രണ്ടാമത്തെ അടിസ്ഥാന നിയമം

10 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – അൽ-ഖവാഇദുൽ അർബഅ്

ശൈഖ് സ്വാലിഹ് അൽ-ഉസൈമി:

ഈ ഖാഇദയുടെ ഉദ്ദേശ്യം: മുശ്‌രിക്കുകളെ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനും അവരിലേക്ക് മുന്നിടാനും പ്രേരിപ്പിക്കുന്ന കാര്യങ്ങൾ രണ്ടെണ്ണമാണെന്ന് വ്യക്തമാക്കുക എന്നതാണ്:

  • ഒന്നാമത്തേത്: സാമീപ്യം (ഖുർബത്ത്) തേടൽ. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്: ﴿وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى﴾ [സൂറത്ത് അസ്സുമർ – 3].
  • രണ്ടാമത്തേത്: ശഫാഅത്ത് തേടൽ. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്: ﴿وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَؤُنَا عِندَ اللَّهِ﴾ [സൂറത്ത് യൂനുസ് – 18].

തങ്ങളുടെ ആരാധ്യവസ്തുക്കൾ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്നോ, അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ അവർക്ക് കഴിവുണ്ടെന്നോ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നില്ല. മറിച്ച്, മുകളിൽ പറഞ്ഞ ഈ രണ്ട് കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് അവർ അവരിലേക്ക് മുന്നിട്ടിരുന്നത്.

സാമീപ്യം തേടുന്നതും ശഫാഅത്ത് തേടുന്നതും തമ്മിലുള്ള വ്യത്യാസം ഇതാണ്: സാമീപ്യം തേടുന്നതിലൂടെ അവർ ഉന്നതമായ പദവിയും പൂർണ്ണതയും നേടിയെടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ശഫാഅത്ത് തേടുന്നതിലൂടെ തങ്ങളിലെ ന്യൂനതകളും പോരായ്മകളും തടുക്കപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്.

സാമീപ്യവും ശഫാഅത്തും നേടാമെന്ന അവരുടെ ആഗ്രഹത്തെ അല്ലാഹു അസാധുവാക്കിയിരിക്കുന്നു (ബാത്വിലാക്കിയിരിക്കുന്നു). രക്ഷാധികാരികളെ (ഔലിയാക്കളെ) സ്വീകരിച്ചുകൊണ്ട് അവർ സാമീപ്യം തേടിയതിനെ അല്ലാഹു അസാധുവാക്കിയത് അവരുടെ (അത്തരം ഔലിയാക്കളുടെ) അസ്തിത്വം തന്നെ നിഷേധിച്ചു കൊണ്ടാണ്. അല്ലാഹു അവരുടെ അവസ്ഥകളെയും സംസാരത്തെയും കുറിച്ച് അറിയിച്ചു കൊണ്ട് പറയുന്നു: ﴿وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى﴾ [സൂറത്ത് അസ്സുമർ – 3]. ഈ വചനമാണ് ഗ്രന്ഥകർത്താവ് ഇവിടെ പരാമർശിച്ചത്. തുടർന്ന് ആ വചനത്തിന്റെ അവസാനം അല്ലാഹു പറയുന്നു: ﴿إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ﴾ (നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല). അല്ലാഹുവിന് ഔലിയാക്കൾ ഉണ്ടെന്ന അവരുടെ വാദത്തിൽ അല്ലാഹു അവരെ കളവിലേക്ക് ചേർത്തിരിക്കുന്നു. ഈ ആരാധ്യവസ്തുക്കളിൽ അല്ലാഹുവിന് ഒരു വലിയ്യ് ഉണ്ടെന്നത് തന്നെ നിഷേധിക്കൽ അത് ഉൾക്കൊള്ളുന്നു. ഈ കാര്യം അല്ലാഹു അവന്റെ ഈ വചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്: ﴿وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ﴾ (നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ അവനൊരു രക്ഷാധികാരിയുടെയും ആവശ്യമില്ല). [സൂറത്ത് അൽ-ഇസ്റാഅ് – 111].

