അബ്ദുൽ മാലിക് സലഫി
ആദരണീയരായ സത്യവിശ്വാസികളേ, വിശ്വാസിനികളേ, അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങൾ പാലിച്ച് ജീവിതത്തിൽ ഉടനീളം തഖ്‌വ ഉള്ളവരായി ജീവിക്കുവാൻ നാം എല്ലാവരും ശ്രദ്ധിക്കണം എന്ന് ഞാൻ ആദ്യമായി ഓർമ്മപ്പെടുത്തുകയും വസ്വിയ്യത്ത് ചെയ്യുകയും ചെയ്യുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് അവന്റെ ഹൃദയം. ജൈവശാസ്ത്രപരമായും ആത്മീയമായും വളരെ പ്രാധാന്യമുള്ള ഒരു അവയവമാണത്. ഹൃദയവിശുദ്ധി എന്നത് ഇസ്ലാം മതത്തിൽ വളരെ പ്രാധാന്യത്തോടുകൂടി പഠിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു മനുഷ്യന്റെ ഹൃദയം ശുദ്ധമാവുക എന്നുള്ളതിന് മറ്റെന്തിനേക്കാളും അവൻ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രവാചകൻ ﷺ പറഞ്ഞ ഒരു ഹദീസിൽ കാണാം:
إِنَّ اللَّهَ لَا يَنْظُرُ إِلَى أَجْسَادِكُمْ، وَلَا إِلَى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ
“നിശ്ചയമായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്, മറിച്ച് അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്.” [സ്വഹീഹ് മുസ്ലിം – 2564]
അല്ലാഹു നിങ്ങളെ ശാരീരിക പ്രകൃതിയിലേക്കോ നിറവ്യത്യാസത്തിലേക്കോ അല്ല നോക്കുന്നത്. അതൊക്കെ അല്ലാഹു പരീക്ഷണാർത്ഥം നിങ്ങൾക്ക് നൽകിയ ചില വൈജാത്യങ്ങൾ മാത്രമാണ്. മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനും വേണ്ടിയുള്ള വ്യത്യാസങ്ങളാണ് നിറങ്ങളിലും ശരീരത്തിലും ഉള്ളത്. എന്നാൽ അല്ലാഹുവിന്റെ നോട്ടം നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. അപ്പോൾ ഒരു മനുഷ്യൻ തന്റെ ശാരീരികമായ വിശുദ്ധിയേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ഹൃദയവിശുദ്ധിക്കാണ്. തന്റെ വസ്ത്രവും ശരീരവും അവൻ എപ്രകാരം ശുദ്ധിയാക്കി സൂക്ഷിക്കുന്നുവോ, അതിനേക്കാൾ അവൻ പ്രാധാന്യം നൽകേണ്ടത് തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിലാണ്. അല്ലാഹു ഇതിന്റെ പ്രാധാന്യം വിശുദ്ധ ഖുർആനിൽ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്:
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ
“സമ്പത്തോ സന്താനങ്ങളോ യാതൊരു പ്രയോജനവും ചെയ്യാത്ത ദിവസം. കുറ്റമറ്റ ഹൃദയത്തോടെ അല്ലാഹുവിങ്കൽ വന്നവനൊഴികെ.” [സൂറത്തുശ്ശുഅറാഅ് – 88, 89]
