ശിർക്കിനെ മനസ്സിലാക്കാനുള്ള പതിനാറ് അടിസ്ഥാന നിയമങ്ങൾ

25 Min Read
ഉള്ളടക്കം
ഒന്നാമത്തെ നിയമം: തൗഹീദില്ലാതെ യാതൊരു ഇബാദത്തും സ്വീകാര്യമല്ല. (لا عبادة إلا مع التوحيد)രണ്ടാമത്തെ നിയമം: ശിർക്ക് ഇബാദത്തിൽ കലർന്നാൽ അത് ആ ഇബാദത്തിനെയും മറ്റെല്ലാ കർമ്മങ്ങളെയും നശിപ്പിക്കും. (الشرك إذا دخل العبادة أفسدها)മൂന്നാമത്തെ നിയമം: തൗഹീദും ശിർക്കും ഒരിക്കലും ഒരുമിച്ചുചേരാത്ത രണ്ട് വിപരീതങ്ങളാണ്. (التوحيد والشرك ضدان لا يجتمعان)നാലാമത്തെ നിയമം: മുശ്‌രിക്ക് അല്ലാഹുവിനെ ആരാധിക്കുന്നത് ബാഹ്യമായി മാത്രമാണ്, യഥാർത്ഥത്തിലല്ല. (المشرك يعبد الله صورة لا حقيقة)അഞ്ചാമത്തെ നിയമം: അല്ലാഹുവിന് സമന്മാരെയും പങ്കുകാരെയും വെക്കുക എന്നതാണ് ശിർക്കിന്റെ അടിസ്ഥാന കാരണം; അതിനാൽ പങ്കുകാർക്കിടയിൽ യാതൊരു വ്യത്യാസവുമില്ല. (علة الشرك التنديد والتشريك فلا فرق بين شريك وشريك)ആറാമത്തെ നിയമം: അഞ്ച് കാര്യങ്ങൾ ഗ്രഹിക്കാതെ തൗഹീദ് മനസ്സിലാക്കാൻ സാധ്യമല്ല. (لن تفهم التوحيد إلا بفهم أمور خمسة)ഏഴാമത്തെ നിയമം: മനുഷ്യരാശിയിൽ ആദ്യമായി ശിർക്ക് സംഭവിച്ചത് നൂഹ് (عليه السلام) ന്റെ ജനതയിലാണ്. (أول شرك وقع في البشرية كان في قوم نوح عليه السلام)എട്ടാമത്തെ നിയമം: നബി (ﷺ) നിയോഗിക്കപ്പെട്ട സമൂഹത്തിലെ മുശ്‌രിക്കുകൾ അല്ലാഹുവിനെ അറിയുന്നവരും അവനെ ആരാധിക്കുന്നവരും ആയിരുന്നു. (المشركون الذين بعث فيهم نبينا صلى الله عليه وسلم كانوا يعرفون الله ويعبدونه)ഒമ്പതാമത്തെ നിയമം: മുശ്‌രിക്കുകളുടെ ശിർക്കിന്റെ ഏറ്റവും വലിയ കാരണം ശഫാഅത്ത് (ശുപാർശ) തേടലായിരുന്നു. (أعظم سبب لشرك المشركين كان طلب الشفاعة)പത്താമത്തെ നിയമം: ആദ്യകാല മുശ്‌രിക്കുകൾ അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ പൊതുവായി അംഗീകരിച്ചിരുന്നു; എന്നാൽ അതവർക്ക് ഉപകരിച്ചില്ല. (كان المشركون الأولون مقرين بربوبية الله بالجملة ولم ينفعهم)പതിനൊന്നാമത്തെ നിയമം: ഇബാദത്താണെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യവും അല്ലാഹുവിനല്ലാതെ അർപ്പിക്കൽ ശിർക്കാണ്. (ما ثبت أنه عبادة فصرفه لغير الله شرك)പന്ത്രണ്ടാമത്തെ നിയമം: ശിർക്കിന്റെ കാര്യത്തിൽ പരിഗണന നൽകേണ്ടത് യഥാർത്ഥ വസ്തുതകൾക്കാണ്, അതിന് നൽകപ്പെടുന്ന പേരുകൾക്കല്ല. (العبرة في الشرك بالحقائق لا بالمسميات)പതിമൂന്നാമത്തെ നിയമം: സദ്‌വൃത്തരായ ഔലിയാക്കൾ ആദരിക്കപ്പെടേണ്ടവരാണ്, ആരാധിക്കപ്പെടേണ്ടവരല്ല.  (الأولياء الصالحون مكرمون لا يعبدون)പതിനാലാമത്തെ നിയമം: ശഹാദത്ത് കലിമയിലെ ഒരു ഭാഗത്തോടുള്ള സമീപനം തന്നെയായിരിക്കണം അതിന്റെ മറുഭാഗത്തോടും ഉണ്ടായിരിക്കേണ്ടത്. (القول في إحدى الشهادتين كالقول في الشهادة الأخرى)പതിനഞ്ചാമത്തെ നിയമം: ചില ഇബാദത്തുകളോടുള്ള വിധി തന്നെയാണ് മറ്റു ചില ഇബാദത്തുകൾക്കുമുള്ളത്.  (القول في بعض العبادات كالقول في البعض الآخر)പതിനാറാമത്തെ നിയമം: ഈമാനിന്റെ അടിസ്ഥാനം സ്ഥിരപ്പെടാൻ അതിനുള്ള നിബന്ധനകൾ ഒത്തുചേരേണ്ടതുണ്ട്; എന്നാൽ വലിയ ശിർക്ക് സ്ഥിരപ്പെടാൻ അതിനുള്ള കാരണങ്ങൾ മുഴുവനും ഒത്തുചേരണമെന്നില്ല.

ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി

ഒന്നാമത്തെ നിയമം: തൗഹീദില്ലാതെ യാതൊരു ഇബാദത്തും സ്വീകാര്യമല്ല. (لا عبادة إلا مع التوحيد)

ഇതാണ് യാതൊരു സംശയവുമില്ലാത്ത സത്യം. നബി (ﷺ) അല്ലാഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസുൽ ഖുദ്‌സിയിൽ ഇപ്രകാരം കാണാം:

أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ، مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ

“പങ്കുകാരിൽ നിന്നെല്ലാം ഏറ്റവും ഐശ്വര്യവാനാണ് ഞാൻ (എനിക്ക് ഒരു പങ്കുകാരന്റെയും ആവശ്യമില്ല). ആരെങ്കിലും എന്തെങ്കിലും ഒരു കർമ്മം ചെയ്യുകയും, അതിൽ എന്നോടൊപ്പം മറ്റൊരാളെ പങ്കുചേർക്കുകയും ചെയ്താൽ അവനെയും അവന്റെ ശിർക്കിനെയും ഞാൻ ഉപേക്ഷിക്കുന്നതാണ്.” [സ്വഹീഹ് മുസ്‌ലിം – 2985]

മറ്റൊരു സ്വഹീഹായ ഹദീസിൽ നബി (ﷺ) പറഞ്ഞു:

إِنَّ اللَّهَ لَا يَقْبَلُ مِنَ الْعَمَلِ إِلَّا مَا كَانَ لَهُ خَالِصًا، وَابْتُغِيَ بِهِ وَجْهُهُ

“കർമ്മങ്ങളിൽ നിന്ന് തനിക്ക് മാത്രം നിഷ്കളങ്കമായി അർപ്പിക്കപ്പെട്ടതും, തന്റെ പ്രീതി കാംക്ഷിച്ച് ചെയ്യപ്പെട്ടതും മാത്രമല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല.” [സുനൻ അന്നസാഈ – 3140]

അതിനാൽ ഇതൊരു അനിഷേധ്യമായ വസ്തുതയാണ്. തൗഹീദ് ഇല്ലാതെ യാതൊരു ഇബാദത്തുമില്ല. ഒരു ദാസൻ തന്റെ ഇബാദത്തിൽ റബ്ബിനെ മാത്രം ഏകനാക്കിയിട്ടില്ലെങ്കിൽ (തൗഹീദ് ഉൾക്കൊണ്ടിട്ടില്ലെങ്കിൽ) അത് ഇബാദത്തായി പരിഗണിക്കപ്പെടുകയില്ല. തൗഹീദില്ലെങ്കിൽ അങ്ങനെയൊരു ഇബാദത്ത് ഉള്ളതും ഇല്ലാത്തതും സമമാണ്. ശുദ്ധിയില്ലാതെ (വുദൂഅ് ഇല്ലാതെ) നമസ്കരിച്ചാൽ അത് നമസ്കാരമായി പരിഗണിക്കപ്പെടാത്തതുപോലെ തന്നെയാണിത്. ഒരാൾ വളരെ ഭക്തിയോടെ നിർത്തവും റുകൂഉം സുജൂദുമൊക്കെ ദീർഘിപ്പിച്ച് നമസ്കരിച്ചു, എന്നാൽ അയാൾക്ക് ശുദ്ധിയില്ലായിരുന്നു. ആ നമസ്കാരത്തിന് വല്ല മൂല്യവുമുണ്ടോ? ആ നമസ്കാരം സ്വീകാര്യമാണോ? അയാൾ അത്രയും കഷ്ടപ്പെട്ടതല്ലേ എന്ന് കരുതി ആ നമസ്കാരം സ്വീകരിക്കപ്പെടുമോ? ഇല്ല. കാരണം, അത് സ്വീകരിക്കപ്പെടാനുള്ള നിബന്ധനയായ ശുദ്ധി അതിലില്ല. നമസ്കാരത്തിന് ശുദ്ധിയെന്നത് പോലെയോ അതിനേക്കാൾ ഗൗരവമേറിയതോ ആണ് ഇബാദത്തുകൾക്ക് തൗഹീദ് എന്നത്.

