മുസ്‌ലിംകളുടെ കൂറും സഹോദര്യവും ഐക്യദാർഢ്യവും സ്വഹീഹായ അഖീദയുടെയും മൻഹജിന്റെയും മേൽ അടിസ്ഥാനമാക്കിയും പടുത്തുയർത്തിയുമാകണം; എങ്കിൽ മാത്രമേ ആ കൂറും ഐക്യദാർഢ്യവും വഴിതെറ്റിപ്പോകാതിരിക്കുകയുള്ളൂ. ഈമാനിന്റെ അടിസ്ഥാനത്തിലല്ലാതെ സഹോദര്യം സാധ്യമാകുകയില്ല. അല്ലാഹു പറയുന്നു:
إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللهَ لَعَلَّكُمْ تُرْحَمُونَ
സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം. [സൂറത്ത് അൽ ഹുജുറാത്ത് – 10]
ഈമാനിനെ സഹോദര്യത്തിന്റെ കണ്ണിയായി അല്ലാഹു എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് ഈ മഹത്തായ ആയത്ത് വ്യക്തമാക്കുന്നു. കേടുവന്ന അഖീദയിൽ ഈമാനിന് നിലനിൽക്കാനാകില്ല. അതിനാൽ, സഹോദര്യം നിറഞ്ഞ ഒരു മുഅ്മിനായി മാറാൻ ഓരോ മുസ്‌ലിമും തന്റെ അഖീദ നന്നാക്കേണ്ടതുണ്ട് എന്ന് ഇത് ആവശ്യപ്പെടുന്നു. അന്യമായ ആശയങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട മതത്തിലേക്ക് മടങ്ങുകയും, ഈ പരിശുദ്ധവും മഹത്തുമായ മതത്തിന്റെ – അതായത് ഇസ്‌ലാമിന്റെ – അടിസ്ഥാനത്തിൽ മുസ്‌ലിമിന്റെ മനസ്സിനെ സംസ്കരിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത് യാഥാർത്ഥ്യമാകൂ. പിന്നെ എങ്ങനെയാണ് അത് യാഥാർത്ഥ്യമാക്കുക?
സമൂഹത്തെ നന്നാക്കുന്നതിൽ സലഫി ദഅ്‌വത്തിന്റെ പങ്ക്
മതപരമായ വ്യതിയാനങ്ങളിൽ നിന്നും നാശങ്ങളിൽ നിന്നും മുസ്‌ലിം സമൂഹത്തെ നന്നാക്കിയെടുക്കുക എന്നതാണ് മുസ്‌ലിം ഐക്യദാർഢ്യത്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ രൂപം. സഹമുസ്‌ലിംകളോട് കാണിക്കേണ്ട കൂറ് ഇതാണ്. സമൂഹത്തെ നന്നാക്കാനുള്ള ഇത്തരം മുഴുവൻ പരിശ്രമങ്ങളും മുസ്‌ലിം ഐക്യദാർഢ്യത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുന്നത്.
സലഫി ദഅ്‌വത്താകട്ടെ, സമൂഹത്തെ പടിപടിയായി നന്നാക്കാൻ പരിശ്രമിച്ചുകൊണ്ട് മുസ്‌ലിംകളോടുള്ള ഐക്യദാർഢ്യം യാഥാർത്ഥ്യമാക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിരവുമായ കാര്യങ്ങളിൽ നിന്ന് തുടങ്ങി, ശേഷം അതിനടുത്ത പ്രാധാന്യമുള്ള കാര്യങ്ങളിലേക്ക് എന്ന രൂപത്തിലാണത്; അതുവഴി, മതപരമായ വ്യതിയാനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ അതിന് സാധിക്കുന്നു. അഖീദ നന്നാക്കാൻ ക്ഷണിച്ചുകൊണ്ടും, തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടും ശിർക്കിനെ വിലക്കിക്കൊണ്ടുമാണ് സലഫി ദഅ്‌വത്ത് ആരംഭിക്കുന്നത്. തുടർന്ന്, നമസ്കാരം നിലനിർത്താനും, സകാത്ത് നൽകാനും, മുഴുവൻ നിർബന്ധ ബാധ്യതകളും നിറവേറ്റാനും, വിലക്കപ്പെട്ട കാര്യങ്ങളെല്ലാം വെടിയാനും അത് ക്ഷണിക്കുന്നു. ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ ‘മൻഹജുൽ അമ്പിയാഅ് ഫിദ്ദഅ്‌വത്തി ഇലല്ലാഹി ഫീഹിൽ ഹിക്മത്തു വൽ അഖ്‌ല്’ എന്ന ഗ്രന്ഥത്തിന് നൽകിയ മുഖവുര, പേജ് 7
ദഅ്‌വത്തിൽ സലഫീ മൻഹജിന്റെ വ്യവസ്ഥകളിൽ ഒന്നിതാകുന്നു. അതായത്, തങ്ങളുടെ അഖീദ നന്നാക്കാൻ ജനങ്ങളെ ക്ഷണിച്ച പ്രവാചകന്മാരുടെ ദഅ്‌വത്തിനെ മാതൃകയാക്കുക എന്നത്. തന്നെയുമല്ല, തൗഹീദിലേക്കുള്ള ക്ഷണം എന്നത് പ്രവാചകന്മാരുടെ ദഅ്‌വത്തിന്റെ അടിസ്ഥാനവും മർമ്മവുമാണ്. അല്ലാഹു പറയുന്നു:
