സഫീർ അൽ ഹികമി
പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,
നമ്മുടെ രാജ്യം ഒരു തെരഞ്ഞെടുപ്പ് പൂർത്തിയാക്കി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാം ഓരോരുത്തരും പോളിംഗ് ബൂത്തുകളിൽ പോയി നമ്മുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യം നമുക്ക് അനുവദിച്ചു നൽകിയ അവകാശമാണത്. നാം അത് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇനി നാം കാത്തിരിക്കുന്നത് നമ്മുടെ തെരഞ്ഞെടുപ്പിൽ യഥാർത്ഥമായി ആരാണ് തെരഞ്ഞെടുക്കപ്പെടുക എന്നറിയാനാണ്.
ഒരു മാസത്തിനു ശേഷം ഫലപ്രഖ്യാപനം വരുമ്പോൾ, ഞാൻ തെരഞ്ഞെടുത്ത വ്യക്തിയെ തന്നെയാണോ സമൂഹവും തെരഞ്ഞെടുത്തത് എന്ന് നാം ചിന്തിക്കും. ഞാൻ വോട്ട് ചെയ്ത വ്യക്തി വിജയിക്കുമ്പോഴാണ് ആ സമ്മതിദാനാവകാശം ഉപകാരപ്പെട്ടു എന്ന് നമുക്ക് ബോധ്യമാകുന്നത്. മറിച്ച്, ഞാൻ വോട്ട് ചെയ്ത ആളല്ലാത്ത മറ്റൊരാളാണ് വിജയിക്കുന്നതെങ്കിൽ, ഞാൻ ചെയ്ത വോട്ട് പാഴായിപ്പോയല്ലോ എന്ന ചിന്ത സ്വാഭാവികമായും ആളുകളിൽ ഉണ്ടാകും. അത്തരം ആശങ്കകളുമായി ഇനിയൊരു മാസക്കാലം മുന്നോട്ട് പോകും. വരുംദിവസങ്ങളിൽ നാടും മാധ്യമങ്ങളും മുഴുവൻ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലായിരിക്കും. അങ്ങനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു സംഭവവികാസങ്ങളിൽ നിന്നും പരലോകത്തേക്ക് എന്ത് നേടാനുണ്ട് എന്ന് ചിന്തിക്കുന്നവനാകണം അവൻ. തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഗുണപാഠങ്ങൾ നേടിയെടുക്കുന്നവനാണ് യഥാർത്ഥ വിശ്വാസി എന്നാണ് റസൂലുള്ളാഹി ﷺ നമ്മെ പഠിപ്പിച്ചത്. പ്രവാചകന്റെ ﷺ ജീവിതം അപ്രകാരമായിരുന്നു. നബി ﷺ നടന്നു നീങ്ങുന്ന ഓരോ നിമിഷത്തിലും, അവർക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളെ സ്വഹാബികൾക്ക് വലിയ ഗുണപാഠങ്ങളാക്കി മാറ്റിത്തീർത്തിട്ടുണ്ട്. ആകാശത്ത് വട്ടമിട്ടു പറക്കുന്ന ഒരു പക്ഷിയെ കണ്ടാൽ പോലും അതിൽ നിന്ന് ഒരു ഗുണപാഠം പഠിപ്പിച്ചു നൽകിയിട്ടല്ലാതെ പ്രവാചകൻ ﷺ വിട്ടേച്ചു കളഞ്ഞിട്ടില്ല എന്ന് സ്വഹാബികൾ പറയാറുണ്ടായിരുന്നു.
