ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് – അൽ-ഖവാഇദുൽ അർബഅ്
القَاعِدَةُ الرَّابِعَةُ: أَنَّ مُشْرِكِي زَمَانِنَا أَغْلَظُ شِرْكًا مِنَ الأَوَّلِينَ؛ لِأَنَّ الأَوَّلِينَ يُشْرِكُونَ فِي الرَّخَاءِ وَيُخْلِصُونَ فِي الشَّدَّةِ، وَمُشْرِكُو زَمَانِنَا شِرْكُهُمْ دَائِمًا فِي الرَّخَاءِ وَالشَّدَّةِ.
നാലാമത്തെ അടിസ്ഥാന നിയമം: നമ്മുടെ കാലത്തെ മുശ്രിക്കുകൾ മുൻഗാമികളെക്കാൾ കടുത്ത ശിർക്ക് ചെയ്യുന്നവരാണ്. കാരണം, മുൻഗാമികൾ സന്തോഷകരമായ അവസ്ഥകളിൽ ശിർക്ക് ചെയ്യുകയും, ബുദ്ധിമുട്ടുള്ള അവസ്ഥകളിൽ നിഷ്കളങ്കത കാണിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നാൽ നമ്മുടെ കാലത്തെ മുശ്രിക്കുകളാകട്ടെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും എപ്പോഴും ശിർക്ക് ചെയ്യുന്നവരാണ്.
وَالدَّلِيلُ قَوْلُهُ تَعَالَى: ﴿فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ﴾ [العَنْكَبُوت: 65].
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: അങ്ങനെ അവര് കപ്പലില് കയറിയാല് കീഴ്വണക്കം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കികൊണ്ട് അവനെ അവര് വിളിച്ച് പ്രാര്ത്ഥിക്കും. എന്നിട്ട് അവരെ അവന് കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ അവനോട് പങ്ക് ചേര്ക്കുന്നു. [സൂറത്ത് അൽ-അൻകബൂത്ത് – 65]
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
ഈ ഖാഇദയുടെ ഉദ്ദേശ്യം: ഗ്രന്ഥകർത്താവിൻ്റെ കാലത്തുള്ളവരുടെയും, അവർക്ക് ശേഷം വന്ന പിൻഗാമികളുടെയും (മുതഅഖ്ഖിറുകളുടെയും) ശിർക്കിന്റെ ഗൗരവം വ്യക്തമാക്കുക എന്നതാണ്. അവർ മുൻഗാമികളെക്കാൾ കടുത്ത ശിർക്ക് ചെയ്യുന്നവരാണ് എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.
ഇതിൻ്റെ ഗൗരവം വ്യക്തമാക്കുന്നതിലെ പ്രയോജനം: അവർ ആയിരിക്കുന്ന ആ അവസ്ഥ കാരണം, മുൻഗാമികളായ മുശ്രിക്കുകളെക്കാൾ കാഫിറുകളായി പ്രഖ്യാപിക്കപ്പെടാനും പോരാടപ്പെടാനും ഏറ്റവും അർഹർ അവരാണ് എന്ന് സ്ഥിരപ്പെടുത്തുക എന്നതാണ്. ഗ്രന്ഥകർത്താവ് തൻ്റെ മറ്റൊരു ഗ്രന്ഥമായ ‘കശ്ഫുശ്ശുബുഹാത്തി’ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
‘മുശ്രിക്കുകളെ’ എന്ന് പരാമർശിച്ചത്, ഗ്രന്ഥകർത്താവ് തുടക്കത്തിൽ വിശേഷിപ്പിച്ച കുഫ്റിനെ നിർണ്ണയിക്കാൻ വേണ്ടിയാണ്. അതായത്, ‘നബി ﷺ പോരാടിയ അവിശ്വാസികൾ’ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവല്ലോ; അവർ കാഫിറുകളായത് ശിർക്കിലൂടെയാണ്.
