ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി
ഇസ്ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഹദീസ് വിജ്ഞാന ശാഖയിലെ സമാനതകളില്ലാത്ത പ്രതിഭയുമാണ് ഇമാം നസാഈ رَحِمَهُ اللَّهُ. മുൻഗാമികളായ പല പണ്ഡിതന്മാരെയും അപേക്ഷിച്ച് ഹദീസ് നിരൂപണത്തിലും നിവേദകരെ വിലയിരുത്തുന്നതിലും തന്റെ കാലഘട്ടത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്ന മഹാനാണദ്ദേഹം. ഹദീസ് വിജ്ഞാനത്തോടൊപ്പം അഗാധമായ ഉൾക്കാഴ്ചയും, കർമ്മശാസ്ത്ര പാണ്ഡിത്യവും, ഗ്രന്ഥരചനയിലെ അസാമാന്യ പാടവവും മേളിച്ച അദ്ദേഹത്തെ ‘അൽ-ഹാഫിള്’, ‘അൽ-മുഹദ്ദിഥ്’, ‘അഥ്ഥബ്ത്’, ‘അന്നാഖിദ്’, ‘അൽ-ഫഖീഹ്’ എന്നീ വിശേഷണങ്ങളാലാണ് പണ്ഡിതലോകം വിളിക്കുന്നത്. ലോകപ്രശസ്തമായ ‘സുനനുൻ നസാഈ’ എന്ന മഹത്തായ ഗ്രന്ഥത്തിന്റെ കർത്താവാണ് അദ്ദേഹം.
പേരും ജനനവും
അബൂ അബ്ദുറഹ്മാൻ അഹ്മദ് ബിൻ ശുഐബ് ബിൻ അലി ബിൻ സിനാൻ ബിൻ ബഹ്ർ അൽ-ഖുറാസാനി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ഹിജ്റ 215-ൽ ഖുറാസാനിലെ ‘നസാ’ എന്ന ദേശത്താണ് അദ്ദേഹം ജനിച്ചത്. ആ ദേശത്തേക്ക് ചേർത്തിക്കൊണ്ടാണ് അദ്ദേഹം ‘അന്നസാഈ’ എന്ന് അറിയപ്പെടുന്നത്.
‘നസാ’ എന്ന പേരിന് പിന്നിലെ ചരിത്രത്തെക്കുറിച്ച് പണ്ഡിതന്മാർ ഇപ്രകാരം രേഖപ്പെടുത്തുന്നു: മുസ്ലിം സൈന്യം ഖുറാസാനിലേക്ക് എത്തിയപ്പോൾ ഈ പ്രദേശത്തേക്ക് അവർ കടന്നുചെന്നു. ഈ വിവരമറിഞ്ഞ അവിടത്തെ പുരുഷന്മാരെല്ലാം ഭയന്നോടിപ്പോയി; സ്ത്രീകൾ മാത്രമാണ് അവിടെ അവശേഷിച്ചത്. മുസ്ലിം സൈന്യം അവിടെ എത്തിയപ്പോൾ പുരുഷന്മാരെയാരെയും കണ്ടില്ല. അതിനാൽ അവർ പറഞ്ഞു: “ഇവർ സ്ത്രീകളാണ്, സ്ത്രീകൾ നമ്മോട് യുദ്ധം ചെയ്യുകയില്ല. അതിനാൽ ഇവരുടെ പുരുഷന്മാർ മടങ്ങിവരുന്നത് വരെ ഇവരുടെ കാര്യം നമുക്ക് മാറ്റിവെക്കാം (നൻസഉ അംറഹാ).” അങ്ങനെ അവർ അവിടെ നിന്നും തിരിച്ചുപോയി. മാറ്റിവെക്കുക എന്നർത്ഥം വരുന്ന ഈ വാക്കിൽ നിന്നാണ് ആ ദേശത്തിന് ‘നസാ’ എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു.
