4. എന്താണ് ഇസ്‌ലാമിന്റെ പ്രബോധനം?

7 Min Read
ശൈഖ് ഡോ. മുഹമ്മദ് ഹിശാം അത്ത്വാഹിരി

ഇസ്‌ലാമിന്റെ പ്രബോധനം സാർവത്രികമാണ്; അത് ഒരു പ്രത്യേക ലിംഗവിഭാഗവുമായോ അല്ലെങ്കിൽ ഒരു പ്രത്യേക കാലഘട്ടവുമായോ ബന്ധപ്പെട്ടിരിക്കുന്നില്ല. അതിന്റെ പ്രബോധനം രണ്ട് അടിസ്ഥാന സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്:

ഒന്നാമത്തെ സ്തംഭം തൗഹീദിലേക്കുള്ള (ഏകദൈവാരാധന) പ്രബോധനമാണ്; അതോടൊപ്പം ശിർക്കിനെ (ബഹുദൈവാരാധന) നിരാകരിക്കലും, കുഫ്റിൽ (അവിശ്വാസം) നിന്ന് വിട്ടുനിൽക്കലും, നിഫാഖിനെ (കാപട്യം) ഉന്മൂലനം ചെയ്യലുമാണിത്. സൃഷ്ടികളെയും വസ്തുക്കളെയും ആരാധിക്കുന്നതിന്റെ അടിമത്തത്തിൽ നിന്ന് മനുഷ്യരാശിയെയും ലോകത്തെയും മോചിപ്പിക്കുകയും, സർവ്വലോക രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുകയും ചെയ്യുന്ന ഒരു മതമാണിത്.

അല്ലാഹു പറയുന്നു:

قُلْ يَأَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ يَأَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنزِلَتِ التَّوْرَةُ وَالْإِنجِيلُ إِلَّا مِن بَعْدِهِ أَفَلَا تَعْقِلُونَ هَأَنتُمْ هَؤُلَاءِ حَجَجْتُمْ فِيمَا لَكُم بِهِ عِلْمٌ فَلِمَ تُحَاجُّونَ فِيمَا لَيْسَ لَكُم بِهِ عِلْمٌ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ مَا كَانَ إِبْرَاهِيمُ يَهُودِيًا وَلَا نَصْرَانِيًّا وَلَكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ

‘നബിയേ, പറയുക: വേദക്കാരേ,¹ ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും, നമ്മിൽ ചിലർ ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്. എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ അല്ലാഹുവിന് കീഴ്‌പ്പെട്ടവരാണ് എന്നതിന് നിങ്ങൾ സാക്ഷ്യം വഹിച്ചുകൊള്ളുക. വേദക്കാരേ, ഇബ്രാഹീമിന്റെ കാര്യത്തിൽ നിങ്ങളെന്തിനാണ് തർക്കിക്കുന്നത്? തൗറാത്തും ഇൻജീലും അദ്ദേഹത്തിന് ശേഷം മാത്രമാണല്ലോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ? നിങ്ങളിതാ നിങ്ങൾക്ക് അറിവുള്ള കാര്യത്തെപ്പറ്റി തർക്കിച്ചു. ഇനി നിങ്ങൾക്ക് യാതൊരറിവുമില്ലാത്ത കാര്യത്തെപ്പറ്റി നിങ്ങളെന്തിനാണ് തർക്കിക്കുന്നത്? അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല. ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം വക്രതയില്ലാത്തവനും മുസ്‌ലിമും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.’²

നബി ﷺ യുടെ അനുചരനായി മാറിയ ഖാലിദ് ബിൻ സഈദ് ബിൻ അൽ ആസ്വി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നു:

يَا مُحَمَّدُ، إِلَّا مَ تَدْعُو؟ فَقَالَ: أَدْعُو إِلَى اللهِ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَتَخْلَعُ مَا كُنْتَ عَلَيْهِ مِنْ عِبَادَةِ حَجَرٍ لَا يَضُرُّ وَلَا يَنْفَعُ، وَلَا يَدْرِي مَنْ عَبَدَهُ مِمَّنْ لَمْ يَعْبُدْهُ. قَالَ خَالِدٌ: فَإِنِّي أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّكَ رَسُولُ اللهِ؛ فَسُرَّ رَسُولَ اللهِ ﷺ بِإِسْلَامِهِ.