وَلَقَدْ بَعَثْنَا فِي كُلِّ أَمَّةٍ رَّسُولاً أَنِ اعْبُدُوا اللهَ وَاجْتَنِبُوا الطَّاغُوتَ فَمِنْهُم مَّنْ هَدَى اللهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلاَلَةُ فَسِيرُوا فِي اْلأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). എന്നിട്ട് അവരിൽ ചിലർക്ക് അല്ലാഹു മാർഗ്ഗദർശനം നൽകി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിയവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക. [സൂറത്ത് അന്നഹ്ൽ – 36]
ഈ ആയത്തിൽ, പ്രവാചകന്മാരുടെ ചുമതലയും, അവരുടെ ദഅ്‌വത്തിന്റെ അടിസ്ഥാനവും, അവരുടെ പ്രവാചകത്വ ദൗത്യത്തിന്റെ മർമ്മവും അല്ലാഹു വ്യക്തമാക്കുന്നു. അതായത് തൗഹീദിലേക്ക് ക്ഷണിക്കുക, ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ വെടിയുക എന്നിവയാണവ. ഫവാസ് ബിൻ ഹുലയ്യിൽ ബിൻ റബാഹ് അസ്സുഹൈമി രചിച്ച ‘ഉസുസു മൻഹജിസ്സലഫ് ഫിദ്ദഅ്‌വത്തി ഇലല്ലാഹ്’, ഒന്നാം പതിപ്പ്, 1423 H, ദാറു ഇബ്നു അഫ്ഫാൻ ഈജിപ്ത് & ദാറു ഇബ്നുൽ ഖയ്യിം ദമ്മാം, പേജ് 85
അതുപോലെ തന്നെയാണ് അല്ലാഹുവിന്റെ ഈ വചനവും:
وَمَآأَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلاَّنُوحِي إِلَيْهِ أَنَّهُ لآ إِلَهَ إِلآ أَنَا فَاعْبُدُونِ
ഞാനല്ലാതെ യാതൊരു ദൈവവുമില്ല; അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. [സൂറത്ത് അൽ അമ്പിയാഅ് – 25]
പ്രവാചകന്മാരുടെ ദഅ്‌വത്ത് അപ്രകാരമായിരുന്നു. ഒരൊറ്റ അടിസ്ഥാനത്തിലാണ് അവർ സഞ്ചരിച്ചത്, അതായത് തൗഹീദ്; എല്ലാ കാലത്തും എല്ലാ ദേശത്തുമുള്ള മുഴുവൻ മനുഷ്യർക്കും അവർ എത്തിച്ചുകൊടുത്ത ഏറ്റവും വലിയ കാര്യമാണത്. അതിനാൽ, ഓരോ പ്രബോധകനും പ്രവാചകന്മാരുടെ ദഅ്‌വത്തിന്റെ ഈ അടിസ്ഥാനം അറിഞ്ഞിരിക്കലും, അതിലേക്ക് ക്ഷണിക്കലും, അത് പഠിപ്പിക്കലും നിർബന്ധമാണ്; കാരണം ഇതില്ലാതെ മനുഷ്യരുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.
ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദില്ലാഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ പറയുന്നു: “തീർച്ചയായും, ഈ അടിസ്ഥാനത്തിൽ (തൗഹീദിൽ) പടുത്തുയർത്തപ്പെടാത്തതും, പ്രവാചകന്മാരുടെ മൻഹജിന്റെ മേൽ നിലകൊള്ളാത്തതുമായ മുഴുവൻ ദഅ്‌വത്തുകളും നഷ്ടവും നാശവും യാതൊരു പ്രയോജനവുമില്ലാത്ത ക്ഷീണവും മാത്രമേ കൊയ്യുകയുള്ളൂ. (അതിന്റെ) വ്യക്തമായ തെളിവാണ്, പ്രവാചകന്മാരുടെ ദഅ്‌വത്തിന്റെ മൻഹജിന് വിരുദ്ധമായ മൻഹജ് സ്വീകരിച്ച ഇന്നത്തെ ദഅ്‌വാ സംഘങ്ങൾ (പ്രസ്ഥാനങ്ങൾ). അവരിൽ അൽപ്പമാളുകളൊഴികെ എല്ലാവരും അഖീദയുടെ വശം അവഗണിക്കുകയും ശാഖാപരമായ കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഭരണവും രാഷ്ട്രീയവും നന്നാക്കുന്നതിലേക്ക് ക്ഷണിക്കുകയും, മനുഷ്യരുടെ മേൽ ശിക്ഷാനിയമങ്ങൾ (ഹുദൂദുകൾ) നടപ്പിലാക്കാനും ശരീഅത്ത് നിയമങ്ങൾ പ്രയോഗവൽക്കരിക്കാനും ആവശ്യപ്പെടുകയും ചെയ്യുന്ന സംഘങ്ങളുണ്ട്. ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്, എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതല്ല. കാരണം, മുശ്‌രിക്കിന്റെ മേൽ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കാൻ ആവശ്യപ്പെടുന്നതിന് മുമ്പ്, കള്ളന്റെയും വ്യഭിചാരിയുടെയും മേൽ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കാൻ ആവശ്യപ്പെടുന്നത് എങ്ങനെ (സാധ്യമാകും)? വിഗ്രഹങ്ങളെയും ഖബറുകളെയും ആരാധിക്കുന്നവരുടെ മേലും, അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളുടെ അർത്ഥങ്ങൾ നിഷേധിച്ചും ദുർവ്യാഖ്യാനം ചെയ്തും അതിൽ വ്യതിയാനം സംഭവിച്ചവരുടെ മേലും അല്ലാഹുവിന്റെ വിധി നടപ്പിലാക്കാൻ ആവശ്യപ്പെടുന്നതിന് മുമ്പ്, ഒരാടിന്റെയോ ഒട്ടകത്തിന്റെയോ പേരിൽ തർക്കിക്കുന്ന രണ്ടുപേർക്കിടയിൽ അല്ലാഹുവിന്റെ വിധി നടപ്പിലാക്കാൻ ആവശ്യപ്പെടുന്നത് എങ്ങനെയാണ്?”. ‘മൻഹജുൽ അമ്പിയാഅ്’ എന്ന ഗ്രന്ഥത്തിന്റെ മുഖവുര, പേജ് 9