ഒരിക്കൽ നബി ﷺ യും സ്വഹാബികളും നടന്നു പോകുമ്പോൾ, ചത്തുമലച്ച ഒരു ആടിനെ കണ്ടപ്പോൾ പ്രവാചകൻ ﷺ അവർക്ക് പരലോകം ഓർമ്മപ്പെടുത്തിക്കൊടുത്തു:
أَيُّكُمْ يُحِبُّ أَنْ يَكُونَ هَذَا لَهُ بِدِرْهَمٍ؟» فَقَالُوا: مَا نُحِبُّ أَنَّهُ لَنَا بِشَيْءٍ، وَمَا نَصْنَعُ بِهِ؟ قَالَ: أَتُحِبُّونَ أَنَّهُ لَكُمْ؟» قَالُوا: وَاللَّهِ لَوْ كَانَ حَيًّا، كَانَ عَيْبًا فِيهِ، لِأَنَّهُ أَسَكُّ، فَكَيْفَ وَهُوَ مَيِّتٌ؟ فَقَالَ: فَوَاللَّهِ لَلدُّنْيَا أَهْوَنُ عَلَى اللَّهِ، مِنْ هَذَا عَلَيْكُمْ
“നിങ്ങളിലാരാണ് ഒരു ദിർഹം നൽകി ഇത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്?” സ്വഹാബികൾ പറഞ്ഞു: “ഒന്നിനുപകരമായും നാമത് ആഗ്രഹിക്കുന്നില്ല. ഞങ്ങളിത് വെച്ച് എന്ത് ചെയ്യാനാണ്?” അവിടുന്ന് ചോദിച്ചു: “ഇത് നിങ്ങൾക്ക് വെറുതെ കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” അവർ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഇതിന് ജീവനുണ്ടായിരുന്നെങ്കിൽ തന്നെ ചെറിയ കാതുള്ളതായതിനാൽ ഇതൊരു ന്യൂനതയാണ്. എന്നിരിക്കെ ചത്ത ഈ ആടിനെ ഞങ്ങളെന്തിനാണ് ആഗ്രഹിക്കുന്നത്?” അപ്പോൾ നബി ﷺ പറഞ്ഞു: “അല്ലാഹുവാണെ സത്യം! നിങ്ങൾ ഈ ആടിന് എത്രത്തോളം വിലകല്പിക്കുന്നില്ലയോ, അതിനേക്കാൾ വിലകെട്ടതാണ് അല്ലാഹുവിന്റെ അടുക്കൽ ഈ ദുനിയാവ്.”[സ്വഹീഹ് മുസ്ലിം – 2957]
അവിടെ പ്രവാചകൻ ﷺ വലിയൊരു ഗുണപാഠം പഠിപ്പിക്കുകയായിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം, ഒരു തെരഞ്ഞെടുപ്പ് കടന്നുവരുമ്പോൾ നമ്മുടെ പരലോകത്തേക്ക് അതിൽ നിന്നും എന്ത് ലഭിച്ചു എന്ന് ആലോചിക്കാൻ നമുക്ക് കഴിയണം. കേവലം ഇതൊരു ഭൗതികമായ ആവശ്യം മാത്രമാണെന്ന് മനസ്സിലാക്കി, അതിന്റെ ചർച്ചകളിൽ മുഴുകി, രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഇടപെട്ട് അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി നമ്മുടെ പരലോകം നഷ്ടപ്പെടുത്തുന്ന അവസ്ഥ ഒരിക്കലും നമുക്ക് ഉണ്ടാകുവാൻ പാടില്ല.
ഇവിടെ നമ്മുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇത്തവണ നാം തെരഞ്ഞെടുത്ത ആളുകൾ നമുക്ക് വേണ്ടപോലെ ഉപകാരപ്പെട്ടിട്ടില്ല എങ്കിൽ, അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ മറ്റൊരാളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഇവിടെയുണ്ട്. എന്നാൽ ഈ ദുനിയാവിലെ ജീവിതം അങ്ങനെയല്ല. ഇവിടെ നിന്ന് മരിച്ചു തിരിച്ചു പോയിക്കഴിഞ്ഞാൽ, അവിടെ വീണ്ടും ഒരു തെരഞ്ഞെടുപ്പിനോ, അതല്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം വിനിയോഗിക്കാനോ ഉള്ള ഒരവകാശവും അവിടെ ഉണ്ടായിരിക്കുകയില്ല. ആ ബോധ്യം നമുക്കുണ്ടാകണം.
അല്ലാഹു നമുക്ക് നൽകിയിട്ടുള്ള ഈ ക്ഷണികമായ ദുനിയാവിൽ, നാം പരലോകത്തിനു വേണ്ടി പണിയെടുക്കാനാണ് പരിശ്രമിക്കേണ്ടത്. പണ്ഡിതന്മാർ പറയാറുണ്ട്: ഈ ദുനിയാവ് എന്ന് പറഞ്ഞാൽ പരലോകത്തിന്റെ ഒരു കൃഷിയിടം മാത്രമാണ്. പരലോകത്തേക്ക് വിളവെടുക്കാൻ വേണ്ടി വിതക്കുന്ന കൃഷിയിടം മാത്രമാണ് ദുനിയാവ്. ഇവിടെ നമുക്ക് എന്തെല്ലാം നന്മകൾ കൃഷിയിറക്കാൻ കഴിയുമോ, അതെല്ലാം പരമാവധി നാം ചെയ്യണം.