പരലോകം എന്ന് പറയുന്നത് ഒരു മനുഷ്യന് സമ്പത്തും സന്താനങ്ങളും ഉപകാരം ചെയ്യാത്ത ദിവസമാണ്. അവിടെ ആർക്കാണ് രക്ഷപ്പെടാൻ സാധിക്കുക? ദുനിയാവിൽ എത്ര വലിയ സമ്പത്തും ആൾബലവും ഉണ്ടായിരുന്നാലും അതൊന്നും അവിടെ ഉപകാരപ്പെടുകയില്ല. സംശുദ്ധമായ, സലീമായ ഹൃദയത്തോടുകൂടി (ഖൽബുൻ സലീം) അല്ലാഹുവിന്റെ മുമ്പിലേക്ക് ആരാണ് എത്തിച്ചേരുന്നത്, അവന് മാത്രമേ റബ്ബിന്റെ അടുക്കൽ രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് നബി ﷺ ഹൃദയത്തെ ശുദ്ധീകരിച്ചവനാണ് തന്റെ മൊത്തം ജീവിതത്തെ ശുദ്ധീകരിച്ചവൻ എന്ന് പഠിപ്പിച്ചത്:
أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ
“അറിയുക; നിശ്ചയമായും ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു. അറിയുക; അതാണ് ഹൃദയം.” [സ്വഹീഹ് ബുഖാരി – 52, സ്വഹീഹ് മുസ്ലിം – 1599]
ഈ വചനങ്ങളിലൊക്കെ നമ്മുടെ ഹൃദയവും മനസ്സും ശുദ്ധിയാകേണ്ടതിന്റെ പ്രാധാന്യമാണ് അല്ലാഹുവും അവന്റെ പ്രവാചകനും ﷺ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മഹാനായ ഇബ്രാഹീം നബി (അ) ആണ് ഇക്കാര്യത്തിൽ നമുക്ക് മാതൃക. നബി ﷺ യോട് പോലും അല്ലാഹു കൽപ്പിച്ചത് ഇബ്രാഹീം നബിയുടെ മാർഗ്ഗം (മില്ലത്ത്) പിൻപറ്റാനാണ്. ആ ഇബ്രാഹീം നബിയെ (അ) കുറിച്ച് അല്ലാഹു പറഞ്ഞു:
وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ
“തീർച്ചയായും അദ്ദേഹത്തിന്റെ (നൂഹിന്റെ) മാർഗ്ഗം പിൻതുടർന്നവരിൽ പെട്ടയാളാകുന്നു ഇബ്രാഹീം. അദ്ദേഹം കുറ്റമറ്റ ഒരു ഹൃദയവുമായി തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം.” [സൂറത്തുസ്സ്വാഫ്ഫാത്ത് – 83, 84]
ഇബ്രാഹീം നബി (അ) തന്റെ റബ്ബിന്റെ അടുത്തേക്ക് വരുന്നത് സംശുദ്ധമായ ഹൃദയവുമായിട്ടായിരിക്കും. ഇത് നമുക്കൊരു വലിയ മാതൃകയാണ്. നാമും പടച്ച റബ്ബിന്റെ അടുക്കലേക്ക് എത്തുമ്പോൾ നമ്മുടെ ഖൽബ് ‘സലീമായ’ മനസ്സായിരിക്കണം.
മഹാനായ പണ്ഡിതൻ ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ എപ്പോഴാണ് ഒരു ഖൽബ് സലീമാകുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. അഞ്ച് കാര്യങ്ങൾ ഒരു മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടെങ്കിൽ, ആ അഞ്ച് കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു മനുഷ്യന്റെ മനസ്സെങ്കിൽ അതാണ് ‘ഖൽബുൻ സലീം’ എന്ന് പറയുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാൽ അവന്റെ ഖൽബ് സലീമല്ല. സലീമല്ലാത്ത ഒരു മനുഷ്യന്റെ ഹൃദയത്തിന് ഒരിക്കലും പടച്ച റബ്ബിന്റെ അടുക്കൽ രക്ഷപ്പെടാൻ സാധ്യമല്ല. ആ അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്:
• ഒന്നാമതായി: അല്ലാഹുവിന് പൂർണ്ണമായും കീഴൊതുങ്ങിയ ഹൃദയം (തൗഹീദ്)
ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്ത് പ്രയാസമുണ്ടായാലും അവൻ പടച്ച റബ്ബിനോടല്ലാതെ തേടുകയില്ല. കറകളഞ്ഞ തൗഹീദുള്ള മനുഷ്യനാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തിൽ തൗഹീദ് ഉണ്ടെങ്കിൽ അവനാണ് ഖൽബുൻ സലീം ഉണ്ടാവുക. തന്റെ പ്രാർത്ഥനകളും നേർച്ചകളും അർച്ചനകളും ഇബാദത്തുകളുമെല്ലാം അല്ലാഹുവിന് മാത്രം നൽകുന്നവനായിരിക്കണം അവൻ.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ
“പറയുക: തീർച്ചയായും എന്റെ പ്രാർത്ഥനയും എന്റെ ആരാധനാകർമ്മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.” [സൂറത്തുൽ അൻആം – 162]
എന്റെ ജീവിതവും മരണവും എന്റെ ഇബാദത്തുകളും അറവുകളും എല്ലാം പടച്ച റബ്ബിനാണ് എന്ന് ഒരു മനുഷ്യൻ ആക്കിയിട്ടുണ്ടെങ്കിൽ അവനാണ് ഖൽബുൻ സലീമിന്റെ ഒന്നാമത്തെ ഉടമ. തൗഹീദ് ക്ലിയർ ആയിരിക്കണം. ഇബ്രാഹീം നബി (അ) യെ കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്:
إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ
“അദ്ദേഹത്തോട് അദ്ദേഹത്തിന്റെ രക്ഷിതാവ്: നീ കീഴൊതുങ്ങുക എന്ന് പറഞ്ഞ സന്ദർഭം (ഓർക്കുക). അദ്ദേഹം പറഞ്ഞു: ലോകരക്ഷിതാവിന് ഞാനിതാ കീഴൊതുങ്ങിയിരിക്കുന്നു.” [സൂറത്തുൽ ബഖറ – 131]
സഹോദരന്മാരെ, നമ്മുടെ മനസ്സിൽ പടച്ചവനല്ലാതെ മറ്റു സൃഷ്ടികൾ ഉണ്ടാകാൻ പാടില്ല. എന്ത് പ്രയാസങ്ങൾ വന്നാലും എനിക്ക് അമ്പിയാക്കന്മാരുണ്ട്, ഔലിയാക്കന്മാരുണ്ട്, ജാറങ്ങളുണ്ട്, മഖ്‌ബറകളുണ്ട് എന്നല്ല ഒരു വിശ്വാസിയുടെ മനസ്സിൽ ഉണ്ടാകേണ്ടത്. മറിച്ച്, ‘എനിക്ക് അല്ലാഹു മാത്രമാണുള്ളത്, എന്റെ സങ്കടങ്ങളും പ്രയാസങ്ങളും ദുരിതങ്ങളും ഞാൻ എന്റെ റബ്ബിനോടാണ് ബോധിപ്പിക്കുന്നത്’ എന്ന ബോധത്തിലേക്ക് ഒരു മനുഷ്യൻ ഉയർന്നാൽ അവനാണ് ഖൽബുൻ സലീമിന്റെ ഒന്നാമത്തെ ഉടമ. ശിർക്ക് ചെയ്യുന്നവന്റെ ഖൽബ് സലീമല്ല; അതിൽ രോഗമുണ്ട്. ആ രോഗങ്ങൾ അല്ലാഹു വർദ്ധിപ്പിച്ചു കൊടുക്കുമെന്നാണ് ഖുർആൻ പഠിപ്പിച്ചത്. പ്രവാചകന്റെ ﷺ അടുക്കൽ സ്വഹാബികൾ ചോദിച്ചു: റസൂലേ, അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും വലിയ പാപം ഏതാണ്? നബി ﷺ പറഞ്ഞു:
أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ
“നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് നീ ഒരു സമന്മാരെ (പങ്കുകാരെ) ഉണ്ടാക്കലാണ്.” [സ്വഹീഹ് ബുഖാരി – 4477, സ്വഹീഹ് മുസ്ലിം – 86]
പ്രാർത്ഥനയിലാകട്ടെ, ഇബാദത്തിലാകട്ടെ, സത്യം ചെയ്യുന്ന വിഷയത്തിലാകട്ടെ അല്ലാഹുവിന് നീ പങ്കുകാരെ ഉണ്ടാക്കിയാൽ നിന്റെ ഹൃദയം സലീമല്ല. അത് അല്ലാഹുവിന്റെ മുമ്പിൽ എത്തിയാൽ രക്ഷയ്ക്ക് അർഹതയില്ലാത്ത ഹൃദയമാണ്.
