ശത്രുക്കൾക്കെതിരെ പ്രാർത്ഥനയിലൂടെയുള്ള സഹായതേട്ടം

2026 മാർച്ച് 06 ന് നിർവ്വഹിക്കപ്പെട്ട ശൈഖിന്റെ പഠനക്ലാസിൽ നിന്ന് തയ്യാറാക്കിയത്.

11 Min Read

ഈ അനുഗൃഹീതമായ ദിനരാത്രങ്ങളിൽ അല്ലാഹുവിനോട് ധാരാളമായി പ്രാർത്ഥിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നത് ഉചിതമായിരിക്കും. റമദാൻ മാസത്തിന് പ്രാർത്ഥനയുടെ കാര്യത്തിൽ പ്രത്യേകമായൊരു ശ്രേഷ്ഠതയുണ്ടെന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. അല്ലാഹു (ﷻ) സൂറത്തുൽ ബഖറയിലെ നോമ്പുമായി ബന്ധപ്പെട്ട വചനങ്ങളുടെ ഇടയിൽ ഇപ്രകാരം അരുളിയതായി കാണാം:

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

“നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.” [സൂറത്ത് അൽബഖറ – 186]

ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥനയുടെ പ്രാധാന്യം

വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു പ്രാർത്ഥനയെക്കുറിച്ചും നാം ഓർക്കേണ്ടതുണ്ട്. മുസ്‌ലിംകൾ ഇത് ധാരാളമായി ചോദിക്കുകയും അതിനായി അല്ലാഹുവിനോട് നിരന്തരം കേഴുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ശത്രുക്കൾക്കെതിരെയുള്ള വിജയത്തിനായി പ്രാർത്ഥനയിലൂടെ സഹായം തേടുക (الِاسْتِنْصَار عَلَى الْأَعْدَاءِ بِالدُّعَاءِ) എന്നതാണത്.

ശത്രുക്കൾക്കെതിരെയുള്ള ഈ സഹായതേട്ടം ഇസ്‌ലാമിക സമൂഹത്തിന് അത്യന്താപേക്ഷിതമായതുകൊണ്ട് തന്നെ, നബി (ﷺ) യുടെ സുന്നത്തിൽ അതൊരു നിത്യകർമ്മമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഒരു മുസ്‌ലിം എല്ലാ രാത്രിയിലും ഇത് നിർവ്വഹിക്കേണ്ടതുണ്ട്. അബൂമസ്ഊദ് അൽ-ബദ്‌രി (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം:

مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ

“സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള രണ്ട് വചനങ്ങൾ ആരെങ്കിലും ഒരു രാത്രിയിൽ പാരായണം ചെയ്താൽ അവനത് മതിയാകുന്നതാണ്.” [ബുഖാരി – 5009, മുസ്‌ലിം – 808]

ഈ രണ്ട് വചനങ്ങളും അവസാനിക്കുന്നത് അല്ലാഹുവിന്റെ ഈ വചനത്തോട് കൂടിയാണ്:

أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ

“നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.” [സൂറത്ത് അൽബഖറ – 286]

എല്ലാ രാത്രിയിലും ഒരു മുസ്‌ലിം ഇപ്രകാരം പ്രാർത്ഥിക്കുന്നത് സുന്നത്താണ്. ‘നീയാണ് ഞങ്ങളുടെ രക്ഷാധികാരി’, അഥവാ നീ മാത്രമാണ് വിജയവും സഹായവും തൗഫീഖും നേർവഴിയും നൽകുന്നവൻ എന്ന് ഇതിലൂടെ അല്ലാഹുവിനോട് തേടുകയാണ്. അല്ലാഹു (ﷻ) അരുളി: (اللَّهُ وَلِيُّ الَّذِينَ آمَنُوا) “അല്ലാഹു വിശ്വാസികളുടെ രക്ഷാധികാരിയാണ്.” അതിനാൽ കാഫിറുകളായ ജനതയ്ക്കെതിരെ ഞങ്ങളെ സഹായിക്കേണമേ എന്ന് അല്ലാഹുവിന്റെ രക്ഷാകർതൃത്വം മുൻനിർത്തി സത്യവിശ്വാസികൾ പ്രാർത്ഥിക്കുന്നു. സൂറത്തുൽ ബഖറയുടെ അവസാനത്തെ ഈ രണ്ട് മഹത്തായ വചനങ്ങൾ പാരായണം ചെയ്യുമ്പോൾ ഈ പ്രാർത്ഥന ഓരോ രാത്രിയിലും വിശ്വാസി നിർവ്വഹിക്കുന്നത് ഏറ്റവും അഭികാമ്യമായ നിത്യകർമ്മമാണ്.