ഏറ്റവും നല്ലത് തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. ആ അവകാശം ഉപയോഗിച്ച് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുന്നവൻ ആരാണ് എന്നാണ് അല്ലാഹു നമ്മെ പരീക്ഷിക്കുന്നത്. സൂറത്തുൽ മുൽക്കിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് അതാണ്:
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا
“നിങ്ങളിൽ ആരാണ് കർമ്മം കൊണ്ട് ഏറ്റവും നല്ലവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാണവൻ.”[സൂറത്തുൽ മുൽക്ക് – 2]
സഹോദരന്മാരെ, നമ്മുടെ ജീവിതത്തിൽ തെരഞ്ഞെടുക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ അല്ലാഹു നമ്മുടെ മുമ്പിലേക്ക് വെച്ചിട്ടുണ്ട്. അതിൽ നന്മകളുമുണ്ട് തിന്മകളുമുണ്ട്. അതിൽ നന്മകൾ മാത്രം തെരഞ്ഞെടുക്കുന്നവർ ആരോ, അവർ മാത്രമാണ് നാളെ പരലോകത്ത് വിജയിക്കുന്നത്. അതല്ല, ഇവിടുത്തെ തെരഞ്ഞെടുപ്പിൽ പാകപ്പിഴവുകൾ സംഭവിക്കുകയും തിന്മകൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നവൻ നാളെ പരലോകത്ത് കൈകടിക്കുന്നവനാകും. വിശുദ്ധ ഖുർആനിൽ സൂറത്ത് സജദയിലെ വചനങ്ങളിൽ അല്ലാഹു ഈ കാര്യം പഠിപ്പിച്ചു നൽകുന്നുണ്ട്:
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ
“അപ്പോൾ സത്യവിശ്വാസിയായിട്ടുള്ള ഒരാൾ ദുർമാർഗ്ഗിയെപ്പോലെയാണോ? അവർ (ഇരുകൂട്ടരും) സമമാവുകയില്ല.” [സൂറത്ത് സജദ – 18]
ഒരിക്കലും ഒരു സത്യവിശ്വാസിയും ഒരു ധിക്കാരിയും ഒരേപോലെ ആവുകയില്ല. രണ്ടും രണ്ടു തട്ടിലാണ്. ഒരു വിശ്വാസിയെ ആളുകളൊക്കെ എന്തൊക്കെ പറഞ്ഞാലും, എങ്ങനെയൊക്കെ താറടിച്ചു കാണിച്ചാലും, ആരൊക്കെ വിലകുറച്ചു കണ്ടാലും അവൻ അല്ലാഹുവിന്റെ മുമ്പിൽ ഉന്നതനാണ്. എന്നാൽ സമൂഹത്തിൽ സ്ഥാനമാനങ്ങളും സൽപേരുകളും ജനങ്ങളുടെ ബഹുമാനവും എല്ലാം ലഭിച്ച ഒരു വ്യക്തി, അവൻ നന്മ ചെയ്തവനല്ലെങ്കിൽ, വിശ്വാസിയല്ലെങ്കിൽ നാളെ പരലോകത്ത് അവൻ പ്രയാസത്തിലാകും. റബ്ബിന്റെ അടുക്കൽ അവൻ ഉന്നതനല്ല. അല്ലാഹു തുടർന്ന് പഠിപ്പിക്കുന്നു:
أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ
“എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് അവർ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി സൽക്കാരമെന്ന നിലയിൽ സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകളുണ്ട്.”[സൂറത്ത് സജദ – 19]
അതായിരിക്കണം നാം തെരഞ്ഞെടുക്കേണ്ടത്. രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത്:
• അവന് ശരിയായ വിശ്വാസം ഉണ്ടായിരിക്കണം.
• അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കണം.
വിശുദ്ധ ഖുർആനിൽ 51 സ്ഥലങ്ങളിലാണ് അല്ലാഹു വിശ്വാസത്തെയും സൽകർമ്മങ്ങളെയും ചേർത്തു പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? ഒരു വിശ്വാസിക്ക് രണ്ടും അനിവാര്യമാണ്. ഒരാൾ ഒരുപാട് സൽകർമ്മങ്ങൾ ചെയ്തു, കുറെ നമസ്കരിച്ചു, നോമ്പെടുത്തു, സ്വദഖയും സകാത്തും നൽകി, ഹജ്ജും ചെയ്തു; പക്ഷേ അയാളുടെ വിശ്വാസം ശരിയായിട്ടില്ല എങ്കിൽ, വിശ്വാസത്തിന്റെ തെരഞ്ഞെടുപ്പിൽ അവൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ പരലോകത്ത് പ്രയാസപ്പെടുന്നവനായിരിക്കും. ആ വിശ്വാസം നേരെയാക്കാൻ വേണ്ടിയാണ് അല്ലാഹു ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരെ ഈ ഭൂമിയിലേക്ക് നിയോഗിച്ചത്. ഏതൊരു കാലഘട്ടത്തിലും ജനങ്ങൾ വഴിതെറ്റിപ്പോകുകയും അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമ്പോൾ, യഥാർത്ഥ വിജയം ലഭിക്കണമെങ്കിൽ വിശ്വാസം നേരെയാകണം എന്ന് പഠിപ്പിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ പറഞ്ഞയക്കുന്നത്.