വിജ്ഞാനാന്വേഷണവും അഖീദയും
മറ്റ് പണ്ഡിതന്മാരെപ്പോലെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം വിജ്ഞാനം തേടിയുള്ള യാത്രകൾ ആരംഭിച്ചിരുന്നു. ഖുറാസാൻ, ഹിജാസ് (മക്കയും മദീനയും), ഈജിപ്ത്, ഇറാഖ്, അൽ-ജസീറ, ശാമ് (സിറിയ), ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിർത്തി പ്രദേശങ്ങൾ (ഥുഗൂർ) എന്നിവിടങ്ങളിലേക്കെല്ലാം അദ്ദേഹം യാത്ര ചെയ്തു. അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന അത്യുന്നതരായ മഹാപണ്ഡിതന്മാരുമായി സന്ധിക്കാനും അവരിൽ നിന്ന് വിജ്ഞാനം നുകരാനും അദ്ദേഹത്തിന് സാധിച്ചു. ഒടുവിൽ അദ്ദേഹം ഈജിപ്തിൽ സ്ഥിരതാമസമാക്കി. പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അദ്ദേഹത്തെ തേടി ഈജിപ്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് ചരിത്രം കണ്ടത്. ഈ വിജ്ഞാന ശാഖയിൽ അദ്ദേഹത്തിന് കിടപിടിക്കാൻ അക്കാലത്ത് മറ്റാരുമുണ്ടായിരുന്നില്ല.
അഹ്ലുസ്സുന്ന വൽ ജമാഅയുടെ അഖീദയിലായിരുന്നു ഇമാം നസാഈ رَحِمَهُ اللَّهُ പൂർണ്ണമായും നിലകൊണ്ടിരുന്നത്. അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങൾ (അസ്മാഉസ്വഫാത്ത്), ഈമാൻ, സ്വഹാബികളോടുള്ള നിലപാട് തുടങ്ങി സർവ്വ വിഷയങ്ങളിലും അദ്ദേഹം അഹ്ലുസ്സുന്നയുടെ വിശ്വാസം മുറുകെപ്പിടിച്ചു. ഹദീസ് സ്വീകരിക്കുന്ന കാര്യത്തിൽ, വിശിഷ്യാ നിവേദകരെ വിലയിരുത്തുന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ കണിശത പുലർത്തിയിരുന്ന പണ്ഡിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. നബി ﷺ യുടെ സുന്നത്തിന് യാതൊരുവിധ കോട്ടവും തട്ടാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ജാഗ്രതയായിരുന്നു ഇതിന് കാരണം.
പണ്ഡിതന്മാരുടെ പ്രശംസകൾ
ഇമാം നസാഈ رَحِمَهُ اللَّهُ വിന്റെ പാണ്ഡിത്യത്തെക്കുറിച്ച് പണ്ഡിതന്മാർ ഒട്ടനവധി പ്രശംസകൾ രേഖപ്പെടുത്തിയിട്ടുണ്ട്:
- ഹാഫിള് ഇബ്നു കസീർ رَحِمَهُ اللَّهُ പറയുന്നു: “തന്റെ കാലഘട്ടത്തിലെ ഇമാമും, സമകാലികരായ പണ്ഡിതന്മാരേക്കാൾ മുൻപന്തിയിലുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും, ഹദീസ് കേൾക്കുന്നതിലും അത്യുന്നതരായ പണ്ഡിതന്മാരുമായി സംവദിക്കുന്നതിലും അദ്ദേഹം മുഴുകുകയും ചെയ്തു.”
- മുഅർരിഖുൽ ഇസ്ലാം ഇമാം അദ്ദഹബി رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹം ഇമാം മുസ്ലിമിനേക്കാൾ വലിയ ഹാഫിളാണ്.” ഇമാം അദ്ദഹബിയെപ്പോലെയുള്ള ഒരു പണ്ഡിതന്റെ ഈ സാക്ഷ്യം ഇമാം നസാഈയുടെ പദവിയുടെ വലുപ്പം വിളിച്ചറിയിക്കുന്നു. മറ്റൊരു സ്ഥലത്ത് അദ്ദഹബി അദ്ദേഹത്തെ “ഇമാം, അൽ-ഹാഫിള്, അഥ്ഥബ്ത്, ശൈഖുൽ ഇസ്ലാം, നാഖിദുൽ ഹദീസ്” എന്നാണ് വിശേഷിപ്പിച്ചത്.
