സന്മാർഗ്ഗവും ദുർമാർഗ്ഗവും: അല്ലാഹുവിൻ്റെ വിധിയും നീതിയും

9 Min Read

യാസിൻ അൽ ഹികമി

അല്ലാഹുവാണ് സന്മാർഗ്ഗവും ദുർമാർഗ്ഗവും തീരുമാനിക്കുന്നത് എങ്കിൽ, അതിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരെ ശിക്ഷിക്കുന്നതും അവർക്ക് പ്രതിഫലം നൽകുന്നതും എങ്ങനെയാണ് നീതിയാകുന്നത് എന്ന സംശയം പലപ്പോഴും ആളുകൾ ഉന്നയിക്കാറുണ്ട്.

ഈ വിഷയത്തിൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത്, സന്മാർഗ്ഗം നൽകുക എന്നതും വഴിപിഴപ്പിക്കുക എന്നതും അല്ലാഹുവിൻ്റെ അധികാരത്തിലുള്ള കാര്യമാണ് എന്ന യാഥാർത്ഥ്യമാണ്. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു തൻ്റെ തികഞ്ഞ നീതിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ വഴിപിഴപ്പിക്കുന്നു; താൻ ഉദ്ദേശിക്കുന്നവരെ അവൻ്റെ ഔദാര്യത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും അടിസ്ഥാനത്തിൽ നേർമാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു. ഇവ രണ്ടും അല്ലാഹുവിൻ്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്. ഈ വിഷയത്തെ സന്മാർഗ്ഗം നൽകൽ, ദുർമാർഗ്ഗത്തിലാക്കൽ എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ച് ഗ്രഹിക്കേണ്ടതുണ്ട്.

സന്മാർഗ്ഗം അല്ലാഹുവിൻ്റെ ഔദാര്യം

അല്ലാഹു തൻ്റെ അടിമകൾക്ക് സന്മാർഗ്ഗം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ നാല് കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്:

ഒന്ന്: സന്മാർഗ്ഗം പൂർണ്ണമായും അല്ലാഹുവിൽ നിന്നുള്ളതാണ്

അല്ലാഹുവാണ് സന്മാർഗ്ഗം ആർക്ക് നൽകണം എന്ന് തീരുമാനിക്കുന്നത്. അവൻ തൻ്റെ അടിമയെ സന്മാർഗ്ഗത്തിലേക്ക് നയിച്ചിട്ടില്ലെങ്കിൽ ഒരിക്കലും ഒരടിമയ്ക്ക് നേർവഴി പ്രാപിക്കാൻ സാധിക്കുകയില്ല. സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച ശേഷം പറയുന്ന വചനം അല്ലാഹു ഖുർആനിൽ എടുത്തുപറയുന്നത് കാണാം:

وَقَالُوا ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ

ഇതിലേക്ക് ഞങ്ങളെ നയിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹു ഞങ്ങൾക്ക് സന്മാർഗ്ഗം നൽകിയിരുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും സന്മാർഗ്ഗം പ്രാപിക്കുമായിരുന്നില്ല. 1

നബി ﷺ സമാനമായ കാര്യം പഠിപ്പിച്ചത് കാണാൻ സാധിക്കും:

وَاللَّهِ لَوْلَا اللَّهُ مَا اهْتَدَيْنَا، وَلَا تَصَدَّقْنَا وَلَا صَلَّيْنَا

അല്ലാഹുവാണെ സത്യം, അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയിരുന്നില്ലെങ്കിൽ ഞങ്ങൾ നേർവഴി പ്രാപിക്കുകയോ ദാനധർമ്മങ്ങൾ നൽകുകയോ നമസ്കരിക്കുകയോ ചെയ്യുമായിരുന്നില്ല. 2

രണ്ട്: സന്മാർഗ്ഗം അല്ലാഹുവിൻ്റെ തനിച്ച ഔദാര്യമാണ്

സന്മാർഗ്ഗം നൽകുക എന്നത് അല്ലാഹുവിൻ്റെ വലിയ ഔദാര്യമാണ്. ഒരടിമയെയും സന്മാർഗ്ഗത്തിലാക്കേണ്ട നിർബന്ധിത ബാധ്യത അല്ലാഹുവിനില്ല. ഒന്നിനും പകരമായി നൽകാൻ കടപ്പെട്ടവനല്ല അവൻ. അല്ലാഹു ഖുർആനിൽ വ്യക്തമാക്കി:

وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ

തീർച്ചയായും അനുഗ്രഹം അല്ലാഹുവിൻ്റെ കൈവശമാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവനത് നൽകുന്നു. 3

وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

അവൻ ഉദ്ദേശിക്കുന്നവരെ അവൻ്റെ കാരുണ്യം കൊണ്ട് അവൻ പ്രത്യേകം തെരഞ്ഞെടുക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. 4

അടിമകൾക്ക് തങ്ങളുടെ ഉടമയുടെ മേൽ യാതൊന്നും നിർബന്ധിക്കാൻ അവകാശമില്ലാത്തതുപോലെ, സൃഷ്ടികൾക്ക് സ്രഷ്ടാവിൻ്റെ മേൽ യാതൊരവകാശവും ഉന്നയിക്കാൻ സാധ്യമല്ല.

മൂന്ന്: പൂർണ്ണമായ അറിവിൻ്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ് സന്മാർഗ്ഗം നൽകുന്നത്

ആർക്കാണ് സന്മാർഗ്ഗം നൽകേണ്ടത് എന്ന് അല്ലാഹു തീരുമാനിക്കുന്നത് അവൻ്റെ അപാരമായ യുക്തിയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിലാണ്. ഏതൊരു കാര്യവും കൃത്യമായി പഠിച്ച് എവിടെ നൽകണം എന്ന് മനസ്സിലാക്കി നൽകുന്നത് നീതിയുടെ ഭാഗമാണ്. ആരെ സന്മാർഗ്ഗത്തിലാക്കണം, ആരെ ദുർമാർഗ്ഗത്തിലാക്കണം എന്ന് അല്ലാഹുവിന് കൃത്യമായി അറിയാം. മക്കത്തെ മുശ്രിക്കുകൾ ദരിദ്രരായ സ്വഹാബിമാരെ പരിഹസിച്ചുകൊണ്ട് ചോദിച്ച ചോദ്യത്തിന് അല്ലാഹു നൽകിയ മറുപടി ശ്രദ്ധേയമാണ്:

أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيْهِم مِّنۢ بَيْنِنَآ ۗ أَلَيْسَ ٱللَّهُ بِأَعْلَمَ بِٱلشَّـٰكِرِينَ

നമ്മുടെ ഇടയിൽ നിന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത് ഇക്കൂട്ടരെയാണോ? നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ? 5

വിലപിടിപ്പുള്ള അത്തറും സുഗന്ധദ്രവ്യങ്ങളും ആരും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി വെക്കുകയില്ല. പന്നിയുടെ കഴുത്തിൽ ആരും വിലകൂടിയ സ്വർണ്ണമാല അണിയിക്കുകയുമില്ല. കാരണം അത് അനുയോജ്യമായ സ്ഥലമല്ല. ഇതിനു സമാനമായി, അല്ലാഹു ആരെയെങ്കിലും സന്മാർഗ്ഗത്തിലാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തി ആ സന്മാർഗ്ഗത്തിന് തികച്ചും അർഹനായതുകൊണ്ടാണ്.

നാല്: സന്മാർഗ്ഗം രണ്ട് രൂപത്തിലാണ് നൽകപ്പെടുന്നത്

അല്ലാഹു നൽകുന്ന സന്മാർഗ്ഗം പ്രധാനമായും രണ്ട് വിധത്തിലുണ്ട്. ഒന്നാമത്തേത്, പ്രഥമമായ സന്മാർഗ്ഗം. അവിശ്വാസത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും ഈമാനിൻ്റെയും തൗഹീദിൻ്റെയും വെളിച്ചത്തിലേക്ക് അല്ലാഹു ഒരാളെ നയിക്കുന്നതാണത്. നബി ﷺ ഒരു ഖുദ്സിയ്യായ ഹദീസിലൂടെ പഠിപ്പിച്ചു:

يَا عِبَادِي كُلُّكُمْ ضَالٌّ إِلَّا مَنْ هَدَيْتُهُ

എൻ്റെ ദാസന്മാരേ, ഞാൻ നേർവഴിയിലാക്കിയവരൊഴികെ നിങ്ങളെല്ലാവരും വഴിപിഴച്ചവരാകുന്നു. 6

അല്ലാഹു ഖുർആനിൽ പറയുന്നു:

أَوَمَن كَانَ مَيْتًا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ

നിർജീവമായിരിക്കെ നാം ജീവൻ നൽകുകയും, ജനങ്ങൾക്കിടയിലൂടെ നടക്കാനായി നാം പ്രകാശം നൽകുകയും ചെയ്ത ഒരുവൻ…7

രണ്ടാമത്തേത്, തുടർച്ചയായി ലഭിക്കുന്ന സന്മാർഗ്ഗം. പ്രഥമമായ സന്മാർഗ്ഗം ലഭിച്ചുകഴിഞ്ഞാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന ഓരോ നന്മകളിലേക്കുമുള്ള വഴിതുറക്കലാണിത്. ഒരു ദിക്ർ ചൊല്ലുകയോ, ഖുർആൻ പാരായണം ചെയ്യുകയോ, രണ്ട് റക്അത്ത് നമസ്കരിക്കുകയോ ചെയ്യുമ്പോഴെല്ലാം ആ നന്മകളിലേക്ക് എത്തിച്ചേരാനുള്ള ഉദവി അവന് നൽകപ്പെടുന്നത് അല്ലാഹുവിൻ്റെ തുടർച്ചയായുള്ള സന്മാർഗ്ഗദർശനം വഴിയാണ്. അല്ലാഹു ഖുർആനിൽ വ്യക്തമാക്കി:

وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ

സന്മാർഗ്ഗം പ്രാപിച്ചവരാകട്ടെ, അല്ലാഹു അവർക്ക് കൂടുതൽ സന്മാർഗ്ഗം നൽകുകയും അവർക്ക് വേണ്ട സൂക്ഷ്മത അവൻ നൽകുകയും ചെയ്യുന്നതാണ്. 8

അതുകൊണ്ടുതന്നെയാണ് നേരായ മാർഗ്ഗത്തിൽ നിലകൊള്ളാൻ നാം ആവർത്തിച്ച് (ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ) എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്. നാം ചെയ്യുന്ന ഓരോ നന്മകളും അടുത്ത നന്മകളിലേക്കുള്ള വഴി തുറന്നുതരികയാണ് ചെയ്യുന്നത്.

അല്ലാഹു വഴിപിഴപ്പിക്കുന്നതിൻ്റെ യാഥാർത്ഥ്യം

അടിമകൾ ദുർമാർഗ്ഗത്തിലാകുവാൻ കാരണം അല്ലാഹുവിൻ്റെ തീരുമാനമല്ലേ എന്ന സംശയത്തിന് അടിസ്ഥാനപരമായി നാല് കാര്യങ്ങളാണ് നാം ഗ്രഹിക്കേണ്ടത്:

ഒന്ന്: മനുഷ്യൻ്റെ തിരഞ്ഞെടുപ്പും അല്ലാഹുവിൻ്റെ തീരുമാനവും

ഒരടിമയെ വഴിപിഴപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ, നിർബന്ധിച്ച് അയാളെക്കൊണ്ട് അവിശ്വാസം ചെയ്യിപ്പിക്കേണ്ട ആവശ്യമില്ല. അല്ലാഹു അതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്. ഒരു അടിമയുടെ താല്പര്യവും ഇച്ഛാശക്തിയും തീരുമാനവും ഉപയോഗിച്ച് തന്നെ അവനെ വ്യതിയാനങ്ങളിലേക്കും അവിശ്വാസത്തിലേക്കും നയിക്കാൻ അല്ലാഹുവിന് കഴിയും. അവൻ്റെ ഉദ്ദേശത്തിന് പുറത്ത് യാതൊന്നും സംഭവിക്കുകയില്ല. അല്ലാഹു ഖുർആനിൽ വ്യക്തമാക്കി:

فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ

അങ്ങനെ അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. 9

مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ

താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴിപിഴപ്പിക്കും. താൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ മാർഗ്ഗത്തിലാക്കുകയും ചെയ്യും. 10

ഈ യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ ശരിക്കും ഒരു വിശ്വാസിയുടെ മനസ്സിൽ വലിയ ഭയമുണ്ടാകും. വഴിപിഴവിൽ നിന്ന് പരിശുദ്ധനായ റബ്ബിനോട് ധാരാളമായി അഭയം തേടുവാൻ ഈ ചിന്ത അവനെ പ്രേരിപ്പിക്കും.