രണ്ടാമത്തെ നിയമം: ശിർക്ക് ഇബാദത്തിൽ കലർന്നാൽ അത് ആ ഇബാദത്തിനെയും മറ്റെല്ലാ കർമ്മങ്ങളെയും നശിപ്പിക്കും. (الشرك إذا دخل العبادة أفسدها)

ശുദ്ധിയില്ലാതെ നമസ്കരിച്ചാൽ ആ ഒരൊറ്റ നമസ്കാരം മാത്രമേ ബാത്വിലാകുകയുള്ളൂ. എന്നാൽ തൗഹീദിന്റെ വിഷയം അങ്ങനെയല്ല, അത് ഇതിനേക്കാൾ ഗൗരവതരമാണ്. ഒരു ഇബാദത്തിൽ ശിർക്ക് കലർന്നാൽ ആ ഇബാദത്ത് നശിച്ചുപോകും; എന്ന് മാത്രമല്ല, അത് ആ വ്യക്തിയുടെ മറ്റെല്ലാ സൽകർമ്മങ്ങളെയും നശിപ്പിക്കുകയും ചെയ്യും. നാം മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു തുള്ളി ശിർക്ക് സൽകർമ്മങ്ങളുടെ സമുദ്രങ്ങളെ തന്നെ നശിപ്പിച്ചുകളയുന്നു.

മൂന്നാമത്തെ നിയമം: തൗഹീദും ശിർക്കും ഒരിക്കലും ഒരുമിച്ചുചേരാത്ത രണ്ട് വിപരീതങ്ങളാണ്. (التوحيد والشرك ضدان لا يجتمعان)

അതായത്, ഒരാൾ ഒന്നുകിൽ മുവഹ്ഹിദ് (തൗഹീദുള്ളവൻ) ആയിരിക്കും; അല്ലെങ്കിൽ മുശ്‌രിക്ക് (ശിർക്ക് ചെയ്യുന്നവൻ) ആയിരിക്കും. ഒരാൾ ഒരേസമയം ശുദ്ധിയുള്ളവനും ശുദ്ധിയില്ലാത്തവനുമായിരിക്കാൻ കഴിയുമോ? ഇല്ല. വെളിച്ചവും ഇരുട്ടും ഒരുമിച്ചുചേരുമോ? ഇല്ല. തൗഹീദിന്റെ പ്രകാശവും ശിർക്കിന്റെ അന്ധകാരവും ഒരിക്കലും ഒരുമിച്ചുചേരുകയില്ല.

നാലാമത്തെ നിയമം: മുശ്‌രിക്ക് അല്ലാഹുവിനെ ആരാധിക്കുന്നത് ബാഹ്യമായി മാത്രമാണ്, യഥാർത്ഥത്തിലല്ല. (المشرك يعبد الله صورة لا حقيقة)

തൗഹീദില്ലാതെ ഇബാദത്ത് സ്വീകാര്യമല്ല എന്ന് നാം മനസ്സിലാക്കിയല്ലോ. അതിനാൽ തൗഹീദില്ലാതെയുള്ള ഒരു ഇബാദത്ത് കേവലം ഒരു ബാഹ്യരൂപം മാത്രമാണ്, അതൊരിക്കലും യഥാർത്ഥ ഇബാദത്തല്ല. നിങ്ങളുടെ സുഹൃത്തിന്റെ ഒരു ചിത്രം നിങ്ങൾക്ക് മുന്നിൽ വെച്ചിട്ട്, ഇതാ നിങ്ങളുടെ സുഹൃത്ത് എന്ന് പറഞ്ഞാൽ അതുകൊണ്ട് നിങ്ങൾക്ക് വല്ല പ്രയോജനവുമുണ്ടോ? നിങ്ങൾക്ക് അയാളെ നേരിട്ട് വേണം. ചിത്രം കൊണ്ട് കാര്യമില്ല. അതുപോലെയാണ് തൗഹീദില്ലാതെയുള്ള ഇബാദത്തും. ഒരു മുശ്‌രിക്ക് പറയുന്നു: “ഞാൻ അല്ലാഹുവിനെ ആരാധിക്കുന്നു, പ്രാർത്ഥിക്കുന്നു, പണം ചെലവഴിച്ച് ഹജ്ജും ഉംറയും ചെയ്യുന്നു”. എന്നാൽ അയാൾ ശിർക്ക് ചെയ്യുന്നവനാണെങ്കിൽ ഈ കർമ്മങ്ങൾക്കൊന്നും യാതൊരു മൂല്യവുമില്ല. അതൊക്കെ ഇബാദത്തിന്റെ വെറുമൊരു ബാഹ്യരൂപം മാത്രമാണ്, യഥാർത്ഥ ഇബാദത്തല്ല.

അഞ്ചാമത്തെ നിയമം: അല്ലാഹുവിന് സമന്മാരെയും പങ്കുകാരെയും വെക്കുക എന്നതാണ് ശിർക്കിന്റെ അടിസ്ഥാന കാരണം; അതിനാൽ പങ്കുകാർക്കിടയിൽ യാതൊരു വ്യത്യാസവുമില്ല. (علة الشرك التنديد والتشريك فلا فرق بين شريك وشريك)

ശിർക്കിനെ ശിർക്കാക്കി മാറ്റുന്നതും, അതിന്മേൽ വലിയ വിധികൾ വരാൻ കാരണമാകുന്നതുമായ അടിസ്ഥാന കാര്യം, അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ളവയിൽ അവനോടൊപ്പം മറ്റുള്ളവരെ കൂടി പങ്കുചേർക്കലും അവന് സമന്മാരെ വെക്കലുമാണ് (التنديد والتشريك). ഇതിൽ ആരെ പങ്കുചേർത്തു എന്നതിൽ യാതൊരു വ്യത്യാസവുമില്ല. ഒരു സദ്‌വൃത്തനായ മനുഷ്യനെ പങ്കുചേർത്താലും ഒരു പിഴച്ചവനെ പങ്കുചേർത്താലും ശിർക്ക് ശിർക്ക് തന്നെയാണ്. ഒരു പ്രവാചകനെ അല്ലാഹുവിനോട് പങ്കുചേർക്കുന്നതിനും ശപിക്കപ്പെട്ട ഇബ്‌ലീസിനെ പങ്കുചേർക്കുന്നതിനും ഇടയിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടും ശിർക്കാണ്. ഇന്ന് പിശാചിനെ ആരാധിക്കുന്നവരുണ്ട്. അതുപോലെ ഈസാ നബിയെ ആരാധിക്കുന്നവരുണ്ട്, നബി (ﷺ) യോട് പ്രാർത്ഥിക്കുകയും ഖബറിന് സുജൂദ് ചെയ്യുകയും ചെയ്യുന്നവരുണ്ട്. ഇവരുടെയെല്ലാം വിധിയിൽ വല്ല വ്യത്യാസവുമുണ്ടോ? ഇല്ല. കാരണം ശിർക്കിന്റെ അടിസ്ഥാന കാരണം അല്ലാഹുവിന് സമന്മാരെയും പങ്കുകാരെയും വെക്കുക എന്നതാണ്.

നബി (ﷺ) നിയോഗിക്കപ്പെട്ടത് വ്യത്യസ്ത ആരാധനാമൂർത്തികളെ ആരാധിച്ചിരുന്ന ഒരു സമൂഹത്തിലേക്കാണ്. അവരിൽ വിഗ്രഹങ്ങളെയും കല്ലുകളെയും ആരാധിക്കുന്നവരുണ്ടായിരുന്നു, നക്ഷത്രങ്ങളെ ആരാധിക്കുന്നവരുണ്ടായിരുന്നു, മലക്കുകളെയും ജിന്നുകളെയും ആരാധിക്കുന്നവരുണ്ടായിരുന്നു, ഈസാ നബിയെ (عليه السلام) ആരാധിക്കുന്നവരുണ്ടായിരുന്നു. എന്നാൽ നബി (ﷺ) ഇവരെ വെവ്വേറെയായി കണ്ട് വിധി പറഞ്ഞിട്ടുണ്ടോ? “നിങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നവരാണ്, നിങ്ങൾ മുശ്‌രിക്കുകളാണ്; എന്നാൽ നിങ്ങൾ മലക്കുകളെയും ഈസാ നബിയെയും ആരാധിക്കുന്നവരായതുകൊണ്ട് നിങ്ങളുടെ വിധി മറ്റൊന്നാണ്”, എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടോ? ഇല്ല! അല്ലാഹുവല്ലാത്തവരെ ഇബാദത്തിൽ പങ്കുചേർത്തു എന്ന കാരണത്താൽ അവരെല്ലാവരും മുശ്‌രിക്കുകളാണെന്ന ഒരേ വിധിയാണ് അവർക്കെല്ലാം നബി (ﷺ) നൽകിയത്. അല്ലാഹുവിന് പങ്കുകാരനായി വെക്കപ്പെട്ടത് നല്ലവനാണോ കെട്ടവനാണോ, ജീവനുള്ളവനാണോ മരിച്ചവനാണോ, പ്രവാചകനാണോ പിശാചാണോ എന്നതൊന്നും അവിടെ പരിഗണിക്കപ്പെടില്ല.