അല്ലാഹുവുമായി ബന്ധപ്പെടുത്തി നിഷേധിക്കപ്പെട്ട ‘വലിയ്യ്’ എന്നത് മുശ്‌രിക്കുകൾ വിശ്വസിച്ചു വെച്ചിരുന്ന അർത്ഥത്തിലുള്ള വലിയ്യ് ആണ്; അതായത് അല്ലാഹുവിന് ഉപകാരപ്പെടുന്ന കാര്യങ്ങളിൽ അവനോടൊപ്പം പ്രവർത്തിക്കുന്ന ഒരു സഹായി അവനുണ്ട് എന്ന വിശ്വാസം. കാരണം, അല്ലാഹുവിന്റെ വലിയ്യ് എന്നതിന് രണ്ട് അർത്ഥങ്ങളുണ്ട്:

  • ഒന്നാമത്തേത്: സഹായിക്കുന്ന വലിയ്യ് (الوَلِيُّ النَّاصِرُ). ഇത് അല്ലാഹുവുമായി ബന്ധപ്പെടുത്തി നിഷേധിക്കപ്പെട്ടതാണ്.
  • രണ്ടാമത്തേത്: സഹായിക്കപ്പെടുന്ന വലിയ്യ് (الوَلِيُّ المَنْصُورُ). ഇത് അല്ലാഹുവിന് സ്ഥിരീകരിക്കപ്പെട്ടതാണ്.

അവരുടെ ആരാധ്യവസ്തുക്കളിൽ നിന്ന് അവർ പ്രതീക്ഷിച്ചിരുന്ന ശഫാഅത്തിനെ അല്ലാഹു നാല് വഴികളിലൂടെ അസാധുവാക്കിയിരിക്കുന്നു:

  • ഒന്നാമതായി: അവരുടെ ആരാധ്യവസ്തുക്കളിൽ നിന്നും ശഫാഅത്ത് സംഭവിക്കും എന്നത് നിഷേധിച്ചു കൊണ്ട്. അല്ലാഹു പറയുന്നു: ﴿وَيَوْمَ تَقُومُ السَّاعَةُ يُبْلِسُ الْمُجْرِمُونَ * وَلَمْ يَكُن لَّهُم مِّن شُرَكَائِهِمْ شُفَعَؤُا﴾ (അന്ത്യസമയം നിലവില്‍ വരുന്ന ദിവസത്തില്‍ കുറ്റവാളികള്‍ ആശയറ്റവരാകും. അവർ പങ്കുകാരായി ചേർത്തവരിൽ നിന്ന് അവർക്ക് ശുപാർശകരുണ്ടായിരിക്കുകയുമില്ല). [സൂറത്ത് അർ-റൂം: 12-13].
  • രണ്ടാമതായി: അവരുടെ ആരാധ്യവസ്തുക്കൾക്ക് ശഫാഅത്തിന്റെ യാതൊരു അധികാരവുമില്ലെന്നും, അത് പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും വ്യക്തമാക്കിക്കൊണ്ട്. അല്ലാഹു പറയുന്നു: ﴿أَمِ اتَّخَذُوا مِن دُونِ اللَّهِ شُفَعَاءَ قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ * قُل لِّلَّهِ الشَّفَعَةُ جَمِيعًا﴾ (അതല്ല, അല്ലാഹുവിന് പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ യാതൊന്നിനും അധികാരമില്ലാത്തവരും, ചിന്തിച്ച് മനസ്സിലാക്കാത്തവരുമാണെങ്കില്‍ പോലും (അവരെ നിങ്ങള്‍ ശുപാര്‍ശക്കാരാക്കുകയാണോ?) പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവനും). [സൂറത്ത് അസ്സുമർ – 43, 44].
  • മൂന്നാമതായി: അല്ലാഹുവിന്റെ അനുമതിക്കും പൊരുത്തത്തിനും ശേഷമല്ലാതെ ശുപാർശകരുടെ ശുപാർശ സാധ്യമല്ലെന്ന് അറിയിച്ചുകൊണ്ട്. അല്ലാഹു പറയുന്നു: ﴿وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ﴾ (അവന്‍ ആര്‍ക്ക് അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല). [സൂറത്ത് സബഅ് – 23]. അല്ലാഹു വീണ്ടും പറയുന്നു: ﴿وَكَم مِّن مَّلَكٍ فِي السَّمَوَاتِ لَا تُغْنِي شَفَعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَى﴾ (ആകാശങ്ങളില്‍ എത്രയെത്ര മലക്കുകളുണ്ട്‌. അവന്‍റെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി അനുവാദം നല്‍കിയതിന് ശേഷമല്ലാതെ). [സൂറത്ത് അന്നജ്മ് – 26].
  • നാലാമതായി: ശുപാർശ ചെയ്യുന്നവരുടെ ശുപാർശ അവിശ്വാസികൾക്ക് യാതൊരു ഉപകാരവും ചെയ്യില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്. അല്ലാഹു عَزَّوَجَلَّ പറയുന്നു: ﴿فَمَا تَنفَعُهُمْ شَفَعَةُ الشَّافِعِينَ﴾ (അതിനാല്‍ ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും അവര്‍ക്ക് പ്രയോജനപ്പെടുകയില്ല). [സൂറത്ത് അൽ-മുദ്ദസ്സിർ – 48].

