യാസിൻ അൽ ഹികമി
മനുഷ്യൻ തനിക്ക് ഒരവസാനമുണ്ട്, ഒരു മരണമുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ അവൻ്റെ മനസ്സിനെ അലട്ടുന്ന ചില ഉത്കണ്ഠകളുണ്ട്. മരണപ്പെട്ടിട്ട് പിന്നെ ഞാൻ എങ്ങോട്ടാണ് പോകുന്നത്? ഞാൻ എന്തിനാണ് ഇവിടെ ജീവിക്കുന്നത്? എങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത്? കേവലം ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. അവരെ സംബന്ധിച്ചിടത്തോളം എല്ലാം തികഞ്ഞ ആകസ്മികതകൾ മാത്രമാണ്. അവർക്ക് ഈ ലോകം എന്നുള്ളത് വളരെ പരിമിതമായ, കുറഞ്ഞ സമയം മാത്രമുള്ള ലോകമാണ്. ഇവിടെയുള്ള തകർച്ചകൾ, അതിൽ അനുഭവിക്കുന്ന വേദനകൾ, കഷ്ടതകൾ എന്നിവയിലൊക്കെയാണ് അവരുടെ ലോകം അവസാനിക്കുന്നത്.
എന്നാൽ നിരീശ്വരവാദികൾക്ക് ജീവിതത്തിന് ഒരർത്ഥമോ ലക്ഷ്യമോ പറയാൻ ഒരിക്കലും സാധ്യമല്ല. കാരണം അവരുടെ വാദപ്രകാരം ഈ പ്രപഞ്ചത്തിലുള്ള എല്ലാം—നാം അടക്കം—താനേ ഉണ്ടായതാണ്. നമ്മുടെ ചുറ്റും ജീവിക്കുന്ന മറ്റു ജീവജാലങ്ങളെ പോലെ തന്നെ നമ്മളും യാതൊരു ലക്ഷ്യവുമില്ലാതെ ഉണ്ടായതാണ്. അവരുടെ ഭാഷ്യപ്രകാരം, കുറച്ചു കാലങ്ങൾക്ക് മുമ്പ് പ്രകൃതി നിർദ്ധാരണത്തിലൂടെയും ഉൽപരിവർത്തനത്തിലൂടെയും ഏറ്റവും അതിജീവിക്കാൻ ശേഷിയുള്ളവ മാത്രം പ്രകൃതിയിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോയി; അതിജീവിക്കാൻ സാധിക്കാത്തവ നാശമടഞ്ഞു. ആ അതിജീവനത്തിൻ്റെ ഭാഗമായി അനേകം മാറ്റങ്ങൾ സംഭവിച്ചു. അങ്ങനെ ദീർഘകാലം കൊണ്ട് ഉണ്ടായ, യാതൊരു ലക്ഷ്യവുമില്ലാത്ത അന്ധമായ ഒരു പ്രക്രിയയിലൂടെ രൂപപ്പെട്ട നിരവധി ജീവജാലങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. ഇവർ മുന്നോട്ടുവെക്കുന്ന ഈ പരിണാമം മാത്രമാണ് നമ്മുടെ അസ്തിത്വത്തിൻ്റെ നിദാനമെങ്കിൽ, മനുഷ്യൻ്റെ ജീവിതത്തിന് ഒരു അർത്ഥവും കണ്ടെത്താൻ അവർക്ക് സാധിക്കുകയില്ല. അത് തീർത്തും അർത്ഥശൂന്യമായ ഒരു ജീവിതമായി മാറും.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം, അവൻ്റെ ലോകവീക്ഷണം പ്രകാരം ഈ പ്രപഞ്ചത്തിലുള്ള യാതൊന്നും വെറുതെ ഉണ്ടായതല്ല; ഒന്നും താനേ ഉണ്ടായതുമല്ല. എല്ലാത്തിനും കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഈ പ്രപഞ്ചത്തിൽ നാം എന്ത് നോക്കിയാലും അതിനൊക്കെ കൃത്യമായ ലക്ഷ്യങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കുവാൻ സാധിക്കും. അങ്ങനെ ലക്ഷ്യങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഓരോ പ്രതിഭാസങ്ങളും സൃഷ്ടിജാലങ്ങളും ഒരുമിച്ചു ചേർന്ന ഈ പ്രപഞ്ചത്തിനും സ്വാഭാവികമായും പരമമായ ഒരു ലക്ഷ്യമുണ്ടാകും. ആ ലക്ഷ്യത്തെ തിരിച്ചറിയുക എന്നുള്ളതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തൻ്റെ ജീവിതത്തിൽ നിർവ്വഹിക്കാനുള്ളത്. അല്ലാഹു ആ ലക്ഷ്യം എന്താണെന്ന് വിശുദ്ധ ഖുർആനിലൂടെ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്:
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. 1
അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. ആരാധിക്കുക എന്ന് പറയുമ്പോൾ അതിനുമുമ്പ് നാം അവനെക്കുറിച്ച് അറിയുകയും പഠിക്കുകയും വേണം. അല്ലാഹുവിനെക്കുറിച്ച് ശരിയായി മനസ്സിലാക്കി, അവനെ മാത്രം ആരാധിക്കുക എന്നതാണ് സൃഷ്ടിപ്പിൻ്റെ പൊരുൾ. അല്ലാഹു സുബ്ഹാനഹു വതആല മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് യഥാർത്ഥമായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. ആ ലക്ഷ്യത്തെ സാക്ഷാത്കരിച്ച്, തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തി ജീവിതം ചിട്ടപ്പെടുത്തുകയാണെങ്കിൽ, നീതിയുടെ ലോകമായ പരലോകത്ത് അവനതിൻ്റെ പ്രതിഫലമായി സ്വർഗ്ഗമുണ്ട്. എന്നാൽ ആ ബാധ്യതയെ വിസ്മരിച്ചുകൊണ്ട് ഇവിടെ ജീവിക്കുകയാണെങ്കിൽ, പരലോകത്ത് അതിന് കൃത്യമായ വിചാരണയും ശിക്ഷയുമുണ്ട് എന്നതാണ് വിശ്വാസികളുടെ കാഴ്ചപ്പാട്.
നമ്മുടെ ജീവിതത്തിൻ്റെ ഈ ലക്ഷ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. അവർക്ക് വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു നൽകി. അല്ലാഹുവിനെ കുറിച്ച് അറിയുവാനും, അവനെ മാത്രം ആരാധിക്കുവാനും, അതിൻ്റെ രീതികൾ പഠിപ്പിക്കുവാനുമാണ് അവർ നിയോഗിക്കപ്പെട്ടത്. ആ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി ﷺ. പ്രവാചകൻ ﷺ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും കൃത്യമായ നിയമങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
ഇസ്ലാം മതപ്രകാരം ഒരു മുസ്ലിം തൻ്റെ ജീവിതത്തിൽ നിർവഹിക്കുന്ന എന്ത് പ്രവർത്തനമാണെങ്കിലും അതിൽ അഞ്ചിലൊരു വിധി ബാധകമാണ്. ഒന്നുകിൽ ആ പ്രവർത്തനം നിർബന്ധമായിരിക്കും. അല്ലെങ്കിൽ പ്രതിഫലാർഹവും എന്നാൽ ഉപേക്ഷിച്ചാൽ കുറ്റമില്ലാത്തതുമായ സുന്നത്തായിരിക്കും. അതുമല്ലെങ്കിൽ അനുവദനീയമായിരിക്കും. അഥവാ ചെയ്താൽ ശിക്ഷ ലഭിക്കുന്ന നിഷിദ്ധമായിരിക്കും. അതുമല്ലെങ്കിൽ ഉപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കുന്നതും ചെയ്താൽ ശിക്ഷയില്ലാത്തതുമായ കറുക്കപ്പെട്ട കാര്യമായിരിക്കും.
ഒരു പാത്രം വെള്ളം കുടിക്കുന്ന കാര്യം തന്നെയെടുക്കുക; ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് വെറുതെയാകുന്നില്ല. ദാഹം ശമിപ്പിക്കാൻ വേണ്ടി മാത്രം കുടിച്ചാൽ അത് അനുവദനീയമാണ്. എന്നാൽ, ആ വെള്ളം കുടിക്കുമ്പോൾ, ‘എൻ്റെ ആരോഗ്യം നിലനിർത്തി നന്മകൾ പ്രവർത്തിക്കണം, എൻ്റെ രക്ഷിതാവിൻ്റെ പൊരുത്തം നേടിയെടുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം, സമൂഹത്തിന് നന്മകൾ നിർവഹിക്കണം’ എന്ന ചിന്തയോടും ബോധത്തോടും കൂടിയാണ് കുടിക്കുന്നതെങ്കിൽ അത് ഒരു പുണ്യകർമ്മമായി മാറുകയാണ്. എന്നാൽ ജീവൻ നിലനിർത്തുവാൻ വേണ്ടി ദാഹിച്ചു വലഞ്ഞ സമയത്ത് വെള്ളം കുടിക്കുകയാണെങ്കിൽ അത് അവന് നിർബന്ധമാണ്. മറിച്ച്, സമൂഹത്തിൽ ദ്രോഹങ്ങളോ തിന്മകളോ ചെയ്യാൻ ശക്തി സംഭരിക്കാൻ വേണ്ടിയാണ് കുടിക്കുന്നതെങ്കിൽ അത് അവനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായി മാറുകയാണ്.
