ഇമാം അബൂദാവൂദ് – ഭാഗം 2

9 Min Read

ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി

ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂദാവൂദ് അസ്സിജിസ്താനി رَحِمَهُ اللَّهُ വിന്റെ ജനനം, ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം, ഗുരുക്കന്മാർ, ശിഷ്യന്മാർ തുടങ്ങിയവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം മനസ്സിലാക്കിയത്. ലോകമെമ്പാടുമുള്ള പണ്ഡിതന്മാർ അദ്ദേഹത്തിന് നൽകിയ ഉന്നതമായ അംഗീകാരങ്ങളും, അദ്ദേഹത്തിന്റെ ഗ്രന്ഥരചനകളും, വിശിഷ്യാ ‘സുനൻ അബീദാവൂദ്’ എന്ന മഹത്തായ ഗ്രന്ഥത്തിന്റെ സവിശേഷതകളും, അദ്ദേഹത്തിന്റെ അവസാന നാളുകളും വിയോഗവുമാണ് ഈ ഭാഗത്തിൽ പരിശോധിക്കുന്നത്.

പണ്ഡിതന്മാരുടെ പ്രശംസകളും അംഗീകാരങ്ങളും

ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ തന്റെ കാലഘട്ടത്തിലെ പണ്ഡിതന്മാർക്കിടയിൽ പൂർണ്ണമായ വിശ്വാസ്യതയും സ്വീകാര്യതയും നേടിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ഹദീസ് വിജ്ഞാന ശാസ്ത്രത്തിലുള്ള ആഴത്തിലുള്ള അറിവിനെയും കുറിച്ച് പണ്ഡിതന്മാർ ധാരാളമായി പ്രശംസിച്ചിട്ടുണ്ട്:

  • അബൂബക്കർ അൽ-ഖല്ലാൽ رَحِمَهُ اللَّهُ പറയുന്നു: “തന്റെ കാലഘട്ടത്തിൽ സർവ്വരാലും അംഗീകരിക്കപ്പെട്ട ഉന്നത പണ്ഡിതനാണ് അബൂദാവൂദ്. ഹദീസ് വിജ്ഞാന ശാഖകളെ വേർതിരിച്ചെടുക്കുന്നതിലും അവയുടെ സൂക്ഷ്മമായ തലങ്ങൾ കണ്ടെത്തുന്നതിലും അദ്ദേഹത്തെ മുൻകടക്കാൻ അക്കാലത്ത് മറ്റാരുമുണ്ടായിരുന്നില്ല. അങ്ങേയറ്റം സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രമുഖ ശൈഖായ ഇമാം അഹ്‌മദ്‌ ബിൻ ഹൻബൽ رَحِمَهُ اللَّهُ അദ്ദേഹത്തിൽ നിന്ന് ഒരു ഹദീസ് സ്വീകരിക്കുകയും അക്കാര്യം ജനങ്ങളോട് പറയുകയും ചെയ്തിരുന്നു.”
  • ഇബ്രാഹീം അൽ-അസ്ബഹാനി, അബൂബക്കർ ബിൻ സ്വദഖ رَحِمَهُمُ اللَّهُ: അബൂദാവൂദിന്റെ കാലഘട്ടത്തിൽ മറ്റാർക്കും നൽകാത്ത അത്രയും വലിയ ആദരവും സ്ഥാനവുമാണ് ഇവർ അദ്ദേഹത്തിന് നൽകിയിരുന്നത്.
  • അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ യാസീൻ അൽ-ഹറവി رَحِمَهُ اللَّهُ പറയുന്നു: “റസൂൽ ﷺ യുടെ ഹദീസുകൾ, അവയുടെ നിവേദക പരമ്പരകൾ, ന്യൂനതകൾ എന്നിവ സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിലെ വലിയൊരു ഹാഫിളായിരുന്നു അദ്ദേഹം. ആരാധനകൾ, പാതിവൃത്യം, സൽസ്വഭാവം, സൂക്ഷ്മത എന്നിവയിൽ അദ്ദേഹം ഉന്നത നിലവാരം പുലർത്തിയിരുന്നു. ഹദീസ് പണ്ഡിതന്മാർക്കിടയിലെ കുതിരച്ചേവകനായിരുന്നു അദ്ദേഹം.”
  • മുഹമ്മദ് ബിൻ ഇസ്ഹാഖ് അസ്സാഗാനി, ഇബ്രാഹീം ബിൻ ഇസ്ഹാഖ് അൽ-ഹർബി رَحِمَهُمُ اللَّهُ: അബൂദാവൂദ് തന്റെ സുനൻ രചിച്ചപ്പോൾ അവർ പറഞ്ഞു: “ദാവൂദ് നബി (അ) ക്ക് ഇരുമ്പ് അല്ലാഹു മയപ്പെടുത്തി കൊടുത്തത് പോലെ, അബൂദാവൂദിന് ഹദീസ് വിജ്ഞാന ശാസ്ത്രം അല്ലാഹു മയപ്പെടുത്തി (എളുപ്പമാക്കി) കൊടുത്തിരിക്കുന്നു.” ഹദീസ് ക്രോഡീകരണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ പാടവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
  • മുഹമ്മദ് ബിൻ മഖ്‌ലദ് رَحِمَهُ اللَّهُ പറയുന്നു: “ലക്ഷത്തിലധികം ഹദീസുകൾ അദ്ദേഹം മനഃപാഠമാക്കിയിരുന്നു. അദ്ദേഹം തന്റെ ‘സുനൻ’ രചിക്കുകയും അത് ജനങ്ങളെ വായിച്ചുകേൾപ്പിക്കുകയും ചെയ്തപ്പോൾ, ഹദീസ് പണ്ഡിതന്മാർക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥം ഒരു ‘മുസ്ഹഫ്’ പോലെയായി മാറി; അവരത് പിൻപറ്റുകയും അതിനെതിരെ പ്രവർത്തിക്കാതിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പണ്ഡിതന്മാർ അദ്ദേഹത്തിന്റെ മനഃപാഠവും മുന്നേറ്റവും പൂർണ്ണമായും അംഗീകരിച്ചു.”
  • മഹാപണ്ഡിതനായ മൂസാ ബിൻ ഹാറൂൻ رَحِمَهُ اللَّهُ പറയുന്നു: “ഇഹലോകത്ത് ഹദീസുകൾക്ക് വേണ്ടിയും പരലോകത്ത് സ്വർഗ്ഗത്തിന് വേണ്ടിയുമാണ് അബൂദാവൂദ് സൃഷ്ടിക്കപ്പെട്ടത്. അബൂദാവൂദിനേക്കാൾ ശ്രേഷ്ഠനായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.”
  • അല്ലാൻ ബിൻ അബ്ദുസ്സമദ് رَحِمَهُ اللَّهُ പറയുന്നു: “ഞാൻ അബൂദാവൂദിനെ കേട്ടിട്ടുണ്ട്, അദ്ദേഹം ഈ വിജ്ഞാന ശാഖയിലെ ഒരു പോരാളിയായിരുന്നു.”
  • അബൂ ഹാതിം, ഇബ്നു ഹിബ്ബാൻ, അസ്സമ്ആനി رَحِمَهُمُ اللَّهُ പറയുന്നു: “കർമ്മശാസ്ത്രം, വിജ്ഞാനം, മനഃപാഠം, ഭക്തി, സൂക്ഷ്മത എന്നിവയിൽ ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം ഹദീസുകൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു, സുന്നത്തിനെ പ്രതിരോധിക്കുകയും അതിനെതിരെ പ്രവർത്തിക്കുന്നവരെ അടിച്ചമർത്തുകയും ചെയ്തു.”
