ഒറ്റ പൊതു ഖലീഫ മാത്രമേ പാടുള്ളൂ എന്ന വാദം

9 Min Read
Malayalam message emphasizing that only one public Khalifa is permitted, reflecting a specific community or religious context.

ഇന്നത്തെ ഭരണാധികാരികളെല്ലാം അവിഹിതമായി ഭരണം നടത്തുന്നവരാണെന്നും, കാരണം അവർ ഒന്നിലധികം പേരുണ്ടെന്നും, മുഴുവൻ മുസ്‌ലിംകൾക്കും കൂടി ഒരൊറ്റ ഖലീഫ മാത്രമേ പാടുള്ളൂ എന്നും പിഴച്ച കക്ഷികൾ വാദിക്കാറുണ്ട്. ഇതിന് തെളിവായി അല്ലാഹുവിൻ്റെ വചനങ്ങൾ അവർ ഉദ്ധരിക്കുന്നു:

إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ

“തീർച്ചയായും ഇതാണ് നിങ്ങളുടെ സമുദായം; ഒരൊറ്റ സമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുവിൻ.”
[സൂറഃ അൽഅമ്പിയാഅ് – 92]

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ

“നിങ്ങളെല്ലാവരും ഒന്നിച്ച് അല്ലാഹുവിൻ്റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്. നിങ്ങൾ ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ ഇണക്കി. അങ്ങനെ അവൻ്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ അഗ്നികുണ്ഡത്തിൻ്റെ വക്കിലായിരുന്നു. എന്നിട്ടതിൽ നിന്ന് നിങ്ങളെ അവൻ രക്ഷപ്പെടുത്തി. നിങ്ങൾ നേർവഴി പ്രാപിക്കുവാൻ വേണ്ടി അല്ലാഹു ഇപ്രകാരം നിങ്ങൾക്ക് അവൻ്റെ വചനങ്ങൾ വ്യക്തമാക്കത്തരുന്നു.”
[സൂറഃ ആലു ഇംറാൻ – 103]

മുസ്‌ലിം സമുദായം ഒരൊറ്റ ഭരണാധികാരിക്ക് കീഴിൽ ഒരുമിച്ചുനിൽക്കൽ നിർബന്ധമാണെന്നതും, അതിനായി ഉദ്ധരിച്ച വചനങ്ങളുടെ ആശയവും തികച്ചും ശരിയാണ്. ഇബ്നു ഹസ്മ് رَحِمَهُ اللَّهُ തൻ്റെ ‘മറാതിബുൽ ഇജ്മാഅ്’ (പേജ് 124) ൽ പറയുന്നു: “ലോകത്ത് ഒരേ സമയത്ത് മുഴുവൻ മുസ്‌ലിംകൾക്കും കൂടി യോജിച്ചവരോ ഭിന്നിച്ചവരോ ആയ രണ്ട് ഇമാമുമാർ ഉണ്ടാകാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചഭിപ്രായപ്പെട്ടിരിക്കുന്നു; അവർ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാലും ഒരേ സ്ഥലത്തായാലും ശരി.”

അതുപോലെ മാവർദി رَحِمَهُ اللَّهُ തൻ്റെ ‘അൽഅഹ്കാമുസ്സുൽത്വാനിയ്യ’ (പേജ് 9) ൽ പറയുന്നു:

“രണ്ട് രാജ്യങ്ങളിലായി രണ്ട് ഇമാമുമാർക്ക് ഭരണം നൽകിയാൽ അവരുടെ രണ്ടുപേരുടെയും ഭരണം സാധുവാകുകയില്ല; കാരണം മുസ്‌ലിം സമുദായത്തിന് ഒരേ സമയത്ത് രണ്ട് ഇമാമുമാർ ഉണ്ടാകാൻ പാടുള്ളതല്ല.” ഖാദി അബൂ യഅ്‌ല അൽഫർറാഅ് رَحِمَهُ اللَّهُ തൻ്റെ ‘അൽഅഹ്കാമുസ്സുൽത്വാനിയ്യ’ (പേജ് 25) ൽ പറയുന്നു: “ഒരേ സമയത്ത് രണ്ട് പ്രദേശങ്ങളിലായി ഭരണം നൽകാൻ പാടുള്ളതല്ല. ഇനി ഒരേ സമയത്ത് രണ്ടാളുകൾക്ക് ഭരണം നൽകിയാൽ അവരുടെ രണ്ടുപേരുടെയും ഭരണം ബാത്വിലാകും. ഇനി രണ്ടാളുകൾക്ക് വെവ്വേറെ ഭരണം നൽകുകയും, അവരിൽ ആദ്യം നൽകപ്പെട്ടത് ആരാണെന്ന് അറിയുകയും ചെയ്താൽ രണ്ടാമൻ്റെ ഭരണം ബാത്വിലാകുന്നതാണ്.”

