പരിശീലനം: പണ്ഡിത കാഴ്ചപ്പാടിൽ

8 Min Read

അബ്ദുല്ല അൽ-ബാതിൽ

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ശൈഖ് ഇബ്നു സഅ്ദി رَحِمَهُ اللَّهُ തൻ്റെ മനോഹരമായ ഗ്രന്ഥമായ ‘അർ-രിയാദു ന്നാദിറ’ യുടെ ഇരുപത്തി ഏഴാമത്തെ അധ്യായത്തിൽ പരിശീലനത്തെക്കുറിച്ച് പറയുന്നു:

പരിശീലനം എന്നാൽ ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ശീലമാക്കുകയും അതിൽ പരിശീലനം നേടുകയുമാണ്. വ്യക്തമായ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഉപകാരപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള പരിശീലനമാണത്.

അവ മൂന്ന് ഇനങ്ങളാണുള്ളത്: ശാരീരിക പരിശീലനം, സ്വഭാവ പരിശീലനം, ബൗദ്ധിക പരിശീലനം.

ഈ മൂന്നെണ്ണമായി ചുരുക്കാൻ കാരണം, മനുഷ്യൻ്റെ പൂർണ്ണത എന്നത് വിവിധ കർമ്മങ്ങൾ ചെയ്യാൻ തൻ്റെ ശരീരത്തെ പ്രാപ്തമാക്കലും, അല്ലാഹുവോടും അവൻ്റെ സൃഷ്ടികളോടുമൊപ്പം നല്ലൊരു ജീവിതം നയിക്കാൻ തൻ്റെ സ്വഭാവങ്ങളെ പൂർണ്ണമാക്കലും, ഉപകാരപ്രദവും സത്യസന്ധവുമായ അറിവുകൾ നേടിയെടുക്കലും ആണ്. ഇതുകൊണ്ടാണ് ഒരു ദാസൻ്റെ കാര്യങ്ങൾ പൂർണ്ണമാകുന്നത്. ഇതിൽ നിന്ന് ഒന്നെങ്കിലും, അല്ലെങ്കിൽ രണ്ടെണ്ണം, അല്ലെങ്കിൽ മുഴുവനായും നഷ്ടപ്പെടുമ്പോഴാണ് ന്യൂനതകൾ സംഭവിക്കുന്നത്.

ഈ മൂന്ന് വിഭാഗങ്ങളെയും ഇസ്ലാമിക പ്രമാണങ്ങളും ബുദ്ധിയും പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്. “മാർഗ്ഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ വിധിയാണുള്ളത്”, അതുപോലെ “കൽപ്പിക്കപ്പെട്ട ഒരു കാര്യം പൂർണ്ണമാകാൻ ഏതൊരു കാര്യം ആവശ്യമാണോ, ആ കാര്യവും നിർബന്ധമായോ സുന്നത്തായോ കൽപ്പിക്കപ്പെട്ടതാണ്” എന്നീ മഹത്തായ മതപരവും ബുദ്ധിപരവുമായ അടിസ്ഥാനങ്ങൾ തന്നെ പരിശീലനത്തിൻ്റെ വിവിധ ഇനങ്ങൾക്ക് നൽകേണ്ട പ്രാധാന്യത്തിന് വ്യക്തമായ തെളിവാണ്.