ശൈഖ് ഡോ. റബീഅ് ബിൻ ഹാദീ അൽ മദ്ഖലി പറയുന്നു: “ഈ മൻഹജിനെക്കാൾ ഉത്തമവും മികച്ചതുമായ മറ്റൊരു മൻഹജ് അവിടെ ഉണ്ടായിരുന്നുവെങ്കിൽ, തീർച്ചയായും അല്ലാഹു തന്റെ പ്രവാചകന്മാർക്ക് അത് തിരഞ്ഞെടുത്ത് മുൻഗണന നൽകി നൽകുമായിരുന്നു എന്ന് നാം വിശ്വസിക്കൽ നിർബന്ധമാണ്. എന്നിരിക്കെ, ഈ റബ്ബാനിയ്യായ മൻഹജിനെയും അതിന്റെ പ്രബോധകരെയും ഇകഴ്ത്തിക്കൊണ്ട്, ഒരു മുഅ്മിൻ ഇതിനെ വെറുക്കുകയും ഇതിനല്ലാത്ത ഒന്നിനെ മൻഹജായി സ്വീകരിക്കുകയും ചെയ്യുന്നത് അനുയോജ്യമാണോ?” ഡോ. റബീഅ് ബിൻ ഹാദീ അൽ മദ്ഖലി രചിച്ച ‘മൻഹജുൽ അമ്പിയാഅ് ഫിദ്ദഅ്‌വത്തി ഇലല്ലാഹി ഫീഹിൽ ഹിക്മത്തു വൽ അഖ്‌ല്‘
സലഫി ദഅ്‌വത്ത് എന്നത് മരവിച്ചതും, ഭാഗികമായതും, മുസ്‌ലിംകളോട് ഐക്യദാർഢ്യമില്ലാത്തതുമായ ഒരു ദഅ്‌വത്താണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ആരോപണങ്ങളും ഇന്ന് ഉയർന്നുവരുന്നുണ്ട്. അതിലെ ക്ഷണം തൗഹീദിലേക്ക് മാത്രമാണ്, മറ്റൊന്നുമില്ല എന്നൊക്കെയാണ് പറയുന്നത്. ഈ തെറ്റായ വിലയിരുത്തലുകൾക്ക് കാരണം, ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉൾക്കൊള്ളുന്ന സലഫി ദഅ്‌വത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് എന്ന് വ്യക്തമാണ്. അല്ലെങ്കിൽ, ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന, സലഫീ മൻഹജിന് വിരുദ്ധമായ കക്ഷികളോടുള്ള (ദഅ്‌വാ പ്രസ്ഥാനങ്ങളോടുള്ള) അന്ധമായ കക്ഷിത്വമാണ് ഇതിന് കാരണം. എന്നാൽ യാഥാർത്ഥ്യമെന്തെന്നാൽ, സലഫി ദഅ്‌വത്ത് എന്നത് ഇസ്‌ലാമിന്റെ സമ്പൂർണ്ണമായ ദഅ്‌വത്താണ്; ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അത് ഉൾക്കൊള്ളുന്നു. ശിർക്കിന്റെ ഇരുട്ടുകളിൽ നിന്ന് തൗഹീദിലേക്കും, അന്ധാളിപ്പുകളിൽ നിന്നും ബിദ്അത്തുകളിൽ നിന്നും സുന്നത്തിന്റെയും അഖീദയുടെയും ഐക്യത്തിലേക്കും, അതുപോലെ പാപങ്ങളുടെ ശിക്ഷകളിൽ നിന്ന് അനുസരണത്തിന്റെ മാധുര്യത്തിലേക്കും പ്രകാശത്തിലേക്കും മനുഷ്യരെ പുറത്തുകൊണ്ടുവരാനാണ് ഈ സലഫി ദഅ്‌വത്ത് വന്നിട്ടുള്ളത്.’ഉസുസു മൻഹജിസ്സലഫ്’, പേജ് 98
സലഫുസ്സ്വാലിഹുകളുടെ ദഅ്‌വത്തിനെ പിൻപറ്റിക്കൊണ്ടാണ് സലഫി ദഅ്‌വത്ത് സഞ്ചരിക്കുന്നത്. അതായത് ഈ സമുദായത്തിലെ ഏറ്റവും ഉത്തമരായ മൂന്ന് തലമുറകൾ. സ്വഹാബത്ത്, താബിഉകൾ, താബിഉത്താബിഉകൾ എന്നിവരാണവർ. ഈ ദഅ്‌വത്താണ് അവരെ ഏറ്റവും ഉത്തമമായ തലമുറയാക്കി മാറ്റിയതും, പിന്നീടുവന്ന തലമുറകൾക്ക് മാതൃകയാക്കിയതും. ഈ ദഅ്‌വത്തിനെ മുറുകെ പിടിക്കുന്നതിലൂടെ മാത്രമേ, കാലങ്ങളായി നഷ്ടപ്പെട്ട തങ്ങളുടെ പ്രതാപവും വിജയവും മുസ്‌ലിംകൾക്ക് തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ.
ദഅ്‌വത്തിലെ സത്യത്തിന്റെ മാനദണ്ഡം ചിന്തകളെയും ദേഹേച്ഛകളെയും അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്, അത് അല്ലാഹുവിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. അല്ലാഹുവിന്റെ കിതാബിലും റസൂലുല്ലാഹി ﷺ യുടെ സുന്നത്തിലും ഏറ്റവും പ്രധാനപ്പെട്ടതും ഉത്തമവുമായ അനുസരണം തൗഹീദാകുന്നു. എന്നാൽ ഏറ്റവും വലിയതും അപകടകരവുമായ പാപവും തിന്മയും ശിർക്കുമാണ്.
