ഭരണാധികാരികളെ സ്ഥാനഭ്രഷ്ടനാക്കുന്നതും (അസ്ൽ ചെയ്യുന്നതും) അവർക്കെതിരെ പുറപ്പെടുന്നതും (ഖുറൂജ് ചെയ്യുന്നതും) തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നതാണ് അഹ്‌ലുസ്സുന്ന വൽ ജമാഅത്തിന്റെ പ്രമാണബദ്ധമായ നിലപാട്. ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഭരണാധികാരികളിൽ നിന്ന് ഫിസ്ഖ് (തെമ്മാടിത്തം) വെളിപ്പെട്ടാൽ അവരെ അധികാരത്തിൽ നിന്ന് മാറ്റാൻ കർമ്മശാസ്ത്ര പണ്ഡിതന്മാർ അനുവദിച്ചിട്ടുണ്ടെന്നുമുള്ള വാദങ്ങൾ വൈജ്ഞാനികമായി സത്യസന്ധതയില്ലാത്തതാണ്. എല്ലാ പണ്ഡിതന്മാരും അപ്രകാരം പറഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പിൽക്കാലക്കാരായ ചില പണ്ഡിതന്മാർക്കിടയിൽ ഇത്തരം ഒരഭിപ്രായം വന്നിട്ടുണ്ടെങ്കിലും, മുൻഗാമികളായ പണ്ഡിതന്മാരുടെ ഏകോപിച്ചഭിപ്രായങ്ങൾക്ക് അത് തികച്ചും വിരുദ്ധമാണ്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഈ വിഷയത്തിൽ ഒരൊറ്റ നിലപാടിലായിരുന്നു ഉറച്ചുനിന്നിരുന്നത്. അതുകൊണ്ടുതന്നെ, അതിനെതിരായി വരുന്ന അഭിപ്രായങ്ങൾക്ക് അഹ്‌ലുൽ ഇൽമിന്റെ (പണ്ഡിതന്മാരുടെ) അടുക്കൽ യാതൊരു പരിഗണനയുമില്ല.
ഈ വിഷയത്തിൽ മുൻഗാമികളായ പണ്ഡിതന്മാരുടെ ഉറച്ച നിലപാടുകൾക്ക് പുറമെ, പിൽക്കാല പണ്ഡിതന്മാർ തന്നെ നൽകിയ വിശദീകരണങ്ങൾ പരിശോധിക്കുന്നത് ഈ വ്യത്യാസപ്പെടുത്തലുകളുടെ പൊള്ളത്തരം മനസ്സിലാക്കാൻ സഹായിക്കും:
ഇബ്നുൽ ഹുമാം رَحِمَهُ اللَّهُ തന്റെ ‘ഫത്ഹുൽ ഖദീറിൽ’ (7/254) പറയുന്നു: “ഭരണാധികാരം സ്ഥാപിക്കപ്പെടുന്നത് ശക്തിയും ആധിപത്യവും (ഖഹ്‌റും ഗലബയും) അടിസ്ഥാനമാക്കിയായതിനാൽ, ഫിസ്ഖ് കാരണം ഭരണാധികാരി സ്ഥാനഭ്രഷ്ടനാകുകയില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചഭിപ്രായപ്പെട്ടിരിക്കുന്നു.”
അത്ത്വീബി رَحِمَهُ اللَّهُ തന്റെ ‘അൽ കാശിഫ് അൻ ഹഖാഇഖിസ്സുനനിൽ’ (7/181 – പാകിസ്ഥാൻ പ്രിന്റ്) പറയുന്നു: “തെമ്മാടിത്തം കാരണം ഭരണാധികാരി സ്ഥാനഭ്രഷ്ടനാകുകയില്ല എന്ന് അഹ്‌ലുസ്സുന്ന ഏകോപിച്ചഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം അയാളെ മാറ്റാൻ ശ്രമിക്കുന്നത് കുഴപ്പങ്ങൾക്കും (ഫിത്നകൾക്കും), രക്തച്ചൊരിച്ചിലിനും, ജനങ്ങൾക്കിടയിൽ ഭിന്നിപ്പിനും കാരണമാകും. അതിനാൽ അധികാരത്തിൽ നിന്ന് നീക്കുന്നതിലുണ്ടാകുന്ന നാശം, അധികാരത്തിൽ തുടരുന്നതിലെ നാശത്തേക്കാൾ വലുതായിരിക്കും.”