ശാരീരിക പരിശീലനം എന്നത് വിവിധ ചലനങ്ങളിലൂടെയും, നടത്തത്തിലൂടെയും, വാഹനയാത്രയിലൂടെയും ശരീരത്തെ ശക്തിപ്പെടുത്തലാണ്. ഇതിൽ മതപരമായ വിലക്കുകൾ ഇല്ലാത്തിടത്തോളം ഓരോ ജനതക്കും അവരുടേതായ രീതികളുണ്ടാകാം, അതിൽ തർക്കിക്കേണ്ടതില്ല. ശാരീരിക ചലനങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിക പതിവുകൾ നീ ചിന്തിച്ചുനോക്കിയാൽ, അത് മറ്റെല്ലാറ്റിനെയും അപേക്ഷിച്ച് എത്രയോ പര്യാപ്തമാണെന്ന് നിനക്ക് മനസ്സിലാക്കാം. ശുദ്ധീകരണം, നമസ്കാരം, ആരാധനകളിലേക്കുള്ള നടത്തം തുടങ്ങിയവയിലെ ചലനങ്ങൾ -വിശേഷിച്ചും ദാസൻ അതുകൊണ്ട് ആനന്ദം കണ്ടെത്തുമ്പോൾ-, ഹജ്ജ്, ഉംറ, പലവിധത്തിലുള്ള പോരാട്ടങ്ങൾ എന്നിവയിലെ ചലനങ്ങൾ, പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ചലനങ്ങൾ, സംസാരത്തിലും എഴുത്തിലുമുള്ള പരിശീലനങ്ങൾ, പലവിധത്തിലുള്ള തൊഴിലുകൾ, നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം ശാരീരിക പരിശീലനത്തിൽ ഉൾപ്പെടുന്നതാണ്. ശരീരത്തിൻ്റെ കരുത്ത്, ദൗർബല്യം, ഉന്മേഷം, മടി എന്നിവയനുസരിച്ച് ഇതിൻ്റെ ഉപകാരവും വ്യത്യസ്തമായിരിക്കും. ഒരാൾ ശാരീരിക പരിശീലനം നേടിയാൽ അവൻ്റെ അവയവങ്ങൾക്ക് കരുത്ത് ലഭിക്കും, ഞരമ്പുകൾക്ക് ശക്തിയുണ്ടാകും, അവൻ്റെ ചലനങ്ങൾ അനായാസമാകും, ഉന്മേഷം വർദ്ധിക്കും. ഉപകാരപ്രദമായ കർമ്മങ്ങൾ ചെയ്യാൻ സഹായിക്കുന്ന കൂടുതൽ കരുത്ത് അവൻ നേടിയെടുക്കും. കാരണം ശാരീരിക പരിശീലനം എന്നത് മറ്റു ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങളിൽ പെട്ടതാണ്, അല്ലാതെ അത് തന്നെ ഒരു ലക്ഷ്യമല്ല. മാത്രമല്ല, ശരീരങ്ങൾക്കും അതിൻ്റെ ചലനങ്ങൾക്കും കരുത്ത് ലഭിച്ചാൽ ബുദ്ധിക്ക് കൂടുതൽ വികാസമുണ്ടാകും, രോഗങ്ങൾ കുറയുകയോ ലഘൂകരിക്കപ്പെടുകയോ ചെയ്യും. ഇത്തരം പരിശീലനങ്ങൾ ഇല്ലാത്തവർക്ക് ആവശ്യമായി വരുന്ന ഒരുപാട് മരുന്നുകളിൽ നിന്ന് ഇത് അവനെ ധന്യനാക്കും.

എന്നാൽ, ശാരീരിക പരിശീലനത്തെ ഒരു ദാസൻ തൻ്റെ ആത്യന്തിക ലക്ഷ്യമായി കാണാൻ പാടില്ല. അങ്ങനെ വന്നാൽ അവൻ്റെ സമയം പാഴാകുകയും ഭൗതികവും പാരത്രികവുമായ യഥാർത്ഥ ലക്ഷ്യങ്ങൾ അവന് നഷ്ടപ്പെടുകയും ചെയ്യും. ഉന്നതമായ ലക്ഷ്യങ്ങളില്ലാത്ത പല ആളുകളുടെയും പതിവ് പോലെ അവൻ വലിയ നഷ്ടത്തിലാകും. അവരുടെ ലക്ഷ്യം മൃഗങ്ങളോട് പങ്കുചേരുക എന്നത് മാത്രമാണ്; ഇത് എത്ര നിസ്സാരവും മോശപ്പെട്ടതുമായ ലക്ഷ്യമാണ്! അതിൻ്റെ ആയുസ്സ് എത്ര കുറവാണ്!