ഇതൊരു സുപ്രധാനമായ അടിസ്ഥാന നിയമമാണ്. ഈ കാലഘട്ടത്തിലുള്ള മുശ്‌രിക്കുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന പല തെറ്റിദ്ധാരണകൾക്കും (تلبيس) ഇതൊരു കൃത്യമായ മറുപടിയാണ്. തൗഹീദ് മനസ്സിലാക്കിയവർ സത്യത്തിന്റെ മേൽ ഉറച്ചുനിൽക്കുകയും, അല്ലാഹുവിന്റെ ശത്രുക്കളുടെ കുതന്ത്രങ്ങളെ തിരിച്ചറിയുകയും വേണം. പിഴച്ച കക്ഷികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൊണ്ടുവന്ന അഞ്ച് പ്രധാന വാദങ്ങൾ താഴെ പറയുന്നവയാണ്:

  1. അവർ തൗഹീദിന്റെ അടിസ്ഥാന വചനത്തിന്റെ അർത്ഥം തിരുത്തി. ലായിലാഹ ഇല്ലല്ലാഹ് (لا إله إلا الله) എന്നതിന്റെ യഥാർത്ഥ അർത്ഥം ‘അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി മറ്റാരുമില്ല’ (لا معبود بحق إلا الله) എന്നാണ്. എന്നാൽ അവർ ഇതിനെ തിരുത്തി, ‘അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവില്ല’ (لا خالق إلا الله), അല്ലെങ്കിൽ ‘അല്ലാഹുവല്ലാതെ ഒന്നിനും കഴിവുള്ളവനില്ല’ എന്ന് വ്യാഖ്യാനിച്ചു. ഇത് തീർത്തും തെറ്റാണ്. കാരണം നബി (ﷺ) ഖുറൈശികളോട് ‘അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവില്ല’ എന്ന് പറഞ്ഞിരുന്നെങ്കിൽ അവർ ഒരിക്കലും അതിനെ എതിർക്കുമായിരുന്നില്ല. ആ വചനം അവർക്ക് മുൻപേ അറിയാമായിരുന്നു. അല്ലാഹു ഖുർആനിൽ പറയുന്നു: “അവരെ സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്”. എന്നാൽ നബി (ﷺ) ലായിലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞപ്പോൾ അറബികളായ അവർക്ക് അതിന്റെ അർത്ഥം കൃത്യമായി മനസ്സിലായി. അതുകൊണ്ടാണ് അവർ ഇപ്രകാരം മറുപടി പറഞ്ഞത്: “അവന്‍ ഇത്രയധികം ആരാധ്യരെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ”.
  2. തൗഹീദിന് വിഭജനങ്ങളില്ല എന്ന് അവർ വാദിച്ചു. തൗഹീദുർ റുബൂബിയ്യ, ഉലൂഹിയ്യ, അസ്മാഉ വസ്സ്വിഫാത് എന്നിങ്ങനെയുള്ള വിഭജനം ശരിയല്ലെന്നും, ഇത് ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽ വഹാബിന്റെയും പുതിയ കണ്ടുപിടുത്തമാണെന്നും, നബി (ﷺ) അങ്ങനെ വിഭജിച്ചിട്ടില്ലെന്നും അവർ വാദിക്കുന്നു. നാം അവരോട് ചോദിക്കുന്നു: എങ്കിൽ തൗഹീദ് എത്ര ഇനമാണ്? അവർ പറയും: ഒരിനം. നാം വീണ്ടും ചോദിക്കുന്നു: തൗഹീദ് ഒരിനമാണെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടോ? അപ്പോൾ അവർ പറയും: അത് പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കിയതാണ്. എങ്കിൽ നാം പറയുന്നു: ഇതേ പ്രമാണങ്ങളിൽ നിന്ന് തന്നെയാണ് തൗഹീദിന്റെ മൂന്ന് ഇനങ്ങളും പണ്ഡിതന്മാർ മനസ്സിലാക്കിയെടുത്തിട്ടുള്ളത്.
  3. റുബൂബിയ്യത്തിനും ഉലൂഹിയ്യത്തിനും ഇടയിൽ വ്യത്യാസമില്ല എന്ന് അവർ വാദിച്ചു. അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിക്കുന്നവൻ അവനെ ആരാധിക്കുന്നവൻ കൂടിയാണെന്ന് അവർ പറയുന്നു. ഇത് ശരിയായിരുന്നെങ്കിൽ ഖുറൈശികൾ മുവഹ്ഹിദുകൾ ആകുമായിരുന്നു! കാരണം അല്ലാഹുവാണ് സ്രഷ്ടാവെന്നും അന്നദാതാവെന്നും നിയന്താവെന്നും അവർ വിശ്വസിച്ചിരുന്നു. പക്ഷേ അതുകൊണ്ട് അവർ മുവഹ്ഹിദുകൾ ആയില്ല.
  4. ഇസ്‌ലാമിൽ പ്രവേശിച്ച ഒരാൾ ഒരിക്കലും അതിൽ നിന്ന് പുറത്തുപോകില്ല (മതപരിത്യാഗം ഇല്ല) എന്ന് അവർ വാദിച്ചു. ഒരാൾ ഇസ്‌ലാമിൽ പ്രവേശിച്ചാൽ പിന്നീട് ഖബറുകൾക്ക് സുജൂദ് ചെയ്താലും അവരോട് പ്രാർത്ഥിച്ചാലും അവൻ മുസ്‌ലിം തന്നെയായിരിക്കുമെന്ന് അവർ പഠിപ്പിക്കുന്നു. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾക്ക് തന്നെ വിരുദ്ധമാണ്. ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലെ ‘ബാബുർ രിദ്ദ’ (മതപരിത്യാഗത്തിന്റെ അധ്യായം) നാം കീറിക്കളയണമെന്നാണോ ഇവർ പറയുന്നത്? സ്വഹീഹ് മുസ്‌ലിമിൽ നബി (ﷺ) ഇപ്രകാരം പറഞ്ഞതായി കാണാം: “കൂരിരുട്ടുള്ള രാത്രിയുടെ കഷണങ്ങൾ പോലെയുള്ള ഫിത്‌നകൾ (കുഴപ്പങ്ങൾ) വരുന്നതിനുമുമ്പായി നിങ്ങൾ സൽകർമ്മങ്ങൾ ചെയ്യാൻ ധൃതി കാണിക്കുക. അന്ന് രാവിലെ സത്യവിശ്വാസിയായിരുന്ന ഒരു മനുഷ്യൻ വൈകുന്നേരമാകുമ്പോഴേക്കും കാഫിറായി (സത്യനിഷേധി) മാറും. അല്ലെങ്കിൽ വൈകുന്നേരം സത്യവിശ്വാസിയായിരുന്നവൻ രാവിലെ കാഫിറായി മാറും. ഭൗതികമായ നേട്ടങ്ങൾക്ക് വേണ്ടി അവൻ തന്റെ ദീനിനെ വിൽക്കും.” [സ്വഹീഹ് മുസ്‌ലിം – 118] രാവിലെ വിശ്വാസിയായിരുന്നവൻ വൈകുന്നേരമാ-കുമ്പോഴേക്കും കാഫിറായി മാറുമെന്നാണ് നബി (ﷺ) പറഞ്ഞത്. ചിലപ്പോൾ ഏതാനും മണിക്കൂറുകൾ മതിയാകും ഒരാളുടെ ഹൃദയത്തിൽ ഫിത്‌നകൾ കയറിക്കൂടാൻ. അപ്പോൾ എങ്ങനെയാണ് ഇസ്‌ലാമിൽ വന്ന ഒരാൾ ഒരിക്കലും അതിൽ നിന്ന് പുറത്തുപോകില്ല എന്ന് പറയാനാവുക? അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ചാലും കുഴപ്പമില്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ഇങ്ങനെ വാദിക്കുന്നത്.
  5. ശിർക്ക് എന്നത് വിഗ്രഹങ്ങളെ (കല്ല്, മരം) ആരാധിക്കൽ മാത്രമാണെന്ന് അവർ വാദിച്ചു. ഔലിയാക്കളോട് പ്രാർത്ഥിക്കുന്നതും ഖബറുകളിലേക്ക് തിരിയുന്നതും ശിർക്കല്ല എന്ന് അവർ ജനങ്ങളെ വിശ്വസിപ്പിച്ചു.