- ഇബ്നു അദി رَحِمَهُ اللَّهُ: മൻസൂർ അൽ-ഫഖീഹ്, അഹ്മദ് ബിൻ മുഹമ്മദ് ബിൻ സലാം അത്ത്വഹാവി എന്നിവർ ഇപ്രകാരം പറയുന്നത് താൻ കേട്ടുവെന്ന് അദ്ദേഹം ഉദ്ധരിക്കുന്നു: “അബൂ അബ്ദുറഹ്മാൻ അന്നസാഈ മുസ്ലിംകളുടെ ഇമാമുമാരിൽ ഒരു ഇമാമാണ്.”
- അബൂ അബ്ദുറഹ്മാൻ അന്നൈസാപൂരി رَحِمَهُ اللَّهُ പറയുന്നു: “അബൂ അബ്ദുറഹ്മാൻ അന്നസാഈ യാതൊരു തർക്കവുമില്ലാതെ ഹദീസിലെ ഇമാമാണ്.”
- ഇമാം അദ്ദാറഖുത്നി رَحِمَهُ اللَّهُ പറയുന്നു: “തന്റെ കാലഘട്ടത്തിൽ ഈ വിജ്ഞാന ശാഖയുമായി ബന്ധപ്പെട്ട് ഓർമ്മിക്കപ്പെടുന്നവരിൽ വെച്ച് ഏറ്റവും മുൻപന്തിയിലുള്ള വ്യക്തിയാണ് അദ്ദേഹം.”
- അൽ-ഹാകിം അന്നൈസാപൂരി رَحِمَهُ اللَّهُ പറയുന്നു: “ഹദീസിന്റെ ഫിഖ്ഹുമായി ബന്ധപ്പെട്ട് ഇമാം നസാഈയുടെ സംസാരം വളരെ കൂടുതലാണ്. അദ്ദേഹത്തിന്റെ ‘സുനൻ’ പരിശോധിക്കുന്ന ഏതൊരാളും അദ്ദേഹത്തിന്റെ വാക്കുകളുടെ മനോഹാരിത കണ്ട് അത്ഭുതപ്പെട്ടുപോകും.”
- ഇബ്നുൽ അഥീർ رَحِمَهُ اللَّهُ പറയുന്നു: “അദ്ദേഹം ശാഫിഈ മദ്ഹബ് പിൻപറ്റുന്ന ആളായിരുന്നു; ശാഫിഈ മദ്ഹബനുസരിച്ചുള്ള ഹജ്ജ് കർമ്മങ്ങളുടെ ഗ്രന്ഥം അദ്ദേഹത്തിനുണ്ട്. അങ്ങേയറ്റം സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.”
- അബൂ അലി അന്നൈസാപൂരി رَحِمَهُ اللَّهُ പറയുന്നു: “യാതൊരു തർക്കവുമില്ലാതെ ഹദീസിലെ ഇമാമായ അബൂ അബ്ദുറഹ്മാൻ അന്നസാഈ ഞങ്ങൾക്ക് ഹദീസ് പറഞ്ഞുതന്നു…”
- മുഹമ്മദ് ബിൻ അൽ-മുദഫ്ഫർ رَحِمَهُ اللَّهُ പറയുന്നു: “ഈജിപ്തിലെ ഞങ്ങളുടെ ശൈഖുമാർ ഇമാം നസാഈയെക്കുറിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘അദ്ദേഹം രാവും പകലും ആരാധനകളിൽ മുഴുകിയിരുന്ന വ്യക്തിയായിരുന്നു. ഈജിപ്തിലെ അമീറിനൊപ്പം അദ്ദേഹം ഫിദാഇലേക്ക് (ജിഹാദിലേക്ക്) പുറപ്പെട്ടു. അവിടെവെച്ച് അദ്ദേഹത്തിന്റെ ധീരതയും, മുസ്ലിംകൾക്ക് വേണ്ടി സുന്നത്തുകൾ നിലനിർത്തുന്നതിലുള്ള അദ്ദേഹത്തിന്റെ താല്പര്യവും വളരെ പ്രകടമായിരുന്നു. അമീറിനൊപ്പം പുറപ്പെട്ടെങ്കിലും അമീറിന്റെ സദസ്സുകളിൽ നിന്നും വിരുന്നുകളിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. അവസാനം ഖവാരിജുകളാൽ ഡമാസ്കസിൽ വെച്ച് അദ്ദേഹം രക്തസാക്ഷിയാകുന്നത് (ശഹീദാകുന്നത്) വരെ ആ അവസ്ഥയിൽ തന്നെ അദ്ദേഹം തുടർന്നു.'”