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് പഠിപ്പിക്കാതെ ഒരു പ്രവാചകനും കടന്നുപോയിട്ടില്ല. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അല്ലാഹുവിന് പുറമെയുള്ള സകലതിനെയും നിങ്ങൾ കൈവെടിയണം എന്നും പഠിപ്പിക്കാതെ ഒരു പ്രവാചകനും വന്നിട്ടില്ല. എന്തുകൊണ്ട് എല്ലാ പ്രവാചകന്മാരും ഇത് പഠിപ്പിക്കുന്നു? കാരണം വിശ്വാസത്തിലെ തെരഞ്ഞെടുപ്പ് ശരിയാകേണ്ടതുണ്ട്. അല്ലാഹുവിനെ മനസ്സിലാക്കിയാൽ മാത്രം മതിയോ? അവനെ ആരാധിച്ചാൽ മാത്രം അവൻ രക്ഷപ്പെടുമോ? ഇല്ല. അല്ലാഹുവിനെ മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കണം. വിശ്വാസം പിഴച്ചവരെക്കുറിച്ച് അല്ലാഹു പറഞ്ഞത്, ‘അവർ അല്ലാഹുവിനെ കണക്കാക്കേണ്ടതുപോലെ കണക്കാക്കിയിട്ടില്ല’ എന്നാണ്.
നമ്മുടെ നമസ്കാരവും നോമ്പും സകാത്തും ഒക്കെ അല്ലാഹുവിന് കൊടുക്കണം എന്ന് മാത്രമല്ല മനസ്സിലാക്കേണ്ടത്; മറിച്ച് തന്റെ ആരാധനകൾ അഖിലവും അല്ലാഹുവിന് ‘മാത്രം’ കൊടുക്കുന്നവരാകണം നാം. ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണ് നാം ഓരോരുത്തരും പ്രഖ്യാപിക്കുന്നത്. ആരാധനകളുടെ ഏതെങ്കിലും ഒരംശം അല്ലാഹുവല്ലാത്ത മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ അതിനാണ് ‘ശിർക്ക്’ എന്ന് പറയുന്നത്.
إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ
“നിശ്ചയമായും ശിർക്ക് (ബഹുദൈവാരാധന) കൊടിയ അക്രമം തന്നെയാകുന്നു.” [സൂറത്ത് ലുഖ്മാൻ – 13]
എന്ന് ലുഖ്മാൻ (അ) തന്റെ മകന് താക്കീത് നൽകിയിട്ടുണ്ട്. ആ ശിർക്ക് ഒരിക്കലും ജീവിതത്തിൽ ഉണ്ടാകുവാൻ പാടില്ല. അല്ലാഹു പഠിപ്പിച്ചു:
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അക്രമം (ശിർക്ക്) കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് സന്മാർഗ്ഗം പ്രാപിച്ചവർ.” [സൂറത്ത് അൻആം – 82]
യഥാർത്ഥമായ നിർഭയത്വവും സന്മാർഗ്ഗവും ലഭിച്ചവർ എന്ന് പറഞ്ഞാൽ, തങ്ങളുടെ വിശ്വാസത്തിൽ ശിർക്ക് കലർത്താത്ത ആളുകളാണ്. വിശ്വാസത്തിൽ യാതൊരു കലർപ്പും ഉണ്ടാകുവാൻ പാടില്ല. അത് പഠിപ്പിക്കാനാണ് പ്രവാചകൻ ﷺ വന്നത്. റസൂലുള്ളാഹി ﷺ അല്ലാഹുവിനെ പുതുതായി പഠിപ്പിക്കാൻ വേണ്ടിയല്ല വന്നത്. പ്രവാചകന്റെ ﷺ പിതാവിന്റെ പേര് തന്നെ ‘അബ്ദുല്ല’ (അല്ലാഹുവിന്റെ അടിമ) എന്നായിരുന്നു. ആ പ്രവാചകൻ ﷺ കടന്നുവന്ന സമൂഹത്തിന് അല്ലാഹുവിനെ നന്നായി അറിയാമായിരുന്നു. എന്നാൽ എന്തായിരുന്നു അവരുടെ പ്രശ്നം? അവർ കപ്പലിൽ കയറിയാൽ അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുന്നവരായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ റബ്ബിനോട് ഇഖ്ലാസോടെ പറയുന്നവരായിരുന്നു. എന്നാൽ അവർ കരയിലേക്ക് വന്നാൽ അല്ലാഹുവിൽ പങ്കുചേർക്കുമായിരുന്നു. റബ്ബിന്റെ കൂടെ മറ്റുള്ളവരെയും വിളിച്ചു പ്രാർത്ഥിക്കും. ‘ലാത്തയെ രക്ഷിക്കണേ’, ‘മനാത്തയെ കാക്കണേ’, ‘ഇബ്രാഹീം നബിയുടെ ബർക്കത്ത് കൊണ്ട്’ എന്നവർ പ്രാർത്ഥിക്കുമായിരുന്നു.