ഏറ്റവും പ്രധാനപ്പെട്ടതിൽ നിന്ന് തുടങ്ങി, ശേഷം അതിനടുത്ത പ്രാധാന്യമുള്ള കാര്യങ്ങളിലേക്ക് പടിപടിയായി ദഅ്‌വത്ത് നടത്തുന്ന ഒരു ദാഈക്ക്, ഖുർആനിലും സുന്നത്തിലും ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് എന്താണെന്ന് തീർച്ചയായും മനസ്സിലാകും. പടിപടിയായുള്ള ഈ ദഅ്‌വത്ത് രീതി അർത്ഥമാക്കുന്നത്, ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെയോ തിന്മകളെയോ അവൻ ഗൗനിക്കുന്നില്ല എന്നല്ല. മറിച്ച്, പടിപടിയായുള്ള ഈ രീതി നടപ്പിലാക്കുന്നതോടൊപ്പം തന്നെ, തൻ്റെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പാപങ്ങളും തിന്മകളും അവൻ ശ്രദ്ധിക്കുകയും, അവ ഉപേക്ഷിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. ഇതാണ് റസൂലുല്ലാഹി ﷺ തന്റെ വചനത്തിലൂടെ അറിയിച്ചത്:
مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ
നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ തന്റെ കൈകൊണ്ട് അത് തടയട്ടെ; അതിന് അവന് സാധിക്കുന്നില്ലെങ്കിൽ അവൻ തന്റെ നാവുകൊണ്ട് (അതിനെതിരെ സംസാരിക്കട്ടെ); അതിനും സാധിക്കുന്നില്ലെങ്കിൽ അവൻ തന്റെ ഹൃദയം കൊണ്ട് (അതിനെ വെറുക്കട്ടെ). അത് ഈമാനിന്റെ ഏറ്റവും ദുർബ്ബലമായ അവസ്ഥയാകുന്നു. [സഹീഹ് മുസ്‌ലിം – 49]
നന്മകളിലേക്ക് കൽപ്പിക്കുകയും തിന്മകളിൽ നിന്ന് വിലക്കുകയും ചെയ്തുകൊണ്ട്, ഈ ലോകത്തെ നന്നാക്കാനും അല്ലാഹുവിന്റെ അടിമകളുടെ നന്മ (മസ്‌ലഹത്ത്) യാഥാർത്ഥ്യമാക്കാനുമാണ് റസൂലുല്ലാഹി ﷺ നിയോഗിക്കപ്പെട്ടത്. അവിടുന്ന് ﷺ യുടെ ഈ വചനത്തിൽ അത് വിശദീകരിച്ചിരിക്കുന്നു:
إِنَّهُ لَمْ يَكُنْ نَبِيٌّ قَبْلِي إِلَّا كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى مَا يَعْلَمُهُ خَيْرًا لَهُمْ وَيُنْذِرَهُمْ مَا يَعْلَمُهُ شَرًّا لَهُمْ
എനിക്ക് മുമ്പ് കഴിഞ്ഞുപോയ ഏതൊരു നബിക്കും, തന്റെ സമുദായത്തിന് ഗുണകരമാണെന്ന് തനിക്കറിയാവുന്ന കാര്യങ്ങളിലേക്ക് അവരെ വഴിനടത്തലും, അവർക്ക് ദോഷകരമാണെന്ന് തനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകലും നിർബന്ധ ബാധ്യതയായിരുന്നു. [സഹീഹ് മുസ്‌ലിം – 1844]
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ (رَحِمَهُ اللَّهُ) പറയുന്നു: “തന്റെ റസൂലിന്റെ മേൽ ചുമത്തപ്പെട്ട കൽപ്പന അമർ ബിൽ മഅ്റൂഫ് (നന്മ കൽപ്പിക്കൽ) ആകുന്നു. അവിടുന്ന് ﷺ ഏറ്റെടുത്ത വിലക്ക് നഹ്‌യ് അനിൽ മുൻകർ (തിന്മയെ വിരോധിക്കൽ) ആകുന്നു” മജ്മൂഉൽ ഫതാവാ ഇബ്നു തൈമിയ്യഃ 28/65
അതിനാൽ, സലഫി ദഅ്‌വത്ത് ജനങ്ങളെ മതത്തിന്റെ അധ്യാപനങ്ങളിലേക്ക് സമഗ്രമായി ക്ഷണിക്കുന്നു, അല്ലാതെ ഭാഗികമായിട്ടല്ല; ചില വിഭാഗങ്ങൾ ആരോപിക്കുന്നതുപോലെയല്ല അത്. കാരണം, നന്മകളും പ്രയോജനങ്ങളും യാഥാർത്ഥ്യമാക്കാനും പൂർണ്ണമാക്കാനുമാണ് ശരീഅത്ത് നിലവിലുള്ളത്. അതോടൊപ്പം നാശങ്ങളും ഉപദ്രവങ്ങളും ഇല്ലാതാക്കാനോ അല്ലെങ്കിൽ അത് കുറയ്ക്കാനുമാണിത്.
