ്ടുതന്നെ സൃഷ്ടിയായ ബുദ്ധിക്കും അതിൻ്റേതായ പരിമിതികളുണ്ട്. ശാസ്ത്രലോകം എത്രത്തോളം വികസിച്ചുവെന്നും പുരോഗമിച്ചുവെന്നും പറഞ്ഞാലും, നമ്മുടെ കൺമുന്നിലൂടെ പാറിനടക്കുന്ന തീർത്തും നിസ്സാരനായ ഒരു ഈച്ചയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ഇന്നത്തെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഈച്ചയുടെ ശരീരത്തെക്കുറിച്ചും അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഗവേഷണം ചെയ്യാനും ബാക്കിയുണ്ട് എന്ന് ശാസ്ത്രലോകം സമ്മതിക്കുന്നുവെങ്കിൽ, മനുഷ്യൻ്റെ ബുദ്ധി എത്രമേൽ പരിമിതമാണെന്ന് മനസ്സിലാക്കാൻ അതുതന്നെ മതിയായ തെളിവാണ്.
• രണ്ടാമതായി: പഞ്ചേന്ദ്രിയങ്ങളെയും മുൻപരിചയങ്ങളെയും ആശ്രയിക്കുന്നു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകളുടെയും, ബുദ്ധിയിൽ നാം ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങളുടെയും മുൻപരിചയങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ ബുദ്ധിക്ക് കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും സാധിക്കുകയുള്ളൂ. ഒരു ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യരോട്, വായുസഞ്ചാരം നിയന്ത്രിക്കപ്പെട്ട ശീതീകരിച്ച ഒരു മുറിയിലരുന്ന് ആകാശത്തിലൂടെ പറന്നുകൊണ്ട് ഏതാനും മിനിറ്റുകൾകൊണ്ട് കോഴിക്കോട് നിന്നും ബാംഗ്ലൂർ എത്താൻ സാധിക്കും എന്ന് പറഞ്ഞാൽ തീർച്ചയായും അവരത് പറയുന്നവനെ ഭ്രാന്തനായി മുദ്രകുത്തും. എന്നാൽ ഇന്ന് അതിന് സാധിക്കുന്ന വിമാനങ്ങൾ നമുക്ക് ലഭ്യമാണ്. അതുപോലെതന്നെ, അമേരിക്കയിലുള്ള ഒരാളോട് നിനക്കിവിടെ ഇരുന്ന് മുഖത്തോട് മുഖം നോക്കി സംസാരിക്കാൻ സാധിക്കും എന്ന് അക്കാലത്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കുമായിരുന്നില്ല. അതിൻ്റെ കാരണം ആ കാര്യങ്ങൾ അസംഭവ്യമായതുകൊണ്ടല്ല; മറിച്ച് അക്കാലത്തെ മനുഷ്യരുടെ ബുദ്ധിയും അറിവും അനുഭവപരിചയവും അത്തരമൊരു ഉപകരണത്തെക്കുറിച്ച് ചിന്തിക്കാൻ പാകപ്പെട്ടിരുന്നില്ല എന്നതാണ്. അതായത്, നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്ന മുൻപരിചയങ്ങൾക്കും അറിവുകൾക്കും അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായി വിധികൽപ്പിക്കാൻ മനുഷ്യബുദ്ധിക്ക് സാധ്യമല്ല.
• മൂന്നാമതായി: ബുദ്ധി എപ്പോഴും നിഷ്പക്ഷമല്ല എത്ര ബുദ്ധിയുള്ളവരാണെങ്കിലും എപ്പോഴും നൂറുശതമാനം വിഷയാധിഷ്ഠിതമായി (നിഷ്പക്ഷമായി) കാര്യങ്ങളെ ഗ്രഹിക്കാൻ മനുഷ്യർക്ക് സാധിക്കുകയില്ല. ശരിയായ ചിന്താമാർഗ്ഗത്തിൽ നിന്നും ബുദ്ധിയെ വ്യതിചലിപ്പിക്കുന്ന പല കാര്യങ്ങളും മനുഷ്യജീവിതത്തിലുണ്ടാകും. ചിലപ്പോൾ വ്യക്തിപരമായ തന്നിഷ്ടങ്ങളോ, വൈകാരികമായ പ്രശ്നങ്ങളോ, കോപമോ, സംശയങ്ങളോ, അശ്രദ്ധയോ ഒക്കെ മനുഷ്യൻ്റെ ബുദ്ധിയെയും ചിന്തയെയും ബാധിക്കും. അതുകൊണ്ടാണ് ചരിത്രത്തിലെ ചില തത്ത്വചിന്തകർ പോലും ഇപ്രകാരം ചോദിച്ചത്: “ഒരു മനുഷ്യൻ്റെ ബുദ്ധിയെ അവൻ്റെ ദേഹേച്ഛകളും തന്നിഷ്ടങ്ങളും വലയം ചെയ്തിരിക്കെ, ആ ബുദ്ധി എങ്ങനെയാണ് രക്ഷപ്പെടുക?”