അവർ പറഞ്ഞ ന്യായം, തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും, റബ്ബിന്റെ അടുക്കൽ ഇവർ ശുപാർശകരാകാനും വേണ്ടിയാണ് അവരെ വിളിക്കുന്നത് എന്നായിരുന്നു. അല്ലാതെ ലാത്തക്കും മനാത്തക്കും സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നില്ല. മറിച്ച്, ലാത്തയോട് സാമീപ്യം നേടിയാൽ ലാത്ത എനിക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യും എന്ന വിശ്വാസമായിരുന്നു അവർക്ക്. ഈ വിശ്വാസത്തെയാണ് പരിശുദ്ധ ഖുർആൻ ‘ശിർക്ക്’ എന്ന് പഠിപ്പിച്ചത്.
നമ്മുടെ നമസ്കാരത്തിൽ നാം പ്രഖ്യാപിക്കുന്നത് ‘എന്റെ മരണവും എന്റെ ജീവിതവും ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമുള്ളതാണ്’ എന്നാണ്. ആ പ്രാർത്ഥനകൾ അല്ലാഹുവല്ലാത്ത ഒരാൾക്കും കൊടുക്കാൻ പാടില്ല എന്നത് വിശ്വാസത്തിലെ തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പരലോകത്ത് വലിയ നഷ്ടമായിരിക്കും.
إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ
“അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരുമുണ്ടായിരിക്കുകയില്ല.” [സൂറത്ത് മാഇദ – 72]
അതുകൊണ്ട് ആ ശിർക്ക് ഒരിക്കലും ജീവിതത്തിൽ വരാൻ പാടില്ല. നാം സമൂഹത്തിൽ എത്ര മാന്യന്മാരായി നടന്നാലും, നമ്മുടെ വിളികളും പ്രാർത്ഥനകളും ഏതെങ്കിലും മഹാന്മാരുടെ പേരിലേക്കോ പ്രവാചകന്റെ പേരിലേക്കോ തിരിക്കുന്നുവെങ്കിൽ, “മുഹ്‌യുദ്ദീൻ ശൈഖേ, ബദ്‌രീങ്ങളേ, യാ റസൂലല്ലാഹ്” തുടങ്ങിയ വിളികളിലേക്ക് നമ്മുടെ പ്രാർത്ഥനകൾ പോകുന്നുവെങ്കിൽ അതാണ് പ്രവാചകൻ ﷺ തിരുത്തിയ ശിർക്ക്. മക്കയിലെ മുശ്‌രിക്കുകൾ വിളിച്ചിരുന്നത് ലാത്തയെയും ഉസ്സയെയും ഇബ്രാഹീം നബിയെയുമായിരുന്നു. അതിനെ ശിർക്ക് എന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ വിശ്വാസം നാം നേരെയാക്കേണ്ടതുണ്ട്.