‘അദ്ദേഹം ചോദിച്ചു: ഓ മുഹമ്മദ്, താങ്കൾ എന്തിലേക്കാണ് ക്ഷണിക്കുന്നത്? നബി ﷺ മറുപടി പറഞ്ഞു: യാതൊരു പങ്കുകാരനുമില്ലാത്തവനായ അല്ലാഹുവിലേക്ക് ഞാൻ നിന്നെ ക്ഷണിക്കുന്നു. മുഹമ്മദ് അവന്റെ ദാസനും ദൂതനുമാണെന്ന് അംഗീകരിക്കുന്നതിലേക്കും ഞാൻ ക്ഷണിക്കുന്നു. യാതൊരു ഉപദ്രവമോ ഉപകാരമോ ചെയ്യാൻ കഴിയാത്തതും, ആരാണ് തങ്ങളെ ആരാധിക്കുന്നതെന്നും ആരാണ് ആരാധിക്കാത്തതെന്നും തിരിച്ചറിയാൻ കഴിയാത്തതുമായ കല്ലുകളെ ആരാധിക്കുന്നതിൽ നിന്ന് പിന്തിരിയാനും ഞാൻ നിന്നെ ക്ഷണിക്കുന്നു. ഖാലിദ് പറഞ്ഞു: അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഖാലിദ് ഇസ്‌ലാം സ്വീകരിച്ചതിൽ അല്ലാഹുവിന്റെ റസൂൽ സന്തോഷിച്ചു.’³

രണ്ടാമത്തെ സ്തംഭം പ്രവാചകന്മാരെ പിൻപറ്റാനും ബിദ്അത്തുകളും (നൂതനാചാരങ്ങൾ) അനാചാരങ്ങളും ഉപേക്ഷിക്കാനുമുള്ള പ്രബോധനമാണ്. കൂടാതെ, ശിർക്കിലൂടെയോ ബിദ്അത്തുകളിലൂടെയോ ഒരാൾക്ക് അല്ലാഹുവിലേക്ക് അടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കലും ഇതിൽ ഉൾപ്പെടുന്നു. മറിച്ച്, ശിർക്കും ബിദ്അത്തുകളും അനുഗ്രഹപൂർണ്ണനും ഉന്നതനുമായ അല്ലാഹുവിൽ നിന്ന് ഒരു വ്യക്തിയെ അകറ്റുന്നു.

അല്ലാഹു പറയുന്നു:

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ

‘അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത മതം അവർക്ക് നിയമമാക്കിത്തന്ന വല്ല പങ്കുകാരും അവർക്കുണ്ടോ? നിർണ്ണായക വിധിയെപ്പറ്റിയുള്ള വചനം മുൻകൂട്ടി ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപ്പിക്കപ്പെടുമായിരുന്നു. അക്രമികൾക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.’⁴

അല്ലാഹു വീണ്ടും പറയുന്നു:

وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ الشَّيْطَانُ يَدْعُوهُمْ إِلَى عَذَابِ السَّعِيرِ وَمَن يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى وَإِلَى اللَّهِ عَاقِبَةُ الْأُمُورِ وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوا إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَى عَذَابٍ غَلِيظٍ

‘യാതൊരു വിവരമോ മാർഗ്ഗദർശനമോ പ്രകാശം നൽകുന്ന ഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിൻപറ്റുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും: അല്ല, ഞങ്ങളുടെ പിതാക്കളെ ഏതൊരു മാർഗ്ഗത്തിൽ ഞങ്ങൾ കണ്ടെത്തിയോ അതിനെയാണ് ഞങ്ങൾ പിൻപറ്റുന്നത്. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കിൽ പോലും അവർ പിതാക്കളെത്തന്നെ പിൻപറ്റുകയാണോ? സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ ആരെങ്കിലും അല്ലാഹുവിന് കീഴ്‌പ്പെടുത്തുന്ന പക്ഷം തീർച്ചയായും അവൻ ഏറ്റവും ഉറപ്പുള്ള കയറിൽ പിടിച്ചിരിക്കുന്നു. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങളുടെ കലാശം. ആരെങ്കിലും അവിശ്വസിച്ചു പോയാൽ അവന്റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോൾ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കും. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. നാം അവർക്ക് അൽപകാലം സുഖം അനുഭവിക്കാൻ നൽകുന്നു. പിന്നീട് കഠിനമായ ശിക്ഷയിലേക്ക് നാം അവരെ തള്ളിവിടുന്നതാണ്.’⁵

അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًا، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُوا عَلَيْهَا بِالنَّوَاجِدِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ

‘അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നേതാക്കളെ കേൾക്കാനും അനുസരിക്കാനും ഞാൻ നിങ്ങളെ ഉപദേശിക്കുന്നു, അതൊരു അബിസീനിയൻ അടിമയാണെങ്കിൽ പോലും. നിശ്ചയമായും, എനിക്ക് ശേഷം നിങ്ങളിൽ ജീവിക്കുന്നവർ നിരവധി അഭിപ്രായവ്യത്യാസങ്ങൾ കാണും. അതിനാൽ, എന്റെ സുന്നത്തും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖലീഫമാരുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങളത് മുറുകെ പിടിക്കുകയും നിങ്ങളുടെ അണപ്പല്ലുകൾ കൊണ്ട് അത് കടിച്ചുപിടിക്കുകയും ചെയ്യുക. മതത്തിൽ പുതിയതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക, കാരണം ഓരോ പുതിയ കാര്യവും ബിദ്അത്താണ്, ഓരോ ബിദ്അത്തും വഴികേടുമാണ്.’⁶