അതുകൊണ്ട്, ഒരു ദാഈ ദഅ്‌വത്ത് നടത്തുമ്പോൾ നന്മകൾ യാഥാർത്ഥ്യമാക്കുകയും, സാധ്യമാകുന്നത്ര നാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ ഏറ്റവും വലിയതും അടിസ്ഥാനപരവുമായ കാര്യത്തിൽ നിന്ന് തുടങ്ങുകയും, ശേഷം അതിനടുത്ത കാര്യങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇനി സമൂഹത്തിനിടയിൽ തിന്മകളും മതത്തിന് വിരുദ്ധമായ കാര്യങ്ങളും വർദ്ധിച്ചുവരികയാണെങ്കിൽ, ആ കാര്യത്തിലുള്ള സത്യം അവൻ വിശദീകരിക്കുകയും, ആ തിന്മകൾ ഉപേക്ഷിക്കാനും അതിൽ നിന്ന് വിട്ടുനിൽക്കാനും അവൻ സമൂഹത്തോട് ക്ഷണിക്കുകയും വേണം.
ഇതിന്റെ അടിസ്ഥാനത്തിൽ, സലഫീ മൻഹജ് സമൂഹത്തെ നന്നാക്കുന്നതിലും, നന്മകൾ പ്രചരിപ്പിച്ചുകൊണ്ടും നിലവിലുള്ള നാശങ്ങൾ ഇല്ലാതാക്കിക്കൊണ്ടും ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങളെ തിരുത്തുന്നതിലും വലിയ ശ്രദ്ധ പതിപ്പിക്കുന്നു. നിലവിലുള്ള ചില പ്രബോധകരും പ്രസ്ഥാനങ്ങളും വരുത്തുന്ന അബദ്ധങ്ങൾ സലഫി ദഅ്‌വത്ത് ഇന്ന് ധാരാളമായി വിശദീകരിക്കുന്നുണ്ടെങ്കിൽ, അത് സമൂഹത്തിന് സത്യം വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടി മാത്രമാണ്. മതപരമായ നാശങ്ങളിൽ നിന്നും തിന്മകളിൽ നിന്നും മുസ്‌ലിംകൾ അകന്നുനിൽക്കാൻ വേണ്ടിയാണത്. ഇത് സഹമുസ്‌ലിംകളോടുള്ള നിന്ദയായി (അധിക്ഷേപമായി) മനസ്സിലാക്കാൻ പാടില്ല. ഒരു ഉപദേശത്തെ (നസ്വീഹത്ത്) ഒരിക്കലും പരിഹാസവും പുച്ഛവുമായി തെറ്റിദ്ധരിക്കരുത്; കാരണം, സഹമുസ്‌ലിംകളോടുള്ള ഐക്യദാർഢ്യത്തിന്റെ ഒരു രൂപം അപ്രകാരമാണ്.
‘ഉസുസു മൻഹജിസ്സലഫ് ഫിദ്ദഅ്‌വത്തി ഇലല്ലാഹ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ശൈഖ് ഫവാസ് അസ്സുഹൈമി പറയുന്നു: “സലഫീ മൻഹജ് തൗഹീദിന്റെ വിഷയത്തിലും അതിലേക്കുള്ള ദഅ്‌വത്തിലും ഏറ്റവും വലിയ ശ്രദ്ധ നൽകുന്നുവെങ്കിൽ, അതിന്റെ അർത്ഥം മുസ്‌ലിം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ, (അതായത്) അവിടെയുള്ള തിന്മകളെ സലഫീ മൻഹജ് മനസ്സിലാക്കാൻ തയ്യാറല്ല എന്നല്ല. തൗഹീദിലേക്കുള്ള ദഅ്‌വത്ത് കൊണ്ടുദ്ദേശിക്കുന്നത്, അതിന്റെ താത്പര്യങ്ങളിലേക്കും നിബന്ധനകളിലേക്കും ദഅ്‌വത്ത് നടത്തുന്നില്ല എന്നല്ല. വാസ്തവത്തിൽ, മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ മേഖലകളിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്ത് യാഥാർത്ഥ്യമാക്കുന്നതിനുള്ള സമഗ്രമായ ഒരു ദഅ്‌വത്താണ് തൗഹീദിലേക്കുള്ള ദഅ്‌വത്ത്; എല്ലാം അവരുടെ സ്ഥാനത്തിനും കഴിവിനും അനുസൃതമായിക്കൊണ്ട്”. ‘ഉസുസു മൻഹജിസ്സലഫ്’, പേജ് 100
ഈ വിശദീകരണത്തോടെ, സലഫി ദഅ്‌വത്തിന് നേരെയുള്ള ആരോപണങ്ങൾ സലഫി ദഅ്‌വത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരുടെ വെറും കള്ളക്കഥകൾ മാത്രമാണെന്ന് വ്യക്തമാണ്. ദഅ്‌വത്തിൽ സലഫീ മൻഹജിനുള്ള സവിശേഷതകൾ തിരിച്ചറിയുമ്പോൾ ഇവയെല്ലാം കൂടുതൽ വ്യക്തമാകും.
ദഅ്‌വത്തിൽ സലഫീ മൻഹജിന്റെ സവിശേഷതകൾ
‘ഉസുസു മൻഹജിസ്സലഫ് ഫിദ്ദഅ്‌വത്തി ഇലല്ലാഹ്’ എന്ന ഗ്രന്ഥത്തിൽ നിന്ന് സംഗ്രഹിച്ചത്, പേജ് 171-179
അല്ലാഹുവിലേക്കുള്ള ദഅ്‌വത്തിൽ സലഫീ മൻഹജിന് നിരവധി സവിശേഷതകളുണ്ട്. ചുരുക്കത്തിൽ അതിന് താഴെ പറയുന്ന മൂന്ന് സവിശേഷതകളാണുള്ളത്:
ഒന്നാമത്തേത്: ശരീഅത്തിൽ നിന്ന് ഉറവെടുക്കുന്നത്. മനുഷ്യർക്ക് മാർഗ്ഗദർശനത്തിന്റെയും രക്ഷയുടെയും സ്രോതസ്സായ ഖുർആനിലും റസൂലുല്ലാഹി ﷺ യുടെ സുന്നത്തിലും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നതാണ് സലഫി ദഅ്‌വത്തിന്റെ മൻഹജിന്റെ സവിശേഷതകളിൽ ഒന്ന്. ഈ സവിശേഷതയാണ് ഖുർആൻ വ്യക്തമാക്കിയതും സലഫുസ്സ്വാലിഹുകൾ ഉദ്ഘോഷിച്ചതും. മുസ്‌ലിംകളുടെ ഐക്യത്തിനും പ്രതാപത്തിനും വിജയത്തിനും കാരണമാകുന്നത് ഇതാണ്.