എന്നാൽ, പണ്ഡിതന്മാർ പറഞ്ഞ ഈ കാര്യങ്ങൾ ഒരൊറ്റ രാജ്യത്തോ (പ്രദേശത്തോ) നഗരത്തിലോ ഒന്നിലധികം ഭരണാധികാരികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. മറിച്ച്, മുസ്‌ലിം രാജ്യങ്ങൾ വിഭജിക്കപ്പെടുകയും, ഓരോ പ്രദേശങ്ങളും ഓരോ ഭരണാധികാരികളുടെ കീഴിൽ സ്വതന്ത്രമായി നിലകൊള്ളുകയും ചെയ്താൽ ആ ഭരണാധികാരികളുടെ ഭരണം അസാധുവാണെന്നോ അവർക്കുള്ള അനുസരണ പ്രതിജ്ഞ ദുർബലമാണെന്നോ ഇതിനർത്ഥമില്ല. അതായത്, ഇന്നുള്ള ഭരണാധികാരികളെ അനുസരിക്കണമെങ്കിൽ അവർ മുഴുവൻ ലോകത്തുമുള്ള മുസ്‌ലിംകളുടെ ഒരൊറ്റ ഖലീഫയായിരിക്കണം എന്നത് ഒരു നിബന്ധനയല്ല.

വിശുദ്ധ ഖുർആനിലെ വചനങ്ങൾ പഠിപ്പിക്കുന്നത് ഒരുമിച്ചുനിൽക്കാനും ഭിന്നിക്കാതിരിക്കാനുമാണ്. ഇനി ഏതെങ്കിലും കാരണത്താൽ മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയും അവർ വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ചെയ്താൽ, അവിടെ അതിനേക്കാൾ വലിയൊരു കുഴപ്പം ഉണ്ടാക്കിക്കൊണ്ടാണോ അത് പരിഹരിക്കേണ്ടത്? നിങ്ങളെല്ലാവരും ഒരൊറ്റ ഖലീഫയുടെ കീഴിലായിരിക്കണം, അതിനാൽ ഇപ്പോൾ നിലവിലുള്ള ഭരണാധികാരികളെ നിങ്ങൾ അനുസരിക്കരുത് എന്ന് ജനങ്ങളോട് പറയുക എന്നത് ഒരിക്കലും ഇസ്‌ലാമിക ശരീഅത്തിൻ്റെ രീതിയല്ല. ഇസ്‌ലാമിക ശരീഅത്ത് വിശാലമായ തത്വങ്ങളും നന്മകളും ഉൾക്കൊള്ളുന്നതാണ്. ഭിന്നിക്കാതെ ഒരുമിച്ചുനിൽക്കുക എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു തത്വം.

ഇമാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ തൻ്റെ ‘മജ്‌മൂഉൽ ഫതാവ’ (34/175-176) ൽ വ്യക്തമാക്കുന്നു:

“മുസ്‌ലിംകൾക്ക് ഒരു ഇമാമും ബാക്കിയുള്ളവർ അദ്ദേഹത്തിൻ്റെ പ്രതിനിധികളുമായിരിക്കുക എന്നതാണ് സുന്നത്ത്. എന്നാൽ സമുദായത്തിലെ ചിലരുടെ ധിക്കാരം കാരണമോ മറ്റുള്ളവരുടെ കഴിവുകേട് കാരണമോ ഈ അവസ്ഥ മാറി ഒന്നിലധികം ഇമാമുമാർ (ഭരണാധികാരികൾ) ഉണ്ടായാൽ, തങ്ങളെ അനുസരിക്കുന്ന ജനങ്ങൾക്കിടയിൽ അല്ലാഹുവിൻ്റെ നിയമങ്ങൾ നടപ്പിലാക്കുകയും അവരുടെ അവകാശങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുക എന്നത് ഓരോ ഇമാമിൻ്റെയും നിർബന്ധ ബാധ്യതയാണ്… ഭരണാധികാരികൾ വിഭജിക്കപ്പെടുകയും ഒന്നിലധികം കക്ഷികളായി (അഹ്സാബുകളായി) മാറുകയും ചെയ്താലും, ഓരോ കക്ഷിയും തങ്ങളെ അനുസരിക്കുന്നവരിൽ ഇപ്രകാരം ചെയ്യേണ്ടതാണ്. ഭരണാധികാരികൾ വിഭജിക്കപ്പെടുമ്പോഴും ഒന്നിലധികം പേരുണ്ടാകുമ്പോഴും ഇത് ബാധകമാണ്; അവർ വിഭജിക്കപ്പെട്ടില്ലെങ്കിലും.”

