ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – അൽ-ഖവാഇദുൽ അർബഅ്
القَاعِدَةُ الثَّالِثَةُ: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ظَهَرَ عَلَى أُنَاسٍ مُتَفَرِّقِينَ فِي عِبَادَاتِهِم؛ مِنْهُمْ مَنْ يَعْبُدُ الْمَلَائِكَةَ، وَمِنْهُمْ مَنْ يَعْبُدُ الأَنْبِيَاءَ وَالصَّالِحِينَ، وَمِنْهُمْ مَنْ يَعْبُدُ الأَشْجَارَ وَالْأَحْجَارَ، وَمِنْهُمْ مَنْ يَعْبُدُ الشَّمْسَ وَالْقَمَرَ ، وَقَاتَلَهُمْ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَلَمْ يُفَرِّقُ بَيْنَهُمْ.
മൂന്നാമത്തെ അടിസ്ഥാന നിയമം: നബി ﷺ നിയോഗിക്കപ്പെട്ടത് തങ്ങളുടെ ആരാധനകളിൽ വ്യത്യസ്ത നിലപാടുകളുള്ള ആളുകളിലേക്കാണ്. അവരിൽ മലക്കുകളെ ആരാധിക്കുന്നവരുണ്ട്, പ്രവാചകന്മാരെയും സ്വാലിഹീങ്ങളെയും (സജ്ജനങ്ങളെയും) ആരാധിക്കുന്നവരുണ്ട്, മരങ്ങളെയും കല്ലുകളെയും ആരാധിക്കുന്നവരുണ്ട്, സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവരുണ്ട്. നബി ﷺ അവരോട് പോരാടുകയും, അവർക്കിടയിൽ യാതൊരു വ്യത്യാസവും കൽപ്പിക്കാതിരിക്കുകയും ചെയ്തു.
وَالدَّلِيلُ قَوْلُهُ تَعَالَى: ﴿وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ﴾ [الْأَنْفَالِ : ٣٩].
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: കുഴപ്പം (ശിർക്ക്) ഇല്ലാതാവുകയും മതം (ആരാധന) മുഴുവന്‍ അല്ലാഹുവിന് മാത്രമാകുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. [സൂറത്ത് അൽ-അൻഫാൽ – 39]
وَدَلِيلُ الشَّمْسِ وَالقَمَرِ قَوْلُهُ تَعَالَى: ﴿ وَمِنْ ءَايَتِهِ الَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾ [فصلت: ٣٧].
സൂര്യനെയും ചന്ദ്രനെയും ആരാധിച്ചു എന്നതിലെ തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: രാവും പകലും സൂര്യനും ചന്ദ്രനും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. [സൂറത്ത് ഫുസ്സിലത്ത് – 37]
وَدَلِيلُ المَلَائِكَةِ قَوْلُهُ تَعَالَى: ﴿وَلَا يَأْمُرَكُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّنَ أَرْبَابًا﴾ [آل عمران : ٨٠].
മലക്കുകളെ ആരാധിച്ചു എന്നതിലെ തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്നും അവന് നിങ്ങളോട് കല്പിക്കുകയില്ല. [സൂറത്ത് ആലുഇംറാൻ – 80]
وَدَلِيلُ الأَنْبِيَاءِ قَوْلُهُ تَعَالَى: ﴿وَإِذْ قَالَ اللَّهُ يَعِيسَى ابْنَ مَرْيَمَ وَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَهَيْنِ مِن دُونِ اللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقِّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلَّامُ الْغُيُوبِ﴾ [المَائِدَة: ١١٦].
പ്രവാചകന്മാരെ ആരാധിച്ചു എന്നതിലെ തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: അല്ലാഹു പറയുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): മര്‍യമിന്റെ മകന് ഈസാ, അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും രണ്ട് ദൈവങ്ങളായി നിങ്ങള്‍ സ്വീകരിക്കുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നിനക്ക് സ്തോത്രം. എനിക്ക് യാതൊരവകാശവുമില്ലാത്ത കാര്യം പറയാന്‍ എനിക്കെന്തുണ്ട് അര്‍ഹത? ഞാനങ്ങനെ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. [സൂറത്ത് അൽ-മാഇദ – 116]
وَدَلِيلُ الصَّالِحِينَ قَوْلُهُ تَعَالَى: ﴿أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ﴾ [الإِسْرَاء : ٥٧].