രണ്ടാമത്തേത്: മതപരവും ഭൗതികവുമായ നന്മകൾ (മസ്‌ലഹത്ത്) യാഥാർത്ഥ്യമാക്കുന്നു. സലഫീ മൻഹജ് അനുസരിച്ചുള്ള ദഅ്‌വത്ത്, മതത്തിലും ഭൗതികജീവിതത്തിലും വലിയ നന്മകൾ യാഥാർത്ഥ്യമാക്കും; ദാഈകൾക്കും (പ്രബോധകർക്കും) മദ്‌ഉകൾക്കും (പ്രബോധനം ചെയ്യപ്പെടുന്നവർക്കും) ഒരുപോലെ. കാരണം, സുരക്ഷയും ഉറപ്പും ശാന്തിയും സമാധാനവും നൽകുന്ന ശരീഅത്തിന്റെ മേലാണ് അത് പ്രവർത്തിക്കുന്നത്. സമുദായത്തിന്റെ മതപരവും ഭൗതികവുമായ നന്മയ്ക്ക് വേണ്ടിയാണ് അല്ലാഹുവിന്റെ ശരീഅത്ത് നൽകപ്പെട്ടിട്ടുള്ളത്. റസൂലുല്ലാഹി ﷺ തന്റെ വചനത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്:
إِنَّهُ لَمْ يَكُنْ نَبِيٌّ قَبْلِي إِلَّا كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى مَا يَعْلَمُهُ خَيْرًا لَهُمْ وَيُنْذِرَهُمْ مَا يَعْلَمُهُ شَرًّا لَهُمْ
എനിക്ക് മുമ്പ് കഴിഞ്ഞുപോയ ഏതൊരു നബിക്കും, തന്റെ സമുദായത്തിന് ഗുണകരമാണെന്ന് തനിക്കറിയാവുന്ന കാര്യങ്ങളിലേക്ക് അവരെ വഴിനടത്തലും, അവർക്ക് ദോഷകരമാണെന്ന് തനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകലും നിർബന്ധ ബാധ്യതയായിരുന്നു. [സഹീഹ് മുസ്‌ലിം – 1844]
ഇബ്നുൽ ഖയ്യിം (رَحِمَهُ اللَّهُ) പറയുന്നു: “ഇഹലോകത്തും പരലോകത്തുമുള്ള അടിമകളുടെ നന്മയുടെയും (മസ്‌ലഹത്ത്) യുക്തിയുടെയും (ഹിക്മത്ത്) മേലാണ് ശരീഅത്ത് പടുത്തുയർത്തപ്പെട്ടിട്ടുള്ളത്. ശരീഅത്ത് മുഴുവനായും നീതിയും കാരുണ്യവും നന്മയുമാണ്” ഇബ്നുൽ ഖയ്യിം രചിച്ച ‘ഇഅ്‌ലാമുൽ മുവഖിഈൻ’ 3/3
അതുകൊണ്ട് തന്നെ, സലഫി ദഅ്‌വത്തിന് താഴെ പറയുന്ന സവിശേഷതകളുണ്ട്:
- ധാരണയിലും ബുദ്ധിയിലും ലക്ഷ്യത്തിന്റെ വ്യക്തതയിലും അത് നേടിയെടുക്കുന്ന മാർഗ്ഗത്തിലുമുള്ള ദൃഢതയും പൂർണ്ണതയും. അല്ലാഹു പറയുന്നു:
مَّافَرَّطْنَا فِي الْكِتَابِ مِن شَىْءٍ
ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ചവരുത്തിയിട്ടില്ല. [സൂറത്ത് അൽ അൻആം – 38]
- മതത്തിനും ഇഹലോകത്തിനും ഏറ്റവും ഉത്തമവും ചൊവ്വായതുമായ കാര്യത്തിലേക്കുള്ള മാർഗ്ഗദർശനം. അല്ലാഹു പറയുന്നു:
إِنَّ هَذَا الْقُرْءَانَ يَهْدِي لِلَّتِي هِيَ أَقْوَمُ
തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു. [സൂറത്ത് അൽ ഇസ്റാഅ് – 9]
- എല്ലാ കാലത്തും ദേശത്തുമുള്ള ഐഹികമായ നന്മ. അല്ലാഹു പറയുന്നു:
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ اْلإِسْلاَمَ دِينًا
ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു. [സൂറത്ത് അൽ മാഇദഃ – 3]
- പ്രകൃതിയോടുള്ള പ്രതിബദ്ധതയും, നാശമുണ്ടാക്കുന്ന ദേഹേച്ഛകളിൽ നിന്നുള്ള അകൽച്ചയും. അല്ലാഹു പറയുന്നു:
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَتَ اللهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَتَبْدِيلَ لِخَلْقِ اللهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لاَيَعْلَمُونَ
ആകയാൽ (സത്യമാർഗ്ഗത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നീ നിന്റെ മുഖം മതത്തിലേക്ക് തിരിച്ചുനിർത്തുക. മനുഷ്യരെ ഏതൊരു പ്രകൃതിയിൽ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. [സൂറത്ത് അർറൂം – 30]