സച്ചരിതരായ ഖലീഫമാരുടെ കാലത്തും ഉമയ്യ ഭരണത്തിൻ്റെ ഒരു ഘട്ടം വരെയും മുസ്‌ലിം സമുദായം ഒരൊറ്റ ഖലീഫയ്ക്ക് കീഴിലായിരുന്നു. നവീകരണത്തിൻ്റെയും അഴിമതി നിർമാർജ്ജനത്തിൻ്റെയും പേരിൽ ഭരണാധികാരികൾക്കെതിരെ പുറപ്പെട്ടതിൻ്റെ (ഖുറൂജ് ചെയ്തതിൻ്റെ) അനന്തരഫലമായി ഉമയ്യ ഭരണത്തിൻ്റെ അവസാന കാലത്ത് ചില പ്രദേശങ്ങൾ സ്വതന്ത്രമായി ഭരണമാരംഭിച്ചു. അൻദലുസ് (സ്പെയിൻ) ഇതിനൊരു ഉദാഹരണമാണ്. അന്നുമുതൽ ഇന്നുവരെയും മുസ്‌ലിം ലോകം വിവിധ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടാണ് കിടക്കുന്നത്; നാമമാത്രമായല്ലാതെ ഒരൊറ്റ ഖലീഫയ്ക്ക് കീഴിൽ അവർ ഒരുമിച്ചുകൂടിയിട്ടില്ല.

ഇമാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ ‘മിൻഹാജുസ്സുന്ന’ (4/524) ൽ പറയുന്നു: “പിന്നീട് അബ്ബാസികൾ അധികാരത്തിൽ വന്നപ്പോൾ ഇറാഖ്, ശാം, ഈജിപ്ത്, ഹിജാസ്, യമൻ, ഖുറാസാൻ തുടങ്ങിയ പ്രദേശങ്ങൾ അവർ ഭരിച്ചു. എന്നാൽ മഗ്‌രിബ് പ്രദേശങ്ങൾ അവരുടെ കീഴിലായിരുന്നില്ല. അൻദലുസ് ഭരിച്ചത് ഉമയ്യകളായിരുന്നു… അതുപോലെ ഉമയ്യ ഭരണാധികാരിയായ യസീദ് മുഴുവൻ മുസ്‌ലിം രാജ്യങ്ങളെയും ഭരിച്ചിരുന്നില്ല; അബ്ബാസികളും മുഴുവൻ രാജ്യങ്ങളെയും ഭരിച്ചിരുന്നില്ല. എന്നാൽ അബ്ദുൽ മലിക് ബിൻ മർവാനും അദ്ദേഹത്തിൻ്റെ മക്കളും മുഴുവൻ മുസ്‌ലിം രാജ്യങ്ങളെയും ഭരിച്ചിരുന്നു. അതുപോലെ തന്നെ (ഉസ്മാൻ വരെയുള്ള) മൂന്ന് ഖലീഫമാരും മുആവിയയും മുഴുവൻ മുസ്‌ലിം രാജ്യങ്ങളെയും ഭരിച്ചിരുന്നു.”