വ്യക്തിഗതമായി ജീവിതത്തിൽ ഒരു വിശ്വാസിക്ക് ലക്ഷ്യങ്ങൾ ഉണ്ടാകുന്നതിനെ ഇസ്ലാം ഒരിക്കലും എതിർക്കുന്നില്ല. ആത്യന്തികമായ ജീവിതലക്ഷ്യം അല്ലാഹുവിൻ്റെ പൊരുത്തവും തൃപ്തിയും നേടിയെടുക്കലാണെങ്കിലും, ഓരോ വ്യക്തിക്കും വ്യത്യസ്തമായ ലക്ഷ്യങ്ങൾ ഉണ്ടാകാം. ഒരു വിദ്യാർത്ഥിക്ക് ഡോക്ടറോ എഞ്ചിനീയറോ ആകണം, അല്ലെങ്കിൽ ഒരു പ്രത്യേക മേഖലയിൽ സമൂഹത്തിന് സേവനം ചെയ്യണം എന്നൊക്കെ ലക്ഷ്യങ്ങളുണ്ടാകാം. ആത്യന്തികമായ ലക്ഷ്യത്തിന് എതിരാകാത്ത വിധത്തിലുള്ള ഇത്തരം വ്യക്തിഗത ലക്ഷ്യങ്ങൾ വിശ്വാസികൾക്ക് ഉണ്ടാകുന്നതിൽ തെറ്റില്ല. എന്നിരുന്നാലും ഒരു വിശ്വാസിക്ക് തൻ്റെ ജീവിതത്തിൽ നേടിയെടുക്കാവുന്ന ഏറ്റവും മഹത്തായ കാര്യം ഇസ്ലാമിക വിജ്ഞാനം നേടിയെടുക്കലും, അത് ജീവിതത്തിൽ പകർത്തലും, മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കലുമാണ്. അതാണ് പ്രവാചകന്മാരുടെ പാതയും മാതൃകയും.
കൃത്യമായ ലക്ഷ്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോഴേ നമ്മുടെ സമയം അർത്ഥവത്തായി വിനിയോഗിക്കാൻ സാധിക്കുകയുള്ളൂ. താൻ കടന്നുപോകുന്ന ഓരോ നിമിഷത്തിനും തൻ്റെ ആരോഗ്യത്തിനും പരലോകത്ത് വിചാരണയുണ്ട് എന്ന് മനസ്സിലാക്കുന്ന വിശ്വാസി തൻ്റെ ജീവിതം മുഴുവൻ നന്മയിൽ വിനിയോഗിക്കുവാൻ പരിശ്രമിക്കും. അവൻ തൻ്റെ മരണത്തിലേക്ക് ഓരോ നിമിഷവും അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ലോകത്ത് ഒറ്റ ജീവിതമേയുള്ളൂ. അവിടെ അവൻ നിർവഹിക്കുന്ന ഓരോ പ്രവർത്തനത്തിനും പരലോകത്ത് പ്രതിഫലമോ ശിക്ഷയോ ഉണ്ട്.
കൃത്യമായ ജീവിതലക്ഷ്യം ഇല്ലെങ്കിൽ വലിയ മാനസിക വിഷാദവും തകർച്ചകളും കഷ്ടപ്പാടുകളും ജീവിതത്തിൽ ഉണ്ടാകും. ഒരുവൻ്റെ ജീവിതലക്ഷ്യം വലിയൊരു വ്യവസായം കെട്ടിപ്പടുക്കലാണെന്ന് കരുതുക. അവൻ ഒരുപാട് പണം മുടക്കി അധ്വാനിച്ച് അത് വലുതാക്കി, എന്നാൽ പെട്ടെന്ന് അത് തകർന്ന് തരിപ്പണമായി എന്ന് വിചാരിക്കുക; ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം പിന്നെ ജീവിതത്തിന് ഒരർത്ഥവുമില്ല. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ അവൻ്റെ ലക്ഷ്യം തൻ്റെ വ്യവസായത്തിലൂടെ സമൂഹത്തിന് സേവനം ചെയ്യണം എന്നാണെങ്കിൽ, അവൻ അതിനായി അധ്വാനിക്കുന്ന ഓരോ നിമിഷവും അവൻ്റെ നന്മകളുടെ തുലാസിൽ രേഖപ്പെടുത്തപ്പെടും. ആ വ്യവസായം തകർന്നാൽ പോലും അവന് നഷ്ടമില്ല. ഇവിടെയുള്ള വേദനകൾക്കും കഷ്ടപ്പാടുകൾക്കും പരലോകത്ത് അവന് പ്രതിഫലമുണ്ട്. പ്രവാചകൻ ﷺ പറഞ്ഞു:
مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلَا وَصَبٍ وَلَا هَمٍّ وَلَا حُزْنٍ وَلَا أَذًى وَلَا غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
ഒരു മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണം, രോഗം, ദുഃഖം, വിഷമം, ഉപദ്രവം, ഉത്കണ്ഠ എന്തിന് അവന് തറക്കുന്ന ഒരു മുള്ളിൻ്റെ വേദന പോലും അവന് അനുഭവിക്കേണ്ടി വരികയാണെങ്കിൽ, അതിന് പകരമായി അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്തുകൊടുക്കാതിരിക്കുകയില്ല.2
അതുകൊണ്ട് അവൻ്റെ വ്യവസായം തകർന്നാലും ലാഭമാണ്, വിജയിച്ചാലും ലാഭമാണ്, ഇനി അതിനിടയിൽ മരണപ്പെട്ടുപോയാലും അവൻ്റെ സദുദ്ദേശ്യം കാരണം അവന് ലാഭമാണ്. എന്നാൽ ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മുമ്പ് മരണപ്പെട്ടാൽ അവൻ്റെ ജീവിതം പൂർണ്ണമായും അർത്ഥശൂന്യമായിത്തീരുന്നു. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം മരണത്തോടെയാണ് പൂർണ്ണമായി വെളിപ്പെടുന്നത്. ഒരു നിരീശ്വരവാദിക്ക് ജീവിതത്തിലെ കഷ്ടപ്പാടുകൾക്കോ അവൻ ചെയ്യുന്ന നന്മകൾക്കോ യാതൊരു അർത്ഥവുമില്ല. ജീവിതത്തിന് ഒരർത്ഥവുമില്ല എങ്കിൽ ഗസ്സയിലെ പോലെയുള്ള മുസ്ലിം സമൂഹങ്ങൾക്ക് നേരെ നടക്കുന്ന വംശഹത്യകളെയും അക്രമങ്ങളെയും എന്തിന് എതിർക്കണം? കേവലമായ അതിജീവന സിദ്ധാന്തപ്രകാരം ദുർബലർ നശിച്ചുപോകേണ്ടവരല്ലേ എന്നവർക്ക് ന്യായീകരിക്കാമല്ലോ! അങ്ങനെ കേവലമായ ഒരു പരിണാമ സിദ്ധാന്തം കൊണ്ട് സകല കൊള്ളരുതായ്മകളെയും വിശദീകരിക്കാൻ സാധിക്കില്ല. അത് മനുഷ്യജീവിതത്തിൻ്റെ സമാധാനവും സകല നന്മകളെയും ഇല്ലാതാക്കുന്ന ചിന്താഗതിയാണ്. അതിനാൽ ജീവിതത്തിന് കൃത്യമായ അർത്ഥവും ലക്ഷ്യവുമുണ്ട് എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് നാം ജീവിക്കുക.
അല്ലാഹുവിൻ്റെ വിധിയും സന്മാർഗ്ഗവും
അല്ലാഹുവാണല്ലോ ആളുകളെ സന്മാർഗ്ഗത്തിലാക്കുന്നതും വഴിതെറ്റിക്കുന്നതും; എല്ലാം അവൻ്റെ തീരുമാനപ്രകാരമാണല്ലോ നടക്കുന്നത്, പിന്നെ എങ്ങനെയാണ് അല്ലാഹു നമ്മോട് സന്മാർഗ്ഗം സ്വീകരിക്കുവാൻ ആവശ്യപ്പെടുകയും അതിൻ്റെ പേരിൽ സ്വർഗ്ഗവും നരകവും നൽകി മനുഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നത്? പലപ്പോഴും ആളുകൾ ഉന്നയിക്കാറുള്ള ഒരു വലിയ ചോദ്യമാണിത്.