പ്രവാചകന്മാർ പ്രാർത്ഥനയിലൂടെ സഹായം തേടിയ ചരിത്രം

ഖുർആനിൽ പ്രവാചകന്മാരുടെയും അല്ലാഹുവിന്റെ വിശിഷ്ട ദാസന്മാരുടെയും ചരിത്രം നാം വായിക്കുമ്പോൾ, ശത്രുക്കൾക്കെതിരെ പ്രാർത്ഥനയിലൂടെ അവർ സഹായം തേടിയത് വളരെ വ്യക്തമായി കാണാൻ സാധിക്കും. അല്ലാഹുവിൽ നിന്നല്ലാതെ യാതൊരു വിജയവുമില്ലെന്ന അടിയുറച്ച വിശ്വാസം അവരുടെ ഹൃദയങ്ങളിൽ രൂഢമൂലമായതുകൊണ്ടാണിത്. അല്ലാഹു (ﷻ) അരുളിയത് പോലെ:

وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ

“അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവുമില്ല.” [സൂറത്ത് ആലുഇംറാൻ – 126]

അവൻ (ﷻ) പറഞ്ഞു:

إِن يَنصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ

“അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടു കളയുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌?” [സൂറത്ത് ആലുഇംറാൻ – 160]

അവൻ (ﷻ) പറഞ്ഞു:

إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا

“തീര്‍ച്ചയായും നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും നാം സഹായിക്കുക തന്നെ ചെയ്യും.” [സൂറത്ത് ഗാഫിർ – 51]

മറ്റൊരു വചനത്തിൽ അവൻ (ﷻ) വ്യക്തമാക്കി:

وَكَذَٰلِكَ نُنجِي الْمُؤْمِنِينَ

“അപ്രകാരം സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നു.” [സൂറത്ത് അൽഅൻബിയാഅ് – 88]

ഇതേ അർത്ഥം വരുന്ന നിരവധിയായ വചനങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ കാണാവുന്നതാണ്. അതിനാൽ, ഖുർആനിൽ പ്രവാചകന്മാരുടെ ചരിത്രങ്ങളിൽ അവർ ശത്രുക്കൾക്കെതിരെ അല്ലാഹുവിനോട് സഹായം തേടുന്നതും പ്രാർത്ഥിക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും.

നൂഹ് നബിയുടെ (عليه السلام) ചരിത്രത്തിൽ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചതായി കാണാം:

فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ

“അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്‍റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.”


ഉടനെ അല്ലാഹുവിന്റെ (ﷻ) മറുപടി വന്നു:

فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ

“അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു.”
[സൂറത്ത് അൽഖമർ – 10-11]

അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും വ്യക്തമായ വിജയം നൽകുകയും ചെയ്തു.

മൂസാ നബി (عليه السلام) യുടെ പ്രാർത്ഥനയെക്കുറിച്ച് അല്ലാഹു (ﷻ) ഇപ്രകാരം പറഞ്ഞു:

رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ

“ഞങ്ങളുടെ രക്ഷിതാവേ, അവരുടെ സ്വത്തുക്കള്‍ നീ തുടച്ചുനീക്കുകയും അവരുടെ ഹൃദയങ്ങള്‍ക്ക്‌ നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ. വേദനയേറിയ ശിക്ഷ കാണുന്നതു വരെ അവര്‍ വിശ്വസിക്കാതിരിക്കട്ടെ.”
അല്ലാഹു (ﷻ) മറുപടി നൽകി:

قَالَ قَدْ أُجِيبَت دَّعْوَتُكُمَا

“അല്ലാഹു പറഞ്ഞു: നിങ്ങള്‍ ഇരുവരുടെയും പ്രാര്‍ത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു.”
[സൂറത്ത് യൂനുസ് 88-89]

ബനൂ ഇസ്രായേലിലെ എണ്ണത്തിൽ കുറഞ്ഞവരായ ഒരു സംഘം സജ്ജീകരണങ്ങളിലും എണ്ണത്തിലും വലിയൊരു സൈന്യത്തെ നേരിട്ടപ്പോൾ, പ്രാർത്ഥനയിലൂടെയാണ് അവർ സഹായം തേടിയത്. ജാലൂത്തിനും അവന്റെ സൈന്യത്തിനും നേരെ അവർ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചു:

رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ

“ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതയ്ക്കെതിരായി ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.” [സൂറത്ത് അൽബഖറ – 250]

അങ്ങനെ അല്ലാഹുവിന്റെ (ﷻ) അനുമതിയോടെ അവർ ശത്രുക്കളെ പരാജയപ്പെടുത്തി; ദാവൂദ് (عليه السلام) ജാലൂത്തിനെ കൊലപ്പെടുത്തുകയും ചെയ്തു.