തന്നിലടങ്ങിയിട്ടുള്ള മുഴുവൻ ദഅ്‌വാ വിഷയങ്ങളിലൂടെയും ശരീഅത്ത് നന്മകൾ നൽകുകയും നാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ (رَحِمَهُ اللَّهُ) ഉറപ്പിച്ചുപറയുന്നു. അദ്ദേഹം പറയുന്നു: “തീർച്ചയായും അല്ലാഹുവിന്റെ മുഴുവൻ കൽപ്പനകളും പൂർണ്ണമായ നന്മയോ അല്ലെങ്കിൽ നന്മ മുൻതൂക്കം നിൽക്കുന്നതോ ആണെന്നും, അല്ലാഹുവിന്റെ മുഴുവൻ വിലക്കുകളും പൂർണ്ണമായ തിന്മയോ അല്ലെങ്കിൽ തിന്മ മുൻതൂക്കം നിൽക്കുന്നതോ ആണെന്നും ഒരു മുഅ്മിൻ അറിഞ്ഞിരിക്കുന്നത് തന്നെ മതിയായതാണ്” മജ്മൂഉൽ ഫതാവാ 27/91
- എളുപ്പമുള്ളതും, പ്രയാസപ്പെടുത്തുന്ന സ്വഭാവത്തിൽ നിന്ന് അകന്നതും. അല്ലാഹു പറയുന്നു:
يُرِيدُ اللهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ
അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അവൻ നിങ്ങൾക്ക് ഞെരുക്കം ഉദ്ദേശിക്കുന്നില്ല. [സൂറത്ത് അൽ ബഖറഃ – 185]
മൂന്നാമത്തേത്: അന്ത്യനാൾ വരെ അല്ലാഹു എപ്പോഴും സലഫീ മൻഹജിനെ വിജയിപ്പിക്കുന്നതാണ്. അന്ത്യനാൾ വരെ അല്ലാഹു അതിനെ നിരന്തരം വിജയിപ്പിക്കും എന്നത് സലഫി ദഅ്‌വത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്. അല്ലാഹു തന്റെ നബിയുടെ ﷺ മൻഹജിനെ മുഴുവൻ മതങ്ങളുടെയും സമാപനമാക്കിത്തീർത്തു. അതിനാൽ ഇസ്‌ലാമല്ലാത്ത മറ്റൊരു മതവും സ്വീകരിക്കപ്പെടുകയില്ല. അതുപോലെ അല്ലാഹു അതിനെ ഭൂമിയിലുള്ള മുഴുവൻ പേർക്കുമുള്ള മതമാക്കി മാറ്റി. ഈ മതം ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ളതാണെങ്കിൽ, തീർച്ചയായും ഈ മതത്തിന്റെ ഭാഗമായ മൻഹജും അന്ത്യനാൾ വരെ തലമുറകളിലൂടെ ശാശ്വതമായി നിലനിൽക്കും.
എന്നാൽ ഒട്ടുമിക്ക ദേശങ്ങളിലും നാടുകളിലും ഈ ദഅ്‌വത്തിനെ അപരിചിതമാക്കി (അന്യമാക്കി) മാറ്റാൻ പലവിധത്തിലുള്ള ഉയർച്ച താഴ്ചകൾ കാരണമായിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. പ്രത്യേകിച്ചും ബിദ്അത്തും അന്ധവിശ്വാസങ്ങളും (ഖുറാഫാത്തുകൾ) വ്യതിയാനങ്ങളും ഈ ഭൂമിയെ കീഴടക്കിയപ്പോൾ. എങ്കിലും, ഇസ്‌ലാമിന്റെ ശത്രുക്കളുടെ കുതന്ത്രങ്ങളെയും, അതുപോലെ വ്യതിയാനങ്ങളെയും ജീർണ്ണതകളെയും പൂർണ്ണമായും തുറന്നുകാട്ടാൻ വേണ്ടി, ഈ മതത്തെ നവീകരിക്കുന്ന ആളുകളെ അല്ലാഹു എപ്പോഴും നിയോഗിക്കുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി:
يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُلُهُ يَنْفُوْنَ عَنْهُ تَحْرِيْفَ الْغَالِيْنَ وَانْتِحَالَ الْمُبْطِلِيْنَ وتَأْويْلَ الْجَاهِلِيْنَ
ഈ വിജ്ഞാനത്തെ പിൻവരുന്ന ഓരോ തലമുറയിലെയും നീതിമാന്മാർ ഏറ്റെടുക്കും. അതിരുകവിയുന്നവരുടെ വ്യതിയാനങ്ങളെയും, മതത്തെ നശിപ്പിക്കുന്നവരുടെ കൃത്രിമത്വങ്ങളെയും, വിവരദോഷികളുടെ ദുർവ്യാഖ്യാനങ്ങളെയും അവർ അതിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
അല്ലാഹു പറയുന്നു:
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِيْنَ ۖ اِنَّهُمْ لَهُمُ الْمَنْصُوْرُوْنَۖ وَاِنَّ جُنْدَنَا لَهُمُ الْغٰلِبُوْنَ
ദൂതന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്മാരുടെ കാര്യത്തിൽ നമ്മുടെ വചനം മുമ്പ് തന്നെ ഉണ്ടായിട്ടുണ്ട്. തീർച്ചയായും അവർ തന്നെയാണ് സഹായം നൽകപ്പെടുന്നവർ. തീർച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയം വരിക്കുന്നവർ എന്ന്. [സൂറത്ത് അസ്സ്വാഫ്ഫാത്ത് – 171-173]
അല്ലാഹു വീണ്ടും പറയുന്നു:
كَتَبَ اللّٰهُ لَاَغْلِبَنَّ اَنَا۠ وَرُسُلِيْۗ اِنَّ اللّٰهَ قَوِيٌّ عَزِيْزٌ
ഞാനും എന്റെ ദൂതന്മാരും തന്നെ വിജയം വരിക്കുമെന്ന് അല്ലാഹു രേഖപ്പെടുത്തി വെച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. [സൂറത്ത് അൽ മുജാദിലഃ – 21]