ആരെങ്കിലും തങ്ങളുടെ ആരാധനയിൽ അല്ലാഹുവിനോട് ആത്മാർത്ഥത പുലർത്തുകയും റസൂലിനെ പിൻപറ്റുകയും ചെയ്താൽ, അല്ലാഹുവിന് തൃപ്തികരമായ അറിവുകളും പ്രവർത്തനങ്ങളും അവർ പുറത്തുകൊണ്ടുവരും. തങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ അവർ നിറവേറ്റുകയും ചെയ്യും. അല്ലാഹു തന്റെ വചനത്തിലൂടെ ആത്മാർത്ഥതയെയും നബി ﷺ യുടെ അധ്യാപനങ്ങളെ പിൻപറ്റുന്നതിനെയും ഒരു ആയത്തിൽ സംയോജിപ്പിച്ചിരിക്കുന്നു:

فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

‘അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രവാചകന്റെ അധ്യാപനങ്ങൾക്ക് അനുസൃതമായ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ.’⁷

അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

قُلْ رَبِّيَ اللهُ، ثُمَّ اسْتَقِمْ

‘എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് നീ പറയുക, എന്നിട്ട് നീ അതിൽ ഉറച്ചുനിൽക്കുക.’⁸

അനുഗ്രഹപൂർണ്ണനും ഉന്നതനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക, റസൂലിനെ പിൻപറ്റുക എന്നതാണ് ഇസ്‌ലാമിന്റെ സന്ദേശത്തിന്റെ കാതൽ. ഇതിലൂടെ, സൃഷ്ടാവിനല്ലാത്തവർക്കുള്ള അടിമത്തത്തിൽ നിന്നും, പ്രവാചകന്മാരോ ദൂതന്മാരോ അല്ലാത്ത മനുഷ്യരെ അന്ധമായി അനുകരിക്കുന്നതിൽ നിന്നും പിൻപറ്റുന്നതിൽ നിന്നും മനുഷ്യരാശി സ്വയം മോചിതരാകുന്നു.


  1. വേദക്കാർ എന്നത് ജൂതന്മാരെയും ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ പുസ്തകത്തിലെ ചോദ്യം 110 കാണുക.
  2. ആലു ഇംറാൻ 3:64-67.
  3. അൽ ഹാകിം തന്റെ മുസ്തദ്റകിൽ റിപ്പോർട്ട് ചെയ്തത്, അൽ ബൈഹഖി തന്റെ ദലാഇലുന്നിബുവ്വയിലും ഇത് പരാമർശിച്ചിട്ടുണ്ട്. ഹദീസിൽ ഇസ്‌ലാമിലേക്കുള്ള ക്ഷണം, അല്ലാഹുവിന്റെ ഏകത്വത്തിലേക്കുള്ള ക്ഷണം, ബഹുദൈവാരാധനയെ നിരാകരിക്കൽ, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കൽ എന്നിവയെക്കുറിച്ചുള്ള ഒരു പ്രത്യേക കഥ അടങ്ങിയിരിക്കുന്നു.
  4. അശ്ശൂറാ 42:21.
  5. ലുഖ്മാൻ 31:20-24.
  6. അബൂ ദാവൂദും ഇബ്നു മാജയും അത്തിർമിദിയും റിപ്പോർട്ട് ചെയ്തത്. അത്തിർമിദി ഇതിനെ ഹസൻ സ്വഹീഹ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
  7. അൽകഹ്ഫ് 18:110.
  8. അത്തിർമിദിയും ഇബ്നു മാജയും റിപ്പോർട്ട് ചെയ്തത്, സുഫ്‌യാൻ ബിൻ അബ്ദുല്ലാഹ് അസ്സഖഫിയിൽ നിന്നുള്ള ഹദീസിൽ നിന്നാണ്. അത്തിർമിദി ഇതിനെ ഹസൻ സ്വഹീഹ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
Share This Article
ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ഗവേഷകനുമാണ്. 1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും നേടി. കുവൈത്ത് യൂണിവേഴ്‌സിറ്റി, ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റി, കുവൈത്ത് ഔഖാഫ് മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ അക്കാദമിക-ഗവേഷണ ചുമതലകൾ വഹിച്ചിട്ടുണ്ട്. 130-ലധികം രചനകളും ഗവേഷണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ രാജ്യങ്ങളിലെ വിജ്ഞാന സദസ്സുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ ദഅ്‌വ രംഗത്തും അദ്ദേഹം സജീവമാണ്.Read More...
Leave a Comment