മറ്റൊരു വചനത്തിൽ അല്ലാഹു (ﷻ) പറയുന്നു:

وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّهُ يُحِبُّ الصَّابِرِينَ • وَمَا كَا قَوْلَهُمْ إِلَّا أَن قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ

“എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം (അല്ലാഹുവിൻ്റെ) അനേകം ദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.”
[സൂറത്ത് ആലുഇംറാൻ – 146, 147]

സൂറത്തുൽ ബഖറയുടെ അവസാനത്തിലെ പ്രാർത്ഥനയ്ക്ക് സമാനമാണിത്. പാപമോചനം തേടിയതിന് ശേഷം അവർ ശത്രുക്കൾക്കെതിരെ സഹായം തേടി. അവർക്ക് എന്ത് പ്രതിഫലമാണ് അല്ലാഹു നൽകിയത് ? അല്ലാഹു (ﷻ) അരുളി:

فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ


“അതിനാല്‍ അല്ലാഹു അവര്‍ക്ക്‌ ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും നല്‍കി. സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.” [സൂറത്ത് ആലുഇംറാൻ – 148]

നബി (ﷺ) യുടെ മാതൃകയും സമകാലിക പാഠങ്ങളും

ബദ്ർ യുദ്ധത്തിൽ അവതരിച്ച അല്ലാഹുവിന്റെ വചനം ശ്രദ്ധേയമാണ്:

إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ

“നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായമര്‍ഥിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതാണ്‌ എന്ന്‌ അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക്‌ മറുപടി നല്‍കി.” [സൂറത്ത് അൽഅൻഫാൽ – 9]

ഇതുമായി ബന്ധപ്പെട്ട സംഭവം ഉമർ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നുള്ള സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. നബി (ﷺ) കൈകൾ ഉയർത്തി അല്ലാഹുവിനോട് കേണപേക്ഷിച്ച് പ്രാർത്ഥിച്ചു: “അല്ലാഹുവേ, എനിക്ക് നീ നൽകിയ വാഗ്ദാനം പൂർത്തീകരിച്ചു തരേണമേ. അല്ലാഹുവേ, എനിക്ക് നീ നൽകിയ വാഗ്ദാനം നൽകേണമേ. അല്ലാഹുവേ, ഈ ചെറിയ സംഘത്തെ നീ നശിപ്പിക്കുകയാണെങ്കിൽ ഭൂമിയിൽ പിന്നീട് നിനക്ക് ഇബാദത്ത് ചെയ്യപ്പെടുകയില്ല.” നബി (ﷺ) യുടെ തോളിൽ നിന്ന് തട്ടം താഴെ വീഴുന്നത് വരെ അവിടുന്ന് അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. അപ്പോൾ അബൂബക്കർ (رَضِيَ اللَّهُ عَنْهُ) പിന്നിലൂടെ വന്ന് തട്ടമെടുത്ത് അവിടുത്തെ തോളിലിട്ടു. എന്നിട്ട് നബി (ﷺ) യെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ റബ്ബിനോടുള്ള ഈ തേട്ടം മതിയാകും. നിശ്ചയമായും അവൻ അങ്ങേക്കുള്ള വാഗ്ദാനം പൂർത്തീകരിച്ചു നൽകുന്നതാണ്.” അങ്ങനെയാണ് അല്ലാഹു ഈ വചനം അവതരിപ്പിച്ചത്.

ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. നാം ഇതിനെക്കുറിച്ച് ഓർക്കുകയും അല്ലാഹുവിനോട് ധാരാളമായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൈകളിലാണ്. പ്രിയ സഹോദരങ്ങളേ, മുൻകാലങ്ങളിൽ കാഫിറുകളും മുസ്‌ലിംകളും തമ്മിലുള്ള യുദ്ധങ്ങൾ നേർക്കുനേർ നിന്ന് ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത്, മനുഷ്യർ സ്വന്തം വീടുകളിൽ കഴിയുമ്പോൾ കെട്ടിടങ്ങൾക്കും മനുഷ്യർക്കും മേൽ മിസൈലുകളും ബോംബുകളും വർഷിക്കപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