സ്വഭാവ പരിശീലനം എന്നത് വലിയ കാര്യമാണ്, മനസ്സുകൾക്ക് അത് പ്രയാസകരവുമാണ്; എന്നാൽ അല്ലാഹു എളുപ്പമാക്കിക്കൊടുത്തവർക്ക് അത് വളരെ എളുപ്പമാണ്. അതിൻ്റെ ഉപകാരം വളരെ വലുതാണ്, അതിൻ്റെ നേട്ടങ്ങൾ എണ്ണമറ്റതുമാണ്. ഒരു ദാസൻ്റെ പൂർണ്ണത എന്നത് അല്ലാഹുവോടും അവൻ്റെ സൃഷ്ടികളോടും മനോഹരമായ സ്വഭാവത്തിൽ വർത്തിക്കുന്നതിലൂടെയാണ്. അങ്ങനെ അവന് അല്ലാഹുവിൻ്റെയും സൃഷ്ടികളുടെയും സ്നേഹം നേടിയെടുക്കാനും, സമാധാനവും സ്വസ്ഥതയുമുള്ള നല്ലൊരു ജീവിതം നയിക്കാനും സാധിക്കും. അതിൻ്റെ ശാഖകൾ നിരവധിയാണ്. അതിൻ്റെ ഒരു മാതൃക; തനിക്ക് നിർബന്ധമാക്കപ്പെട്ട കാര്യങ്ങൾ ചെയ്യാനും, ഐച്ഛികമായ സൽകർമ്മങ്ങൾ വഴി അത് പൂർണ്ണമാക്കാനും ഒരു ദാസൻ തൻ്റെ മനസ്സിനെ ശീലിപ്പിക്കുക എന്നതാണ്. അല്ലാഹു സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തോടെയും ഏറ്റവും മികച്ച രൂപത്തിലുമായിരിക്കണം അത് ചെയ്യേണ്ടത്. ഏറ്റവും മികച്ച രൂപത്തിൽ കർമ്മങ്ങൾ ചെയ്യുന്നതിനെ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞതുപോലെ: “നീ അല്ലാഹുവിനെ കാണുന്നുവെന്നത് പോലെ അവന് ആരാധനകൾ ചെയ്യുക, നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.” അതിനാൽ, പൂർണ്ണമായ രൂപത്തിലോ അതിനോട് അടുത്ത രൂപത്തിലോ തൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ അവൻ സ്വയം വിചാരണ ചെയ്യണം. നിർബന്ധ കർമ്മങ്ങൾ പൂർണ്ണമാക്കുന്നതിന് അവൻ മുൻഗണന നൽകണം. തൻ്റെ കർമ്മങ്ങളിൽ വല്ല കുറവോ വീഴ്ചയോ കണ്ടാൽ, അവൻ തൻ്റെ മനസ്സിനോട് കഠിനമായി പോരാടുകയും അതിനെ വിചാരണ ചെയ്യുകയും വേണം. ഏതൊരു കർമ്മത്തിൻ്റെയും ആത്മാവായ നിഷ്കളങ്കത പൂർണ്ണമാക്കുന്നതിന് അവൻ പരിശ്രമിക്കണം. ഒരു കർമ്മം ചെയ്യുന്നതിനും അത് പൂർണ്ണമാക്കുന്നതിനുമുള്ള പ്രേരണ അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടും, അവൻ്റെ പൊരുത്തം തേടിക്കൊണ്ടും, അവൻ്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുമാണെങ്കിൽ, അതാണ് സ്വീകരിക്കപ്പെടുന്ന കർമ്മം. അതിലെ കുറഞ്ഞ കർമ്മം പോലും വളരെ വലുതാണ്. അതിൻ്റെ ലക്ഷ്യം ഏറ്റവും മഹത്തായതും, അതിൻ്റെ ഉപകാരം നിലനിൽക്കുന്നതുമാണ്. ഈ കാര്യത്തിൽ വല്ല വീഴ്ചയോ കുറവോ കണ്ടാൽ, നേരായ മാർഗ്ഗത്തിൽ അത് നിലനിൽക്കുന്നതുവരെ അവൻ തൻ്റെ മനസ്സിനെ ശരിയാക്കിക്കൊണ്ടിരിക്കണം. അങ്ങനെ അവൻ്റെ പ്രവർത്തനങ്ങളും വാക്കുകളും പൂർണ്ണമായും അല്ലാഹുവിന് മാത്രമായിത്തീരണം. അവൻ്റെ പ്രതിഫലവും ഔദാര്യവും മാത്രമായിരിക്കണം അതിലൂടെ ഉദ്ദേശിക്കേണ്ടത്. ഇപ്രകാരം നിഷ്കളങ്കത എന്നത് അവൻ്റെ പ്രകൃതമായി മാറുന്നതുവരെ അവൻ തൻ്റെ മനസ്സിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കണം. അല്ലാഹുവിൻ്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധം അവൻ്റെ സവിശേഷതയായി മാറണം. അങ്ങനെ അവൻ നിഷ്കളങ്കരിലും കർമ്മങ്ങൾ ഏറ്റവും മികച്ച രൂപത്തിൽ ചെയ്യുന്നവരിലും ഉൾപ്പെടുന്നു. അതുവഴി അവന് ആരാധനകൾ എളുപ്പമായിത്തീരുന്നു. ചിലപ്പോൾ ഈ വഴിയിലുള്ള പ്രയാസങ്ങൾ പോലും അവന് മാധുര്യമുള്ളതായി തോന്നിയേക്കാം. അത് അല്ലാഹുവിൻ്റെ ഔദാര്യമാണ്, അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു.