സ്വാലിഹീങ്ങളെ ആരാധിച്ചു എന്നതിലെ തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് – അവരില്‍ വെച്ച് ഏറ്റവും അടുത്തവര്‍ ആരായിരിക്കും എന്ന് അന്വേഷിച്ച് കൊണ്ട് – സാമീപ്യം തേടുകയാണ് ചെയ്യുന്നത്. അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. [സൂറത്ത് അൽ-ഇസ്റാഅ് – 57]
وَدَلِيلُ الأَشْجَارِ وَالأَحْجَارِ قَوْلُهُ تَعَالَى: ﴿أَفَرَءَيْتُمُ اللَّتَ وَالْعُزَّىٰ * وَمَنَوٰةَ الثَّالِثَةَ الْأُخْرَىٰ﴾ [النَّجْم: ١٩-٢٠] ، وَحَدِيثُ أَبِي وَاقِدٍ اللَّيْثِيِّ رَضِيَ اللَّهُ عَنْهُ، قَالَ: «خَرَجْنَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى حُنَيْنٍ، وَنَحْنُ حُدَثَاءُ عَهْدٍ بِكُفْرٍ ، وَلِلْمُشْرِكِينَ سِدْرَةٌ يَعْكُفُونَ عِنْدَهَا وَيَنُوطُونَ بِهَا أَسْلِحَتَهُمْ، يُقَالُ لَهَا : ذَاتُ أَنْوَاطٍ، فَمَرَرْنَا بِسِدْرَةٍ، فَقُلْنَا : يَا رَسُولَ اللَّهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ …» الحَدِيثَ .
മരങ്ങളെയും കല്ലുകളെയും ആരാധിച്ചു എന്നതിലെ തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: ﴿أَفَرَءَيْتُمُ اللَّتَ وَالْعُزَّىٰ * وَمَنَوٰةَ الثَّالِثَةَ الْأُخْرَىٰ﴾ ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? മൂന്നാമതായി മറ്റൊന്നായ മനാത്തയെപ്പറ്റിയും? [സൂറത്ത് അന്നജ്മ് – 19, 20]
അബൂ വാഖിദ് അല്ലൈസി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസും ഇതിന് തെളിവാണ്. അദ്ദേഹം പറയുന്നു:
«خَرَجْنَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى حُنَيْنٍ، وَنَحْنُ حُدَثَاءُ عَهْدٍ بِكُفْرٍ ، وَلِلْمُشْرِكِينَ سِدْرَةٌ يَعْكُفُونَ عِنْدَهَا وَيَنُوطُونَ بِهَا أَسْلِحَتَهُمْ، يُقَالُ لَهَا : ذَاتُ أَنْوَاطٍ، فَمَرَرْنَا بِسِدْرَةٍ، فَقُلْنَا : يَا رَسُولَ اللَّهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ …»
ഞങ്ങൾ നബി ﷺ യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങൾ (ഇസ്ലാമിൽ വന്നിട്ട് അധിക കാലമാകാത്ത) അവിശ്വാസത്തോട് അടുത്ത കാലമുള്ളവരായിരുന്നു. അവിടെ മുശ്രിക്കുകൾക്ക് ഒരു ഇലന്തമരമുണ്ടായിരുന്നു. അവർ അതിൻ്റെ ചാരത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങൾ അതിൽ തൂക്കിയിടുകയും ചെയ്യുമായിരുന്നു. ‘ദാതു അൻവാത്വ്’ എന്നായിരുന്നു അതിന് പറയപ്പെട്ടിരുന്നത്. അങ്ങനെ ഞങ്ങൾ ഒരു ഇലന്തമരത്തിനരികിലൂടെ നടന്നുപോകാനിടയായപ്പോൾ ഞങ്ങൾ ചോദിച്ചു: പ്രവാചകരേ, അവർക്ക് ‘ദാതു അൻവാത്വ്’ ഉള്ളത് പോലെ ഞങ്ങൾക്കും ഒരു ‘ദാതു അൻവാത്വ്’ ഉണ്ടാക്കിത്തന്നാലും… [സുനനുത്തിർമിദി – 2180]
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
ഈ ഖാഇദയുടെ ഉദ്ദേശ്യം: കുഫ്റിൻ്റെ അടിസ്ഥാന കാരണം അല്ലാഹുവല്ലാത്തവരെ ആരാധിക്കലാണ് എന്ന് വ്യക്തമാക്കുക എന്നതാണ്; ആരാധിക്കപ്പെടുന്നവന്റെ പദവി എന്താണ് എന്ന് നോക്കാതെയുമാണിത്.