• രണ്ടാമതായി: പ്രവാചകന് ﷺ കീഴൊതുങ്ങിയ മനസ്സ് (സുന്നത്ത്)
അല്ലാഹുവിന്റെ പ്രവാചകന്റെ ﷺ സുന്നത്തുകൾക്കും കൽപ്പനകൾക്കും മനസ്സ് പൂർണ്ണമായും കീഴൊതുങ്ങണം. അല്ലാഹുവിനെയും പരലോകത്തെയും ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് പ്രവാചകനിൽ മാത്രമാണ് ഉത്തമമായ മാതൃകയുള്ളത്. മറ്റാരുമല്ല മാതൃക. ഒരു മനുഷ്യന്റെ ജീവിതം അവസാനിച്ചാൽ രണ്ട് സ്ഥലങ്ങളിലാണ് അവന് ചോദ്യമുള്ളത്. ഒന്ന് ഖബറിൽ, മറ്റൊന്ന് പരലോകത്ത്. ഖബറിൽ ഒരു വിശ്വാസിയോടും കാഫിറിനോടും മലക്കുകൾ ചോദിക്കുന്നത് എന്താണ്? ‘നീ ഏത് മദ്ഹബിലായിരുന്നു?’ എന്നല്ല. മറിച്ച് ചോദ്യം ഇതാണ്:
مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ؟
“ഈ മനുഷ്യനെക്കുറിച്ച് (മുഹമ്മദ് നബിയെക്കുറിച്ച്) നീ എന്തായിരുന്നു പറഞ്ഞിരുന്നത്?” [സ്വഹീഹ് ബുഖാരി – 1374]
ഇമാം ശാഫീ (റ), ഇമാം മാലിക് (റ), ഇമാം അബൂഹനീഫ (റ), ഇമാം അഹ്‌മദ് ബ്നു ഹൻബൽ (റ) എന്നിവരെക്കുറിച്ചല്ല ഖബറിലെ ചോദ്യം. അവരൊന്നും മോശക്കാരല്ല, അവർ മഹാപണ്ഡിതന്മാരാണ് (റഹിമഹുമുല്ലാഹ്). പക്ഷേ ഖബറിലെ ചോദ്യം റസൂലുല്ലാഹി ﷺ യെ കുറിച്ചാണ്. അതുകൊണ്ട് പ്രവാചകനെ ﷺ മനസ്സറിഞ്ഞുകൊണ്ട് പിൻപറ്റണം (ഇത്തിബാഅ് ചെയ്യണം).
ഇനി പരലോകത്തെ ചോദ്യം എന്താണ്? അല്ലാഹു വിശുദ്ധ ഖുർആനിൽ അത് പഠിപ്പിക്കുന്നു:
وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ ٱلْمُرْسَلِينَ
“അവൻ (അല്ലാഹു) അവരെ വിളിച്ചു കൊണ്ട് ഇപ്രകാരം ചോദിക്കുന്ന ദിവസം (ഓർക്കുക): ദൈവദൂതന്മാർക്ക് നിങ്ങൾ എന്തൊരു മറുപടിയാണ് നൽകിയത്?” [സൂറത്തുൽ ഖസ്വസ് – 65]
‘നിങ്ങളുടെ മദ്ഹബിന്റെ ഇമാമുമാർക്ക് നിങ്ങൾ എന്ത് ഉത്തരം നൽകി?’ എന്നല്ല, മറിച്ച് ‘നിങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാർക്ക് നിങ്ങൾ എന്ത് ഉത്തരം കൊടുത്തു?’ എന്നാണ് അല്ലാഹു ചോദിക്കുന്നത്. നാം പ്രവാചകനെ ﷺ അനുസരിച്ചിട്ടുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. അല്ലാഹുവേ, പ്രവാചകൻ ﷺ എന്നോട് കൽപ്പിച്ച മുഴുവൻ കാര്യങ്ങളും മനസ്സാ വാചാ കർമ്മണാ ഞാൻ അനുസരിച്ചു എന്ന് പറയാൻ ഒരു മനുഷ്യന് കഴിഞ്ഞാൽ അവനാണ് സലീമായ ഹൃദയത്തിന്റെ ഉടമ.