മതപരമായ തെളിവുകളും, സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളും (الوَقَائِعِ القَدَرِيَّةِ) പരിശോധിച്ചാൽ പത്ത് കാരണങ്ങളാൽ പിൻഗാമികളുടെ ശിർക്ക് മുൻഗാമികളുടെ ശിർക്കിനേക്കാൾ കടുത്തതാണ് എന്ന് മനസ്സിലാക്കാം:
- ഒന്നാമത്തെ കാരണം: ‘മുൻഗാമികൾ സന്തോഷകരമായ അവസ്ഥകളിൽ ശിർക്ക് ചെയ്യുകയും, ബുദ്ധിമുട്ടുള്ള അവസ്ഥകളിൽ നിഷ്കളങ്കത കാണിക്കുകയും ചെയ്യുന്നവരായിരുന്നു.’ എന്നാൽ പിൻഗാമികളാകട്ടെ സന്തോഷകരമായ അവസ്ഥയിലും ബുദ്ധിമുട്ടുള്ള അവസ്ഥയിലും ഒരുപോലെ ശിർക്ക് ചെയ്യുന്നവരാണ്. ഗ്രന്ഥകർത്താവ് ഈ കാര്യം ഇവിടെ ‘അൽ-ഖവാഇദുൽ അർബഇ’ലും അതുപോലെ ‘കശ്ഫുശ്ശുബുഹാത്തി’ലും പരാമർശിച്ചിട്ടുണ്ട്. അതിനുള്ള തെളിവായി അദ്ദേഹം നൽകിയത് സൂറത്ത് അൽ-അൻകബൂത്തിലെ വചനമാണ്. കപ്പലിൽ കയറി കടലിലൂടെ യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള അവസ്ഥയാണ്; കാരണം അവരുടെ ഹൃദയങ്ങൾ ഭയം കൊണ്ട് നിറഞ്ഞിരിക്കും. ആ അവസ്ഥയിൽ അവർ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് അവനോട് ഇഖ്ലാസ് കാണിക്കുന്നവരാണ്. എന്നാൽ, അവർ കരയിലെത്തുകയും, അവർ ഭയപ്പെട്ടിരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷിതരായി സന്തോഷകരമായ അവസ്ഥയിൽ ആകുകയും ചെയ്യുമ്പോൾ, അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെയും വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് അവർ ശിർക്ക് ചെയ്യുന്നവരാകും. ഗ്രന്ഥകർത്താവിന് ശേഷം അദ്ദേഹത്തിൻ്റെ പേരമക്കളായ സുലൈമാൻ ബ്നു അബ്ദില്ലാഹ്, അബ്ദുറഹ്മാൻ ബ്നു ഹസൻ എന്നിവരും, അബ്ദുല്ലാഹ് അബൂ ബുത്വൈൻ, സുലൈമാൻ ബ്നു സിഹ്മാൻ എന്നിവരും ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.
ഈ വചനം ബുദ്ധിമുട്ടുകൾക്കും സന്തോഷങ്ങൾക്കുമിടയിലുള്ള മുൻഗാമികളായ മുശ്രിക്കുകളുടെ അവസ്ഥ വ്യക്തമാക്കുന്നു. എന്നാൽ പിൻഗാമികളുടെ സ്ഥിരമായുള്ള ശിർക്കിന്റെ അവസ്ഥ – ബുദ്ധിമുട്ടുകൾ വരുമ്പോഴും സങ്കടങ്ങൾ കൂടുമ്പോഴും അത് കൂടുതൽ കഠിനമായിത്തീരുന്ന അവസ്ഥ – അവരുടെ പ്രവർത്തികളും, അവർ എഴുതിവെച്ച ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ലോകരക്ഷിതാവിൽ പങ്കുചേർക്കുന്നതിൽ മുൻഗാമികളെ അവർ എത്രത്തോളം മറികടന്നിരിക്കുന്നു എന്ന സത്യം ആ ഗ്രന്ഥങ്ങൾ വിളിച്ചുപറയുന്നു.
അതായത്: മുൻഗാമികൾ സന്തോഷകരമായ അവസ്ഥകളിൽ ശിർക്ക് ചെയ്യുകയും ബുദ്ധിമുട്ടുള്ള അവസ്ഥകളിൽ ഇഖ്ലാസ് കാണിക്കുകയും ചെയ്യുന്നവരായിരുന്നു എന്ന് സ്ഥിരീകരിക്കുന്നതിനുള്ള തെളിവാണ് ഈ വചനം. എന്നാൽ പിൻഗാമികൾ സന്തോഷത്തിലും ബുദ്ധിമുട്ടിലും ശിർക്ക് ചെയ്യുന്നു എന്നതിൻ്റെ യാഥാർത്ഥ്യം നിനക്കറിയണമെങ്കിൽ, നീ ഇത്തരം പരീക്ഷണങ്ങൾ ബാധിച്ച നാടുകളിൽ ഉള്ളവനാണെങ്കിൽ അവരുടെ അവസ്ഥകൾ നേരിട്ട് കാണുക. അല്ലെങ്കിൽ അവർ എഴുതിവെച്ചിട്ടുള്ള ഗ്രന്ഥങ്ങൾ വായിച്ചു നോക്കുക. അപ്പോൾ സന്തോഷത്തിലും ബുദ്ധിമുട്ടിലുമുള്ള എല്ലാ അവസ്ഥകളിലും അവരുടെ ശിർക്ക് നിനക്ക് കണ്ടെത്താൻ സാധിക്കും.