സഹോദരങ്ങളേ, നാം സംസാരിക്കുന്നത് വളരെ ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ചാണ്. അവസാന കാലഘട്ടത്തിൽ ശിർക്ക് വ്യാപകമാകുമെന്ന് നബി (ﷺ) നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നബി (ﷺ) പറഞ്ഞു:

لَا تَقُومُ السَّاعَةُ حَتَّى تَلْحَقَ فِئَامٌ مِنْ أُمَّتِي بِالْمُشْرِكِينَ، وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِي الْأَوْثَانَ

“എന്റെ സമുദായത്തിൽ നിന്നുള്ള കുറെ വിഭാഗങ്ങൾ മുശ്‌രിക്കുകളോട് ചേരുന്നതുവരേക്കും, എന്റെ സമുദായത്തിൽ നിന്നുള്ള ഗോത്രങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നതുവരേക്കും അന്ത്യനാൾ സംഭവിക്കുകയില്ല.” [മുസ്‌നദ് അഹ്‌മദ് – 22396 (സ്വഹീഹ്)]

സ്വഹീഹ് മുസ്‌ലിമിൽ നബി (ﷺ) ഇപ്രകാരം പറഞ്ഞു:

 لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى

“ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതുവരേക്കും രാവും പകലും അവസാനിക്കുകയില്ല.” [സ്വഹീഹ് മുസ്‌ലിം – 2907]

ശിർക്കിൽ വീഴുക എന്നത് വിദൂരമായ ഒരു കാര്യമല്ല. മനുഷ്യൻ അവന്റെ ചില വിശ്വാസങ്ങൾ കാരണമോ, പ്രവൃത്തി കാരണമോ, ചിലപ്പോൾ ഒരു വാക്ക് കാരണമോ ശിർക്കിൽ അകപ്പെട്ടേക്കാം. സ്വഹീഹുൽ ബുഖാരിയിൽ കാണാം:

 الجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ

“സ്വർഗ്ഗം നിങ്ങളിൽ ഒരാൾക്ക് അവന്റെ ചെരിപ്പിന്റെ വാറിനേക്കാൾ അടുത്താണ്. നരകവും അതുപോലെത്തന്നെയാണ്.” [സ്വഹീഹുൽ ബുഖാരി – 6488]

മറ്റൊരു ഹദീസിൽ നബി (ﷺ) പറഞ്ഞു:

 إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ، مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ المَشْرِقِ

“തീർച്ചയായും ഒരു ദാസൻ ചിലപ്പോൾ ഒരു വാക്ക് സംസാരിക്കും; അതിന്റെ ഗൗരവം അവൻ മനസ്സിലാക്കിയിട്ടുണ്ടാകില്ല. ആ വാക്ക് കാരണം കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ദൂരത്തേക്കാൾ അഗാധമായ നരകത്തിലേക്ക് അവൻ വീണുപോകും.” [സ്വഹീഹുൽ ബുഖാരി – 6477]

ആറാമത്തെ നിയമം: അഞ്ച് കാര്യങ്ങൾ ഗ്രഹിക്കാതെ തൗഹീദ് മനസ്സിലാക്കാൻ സാധ്യമല്ല. (لن تفهم التوحيد إلا بفهم أمور خمسة)

ഈ അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  1. തൗഹീദിന്റെ യാഥാർത്ഥ്യവും അതിന്റെ ഇനങ്ങളും മനസ്സിലാക്കുക.
  2. ഖുർആനിലും സുന്നത്തിലും വിവരിക്കപ്പെട്ട ശിർക്കിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുകയും അതിന്റെ ഉദ്ദേശ്യം വ്യക്തമായി ഗ്രഹിക്കുകയും ചെയ്യുക.
  3. തൗഹീദുർ റുബൂബിയ്യത്തിനും ഉലൂഹിയ്യത്തിനും ഇടയിലുള്ള വ്യത്യാസം മനസ്സിലാക്കുക.
  4. ഇബാദത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുക. അല്ലാഹുവിന് മാത്രം അർപ്പിച്ചാൽ തൗഹീദും, മറ്റുള്ളവർക്ക് കൂടി നൽകിയാൽ ശിർക്കുമാകുന്ന ആ ഇബാദത്തിന്റെ യാഥാർത്ഥ്യം ഗ്രഹിക്കുക.
  5. നബി (ﷺ) നിയോഗിക്കപ്പെട്ട സമൂഹത്തിലെ മുശ്‌രിക്കുകളുടെ അവസ്ഥയും അവരുടെ ആരാധനാരീതികളും എന്തായിരുന്നുവെന്നും, അല്ലാഹുവും റസൂലും അവരെ കാഫിറുകളാക്കാൻ കാരണമെന്തായിരുന്നുവെന്നും മനസ്സിലാക്കുക.

ആദ്യകാല മുശ്‌രിക്കുകളുടെ അവസ്ഥ മനസ്സിലാക്കുന്നതിലൂടെ അഞ്ച് വലിയ നേട്ടങ്ങൾ നമുക്ക് ലഭിക്കുന്നു:

  • ഒന്നാമതായി: അവരെ സംബന്ധിച്ച് അവതരിച്ച ഖുർആൻ വചനങ്ങളുടെ അർത്ഥം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
  • രണ്ടാമതായി: ആദ്യകാല മുശ്‌രിക്കുകൾ ഏത് കാരണത്താലാണോ കാഫിറുകളായത്, അതേ കാര്യങ്ങൾ ചെയ്യുന്നവരും അവരെപ്പോലെത്തന്നെ കാഫിറുകളാണെന്ന് മനസ്സിലാക്കാം.
  • മൂന്നാമതായി: ശിർക്കിലേക്ക് ക്ഷണിക്കുന്നവർ ഉന്നയിക്കുന്ന പല തെറ്റിദ്ധാരണകളും (ശൂബ്ഹത്തുകൾ) ആദ്യകാല മുശ്‌രിക്കുകളുടെ അവസ്ഥ മനസ്സിലാക്കുന്നതിലൂടെ തകർന്നുവീഴും.
  • നാലാമതായി: ആദ്യകാല മുശ്‌രിക്കുകൾ ചെയ്ത എല്ലാത്തരം ശിർക്കുകളും പിൻകാല മുശ്‌രിക്കുകളും അതേപോലെയോ അതിനേക്കാൾ കഠിനമായോ ചെയ്യുന്നുണ്ടെന്ന് ബോധ്യപ്പെടും. ഇതിൽ നിന്നൊരു സുപ്രധാന തീരുമാനത്തിൽ നമുക്ക് എത്തിച്ചേരാനാകും: മുൻകാല മുശ്‌രിക്കുകളെക്കാൾ കഠിനമായ ശിർക്കാണ് പിൻകാല മുശ്‌രിക്കുകൾ ചെയ്യുന്നത്! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ഏഴാമത്തെ നിയമം: മനുഷ്യരാശിയിൽ ആദ്യമായി ശിർക്ക് സംഭവിച്ചത് നൂഹ് (عليه السلام) ന്റെ ജനതയിലാണ്. (أول شرك وقع في البشرية كان في قوم نوح عليه السلام)

മനുഷ്യരാശിയുടെ അടിസ്ഥാനം തൗഹീദാണ്, ശിർക്കോ മതമില്ലായ്മയോ അല്ല. അല്ലാഹു ഖുർആനിൽ പറയുന്നു:

 كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ

“മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അവര്‍ ഭിന്നിച്ചപ്പോള്‍) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായിക്കൊണ്ട് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു.” [2 – 213] ഈ വചനത്തിന്റെ വിശദീകരണമായി ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ) പറയുന്നു: “ആദമിനും നൂഹിനും ഇടയിൽ പത്ത് നൂറ്റാണ്ടുകൾ ഉണ്ടായിരുന്നു. അവരെല്ലാം സത്യദീനിലായിരുന്നു (തൗഹീദിലായിരുന്നു). പിന്നീട് അവർ ഭിന്നിച്ചു (ശിർക്കിലായി). അപ്പോൾ അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായി പ്രവാചകന്മാരെ നിയോഗിച്ചു.” ഇതിൽ നിന്ന് വ്യക്തമാകുന്നത്, ആദം നബി മുതൽ നൂഹ് നബി വരെയുള്ള കാലഘട്ടം മുഴുവൻ മനുഷ്യർ തൗഹീദിലായിരുന്നു എന്നാണ്. നൂഹ് (عليه السلام) നിയോഗിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ലോകത്ത് ആദ്യമായി ശിർക്ക് സംഭവിക്കുന്നത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌ർ എന്നിവരെ അവർ ആരാധിച്ചു.

ഇതേക്കുറിച്ച് സ്വഹീഹുൽ ബുഖാരിയിൽ ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ) പറയുന്നു: “നൂഹിന്റെ ജനതയിലെ സദ്‌വൃത്തരായ ചില മനുഷ്യരായിരുന്നു അവർ. അവർ മരണപ്പെട്ടപ്പോൾ പിശാച് അവരുടെ ജനതയ്ക്ക് ഒരു ദുർബോധനം നൽകി; ഇവർ ഇരുന്നിരുന്ന സദസ്സുകളിൽ ഇവരുടെ സ്മാരകങ്ങൾ സ്ഥാപിക്കാനും അവർക്ക് ഇവരുടെ പേരുകൾ നൽകാനും പിശാച് ആവശ്യപ്പെട്ടു. ജനങ്ങൾ അങ്ങനെ ചെയ്തു. എന്നാൽ തുടക്കത്തിൽ അവർ അവയെ ആരാധിച്ചിരുന്നില്ല. ആ തലമുറ നശിച്ചുപോകുകയും വിജ്ഞാനം അപ്രത്യക്ഷമാകുകയും (തനസ്സഖൽ ഇൽമ്) ചെയ്തപ്പോൾ ജനങ്ങൾ അവയെ ആരാധിക്കാൻ തുടങ്ങി.” (സ്വഹീഹുൽ ബുഖാരി – 4920).