  • ഇബ്നു മന്ദ അബൂ അബ്ദില്ലാഹ് رَحِمَهُ اللَّهُ പറയുന്നു: “സ്വഹീഹായ ഹദീസുകൾ ക്രോഡീകരിക്കുകയും, ദുർബലമായവയിൽ നിന്നും സ്ഥിരപ്പെട്ടവയെയും, ശരിയായവയെയും തെറ്റായവയെയും കൃത്യമായി വേർതിരിക്കുകയും ചെയ്തത് നാല് പേരാണ്; അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരി, അബുൽ ഹുസൈൻ മുസ്‌ലിം ബിൻ അൽ-ഹജ്ജാജ് അൽ-ഖുശൈരി, അവർക്ക് ശേഷം അബൂദാവൂദ് സുലൈമാൻ ബിൻ അൽ-അശ്അഥ് അസ്സിജിസ്താനി, അബൂ അബ്ദുറഹ്മാൻ അഹ്‌മദ്‌ ബിൻ ശുഐബ് അന്നസാഈ.”
  • അൽ-ഹാകിം അന്നൈസാപൂരി رَحِمَهُ اللَّهُ പറയുന്നു: “യാതൊരു തർക്കവുമില്ലാതെ തന്റെ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരുടെ ഇമാമായിരുന്നു അദ്ദേഹം. ഈജിപ്ത്, ഹിജാസ്, ശാമ്, ഇറാഖ്, ഖുറാസാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം അദ്ദേഹം ഹദീസുകൾ പഠിച്ചു. ഇറാഖിലേക്ക് പോകുന്നതിന് മുൻപ് സ്വന്തം നാട്ടിലും ഹെറാത്തിലും വെച്ച് അദ്ദേഹം ഹദീസുകൾ രേഖപ്പെടുത്തിയിരുന്നു. ബഗ്‌ലാനിൽ വെച്ച് ഖുതൈബ ബിൻ സഈദിൽ നിന്നും, റയ്യ് എന്ന സ്ഥലത്ത് വെച്ച് ഇബ്രാഹീം ബിൻ മൂസയിൽ നിന്നും അദ്ദേഹം ഹദീസുകൾ ശേഖരിച്ചു. അദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ ഏറ്റവും ഉയർന്ന പരമ്പരയിലുള്ളത് അൽ-ഖഅ്നബി, മുസ്‌ലിം ബിൻ ഇബ്രാഹീം, മൂസാ ബിൻ ഇസ്മാഈൽ, ശാമിലെ പണ്ഡിതന്മാരായ അബൂ തൗബ അർറബീഅ് ബിൻ നാഫിഅ്, ഹയ്‌വ ബിൻ ശുറൈഹ് അൽ-ഹിംസി എന്നിവരാണ്.” തന്റെ മകൻ അബൂബക്കറുമായി ഖുറാസാനിലേക്ക് അദ്ദേഹം യാത്ര ചെയ്ത കാര്യവും അൽ-ഹാകിം രേഖപ്പെടുത്തിയിട്ടുണ്ട്.
  • ഇമാം അന്നവവി رَحِمَهُ اللَّهُ പറയുന്നു: “അബൂദാവൂദിന്റെ പൂർണ്ണമായ മനഃപാഠം, അഗാധമായ വിജ്ഞാനം, കൃത്യത, സൂക്ഷ്മത, ഭക്തി, ഹദീസിലും മറ്റ് വിജ്ഞാനങ്ങളിലുമുള്ള കൂർമ്മബുദ്ധി എന്നിവയിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.”
  • ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറയുന്നു: “ഇമാം ബുഖാരിയും അബൂദാവൂദും ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള ഫുഖഹാക്കളിൽ പെട്ട രണ്ട് ഇമാമുമാരാണ്.”
  • ഇബ്നു അബ്ദിൽ ഹാദി رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹം തികഞ്ഞ ഇമാമും ഹദീസ് പണ്ഡിതന്മാരുടെ നേതാവുമാണ്.”
  • ഇമാം അദ്ദഹബി رَحِمَهُ اللَّهُ പറയുന്നു: “ഹദീസ് വിജ്ഞാന ശാസ്ത്രത്തിലും അതിന്റെ അനുബന്ധ മേഖലകളിലുമുള്ള നേതൃത്വത്തിന് പുറമെ അദ്ദേഹം വലിയ കർമ്മശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്നു; അദ്ദേഹത്തിന്റെ ഗ്രന്ഥം അതിന് വലിയൊരു തെളിവാണ്.”
  • ഇബ്നു തഗ്‌രി ബർദി رَحِمَهُ اللَّهُ പറയുന്നു: “തന്റെ കാലഘട്ടത്തിൽ യാതൊരു തർക്കവുമില്ലാതെ അദ്ദേഹം ഹദീസ് പണ്ഡിതന്മാരുടെ ഇമാമായിരുന്നു. ഹദീസുകളിലെ ന്യൂനതകൾ കണ്ടെത്താൻ കഴിയുന്ന, അങ്ങേയറ്റം സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.”
  • അബൂ ത്വാഹിർ رَحِمَهُ اللَّهُ പറയുന്നു: “ഹദീസുകളിലെ ജർഹ്, തഅ്ദീൽ (നിവേദകരെ വിലയിരുത്തൽ) എന്നീ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജനങ്ങൾ അദ്ദേഹത്തെയാണ് സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളാണ് അവർ പൂർണ്ണമായും അവലംബിച്ചിരുന്നത്. പർവ്വതങ്ങൾക്ക് സമാനമായ അത്യുന്നത പണ്ഡിതനായിരുന്നു അദ്ദേഹം.”