- മഅ്മൂൻ അൽ-മിസ്രി رَحِمَهُ اللَّهُ പറയുന്നു: “ഫിദാഇന്റെ വർഷം ഞങ്ങൾ ഇമാം നസാഈയോടൊപ്പം ത്വറസൂസിലേക്ക് പോയി. അവിടെ അബ്ദുല്ല ബിൻ ഇമാം അഹ്മദ് ബിൻ ഹൻബൽ, മുഹമ്മദ് ബിൻ ഇബ്രാഹീം തുടങ്ങിയ വലിയ പണ്ഡിതന്മാരുടെ ഒരു സംഘം ഒരുമിച്ചുകൂടിയിരുന്നു. ഹദീസുകൾ സ്വീകരിക്കാനായി ശൈഖുമാരെ തിരഞ്ഞെടുക്കാൻ അവർ പരസ്പരം കൂടിയാലോചിച്ചപ്പോൾ, അവരെല്ലാവരും ഏകാഭിപ്രായത്തിൽ തിരഞ്ഞെടുത്തത് അബൂ അബ്ദുറഹ്മാൻ അന്നസാഈയെയാണ്.”
- അബൂ ത്വാൽബ് അഹ്മദ് ബിൻ നസ്ർ رَحِمَهُ اللَّهُ പറയുന്നു: “നസാഈ സഹിച്ചതുപോലെ ക്ഷമിക്കാൻ ആർക്കാണ് കഴിയുക? അദ്ദേഹത്തിന്റെ പക്കൽ ഇബ്നു ലഹീഅയുടെ ഹദീസുണ്ടായിരുന്നു; അത് ഖുതൈബ ബിൻ സഈദ് വഴി അദ്ദേഹത്തിന് ലഭിച്ചതാണ്. എന്നാൽ അദ്ദേഹം ആ ഹദീസ് റിപ്പോർട്ട് ചെയ്തില്ല.” (ദുർബലനായ ഇബ്നു ലഹീഅയുടെ ഹദീസ് സ്വീകരിക്കുന്നതിലെ പണ്ഡിതന്മാരുടെ ഭിന്നാഭിപ്രായങ്ങൾ പരിഗണിച്ച്, സൂക്ഷ്മതയുടെ ഭാഗമായി ആ ഹദീസ് അദ്ദേഹം ഒഴിവാക്കി എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്).
അൽ-ഹാരിഥ് ബിൻ മിസ്കീനുമായുള്ള സംഭവം
ഇമാം നസാഈ رَحِمَهُ اللَّهُ വിന് തന്റെ ശൈഖായ അൽ-ഹാരിഥ് ബിൻ മിസ്കീനുമായി (പ്രമുഖ ഹദീസ് പണ്ഡിതൻ) നടന്ന ഒരു സംഭവം വിജ്ഞാനാന്വേഷകർക്ക് വലിയ പാഠം നൽകുന്നതാണ്. ഇമാം നസാഈ സമ്പന്നനും സുമുഖനും ഉയരമുള്ള വ്യക്തിയുമായിരുന്നു. തന്റെ വസ്ത്രധാരണത്തിൽ അദ്ദേഹം വലിയ ശ്രദ്ധ പുലർത്തിയിരുന്നു. അദ്ദേഹം ഈജിപ്തിൽ അൽ-ഹാരിഥ് ബിൻ മിസ്കീനിൽ നിന്നും ഹദീസ് പഠിക്കാൻ ചെന്നു. ഉയരമുള്ള തൊപ്പിയും (ഖലൻസുവ), ഭംഗിയുള്ള മേൽക്കുപ്പായവും (ഖബാഅ്) ധരിച്ചാണ് അദ്ദേഹം സദസ്സിലെത്തിയത്.