- രണ്ടാമത്തെ കാരണം: മുൻഗാമികൾ അല്ലാഹുവിനോടൊപ്പം വിളിച്ച് പ്രാർത്ഥിച്ചിരുന്നത് അല്ലാഹുവിലേക്ക് അടുപ്പമുള്ള പ്രവാചകന്മാരെയും, മലക്കുകളെയും, സ്വാലിഹീങ്ങളെയുമായിരുന്നു. അല്ലെങ്കിൽ അല്ലാഹുവിനെ ധിക്കരിക്കാൻ കഴിയാത്ത മരങ്ങളെയും കല്ലുകളെയുമായിരുന്നു. എന്നാൽ ഈ പിൻഗാമികൾ അല്ലാഹുവിനോടൊപ്പം വിളിച്ച് പ്രാർത്ഥിക്കുന്നത് വൻപാപികളും (ഫുസ്സാഖ്) തെമ്മാടികളുമായ (ഫുജ്ജാർ) ആളുകളെയാണ്. ഈ വ്യത്യാസം ഗ്രന്ഥകർത്താവ് ‘കശ്ഫുശ്ശുബുഹാത്തി’ലും പരാമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കാലത്തുണ്ടായിരുന്ന മുഹമ്മദ് ബ്നു ഇസ്മാഈൽ അസ്സൻആനി തൻ്റെ ‘തത്ഹീറുൽ ഇഅ്തിഖാദ്’ എന്ന ഗ്രന്ഥത്തിൽ ഈ കാര്യം സംഭവിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
അവർ തെമ്മാടികളാണെന്ന് ബോധ്യമുണ്ടായിട്ടും അവരോട് പ്രാർത്ഥിക്കാനുള്ള കാരണം, അവരുടെ ഉപദ്രവങ്ങളെ ഭയന്നതുകൊണ്ടാണ്. കാരണം അത്രയും മോശമായ അവസ്ഥയിലാണെങ്കിലും അവർക്ക് പല അധികാരങ്ങളും സ്വാധീനങ്ങളും ഉണ്ടെന്നും അതിലൂടെ അവർക്ക് ഉപദ്രവങ്ങൾ ഏൽപ്പിക്കാൻ കഴിയുമെന്നും അവർ വിശ്വസിക്കുന്നു.
- മൂന്നാമത്തെ കാരണം: മുൻഗാമികൾ വിശ്വസിച്ചിരുന്നത്, തങ്ങൾ ചെയ്യുന്ന ഈ ശിർക്കുകൾ പ്രവാചകന്മാരുടെയും ദൂതന്മാരുടെയും പ്രബോധനത്തിന് എതിരാണെന്നാണ്. അവർ പറഞ്ഞത് അല്ലാഹുവിൻ്റെ വചനം അപ്രകാരം ഉദ്ധരിക്കുന്നു: ﴿أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ﴾ (അവന് ഇത്രയധികം ദൈവങ്ങളെ ഒരേയൊരു ദൈവമാക്കിത്തീര്ത്തിരിക്കുകയാണോ? തീര്ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ). [സൂറത്ത് സ്വാദ് – 5]. എന്നാൽ പിൻഗാമികളാകട്ടെ, തങ്ങളുടെ ഈ പ്രവർത്തി പ്രവാചകന്മാരുടെയും ദൂതന്മാരുടെയും പ്രബോധനത്തോട് യോജിക്കുന്നതാണെന്ന് അവർ വാദിക്കുന്നു. ദാവൂദ് ബ്നു ജിർജീസിനുള്ള മറുപടിയിൽ അബ്ദുല്ലത്വീഫ് ബ്നു അബ്ദുറഹ്മാൻ ഈ കാര്യം പരാമർശിച്ചിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായ സുലൈമാൻ ബ്നു സിഹ്മാനും ഇത് പരാമർശിച്ചിട്ടുണ്ട്.