അൽ ഉബയ്യ് رَحِمَهُ اللَّهُ തന്റെ ‘ഇക്മാലു ഇക്മാലിൽ മുഅ്‌ലിമിൽ’ (5/181) പറയുന്നു: “ഭരണാധികാരികൾക്കെതിരെ യുദ്ധം ചെയ്യുന്നതും പുറപ്പെടുന്നതും പണ്ഡിതന്മാരുടെ ഏകോപിച്ചഭിപ്രായപ്രകാരം ഹറാമാണ് (നിഷിദ്ധമാണ്). ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കാം എന്ന ചിലരുടെ അഭിപ്രായം അബദ്ധമാണ്; കാരണം അത് ഇജ്മാഇന് വിരുദ്ധമാണ്.”
ഇമാം നവവി رَحِمَهُ اللَّهُ തന്റെ ‘ശർഹു സ്വഹീഹ് മുസ്‌ലിമിൽ’ (12/229) പറയുന്നു: ” ഫിസ്ഖ് കാരണം ഭരണാധികാരി സ്ഥാനഭ്രഷ്ടനാകുകയില്ല എന്ന് അഹ്‌ലുസ്സുന്ന ഏകോപിച്ചഭിപ്രായപ്പെട്ടിരിക്കുന്നു.”
ഈ പണ്ഡിതന്മാരെല്ലാം ഭരണാധികാരിയെ മാറ്റുന്നത് വിലക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ആ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിലുള്ള ഏകോപിച്ചഭിപ്രായം എടുത്തുപറയുക കൂടിയാണ് ചെയ്തത് എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇമാം അൽ ജുവൈനി رَحِمَهُ اللَّهُ യുടെ വളരെ സുപ്രധാനമായ ഒരു വാക്ക് ഇവിടെ ഓർക്കേണ്ടതുണ്ട്. തന്റെ ‘ഗിയാഥുൽ ഉമമിൽ’ (പേജ് 110) അദ്ദേഹം പറയുന്നു:
المصيرُ إلى أنَّ الفِسَقَ يَتَضمَّنُ الانعزال والانخلاع بعيد عن التحصيل؛ فإِنَّ التَّعرُّضَ لَا يَتَضمَّنُ الفِسَقَ فِي حَقِّ مَن لَا تجب عصمته ظاهِرُ الكَون سرا وعلنا ، عام الوقوع ثمَّ لَو كَانَ الفِسْقُ المَتَّفَقُ عَلَيْهِ يوجب انخلاع الإمام أو يخلعه لكان الكلام يتطرق إلى جميع أفعاله وأقواله على تفنن أطواره وأحواله، ولما خلا زمن عن خوض خائضِينَ في فسقه المقتضي خَلَعَه، ولَتَحرَّبَ النَّاسُ أبدًا في مُطَّرِدِ الأوقات على افتراق وشتات في النفي والإثبات، ولما استتبَّتْ صفوة الطاعة للإمام في ساعة
“തെമ്മാടിത്തം (ഫിസ്ഖ്) ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കാനോ അധികാരത്തിൽ നിന്ന് പുറത്താക്കാനോ ഉള്ള കാരണമാണെന്ന വാദം യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. പാപസുരക്ഷിതത്വം (ഇസ്വ്മത്ത്) നിർബന്ധമില്ലാത്ത ഒരു വ്യക്തിയിൽ നിന്ന് രഹസ്യമായോ പരസ്യമായോ തെറ്റുകൾ സംഭവിക്കുക എന്നത് സർവ്വസാധാരണമാണ്. ഇനി, പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത ഒരു തെമ്മാടിത്തം ഭരണാധികാരിയെ മാറ്റാൻ കാരണമാകുമെന്ന് വന്നാൽ തന്നെ, ആ ഭരണാധികാരിയുടെ സകല വാക്കുകളിലേക്കും പ്രവൃത്തികളിലേക്കും അത് നീളും. ഭരണത്തിൽ നിന്ന് മാറ്റാൻ മാത്രം ഭരണാധികാരിയിൽ ഫിസ്ഖ് ഉണ്ടോ എന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ തർക്കങ്ങളില്ലാത്ത ഒരു കാലവും ഉണ്ടാകില്ല. ജനങ്ങൾ എക്കാലത്തും ഈ വിഷയത്തിൽ ഭിന്നിപ്പുകളോടെ പോരടിച്ചുകൊണ്ടിരിക്കും. ഒരു മണിക്കൂർ നേരത്തേക്ക് പോലും ഒരു ഭരണാധികാരിക്ക് സുസ്ഥിരമായ അനുസരണം ലഭിക്കുകയുമില്ല.”