ആ കാലഘട്ടം ‘ഖുർആൻ സൃഷ്ടിയാണെന്ന’ വാദവുമായി ബന്ധപ്പെട്ട മിഹ്നത്തിന്റെ (പരീക്ഷണങ്ങളുടെയും ഭരണകൂട പീഡനങ്ങളുടെയും) സമയമായിരുന്നു. അൽ-ഹാരിഥ് ബിൻ മിസ്കീൻ ഭരണകൂടത്തെ വല്ലാതെ ഭയപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അത്. ഇമാം നസാഈയുടെ ഈ വേഷം കണ്ടപ്പോൾ, ഭരണകൂടം തന്നെ നിരീക്ഷിക്കാൻ അയച്ച വല്ല ചാരനുമായിരിക്കുമോ ഇദ്ദേഹം എന്ന് അൽ-ഹാരിഥ് ഭയന്നു. ഇമാം നസാഈ ഹദീസ് പറയാൻ ആവശ്യപ്പെട്ടപ്പോൾ, അൽ-ഹാരിഥ് അത് നിരസിക്കുകയും അദ്ദേഹത്തെ തന്റെ സദസ്സിൽ നിന്നും പുറത്താക്കുകയും ചെയ്തു.
എന്നാൽ ഇമാം നസാഈ رَحِمَهُ اللَّهُ പിന്തിരിഞ്ഞുപോയില്ല. അദ്ദേഹം അൽ-ഹാരിഥിന്റെ വീടിന്റെ വാതിലിന് പിന്നിലിരുന്ന് അദ്ദേഹം പറയുന്നത് കേട്ട് പഠിക്കാൻ തുടങ്ങി. അതുകൊണ്ടാണ് സുനനുൻ നസാഈയിൽ അൽ-ഹാരിഥ് ബിൻ മിസ്കീനിൽ നിന്നും ഉദ്ധരിക്കുന്ന ഡസൻ കണക്കിന് ഹദീസുകളിൽ “ഹദ്ദഥനാ അൽ-ഹാരിഥ്” (അൽ-ഹാരിഥ് ഞങ്ങൾക്ക് പറഞ്ഞുതന്നു) എന്ന് പറയാതെ, അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ “ഖാല അൽ-ഹാരിഥ് ഇബ്നു മിസ്കീൻ ഖിറാഅത്തൻ അലൈഹി വഅന അസ്മഉ” (അൽ-ഹാരിഥ് ബിൻ മിസ്കീനിന് വായിച്ചുകേൾപ്പിക്കപ്പെട്ടപ്പോൾ ഞാൻ കേട്ടുനിൽക്കെ അദ്ദേഹം പറഞ്ഞു) എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. (ചില അച്ചടി പ്രതികളിൽ ഇത് ‘ഹദ്ദഥനാ അൽ-ഹാരിഥ്’ എന്ന് കാണുന്നത് അബദ്ധമാണ്).
ഗുരുക്കന്മാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പരുഷമായ പെരുമാറ്റങ്ങളിൽ വിദ്യാർത്ഥികൾ ക്ഷമ കൈക്കൊള്ളണം എന്ന വലിയൊരു പാഠമാണ് ഇത് നൽകുന്നത്. സുഫ്യാൻ ബിൻ ഉയൈന رَحِمَهُ اللَّهُ വിനോട് ചിലർ പറഞ്ഞു: “ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ താങ്കളെത്തേടി വരുന്നുണ്ട്, താങ്കൾ അവരോട് ദേഷ്യപ്പെട്ടാൽ അവർ താങ്കളെ വിട്ടുപോകാൻ സാധ്യതയുണ്ട്.” അപ്പോൾ അദ്ദേഹം പറഞ്ഞു: “എന്റെ മോശമായ സ്വഭാവത്തിന്റെ പേരിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന വിജ്ഞാനം അവർ ഉപേക്ഷിച്ചു പോകുന്നുവെങ്കിൽ അവരും നിങ്ങളെപ്പോലെ വിഡ്ഢികൾ തന്നെ.” കവി പാടിയതുപോലെ: “അധ്യാപകനും ഭിഷഗ്വരനും ആദരിക്കപ്പെട്ടില്ലെങ്കിൽ അവർ ഗുണദോഷിക്കുകയില്ല; അതിനാൽ വൈദ്യനെ അപമാനിച്ചാൽ നിന്റെ രോഗത്തിലും, അധ്യാപകനോട് പരുഷമായി പെരുമാറിയാൽ നിന്റെ അജ്ഞതയിലും നീ ക്ഷമിച്ചുകൊള്ളുക.”