ഗ്രന്ഥരചനകൾ

ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ ജീവിച്ചിരുന്ന കാലഘട്ടം ഗ്രന്ഥരചനയുടെയും ക്രോഡീകരണത്തിന്റെയും സുവർണ്ണ കാലമായിരുന്നു (അസറുത്തസ്നീഫ്). ശക്തമായ വൈജ്ഞാനിക മുന്നേറ്റം, പണ്ഡിതന്മാരുടെ ബാഹുല്യം, വിവിധ നാടുകളിലേക്കുള്ള അവരുടെ സഞ്ചാരം, വിജ്ഞാന ശാഖകളുടെ പൂർണ്ണത എന്നിവയായിരുന്നു ഇതിന് കാരണം. അതിനാൽത്തന്നെ അക്കാലത്തെ മിക്ക പണ്ഡിതന്മാരും ധാരാളമായി ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. ഈ രംഗത്ത് ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ.

അദ്ദേഹത്തിന്റെ ‘സുനൻ’ ആണ് ഏറ്റവും പ്രശസ്തമെങ്കിലും, അതിന് പുറമെ ഒട്ടനവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:

  • അൽ-മറാസീൽ (المراسيل): (മർസലായ ഹദീസുകളുടെ സമാഹാരം, ഇത് അച്ചടിക്കപ്പെട്ടിട്ടുണ്ട്).
  • ദലാഇലുന്നുബുവ്വഃ (دلائل النبوة)
  • അത്തഫർറുദ് ഫിസ്സുനൻ (التفرد في السنن)
  • മസാഇലുൽ ഇമാം അഹ്‌മദ് (المسائل التي سئل عنها الإمام أحمد): (തന്റെ ശൈഖ് ഇമാം അഹ്‌മദിനോട് ചോദിക്കപ്പെട്ട മതവിധികൾ).
  • നാസിഖുൽ ഖുർആനി വമൻസൂഖുഹു (ناسخ القرآن ومنسوخه)
  • സുആലാത്ത് അബീദാവൂദ് ലിൽ ഇമാം അഹ്‌മദ് (سؤالات أبي داود للإمام أحمد)
  • അസ്സുഹ്ദ് (الزهد) (കയ്യെഴുത്ത് പ്രതിയായി നിലനിൽക്കുന്നതായി പറയപ്പെടുന്നു).
  • അൽ-ബഅ്ഥ് വഅന്നുശൂർ (البعث والنشور)
  • അർറുവാത്തു മിനൽ ഇഖ്‌വതി വൽ അഖവാത്ത് (الرواة من الإخوة والأخوات)

സുനൻ അബീദാവൂദ്

ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ വിന്റെ ഏറ്റവും മഹത്തായ സംഭാവനയും, ബുഖാരിക്കും മുസ്‌ലിമിനും ശേഷം സുന്നത്തിന്റെ ഏറ്റവും വലിയ അവലംബങ്ങളിലൊന്നുമാണ് ‘സുനൻ അബീദാവൂദ്’. മികച്ച നിവേദക പരമ്പരകളും, മനോഹരമായ ക്രോഡീകരണവും, ഇസ്‌ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകളുടെ ശേഖരവുമാണ് ഈ ഗ്രന്ഥത്തെ സവിശേഷമാക്കുന്നത്.