അതിനാൽ മുൻഗാമികൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നതിൽ നിന്ന് വിട്ടുനിന്നു. എന്നാൽ പിൻഗാമികൾ തങ്ങൾ ആ കലിമയുടെ വക്താക്കളാണെന്ന് വാദിക്കുന്നു, അതുകൊണ്ട് അവർ അത് പറയാൻ തയ്യാറാകുന്നു. ചുരുക്കത്തിൽ, മുൻഗാമികൾ അതിൻ്റെ അർത്ഥത്തെയും പദത്തെയും ഒരുപോലെ നിഷേധിച്ചു; എന്നാൽ പിൻഗാമികൾ അതിൻ്റെ പദത്തെ അംഗീകരിക്കുകയും അർത്ഥത്തെ നിഷേധിക്കുകയും ചെയ്തു. അബ്ദുറഹ്മാൻ ബ്നു ഹസൻ തൻ്റെ ‘ഫത്ഹുൽ മജീദി’ലും, ഇബ്നു ഖാസിം തൻ്റെ ‘ഹാശിയത്തു കിതാബിത്തൗഹീദി’ലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
- നാലാമത്തെ കാരണം: മുൻഗാമികളായ മുശ്രിക്കുകൾ അല്ലാഹുവിൻ്റെ പരമാധികാരത്തിലോ സർവ്വവ്യാപിയായ നിയന്ത്രണത്തിലോ യാതൊന്നിനെയും പങ്കുചേർത്തിരുന്നില്ല. മറിച്ച് തങ്ങളുടെ തൽബിയ്യത്തിൽ അവർ ഇപ്രകാരം പറയുമായിരുന്നു: “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്, ഇല്ലാ ശരീക്കൻ ഹുവ ലക്ക, തംലികുഹു വമാ മലക്” (അല്ലാഹുവേ, നിനക്കുത്തരം നൽകി ഞാൻ ഇതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. എന്നാൽ ഒരു പങ്കുകാരനൊഴികെ, അവനും അവൻ്റെ ഉടമസ്ഥതയിലുള്ളതും നിൻ്റെ ഉടമസ്ഥതയിലാകുന്നു). എന്നാൽ പിൻഗാമികൾ, തങ്ങൾ ആദരിക്കുന്നവർക്ക് ഈ പ്രപഞ്ചത്തിൽ അധികാരവും നിയന്ത്രണവും ഉണ്ടെന്ന് വിശ്വസിച്ചു. ലോകത്തിൻ്റെ നിയന്ത്രണവും അതിൽ നടക്കുന്ന കാര്യങ്ങളും അവരുടെ കീഴിലാണെന്ന വിശ്വാസത്തോടെ അവർ അവരിലേക്ക് മുന്നിട്ടു. ഇത് ആദ്യകാല ജാഹിലിയ്യത്ത് പോലും അറിയാത്ത ഒരു ശിർക്കാണ്. അബ്ദുല്ലാഹ് ബ്നു ഫൈസൽ ഇബ്നു സുഊദ് ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.
- അഞ്ചാമത്തെ കാരണം: പിൻഗാമികളിൽ പെട്ട പലരും അല്ലാഹുവിന് പുറമെയുള്ള തങ്ങളുടെ ആരാധ്യവസ്തുക്കളെ സ്വന്തമായി കഴിവുള്ളവരാണെന്ന നിലക്കാണ് (ഇസ്തിഖ്ലാൽ) സമീപിക്കുന്നത്. എന്നാൽ മുൻഗാമികൾ തങ്ങളുടെ ആരാധ്യവസ്തുക്കളെ സമീപിച്ചത് അവർ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയായിരുന്നു. അതിനാൽ അവർക്കത് കേവലം ശുപാർശക്കാരും ഇടനിലക്കാരും മാത്രമായിരുന്നു. പിൻഗാമികളിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതിന് വിപരീതമാണ് – അവർ അല്ലെന്ന് വാദിച്ചാൽ പോലും.