അതുപോലെത്തന്നെ, സൃഷ്ടികളുടെ വ്യത്യസ്ത തലങ്ങളനുസരിച്ച് അവരോട് മനോഹരമായി പെരുമാറാൻ അവൻ തൻ്റെ മനസ്സിനെ ശീലിപ്പിക്കണം. ചെറിയവരോടും വലിയവരോടും, ഉന്നതരോടും സാധാരണക്കാരോടുമെല്ലാം അവൻ സൽസ്വഭാവത്തോടെ പെരുമാറണം. തന്നെ ഉപദ്രവിച്ചവന് അവൻ പൊറുത്തുകൊടുക്കണം, തന്നെ തടഞ്ഞവന് അവൻ നൽകണം, വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ തനിക്ക് തിന്മ ചെയ്തവന് അവൻ നന്മ ചെയ്യണം. അല്ലാഹുവിൻ്റെ ഈ വചനം അവൻ പ്രാവർത്തികമാക്കണം:

ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ۝ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا ذُو حَظٍّ عَظِيمٍ

“ഏറ്റവും നല്ലത്‌ ഏതാണോ അത്‌ കൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ഉറ്റബന്ധുവിനെപ്പോലെയായിത്തീരുന്നു. ക്ഷമകൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.”1

ഇത് മഹത്തായ ഭാഗ്യങ്ങളിൽ പെട്ടതാണെന്നും, തങ്ങളുടെ മനസ്സുകളെ പരിശീലിപ്പിക്കുകയും ഈ സ്വഭാവങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്ത ക്ഷമാലുക്കൾക്കല്ലാതെ ഇതിനുള്ള ഭാഗ്യം ലഭിക്കില്ലെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. ജനങ്ങളിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാവിധ വാക്കുകളെയും പ്രവൃത്തികളെയും നേരിടാൻ മനസ്സിനെ പാകപ്പെടുത്തലും, അതിൽ ക്ഷമ കൈക്കൊള്ളലും ഈ മഹത്തായ സ്വഭാവം നേടിയെടുക്കാനുള്ള വലിയൊരു സഹായമാണ്. അതുപോലെ തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചലനങ്ങളിലൂടെയുമെല്ലാം മുഴുവൻ സൃഷ്ടികളോടും ഗുണകാംക്ഷ കാണിക്കാൻ അവൻ തൻ്റെ മനസ്സിനെ പരിശീലിപ്പിക്കണം. കാരണം സൃഷ്ടികളോടുള്ള നന്മയുടെ ഏറ്റവും വലിയ രൂപമാണ് ഗുണകാംക്ഷ; അതാണ് യഥാർത്ഥ മതം. സത്യസന്ധത, നീതി, രഹസ്യവും പരസ്യവും ഒരുപോലെയാകൽ എന്നിവയെല്ലാം അവൻ ശീലമാക്കണം.

അല്ലാഹുവിൻ്റെയും അവൻ്റെ ദാസന്മാരുടെയും അവകാശങ്ങൾ പൂർത്തിയാക്കാൻ ഈ പരിശീലനത്തിലൂടെയല്ലാതെ സാധ്യമല്ല. ഏതൊരു കാര്യത്തിനും ഇതിൻ്റെ ആവശ്യകതയുണ്ട്. കാരണം മനുഷ്യപ്രകൃതം മടിയുള്ളതും ഉന്നതമായ കാര്യങ്ങളിലേക്ക് പെട്ടെന്ന് കുതിക്കാത്തതുമാണ്. അതിനാൽ അതിനെ നന്നാക്കിയെടുക്കാൻ നിരന്തരമായ പരിശ്രമം അനിവാര്യമാണ്.