അഖീദയുടെ വിഷയങ്ങളിൽ പണ്ഡിതന്മാർ പരാമർശിക്കുന്ന ‘ശഫാഅത്ത്’ എന്നത് അല്ലാഹുവിങ്കലുള്ള ശഫാഅത്തിനെയാണ് ഉദ്ദേശിക്കുന്നത്. ശറഇൽ അതിൻ്റെ നിർവ്വചനം ഇപ്രകാരമാണ്: ശാഫിഅ് (ശുപാർശകൻ) മശ്ഫൂഉൻ ലഹുവിന് (ആർക്കുവേണ്ടിയാണോ ശുപാർശ ചെയ്യുന്നത് അവന്) ഉപകാരം ലഭിക്കാൻ വേണ്ടി അല്ലാഹുവിനോട് ചോദിക്കൽ. ഒരു നന്മ കൊണ്ടുവരികയോ, ഒരു ഉപദ്രവം തടയുകയോ ചെയ്യുക എന്നതാണ് ആ ഉപകാരം കൊണ്ട് അർത്ഥമാക്കുന്നത്. അത് രണ്ടു വിധമുണ്ട്:

ഒന്നാമത്തേത്: നിഷേധിക്കപ്പെട്ട ശഫാഅത്ത് (شَفَاعَةٌ مَنْفِيَّةٌ). അല്ലാഹു عَزَّوَجَلَّ നിഷേധിച്ച ശഫാഅത്താണിത്. ശറഇൽ അതിൻ്റെ യാഥാർത്ഥ്യം: അല്ലാഹുവിൻ്റെ അനുമതിയും പൊരുത്തവും ഇല്ലാത്ത ശഫാഅത്ത് എന്നതാണ്. ഇതും രണ്ടു വിധമുണ്ട്:

  • ഒന്നാമതായി: ശാഫിഇൽ നിന്ന് നിഷേധിക്കപ്പെട്ടത്. മുശ്‌രിക്കുകളുടെ ആരാധ്യവസ്തുക്കളിൽ നിന്നുള്ള ശഫാഅത്ത് നിഷേധിക്കപ്പെട്ടത് ഇതിൽ പെട്ടതാണ്.
  • രണ്ടാമതായി: മശ്ഫൂഉൻ ലഹുവിൽ നിന്ന് നിഷേധിക്കപ്പെട്ടത്. കാഫിറിന് (സത്യനിഷേധിക്ക്) വേണ്ടിയുള്ള ശഫാഅത്ത് ഇതിൽ പെട്ടതാണ്. നിഷേധിക്കപ്പെട്ട ശഫാഅത്തിനുള്ള തെളിവായി ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ നൽകിയത് ﴿ يَتَأَيُّهَا الَّذِينَ ءَامَنُوا أَنفِقُوا مِمَّا رَزَقْنَاكُم …. ﴾ [സൂറത്ത് അൽ-ബഖറ – 254] എന്ന വചനമാണ്. ﴿وَلَا شَفَعَةٌ﴾ (ശുപാർശയോ നടക്കാത്ത) എന്ന പ്രയോഗത്തിലൂടെ ശഫാഅത്ത് ഇല്ലെന്ന് വ്യക്തമാക്കിയതുകൊണ്ടാണിത്.