ഇമാം അൽ ജുവൈനിയുടെ അവസാനത്തെ വാചകം വളരെ ചിന്തനീയമാണ്: “ഒരു മണിക്കൂർ നേരത്തേക്ക് പോലും ഒരു ഭരണാധികാരിക്ക് സുസ്ഥിരമായ അനുസരണം ലഭിക്കുകയുമില്ല.” കാരണം, ഭരണാധികാരികളെ അധികാരത്തിൽ നിന്ന് മാറ്റാം (അസ്ൽ ചെയ്യാം) എന്ന വാതിൽ തുറന്നുകൊടുത്താൽപ്പിന്നെ ഒരിക്കലും ഒരാളുടെ ഭരണവും സുസ്ഥിരമാകാൻ പോകുന്നില്ല. മനുഷ്യരിൽ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ ഭരണാധികാരികളെ പൂർണ്ണമായ തൃപ്തിയുണ്ടാകില്ല; അതിനാൽ എപ്പോഴും അവരെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ജനങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും!
അല്ലാഹുവിന്റെ വചനം ഇപ്രകാരമാണ്:
﴾قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ﴿
“പറയുക: അപ്പോൾ അല്ലാഹുവിനാണ് പൂർണ്ണമായ ന്യായപ്രമാണമുള്ളത്.” [സൂറഃ അൽ അൻആം – 149].
ഭരണാധികാരികളെ സ്ഥാനഭ്രഷ്ടനാക്കുന്നതിനെ സാധൂകരിക്കുന്ന യാതൊരു മതപരമായ (ശർഇയ്യായ) തെളിവുകളുമില്ല. ഭരണാധികാരികൾക്കെതിരെ പുറപ്പെടുന്നതിനെ വിലക്കിക്കൊണ്ട് വന്ന തെളിവുകൾ തന്നെയാണ് അവരെ അധികാരത്തിൽ നിന്ന് മാറ്റുന്നതിനും എതിരെയുള്ള തെളിവുകൾ. കാരണം പുറപ്പെടുന്നതിനെ വിലക്കുന്ന പ്രമാണങ്ങൾ അവരെ സ്ഥാനഭ്രഷ്ടനാക്കുന്നതിനെയും ഉൾക്കൊള്ളുന്നുണ്ട്. ഇവ രണ്ടും തമ്മിൽ വേർതിരിക്കുന്നവർ അതിന് വ്യക്തമായ തെളിവ് കൊണ്ടുവരേണ്ടതുണ്ട്. ഈ വിഷയത്തിലെ പ്രമാണങ്ങൾ താഴെ പറയുന്നവയാണ്:
ഉബാദ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള പ്രസിദ്ധമായ ഹദീസിൽ ഭരണാധികാരികളോട് തർക്കിക്കുന്നതും അവരെ എതിർക്കുന്നതും നബി ﷺ പൊതുവായി വിലക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:
«دَعَانَا النَّبِيُّ ﷺ فبايعناه، فقال فيما أَخذَ عَلَيْنَا أَن بَايَعَنَا على السمع والطَّاعَةِ في مَنطِنَا وَمَكَرَهِنا، وعُسرنا ويسرنا، وأثرة علينا، وأن لا تنازع الأمرَ أَهْلَهُ، إِلَّا أَن تَرَوْا كُفْرًا بِوَاحًا عندكم من الله فيه برهان»