രണ്ട്: വഴിപിഴപ്പിക്കൽ തികഞ്ഞ നീതിയുടെ ഭാഗമാണ്

അല്ലാഹു തൻ്റെ ചില അടിമകളെ ദുർമാർഗ്ഗത്തിലാക്കുന്നത് അവൻ്റെ തികഞ്ഞ നീതിയുടെ ഭാഗമായാണ്. കാരണം വഴിപിഴപ്പിക്കുക എന്നത് അല്ലാഹു നൽകുന്ന ശിക്ഷയാണ്. അർഹതപ്പെട്ട ഒരു വ്യക്തിക്ക് ശിക്ഷ നൽകുക എന്നത് നീതിയുടെ തേട്ടമാണ്. അല്ലാഹു സന്മാർഗ്ഗത്തിലേക്കുള്ള വഴികൾ കൃത്യമായി കാണിച്ചുതരികയും, ഗ്രഹിക്കാനുള്ള ബുദ്ധിയും കാഴ്ചയും കേൾവിയും നൽകുകയും, പ്രവാചകന്മാരെ നിയോഗിച്ച് തെളിവുകൾ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞു. യാതൊരു ഒഴിവുകഴിവുകളും പറയാൻ മനുഷ്യന് സാധ്യമല്ല. അല്ലാഹു പറയുന്നു:

رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ

പ്രവാചകന്മാർ നിയോഗിക്കപ്പെട്ടതിന് ശേഷം അല്ലാഹുവിനെതിരിൽ ജനങ്ങൾക്ക് യാതൊരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടി സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായ പ്രവാചകന്മാരെ (നാം നിയോഗിച്ചു). 11

നബി ﷺ അരുളി:

وَلَيْسَ أَحَدٌ أَحَبَّ إِلَيْهِ الْعُذْرُ مِنَ اللَّهِ، مِنْ أَجْلِ ذَلِكَ بَعَثَ الْمُبَشِّرِينَ وَالْمُنْذِرِينَ

അല്ലാഹുവിനേക്കാൾ ഒഴിവുകഴിവുകളെ ഇഷ്ടപ്പെടുന്ന മറ്റാരുമില്ല. അതുകൊണ്ടാണ് അവൻ സന്തോഷവാർത്ത അറിയിക്കുന്നവരെയും താക്കീതുകാരെയും നിയോഗിച്ചത്. 12

തെളിവുകൾ ബോധ്യപ്പെട്ടിട്ടും അതിൽ നിന്ന് തിരിഞ്ഞുകളഞ്ഞതിൻ്റെ ഫലമായാണ് അല്ലാഹു അവരെ വഴിപിഴപ്പിക്കുന്നത്. സമൂദ് ഗോത്രത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَأَمَّا ثَمُودُ فَهَدَيْنَـٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ

എന്നാൽ സമൂദ് ഗോത്രത്തിന് നാം വഴി കാണിച്ചുകൊടുത്തു. അപ്പോൾ സന്മാർഗ്ഗത്തേക്കാൾ അന്ധതയെ അവർ പ്രിയങ്കരമായി കരുതി. 13

അല്ലാഹു ഒരിക്കലും യാതൊരു മുന്നറിയിപ്പും നൽകാതെ ജനങ്ങളെ വഴിപിഴപ്പിക്കുകയില്ല.

وَمَا كَانَ ٱللَّهُ لِيُضِلَّ قَوْمًۢا بَعْدَ إِذْ هَدَىٰهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ

ഒരു ജനതയ്ക്ക് മാർഗ്ഗദർശനം നൽകിയതിന് ശേഷം, അവർ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവർക്ക് വ്യക്തമാക്കി കൊടുക്കുന്നതുവരെ അല്ലാഹു അവരെ വഴിപിഴച്ചവരായി ഗണിക്കുന്നതല്ല. 14

അടിമകൾ ആദ്യമേ സത്യത്തിൽ നിന്ന് മുഖംതിരിച്ചതിൻ്റെ ഫലമായാണ് അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുന്നത്. അല്ലാഹു ഖുർആനിലെ പല ഭാഗങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. (فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ) “അങ്ങനെ അവർ തെറ്റിയപ്പോൾ അല്ലാഹു അവരുടെ മനസ്സുകളെയും തെറ്റിച്ചുകളഞ്ഞു” 15. (بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ) “അല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേൽ മുദ്രവെച്ചിരിക്കുകയാണ്”16. ഇനി പ്രവാചക സന്ദേശം എത്താത്തവരെ സംബന്ധിച്ചിടത്തോളം അല്ലാഹു അവരെ ഈ കാരണത്താൽ ശിക്ഷിക്കുകയില്ല. അല്ലാഹു പറയുന്നു: (وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا) “ഒരു ദൂതനെ അയക്കുന്നത് വരെ നാം ആരെയും ശിക്ഷിക്കുന്നതുമല്ല”17.