ശഫാഅത്തിന്റെ ഇനങ്ങളിൽ രണ്ടാമത്തേത്: സ്ഥിരീകരിക്കപ്പെട്ട ശഫാഅത്ത് (شَفَاعَةٌ مُثْبَتَةٌ) ആണ്. അല്ലാഹു عَزَّوَجَلَّ താൻ ഉദ്ദേശിക്കുന്നവർക്കായി സ്ഥിരീകരിച്ചിട്ടുള്ള ശഫാഅത്താണിത്. ശറഇൽ അതിൻ്റെ യാഥാർത്ഥ്യം: അല്ലാഹുവിന്റെ അനുമതിയും പൊരുത്തവും ചേർന്നുള്ള ശഫാഅത്ത് എന്നതാണ്. അതും രണ്ടു വിധമുണ്ട്:

  • ഒന്നാമതായി: ശാഫിഇന് സ്ഥിരീകരിക്കപ്പെട്ടത്. നമ്മുടെ നബി ﷺ യുടെ ശഫാഅത്ത് ഇതിൽ പെട്ടതാണ്.
  • രണ്ടാമതായി: മശ്ഫൂഉൻ ലഹുവിന് സ്ഥിരീകരിക്കപ്പെട്ടത്. ഈ സമുദായത്തിലെ വൻപാപങ്ങൾ ചെയ്തവർക്കുള്ള ശഫാഅത്ത് ഇതിൽ പെട്ടതാണ്. സ്ഥിരീകരിക്കപ്പെട്ട ശഫാഅത്തിനുള്ള തെളിവായി ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ നൽകിയത് ﴿مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ﴾ [സൂറത്ത് അൽ-ബഖറ – 255] എന്ന വചനമാണ്. ﴿يَشْفَعُ عِندَهُ﴾ (അവന്റെയടുക്കൽ ശുപാർശ നടത്തുന്നവൻ) എന്ന പ്രയോഗത്തിലൂടെ അത് സ്ഥിരീകരിക്കുന്നുവെന്ന് വ്യക്തമാക്കിയതുകൊണ്ടാണിത്. വചനത്തിന്റെ അർത്ഥം: അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ അവൻ്റെ അടുക്കൽ ആരും ശുപാർശ ചെയ്യുകയില്ല എന്നാണ്.

സ്ഥിരീകരിക്കപ്പെട്ട ശഫാഅത്തും നിഷേധിക്കപ്പെട്ട ശഫാഅത്തും തമ്മിലുള്ള വ്യത്യാസം ഗ്രന്ഥകർത്താവിൻ്റെ വാക്കുകളിൽ പരാമർശിച്ചിട്ടുള്ളതാണ്. അതായത്: ‘അല്ലാഹുവിനല്ലാതെ മറ്റാർക്കും കഴിവില്ലാത്ത കാര്യങ്ങളിൽ അല്ലാഹുവല്ലാത്തവരോട് ചോദിക്കപ്പെടുന്നതാണ് (നിഷേധിക്കപ്പെട്ട ശഫാഅത്ത്)’ എന്നും ‘സ്ഥിരീകരിക്കപ്പെട്ട ശഫാഅത്ത് എന്നാൽ: അല്ലാഹുവിനോട് ചോദിക്കപ്പെടുന്നതാണ്’ എന്നുമുള്ള വാക്കുകളിലൂടെ അദ്ദേഹം അത് വ്യക്തമാക്കുന്നു.