ഇത്തരം വിഷയങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മൾ ഗ്രഹിക്കേണ്ട അടിസ്ഥാന വിശ്വാസ പാഠങ്ങളുണ്ട്. അത് കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ വലിയ വ്യതിയാനങ്ങളിൽ നാം അകപ്പെട്ടുപോകും. സന്മാർഗ്ഗം നൽകുക, അല്ലെങ്കിൽ മാർഗ്ഗഭ്രംശം സംഭവിക്കുക എന്നതൊക്കെ അല്ലാഹുവിൻ്റെ ഖളാ ഖദറുമായി ബന്ധപ്പെട്ട വിധിവിശ്വാസവുമായി ചേർത്ത് പഠിക്കേണ്ട കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ട എട്ടു സുപ്രധാന അടിസ്ഥാനങ്ങളുണ്ട്:
• ഒന്ന്: സൃഷ്ടികൾക്ക് അറിയാൻ കഴിയാത്ത മേഖലകൾ
സൃഷ്ടികൾക്ക് തങ്ങളുടെ ബുദ്ധികൊണ്ട് ആലോചിച്ച് മനസ്സിലാക്കാൻ കഴിയുന്ന മേഖലകളുണ്ട്. എന്നാൽ മനുഷ്യബുദ്ധിക്ക് അതീതമായ, അദൃശ്യമായ ഒരുപാട് കാര്യങ്ങൾ വിശ്വാസത്തിലുണ്ട്. ഖുർആനും പ്രവാചക വചനങ്ങളും സത്യമാണെന്ന് ബോധ്യപ്പെട്ട് ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞാൽ, ദിവ്യബോധനത്തിലൂടെ വന്ന കാര്യങ്ങൾ വിശ്വസിക്കാൻ നാം ബാധ്യസ്ഥരാണ്. വിധിവിശ്വാസം അത്തരത്തിലുള്ള ഒന്നാണ്. മുൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞത് കാണാം:
الْقَدَرُ سِرُّ اللَّهِ فَلَا تَكْشِفْهُ
ഖദർ എന്നത് അല്ലാഹുവിൻ്റെ രഹസ്യമാണ്, അതിനാൽ നാം അത് വെളിപ്പെടുത്തുവാൻ ശ്രമിക്കരുത്.
മഹാനായ ഇബ്നു ഉമർ (റ) പറഞ്ഞ വളരെ ശ്രദ്ധേയമായ വാചകം കാണാം:
شَيْءٌ أَرَادَ اللَّهُ أَلَّا يُطْلِعَكُمْ عَلَيْهِ ، فَلَا تُرِيدُوا مِنَ اللَّهِ مَا يَأْبَى عَلَيْكُمْ
അല്ലാഹു നിങ്ങൾക്ക് കാണിച്ചുതരേണ്ടതില്ല എന്ന് തീരുമാനിച്ച ഒരു കാര്യമാണത്. അതിനാൽ അല്ലാഹു നിങ്ങളിൽ നിന്ന് മറച്ചുവെച്ച കാര്യം നിങ്ങൾ അവനോട് ആവശ്യപ്പെടരുത്. 3
നബി ﷺ പറഞ്ഞു:
إِذَا ذُكِرَ الْقَدَرُ فَأَمْسِكُوا
വിധിവിശ്വാസത്തെക്കുറിച്ച് പറയപ്പെട്ടാൽ നിങ്ങൾ സംസാരം നിർത്തിവെക്കുക.4
• രണ്ട്: അല്ലാഹു അങ്ങേയറ്റം നീതിമാനാണ്
അല്ലാഹു തരിമ്പുപോലും അനീതി കാണിക്കാത്തവനാണ്. റസൂലുള്ളാഹി ﷺ ചോദിച്ചുവല്ലോ:
فَمَنْ يَعْدِلُ إِذَا لَمْ يَعْدِلِ اللَّهُ وَرَسُولُهُ
അല്ലാഹുവും അവൻ്റെ പ്രവാചകനും നീതി കാണിച്ചില്ലെങ്കിൽ പിന്നെ ആരാണ് നീതി കാണിക്കുക?5
അല്ലാഹു ഒരിക്കലും അനീതി കാണിക്കുകയില്ല. അല്ലാഹു ഖുർആനിൽ വ്യക്തമാക്കി:
فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
അല്ലാഹു അവരോട് അക്രമം കാണിക്കുകയുണ്ടായിട്ടില്ല. എന്നാൽ അവർ അവരോട് തന്നെ അക്രമം പ്രവർത്തിക്കുകയായിരുന്നു.6
• മൂന്ന്: അല്ലാഹുവിൻ്റെ പ്രവർത്തനങ്ങളിലെ യുക്തി
അല്ലാഹു അവൻ്റെ എല്ലാ പ്രവർത്തനങ്ങളിലും അങ്ങേയറ്റത്തെ യുക്തിയും വിവേകവും ഉള്ളവനാണ്. അവൻ സന്മാർഗ്ഗത്തിലാക്കുന്നതും വഴിപിഴപ്പിക്കുന്നതും അവൻ്റെ ഹിക്മത്തിൻ്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ പരിമിതമായ ബുദ്ധിക്ക് അല്ലാഹുവിൻ്റെ എല്ലാ യുക്തികളും മനസ്സിലാക്കാൻ സാധിക്കുകയില്ല.