മൂന്ന്: ശിക്ഷ നടപ്പിലാക്കുന്നത് പൂർണ്ണമായ അറിവിൻ്റെ അടിസ്ഥാനത്തിലാണ്

അല്ലാഹു നൽകുന്ന ഈ ശിക്ഷ അവൻ്റെ അറിവിൻ്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ളതാണ്. വഴിപിഴച്ചവർ സന്മാർഗ്ഗത്തിന് ഒട്ടും അർഹരല്ല എന്ന് അല്ലാഹുവിന് കൃത്യമായി അറിയാം. വലിയ അക്രമിയായ ഒരു പ്രതിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു ന്യായാധിപൻ അയാൾക്ക് ഇളവുകൾ നൽകിയാൽ അയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് മനസ്സിലാക്കി അയാൾക്ക് ഇളവ് നിഷേധിക്കുന്നതിന് തുല്യമാണിത്. പരലോകത്ത് നരകശിക്ഷ നേരിൽ കണ്ടതിനു ശേഷം വീണ്ടും ഭൗതിക ലോകത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധേയമാണ്:

وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ

ഇനി അവർ തിരിച്ചുവിടപ്പെട്ടാൽ തന്നെയും ഏതൊന്നിൽ നിന്ന് അവർ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവർ മടങ്ങുന്നതാണ്. തീർച്ചയായും അവർ വ്യാജം പറയുന്നവരാണ്.18

ഇത്രത്തോളം വ്യക്തമായ സത്യം ബോധ്യപ്പെട്ടിട്ടും പഴയ അക്രമങ്ങളിലേക്ക് തന്നെ മടങ്ങുന്ന നീചമായ മാനസികാവസ്ഥയിലുള്ള ആളുകൾക്കാണ് അല്ലാഹു സന്മാർഗ്ഗമാകുന്ന ഔദാര്യം നൽകാതിരിക്കുന്നത്.

നാല്: വഴിപിഴപ്പിക്കൽ എന്ന ശിക്ഷ രണ്ടുവിധത്തിലുണ്ട്

ഒന്നാമതായി, സത്യം വന്നെത്തുമ്പോൾ അത് സ്വീകരിക്കാത്തതിൻ്റെ ഫലമായി അല്ലാഹു നൽകുന്ന ശിക്ഷയാണിത്. പ്രവാചക സന്ദേശം കൃത്യമായി മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കാൻ തയ്യാറാകാത്തതുകൊണ്ട് അല്ലാഹു അവരെ ദുർമാർഗ്ഗത്തിലാക്കുന്നു. അല്ലാഹു പറയുന്നു:

وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ

ഇതിൽ ആദ്യതവണ അവർ വിശ്വസിക്കാതിരുന്നതുപോലെ തന്നെ നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും തിരിച്ചുമറിച്ചുകൊണ്ടിരിക്കും.19

ثُمَّ ٱنصَرَفُوا۟ ۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

എന്നിട്ട് അവർ തിരിഞ്ഞുകളയുകയും ചെയ്തു. അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാൽ അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കുകയാണ്. 20

സത്യം ഗ്രഹിച്ചിട്ടും സ്വീകരിക്കാതിരിക്കുന്നതാണ് ഒരു അവിശ്വാസി ചെയ്യുന്ന ഏറ്റവും വലിയ ഒന്നാമത്തെ തെറ്റ്.