സഹോദരങ്ങളേ, അല്ലാഹുവിങ്കൽ നിന്നല്ലാതെ യാതൊരു രക്ഷയുമില്ല; അവനല്ലാതെ യാതൊരു രക്ഷകനുമില്ല. പ്രാർത്ഥനകളിലും തേട്ടങ്ങളിലും നാം അല്ലാഹുവിനോട് തികഞ്ഞ ആത്മാർത്ഥത കാണിക്കേണ്ടതുണ്ട്. ഒരു മിസൈൽ പതിക്കുമ്പോൾ തന്നെ അനേകം ആളുകൾ കൊല്ലപ്പെടുന്നു. നാം ചെറുപ്പത്തിൽ സീറ (പ്രവാചക ചരിത്രം) വായിക്കുമ്പോൾ ഒരു യുദ്ധത്തിൽ 70 മുസ്‌ലിംകൾ കൊല്ലപ്പെട്ടുവെന്ന് കേൾക്കുമ്പോൾ അതൊരു വലിയ സംഖ്യയായി തോന്നിയിരുന്നു. എന്നാൽ ഇന്ന് ഒരൊറ്റ മിസൈലാക്രമണത്തിൽ ആയിരക്കണക്കിന് മുസ്‌ലിംകളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇതിൽ നിന്ന് രക്ഷ നേടാനും സംരക്ഷണം ലഭിക്കാനും അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

മുസ്‌ലിംകളുടെ വേദനകളും പ്രയാസങ്ങളും ഒന്നാണ്. “ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു ശരീരം പോലെയാണ്; ശരീരത്തിലെ ഒരു അവയവത്തിന് വേദനിച്ചാൽ ശരീരം മുഴുവൻ പനിച്ചും ഉറക്കമൊഴിച്ചും ആ വേദന പങ്കിടുന്നു.” അതിനാൽ “കാഫിറുകളായ ജനതയ്‌ക്കെതിരെ ഞങ്ങളെ സഹായിക്കേണമേ” എന്ന പ്രാർത്ഥന നാം നിരന്തരം ആവർത്തിക്കേണ്ടതുണ്ട്.

നബി (ﷺ) പഠിപ്പിച്ച പ്രത്യേക പ്രാർത്ഥനകൾ

നബി (ﷺ) ഏതെങ്കിലും ഒരു ജനതയെ ഭയപ്പെട്ടാൽ പ്രാർത്ഥനയിലൂടെ സഹായം തേടാറുണ്ടായിരുന്നു. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചു:

اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ

“അല്ലാഹുവേ, അവരുടെ നെഞ്ചുകൾക്ക് നേരെ നിന്നെ ഞങ്ങൾ കവചമാക്കുന്നു. അവരുടെ ഉപദ്രവങ്ങളിൽ നിന്ന് നിന്നോട് ഞങ്ങൾ കാവൽ തേടുന്നു.” [അബൂദാവൂദ് – 1537]

മറ്റൊരു പ്രാർത്ഥനയിൽ അവിടുന്ന് ഇപ്രകാരം പറയാറുണ്ടായിരുന്നു:

اللَّهُمَّ أَنْتَ عَضُدِي وَنَصِيرِي، بِكَ أَحُولُ وَبِكَ أَصُولُ، وَبِكَ أُقَاتِلُ

“അല്ലാഹുവേ, നീയാണ് എൻ്റെ ശക്തിയും സഹായകനും. നിന്റെ സഹായത്താലാണ് ഞാൻ തന്ത്രങ്ങൾ മെനയുന്നതും, ആക്രമണം നടത്തുന്നതും, യുദ്ധം ചെയ്യുന്നതും.” [അബൂദാവൂദ് – 2632]

മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:

اللَّهُمَّ مُجْرِيَ السَّحَابِ، هَازِمَ الأَحْزَابِ، اهْزِمْهُمْ وَانْصُرْنَا عَلَيْهِمْ

“അല്ലാഹുവേ, മേഘങ്ങളെ ചലിപ്പിക്കുന്നവനേ, സഖ്യകക്ഷികളെ പരാജയപ്പെടുത്തുന്നവനേ, അവരെ നീ പരാജയപ്പെടുത്തുകയും അവർക്കെതിരെ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ.” [മുസ്‌ലിം – 1742]

ഭരമേൽപ്പിക്കലും പ്രാർത്ഥനയുടെ ശക്തിയും

ഈ വിഷയം വളരെ മഹത്തായതും സുപ്രധാനവുമാണ്. അതിനാൽ മുസ്‌ലിംകൾ ഒരു കാരണവശാലും ഇതിൽ അശ്രദ്ധരാകാൻ പാടില്ല. ഒന്നാമതായി അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം; സഹായം അല്ലാഹുവിങ്കൽ നിന്ന് മാത്രമാണെന്ന വിശ്വാസം. നബി (ﷺ) അരുളി :

وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتْ الْأَقْلَامُ وَجَفَّتْ الصُّحُفُ