രണ്ടാമതായി അല്ലാഹു ഖുർആനിൽ 51 സ്ഥലങ്ങളിൽ ചേർത്തു പറഞ്ഞത് ‘അവൻ സൽകർമ്മം പ്രവർത്തിക്കുന്നവനായിരിക്കണം’ എന്നാണ്. ഒരാളുടെ വിശ്വാസം നേരെയാണ്, അവൻ ജീവിതത്തിൽ ശിർക്ക് ചെയ്തിട്ടില്ല, എങ്കിലും അവൻ തിന്മകൾ ചെയ്തവനാണെങ്കിൽ അല്ലാഹു ഉദ്ദേശിക്കുന്ന അത്രയും കാലം നരകത്തിലിട്ട് ശിക്ഷിച്ചതിന് ശേഷം മാത്രമേ അവൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുകയുള്ളൂ. എന്നാൽ വിശ്വാസത്തോടൊപ്പം സൽകർമ്മങ്ങളുമുണ്ട്, തിന്മകളിൽ നിന്നവൻ അകന്നുനിന്നു എങ്കിൽ അവർ മാത്രമാണ് സ്വർഗ്ഗത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നവർ.
നമസ്കാരം, നോമ്പ്, സകാത്ത്, സ്വദഖ തുടങ്ങിയവയെല്ലാം ആരാധനകളാണ്. അതോടൊപ്പം തന്നെ, ആളുകൾക്ക് നന്മ ചെയ്യുക, ജനങ്ങളോട് പുഞ്ചിരിക്കുക, ആളുകളെ പ്രയാസപ്പെടുത്താതിരിക്കുക, സ്വഭാവം നന്നാക്കുക എന്നതെല്ലാം വലിയ ആരാധനകളാണ്.
إِنَّمَا بُعِثْتُ لِأُتَمِّمَ صَالِحَ الْأَخْلَاقِ
“സൽസ്വഭാവങ്ങളെ പൂർത്തീകരിക്കാൻ വേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.”[മുസ്നദ് അഹ്‌മദ് – 8952]
എന്ന് റസൂൽ ﷺ പഠിപ്പിച്ചു. സ്വന്തം ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, മാതാപിതാക്കളോട്, കുടുംബത്തോട്, സഹപ്രവർത്തകരോട്, നാട്ടുകാരോട് എല്ലാവരോടും നല്ല സ്വഭാവം കാണിക്കാൻ കഴിയണം. എന്നാൽ സൂറത്ത് സജദയിൽ അല്ലാഹു തുടർന്ന് പഠിപ്പിക്കുന്നത്:
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
“എന്നാൽ ധിക്കാരം കാണിച്ചവരാരോ അവരുടെ സങ്കേതം നരകമാകുന്നു. അതിൽ നിന്ന് പുറത്തു കടക്കാൻ അവർ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവർ മടക്കപ്പെടുന്നതാണ്. ഏതൊരു നരകശിക്ഷയെ നിങ്ങൾ നിഷേധിച്ചു തള്ളിയിരുന്നുവോ അത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.”[സൂറത്ത് സജദ – 20]
അവർക്കുള്ള സങ്കേതം നരകമാണ്. കാരണം അവർക്ക് നൽകപ്പെട്ട തെരഞ്ഞെടുപ്പ് അവർ പിഴപ്പിച്ചു. വെള്ളിയാഴ്ച ദിവസത്തിൽ സുബഹി നമസ്കാരത്തിന്റെ ഒന്നാമത്തെ റക്അത്തിൽ പാരായണം ചെയ്യാൻ നബി ﷺ സുന്നത്താക്കിയ സൂറത്താണ് സൂറത്ത് സജദ. എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങും മുമ്പ് പാരായണം ചെയ്യലും സുന്നത്താണ്. എന്തിനാണിത് ആവർത്തിക്കുന്നത്? ഇതിന്റെ അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് തിന്മകൾ ചെയ്യാൻ സാധിക്കുക?
അല്ലാഹു നമുക്ക് എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുണ്ട്.
الْحَلَالُ بَيِّنٌ، وَالْحَرَامُ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ… فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ
“ഹലാൽ വ്യക്തമാണ്, ഹറാമും വ്യക്തമാണ്. അവ രണ്ടിനുമിടയിൽ സംശയാസ്പദമായ ചില കാര്യങ്ങളുണ്ട്… അതിനാൽ ആരെങ്കിലും സംശയാസ്പദമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തന്റെ ദീനിനെയും അഭിമാനത്തെയും സംരക്ഷിച്ചു. ആരെങ്കിലും സംശയാസ്പദമായ കാര്യങ്ങളിൽ വീണാൽ അവൻ ഹറാമിൽ വീണു.”[സ്വഹീഹ് ബുഖാരി – 52, സ്വഹീഹ് മുസ്ലിം – 1599]
ശൗചാലയത്തിൽ പ്രവേശിക്കുമ്പോഴുള്ള മര്യാദകൾ മുതൽ, ഭാര്യാഭർത്തൃ ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ വളരെ സൂക്ഷ്മമായ കാര്യങ്ങൾ പോലും അല്ലാഹുവിന്റെ റസൂൽ ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇത് ചെയ്യണോ വേണ്ടയോ എന്ന് സംശയമുള്ള കാര്യങ്ങൾ നമ്മൾ മാറ്റിവെക്കുകയാണ് വേണ്ടത്. “നാട്ടിൽ എല്ലാവരും ഇതൊക്കെ ചെയ്യുന്നതല്ലേ” എന്നതൊന്നും തിന്മ ചെയ്യാനുള്ള ന്യായവാദങ്ങളല്ല.