- ആറാമത്തെ കാരണം: മുൻഗാമികളുടെ ശിർക്കിൽ ഭൂരിഭാഗവും ഉലൂഹിയ്യത്തിലായിരുന്നു, മറ്റ് കാര്യങ്ങളിൽ അത് വളരെ കുറവായിരുന്നു. എന്നാൽ പിൻഗാമികളുടെ ശിർക്കാകട്ടെ ഉലൂഹിയ്യത്തിലും, റുബൂബിയ്യത്തിലും, അസ്മാഉ വസ്സ്വിഫാത്തിലും (നാമഗുണവിശേഷണങ്ങളിലും) ഒരേപോലെ നിറഞ്ഞുനിൽക്കുന്നു. നമ്മുടെ കാലത്തുള്ള മുശ്രിക്കുകൾ ജാഹിലിയ്യാ കാലത്തെ മുശ്രിക്കുകളെക്കാൾ മോശക്കാരാണെന്ന് പറയുന്നതിൻ്റെ വ്യത്യാസങ്ങളിൽ ഒന്നായി സുലൈമാൻ ബ്നു സിഹ്മാൻ ഈ കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്: അതായത് മുൻഗാമികൾ റുബൂബിയ്യത്തിൽ അല്ലാഹുവിൻ്റെ തൗഹീദ് അംഗീകരിക്കുന്നവരായിരുന്നു, അവരുടെ ശിർക്ക് ഉലൂഹിയ്യത്തിൽ മാത്രമായിരുന്നു. നാം പറഞ്ഞ കാര്യങ്ങൾക്ക് ഇത് സാക്ഷ്യം വഹിക്കുന്നു.
- ഏഴാമത്തെ കാരണം: പിൻഗാമികൾ വാദിക്കുന്നത്, സ്വാലിഹീങ്ങളെ ഉദ്ദേശിച്ചുകൊണ്ട് യാത്ര പോകുന്നതും, അവരോട് പ്രാർത്ഥിക്കുന്നതും, അവരിലേക്ക് മുന്നിടുന്നതുമെല്ലാം അവരുടെ അവകാശങ്ങളിൽ പെട്ടതാണെന്നാണ്. അത് ഉപേക്ഷിക്കൽ അവരോടുള്ള അകൽച്ചയും അവരെ നിന്ദിക്കലുമാണെന്നും അവർ വാദിക്കുന്നു. എന്നാൽ മുൻഗാമികൾ ഇങ്ങനെ പറഞ്ഞിരുന്നില്ല.
- എട്ടാമത്തെ കാരണം: മുൻഗാമികളായ മുശ്രിക്കുകൾ തങ്ങളുടെ ശിർക്കിനെ പരസ്യമായി അംഗീകരിക്കുന്നവരായിരുന്നു; നേരത്തെ പരാമർശിച്ച അവരുടെ തൽബിയ്യത്തിൽ കാണാവുന്നത് പോലെ. തങ്ങൾ ആദരിക്കുന്നവരോടുള്ള തങ്ങളുടെ ഈ തേട്ടത്തെ അവർ ‘ആരാധന’ (ഇബാദത്ത്) എന്ന് തന്നെ വിളിച്ചിരുന്നു. എന്നാൽ പിൻഗാമികൾ വാദിക്കുന്നത്, തങ്ങൾ തങ്ങളുടെ രക്ഷിതാവിൽ ആരെയും പങ്കുചേർക്കുന്നില്ല എന്നാണ്. തങ്ങൾ ആദരിക്കുന്നവരോടുള്ള തങ്ങളുടെ ഈ തേട്ടത്തെ അവർ ‘സ്നേഹം’ (മഹബ്ബത്ത്) എന്നാണ് വിളിക്കുന്നത്. എന്നാൽ തങ്ങളുടെ ഈ വാദത്തിൽ അവർ കളവു പറയുന്നവരാണ്.
- ഒമ്പതാമത്തെ കാരണം: മുൻഗാമികളായ മുശ്രിക്കുകൾ തങ്ങളുടെ ആരാധ്യവസ്തുക്കളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ഇഹലോകത്തെ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ മാത്രമായിരുന്നു. ഉദാഹരണത്തിന് കാണാതായവരെ തിരിച്ചുകിട്ടാനും നഷ്ടപ്പെട്ടവ കണ്ടെത്താനുമെല്ലാം അവർ അവരോട് ആവശ്യപ്പെട്ടു. എന്നാൽ പരലോകത്തേക്ക് വേണ്ടിയുള്ള ഒരു തയ്യാറെടുപ്പായി അവർ അവരെ കണക്കാക്കിയിരുന്നില്ല. കാരണം അവർ പരലോകത്തെ നിഷേധിച്ചിരുന്നു, അല്ലെങ്കിൽ അല്ലാഹുവിൻ്റെ അടുക്കൽ ഇവർക്കുള്ള സ്ഥാനം കാരണം തങ്ങൾക്ക് അവിടെ സമ്പത്തും സന്താനങ്ങളും ലഭിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ പിൻഗാമികളാകട്ടെ, തങ്ങൾ ആദരിക്കുന്നവരിൽ നിന്നും ഇഹലോകത്തെയും പരലോകത്തെയും ആവശ്യങ്ങൾ ഒരേപോലെ നിറവേറ്റിത്തരണമെന്ന് ആഗ്രഹിക്കുന്നു. ഹമദ് ബ്നു നാസ്വിർ ബ്നു മുഅമ്മർ رَحِمَهُ اللَّهُ ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.