  • അബൂ യഹ്‌യ സകരിയ്യ ബിൻ യഹ്‌യ അസ്സാജി رَحِمَهُ اللَّهُ പറയുന്നു: “അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആൻ ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്; അബൂദാവൂദിന്റെ സുനൻ ഇസ്‌ലാമിന്റെ ഉടമ്പടിയുമാണ് (കരാർ/عهد الاسلام).”
  • ഇബ്നുൽ അഅ്റാബി رَحِمَهُ اللَّهُ പറയുന്നു: “ഒരാളുടെ പക്കൽ വിശുദ്ധ ഖുർആനും, അബൂദാവൂദിന്റെ ഈ ഗ്രന്ഥവും മാത്രമാണുള്ളതെങ്കിൽ, അവന് മറ്റൊരു വിജ്ഞാനത്തിന്റെയും ആവശ്യമില്ല.”
  • അൽ-ഖത്താബി رَحِمَهُ اللَّهُ തന്റെ ‘മആലിമുസ്സുനനിൽ’ പറയുന്നു: “അബൂദാവൂദിന്റെ സുനൻ വളരെ ശ്രേഷ്ഠമായൊരു ഗ്രന്ഥമാണ്. മതവിജ്ഞാനത്തിൽ ഇതിന് സമാനമായ മറ്റൊരു ഗ്രന്ഥം രചിക്കപ്പെട്ടിട്ടില്ല. ജനങ്ങൾക്കിടയിൽ ഇത് വ്യാപകമായി സ്വീകരിക്കപ്പെട്ടു. വിവിധ മദ്ഹബുകളിലെ പണ്ഡിതന്മാർക്കും ഫുഖഹാക്കൾക്കുമിടയിലെ ഒരു വിധികർത്താവായി ഈ ഗ്രന്ഥം മാറി. ഇറാഖ്, ഈജിപ്ത്, മഗ്‌രിബ് (വടക്കേ ആഫ്രിക്ക), തുടങ്ങിയ ഒട്ടുമിക്ക ലോകരാജ്യങ്ങളിലെയും ജനങ്ങൾ അവലംബിക്കുന്നത് ഈ ഗ്രന്ഥത്തെയാണ്.”
  • ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ തന്റെ ‘തഹ്ദീബുസ്സുനനിൽ’ പറയുന്നു: “അബൂദാവൂദിന്റെ സുനൻ, ഇസ്‌ലാമിക ലോകത്ത് അല്ലാഹു അതിന് നൽകിയ ഉന്നതമായ സ്ഥാനം കാരണം, തർക്കങ്ങൾ പരിഹരിക്കുന്നതിലും വിധികൾ കണ്ടെത്തുന്നതിലും ഇസ്‌ലാമിക സമുദായത്തിന്റെ ഒരു ന്യായാധിപനായി മാറിയിരിക്കുന്നു. ഇസ്‌ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകൾ ഏറ്റവും മനോഹരമായി അദ്ദേഹം ഇതിൽ ക്രമീകരിച്ചു; കൊള്ളരുതാത്ത നിവേദകരെയും ദുർബലരെയും ഇതിൽ നിന്നും അദ്ദേഹം ഒഴിവാക്കി.”
  • ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رَحِمَهُ اللَّهُ തന്റെ ‘അന്നുക്കത്ത് അലാ ഇബ്നുസ്സലാഹ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അബൂദാവൂദ് ചില ഹദീസുകളുടെ വിധി പറയാതെ മൗനം ദീക്ഷിച്ചിട്ടുണ്ട്. അദ്ദേഹം മൗനം ദീക്ഷിച്ചതെല്ലാം ‘ഹസൻ’ (സ്വീകാര്യമായത്) എന്ന സാങ്കേതിക അർത്ഥത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ പാടില്ല. മറിച്ച് അത് പല വിഭാഗങ്ങളിലായി വരുന്നുണ്ട്; അതിൽ സ്വഹീഹൈനിയിലുള്ള (ബുഖാരിയും മുസ്‌ലിമും) ഹദീസുകളുണ്ട്, സ്വതവേ ഹസൻ ആയിട്ടുള്ളവയുണ്ട്, മറ്റ് ഹദീസുകളുടെ പിൻബലത്തോടെ ഹസൻ ആയി മാറുന്നവയുണ്ട് (ഇവ രണ്ടും അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ ധാരാളമാണ്). കൂടാതെ ദുർബലമായ ചില ഹദീസുകളുമുണ്ട്; എന്നാൽ എല്ലാവരും തള്ളിക്കളയാൻ ഏകോപിച്ചിട്ടില്ലാത്ത നിവേദകരുടെ ഹദീസുകൾ മാത്രമാണത്. ഇവയെല്ലാം തന്നെ തെളിവിനായി ഉപയോഗിക്കാൻ അനുയോജ്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.”