ഗുരുക്കന്മാരും ശിഷ്യന്മാരും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ഇമാം നസാഈ رَحِمَهُ اللَّهُ വിന്റെ ഗുരുക്കന്മാരെ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. എങ്കിലും അവരിൽ പ്രമുഖരായ ചിലർ താഴെ പറയുന്നവരാണ്: വാതിലിന് പിന്നിലിരുന്ന് ഹദീസ് പഠിച്ച അൽ-ഹാരിഥ് ബിൻ മിസ്കീൻ, സുനനുകളുടെ രചയിതാക്കളുടെ പൊതുവായ ശൈഖായ ഖുതൈബ ബിൻ സഈദ് അൽ-ബൽഖി അൽ-ബഗ്ലാനി, ഇസ്ഹാഖ് ബിൻ ഇബ്രാഹീം അൽ-ഹൻദലി (ഇബ്നു റാഹവൈഹി), ഹിശാം ബിൻ അമ്മാർ, ഹന്നാദ് ബിൻ അസ്സരി, മുഹമ്മദ് ബിൻ ബശ്ശാാർ, അംറ് ബിൻ അലി അൽ-ഫല്ലാസ്, മുഹമ്മദ് ബിൻ ആദം അൽ-മിസ്വീസി, നസ്ർ ബിൻ അലി അൽ-ജഹ്ദമി, യഅ്ഖൂബ് അദ്ദൗറഖി, ഹസൻ അൽ-ബസ്സാാർ رَحِمَهُمُ اللَّهُ എന്നിവർ അവരിൽ ചിലർ മാത്രമാണ്.
അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും പിൽക്കാലത്ത് വലിയ പണ്ഡിതന്മാരായി മാറിയവരാണ്. മൂന്ന് മുഅ്ജമുകളുടെ (അൽ-മആജിമുഥ്ഥലാഥ) രചയിതാവായ അബുൽ ഖാസിം സുലൈമാൻ ബിൻ അഹ്മദ് അത്ത്വബറാനി, ഇമാം അബൂ ജഅ്ഫർ അത്ത്വഹാവി, ഹാഫിള് അബൂ അലി അന്നൈസാപൂരി, അബൂ ബിശ്ർ അദ്ദൂലാബി, സുനനുസ്സുഗ്റയുടെ (അൽ-മുജ്തബ) പ്രധാന നിവേദകനായ അബൂബക്കർ ഇബ്നുസ്സുന്നി, ഹംസ ബിൻ മുഹമ്മദ് അൽ-കിനാനി, വ്യാകരണ പണ്ഡിതനായ മുഹമ്മദ് ബിൻ ഇസ്മാഈൽ അന്നഹ്ഹാസ്, അൽ-ഹസൻ ബിൻ അൽ-അഖ്ദർ അൽ-അസ്യൂത്വി, അദ്ദേഹത്തിന്റെ മകൻ അബ്ദുൽ കരീം ബിൻ അബീ അബ്ദുറഹ്മാൻ അന്നസാഈ رَحِمَهُمُ اللَّهُ തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു.
ആരാധനയും വ്യക്തിജീവിതവും
ഇമാം നസാഈ رَحِمَهُ اللَّهُ വലിയൊരു ആബിദും യോദ്ധാവുമായിരുന്നു. രാവും പകലും അദ്ദേഹം ആരാധനകളിൽ മുഴുകി. നിരന്തരമായി ഹജ്ജ് ചെയ്യുകയും ജിഹാദിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്ന പ്രകൃതക്കാരനായിരുന്നു (ദാവൂദ് നബിയുടെ നോമ്പ്). അദ്ദേഹത്തിന് നാല് ഭാര്യമാരും രണ്ട് അടിമസ്ത്രീകളുമുണ്ടായിരുന്നു; അവർക്കിടയിൽ തികഞ്ഞ നീതി പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. സുമുഖനും പ്രസന്നവദനനുമായിരുന്നു അദ്ദേഹം.