• നാലാമതായി: ബുദ്ധി മനുഷ്യർക്കിടയിൽ ഏകരൂപത്തിലല്ല ബുദ്ധി എന്നത് ഒരു പുസ്തകമോ നിയമസംഹിതയോ പോലെ എല്ലാവർക്കും ഒരുപോലെയുള്ള ഒരു വസ്തുവല്ല. ഓരോ മനുഷ്യൻ്റെയും ബുദ്ധി വിഭിന്നമാണ്. അതിൽ ഏറ്റക്കുറച്ചിലുകളുണ്ട്. ചിലർക്ക് ഗ്രാഹ്യശേഷി കൂടുതലായിരിക്കും, ചിലർക്ക് കുറവായിരിക്കും. ഒരാളുടെ ബുദ്ധി ശരിയാണെന്ന് പറയുന്ന ഒരു കാര്യം, മറ്റൊരാളുടെ ബുദ്ധി തെറ്റാണെന്ന് വിധിക്കും. ഉദാഹരണത്തിന്, ഒരു രോഗി തൻ്റെ രോഗലക്ഷണങ്ങളുമായി ഒരു ഡോക്ടറെ സമീപിക്കുമ്പോൾ, തൻ്റെ ബുദ്ധിയും പഠനവും ഉപയോഗിച്ച് ഡോക്ടർ ഒരു നിഗമനത്തിലെത്തുകയും ചികിത്സ നൽകുകയും ചെയ്യുന്നു. എന്നാൽ ആ ചികിത്സകൊണ്ട് ഫലം ലഭിക്കാതിരിക്കുകയും മറ്റൊരു ഡോക്ടറെ സമീപിക്കുകയും ചെയ്യുമ്പോൾ, രണ്ടാമത്തെ ഡോക്ടർ തൻ്റെ ബുദ്ധിയും അനുഭവപരിചയവും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു നിഗമനത്തിലാകും എത്തിച്ചേരുക. മനുഷ്യർക്കിടയിൽ സ്വാഭാവികമായുള്ള ഇത്തരം ഏറ്റവ്യത്യാസങ്ങൾ ഉള്ളതുകൊണ്ടുതന്നെ, കേവലം ബുദ്ധിയുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുക എന്നത് അസാധ്യമാണ്.
ഇസ്ലാമിക പ്രമാണങ്ങളും ബുദ്ധിയും
ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനും പ്രവാചകചര്യയും ബുദ്ധിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ ബുദ്ധിക്ക് അതിരുകളുണ്ടെന്നും നാം അംഗീകരിക്കേണ്ടതുണ്ട്. മനുഷ്യൻ ദുർബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവന് പരിമിതികളുള്ളതുപോലെ അവൻ്റെ ബുദ്ധിക്കും പരിമിതികളുണ്ട്. ആ പരിമിതികൾ സൃഷ്ടികളുടെ പോരായ്മയെയും സ്രഷ്ടാവിൻ്റെ പൂർണ്ണതയെയുമാണ് വിളിച്ചറിയിക്കുന്നത്. ബുദ്ധിയുടെ ഈ പരിമിതികൾ പ്രധാനമായും മൂന്ന് മേഖലകളിൽ നമുക്ക് വ്യക്തമായി കാണാൻ സാധിക്കും:
ഒന്ന്: അദൃശ്യമായ കാര്യങ്ങൾ
നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായ കാര്യങ്ങൾ—അല്ലാഹുവിൻ്റെ വിശേഷണങ്ങൾ, മലക്കുകൾ, പരലോകം തുടങ്ങിയവ—ബുദ്ധികൊണ്ട് മാത്രം ചിന്തിച്ച് മനസ്സിലാക്കാൻ സാധ്യമല്ല. അവ പ്രമാണങ്ങളിലൂടെ വന്നാൽ മാത്രമേ സ്ഥിരപ്പെടുത്താൻ കഴിയൂ. നമ്മുടെ തൊട്ടുമുന്നിൽ അടഞ്ഞുകിടക്കുന്ന ഒരു ചെറിയ പെട്ടിയുണ്ടെന്ന് കരുതുക. അതിനുള്ളിൽ എന്താണെന്ന് നമ്മുടെ കണ്ണുകൾകൊണ്ട് കാണാനോ, അത് തുറന്നുനോക്കാനോ സാധിക്കുന്നില്ലെങ്കിൽ, നമ്മുടെ ബുദ്ധികൊണ്ട് എത്ര ചിന്തിച്ചാലും അതിനുള്ളിലെ വസ്തുവിൻ്റെ വിശേഷണങ്ങൾ കണ്ടെത്താൻ കഴിയില്ല. ഭൗതിക ലോകത്ത് തൊട്ടുമുന്നിലുള്ള ഒരു വസ്തുവിൻ്റെ അവസ്ഥപോലും തുറന്നുനോക്കാതെ അറിയാൻ ബുദ്ധിക്ക് സാധ്യമല്ലെങ്കിൽ, പിന്നെ ഇന്ദ്രിയങ്ങൾക്ക് അതീതമായ പരലോകത്തെക്കുറിച്ചും അല്ലാഹുവിൻ്റെ വിശേഷണങ്ങളെക്കുറിച്ചും സ്വന്തം ബുദ്ധികൊണ്ട് എങ്ങനെയാണ് ഒരു മനുഷ്യന് വിധികൽപ്പിക്കാൻ സാധിക്കുക?
രണ്ട്: സന്മാർഗ്ഗം പ്രാപിക്കുവാൻ
ബുദ്ധികൊണ്ട് മാത്രം ഒരാൾക്ക് സന്മാർഗ്ഗം കണ്ടെത്താൻ സാധിക്കുകയില്ല. മനുഷ്യൻ്റെ ബുദ്ധി അവൻ്റെ കണ്ണിൻ്റെ കാഴ്ച പോലെയാണ്. വെളിച്ചമുണ്ടെങ്കിൽ മാത്രമേ കണ്ണിന് കാഴ്ചയുള്ളൂ. അതുപോലെ, ബുദ്ധികൊണ്ട് സന്മാർഗ്ഗം ദർശിക്കണമെങ്കിൽ ഖുർആനാകുന്ന വെളിച്ചം, അല്ലാഹുവിൻ്റെ ദിവ്യബോധനം ആ ബുദ്ധിയിലേക്ക് എത്തേണ്ടതുണ്ട്. ആദ് സമൂഹത്തെക്കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:
وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
നിങ്ങൾക്ക് നാം ആധിപത്യം നൽകിയിട്ടില്ലാത്ത പല കാര്യങ്ങളിലും അവർക്ക് നാം ആധിപത്യം നൽകിയിട്ടുണ്ടായിരുന്നു. അവർക്ക് നാം കേൾവിയും കാഴ്ചകളും ഹൃദയങ്ങളും (ബുദ്ധിശക്തിയും) നൽകുകയും ചെയ്തു. എന്നാൽ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചിരുന്നതുകൊണ്ട് അവരുടെ കേൾവിയോ കാഴ്ചകളോ ഹൃദയങ്ങളോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല. ഏതൊന്നിനെപ്പറ്റി അവർ പരിഹസിച്ചിരുന്നുവോ അതവരെ വലയം ചെയ്യുകയും ചെയ്തു.1
അവർക്ക് കാഴ്ചയും കേൾവിയും ബുദ്ധിശക്തിയും ഉണ്ടായിരുന്നിട്ടും അതവർക്ക് ഉപകാരപ്പെട്ടില്ല; കാരണം അവർ അല്ലാഹുവിൻ്റെ പ്രമാണങ്ങളെ നിഷേധിച്ചവരായിരുന്നു. അതുകൊണ്ടുതന്നെയാണ് നബി ﷺ യോട് ഖുർആനിലൂടെ അല്ലാഹു ഇപ്രകാരം പ്രഖ്യാപിക്കാൻ കൽപ്പിച്ചത്:
قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌ قَرِيبٌ
പറയുക: ഞാൻ വഴിപിഴച്ചുപോയിട്ടുണ്ടെങ്കിൽ എൻ്റെ സ്വന്തം ദോഷത്തിന് തന്നെയാണ് ഞാൻ വഴിപിഴക്കുന്നത്. ഇനി ഞാൻ നേർവഴിയിലായെങ്കിലോ എൻ്റെ രക്ഷിതാവ് എനിക്ക് ദിവ്യബോധനം നൽകുന്നതിൻ്റെ ഫലമായാണത്. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു. 2
മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വലിയ ബുദ്ധിമാനായ ഒരു വിദ്യാർത്ഥിക്ക്, തെറ്റായ വിവരങ്ങളുള്ള ഒരു പഠനസഹായിയാണ് ലഭിച്ചതെങ്കിൽ അവൻ പരീക്ഷയിൽ പരാജയപ്പെടും. ഇനി യാതൊരു പാഠപുസ്തകങ്ങളുമില്ലാതെ പരീക്ഷയെഴുതാൻ പോയാലും അവൻ്റെ ബുദ്ധി അവന് ഉപകാരപ്പെടില്ല. അതുപോലെയാണ് തെറ്റായ ഭൂപടം നോക്കി യാത്രചെയ്യുന്ന ബുദ്ധിമാൻ്റെ അവസ്ഥയും. പ്രമാണങ്ങളാകുന്ന ശരിയായ വഴികാട്ടിയില്ലാതെ കേവലം ബുദ്ധികൊണ്ട് മാത്രം സന്മാർഗ്ഗം തേടുക എന്നത് അസാധ്യമാണ്.
മൂന്ന്: അഭിപ്രായഭിന്നതകളിൽ വിധികൽപ്പിക്കാൻ
ജനങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാകുമ്പോൾ, മനുഷ്യരുടെ ബുദ്ധി വ്യത്യസ്തമായതുകൊണ്ടുതന്നെ ബുദ്ധികൊണ്ട് മാത്രം അവ പരിഹരിക്കാൻ സാധിക്കില്ല. ഒരാളുടെ ബുദ്ധി ശരികാണുന്നത് മറ്റൊരാൾ തെറ്റായി കാണും. അവിടെ തീർപ്പുകൽപ്പിക്കാൻ ഒരു ന്യായാധിപനും, ഇരുകൂട്ടരും അംഗീകരിക്കുന്ന ഒരു നിയമസംഹിതയും അനിവാര്യമാണ്. അല്ലാഹു ഖുർആനിൽ വ്യക്തമാക്കി:
فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ
ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ തർക്കമുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. 3
അതായത്, അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥത്തിൻ്റെയും പ്രവാചകൻ ﷺ പഠിപ്പിച്ച സുന്നത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കണം ഭിന്നതകളിൽ വിധികൽപ്പിക്കേണ്ടത്.
ബുദ്ധിയും പ്രമാണവും തമ്മിൽ വൈരുദ്ധ്യമുണ്ടോ?
ചില ആളുകൾ, പ്രത്യേകിച്ചും ബുദ്ധിയെ ആരാധിക്കുന്ന വ്യതിയാന കക്ഷികൾ, ബുദ്ധി പ്രമാണത്തിന് എതിരായി വരുമ്പോൾ ബുദ്ധിക്ക് മുൻഗണന നൽകണം എന്ന വാദമുള്ളവരാണ്. യഥാർത്ഥത്തിൽ ബുദ്ധിയും പ്രമാണവും ഒരിക്കലും എതിരാവുകയില്ല. രണ്ട് തെറ്റായ ആമുഖങ്ങളിലൂടെയാണ് ഇവർ അങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.
അവരുടെ ഒന്നാമത്തെ ആമുഖം ‘ബുദ്ധിയാണ് എല്ലാത്തിൻ്റെയും അടിസ്ഥാനം’ എന്നതാണ്. ഇത് തികച്ചും അബദ്ധമാണ്. ഒന്നാം സ്ഥാനത്ത് എപ്പോഴും ഉള്ളത് പ്രമാണമാണ്. പ്രമാണത്തെ മനസ്സിലാക്കാനുള്ള ഒരു ഉപകരണം മാത്രമാണ് ബുദ്ധി. പ്രമാണത്തിൻ്റെ മേൽ വിധികൽപ്പിക്കാനുള്ള വിധികർത്താവല്ല അത്. അല്ലാഹുവാണ് ആരാധനയ്ക്കർഹൻ എന്നതും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നതും നാം മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്.