പിശാച് നേരിട്ട് വന്ന് അവരോട് ശിർക്ക് ചെയ്യാൻ ആവശ്യപ്പെട്ടില്ല. മറിച്ച്, സദ്‌വൃത്തരായ ആ മഹത്തുക്കളുടെ ഓർമ്മ നിലനിർത്താൻ സ്മാരകങ്ങൾ നിർമ്മിക്കാൻ മാത്രമാണ് അവൻ ആവശ്യപ്പെട്ടത്. പിശാചിന്റെ കാൽവെപ്പുകൾ പടിപടിയായാണ് വരുന്നത്. ആദ്യതലമുറ മരിച്ചുപോകുകയും, തൗഹീദിന്റെയും ശിർക്കിന്റെയും വിജ്ഞാനം ജനങ്ങൾക്കിടയിൽ നിന്ന് ഇല്ലാതാകുകയും ചെയ്തപ്പോൾ പിശാച് അവരെ എളുപ്പത്തിൽ ശിർക്കിലേക്ക് നയിച്ചു.

നൂഹ് നബിയുടെ ജനതയിൽ സംഭവിച്ച ആദ്യത്തെ ശിർക്കിൽ നിന്ന് നാം മനസ്സിലാക്കേണ്ട സുപ്രധാനമായ അഞ്ച് കാര്യങ്ങളുണ്ട്:

  1. സദ്‌വൃത്തരായ മനുഷ്യരെഅമിതമായി ആദരിച്ചതും അവരിൽ അതിരുകവിഞ്ഞതുമാണ് ഭൂമുഖത്ത് ആദ്യമായി ശിർക്ക് സംഭവിക്കാൻ കാരണമായത്. ഈ ആദരവ് മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചപ്പോൾ അത് ശിർക്കിലെത്തിച്ചു. അതിനാൽ ഇസ്‌ലാമിക പ്രബോധകർ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടതുണ്ട്.
  2. തൗഹീദിന്റെ വിജ്ഞാനം ഇല്ലാതായപ്പോഴാണ് ശിർക്ക് കടന്നുവന്നത്. തൗഹീദിനെക്കുറിച്ചുള്ള പ്രബോധനങ്ങളും ഓർമ്മപ്പെടുത്തലുകളും കുറയുമ്പോൾ പിശാചിന് കാര്യങ്ങൾ എളുപ്പമാകുന്നു. എന്നാൽ തൗഹീദിന്റെ പ്രബോധകർ സജീവമായിരിക്കുമ്പോൾ പിശാച് പരാജയപ്പെടുന്നു.
  3. ഭൂമുഖത്തെ ആദ്യത്തെ ശിർക്ക് ‘സുഫ്‌ലിയ്യാത്ത്’ (السفليات – ഭൂമിയിലുള്ളവ) അഥവാ ഖബറുകളോടും മരിച്ചവരോടുമുള്ള ശിർക്കായിരുന്നു. പിന്നീട് ഇബ്രാഹീം (عليه السلام) ന്റെ ജനതയിൽ സംഭവിച്ചത് ‘ഉലുവിയ്യാത്ത്’ (العلويات – മുകളിലുള്ളവ) അഥവാ നക്ഷത്രങ്ങളോടും ഗ്രഹങ്ങളോടുമുള്ള ശിർക്കായിരുന്നു.
  4. വിഗ്രഹങ്ങൾ അടിസ്ഥാനപരമായി ആരാധിക്കപ്പെടുന്ന മൂർത്തികളുടെ പ്രതിനിധികളായി (نائب مناب المعبود) നിർമ്മിക്കപ്പെടുന്നതാണ്. തങ്ങൾ ആരാധിക്കാൻ ഉദ്ദേശിക്കുന്ന മരിച്ചവരെയോ മലക്കുകളെയോ നേരിട്ട് കാണാൻ കഴിയില്ല എന്നതുകൊണ്ട്, അവരുടെ ഓർമ്മയെ ഉണർത്താൻ വേണ്ടി അവർക്ക് മുന്നിൽ സ്ഥാപിക്കപ്പെടുന്ന പ്രതിരൂപങ്ങൾ മാത്രമായിരുന്നു വിഗ്രഹങ്ങൾ. എന്നാൽ കാലക്രമേണ അറിവില്ലാത്ത സാധാരണക്കാർ ആ വിഗ്രഹങ്ങളെത്തന്നെ ആരാധിക്കാൻ തുടങ്ങി.
  5. വിഗ്രഹങ്ങൾ മനുഷ്യരെ വഴികേടിലാക്കുന്ന വലിയൊരു ഫിത്‌നയാണ് (പരീക്ഷണം). തൗഹീദുള്ളവരല്ലാതെ അതിൽ നിന്ന് രക്ഷപ്പെടുകയില്ല. ഇബ്രാഹീം നബി (عليه السلام) വിഗ്രഹങ്ങളെ ഭയപ്പെട്ടിരുന്നു. അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു:

 رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ

(എന്റെ രക്ഷിതാവേ, തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ വളരെ പേരെ പിഴപ്പിച്ചിരിക്കുന്നു). വിഗ്രഹങ്ങളുടെ ഫിത്‌നയെ നിസ്സാരമായി കാണരുത്. അതിനാൽ തന്നെ, മുശ്‌രിക്കുകളുടെ അമ്പലങ്ങളിലും ആരാധനാലയങ്ങളിലും പോയി വെറുതെ നോക്കിക്കാണുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഒരിക്കലും പാടില്ലാത്തതാണ്. ഇത് സ്വന്തം ഈമാനിനോടും തൗഹീദിനോടും ചെയ്യുന്ന വഞ്ചനയാണ്. അവിടെ നടക്കുന്നത് ഭൂമുഖത്തെ ഏറ്റവും വലിയ തിന്മയാണെന്ന് അറിഞ്ഞിട്ടും ഒരാൾ എങ്ങനെ അവിടെ പോയി നിൽക്കും? നബി (ﷺ) പറഞ്ഞു: “നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ അത് കൈകൊണ്ട് തടയട്ടെ. അതിന് കഴിഞ്ഞില്ലെങ്കിൽ നാവുകൊണ്ട് തടയട്ടെ. അതിനും കഴിഞ്ഞില്ലെങ്കിൽ ഹൃദയം കൊണ്ട് വെറുക്കട്ടെ”. ഹൃദയം കൊണ്ട് വെറുക്കുക എന്നതിന്റെ ചുരുങ്ങിയ രൂപം ആ തിന്മ നടക്കുന്ന സ്ഥലത്ത് നിന്ന് മാറിനിൽക്കലാണ്. സ്വന്തം കാലുകൊണ്ട് അങ്ങോട്ട് നടന്നുപോയി കാഴ്ചകൾ കണ്ടിട്ട് ‘ഞാൻ ഹൃദയം കൊണ്ട് വെറുക്കുന്നു’ എന്ന് പറയുന്നത് അസംബന്ധമാണ്.

എട്ടാമത്തെ നിയമം: നബി (ﷺ) നിയോഗിക്കപ്പെട്ട സമൂഹത്തിലെ മുശ്‌രിക്കുകൾ അല്ലാഹുവിനെ അറിയുന്നവരും അവനെ ആരാധിക്കുന്നവരും ആയിരുന്നു. (المشركون الذين بعث فيهم نبينا صلى الله عليه وسلم كانوا يعرفون الله ويعبدونه)

ഈ നിയമത്തെ അഞ്ച് കാര്യങ്ങളിലൂടെ നമുക്ക് ചുരുക്കി മനസ്സിലാക്കാം:

  1. നബി (ﷺ) നിയോഗിക്കപ്പെട്ട മുശ്‌രിക്കുകൾ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന നാസ്തികർ (നിരീശ്വരവാദികൾ) ആയിരുന്നില്ല. അവർ അല്ലാഹുവെ അറിയുന്നവരും അംഗീകരിക്കുന്നവരുമായിരുന്നു.
  2. അവർ അല്ലാഹുവെ വെറുതെ അംഗീകരിക്കുക മാത്രമല്ല ചെയ്തത്; മറിച്ച്, അല്ലാഹുവാണ് സർവ്വലോകത്തിന്റെയും സ്രഷ്ടാവും അന്നദാതാവും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനും എന്ന് അവർ ഉറപ്പായി വിശ്വസിച്ചിരുന്നു. അവർ ആരാധിച്ചിരുന്ന ലാത്തയോ ഉസ്സയോ അല്ലാഹുവിന്റെ സൃഷ്ടിപ്പിലോ നിയന്ത്രണത്തിലോ പങ്കുചേരുന്നവരാണെന്ന് അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
  3. ഈ മുശ്‌രിക്കുകൾ അല്ലാഹുവിന് പലതരം ആരാധനകൾ (ഇബാദത്തുകൾ) അർപ്പിച്ചിരുന്നവരായിരുന്നു. അവർ നോമ്പെടുക്കുകയും കഅബയെ ത്വവാഫ് ചെയ്യുകയും ഹജ്ജ് ചെയ്യുകയും അല്ലാഹുവിന് വേണ്ടി അറവുകൾ നടത്തുകയും ചെയ്തിരുന്നു. അപ്പോൾ ഖുർആനിൽ അല്ലാഹു وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ (ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നവരല്ല) എന്ന് പറഞ്ഞതിന്റെ അർത്ഥമെന്താണ്? ഇതിനർത്ഥം നബി (ﷺ) അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി നൽകുന്നതുപോലെയുള്ള യഥാർത്ഥ ഇബാദത്ത് നിങ്ങൾ അല്ലാഹുവിന് നൽകുന്നില്ല എന്നാണ്. കാരണം അവർ അല്ലാഹുവെ ആരാധിച്ചിരുന്നത് ബാഹ്യമായി മാത്രമായിരുന്നു, യഥാർത്ഥത്തിലായിരുന്നില്ല.
  4. അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിക്കുകയും അവനെ ആരാധിക്കുകയും ചെയ്തിരുന്നുവെങ്കിലും, അതോടൊപ്പം അവർ മറ്റുള്ളവരെയും ആരാധിച്ചിരുന്നു. ഇതുകൊണ്ടാണ് അവർ മുശ്‌രിക്കുകളായത്. അല്ലാഹു പറയുന്നു: “അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിച്ചു. അവനോട് പങ്കുചേര്‍ക്കപ്പെട്ടാലോ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു.” മാത്രമല്ല, അവർ മുശ്‌രിക്കുകളാണെന്ന് അവർക്ക് തന്നെ അറിയാമായിരുന്നു.
  5. അവർ എന്തിനാണ് അല്ലാഹുവല്ലാത്തവരെ കൂടി ആരാധിക്കാൻ തയ്യാറായത്? ഇതിനുള്ള ഉത്തരമാണ് അടുത്ത നിയമം.

ഒമ്പതാമത്തെ നിയമം: മുശ്‌രിക്കുകളുടെ ശിർക്കിന്റെ ഏറ്റവും വലിയ കാരണം ശഫാഅത്ത് (ശുപാർശ) തേടലായിരുന്നു. (أعظم سبب لشرك المشركين كان طلب الشفاعة)

ആ മുശ്‌രിക്കുകൾ അല്ലാഹുവല്ലാത്തവരെ ആരാധിച്ചത്, ആ മൂർത്തികൾ തങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശകരായി  നിൽക്കാനും തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും വേണ്ടിയായിരുന്നു. പരലോകത്തെ നിഷേധിച്ചിരുന്ന അവർക്ക് ഭൗതികമായ കാര്യങ്ങളിലായിരുന്നു ശുപാർശ വേണ്ടിയിരുന്നത്. അല്ലാഹുവിനോട് നേരിട്ട് ചോദിക്കാതെ ഇടനിലക്കാരെ വെക്കാൻ അവരെ പ്രേരിപ്പിച്ചത് രണ്ട് കാരണങ്ങളായിരുന്നു: ഒന്ന്, അല്ലാഹുവിനോട് നേരിട്ട് ചോദിക്കുന്നത് അദബിന് (മര്യാദയ്ക്ക്) നിരക്കാത്തതാണെന്ന് അവർ വിശ്വസിച്ചു. രണ്ട്, പാപികളായ തങ്ങൾ നേരിട്ട് ചോദിക്കുന്നതിനേക്കാൾ, അല്ലാഹുവിന് പ്രിയപ്പെട്ടവരെ ഇടനിലക്കാരാക്കിയാൽ തങ്ങളുടെ കാര്യങ്ങൾ എളുപ്പത്തിൽ സാധിച്ചുകിട്ടും എന്ന് അവർ വിശ്വസിച്ചു. മനുഷ്യരായ രാജാക്കന്മാരോടും ഭരണാധികാരികളോടും അല്ലാഹുവിനെ താരതമ്യം ചെയ്തതാണ് അവരുടെ ഏറ്റവും വലിയ അബദ്ധം. ഈ ദുഷിച്ച ചിന്തയിലൂടെ അവർ അല്ലാഹുവെ യഥാർത്ഥത്തിൽ വിലയിരുത്തിയില്ല. അല്ലാഹു പറയുന്നു: “അല്ലാഹുവെപ്പറ്റി ദുർവിചാരം വെച്ചുപുലർത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും, ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും അവൻ ശിക്ഷിക്കുവാൻ വേണ്ടിയുമാകുന്നു”.

അവർ ശുപാർശയ്ക്ക് വേണ്ടിയാണ് ശിർക്ക് ചെയ്തത് എന്ന് വ്യക്തമാക്കുന്ന നിരവധി ഖുർആൻ വചനങ്ങളുണ്ട്:

  • وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ

“അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു”. [10 – 18]

  • أَلَا لِلَّهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ

“അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരുവാന്‍ വേണ്ടിമാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌”. [39 – 3]

ഈ കാര്യങ്ങളെല്ലാം ഇന്നത്തെ മുശ്‌രിക്കുകൾക്കും ബാധകമാണ്. ഔലിയാക്കളോടും ശൈഖുമാരോടും പ്രാർത്ഥിക്കുന്നവരോട് ചോദിച്ചാൽ അവരും പറയുന്നത്, അവർ അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടിയുള്ള ശുപാർശക്കാരാണെന്നാണ്. ആദ്യകാല മുശ്‌രിക്കുകളുടെ അതേ ന്യായീകരണം തന്നെയാണിത്.

പത്താമത്തെ നിയമം: ആദ്യകാല മുശ്‌രിക്കുകൾ അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ പൊതുവായി അംഗീകരിച്ചിരുന്നു; എന്നാൽ അതവർക്ക് ഉപകരിച്ചില്ല. (كان المشركون الأولون مقرين بربوبية الله بالجملة ولم ينفعهم)

ആദ്യകാല മുശ്‌രിക്കുകൾ കാഫിറുകളായത്, ലാത്തയും ഉസ്സയും അല്ലാഹുവിനോടൊപ്പം സൃഷ്ടിക്കുകയും ഉപജീവനം നൽകുകയും ചെയ്യുന്നു എന്ന് അവർ വിശ്വസിച്ചതുകൊണ്ടാണെന്ന് ഇന്നത്തെ പിഴച്ച കക്ഷികൾ വാദിക്കുന്നു. അതിനാൽ അല്ലാഹുവാണ് സ്രഷ്ടാവെന്ന് വിശ്വസിച്ചുകൊണ്ട് ഔലിയാക്കളോട് പ്രാർത്ഥിക്കുന്ന തങ്ങൾ അവരെപ്പോലെയല്ല എന്നും അവർ ന്യായീകരിക്കുന്നു. ഈ വാദം തീർത്തും അടിസ്ഥാനരഹിതമാണ്. മുശ്‌രിക്കുകൾ അല്ലാഹുവിന്റെ റുബൂബിയ്യത്ത് (സൃഷ്ടിപ്പും നിയന്ത്രണവും) അംഗീകരിച്ചവരായിരുന്നു എന്ന് വ്യക്തമാക്കുന്ന പത്ത് തെളിവുകൾ താഴെ നൽകുന്നു:

  1. അവർ തന്നെ ഇത് തുറന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഖുർആൻ പറയുന്നു:

 وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ

“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌”. [31 – 25] ഇത് അവരുടെ ഉള്ളിലുള്ള വിശ്വാസം തന്നെയാണ്, അല്ലാതെ മുസ്‌ലിംകളെ ഭയന്നുകൊണ്ട് കള്ളം പറഞ്ഞതല്ല. കാരണം ഈ വചനങ്ങൾ അവതരിച്ചത് അവർക്ക് ശക്തിയുണ്ടായിരുന്ന മക്കാ കാലഘട്ടത്തിലായിരുന്നു. കള്ളം പറയുകയാണെങ്കിൽ ഖുർആൻ അത് തുറന്നുകാട്ടുമായിരുന്നു.

  • കഠിനമായ പ്രതിസന്ധികളിൽ അവർ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചിരുന്നു. ഖുർആൻ പറയുന്നു:

 فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ

“അങ്ങനെ അവര്‍ കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കും”. [29 – 65]. അല്ലാഹുവാണ് തങ്ങളെ രക്ഷിക്കുന്നവൻ എന്ന് അവർ വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.