ഗ്രന്ഥരചനകളും ‘അൽ-മുജ്തബ’യുടെ സവിശേഷതകളും
വിവിധ വിജ്ഞാന ശാഖകളിലായി മഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ ‘അസ്സുനനുൽ കുബ്റ’ (السنن الكبرى), സിഹാഹുസ്സിത്തയിൽ ഉൾപ്പെടുന്ന ‘അൽ-മുജ്തബ’ എന്നറിയപ്പെടുന്ന ‘അസ്സുനനുസ്സുഗ്റ’ (السنن الصغرى), മുസ്നദ് അലി ബിൻ അബീ ത്വാൽബ്, തഫ്സീർ, അദ്ദുവഫാഉ വൽ മത്റൂകൂൻ, ഫദാഇലുസ്സഹാബ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.
സിഹാഹുസ്സിത്തയിൽ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ‘അൽ-മുജ്തബ’ എന്ന ഗ്രന്ഥം, ബുഖാരിക്കും മുസ്ലിമിനും ശേഷം ഏറ്റവും കുറഞ്ഞ തോതിൽ ദുർബലമായ ഹദീസുകളോ, വിമർശിക്കപ്പെട്ട നിവേദകരോ ഉള്ള ഗ്രന്ഥമാണ്. ഹദീസ് സ്വീകരിക്കുന്നതിലെ അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ കണിശതയാണിതിന് കാരണം. ഹാഫിള് ഇബ്നു ത്വാഹിർ رَحِمَهُ اللَّهُ ഉദ്ധരിക്കുന്ന ഒരു സംഭവം ഇത് വ്യക്തമാക്കുന്നു: “ഞാൻ സഅ്ദ് ബിൻ അലി അസ്സൻജാനിയോട് ഒരു നിവേദകനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ആ നിവേദകനെ വിശ്വസ്തനാണെന്ന് സാക്ഷ്യപ്പെടുത്തി. അപ്പോൾ ഞാൻ പറഞ്ഞു, ഇമാം നസാഈ അദ്ദേഹത്തെ ദുർബലനാക്കിയിട്ടുണ്ടല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘മകനേ, അബൂ അബ്ദുറഹ്മാൻ അന്നസാഈക്ക് നിവേദകരുടെ കാര്യത്തിലുള്ള നിബന്ധനകൾ ബുഖാരിയുടേതിനേക്കാളും മുസ്ലിമിന്റേതിനേക്കാളും കർശനമാണ്.’ ഇത് ശരിയുമാണ്; കാരണം ബുഖാരിയിലും മുസ്ലിമിലുമുള്ള ചില നിവേദകരെപ്പോലും അദ്ദേഹം ദുർബലരാക്കിയിട്ടുണ്ട്.”
ഫിഖ്ഹും ഇസ്നാദും ഒരുപോലെ കോർത്തിണക്കിയ അപാരമായ ശൈലിയാണ് അൽ-മുജ്തബയിലുള്ളത്. അദ്ദേഹം ഹദീസുകളെ കൃത്യമായ അധ്യായങ്ങളായി തിരിക്കുകയും, അതിസൂക്ഷ്മമായ തലക്കെട്ടുകൾ നൽകുകയും ചെയ്തു. ഒരേ ഹദീസിന്റെ വ്യത്യസ്ത നിവേദക പരമ്പരകൾ ഒരിടത്ത് തന്നെ ക്രോഡീകരിക്കുന്ന അദ്ദേഹത്തിന്റെ ശൈലി അങ്ങേയറ്റം പ്രശംസനീയമാണ്.
ഇമാം നസാഈന്റെ ജീവിതത്തിലെ മഹത്തായ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ അന്ത്യവും അടുത്ത ഭാഗത്തിൽ വിശദീകരിക്കുന്നതാണ്.