ഇതൊക്കെയായിരുന്നിട്ടും, അക്കാലത്ത് നിലവിലുണ്ടായിരുന്ന ഭരണാധികാരികൾക്കുള്ള ബൈഅത്ത് അസാധുവാണെന്ന് മുൻഗാമികളായ പണ്ഡിതന്മാരാരും തന്നെ പറഞ്ഞിട്ടില്ല. മറിച്ച്, അത്തരം ഭരണാധികാരികൾ ബലം പ്രയോഗിച്ച് അധികാരം പിടിച്ചെടുത്തവരാണെങ്കിൽ പോലും, അവർക്ക് ബൈഅത്ത് നൽകുകയും അത് മതപരമായ ബാധ്യതയായിത്തന്നെ ജനങ്ങളോട് കൽപ്പിക്കുകയുമാണ് പണ്ഡിതന്മാർ ചെയ്തിരുന്നത്. അല്ലാതെ അവർ തഖിയ്യ (ഭയം കാരണം തങ്ങളുടെ നിലപാട് മറച്ചുവെക്കൽ) കാണിക്കുകയായിരുന്നില്ല.

ഹിജ്റ 1126 ൽ മരണപ്പെട്ട ശൈഖ് അഹ്മദ് ബിൻ ഗാനിം അന്നഫ്‌റാവി رَحِمَهُ اللَّهُ തൻ്റെ ‘അൽഫവാകിഹുദ്ദവാനി’ (1/396) ൽ പറയുന്നു:

“രാജ്യങ്ങൾ തമ്മിൽ അകന്നുകിടക്കുകയാണെങ്കിലല്ലാതെ ഒന്നിലധികം ഭരണാധികാരികൾ (സുൽത്താൻ) ഉണ്ടാകാൻ പാടില്ല.” മറ്റൊരു ഭാഗത്ത് (1/206) അദ്ദേഹം പറയുന്നു: “ഒരേ കാലത്ത് ഒരേ നാട്ടിൽ ഒന്നിലധികം ഭരണാധികാരികൾ ഉണ്ടാകാൻ പാടില്ല എന്നതിൽ ഏകോപിച്ചഭിപ്രായമുണ്ട്. എന്നാൽ അൻദലുസ്, ഖുറാസാൻ എന്നിവപോലെ ഒരു ഇമാമിൻ്റെ അധികാരം മറ്റൊരിടത്ത് എത്താത്ത വിധം സ്ഥലങ്ങൾ തമ്മിൽ അകന്നുകിടക്കുകയാണെങ്കിൽ ജനങ്ങളുടെ അവകാശങ്ങളും നിയമങ്ങളും പാഴാകാതിരിക്കാൻ ഒന്നിലധികം ഭരണാധികാരികൾ ഉണ്ടാകുന്നത് അനുവദനീയമാണ്.”

ഇമാം ശൗകാനി رَحِمَهُ اللَّهُ തൻ്റെ ‘അസ്സൈലുൽ ജർറാർ’ (4/512) ൽ വ്യക്തമാക്കുന്നു:

“സ്വഹാബികളുടെയും താബിഉകളുടെയും കാലത്തുണ്ടായിരുന്നതുപോലെ ഇസ്‌ലാമിക ഭരണനേതൃത്വം ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സമയത്ത്, ഒന്നാമത്തെയാളുടെ ഭരണം സ്ഥിരപ്പെട്ടതിന് ശേഷം രണ്ടാമതൊരാൾ വന്നാൽ, ആ വ്യക്തി തർക്കത്തിൽ നിന്ന് പിന്മാറാത്ത പക്ഷം അയാളെ വധിക്കേണ്ടതാണ്… എന്നാൽ ഇസ്‌ലാം വ്യാപിക്കുകയും അതിൻ്റെ അതിർത്തികൾ വിശാലമാവുകയും ചെയ്തതിന് ശേഷം, ഓരോ പ്രദേശങ്ങളിലും ഓരോ ഭരണാധികാരികൾ വരികയുണ്ടായി. ഒരു ഭരണാധികാരിയുടെ നിയമങ്ങൾ മറ്റു പ്രദേശങ്ങളിൽ ബാധകമാവുകയില്ല. അതിനാൽ ഇത്തരം ഘട്ടങ്ങളിൽ ഒന്നിലധികം ഇമാമുമാരും സുൽത്താൻമാരും ഉണ്ടാകുന്നതിൽ തെറ്റില്ല. ഓരോ പ്രദേശത്തുമുള്ള ജനങ്ങൾ തങ്ങളുടെ ഭരണാധികാരിക്ക് ബൈഅത്ത് നൽകിയതിന് ശേഷം അദ്ദേഹത്തെ അനുസരിക്കൽ നിർബന്ധമാണ്. ഇനി ആരെങ്കിലും ആ പ്രദേശത്ത് ഭരണാധികാരിയുമായി തർക്കിച്ചുകൊണ്ട് വന്നാൽ, അയാൾ പിന്മാറാത്ത പക്ഷം അയാളെ വധിക്കണം. എന്നാൽ ഒരു പ്രദേശത്തുള്ളവർ മറ്റൊരു പ്രദേശത്തെ ഭരണാധികാരിയെ അനുസരിക്കേണ്ടതില്ല… അവിടത്തെ വിവരങ്ങൾ ഇവരിലേക്ക് എത്തിയെന്നും വരില്ല; അങ്ങനെയുള്ളപ്പോൾ അവരെ അനുസരിക്കണം എന്ന് പറയുന്നത് അസാധ്യമായ കാര്യമാണ്. രാജ്യങ്ങളുടെയും ജനങ്ങളുടെയും അവസ്ഥകളെക്കുറിച്ച് അറിയാവുന്ന എല്ലാവർക്കും ഈ കാര്യം ബോധ്യമുള്ളതാണ്… ഇത് ഇസ്‌ലാമിക നിയമങ്ങൾക്ക് തികച്ചും അനുയോജ്യവും തെളിവുകൾക്ക് യോജിച്ചതുമാണ്. ഇതിനെ എതിർക്കുന്നവരുടെ വാക്കുകൾ തള്ളിക്കളയേണ്ടതാണ്; കാരണം ഇസ്‌ലാമിൻ്റെ ആദ്യകാലത്തെ ഭരണവും ഇന്നത്തെ ഭരണവും തമ്മിലുള്ള വ്യത്യാസം പകൽ വെളിച്ചം പോലെ വ്യക്തമാണ്.”