ബൗദ്ധിക പരിശീലനം എന്നത് ഉപകാരപ്രദമായ അറിവുകളിൽ മുഴുകലും, അതിനെക്കുറിച്ച് ധാരാളമായി ചിന്തിക്കലും, അതിൽ നിന്ന് എളുപ്പമുള്ളവയിൽ തുടങ്ങി ക്രമേണ ഉയർന്ന തലങ്ങളിലേക്ക് പോവുകയുമാണ്. ശരിയായതും സത്യസന്ധവുമായ അറിവുകളിലേക്ക് ചേർന്നുനിൽക്കാനും, പിഴച്ചതും കള്ളമായതും യാതൊരു ഉപകാരവുമില്ലാത്തതുമായ അറിവുകളിൽ നിന്ന് അകന്നുനിൽക്കാനും ബുദ്ധിയെ ശീലിപ്പിക്കുക എന്നതും ഇതിൽ പെടുന്നു. കാരണം, സത്യത്തിലും ശരിയായ കാര്യങ്ങളിലും നിലകൊള്ളാനും അതിന് വിപരീതമായവയിൽ നിന്ന് അകന്നുനിൽക്കാനും ശീലിച്ച ഒരാൾ തൻ്റെ ചിന്തകളെയും ബുദ്ധിയെയും ഉപകാരപ്രദമായ വഴിയിലൂടെയാണ് നയിക്കുന്നത്. അതിനാൽ അവൻ ചിന്തയും ഗവേഷണവും ധാരാളമായി തുടരട്ടെ. വിശുദ്ധ ഖുർആനിലെ നിരവധി വചനങ്ങളിൽ അല്ലാഹു ഇതിനായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ബുദ്ധിയെ പരിശീലിപ്പിക്കാൻ ഏറ്റവും ഉപകാരപ്രദമായത് അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും വാക്കുകളാണ്. കാരണം അവ രണ്ടിലും മൊത്തമായും വിശദമായും ശമനവും സന്മാർഗ്ഗവുമുണ്ട്. ഏറ്റവും ഉന്നതവും ഉപകാരപ്രദവുമായ അറിവുകൾ അവയിലാണുള്ളത്. ഹൃദയങ്ങൾക്കും, മതത്തിനും, ഇഹലോകത്തിനും, പരലോകത്തിനും ഏറ്റവും അനുയോജ്യമായതും അതുതന്നെയാണ്.

അതിനാൽ അല്ലാഹുവിൻ്റെ ഗ്രന്ഥവും അവൻ്റെ റസൂലിൻ്റെ സുന്നത്തും ധാരാളമായി ചിന്തിച്ചുപഠിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. ഇതിലൂടെ ബുദ്ധി വികസിക്കുകയും, ചിന്തകളും ശരിയായ അറിവുകളും വിശാലമാവുകയും, ബുദ്ധിശക്തി വർദ്ധിക്കുകയും ചെയ്യും. ഇതുകൂടാതെ ഇവ നേടിയെടുക്കാൻ ഒരിക്കലും സാധ്യമല്ല. അതുപോലെത്തന്നെ, ആകാശഭൂമികളെക്കുറിച്ചും, അതിൽ നിക്ഷേപിക്കപ്പെട്ട സൃഷ്ടികളെക്കുറിച്ചും അനുഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കാൻ അല്ലാഹു തൻ്റെ ദാസന്മാരെ ക്ഷണിച്ചിട്ടുണ്ട്. ഏകദൈവാരാധന, പരലോകം, പ്രവാചകത്വം എന്നിവക്കും അവയുടെ തെളിവുകൾക്കും ഇതെല്ലാം ദൃഷ്ടാന്തങ്ങളാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ കാര്യങ്ങൾക്ക് ഉപകാരപ്രദമായ നേട്ടങ്ങൾ അവയിൽ നിന്ന് വേർതിരിച്ചെടുക്കുകയും വേണം. ഈ കാര്യങ്ങളെക്കുറിച്ചും ഇതിനോട് അനുബന്ധിച്ചുള്ളവയെക്കുറിച്ചും ചിന്തിക്കാൻ തൻ്റെ മനസ്സിനെ പരിശീലിപ്പിച്ച ഒരാളുടെ ചിന്തകൾ ഉയർന്ന തലങ്ങളിലെത്തുകയും, അവൻ്റെ ബുദ്ധിയുടെ അതിരുകൾ വിശാലമാവുകയും, അവൻ്റെ ഗ്രഹണശേഷി കൂർമ്മതയുള്ളതാവുകയും ചെയ്യും. എന്നാൽ ചിന്തിക്കാതിരിക്കുന്നവൻ്റെ പ്രകൃതം മരവിച്ചുപോകും, അവൻ്റെ ബുദ്ധി ദുർബ്ബലമാകും. യാതൊരു ഉപകാരവുമില്ലാത്ത, ലാഭത്തേക്കാളേറെ നഷ്ടം വരുത്തുന്ന ചിന്തകൾ അവനെ കീഴ്പ്പെടുത്തുകയും ചെയ്യും.