ഈ തെരഞ്ഞെടുപ്പാണ് നാം നന്നാക്കേണ്ടത്. നാം ജോലി ചെയ്യുന്ന സ്ഥലങ്ങളിലാകാം, കളിക്കളങ്ങളിലാകാം ഇത് കടന്നുവരുന്നത്. ഗ്രൗണ്ടിൽ കളിക്കുന്ന സമയത്ത് മഗ്‌രിബിന്റെ ബാങ്ക് വിളിച്ചാൽ, അത് പള്ളിയിലേക്ക് എത്താനുള്ള വിളിയാണെന്ന തീരുമാനം നമ്മുടെ മനസ്സിലേക്ക് എത്തേണ്ടതുണ്ട്. അല്ലാതെ ഇരുട്ടാകും വരെ കളിച്ചുകൊണ്ടേയിരിക്കുകയും, വീട്ടിലെത്തി എപ്പോഴെങ്കിലും മഗ്‌രിബ് നമസ്കരിക്കുകയും ചെയ്താൽ ആ നമസ്കാരത്തിന്റെ അവസ്ഥയെന്താണ്? പള്ളിയിൽ നിന്നും വിളി കേൾക്കുമ്പോൾ, ആ വിളി എനിക്കുള്ളതാണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ അത്തരം കാര്യങ്ങൾക്കാണ് ഒഴിവാക്കേണ്ട ഹറാം എന്ന് പറയുന്നത്. അവിടെ നന്മകൾ തെരഞ്ഞെടുക്കാൻ നമുക്ക് കഴിയണം. ഈ ദുനിയാവിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനപ്പുറം, നാളെ പരലോകത്ത് വലിയൊരു ഫലപ്രഖ്യാപനം നമുക്ക് വരാനുണ്ട്. അവിടെ രക്ഷപ്പെടണമെങ്കിൽ ഹലാലും ഹറാമും വേർതിരിച്ചറിഞ്ഞ് ജീവിക്കാൻ കഴിയണം.
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ… അല്ലാഹുവേ, അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ മേൽ നീ കാരുണ്യവും രക്ഷയും ചൊരിയേണമേ… അല്ലാഹുവിനെ സൂക്ഷിച്ചും ശ്രദ്ധിച്ചും ജീവിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
സഹോദരന്മാരെ, നമ്മുടെ മക്കൾക്ക് സ്കൂൾ അടച്ച് ഒരവധിക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. റസൂലുള്ളാഹി ﷺ വലിയ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്:
نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالْفَرَاغُ
“രണ്ട് അനുഗ്രഹങ്ങൾ; ജനങ്ങളിൽ ഭൂരിഭാഗം ആളുകളും ആ കാര്യത്തിൽ വഞ്ചിതരാണ് (നഷ്ടം സംഭവിച്ചവരാണ്). ആരോഗ്യവും ഒഴിവുസമയവുമാണത്.” [സ്വഹീഹ് ബുഖാരി – 6412]
അല്ലാഹു നൽകിയ ഈ രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടാതെ ഒരു മനുഷ്യനും ഒരു ചുവട് പോലും മുന്നോട്ട് വെക്കാൻ കഴിയില്ല എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് നല്ല ആരോഗ്യവും ശരീരവും റബ്ബ് നൽകിയത് എന്തിനാണ്? രാവിലെ സുബഹിയുടെ വിളി വരുമ്പോൾ പുതപ്പ് മാറ്റി പള്ളിയിലേക്ക് എത്താനാണ്. അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ്. അത് കഴിഞ്ഞിട്ട് മാത്രമാണ് ഭൗതികമായ മറ്റ് ആവശ്യങ്ങളുള്ളത്. നമ്മുടെ ശരീരത്തെ പ്രയാസപ്പെടുത്തുന്ന, ഇബാദത്തിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്ന ലഹരി ഉപയോഗങ്ങൾ പോലെയുള്ള സർവ്വതിനെയും ഹറാമാക്കിയത് ആരോഗ്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്.