അതുകൊണ്ട് ഒരു നബിയെയോ, വലിയ്യിനെയോ, മലക്കിനെയോ ആരാധിക്കുന്നവൻ, മരങ്ങളെയോ, കല്ലുകളെയോ, ഗോളങ്ങളെയോ ആരാധിക്കുന്നവനെ പോലെത്തന്നെയാണ്.
നബി ﷺ നിയോഗിക്കപ്പെട്ടത് കാഫിറുകളിൽ പെട്ട ‘തങ്ങളുടെ ആരാധനകളിൽ വ്യത്യസ്ത നിലപാടുകളുള്ള ആളുകളിലേക്കാണ്’. അതായത്: അവർ ആരാധിച്ചിരുന്ന ആരാധ്യവസ്തുക്കളുടെ (ഇലാഹുകളുടെ) കാര്യത്തിൽ അവർ വ്യത്യസ്തരായിരുന്നു. ഇവിടെ ‘ഇബാദാത്തിഹിം’ (عِبَادَاتِهِم – ആരാധനകൾ) എന്ന മസ്ദറിനെ (ക്രിയാനാമത്തെ), ‘മഅ്ബൂദാത്തിഹിം’ (مَعْبُودَاتِهِمْ – ആരാധിക്കപ്പെടുന്നവ) എന്ന ഇസ്മുൽ മഫ്ഊലിന്റെ (കർമ്മനാമത്തിന്റെ) സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഉദ്ദേശിക്കപ്പെടുന്ന ആരാധനയുടെ അർത്ഥം സ്ഥിരപ്പെട്ടതാണ് എന്ന് അറിയിക്കാൻ വേണ്ടിയാണിത്. അതിനാൽ അവിടെ ഉദ്ദേശിക്കപ്പെടുന്നത് ‘ആരാധ്യവസ്തുക്കൾ’ (المَعْبُودَاتُ) എന്നാണ്, അല്ലാതെ ‘ആരാധനാ കർമ്മങ്ങൾ’ (العِبَادَاتُ) എന്നല്ല.
ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ തുടർന്ന് പറയുന്ന വാക്കുകൾ ഇതിനെ കൂടുതൽ വ്യക്തമാക്കുന്നു: ‘അവരിൽ മലക്കുകളെ ആരാധിക്കുന്നവരുണ്ട്, പ്രവാചകന്മാരെയും സ്വാലിഹീങ്ങളെയും ആരാധിക്കുന്നവരുണ്ട്…’ തുടങ്ങി അദ്ദേഹം പരാമർശിച്ച കാര്യങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.
‘നബി ﷺ അവരോട് പോരാടുകയും, കാഫിറുകളായി പ്രഖ്യാപിക്കുകയും അവർക്കിടയിൽ യാതൊരു വ്യത്യാസവും കൽപ്പിക്കാതിരിക്കുകയും ചെയ്തു’. കാരണം, അവരുടെ ആരാധ്യവസ്തുക്കളിൽ അവർ വ്യത്യസ്തരായിരുന്നുവെങ്കിലും, കുഫ്റിനെ അനിവാര്യമാക്കുന്ന കാര്യത്തിൽ അവരെല്ലാവരും ഒന്നിച്ചുനിന്നു; അത് അല്ലാഹുവല്ലാത്തവരെ ആരാധിക്കലാണ്. അതുകൊണ്ട് കാഫിറായി പ്രഖ്യാപിക്കുന്നതും പോരാടുന്നതും വിഗ്രഹങ്ങളെ ആരാധിക്കുന്നവരോട് മാത്രമുള്ളതല്ല. മറിച്ച് അല്ലാഹു سُبْحَانَهُ وَتَعَالَى അല്ലാത്തവയെ ആരാധിക്കുന്ന എല്ലാവർക്കും ഈ വിധി ബാധകമാണ്. അവൻ ഒരു പ്രവാചകനെയോ, വലിയ്യിനെയോ, സ്വാലിഹായ മനുഷ്യനെയോ, മരത്തെയോ, കല്ലിനെയോ ആരാധിക്കുന്നവനാണെങ്കിൽ പോലും.