ഉപകാരപ്രദമായ ചിന്തകളിൽ പെട്ടതാണ് ദാസന് അല്ലാഹു നൽകിയ പ്രത്യേകവും പൊതുവായതുമായ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നത്. അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിൻ്റെ ഭാഗത്ത് നിന്നാണെന്നും, അല്ലാഹുവല്ലാതെ മറ്റാരും നന്മകളും സുകൃതങ്ങളും കൊണ്ടുവരികയില്ലെന്നും, അവനല്ലാതെ മറ്റാരും തിന്മകളും ബുദ്ധിമുട്ടുകളും തടയുകയില്ലെന്നും ഇതിലൂടെ ദാസന് മനസ്സിലാക്കാൻ സാധിക്കും. ഇത് അല്ലാഹുവിനോടുള്ള സ്നേഹം വർദ്ധിപ്പിക്കും. ഈ ചിന്തയിലൂടെ ഒരു ദാസൻ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെയും പരീക്ഷണങ്ങളെയും താരതമ്യം ചെയ്യുന്നു. യഥാർത്ഥത്തിൽ പരീക്ഷണങ്ങൾക്ക് അനുഗ്രഹങ്ങളുമായി യാതൊരു താരതമ്യവുമില്ല. മാത്രമല്ല, തൻ്റെ ബാധ്യതയായ ക്ഷമ കൈക്കൊള്ളുന്ന ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ പരീക്ഷണം പോലും അല്ലാഹുവിൻ്റെ ഭാഗത്ത് നിന്നുള്ള ഒരു അനുഗ്രഹമായി മാറുന്നു. ഒരു സത്യവിശ്വാസി അകപ്പെടുന്ന ഏത് അവസ്ഥയും അവന് ഗുണകരമാണ്. കാരണം അവൻ തൻ്റെ വിശ്വാസം കൊണ്ട് പരിശ്രമിക്കുകയും, തൻ്റെ എല്ലാ അവസ്ഥകളിലും അവൻ പ്രതിഫലം നേടിയെടുക്കുകയും ചെയ്യുന്നു. ഇതാണ് വിശ്വാസത്തിൻ്റെ ഏറ്റവും മികച്ച അലങ്കാരവും അതിൻ്റെ മനോഹരമായ ഫലവും.

അതുപോലെ ഏറ്റവും ഉപകാരപ്രദമായ ചിന്തകളിൽ പെട്ടതാണ് ജനങ്ങളുടെ ന്യൂനതകളെക്കുറിച്ചും സ്വന്തം കർമ്മങ്ങളുടെ ന്യൂനതകളെക്കുറിച്ചും ചിന്തിക്കുന്നതും അത് തിരിച്ചറിയുന്നതും. ശേഷം ആ ന്യൂനതകൾ ഇല്ലാതാക്കാനുള്ള വഴികൾ തേടുക. ഇതിലൂടെ കർമ്മങ്ങൾ പരിശുദ്ധമാവുകയും അവസ്ഥകൾ പൂർണ്ണമാവുകയും ചെയ്യും. വിജയമേകുന്നവൻ അല്ലാഹുവാണ്.

  1. സൂറത്ത് ഫുസ്സിലത്ത് – 34-35 ↩︎
Share This Article
Leave a Comment