- പത്താമത്തെ കാരണം: മുൻഗാമികളായ മുശ്രിക്കുകൾ അല്ലാഹുവിനെയും അവൻ്റെ ചിഹ്നങ്ങളെയും മഹത്വപ്പെടുത്തുന്നവരായിരുന്നു. അല്ലാഹുവിൻ്റെ പേരിലുള്ള സത്യം അവർ ആദരിച്ചിരുന്നു. അല്ലാഹുവിനെയും അവൻ്റെ ഭവനത്തെയും മുൻനിർത്തി അഭയം ചോദിക്കുന്നവർക്ക് അവർ അഭയം നൽകിയിരുന്നു. കഅ്ബാലയം തങ്ങളുടെ വിഗ്രഹങ്ങളുടെ ഭവനങ്ങളെക്കാൾ മഹത്തരമാണെന്ന് അവർ വിശ്വസിച്ചു. എന്നാൽ പിൻഗാമികളിൽ പെട്ട ഒരാൾ സത്യം പറയുമ്പോഴും കളവ് പറയുമ്പോഴും അല്ലാഹുവിൻ്റെ പേരിൽ എളുപ്പത്തിൽ സത്യം ചെയ്യുന്നു. എന്നാൽ അയാൾ ആദരിക്കുന്ന ഒരാളുടെ പേരിൽ കളവായി സത്യം ചെയ്യാൻ അയാൾ ഒരിക്കലും ധൈര്യപ്പെടുകയില്ല. അല്ലാഹുവിനെയോ അവൻ്റെ ഭവനത്തെയോ മുൻനിർത്തി അഭയം ചോദിക്കുന്നവർക്ക് അവർ അഭയം നൽകുകയില്ല; എന്നാൽ തങ്ങൾ ആദരിക്കുന്നവരെയോ അവരുടെ മഖ്ബറകളെയോ മുൻനിർത്തി അഭയം ചോദിക്കുന്നവർക്ക് അവർ അഭയം നൽകുകയും ചെയ്യുന്നു. പള്ളികളിൽ ഭജനമിരിക്കുന്നതിനേക്കാൾ മഹത്തരമാണ് മഖ്ബറകളിൽ (മശാഹിദ്) ഭജനമിരിക്കൽ എന്ന് അവർ വിശ്വസിക്കുന്നു. താൻ ആരാധിക്കുന്ന ആരാധ്യവസ്തുവിൻ്റെ ഖബ്റിനരികിൽ വെച്ച് സഹായം തേടുന്നതാണ് പള്ളിയിൽ വെച്ച് അല്ലാഹുവിനോട് സഹായം തേടുന്നതിനേക്കാൾ കൂടുതൽ ഉപകാരപ്രദവും ഫലപ്രദവുമെന്ന് അവരിൽ മിക്കവരും വിശ്വസിക്കുന്നു.
ഈ പറഞ്ഞ കാര്യങ്ങൾ അല്ലമാ സുലൈമാൻ ബ്നു അബ്ദില്ലാഹ് (‘തയ്സീറുൽ അസീസ് അൽ-ഹമീദ്’ എന്ന ഗ്രന്ഥത്തിൽ), ഇബ്നു തൈമിയ്യ അൽ-ഹഫീദ്, ഗ്രന്ഥകർത്താവ്, അസ്സൻആനി, ഹമദ് ബ്നു നാസ്വിർ ബ്നു മുഅമ്മർ, അബ്ദുൽ അസീസ് അൽ-ഹുസൈൻ, അബ്ദുല്ലത്വീഫ് ബ്നു അബ്ദുറഹ്മാൻ ബ്നു ഹസൻ رَحِمَهُمُ اللَّهُ തുടങ്ങി സലഫി നവോത്ഥാന പ്രബോധനത്തിലെ പണ്ഡിതന്മാരുടെ വിവിധ പരാമർശങ്ങളിൽ നിന്നും സംഗ്രഹിച്ചെടുത്തതാണ്.