അതേപോലെ തന്നെ, ജീവിതത്തിൽ വീണുകിട്ടുന്ന ഒഴിവുസമയങ്ങൾ റബ്ബിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കാൻ നാം സജ്ജമാകേണ്ടതുണ്ട്. നമ്മുടെ മക്കൾക്ക് അവധിക്കാലം ലഭിക്കുന്ന ഈ സമയത്ത്, അവരുടെ പരലോകം നഷ്ടപ്പെടുത്തുന്ന അവസ്ഥ നമുക്കോ അവർക്കോ ഉണ്ടാകരുത്. നാളെ പരലോകത്ത് വെച്ച്, “അല്ലാഹുവേ ഇവർ കാരണമാണ് ഞാൻ വഴിപിഴച്ചത്, അതുകൊണ്ട് ഇവരെ നരകത്തിലിട്ട് എനിക്ക് സ്വർഗ്ഗം നൽകണേ” എന്ന് സ്വന്തം മാതാപിതാക്കൾക്ക് നേരെ വിരൽചൂണ്ടുന്ന മക്കളായി അവർ മാറരുത്. മറിച്ച്, നാളെ പരലോകത്ത് അല്ലാഹു ചില മാതാപിതാക്കൾക്ക് ഉന്നതമായ പദവികൾ നൽകുമ്പോൾ അവർ ചോദിക്കും: “അല്ലാഹുവേ, ഇതിന് മാത്രം സൽകർമ്മങ്ങൾ ഞാൻ ചെയ്തിട്ടില്ലല്ലോ?” അപ്പോൾ അല്ലാഹു അവരോട് പറയും:
بِاسْتِغْفَارِ وَلَدِكَ لَكَ
“നിന്റെ മകൻ നിനക്ക് വേണ്ടി പാപമോചനം തേടിയത് കൊണ്ടാണിത്.” [സുനൻ ഇബ്നുമാജ – 3660]
ആ കൂട്ടത്തിൽ നാം ഉൾപ്പെടണം എന്നുണ്ടെങ്കിൽ, നമ്മുടെ മക്കളുടെ ഒഴിവുസമയങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാൻ നമുക്ക് കഴിയണം. വെക്കേഷൻ കാലത്ത് ഭൗതിക വിജ്ഞാനങ്ങൾ നേടാനുള്ള കോഴ്സുകളിൽ മക്കളെ ചേർക്കരുത് എന്നല്ല പറയുന്നത്. പക്ഷേ, അതിനേക്കാളപ്പുറം അവർക്ക് കൃത്യമായി ദീൻ പഠിപ്പിച്ചു കൊടുക്കാൻ നമുക്ക് കഴിയണം. അല്ലാഹുവിന്റെ ദീൻ പഠിക്കാൻ കഴിയുന്ന ഒട്ടനവധി പഠനപദ്ധതികളും ക്യാമ്പുകളും ഇന്ന് നമ്മുടെ നാടുകളിലുണ്ട്. അതിലേക്ക് നമ്മുടെ മക്കളെ പറഞ്ഞയക്കാൻ കഴിയണം.
സാമൂഹിക മാധ്യമങ്ങളിൽ (Social Media) സമയം കളഞ്ഞ് അവർ നശിച്ചുപോകുന്ന അവസ്ഥ ഉണ്ടാകരുത്. മക്കൾക്ക് വെളിച്ചമേകാൻ അവരെ ധാർമ്മിക ബോധത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നാം ചെയ്യണം. നമ്മുടെ ഒഴിവുസമയങ്ങളെ ഖുർആൻ പഠിക്കാനും മനഃപാഠമാക്കാനും റബ്ബിന്റെ മാർഗ്ഗത്തിൽ ഏറ്റവും നന്നായി ചെലവഴിക്കാനും നാം സജ്ജമാകണം. ആ നിലയ്ക്ക് മക്കളെ ദീൻ പഠിപ്പിക്കുന്ന സംരംഭങ്ങളിലേക്ക് എത്തിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
അല്ലാഹു സുബ്ഹാനഹു വ തആല നന്മകൾ ധാരാളമായി ചെയ്ത് ആ നിലയിൽ തന്നെ മരണപ്പെടാനുള്ള തൗഫീഖ് നമുക്കെല്ലാം നൽകി അനുഗ്രഹിക്കുമാറാകട്ടെ. (ആമീൻ)