ഗ്രന്ഥകർത്താവ് പറഞ്ഞതുപോലെ ‘അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: ﴿وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ﴾ [സൂറത്ത് അൽ-അൻഫാൽ – 39]’. ഏറ്റവും വലിയ ഫിത്ന എന്നത് അല്ലാഹുവല്ലാത്തവരെ ആരാധിക്കലാണ്. ദീനിൻ്റെ അടിസ്ഥാനം അല്ലാഹുവിൻ്റെ തൗഹീദുമാണ്.
അവരുടെ ആരാധ്യവസ്തുക്കൾ വ്യത്യസ്തമായിരുന്നു എന്ന് താൻ സ്ഥാപിച്ചതിന് ഗ്രന്ഥകർത്താവ് തെളിവുകൾ നൽകിയിട്ടുണ്ട്. ‘സൂര്യനെയും ചന്ദ്രനെയും ആരാധിച്ചു എന്നതിലെ തെളിവ്’ എന്നും അതുപോലുള്ള മറ്റു പ്രയോഗങ്ങളും കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്: അല്ലാഹുവിന് പുറമെ ഇവകളെല്ലാം ആരാധിക്കപ്പെട്ടിരുന്നു എന്ന് സ്ഥിരപ്പെടുത്തുന്ന തെളിവാണ്. അപ്പോൾ ആ വാചകത്തിൻ്റെ യഥാർത്ഥ ആശയം ഇപ്രകാരമാണ്: (അവർ സൂര്യനെയും ചന്ദ്രനെയും ആരാധിച്ചു എന്നതിലെ തെളിവ്). ഇതിനുശേഷം വരുന്ന കാര്യങ്ങളിലും അപ്രകാരം തന്നെയാണ്.
ഇതിനുള്ള എല്ലാ തെളിവുകളും വിശുദ്ധ ഖുർആനിൽ നിന്നുള്ളതാണ്. മരങ്ങളെയും കല്ലുകളെയും ആരാധിച്ചു എന്നതിലെ രണ്ട് തെളിവുകളിൽ ഒന്നൊഴികെ. അത് അബൂ വാഖിദ് അല്ലൈസി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസാണ്, അദ്ദേഹം പറയുന്നു: «ഞങ്ങൾ നബി ﷺ യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങൾ അവിശ്വാസത്തോട് അടുത്ത കാലമുള്ളവരായിരുന്നു…» എന്നത്. ഇമാം അത്തിർമിദി ഇത് ഉദ്ധരിച്ചിട്ടുണ്ട്, ഇതിൻ്റെ പരമ്പര സ്വഹീഹാണ്.
ഹദീസിലെ ‘യഅ്കുഫൂന’ (يَعْكُفُونُ) എന്ന പ്രയോഗത്തിലെ ‘കാഫ്’ (ك) എന്ന അക്ഷരത്തിന് ‘ദമ്മ്’ (ഉ – ഉച്ചാരണം) നൽകിയാണ് വായിക്കേണ്ടത്; അതിന് ‘കസ്ർ’ (ഇ – ഉച്ചാരണം) നൽകിയും വായിക്കാവുന്നതാണ്. ഉകൂഫ് (العُكُوفُ) എന്നാൽ: ഒരു കാര്യത്തിൽ ഭജനമിരിക്കുക, അതിനടുത്തുതന്നെ തങ്ങുക എന്നാണ് അർത്ഥം.
‘യനൂതൂന’ (وَيَنُوطُونَ) എന്നാൽ തൂക്കിയിടുക എന്നാണ് അർത്ഥം.
ഗ്രന്ഥകർത്താവിന് ഈ ഖാഇദയെ വിശദീകരിക്കുന്നതിലും, ഇതിനെതിരെ കൊണ്ടുവരപ്പെടുന്ന ന്യായങ്ങളെ ഖണ്ഡിക്കുന്നതിലും വളരെ മനോഹരമായ ചില വിശദീകരണങ്ങളുണ്ട് – അത് ‘കശ്ഫുശ്ശുബുഹാത്ത്’ എന്ന ഗ്രന്ഥത്തിൽ നാം നേരത്തെ പഠിച്ചതാണ് -. അല്ലാഹു عَزَّوَجَلَّ അല്ലാത്തവയെ ആരാധിക്കുന്ന എല്ലാവരും കാഫിറാകുമെന്നും അവരോട് പോരാടണമെന്നുമുള്ള പൊതുവായ വിധി എട്ട് കാരണങ്ങളിലൂടെ അദ്ദേഹം അവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