നാം ഒന്ന് ചിന്തിച്ചു നോക്കൂ; നമ്മുടെ ജീവിതത്തിൽ കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റത് മുതൽ ഉറങ്ങാൻ കിടക്കുന്നതുവരെ എത്രയെത്ര കൽപ്പനകളാണ് മുത്ത് നബി ﷺ നൽകിയിട്ടുള്ളത്! വസ്ത്രം, ശരീരം, കച്ചവടം, സാമ്പത്തികം, കുടുംബം തുടങ്ങി പ്രവാചകന്റെ കൽപ്പനയും മാതൃകയുമില്ലാത്ത ഒരു രംഗവുമില്ല. അതിനൊക്കെ നാം പൂർണ്ണമായും കീഴൊതുങ്ങുന്നുണ്ടെങ്കിൽ നമ്മുടെ ഹൃദയം സലീമാണ്. അതല്ല, റസൂൽ ﷺ പഠിപ്പിച്ചത് പോരാ, എനിക്ക് കുറച്ചുകൂടി കാര്യങ്ങൾ വേണം, ബിദ്അത്തുകൾ ആവശ്യമുണ്ട് എന്ന് ചിന്തിച്ചാൽ ഖൽബ് രോഗമുള്ളതാകും. തൗഹീദിനെതിരാണ് ശിർക്ക്. അതുപോലെ സുന്നത്തിനെതിരാണ് ബിദ്അത്ത്. ബിദ്അത്തും ശിർക്കും ഒരു മനുഷ്യന്റെ നന്മകളെ മുഴുവൻ പൊളിച്ചുകളയുന്ന തിന്മകളാണ്. ബിദ്അത്തിന്റെ ആളുകളിൽ നിന്ന് അല്ലാഹു തൗബ (പശ്ചാത്താപം) തടഞ്ഞുവെച്ചിരിക്കുന്നു എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. കാരണം അവൻ ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്ന് അവൻ വിശ്വസിക്കുന്നു, അതിനാൽ അവൻ തൗബ ചെയ്യില്ല. ബിദ്അത്തിലേക്ക് പോകുന്നവരെക്കുറിച്ച് അല്ലാഹു പറഞ്ഞു:
فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
“ഇനി അവർ നിനക്ക് ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ മനസ്സിലാക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗ്ഗദർശനവുമില്ലാതെ സ്വന്തം തന്നിഷ്ടത്തെ പിന്തുടർന്നവനേക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അക്രമികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.” [സൂറത്തുൽ ഖസ്വസ് – 50]
മുത്ത് നബി ﷺ ചെയ്യാത്ത ഒരു കാര്യം നാം നമ്മുടെ ജീവിതത്തിൽ ചെയ്താൽ നാം നമ്മുടെ സ്വന്തം ഇച്ഛകളെയാണ് പിൻപറ്റുന്നത് എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. അവർ അക്രമികളാണ്, അല്ലാഹു അവരെ നേർവഴിയിലാക്കില്ല. അതിനാൽ പ്രവാചകൻ ﷺ പറഞ്ഞിടത്ത് നിൽക്കാൻ നമുക്ക് കഴിയണം.
• മൂന്നാമതായി: അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുക
വിശ്വാസിയുടെ ജീവിതത്തിൽ സാമ്പത്തികവും ശാരീരികവും മാനസികവുമായ പരീക്ഷണങ്ങൾ ഉണ്ടാകും. അവിടെ പതറിപ്പോകാൻ പാടില്ല. അല്ലാഹുവിനെയോ അല്ലാഹുവിന്റെ ഖദ്‌റിനെയോ (വിധിയെയോ) ആക്ഷേപിക്കാനോ ചീത്ത പറയാനോ പാടില്ല. മനസ്സുകൊണ്ട് അതിൽ സംതൃപ്തനാകണം. എങ്കിലേ ഖൽബ് സലീം ആവുകയുള്ളൂ. നബി ﷺ പഠിപ്പിക്കുന്നു:
إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلَاءِ، وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلَاهُمْ، فَمَنْ رَضِيَ فَلَهُ الرِّضَا، وَمَنْ سَخِطَ فَلَهُ السَّخَطُ
“നിശ്ചയമായും പ്രതിഫലത്തിന്റെ വലിപ്പം പരീക്ഷണത്തിന്റെ വലിപ്പത്തിനനുസരിച്ചായിരിക്കും. അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ അവൻ പരീക്ഷിക്കുന്നതാണ്. അപ്പോൾ ആര് (അതിൽ) തൃപ്തിയടയുന്നുവോ അവന് (അല്ലാഹുവിന്റെ) തൃപ്തിയുണ്ട്. ആര് കോപിക്കുന്നുവോ അവന് (അല്ലാഹുവിന്റെ) കോപവുമുണ്ട്.” [സുനൻ അത്തിർമിദി – 2396, സുനൻ ഇബ്നുമാജ – 4031]