ശഫാഅത്ത് നിഷേധിക്കുന്നതും സ്ഥിരീകരിക്കുന്നതും അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണ്: അല്ലാഹുവിന്റെ അനുമതിയും അവന്റെ പൊരുത്തവും. നിഷേധിക്കപ്പെടുന്നിടത്ത് അവ രണ്ടും ശഫാഅത്ത് തടയുന്ന കാര്യങ്ങളായും, സ്ഥിരീകരിക്കപ്പെടുന്നിടത്ത് അവ രണ്ടും ശഫാഅത്തിനുള്ള വ്യവസ്ഥകളായും (ശർത്തുകളായും) നിലകൊള്ളുന്നു.

ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ അനുമതിയുടെ (ഇദ്‌നിന്റെ) വ്യവസ്ഥയെക്കുറിച്ചുള്ള തെളിവ് മാത്രമാണ് ചുരുക്കി നൽകിയത്. കാരണം, പൊരുത്തം (രിദാ) എന്നതിനെ ആ അനുമതിയിൽ തന്നെ ഉൾക്കൊള്ളിക്കാൻ സാധിക്കും. അല്ലാഹു മശ്ഫൂഉൻ ലഹുവിനെ പൊരുത്തപ്പെട്ടാൽ അവൻ ശാഫിഇന് അനുമതി നൽകുന്നു. അല്ലാഹു ശാഫിഇന് അനുമതി നൽകുന്നത് അവൻ അവനെ പൊരുത്തപ്പെടുമ്പോഴാണ്. അല്ലാഹുവിൻ്റെ ഈ വചനത്തിൽ അവ രണ്ടും ഒന്നിച്ച് ചേർത്ത് പറഞ്ഞിരിക്കുന്നു: ﴿وَكَم مِّن مَّلَكٍ فِي السَّمَوَاتِ لَا تُغْنِي شَفَعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَى﴾ [സൂറത്ത് അന്നജ്മ് – 26]. ഈ വചനത്തിൽ ‘പൊരുത്തപ്പെടുക’ (يَرْضَى) എന്നത് ആരോടാണ് എന്നുള്ളത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അത് കൂടുതൽ വിശാലമായ അർത്ഥം നൽകാൻ വേണ്ടിയാണിത്. അങ്ങനെ അത് ശാഫിഇന്റെയും മശ്ഫൂഉൻ ലഹുവിന്റെയും കാര്യത്തിൽ ഒരുപോലെ ബാധകമായിത്തീരുന്നു. പൊരുത്തം ഉണ്ടാകുന്നതിനെ തുടർന്ന് അനുമതിയും ഉണ്ടാകുന്നു.

‘ശാഫിഅ് (ശുപാർശകൻ) ശഫാഅത്ത് നൽകപ്പെട്ട് ആദരിക്കപ്പെട്ടവനാണ്’ (وَالشَّافِعُ مُكْرَمٌ بِالشَّفَاعَةِ) എന്ന് ഗ്രന്ഥകർത്താവ് പറഞ്ഞതുപോലെ, അല്ലാഹു അവനെ ആദരിക്കുകയെന്ന നിലയിൽ അവന് നൽകുന്ന ഔദാര്യമാണത്. ‘മുക്റമുൻ’ (مُكْرَمٌ) എന്ന പദത്തിലെ റാഅ് (راء) എന്ന അക്ഷരം തഖ്ഫീഫ് (ശദ്ദില്ലാതെ) ചെയ്താണ് വായിക്കുന്നത്. അതിന് തശ്ദീദ് നൽകിയും (مُكَرَّمٌ) വായിക്കാവുന്നതാണ്. എന്നാൽ പുസ്തകം ഓതിപ്പഠിച്ചതിൽ എനിക്ക് കേൾക്കാൻ കഴിഞ്ഞത് ഒന്നാമത്തെ രൂപത്തിലാണ്.

Share This Article
Leave a Comment