ഈ കാര്യങ്ങൾ അല്ലാമാ സിദ്ദീഖ് ഹസൻ ഖാൻ അൽഖനൂജി رَحِمَهُ اللَّهُ തൻ്റെ ‘അൽറൗദത്തുന്നദിയ്യ’യിൽ ഉദ്ധരിക്കുകയും, ശൈഖ് അൽബാനി رَحِمَهُ اللَّهُ അതിൻ്റെ വ്യാഖ്യാനമായ ‘അത്തഅ്‌ലീഖാത്തുർറദിയ്യ’ (3/504) യിൽ അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹം അംഗീകരിക്കുന്നു എന്നതിൻ്റെ തെളിവാണ്. അദ്ദേഹത്തിൻ്റെ അടുത്ത ശിഷ്യനായ ശൈഖ് അലി ബിൻ ഹസൻ അൽഹലബി حَفِظَهُ اللَّهُ തൻ്റെ ‘മസാഇലുൻ ഇൽമിയ്യ ഫിദ്ദഅ്‌വത്തി വസ്സിയാസത്തിശ്ശർഇയ്യ’ (പേജ് 74-86) ൽ ഈ കാര്യം അദ്ദേഹത്തിൽ നിന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഈ വിഷയത്തിൽ പണ്ഡിതന്മാർ ഏകോപിച്ചഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശൗകാനി رَحِمَهُ اللَّهُ ‘അസ്സൈലുൽ ജർറാർ’ (4/504) ൽ പറയുന്നു: “…ഇസ്‌ലാമിക രാജ്യങ്ങൾ വിശാലമാവുകയും, ഓരോ പ്രദേശങ്ങളിലും ഓരോ ഭരണാധികാരികൾ അധികാരമേൽക്കുകയും ചെയ്തപ്പോൾ, ആ ഭരണാധികാരി മരണപ്പെട്ടാൽ ഉടൻ തന്നെ മറ്റൊരാളെ അവർ ആ സ്ഥാനത്ത് നിയമിച്ചിരുന്നു. ഇത് ആരും അഭിപ്രായവ്യത്യാസം പറയാത്ത കാര്യമാണ്. അല്ലാഹുവിൻ്റെ റസൂൽ ﷺ മരണപ്പെട്ടത് മുതൽ ഇന്നുവരെയുമുള്ള മുഴുവൻ മുസ്‌ലിംകളുടെയും ഇജ്മാഅ് ആണിത്… സുൽത്താനിലൂടെ ലഭിക്കേണ്ടതായ ശത്രുക്കൾക്കെതിരെയുള്ള പ്രതിരോധം, സുരക്ഷ, മർദ്ദിതർക്ക് നീതി വാങ്ങിക്കൊടുക്കൽ, അല്ലാഹുവിൻ്റെ നിയമങ്ങൾ നടപ്പിലാക്കൽ, സുന്നത്തുകൾ പ്രചരിപ്പിക്കൽ, ബിദ്അത്തുകൾ ഇല്ലാതാക്കൽ, ശിക്ഷാനിയമങ്ങൾ (ഹുദൂദ്) നടപ്പിലാക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ യാഥാർത്ഥ്യമാകുന്നുണ്ട്. സുൽത്താനെ നിശ്ചയിക്കുന്നതിൻ്റെ മതപരമായ ലക്ഷ്യവും ഇതുതന്നെയാണ്. അടിസ്ഥാനമില്ലാത്ത വാദങ്ങളും ആശയക്കുഴപ്പങ്ങളുമെല്ലാം ഇതിൽ മാറ്റിനിർത്തുക.”