അവരുടെ രണ്ടാമത്തെ ആമുഖം ‘ബുദ്ധിയും പ്രമാണവും തമ്മിൽ വൈരുദ്ധ്യമുണ്ട്’ എന്നതാണ്. ഇതും വാസ്തവവിരുദ്ധമാണ്. പ്രവാചകൻ ﷺ അബദ്ധങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും സംരക്ഷിക്കപ്പെട്ടവനാണ്. അദ്ദേഹം അല്ലാഹുവിൻ്റെ ദീനിനെക്കുറിച്ച് പറയുന്നതെല്ലാം സത്യം മാത്രമാണ്. സത്യമായ യാഥാർത്ഥ്യങ്ങൾ ഒരിക്കലും ശരിയായ ബുദ്ധിക്ക് എതിരായി വരികയില്ല. അല്ലാഹുവിൻ്റെ ദീനിൻ്റെ പ്രഥമ വാഹകരായ പ്രവാചകന്മാർക്കും, ശേഷം വന്ന സ്വഹാബത്തിനും, താബിഉകൾക്കുമൊന്നും പ്രമാണവും ബുദ്ധിയും തമ്മിൽ വൈരുദ്ധ്യമുള്ളതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
ഈ രണ്ട് തെറ്റായ ആമുഖങ്ങളിൽ നിന്നും അവർ എത്തിച്ചേർന്ന നിഗമനം, ബുദ്ധിക്ക് പ്രമാണത്തേക്കാൾ പ്രാമുഖ്യം നൽകണം എന്നതാണ്. ഇസ്ലാം എന്നാൽ തന്നെ അല്ലാഹുവിൻ്റെ ദിവ്യബോധനത്തിന് പൂർണ്ണമായി കീഴൊതുങ്ങുക എന്നതാണ്. അല്ലാഹുവിൻ്റെ പ്രമാണത്തെക്കാൾ സ്വന്തം ബുദ്ധിക്ക് മുൻഗണന നൽകുന്നത് ആ കീഴൊതുങ്ങലിന് വിരുദ്ധമാണ്. അല്ലാഹു തൻ്റെ പ്രമാണത്തിന് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്:
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ
തീർച്ചയായും നാമാണ് ഈ ഉദ്ബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. 4
അല്ലാഹു സംരക്ഷണം ഏറ്റെടുത്ത സുരക്ഷിതമായ പ്രമാണങ്ങളെക്കാൾ, ഒരുപാട് അബദ്ധങ്ങൾ പിണയാൻ സാധ്യതയുള്ള മനുഷ്യൻ്റെ ബുദ്ധിയെ മുന്തിക്കുക എന്നത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യതയാണ്. ഇനി ബുദ്ധിക്ക് മുൻഗണന നൽകുകയാണെങ്കിൽ തന്നെ, ആരുടെ ബുദ്ധിക്കാണ് പ്രാമുഖ്യം നൽകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകാനും അവർക്ക് സാധ്യമല്ല.
ബുദ്ധിയുടെ അതിരുകളും ആധുനിക ബുദ്ധിപൂജകരും
ബുദ്ധിയുടെ പരിമിതി മനസ്സിലാക്കി അത് ഉപയോഗിക്കേണ്ട മേഖലകളിൽ മാത്രം ഉപയോഗിക്കുന്നതാണ് ബുദ്ധിയോട് നാം കാണിക്കുന്ന ഏറ്റവും വലിയ ആദരവ്. വലിയ ശക്തിയുള്ള ഒരാളോട് ഒരു വീട് ഉയർത്താൻ ആവശ്യപ്പെടുന്നത് അദ്ദേഹത്തിൻ്റെ ശക്തിയെ ആദരിക്കലല്ല, മറിച്ച് കഴിയാത്ത കാര്യം ചെയ്യിപ്പിച്ച് അദ്ദേഹത്തെ പ്രയാസപ്പെടുത്തലാണ്. നല്ല കാഴ്ചയുള്ള ഒരാളോട് സൂര്യനിലേക്ക് സൂക്ഷ്മമായി നോക്കാൻ പറയുന്നതും അതുപോലെത്തന്നെയാണ്.