• നാല്: മനുഷ്യ ബുദ്ധിയുടെ പരിമിതികൾ
നമ്മുടെ ബുദ്ധിക്ക് ദൗർബല്യങ്ങളുണ്ട്. അല്ലാഹു പറഞ്ഞു:
وَخُلِقَ ٱلْإِنسَـٰنُ ضَعِيفًا
മനുഷ്യൻ അങ്ങേയറ്റം ദുർബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 7
കണ്ണിൻ്റെ കാഴ്ചയ്ക്കും പഞ്ചേന്ദ്രിയങ്ങൾക്കും പരിമിതിയുള്ളതുപോലെ മനുഷ്യൻ്റെ ബുദ്ധിക്കും ചിന്തയ്ക്കും പരിമിതികളുണ്ട്. മുൻഗാമികൾ പറഞ്ഞത് കാണാം: “കണ്ണുകളുടെ കാഴ്ചയ്ക്ക് അല്ലാഹു ഒരു പരിധി നിശ്ചയിക്കുകയും അതിനപ്പുറമുള്ളവയ്ക്ക് മറയിടുകയും ചെയ്തതുപോലെ, ഹൃദയങ്ങളുടെ ചിന്തകൾക്കും അവൻ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ വിട്ടുകടക്കുവാൻ അവയ്ക്ക് സാധ്യമല്ല.”
അതുപോലെ വിധിവിശ്വാസത്തെക്കുറിച്ച് ചിന്തിക്കുന്നവനെക്കുറിച്ച് അവർ പറഞ്ഞു:
مَثَلُ الْقَدَرِ وَالْخَائِضِ فِيهِ مَثَلُ الشَّمْسِ وَالنَّاظِرِ إِلَيْهَا كُلَّمَا نَظَرَ إِلَيْهَا ازْدَادَ تَحَيُّرًا
വിധിവിശ്വാസത്തെക്കുറിച്ച് ചിന്തിച്ച് ഗവേഷണം ചെയ്യുവാൻ മുതിരുന്നവൻ സൂര്യനിലേക്ക് നോക്കുന്നവനെ പോലെയാണ്. അവനതിലേക്ക് എത്ര നേരം നോക്കുന്നുവോ, അത്രത്തോളം അവൻ്റെ കണ്ണിന് പ്രയാസം വർദ്ധിച്ചുകൊണ്ടേയിരിക്കും.
• അഞ്ച്: അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ട്
അല്ലാഹുവിൻ്റെ തീരുമാനങ്ങൾക്ക് കൃത്യമായ തെളിവും ന്യായവുമുണ്ട്. അല്ലാഹു ഖുർആനിൽ പറയുന്നു:
قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَالِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ
പറയുക: ആകയാൽ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ മുഴുവൻ അവൻ നേർവഴിയിലാക്കുമായിരുന്നു. 8
അല്ലാഹു തൻ്റെ അടിമകൾക്ക് സന്മാർഗ്ഗവും ദുർമാർഗ്ഗവും വ്യക്തമായി കാണിച്ചുകൊടുക്കുകയും, അത് മനസ്സിലാക്കാനുള്ള വകതിരിവും ബുദ്ധിയും നൽകുകയും ചെയ്തിട്ടുണ്ട്:
إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا
തീർച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു, അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു. 9
• ആറ്: സന്മാർഗ്ഗം അല്ലാഹുവിൻ്റെ ഔദാര്യമാണ്
ഒരാളെ സന്മാർഗ്ഗത്തിലാക്കുക എന്നത് അല്ലാഹുവിൻ്റെ ഔദാര്യമാണ്. ഔദാര്യം നൽകുന്ന ഒരാൾക്ക് അത് ആർക്ക് നൽകണം, ആർക്ക് നൽകരുത് എന്ന് തീരുമാനിക്കാം. അതിൻ്റെ പേരിൽ അയാൾ കുറ്റക്കാരനാകുന്നില്ല. അല്ലാഹു തൻ്റെ ഔദാര്യം നൽകുന്നതും നൽകാതിരിക്കുന്നതും അവൻ്റെ പരിപൂർണ്ണമായ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്.
• ഏഴ്: അല്ലാഹു ചോദ്യം ചെയ്യപ്പെടാവുന്നവനല്ല
അല്ലാഹുവിൻ്റെ വിധികൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കാരണം അവൻ്റെ അറിവും യുക്തിയും പരിപൂർണ്ണമാണ്. അതിൽ യാതൊരു പോരായ്മകളുമില്ല. പോരായ്മകൾ ഉണ്ടാകുമ്പോഴാണ് ഒരാളുടെ പ്രവർത്തനം ചോദ്യം ചെയ്യപ്പെടുക. അല്ലാഹു പറഞ്ഞു:
لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ
അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. എന്നാൽ അവർ (സൃഷ്ടികൾ) ചോദ്യം ചെയ്യപ്പെടുന്നതാണ്. 10
• എട്ട്: നാം അല്ലാഹുവിൻ്റെ അടിമകളാണ്
നാം അല്ലാഹുവിൻ്റെ ദാസന്മാരും അവൻ നമ്മുടെ യജമാനനുമാണ്. ഒരു അടിമ തൻ്റെ യജമാനനോട് കാണിക്കേണ്ട മര്യാദയും അങ്ങേയറ്റത്തെ വിനയവും ഇത്തരം വിഷയങ്ങൾ പഠിക്കുമ്പോൾ നമുക്കുണ്ടാകണം. ഈ വിനയം ഇല്ലാതെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ മുതിർന്നാൽ അത് നമ്മെ വലിയ വ്യതിയാനങ്ങളിൽ കൊണ്ടെത്തിക്കും.