“നബി ﷺ ഞങ്ങളെ വിളിച്ചു, അങ്ങനെ ഞങ്ങൾ അവിടുത്തേക്ക് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു. അവിടുന്ന് ഞങ്ങളിൽ നിന്ന് വാങ്ങിയ പ്രതിജ്ഞകളിൽ ഇപ്രകാരമുണ്ടായിരുന്നു: ഇഷ്ടമുള്ളപ്പോഴും വെറുപ്പുള്ളപ്പോഴും ഞങ്ങൾക്ക് എളുപ്പമുള്ളപ്പോഴും പ്രയാസമുള്ളപ്പോഴും ഞങ്ങളോട് അവർ അക്രമം കാണിച്ചാലും ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും, അധികാരം അതിന് അർഹരായവരിൽ നിന്ന് ഞങ്ങൾ പിടിച്ചെടുക്കുകയില്ലെന്നും (അധികാരത്തിൽ അവരോട് ഞങ്ങൾ തർക്കിക്കുകയില്ലെന്നും). (തുടർന്ന് അവിടുന്ന് പറഞ്ഞു): അല്ലാഹുവിങ്കൽ നിന്ന് നിങ്ങളുടെ അടുക്കൽ വ്യക്തമായ തെളിവുകളുള്ള, സ്പഷ്ടമായ അവിശ്വാസം (കുഫ്ർ ബവാഹ്) നിങ്ങൾ അവരിൽ കാണുന്നത് വരെയല്ലാതെ (നിങ്ങൾ അവർക്കെതിരെ പുറപ്പെടരുത്).” [സ്വഹീഹ് ബുഖാരി – 7055, സ്വഹീഹ് മുസ്‌ലിം – 4799].
ഈ ഹദീസിലെ “അധികാരം അതിന് അർഹരായവരിൽ നിന്ന് ഞങ്ങൾ പിടിച്ചെടുക്കുകയില്ല (തർക്കിക്കുകയില്ല)” എന്ന വചനമാണ് ഇവിടുത്തെ തെളിവ്. ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കുക എന്നത് അദ്ദേഹത്തോട് അധികാരത്തിൽ തർക്കിക്കൽ തന്നെയാണ്.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നബി ﷺ യിൽ നിന്ന് നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:
«مَن كَرِه مِن أَميره شيئًا فَلْيُصبِرْ؛ فَإِنَّه مَن خَرجَ مِن السُّلطانِ شِبْرًا مات ميتة جاهلية»
“തന്റെ ഭരണാധികാരിയിൽ നിന്ന് വെറുപ്പുളവാക്കുന്ന വല്ലതും ഒരാൾ കണ്ടാൽ അവൻ ക്ഷമിച്ചുകൊള്ളട്ടെ. കാരണം, ഭരണാധികാരിയിൽ നിന്ന് ഒരു ചാൺ എങ്കിലും ആരെങ്കിലും പുറത്തുപോയാൽ അവൻ മരണപ്പെടുന്നത് ജാഹിലിയ്യാ മരണമാണ്.” [സ്വഹീഹ് ബുഖാരി – 7053, സ്വഹീഹ് മുസ്‌ലിം – 4819].