ബുദ്ധിയുടെ ഈ പരിമിതിയെക്കുറിച്ച് മഹാനായ ഇമാം ഇബ്നു ബത്ത (റഹിമഹുല്ലാഹ്) തൻ്റെ അൽ ഇബാനയിൽ ഉദ്ധരിച്ച ഒരു സംഭവം വളരെ ശ്രദ്ധേയമാണ്. തർക്കശാസ്ത്രങ്ങളിൽ മുഴുകി ബുദ്ധി നഷ്ടപ്പെട്ട തൻ്റെ മകനുമായി ഒരു പിതാവ് ഇബ്നു അബ്ബാസ് (റ) വിൻ്റെ അടുക്കൽ വന്നു. ഇബ്നു അബ്ബാസ് (റ) ആ യുവാവിനെ ബുദ്ധിയുടെ പരിമിതി ബോധ്യപ്പെടുത്താനായി ദൂരെയുള്ള ഒരു നിഴൽ കാണിച്ചുകൊണ്ട് ചോദിച്ചു:
يَا ابْنَ أَخِي امْدُدْ بَصَرَكَ مَا السَّوَادُ الَّذِي تَرَى؟ قَالَ: رَجُلٌ. قَالَ صَدَقْتَ. فَمَا الْخَيَالُ الْمُشْرِفُ مِنْ خَلْفِهِ؟ قَالَ: لَا أَدْرِي. قَالَ: يَا ابْنَ أَخِي فَكَمَا جَعَلَ اللَّهُ لِأَبْصَارِ الْعُيُونِ حَدًّا مَحْدُودًا مِنْ دُونِهَا حِجَابٌ مَسْتُورٌ، فَكَذَلِكَ جَعَلَ لِأَبْصَارِ الْقُلُوبِ غَايَةً لَا تُجَاوِزُهَا وَحُدُودًا لَا تَتَعَدَّاهَا
“എൻ്റെ സഹോദരപുത്രാ, നീ നിൻ്റെ കാഴ്ചയൊന്ന് നീട്ടിനോക്കൂ, ആ കാണുന്ന കറുത്ത രൂപമെന്താണ്?” അവൻ പറഞ്ഞു: “അതൊരു മനുഷ്യനാണ്.” അദ്ദേഹം പറഞ്ഞു: “നീ പറഞ്ഞത് സത്യമാണ്, എന്നാൽ ആ മനുഷ്യന് പിന്നിൽ കാണുന്ന ആ വലിയ രൂപമെന്താണ്?” അവൻ പറഞ്ഞു: “എനിക്കറിയില്ല.” അപ്പോൾ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “എൻ്റെ സഹോദരപുത്രാ, അല്ലാഹു കണ്ണുകളുടെ കാഴ്ചകൾക്ക് നിശ്ചിതമായ ഒരു പരിധി വെക്കുകയും അതിനപ്പുറമുള്ളവയ്ക്ക് മറയിടുകയും ചെയ്തതുപോലെ, ഹൃദയങ്ങളുടെ ചിന്തകൾക്കും അല്ലാഹു ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് വിട്ടുകടക്കുവാൻ അവയ്ക്ക് സാധ്യമല്ല.”