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رَحِمَهُ اللَّهُ ‘അദ്ദുററുസ്സനിയ്യ’ (7/239) ൽ പറയുന്നു:

“ഏതെങ്കിലും ഒരു രാജ്യമോ രാജ്യങ്ങളോ കീഴടക്കി ഭരണം സ്ഥാപിച്ച വ്യക്തിക്ക് എല്ലാ കാര്യങ്ങളിലും ഇമാമിൻ്റെ (ഭരണാധികാരിയുടെ) പദവിയുണ്ടെന്നതിൽ എല്ലാ മദ്ഹബുകളിലെയും ഇമാമുമാർ ഏകോപിച്ചഭിപ്രായപ്പെട്ടിരിക്കുന്നു. ഇതില്ലായിരുന്നുവെങ്കിൽ ദുനിയാവിലെ കാര്യങ്ങൾ നേരെയാകുമായിരുന്നില്ല. കാരണം ഇമാം അഹ്മദിൻ്റെ കാലത്തിന് വളരെ മുമ്പ് മുതൽ ഇന്നുവരെയും ജനങ്ങൾ ഒരൊറ്റ ഇമാമിന് കീഴിൽ ഒരുമിച്ചുകൂടിയിട്ടില്ല. ഏറ്റവും വലിയ ഇമാം (ഖലീഫത്തുൽ അഅ്ളം) ഇല്ലാതെ മതവിധികൾ സാധുവാകില്ല എന്ന് പണ്ഡിതന്മാരിൽ ആരും തന്നെ പറഞ്ഞതായി അറിയുകയുമില്ല.”

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽഉഥൈമീൻ رَحِمَهُ اللَّهُ വിനോട് ‘ലിഖാആത്തുൽ ബാബിൽ മഫ്തൂഹ്’ (3/177 – ഫത്‌വ നമ്പർ 1263) ൽ ചോദിക്കപ്പെട്ടു:

“ഇന്നത്തെ കാലത്ത് ഒന്നിലധികം ഇസ്‌ലാമിക രാജ്യങ്ങളുള്ളതുകൊണ്ട് അവരിലുള്ള ഭരണാധികാരികൾക്കുള്ള ബൈഅത്ത് (പ്രതിജ്ഞ) പരിഗണിക്കേണ്ടതില്ല എന്ന് പറയുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം? ഒരൊറ്റ ഇമാമിന് മാത്രമേ ബൈഅത്ത് പാടുള്ളൂ എന്നാണല്ലോ അവരുടെ വാദം?”