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബീ ജംറ رَحِمَهُ اللَّهُ പറയുന്നു: “ഭരണാധികാരിക്ക് നൽകിയ ബൈഅത്തിന്റെ (അനുസരണ പ്രതിജ്ഞയുടെ) കരാർ ദുർബലപ്പെടുത്താൻ വേണ്ടി വളരെ ചെറിയ തോതിലെങ്കിലും ശ്രമിക്കുക എന്നതാണ് വേർപിരിയൽ (മുഫാറഖത്ത്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ചാൺ എന്ന് പറഞ്ഞത് അതിനെ സൂചിപ്പിക്കാനാണ്. കാരണം അത്തരം ശ്രമങ്ങൾ ഒടുവിൽ അന്യായമായ രക്തച്ചൊരിച്ചിലിലേക്കാണ് ചെന്നെത്തുക.” ഇത് ഇബ്നു ഹജർ رَحِمَهُ اللَّهُ തന്റെ ‘അൽ ഫത്ഹിൽ’ (13/7) ഉദ്ധരിച്ചിട്ടുണ്ട്.
ഭരണാധികാരികൾക്കെതിരെ കേവലം ഒരു ചാൺ എങ്കിലും പുറപ്പെടുന്നത് പ്രമാണം വിലക്കിയിട്ടുണ്ടെങ്കിൽ, പിന്നെ എങ്ങനെയാണ് അവരെ അധികാരത്തിൽ നിന്ന് നീക്കുന്നത് അനുവദനീയമാകുക?! അതുകൊണ്ടാണ് അൽ ഐനി رَحِمَهُ اللَّهُ തന്റെ ‘ഉംദത്തുൽ ഖാരി’യിൽ (24/178) പറഞ്ഞത്: “തെമ്മാടിത്തമോ അക്രമമോ കാരണം ഭരണാധികാരി സ്ഥാനഭ്രഷ്ടനാകുകയില്ല എന്നതിനും, അതിന്റെ പേരിൽ ഭരണാധികാരത്തിൽ അദ്ദേഹത്തോട് തർക്കിക്കാൻ പാടില്ല എന്നതിനുമുള്ള തെളിവ് ഈ ഹദീസിലുണ്ട്.”
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
«مَن خَرَجَ مِن الطَّاعَةِ وفارق الجماعة ثُمَّ مَاتَ مَاتَ مِيتَةً جاهليَّةٌ»
“ആരെങ്കിലും അനുസരണത്തിൽ നിന്ന് പുറത്തുപോവുകയും, ജമാഅത്തിൽ (മുസ്‌ലിം സമൂഹത്തിൽ) നിന്ന് വേർപിരിയുകയും, എന്നിട്ട് മരണപ്പെടുകയും ചെയ്താൽ അവൻ മരണപ്പെടുന്നത് ജാഹിലിയ്യാ മരണമാണ്.” [സ്വഹീഹ് മുസ്‌ലിം – 4892].
ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് നീക്കുന്നത് അദ്ദേഹത്തെ അനുസരിക്കലാണോ അതോ ധിക്കരിക്കലാണോ എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്നുള്ള ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
«إِذَا جَمَعَ اللَّهُ الأَوَّلِينَ والآخِرينَ يَومَ القيامةِ يُرفع لكلِّ غادرٍ لِواءٌ، فَقِيلَ: هَذِهِ غَدرَةُ فُلانِ بنِ فُلانٍ»
“അന്ത്യനാളിൽ അല്ലാഹു മുൻഗാമികളെയും പിൻഗാമികളെയും ഒരുമിച്ചുകൂട്ടിയാൽ, വഞ്ചന കാണിച്ച ഓരോരുത്തർക്കും ഓരോ പതാക ഉയർത്തപ്പെടുന്നതാണ്. എന്നിട്ട് ഇപ്രകാരം പറയപ്പെടും: ഇത് ഇന്ന വ്യക്തിയുടെ മകനായ ഇന്നവന്റെ വഞ്ചനയാകുന്നു.” [സ്വഹീഹ് ബുഖാരി – 7111, സ്വഹീഹ് മുസ്‌ലിം – 4550].
ഭരണാധികാരിയെ അധികാരത്തിൽ നിന്ന് നീക്കുന്നത് അദ്ദേഹത്തിന് നൽകിയ കരാറിനോടുള്ള പൂർത്തീകരണമാകുമോ?! ഒരിക്കലുമില്ല, അത് വ്യക്തമായ വഞ്ചന തന്നെയാണ്.