ഒരു മനുഷ്യന് പരീക്ഷണങ്ങൾ എത്രമാത്രം കൂടുന്നുവോ അത്രമാത്രം അവന് കൂലിയും വർദ്ധിച്ചുകൊണ്ടിരിക്കും. അല്ലാഹു ഒരു മനുഷ്യനെ ഇഷ്ടപ്പെട്ടാൽ അവനെ പരീക്ഷിക്കും, വെറുതെ വിടില്ല. ഈ പരീക്ഷണങ്ങൾ എനിക്ക് പടച്ചവൻ തന്നതാണ്, അവൻ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ട് എന്റെ പ്രതിഫലം വർദ്ധിപ്പിക്കാൻ നൽകിയതാണ് എന്ന് വിശ്വസിച്ച് ആരെങ്കിലും തൃപ്തിപ്പെട്ടാൽ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. എന്നാൽ ആ പരീക്ഷണങ്ങളിൽ ദേഷ്യപ്പെട്ട്, അതിനെ ശപിച്ച് സംസാരിച്ചാൽ അവന് അല്ലാഹുവിന്റെ കോപവുമുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണം അനുഭവിച്ചത് അല്ലാഹുവിന്റെ അമ്പിയാക്കന്മാരാണ്. മുത്ത് നബിക്കും ﷺ അയ്യൂബ് നബിക്കും (അ) ഇബ്രാഹീം നബിക്കും (അ) ഉണ്ടായത്ര പരീക്ഷണങ്ങളൊന്നും നമുക്കുണ്ടായിട്ടില്ലല്ലോ. പരീക്ഷണങ്ങൾക്ക് അറ്റമുണ്ട്, മരണത്തോടെ അവസാനിക്കാത്ത ഒരു പരീക്ഷണവും ഈ ലോകത്തില്ല. ഒരു പ്രയാസത്തിന്റെ കൂടെ എളുപ്പവുമുണ്ടാകും. നബി ﷺ യുടെ ആദ്യത്തെ 13 വർഷക്കാലം പരീക്ഷണങ്ങളുടേതായിരുന്നുവെങ്കിൽ ബാക്കി 10 വർഷം ആധിപത്യത്തിന്റേതായിരുന്നു. അതുകൊണ്ട് പരീക്ഷണങ്ങളിൽ പതറാതെ തൃപ്തിപ്പെടാൻ കഴിയണം.
• നാലാമതായി: അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും തടയുന്ന കാര്യങ്ങളിൽ നിന്ന് മുക്തമായ ഹൃദയം
പടച്ചവനെ മറന്നുകൊണ്ട്, ഹൃദയത്തിൽ അല്ലാഹുവിനെ വിസ്മരിക്കുന്ന ഒരു രംഗം പോലും ഒരു വിശ്വാസിക്ക് ഉണ്ടാകരുത്. എപ്പോഴും അല്ലാഹുവിനെയും അവന്റെ കൽപ്പനകളെയും കുറിച്ചുള്ള ഓർമ്മ വേണം. ദുനിയാവ് ആവശ്യമാണ്, സമ്പത്തും കച്ചവടവും സന്താനങ്ങളും ആവശ്യമാണ്. എന്നാൽ അതൊന്നും അല്ലാഹുവിന്റെ ദിക്റിൽ നിന്നും നമസ്കാരങ്ങളിൽ നിന്നും ഒരുവനെ തടയാൻ പാടില്ല. അല്ലാഹു പറയുന്നു:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
“സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിൽ നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ് നഷ്ടക്കാർ.” [സൂറത്തുൽ മുനാഫിഖൂൻ – 9]
ഇബ്‌ലീസ് നമ്മോട് പറയുന്നത് ‘നമസ്കാരം അവിടെ നിൽക്കട്ടെ, കച്ചവടം നടക്കട്ടെ’ എന്നാണ്. എന്നാൽ അല്ലാഹു പറയുന്നു: നമസ്കാരത്തിൽ നിന്നും അല്ലാഹുവിന്റെ ദിക്റിൽ നിന്നും സ്വന്തം കച്ചവടവും സമ്പത്തും മക്കളും ഒരു മനുഷ്യനെ തടഞ്ഞിട്ടുണ്ടെങ്കിൽ അവനാണ് യഥാർത്ഥ നഷ്ടക്കാരൻ. ദുനിയാവിന് വേണ്ടിയല്ല അല്ലാഹു നമ്മെ സൃഷ്ടിച്ചത്, മറിച്ച് അല്ലാഹുവിനെ ആരാധിക്കാനും ആ ആരാധനകൾക്ക് ആവശ്യമായ കാര്യങ്ങൾ ഉണ്ടാക്കാൻ വേണ്ടിയുമാണ് ദുനിയാവ് നമുക്ക് അനുവദിച്ചു തന്നിരിക്കുന്നത്. അതിനാൽ ദുനിയാവിലെ കാര്യങ്ങൾ അല്ലാഹുവിന്റെ ദിക്റിൽ നിന്ന് നമ്മുടെ ഹൃദയങ്ങളെ അശ്രദ്ധമാക്കാൻ പാടില്ല.