ലോകത്ത് തിന്മകളും പ്രയാസങ്ങളും ഉണ്ടാകുന്നതിൻ്റെ യാഥാർത്ഥ്യം
അങ്ങേയറ്റം കാരുണ്യവാനായ ഒരു റബ്ബ് ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഈ ലോകത്ത് ദുരിതങ്ങളും പ്രയാസങ്ങളും ദുരന്തങ്ങളും രോഗങ്ങളും തിന്മകളും ഉണ്ടാകുന്നത് എന്നത് നിരീശ്വരവാദികൾ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ഈ ലോകത്തുള്ള നന്മകളും തിന്മകളും പരീക്ഷണങ്ങളുമെല്ലാം അല്ലാഹുവിൻ്റെ അറിവിൻ്റെയും ഉദ്ദേശത്തിൻ്റെയും അവൻ്റെ അധികാരത്തിൻ്റെയും പരിധിയിലാണ് സംഭവിക്കുന്നത് എന്ന് നാം അടിസ്ഥാനപരമായി മനസ്സിലാക്കണം. അല്ലാഹു തിന്മയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് അവൻ തിന്മയെ സൃഷ്ടിച്ചു എന്ന് ചോദിക്കാറുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്:
• ഒന്നാമതായി: തിന്മ എന്നത് ഒരിക്കലും അല്ലാഹുവിലേക്ക് ചേർക്കപ്പെടാൻ പാടില്ല. അല്ലാഹു അങ്ങേയറ്റം പരിശുദ്ധനും ന്യൂനതകളിൽ നിന്ന് മുക്തനുമാണ്. അവൻ്റെ പ്രവർത്തനങ്ങളിലെല്ലാം തികഞ്ഞ നീതിയും വിവേകവുമുണ്ട്. തിന്മ നിലനിൽക്കുന്നത് അല്ലാഹുവിൻ്റെ സൃഷ്ടികളിലാണ്; അല്ലാതെ അല്ലാഹുവിൻ്റെ വിശേഷണങ്ങളിലോ പ്രവർത്തനങ്ങളിലോ അല്ല. പ്രവാചകൻ ﷺ പ്രാർത്ഥിച്ചത് കാണാം:
وَالشَّرُّ لَيْسَ إِلَيْكَ
തിന്മ ഒരിക്കലും നിന്നിലേക്ക് ചേർക്കപ്പെടാവതല്ല. 11
• രണ്ടാമതായി: അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽ സമ്പൂർണ്ണമായ ഒരു തിന്മയുമില്ല. ഭൂരിഭാഗവും തിന്മയായ യാതൊരു കാര്യവുമില്ല. ലോകത്ത് നന്മകളും അനുഗ്രഹങ്ങളുമാണ് തിന്മകളെക്കാളും ദുരന്തങ്ങളെക്കാളും കൂടുതലുള്ളത്. ആശുപത്രികളിൽ രോഗികളായി കഴിയുന്നവരേക്കാൾ എത്രയോ അധികമാണ് ആരോഗ്യമുള്ളവർ. പ്രകൃതി ദുരന്തങ്ങൾ അനുഭവിക്കുന്നവരേക്കാൾ എത്രയോ അധികമാണ് സുരക്ഷിതമായി ജീവിക്കുന്നവർ. ശരീരത്തിൽ ഒരു ഭാഗത്ത് മുറിവുണ്ടാകുമ്പോൾ ബാക്കി ഭാഗങ്ങളിലെല്ലാം നമുക്ക് പൂർണ്ണ ആരോഗ്യമുണ്ട്. ലോകത്ത് കൂടുതൽ ഉള്ളത് നന്മകളാണ്. ലോകത്ത് തിന്മകൾ ഉള്ളതുകൊണ്ട് ദൈവമില്ല എന്ന് വാദിക്കുന്നവർ, അതിനേക്കാൾ എത്രയോ മടങ്ങ് നന്മകൾ ഈ ലോകത്തുള്ളത് കാരുണ്യവാനായ ഒരു ദൈവം ഉണ്ട് എന്നതിൻ്റെ വ്യക്തമായ തെളിവല്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്.