ശൈഖ് മറുപടി നൽകി: “മുസ്‌ലിംകളുടെ ഇജ്മാഇന് വിരുദ്ധമായ തികച്ചും അബദ്ധമായൊരു വാദമാണിത്. സ്വഹാബികളുടെ കാലം മുതൽ തന്നെ ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിലധികം ഭരണാധികാരികൾക്ക് കീഴിലായിരുന്നിട്ടുണ്ട്. ഇന്നുവരെയും അത് തുടരുന്നു. തങ്ങളുടെ പരിധിയിലുള്ള ഇമാമിനോ അമീറിനോ ബൈഅത്ത് ചെയ്യണം എന്ന കാര്യത്തിൽ അഹ്‌ലുസ്സുന്നയുടെ ഇമാമുമാരെല്ലാം ഏകോപിച്ചഭിപ്രായമുള്ളവരാണ്. ആരും തന്നെ അതിനെ എതിർത്തിട്ടില്ല. ഈ വാദം പിശാചിൻ്റെ ദുർബോധനമാണ്. തങ്ങളുടെ പ്രദേശത്തെ ഭരണാധികാരിക്ക് ബൈഅത്ത് ചെയ്യുകയും അദ്ദേഹത്തെ അനുസരിക്കൽ നിർബന്ധമാണെന്ന് വിശ്വസിക്കുകയും ചെയ്യുക എന്നതാണ് ഇന്നുവരെയുള്ള മുസ്‌ലിംകളുടെ രീതി. ഈ വാദം ഉന്നയിക്കുന്നവരോട് ചോദിക്കുക: ലോകത്തുള്ള മുഴുവൻ മുസ്‌ലിംകൾക്കും കൂടിയുള്ള ഒരൊറ്റ ഇമാമിന് മാത്രമേ ബൈഅത്ത് പാടുള്ളൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അതിനർത്ഥം ഇന്നുള്ള ജനങ്ങൾക്കെല്ലാം ഇപ്പോൾ ഒരു ഇമാമില്ല എന്നല്ലേ? ഇത് തികച്ചും അസാധ്യമായ കാര്യമാണ്. നാം ഈ വാദം സ്വീകരിച്ചാൽ കാര്യങ്ങളെല്ലാം അരാജകത്വത്തിലേക്ക് നീങ്ങും. എന്നെ അനുസരിക്കാൻ ആർക്കും അവകാശമില്ല എന്ന് ഓരോരുത്തരും പറയാൻ തുടങ്ങും. ഈ വാദത്തിലുള്ള വലിയ അപകടം വളരെ വ്യക്തമാണല്ലോ!”

ശൈഖ് ഉഥൈമീൻ رَحِمَهُ اللَّهُ തൻ്റെ ‘അശ്ശർഹുൽ മുംതിഅ്’ (8/12) ൽ പറയുന്നു: “ഒരു പൊതുവായ ഖിലാഫത്ത് (ഖിലാഫത്തുൽ ആമ്മ) ഇല്ലെങ്കിൽ പോലും, തങ്ങളുടെ പ്രദേശത്തെ ഭരണാധികാരികളോട് വിശ്വസ്തത പുലർത്തുകയും അവരെ അനുസരിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിക പണ്ഡിതന്മാർ തുടർന്നുപോരുന്നത്. ഇന്ന് മുസ്‌ലിംകൾക്ക് ഒരു ഇമാമില്ല, അതിനാൽ ആർക്കും ബൈഅത്തില്ല എന്ന് വാദിക്കുന്ന പുതുതായി ഉയർന്നുവന്ന ചെറുപ്പക്കാരുടെ വഴികേട് ഇതിൽ നിന്നും മനസ്സിലാക്കാം!! അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു.”

ചുരുക്കത്തിൽ, ഇന്ന് ഒരൊറ്റ ഖലീഫ ഇല്ലാത്തതുകൊണ്ട് ഇന്നത്തെ ഭരണാധികാരികൾക്ക് യാതൊരു വിലയുമില്ല എന്ന് വാദിക്കുന്നവർ, പ്രായോഗികമായി സ്വഹാബികളുടെ കാലം മുതലുള്ള മുസ്‌ലിംകളുടെ നടപടികളെയാണ് ചോദ്യം ചെയ്യുന്നത്. കാരണം അവരുടെ കാലത്തിൻ്റെ അവസാനത്തിൽ തന്നെ ഈ വിഭജനം തുടങ്ങിയിരുന്നു. എന്നാൽ അവരാരും തന്നെ അതുകാരണം ഭരണാധികാരികൾക്കുള്ള ബൈഅത്ത് നിഷേധിച്ചിരുന്നില്ല. മറിച്ച് അവർ നിലവിലുള്ള ഭരണാധികാരികൾക്ക് ബൈഅത്ത് നൽകുകയും മറ്റുള്ളവരോട് അതിന് കൽപ്പിക്കുകയും ചെയ്തിരുന്നു. അതുപോലെ, എല്ലാ കാലഘട്ടങ്ങളിലുമുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ രേഖപ്പെടുത്തിയ ഏകോപിച്ചഭിപ്രായത്തിനും എതിരാണ് ഇത്തരം വാദങ്ങൾ. അല്ലാഹുവാണ് സന്മാർഗ്ഗം നൽകുന്നവൻ.

Share This Article
Leave a Comment