• അഞ്ചാമതായി: വിശ്വാസികളോട് പകയോ അസൂയയോ ഇല്ലാത്ത, സ്നേഹമുള്ള ഹൃദയം
മറ്റുള്ള ആളുകളോട് അസൂയയോ പകയോ വിദ്വേഷമോ ഇല്ലാത്ത ശുദ്ധമായ ഹൃദയത്തിന്റെ ഉടമകളാവുക എന്നതാണ് അഞ്ചാമത്തെ ലക്ഷണം. അല്ലാഹുവിന്റെ മുമ്പിൽ എത്തുമ്പോൾ ഖൽബുൻ സലീമായി ചെല്ലണമെങ്കിൽ ഒരു വിശ്വാസിയോടും മനസ്സിൽ കുശുമ്പോ പകയോ പാടില്ല. വിശ്വാസികളുടെ പ്രാർത്ഥനയെക്കുറിച്ച് ഖുർആൻ പഠിപ്പിക്കുന്നത് കാണുക:
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
“അവരുടെ പിൻഗാമികളായി വന്നവർക്കും (ആ ധനത്തിൽ അവകാശമുണ്ട്.) അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസികളോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.” [സൂറത്തുൽ ഹശ്ർ – 10]
തങ്ങൾക്ക് വേണ്ടി മാത്രമല്ല, തങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ. മുഅ്മിനുകളോട് ഞങ്ങളുടെ മനസ്സിൽ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ എന്നാണ് അവർ പ്രാർത്ഥിക്കുന്നത്. അവന് കിട്ടുന്ന നേട്ടങ്ങളിൽ എനിക്കും സന്തോഷമാണ് എന്ന ചിന്തയാണുണ്ടാകേണ്ടത്. നബി ﷺ പഠിപ്പിച്ചു:
وَالَّذِي نَفْسِي بِيَدِهِ لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ
“എന്റെ ജീവൻ ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! നിങ്ങൾ വിശ്വാസികളാകുന്നതുവരെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല. നിങ്ങൾ പരസ്പരം സ്നേഹം വളർത്താൻ സഹായിക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക.” [സ്വഹീഹ് മുസ്ലിം – 54]
സലാം പറയുന്നത് മനുഷ്യന്റെ മനസ്സുകളെ അലിയിപ്പിക്കുന്നതും സ്നേഹം ഊട്ടിയുറപ്പിക്കുന്നതുമാണ്. അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്ത് മറ്റുള്ളവരോട് അസൂയയും പകയും വെച്ച് മനസ്സിനെ വെറുതെ മലിനമാക്കാതിരിക്കുക. ഈ അഞ്ചു കാര്യങ്ങൾ നമ്മൾ എല്ലാവരും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യണം. അല്ലാഹു ഹൃദയവിശുദ്ധിയോടുകൂടി റബ്ബിന്റെ അടുക്കലേക്ക് എത്തുന്ന മുഅ്മിനീങ്ങളിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.
നമ്മിൽ നിന്ന് അറിഞ്ഞും അറിയാതെയും സംഭവിച്ചുപോയ മുഴുവൻ തെറ്റുകുറ്റങ്ങളും അല്ലാഹു നമ്മൾക്കെല്ലാം പൊറുത്തു നൽകുമാറാകട്ടെ. അവന്റെ സ്വർഗ്ഗം നൽകി അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ടെ. വലിയ പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തുരക്ഷിക്കുമാറാകട്ടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മുസ്ലിം സമുദായത്തിൽ പെട്ട മുഴുവൻ ആളുകൾക്കും അല്ലാഹു ആശ്വാസം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