• മൂന്നാമതായി: അല്ലാഹുവിൻ്റെ സൃഷ്ടിയിലെ തിന്മകൾ ആപേക്ഷികമാണ്. ഒരിക്കലും സമ്പൂർണ്ണമല്ല. ഒരു കോണിലൂടെ നോക്കുമ്പോൾ തിന്മയായി തോന്നുന്നത് മറ്റൊരു വീക്ഷണത്തിൽ നന്മയായിരിക്കും. ഒരു നാട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം ദുരന്തമായി തോന്നാമെങ്കിലും, ആ വെള്ളം തന്നെയാണ് ജനങ്ങൾ കൃഷിക്കും കുടിക്കാനും ഉപയോഗിക്കുന്നത്. രോഗിയായ ഒരു കുട്ടിയുടെ കാൽമുറിച്ചു മാറ്റാൻ ഡോക്ടറും പിതാവും ശ്രമിക്കുന്നത് കാണുന്ന ഒരാൾക്ക് അത് ക്രൂരതയായി തോന്നാം; എന്നാൽ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള വലിയ നന്മയാണ് അതിലുള്ളത്. ലോകത്ത് സംഭവിക്കുന്ന ഓരോ തിന്മയും അതിനേക്കാൾ വലിയൊരു നന്മയിലേക്കാണ് വഴിതുറക്കുന്നത്.
• നാലാമതായി: തിന്മ ഒരിക്കലും ഒരു ലക്ഷ്യമല്ല. അല്ലാഹു താൻ ഇഷ്ടപ്പെടാത്ത തിന്മകൾ ഇവിടെ സംഭവിക്കാൻ ഉദ്ദേശിക്കുന്നത് അവയോടുള്ള ഇഷ്ടം കൊണ്ടല്ല; മറിച്ച് അതിനെ തുടർന്നു വരുന്ന വലിയ നന്മകൾക്ക് വേണ്ടിയാണ്. കൈപ്പുള്ള മരുന്ന് കുടിക്കുന്നതിനോട് ഒരാൾക്ക് വെറുപ്പായിരിക്കും, പക്ഷേ രോഗശമനം എന്ന വലിയ പ്രയോജനം മുന്നിൽ കണ്ടുകൊണ്ട് അവൻ അത് കുടിക്കുമ്പോൾ യഥാർത്ഥത്തിൽ അതിൽ നന്മയാണുള്ളത്. അതിനാൽ തിന്മകളുടെ നിലനിൽപ്പ് അല്ലാഹുവിൻ്റെ അപാരമായ വിവേകത്തിൻ്റെയും ഹിക്മത്തിൻ്റെയും ഭാഗമാണെന്ന് നാം തിരിച്ചറിയുക.
ചുരുക്കത്തിൽ, മനുഷ്യജീവിതം എന്നത് യാതൊരു ലക്ഷ്യബോധവുമില്ലാത്ത കേവലമൊരു ആകസ്മികതയല്ല; മറിച്ച്, സ്രഷ്ടാവായ അല്ലാഹുവിനെ ശരിയായി മനസ്സിലാക്കി അവനെ മാത്രം ആരാധിക്കുവാനുള്ള മഹത്തായ നിയോഗമാണ്. ഈ ലോകത്ത് നാം അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും അല്ലാഹുവിൻ്റെ കാരുണ്യത്തിന് വിരുദ്ധമല്ല, മറിച്ച് അവൻ്റെ അപാരമായ വിവേകത്തിൻ്റെയും പൂർണ്ണമായ നീതിയുടെയും ഭാഗമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് അല്ലാഹുവിൻ്റെ പ്രവർത്തനങ്ങളിലെ പൊരുളുകളെ അളക്കാൻ മുതിരാതെ, വിധിവിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് പരലോകവിജയത്തിനായി പ്രയത്നിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും അനിവാര്യമായ ബാധ്യത. അല്ലാഹുവിൻ്റെ തീരുമാനങ്ങൾക്ക് മുൻപിൽ തികഞ്ഞ വിനയത്തോടെ കീഴടങ്ങുകയും, അവൻ നൽകിയ ഈ ഹ്രസ്വമായ ജീവിതത്തെ സത്കർമ്മങ്ങൾ കൊണ്ട് ധന്യമാക്കുകയും ചെയ്യുമ്പോഴാണ് ഇഹലോകത്തും പരലോകത്തും യഥാർത്ഥ വിജയവും ശാന്തിയും കൈവരിക്കാൻ ഒരു മനുഷ്യന് സാധിക്കുന്നത്.