“നീ അറിയുക, നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്യാനായി ലോകത്തുള്ള മുഴുവൻ പേരും ഒന്നിച്ചു ചേർന്നാലും, അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ യാതൊന്നും ചെയ്യാൻ അവർക്ക് സാധിക്കുകയില്ല. ഇനി നിനക്ക് വല്ല ഉപദ്രവവും ചെയ്യാനായി അവർ ഒന്നിച്ചു ചേർന്നാലും, അല്ലാഹു നിനക്കെതിരെ രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും ചെയ്യാൻ അവർക്ക് സാധിക്കുകയില്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു, ഏടുകൾ ഉണങ്ങിയിരിക്കുന്നു.”
[തിർമിദി – 2516]

അതിനാൽ ഒരു വിശ്വാസി തന്റെ റബ്ബിലുള്ള ദൃഢവിശ്വാസം വർദ്ധിപ്പിക്കുകയും അവനോട് ധാരാളമായി പ്രാർത്ഥിക്കുകയും വേണം. പ്രാർത്ഥനയുടെ കാര്യത്തെ നിസ്സാരമായി കാണരുത്. പ്രാർത്ഥനയുടെ ഫലം അൽഭുതകരമാണ്, അതിന്റെ സ്ഥാനം മഹത്തരമാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (رَحِمَهُ اللَّهُ) ഈ വിഷയത്തിൽ നൽകിയ വിശദീകരണവും, പ്രാർത്ഥന കൊണ്ടുണ്ടാകുന്ന വലിയ ഫലങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധിക്കുക. അദ്ദേഹം പറയുന്നു:
“സത്യവിശ്വാസികളുടെ ആത്മാർത്ഥമായ ഹൃദയങ്ങളും അവരുടെ സൽകർമ്മങ്ങൾ നിറഞ്ഞ പ്രാർത്ഥനകളും പരാജയപ്പെടാത്ത സൈന്യമാണ്, തോൽവിയറിയാത്ത പടയാളികളുമാണത്.” [മജ്‌മൂഉൽ ഫതാവാ]
പ്രാർത്ഥനയ്ക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള വളരെ വലിയൊരു പ്രഖ്യാപനമാണിത്.

ചുരുക്കത്തിൽ, നാം പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകുക എന്നത് അങ്ങേയറ്റം അനിവാര്യമായ ഒരു കാര്യമാണ്. മുസ്‌ലിം സമൂഹത്തിന് പ്രതാപം ലഭിക്കാനുള്ള മാർഗ്ഗമാണത്. അല്ലാഹുവിനോട് കേണപേക്ഷിക്കുക, അവനിൽ മാത്രം ഭരമേൽപ്പിക്കുക, സ്വന്തം കഴിവിൽ നിന്നും ശക്തിയിൽ നിന്നും മുക്തനാവുക, ധാരാളമായി പ്രാർത്ഥിക്കുക ഇതെല്ലാം സമൂഹത്തിന്റെ വിജയത്തിലേക്കുള്ള വാതിലുകളാണ്. നബി (ﷺ) അരുളി:

إِنَّمَا يَنْصُرُ اللَّهُ هَذِهِ الْأُمَّةَ بِضَعِيفِهَا، بِدَعْوَتِهِمْ وَصَلَاتِهِمْ وَإِخْلَاصِهِمْ

“ഈ സമുദായത്തിലെ ദുർബ്ബലരായ ആളുകളുടെ പ്രാർത്ഥനയും നമസ്കാരവും ആത്മാർത്ഥതയും കാരണത്താലാണ് അല്ലാഹു ഈ സമുദായത്തെ സഹായിക്കുന്നത്.” [നസാഇ – 3178]

ആയതിനാൽ നാം പ്രാർത്ഥനയെ ഗൗരവത്തോടെ കാണുകയും ധാരാളമായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. സത്യനിഷേധികളുടെ ആക്രമണങ്ങളെ തടഞ്ഞുനിർത്താൻ അല്ലാഹുവിനോട് (ﷻ) നാം പ്രാർത്ഥിക്കുന്നു:

عَسَى اللَّهُ أَن يَكُفَّ بَأْسَ الَّذِينَ كَفَرُوا ۚ وَاللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنكِيلًا

“സത്യനിഷേധികളുടെ ആക്രമണം അല്ലാഹു തടഞ്ഞുനിർത്തിയേക്കാം. അല്ലാഹു കടുത്ത ആക്രമണ ശക്തിയുള്ളവനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.” [സൂറത്ത് അന്നിസാഅ് – 84]

ശൈഖ് അബ്ദുറസാഖ് അൽ-ബദ്ർ

Share This Article
Leave a Comment