  • തങ്ങളുടെ ആരാധ്യർ അല്ലാഹുവിങ്കൽ കേവലം ശുപാർശകർ മാത്രമാണെന്ന് അവർ വിശ്വസിച്ചിരുന്നു.
  • തങ്ങളുടെ ആരാധ്യർ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളവരാണെന്ന് (മമ്‌ലൂക്ക്) അവർ പ്രഖ്യാപിച്ചിരുന്നു. അവർ ഹജ്ജിൽ ചൊല്ലിയിരുന്ന തൽബിയ്യത്തിൽ ഇപ്രകാരം കാണാം:

 لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ

“ഞാനിതാ ഉത്തരം നൽകിയിരിക്കുന്നു, നിനക്ക് യാതൊരു പങ്കുകാരനുമില്ല; നിന്റെ ഉടമസ്ഥതയിലുള്ള ഒരു പങ്കുകാരനൊഴികെ. അവനെയും അവൻ ഉടമപ്പെടുത്തിയതിനെയും നീയാണ് ഉടമപ്പെടുത്തുന്നത്”. [സ്വഹീഹ് മുസ്‌ലിം – 1185].  ഇതിൽ നിന്ന് തന്നെ അവർ തങ്ങളുടെ ആരാധ്യരെ സ്രഷ്ടാക്കളായി കണ്ടിരുന്നില്ല എന്ന് വ്യക്തമാണ്.

  • അല്ലാഹു അവർക്ക് ഒരേസമയം ഈമാനും ശിർക്കും സ്ഥിരപ്പെടുത്തിക്കൊടുത്തു. അല്ലാഹു പറയുന്നു:

 وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ

“അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്”. [12 – 106]. അതായത്, റുബൂബിയ്യത്തിൽ വിശ്വസിക്കുമ്പോഴും അവർ ഇബാദത്തിൽ ശിർക്ക് ചെയ്തിരുന്നു എന്ന് ചുരുക്കം.

  • ഖുർആൻ അവരെ അഭിസംബോധന ചെയ്തത് അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് അവനെ മാത്രം ആരാധിക്കാൻ വേണ്ടിയായിരുന്നു. ഖുർആൻ പറയുന്നു:  “മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍”. [2 – 21].
  • ഇബാദത്തിലുള്ള ശിർക്ക് അവർ അംഗീകരിച്ചിരുന്നു. ഖുർആൻ പറയുന്നു:  “ആ ബഹുദൈവവിശ്വാസികള്‍ പറഞ്ഞേക്കാം: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ പങ്കുചേര്‍ക്കുമായിരുന്നില്ല”. [6 – 148]. കാര്യങ്ങൾ നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്ന് അവർ ഇതിലൂടെ വ്യക്തമാക്കുന്നു.
  • ഖുർആൻ അവരോട് ചോദിക്കുന്ന ചോദ്യങ്ങൾ (استفهام تقريري) റുബൂബിയ്യത്തിലുള്ള അവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന്:

 هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ  “ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?”. [35 – 3]. അല്ലാഹു മാത്രമാണ് സ്രഷ്ടാവെന്നും ഉപജീവനം നൽകുന്നവനെന്നും നിങ്ങൾക്കറിയാമെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ മറ്റുള്ളവരെ ആരാധിക്കുന്നത് എന്ന ചോദ്യമാണ് അല്ലാഹു ഇവിടെ ഉന്നയിക്കുന്നത്.

ഈ യാഥാർത്ഥ്യങ്ങളെല്ലാം വ്യക്തമാക്കുന്നത്, അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിച്ചതുകൊണ്ട് മാത്രം ഒരാൾ മുവഹ്ഹിദ് ആകില്ല എന്നാണ്. ഉലൂഹിയ്യത്തിലുള്ള തൗഹീദ് (ഇബാദത്ത് അല്ലാഹുവിന് മാത്രം നൽകൽ) അനിവാര്യമാണ്.

പതിനൊന്നാമത്തെ നിയമം: ഇബാദത്താണെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യവും അല്ലാഹുവിനല്ലാതെ അർപ്പിക്കൽ ശിർക്കാണ്. (ما ثبت أنه عبادة فصرفه لغير الله شرك)

അല്ലാഹു പറയുന്നു: وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا  “നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്”. [4 – 36]. ഇബാദത്ത് എന്നത് അല്ലാഹുവിന് മാത്രമുള്ള അവകാശമാണ്. ദുആ (പ്രാർത്ഥന) എന്നത് ഒരു ഇബാദത്താണ്. നബി (ﷺ) പറഞ്ഞു: الدُّعَاءُ هُوَ الْعِبَادَةُ

“പ്രാർത്ഥന തന്നെയാണ് ആരാധന”. [സുനൻ അബീദാവൂദ് – 1479]. അതിനാൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് ശിർക്കാണ്.

ദുആ ശിർക്കാകുന്ന മൂന്ന് അവസ്ഥകളുണ്ട്:

  1. മരിച്ചവരോട് പ്രാർത്ഥിക്കുക (അവരുടെ ഖബറിനടുത്തായാലും ദൂരെ വെച്ചായാലും).
  2. ദൂരെയുള്ളവരോട് (الغائب) പ്രാർത്ഥിക്കുക (അവർക്ക് കേൾക്കാൻ കഴിയാത്ത അവസ്ഥയിൽ).
  3. ജീവനുള്ളവരും അടുത്തുള്ളവരുമായ (الحي الحاضر) ആളുകളോട്, അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾ (ഉദാഹരണത്തിന്: മഴ നൽകാൻ, സന്താനങ്ങളെ നൽകാൻ, പാപങ്ങൾ പൊറുത്തുതരാൻ) ചോദിച്ചു പ്രാർത്ഥിക്കുക.

എന്നാൽ ജീവനുള്ള, അടുത്ത് നിൽക്കുന്ന ഒരാളോട് അയാൾക്ക് ചെയ്യാൻ കഴിവുള്ള ഒരു കാര്യം (ഉദാഹരണത്തിന്: കുറച്ചു പണം കടം തരാൻ) ചോദിക്കുന്നത് ശിർക്കല്ല. ഇത് അനുവദനീയമായ സഹായതേട്ടമാണ്.

പന്ത്രണ്ടാമത്തെ നിയമം: ശിർക്കിന്റെ കാര്യത്തിൽ പരിഗണന നൽകേണ്ടത് യഥാർത്ഥ വസ്തുതകൾക്കാണ്, അതിന് നൽകപ്പെടുന്ന പേരുകൾക്കല്ല. (العبرة في الشرك بالحقائق لا بالمسميات)

ഒരു കാര്യത്തിന്റെ യഥാർത്ഥ സ്വഭാവമാണ് പരിഗണിക്കപ്പെടുക. മുശ്‌രിക്കുകൾ അവരുടെ ശിർക്കിനെ ‘തവസ്സുൽ’ എന്നോ ‘ശുപാർശ തേടൽ’ എന്നോ വിളിച്ചതുകൊണ്ട് അതിലെ ശിർക്ക് ഇല്ലാതാകുന്നില്ല. പലിശയ്ക്ക് ‘ലാഭവിഹിതം’ എന്ന് പേരിട്ടാലും, മദ്യത്തിന് ‘ആത്മീയ പാനീയം’ എന്ന് പേരിട്ടാലും അവയുടെ വിധി മാറാത്തതുപോലെ തന്നെയാണിത്.

പതിമൂന്നാമത്തെ നിയമം: സദ്‌വൃത്തരായ ഔലിയാക്കൾ ആദരിക്കപ്പെടേണ്ടവരാണ്, ആരാധിക്കപ്പെടേണ്ടവരല്ല.  (الأولياء الصالحون مكرمون لا يعبدون)

ഔലിയാക്കൾ അല്ലാഹുവിന്റെ അടിമകളും അവനിലേക്ക് ആവശ്യമുള്ളവരുമാണ്. അല്ലാഹുവാണ് ഉടമസ്ഥനും പരാശ്രയമുക്തനും. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിനാണ്. അല്ലാഹു ഏറ്റവും ആദരിക്കുന്ന, അവന് ഏറ്റവും പ്രിയപ്പെട്ട പ്രവാചകനായ മുഹമ്മദ് (ﷺ) യോട് പോലും അല്ലാഹു ഖുർആനിൽ പറഞ്ഞത് لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ  “കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല” [3 – 128] എന്നാണ്. നബി (ﷺ) യുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥയെന്തായിരിക്കും! അല്ലാഹു പ്രവാചകനോട് (ﷺ) ജനങ്ങളോട് ഇപ്രകാരം പറയാൻ കൽപ്പിച്ചു:

 قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا  

“പറയുക: നിങ്ങൾക്ക് ഉപദ്രവം ചെയ്യാനോ നിങ്ങളെ നേർവഴിയിലാക്കാനോ ഉള്ള കഴിവ് തീർച്ചയായും എന്റെ പക്കലില്ല”. [72 – 21]. ഇത് പ്രവാചകൻ (ﷺ) വിനയം കൊണ്ട് പറഞ്ഞതാണെന്ന് ചില പിഴച്ച കക്ഷികൾ വാദിക്കുന്നു. പ്രവാചകൻ (ﷺ) വിനയത്തിന്റെ പേരിൽ കളവ് പറയുമെന്ന് വിശ്വസിക്കുന്നത് കുഫ്‌റാണ്. പ്രവാചകൻ (ﷺ) പറഞ്ഞത് പരമമായ സത്യമാണ്.