തുടർന്ന് വരുന്ന വർഷത്തിൽ ശൈഖ് ഇതിലേക്ക് രണ്ട് കാരണങ്ങൾ കൂടി കൂട്ടിച്ചേർത്തു, അവ താഴെ പറയുന്നവയാണ്:
- പതിനൊന്നാമത്തെ കാരണം: മുൻഗാമികളായ മുശ്രിക്കുകൾ പരമകാരുണികനായ അല്ലാഹുവിനോട് ചോദിക്കുന്ന എല്ലാ കാര്യങ്ങളും തങ്ങളുടെ ആരാധ്യവസ്തുക്കളോട് ചോദിക്കാറുണ്ടായിരുന്നില്ല. തങ്ങളുടെ ആരാധ്യവസ്തുക്കളോട് ചോദിക്കുന്ന ചില ആവശ്യങ്ങൾ അവർക്കുണ്ടായിരുന്നു. എന്നാൽ അല്ലാഹുവിനോട് മാത്രം ചോദിക്കുന്ന മറ്റു ചില ആവശ്യങ്ങളും അവർക്കുണ്ടായിരുന്നു; അല്ലാഹുവിനെ سُبْحَانَهُ وَتَعَالَى മഹത്വപ്പെടുത്തുന്നതിന്റെ ഭാഗമായി അവനിലേക്ക് അവർ അത്യുന്നതമായ ആവശ്യങ്ങൾ സമർപ്പിച്ചു. എന്നാൽ പിൻഗാമികളാകട്ടെ, അല്ലാഹുവിനോട് ചോദിക്കാത്ത കാര്യങ്ങൾ പോലും തങ്ങളുടെ ആരാധ്യവസ്തുക്കളോട് ചോദിക്കുന്നു. തങ്ങളുടെ ഏറ്റവും വലിയ ആവശ്യങ്ങൾ അവർ ആരാധ്യവസ്തുക്കളിൽ നിന്ന് ചോദിക്കുകയും, അല്ലാഹുവിനോട് അവർ അത് ചോദിക്കാതിരിക്കുകയും ചെയ്യുന്നു. ഇബ്നു തൈമിയ്യ അൽ-ഹഫീദ് ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.
- പന്ത്രണ്ടാമത്തെ കാരണം: പിൻഗാമികളായ മുശ്രിക്കുകളിൽ ചിലർ വാദിക്കുന്നത്, തങ്ങളുടെ ആരാധ്യവസ്തുക്കളായ സൃഷ്ടികളുടെ രൂപത്തിൽ അല്ലാഹു വെളിപ്പെടുന്നുവെന്നാണ്. അതിനാൽ അവർ ആ സൃഷ്ടികളെ ആരാധിക്കുന്നത് അല്ലാഹു അവരിൽ വെളിപ്പെടുന്നു എന്നതിനാലാണ്. എന്നാൽ മുൻഗാമികളായ മുശ്രിക്കുകളിൽ ആരും തന്നെ അല്ലാഹു മറ്റു സൃഷ്ടികളുടെ രൂപത്തിൽ വെളിപ്പെടുമെന്ന് വിശ്വസിച്ചിരുന്നില്ല. ഇതും ഇബ്നു തൈമിയ്യ അൽ-ഹഫീദ് പരാമർശിച്ചതാണ്; അദ്ദേഹത്തിന്റെ ശിഷ്യനായ ഇബ്നുൽ ഖയ്യിം തൻ്റെ ‘റൗദത്തുൽ മുഹിബ്ബീൻ’ എന്ന ഗ്രന്ഥത്തിൽ ഇത് അദ്ദേഹത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.
അങ്ങനെ സന്ദർഭത്തിനനുയോജ്യമായ രൂപത്തിൽ ഈ ഗ്രന്ഥത്തിന്റെ വിശദീകരണം നാം പൂർത്തിയാക്കിയിരിക്കുന്നു.
ഹിജ്റ 1436 റബീഉൽ അവ്വൽ 29 ചൊവ്വാഴ്ച രാത്രി, മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ച് ഒറ്റ മജ്ലിസിലായി ഈ ശറഹ് പൂർത്തിയായി.