രണ്ടാമതായി, അവർ പ്രവർത്തിച്ചുകൂട്ടിയ പാപങ്ങളുടെയും ധിക്കാരങ്ങളുടെയും അനന്തരഫലമായി അല്ലാഹു അവരെ ദുർമാർഗ്ഗത്തിലേക്ക് തിരിച്ചുവിടുന്നു. പാപങ്ങൾ നിരന്തരം ചെയ്യുമ്പോൾ അത് അടുത്ത പാപങ്ങളിലേക്കുള്ള വഴിയായി മാറുന്നു. അല്ലാഹു ഖുർആനിൽ വ്യക്തമാക്കി:

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ * وَكَذَّبَ بِٱلْحُسْنَىٰ * فَسَنُيَسِّرُهُۥ لِلْعُسْرَىٰ

എന്നാൽ പിശുക്ക് കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനാകട്ടെ, ഏറ്റവും ഞെരുക്കമുള്ളതിലേക്ക് നാം അവന് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്. 21

وَٱللَّهُ أَرْكَسَهُم بِمَا كَسَبُوا۟

അവർ സമ്പാദിച്ചുണ്ടാക്കിയത് കാരണം അല്ലാഹു അവരെ തലതിരിച്ചുവിട്ടിരിക്കുകയാണ്. 22

فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا

അവരുടെ ഹൃദയങ്ങളിൽ ഒരുതരം രോഗമുണ്ട്. തന്മൂലം അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്തു. 23

അവരുടെ മനസ്സുകളിൽ ആദ്യമേ രോഗവും കുഴപ്പങ്ങളുമുണ്ട്. അവർ ആദ്യമേ അക്രമം പ്രവർത്തിച്ചവരാണ്. അതിനാൽ അല്ലാഹു അവരെ ദുർമാർഗ്ഗത്തിലേക്ക് തിരിച്ചുവിട്ടു. ചുരുക്കത്തിൽ, ഓരോ പാപങ്ങളും അതിൻ്റെ മുൻപുള്ള പാപങ്ങളുടെ ശിക്ഷയാണ്. അല്ലാഹു കൽപ്പിച്ചത് നിർവ്വഹിക്കാത്തതിൻ്റെയും, അവൻ വിലക്കിയത് ചെയ്യുന്നതിൻ്റെയും അനന്തരഫലങ്ങളായാണ് മനുഷ്യജീവിതത്തിൽ വഴിപിഴവുകളും ദുർമാർഗ്ഗങ്ങളും സംഭവിക്കുന്നത്.

ഇതെല്ലാം അല്ലാഹുവിൻ്റെ യുക്തിയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ അവൻ സംവിധാനിച്ച കാര്യങ്ങളാണ് എന്ന് നാം തിരിച്ചറിയുക. വിധിവിശ്വാസത്തെ (ഖളാഅ്-ഖദറിനെ) ശരിയായ രൂപത്തിൽ ഉൾക്കൊണ്ട്, അതിൽ നിന്നുള്ള ഗുണപാഠങ്ങൾ ജീവിതത്തിൽ പകർത്തി ജീവിക്കാൻ നാം പരിശ്രമിക്കുക.

  1. സൂറത്തുൽ അഅ്റാഫ് – 43 ↩︎
  2. സഹീഹുൽ ബുഖാരി – 4106 ↩︎
  3. സൂറത്തുൽ ഹദീദ് – 29 ↩︎
  4. സൂറത്തുൽ ബഖറ – 105 ↩︎
  5. സൂറത്തുൽ അൻആം – 53 ↩︎
  6. [സഹീഹ് മുസ്ലിം – 2577] ↩︎
  7. [സൂറത്തുൽ അൻആം – 122] ↩︎
  8. സൂറത്ത് മുഹമ്മദ് – 17 ↩︎
  9. സൂറത്ത് ഇബ്രാഹീം – 4 ↩︎
  10. സൂറത്തുൽ അൻആം – 39 ↩︎
  11. സൂറത്തുന്നിസാഅ് – 165 ↩︎
  12. സഹീഹുൽ ബുഖാരി – 7416 ↩︎
  13. സൂറത്തു ഫുസ്സിലത്ത് – 17 ↩︎
  14. സൂറത്തുത്തൗബ – 115 ↩︎
  15. സൂറത്തുസ്സ്വഫ്ഫ് – 5 ↩︎
  16. സൂറത്തുന്നിസാഅ് – 155 ↩︎
  17. സൂറത്തുൽ ഇസ്റാഅ് – 15 ↩︎
  18. സൂറത്തുൽ അൻആം – 28 ↩︎
  19. സൂറത്തുൽ അൻആം – 110 ↩︎
  20. സൂറത്തുത്തൗബ – 127 ↩︎
  21. സൂറത്തുൽ ലൈൽ – 8-10 ↩︎
  22. സൂറത്തുന്നിസാഅ് – 88 ↩︎
  23. സൂറത്തുൽ ബഖറ – 10 ↩︎
Share This Article
Leave a Comment