റസൂലുല്ലാഹി ﷺ അരുളി:
لاَ يَزَال مِنَْ أُمَّتِيْ أُمَّةٌ قَائِمَةً عَلَى أَمْرِ اللَّهِ لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلاَ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ
അല്ലാഹുവിന്റെ കൽപ്പനകൾ നിലനിർത്തുന്ന ഒരു വിഭാഗം എന്റെ സമുദായത്തിൽ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്; അവരെ കൈവിട്ടവരോ അവർക്ക് എതിരുനിൽക്കുന്നവരോ അന്ത്യനാൾ വരുന്നത് വരെ അവർക്കൊരു ഉപദ്രവവും വരുത്തുകയില്ല, അപ്പോഴും അവർ അതേ അവസ്ഥയിലായിരിക്കും. മുത്തഫഖുൻ അലൈഹി, മുആവിയ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഈ ഹദീസിന് എട്ട് റിപ്പോർട്ടുകളുണ്ട് എന്ന് ‘അല്ലആലി അൽ മൻസൂറഃ ബി ഔസ്വാഫിത്ത്വാഇഫത്തിൽ മൻസൂറഃ’ യിൽ തഖ്‌രീജ് ചെയ്തിട്ടുണ്ട്
ആ വിജയവും പ്രതാപവും നേടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, അവന്റെ ഈ വചനത്തിൽ പറയുന്നതുപോലെ:
وَعَدَ اللّٰهُ الَّذِيْنَ اٰمَنُوْا مِنْكُمْ وَعَمِلُوا الصّٰلِحٰتِ لَيَسْتَخْلِفَنَّهُمْ فِى الْاَرْضِ كَمَا اسْتَخْلَفَ الَّذِيْنَ مِنْ قَبْلِهِمْۖ وَلَيُمَكِّنَنَّ لَهُمْ دِيْنَهُمُ الَّذِى ارْتَضٰى لَهُمْ وَلَيُبَدِّلَنَّهُمْ مِّنْۢ بَعْدِ خَوْفِهِمْ اَمْنًاۗ يَعْبُدُوْنَنِيْ لَا يُشْرِكُوْنَ بِيْ شَيْـًٔاۗ وَمَنْ كَفَرَ بَعْدَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْفٰسِقُوْنَ
നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് അവൻ ഭൂമിയിൽ ആധിപത്യം നൽകിയത് പോലെത്തന്നെ തീർച്ചയായും അവർക്കും അവൻ ആധിപത്യം നൽകുകയും, അവർക്കായി അവൻ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തിൽ അവർക്കവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന് ശേഷം അവർക്കവൻ നിർഭയത്വം പകരമായി നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്. എന്നോട് യാതൊന്നിനെയും അവർ പങ്കുചേർക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ. [സൂറത്ത് അന്നൂർ – 55]
വിജയം നേടിയെടുക്കാനുള്ള കാരണമാണ് ഈ മഹത്തായ ആയത്ത് വ്യക്തമാക്കുന്നത്. അതായത്, അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവനെ ഏകനാക്കുക, തൗഹീദിന്റെയും പ്രവാചകത്വത്തിന്റെയും മൻഹജിലൂടെ സഞ്ചരിക്കുക, ദേഹേച്ഛകളെയും ബിദ്അത്തുകളെയും വെടിയുക എന്നിവയാണവ. ശിർക്കിന്റെയും ബിദ്അത്തിന്റെയും ദേഹേച്ഛകളുടെയും മാലിന്യങ്ങളിൽ നിന്നുള്ള തൗഹീദിന്റെ ഈ ശുദ്ധിയാണ് വിജയത്തിനും പ്രതാപത്തിനും കാരണമാകുന്നത്.
ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് (رَحِمَهُ اللَّهُ) പറയുന്നു: “സലഫുസ്സ്വാലിഹുകളും ഈ സമുദായത്തിലെ ആദ്യ തലമുറയും ഖുർആനിന്റെയും റസൂലുല്ലാഹി ﷺ യുടെ സുന്നത്തിന്റെയും വ്യവസ്ഥകളിലൂടെ സഞ്ചരിച്ചപ്പോൾ, അല്ലാഹു അവർക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമെന്ന നിലയിൽ, ഈ ഭൂമിയിൽ അല്ലാഹു അവരെ ആദരിക്കുകയും, അവരുടെ പേര് ഉയർത്തുകയും, അവർക്ക് അധികാരം നൽകുകയും ചെയ്തു”. ‘അൽ ബുഹൂസുൽ ഇസ്‌ലാമിയ്യഃ’ മാഗസിൻ, ലക്കം 23/9
അതിനാൽ, മുസ്‌ലിംകളോടുള്ള നമ്മുടെ ഐക്യദാർഢ്യം നമുക്ക് യാഥാർത്ഥ്യമാക്കാം. അതായത്, ഈ ആയത്തിലെ ഉള്ളടക്കം പ്രാവർത്തികമാക്കിക്കൊണ്ട്. വിജയത്തിലേക്ക് എത്തിക്കാൻ കഴിയുന്ന കാരണങ്ങൾ പൂർത്തീകരിക്കാൻ നമ്മുടെ സഹോദരങ്ങളെ ക്ഷണിച്ചുകൊണ്ട്. ഓർക്കുക, അല്ലാഹു ഒരിക്കലും തന്റെ വാഗ്ദാനം ലംഘിക്കുന്നതല്ല.