നമ്മുടെ തൊട്ടുമുന്നിലുള്ള മണൽതരികളുടെയോ, വൃക്ഷങ്ങളിലെ ഇലകളുടെയോ, ആകാശത്തിലെ നക്ഷത്രങ്ങളുടെയോ, കടലിലെ മത്സ്യങ്ങളുടെയോ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ മനുഷ്യന് സാധ്യമല്ല. അങ്ങനെയെങ്കിൽ ഇന്ദ്രിയങ്ങൾക്ക് അതീതമായ കാര്യങ്ങളെക്കുറിച്ച് സ്വന്തം ബുദ്ധികൊണ്ട് മാത്രം വിധി പറയാൻ എങ്ങനെയാണ് സാധിക്കുക? അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പഠിപ്പിച്ചത്:
تَفَكَّرُوا فِي آلَاءِ اللَّهِ، وَلَا تَفَكَّرُوا فِي اللَّهِ
നിങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെക്കുറിച്ച് (സൃഷ്ടികളെക്കുറിച്ച്) ചിന്തിക്കുക. അല്ലാഹുവിൻ്റെ അസ്തിത്വത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കരുത്. 5
എല്ലാ കാര്യങ്ങൾക്കും ബുദ്ധിപരമായ വിശദീകരണം നൽകാൻ ശ്രമിക്കുന്ന ആധുനിക ബുദ്ധിപൂജകർ, പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെക്കുറിച്ചോ, മനുഷ്യൻ്റെ ആത്മാവിനെക്കുറിച്ചോ, ബോധത്തെക്കുറിച്ചോ, വികാരങ്ങളെക്കുറിച്ചോ വ്യക്തവും സ്വീകാര്യവുമായ യാതൊരു വിശദീകരണവും നൽകാൻ കഴിയാത്തവരാണ്. നാഡീശാസ്ത്രവിദഗ്ദ്ധരും ശരീരഘടനാശാസ്ത്രജ്ഞരും വർഷങ്ങളായി പഠിച്ചിട്ടും ഒന്നര കിലോഗ്രാം മാത്രം ഭാരമുള്ള മനുഷ്യൻ്റെ തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രവർത്തനരീതികളോ അവയിൽ ചിന്തകൾ രൂപപ്പെടുന്നതെങ്ങനെയെന്നോ ഇന്നും പൂർണ്ണമായി കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. സ്വന്തം തലച്ചോറിൻ്റെ പ്രവർത്തനം പോലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തവരാണ് ഇന്ദ്രിയങ്ങൾക്ക് അതീതമായ കാര്യങ്ങളിൽ ബുദ്ധികൊണ്ട് സത്യാസത്യങ്ങൾ നിർണ്ണയിക്കാൻ ശ്രമിക്കുന്നത്!
ഒരു കടലാസിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു ഉറുമ്പിൻ്റെ ഉദാഹരണം ശ്രദ്ധിക്കുക. ഒരു മനുഷ്യൻ പേനകൊണ്ട് കടലാസിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നു. ആ ഉറുമ്പിൻ്റെ പരിമിതമായ കാഴ്ചയിൽ പേനയുടെ തുമ്പിൽ നിന്ന് മഷി വരുന്നത് മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ആ ഉറുമ്പ് പേനത്തുമ്പിൻ്റെ സർഗ്ഗാത്മകത കണ്ട് അത്ഭുതപ്പെട്ട് അതിനെ പുകഴ്ത്തുകയാണ്. അതിനുപിന്നിലുള്ള എഴുത്തുകാരനെയോ, അവൻ്റെ കൈകളെയോ, അവൻ്റെ ബുദ്ധിയെയോ കാണാൻ ഉറുമ്പിന് അതിൻ്റെ കാഴ്ചയുടെ പരിമിതി കാരണം സാധിക്കുന്നില്ല. ഇതിനുസമാനമാണ്, പ്രപഞ്ചത്തിലെ ചില ബാഹ്യമായ പ്രതിഭാസങ്ങളും ശാസ്ത്രീയമായ ചില വിശദീകരണങ്ങളും മാത്രം മുൻനിർത്തിക്കൊണ്ട്, അതിനെയെല്ലാം സംവിധാനിച്ച സർവ്വശക്തനായ സ്രഷ്ടാവിനെയും അവൻ്റെ ദിവ്യബോധനങ്ങളെയും നിഷേധിക്കുന്ന ഭൗതികവാദികളുടെയും ബുദ്ധിപൂജകരുടെയും അവസ്ഥ.
അതിസങ്കീർണ്ണമായ ഈ പ്രപഞ്ചസൃഷ്ടിപ്പുകൾ നമ്മോട് നൽകുന്ന സുപ്രധാനമായ ഒരു സന്ദേശമുണ്ട്: മനുഷ്യൻ വിനയാന്വിതനാകണം. തൻ്റെ പരിമിതമായ യുക്തിയിലോ ശാസ്ത്രീയ അറിവുകളിലോ അവൻ അഹങ്കരിക്കരുത്. അറിയുന്നതിനേക്കാൾ എത്രയോ കൂടുതലാണ് മനുഷ്യന് അറിയാത്ത കാര്യങ്ങൾ എന്ന് തിരിച്ചറിഞ്ഞ്, അല്ലാഹുവിൻ്റെ പ്രമാണങ്ങൾക്ക് മുന്നിൽ പൂർണ്ണമായി കീഴൊതുങ്ങുക എന്നതാണ് ബുദ്ധിയുള്ള ഒരു വിശ്വാസി ചെയ്യേണ്ടത്.