പതിനാലാമത്തെ നിയമം: ശഹാദത്ത് കലിമയിലെ ഒരു ഭാഗത്തോടുള്ള സമീപനം തന്നെയായിരിക്കണം അതിന്റെ മറുഭാഗത്തോടും ഉണ്ടായിരിക്കേണ്ടത്. (القول في إحدى الشهادتين كالقول في الشهادة الأخرى)

ശഹാദത്ത് കലിമയിൽ രണ്ട് ഭാഗങ്ങളുണ്ട്: ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനില്ല), ‘മുഹമ്മദുർ റസൂലുല്ലാഹ്’ (മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ്). നബി (ﷺ) ക്ക് ശേഷം മറ്റൊരു പ്രവാചകൻ വരുമെന്ന് ആരെങ്കിലും വിശ്വസിച്ചാൽ അവൻ കാഫിറാകുമെന്ന് എല്ലാ മുസ്‌ലിംകളും അംഗീകരിക്കുന്നു. കാരണം അവൻ ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗത്തെ നിഷേധിച്ചു. അങ്ങനെയെങ്കിൽ, ശഹാദത്ത് കലിമയുടെ ഒന്നാം ഭാഗമായ അല്ലാഹുവിനുള്ള ഇബാദത്തിനെ നിഷേധിച്ച് മറ്റുള്ളവർക്ക് ഇബാദത്ത് നൽകുന്നവൻ അതിനേക്കാൾ കാഫിറാകാൻ അർഹനാണല്ലോ!

പതിനഞ്ചാമത്തെ നിയമം: ചില ഇബാദത്തുകളോടുള്ള വിധി തന്നെയാണ് മറ്റു ചില ഇബാദത്തുകൾക്കുമുള്ളത്.  (القول في بعض العبادات كالقول في البعض الآخر)

അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യൽ ശിർക്കാണെന്ന് അംഗീകരിക്കുന്നവർ, അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നതും അല്ലാഹുവല്ലാത്തവർക്ക് വേണ്ടി അറുക്കുന്നതും ശിർക്കാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. കാരണം ഇതെല്ലാം ഇബാദത്തുകളാണ്. എന്നാൽ ഇബാദത്തുകളെ വേർതിരിക്കാൻ വേണ്ടി ചിലർ വ്യാജ ഹദീസുകൾ (മക്ദൂബ്) ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്: “കാര്യങ്ങൾ നിങ്ങൾക്ക് പ്രയാസമായാൽ നിങ്ങൾ ഖബർവാസികളോട് സഹായം തേടുക” എന്ന വാചകം നബി (ﷺ) യുടെ പേരിൽ കെട്ടിച്ചമച്ച ഒരു വലിയ നുണയാണ്. ഇത് ഖുർആനിനും സുന്നത്തിനും തികച്ചും വിരുദ്ധമാണ്.

നബി (ﷺ) പറഞ്ഞു:

 إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ

“നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക”. [സുനൻ അത്തീർമിദി – 2516].

ഇന്നത്തെ മുശ്‌രിക്കുകളുടെ അവസ്ഥ മുൻകാല മുശ്‌രിക്കുകളെക്കാൾ എത്രയോ പരിതാപകരമാണ്! മുൻകാല മുശ്‌രിക്കുകൾ പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിനെ മാത്രമാണ് വിളിച്ചിരുന്നത്. എന്നാൽ ഇന്നത്തെ മുശ്‌രിക്കുകളാകട്ടെ, പ്രയാസഘട്ടങ്ങളിൽ ഔലിയാക്കളെയും ഖബർവാസികളെയുമാണ് വിളിക്കുന്നത്. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (رَحِمَهُ اللَّهُ) പറയുന്നു: ശാം പ്രദേശത്തേക്ക് താർത്താരികൾ ആക്രമിക്കാൻ വന്നപ്പോൾ, അവിടെയുണ്ടായിരുന്ന മുശ്‌രിക്കുകൾ ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: “താർത്താരികളെ ഭയപ്പെടുന്നവരേ, അബൂ ഉമറിന്റെ ഖബറിനെ അഭയം പ്രാപിക്കുക, അത് നിങ്ങളെ രക്ഷിക്കും”. മക്കയിൽ കഅബ പൊളിക്കാൻ ശത്രുക്കൾ വന്നപ്പോൾ അവിടെയുള്ള മുശ്‌രിക്കുകൾ അല്ലാഹുവിനെയാണ് വിളിച്ചു പ്രാർത്ഥിച്ചത്, എന്നാൽ ഇവർ ഖബറിനെ വിളിക്കുന്നു!

പതിനാറാമത്തെ നിയമം: ഈമാനിന്റെ അടിസ്ഥാനം സ്ഥിരപ്പെടാൻ അതിനുള്ള നിബന്ധനകൾ ഒത്തുചേരേണ്ടതുണ്ട്; എന്നാൽ വലിയ ശിർക്ക് സ്ഥിരപ്പെടാൻ അതിനുള്ള കാരണങ്ങൾ മുഴുവനും ഒത്തുചേരണമെന്നില്ല.

الخصال التي يثبت بها أصل الإيمان لابد من اجتماعها والخصال التي يثبت بها الكفر الأكبر لا يلزم اجتماعها

ഈമാൻ കാര്യങ്ങൾ ആറെണ്ണമുണ്ട്. അതിൽ അഞ്ചെണ്ണത്തിൽ വിശ്വസിക്കുകയും ഒന്നിൽ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ ഒരാൾ വിശ്വാസിയാകുമോ? ഇല്ല, ഈമാനിന്റെ എല്ലാ നിബന്ധനകളും ഒത്തുചേരേണ്ടതുണ്ട്. എന്നാൽ കുഫ്‌റിന്റെ (സത്യനിഷേധം) കാര്യത്തിൽ അങ്ങനെയല്ല. ഒരാൾ കാഫിറാകാൻ കുഫ്‌റിന്റെ എല്ലാ കാര്യങ്ങളും ചെയ്യണമെന്നില്ല. കുഫ്‌റാകുന്ന ഏതെങ്കിലും ഒരു കാര്യം (ഉദാഹരണത്തിന്: അല്ലാഹുവെ അധിക്ഷേപിക്കൽ, അല്ലെങ്കിൽ നബി (ﷺ) യെ പരിഹസിക്കൽ) ഒരാൾ ചെയ്താൽ തന്നെ അവൻ കാഫിറായിത്തീരും.


സഹോദരങ്ങളേ, ശിർക്കിനെക്കുറിച്ചും അതിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ വാദങ്ങളെക്കുറിച്ചും ഇനിയും ഏറെ പറയാനുണ്ട്. എന്നാൽ സുരക്ഷിതമായ തീരത്തെത്താനും നിങ്ങളുടെ തൗഹീദ് സംരക്ഷിക്കപ്പെടാനും നിങ്ങൾ പ്രധാനമായും രണ്ട് കാര്യങ്ങളിൽ നിന്ന് മുക്തരാകേണ്ടതുണ്ട്:

  1. അന്ധമായ അനുകരണങ്ങളിൽ (التقليد الأعمى) നിന്നുള്ള മോചനം.
  2. ദേഹേച്ഛകളെ (الهوى) പിൻപറ്റുന്നതിൽ നിന്നുള്ള മോചനം.

എല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായി സമർപ്പിക്കുകയും, സന്മാർഗ്ഗത്തിനായി അവനോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു:

 وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ

“നമ്മുടെ കാര്യത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരുടെ കൂടെയാകുന്നു”. [29 – 69].

സന്മാർഗ്ഗത്തിൽ ഉറപ്പിച്ചുനിർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക:

 يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

“ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനിൽ നീ ഉറപ്പിച്ചുനിർത്തേണമേ”. [സുനൻ അത്തീർമിദി – 2140].

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയതിന് ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിച്ചുകളയരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ”. [3 – 8].

അല്ലാഹു നൽകിയ ഈ സന്മാർഗ്ഗത്തിൽ സന്തോഷിക്കുക. അവനിലേക്ക് ക്ഷണിക്കുന്നവരാകുക, അവന്റെ സൈന്യത്തിൽ പെട്ടവരാകുക. അല്ലാഹു പറയുന്നു:

 يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنصَارَ اللَّهِ

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുക”. [61 – 14]. അല്ലാഹുവിന്റെ തൗഹീദിലേക്ക് ക്ഷണിക്കുന്നതിലൂടെയാണ് നിങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നത്.

അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ സ്നേഹം കൊണ്ടും നിനക്കുള്ള തൗഹീദ് കൊണ്ടും നീ നിറക്കേണമേ. ഞങ്ങളുടെ നാവുകളെ നിന്റെ സ്മരണകൾ കൊണ്ട് സജീവമാക്കേണമേ. ഞങ്ങളുടെ കർമ്മങ്ങളിൽ ഇഖ്‌ലാസ് നൽകേണമേ. നീ തൃപ്തിപ്പെടുന്ന രൂപത്തിൽ ഞങ്ങളെ നീ മരിപ്പിക്കുകയും, ഞങ്ങളുടെ പര്യവസാനം ഏറ്റവും നല്ലതാക്കിത്തീർക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പ്രാർത്ഥനകൾ കേൾക്കുന്നവനാകുന്നു. നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും വർഷിക്കുമാറാകട്ടെ.

Share This Article
Leave a Comment