ഈ മഹത്തായ ഗ്രന്ഥത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങളും (ശർഹുകൾ) സംഗ്രഹങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. അൽ-ഖത്താബിയുടെ ‘മആലിമുസ്സുനൻ’ (معالم السنن), അൽ-മുൻദിരിയുടെ ‘മുഖ്തസറു സുനൻ അബീദാവൂദ്’ (مختصر سنن أبي داود), ഇബ്നുൽ ഖയ്യിമിന്റെ ‘തഹ്ദീബ് സുനൻ അബീദാവൂദ്’ (تهذيب سنن أبي داود), ‘ശർഹ് ഇബ്നു റസ്‌ലാൻ’ (شرح ابن رسلان), ഇമാം സുയൂത്വിയുടെ ‘മിർഖാത്തുസ്സുഊദ് ഇലാ സുനൻ അബീദാവൂദ്’ (مرقاة الصعود إلى سنن أبي داود), ശംസുൽ ഹഖ് അൽ-അളീം ആബാദിയുടെ ‘ഔനുൽ മഅ്ബൂദ് ശർഹ് സുനൻ അബീദാവൂദ്’ (عون المعبود شرح سنن أبي داود) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

അവസാന നാളുകളും വിയോഗവും

ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ വിന്റെ അവസാന കാലഘട്ടം ഇറാഖിലെ ബസ്വറയിലായിരുന്നു. ഹിജ്റ 255 മുതൽ 270 വരെയുള്ള കാലഘട്ടത്തിൽ ബസ്വറയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ‘ഫിത്നത്തുസ്സൻജ്’ (ഫിത്നത്തുസ്സുനൂജ് – സിഞ്ചികളുടെ കലാപം) എന്ന പേരിൽ വലിയൊരു കലാപം നടന്നു. ഈ കലാപകാരികൾ ബസ്വറയെയും പരിസര പ്രദേശങ്ങളെയും പൂർണ്ണമായും തകർക്കുകയും നശിപ്പിക്കുകയും ചെയ്തു. ബസ്വറക്ക് വലിയ നാശനഷ്ടങ്ങൾ ഇതിലൂടെ സംഭവിച്ചു.

കലാപത്തിന് ശേഷം അപ്പോഴത്തെ അമീറായ അൽ-മുവഫ്ഫഖ്, ഇമാം അബൂദാവൂദിനോട് ബസ്വറയിലേക്ക് താമസം മാറാൻ ആവശ്യപ്പെട്ടു. കേവലം കെട്ടിടങ്ങൾ നിർമ്മിച്ച് ബസ്വറയെ പുനർനിർമ്മിക്കുക എന്നതിലുപരി, ശാസ്ത്രീയമായും വൈജ്ഞാനികമായും ബസ്വറയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ അബൂദാവൂദിനെപ്പോലെയുള്ള പണ്ഡിതന്മാരുടെ സാന്നിധ്യം അനിവാര്യമായിരുന്നു. ഭാഷയുടെയും ഹദീസിന്റെയും കേന്ദ്രമായിരുന്ന ബസ്വറയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ വേണ്ടി അബൂദാവൂദ് അങ്ങോട്ടേക്ക് യാത്ര തിരിച്ചു. ഹിജ്റ 271 മുതൽ 275 വരെ ബസ്വറയിൽ വെച്ച് അദ്ദേഹം തന്റെ ‘സുനൻ’ ജനങ്ങളെ പഠിപ്പിച്ചു.

തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ വിജ്ഞാന സപര്യയിൽ മുഴുകിയ അദ്ദേഹം ഹിജ്റ 275 ശവ്വാൽ മാസം 16-ന് വെള്ളിയാഴ്ച രാവിൽ ഇഹലോകവാസം വെടിഞ്ഞു. തന്റെ മൃതദേഹം കുളിപ്പിക്കാൻ അൽ-ഹസൻ ബിൻ അൽ-മുഥന്നയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. അബ്ബാസ് ബിൻ അബ്ദുൽ വാഹിദ് അൽ-ഹാശിമിയാണ് അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകിയത്. ബസ്വറയിൽ പ്രമുഖ പണ്ഡിതനായ സുഫ്‌യാൻ അഥൗരി رَحِمَهُ اللَّهُ വിന്റെ ഖബറിനരികിലാണ് ഈ മഹാപണ്ഡിതനെയും ഖബറടക്കിയത്.

മുൻഗാമികളിലും പിൻഗാമികളിലുമുള്ള വിശ്വാസികൾക്കിടയിൽ അബൂദാവൂദ് رَحِمَهُ اللَّهُ വിന് മേൽ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗ്ഗത്തിൽ പ്രവാചകൻ ﷺ യോടൊപ്പം അദ്ദേഹത്തെയും നമ്മെയും അല്ലാഹു ഒരുമിച്ചുകൂട്ടട്ടെ.

Share This Article
Leave a Comment