സമകാലിക സംഭവങ്ങളിലും ഫിത്‌നകളിലും ഒരു മുസ്‌ലിമിന്റെ ശറഇയായ നിലപാട്

​(2026 മാർച്ച് 04-ന് ശൈഖ് حَفِظَهُ اللَّهُ നടത്തിയ 'موقف المسلم الشرعي من الأحداث والفتن الجارية പ്രഭാഷണത്തിന്റെ ലിഖിതരൂപം).

16 Min Read
ഉള്ളടക്കം
​​ആമുഖം​ഫിത്‌നകൾക്കും പരീക്ഷണങ്ങൾക്കും പിന്നിലുള്ള മഹത്തായ യുക്തികൾ (الحكم من الفتن والابتلاءات)ഫിത്‌നകളുടെ കാലത്ത് ഒരു മുസ്‌ലിം നിർവ്വഹിക്കേണ്ട സുപ്രധാന ആരാധനകൾ (عبودياتالمسلم في زمن الفتن)• ​ഒന്നാമത്തെ ആരാധന: അല്ലാഹുവിന്റെ തൗഹീദ് സാക്ഷാത്കരിക്കുക (تحقيق التوحيد)• ​രണ്ടാമത്തെ ആരാധന: പ്രാർത്ഥന (الدعاء)• ​മൂന്നാമത്തെ ആരാധന: നമസ്കാരവും മറ്റ് ആരാധനകളും (الصلاة والعبادة)• ​നാലാമത്തെ ആരാധന: അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിക്കുക (حسن الظن بالله)• ​അഞ്ചാമത്തെ ആരാധന: ശാന്തതയും ഗാംഭീര്യവും കാത്തുസൂക്ഷിക്കുക (السكينة والوقار)• ​ആറാമത്തെ ആരാധന: ജമാഅത്തിനെ മുറുകെപ്പിടിക്കലും ഭരണാധികാരികളെ അനുസരിക്കലും (لزوم الجماعة والسمع والطاعة)• ​ഏഴാമത്തെ ആരാധന: ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള താക്കീത് (التحذير من نشرالإشاعات)ഉപസംഹാരം 

​بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

​الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى أَفْضَلِ الْمُرْسَلِينَ، وَبَعْدُ

സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. പ്രവാചകൻമാരിൽ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബിയുടെ മേൽഅല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ.

​​ആമുഖം

​എന്റെ പ്രിയ സഹോദരങ്ങളായ വിജ്ഞാനാന്വേഷകരെ, നിലവിൽ മുസ്‌ലിം നാടുകളിലും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലും അലയടിച്ചു കൊണ്ടിരിക്കുന്ന സമകാലിക സംഭവവികാസങ്ങളിൽ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട ശറഇയായ നിലപാടിനെക്കുറിച്ച് ചുരുങ്ങിയ ചില വാക്കുകളും നിമിഷങ്ങളും നിങ്ങളുമായി പങ്കുവെക്കാൻ എന്നെ അനുവദിക്കുക.

​വിജ്ഞാനാന്വേഷകനും, ദീനിലേക്ക് ക്ഷണിക്കുന്ന ദാഇയും, ഖത്വീബുമൊന്നും തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും യാഥാർത്ഥ്യങ്ങളിൽ നിന്നും അകന്നുനിൽക്കാൻ പാടുള്ളതല്ല. മുസ്‌ലിംകൾക്ക് ഏതെങ്കിലും ഒരു വിപത്തോ പ്രതിസന്ധിയോ ബാധിച്ചാൽ, അതെക്കുറിച്ച് സംസാരിക്കാനും ശറഇയായ അടിസ്ഥാനങ്ങൾ നൽകാനും അവർക്ക് ബാധ്യതയുണ്ട്. എന്നാൽ ഒരു സുന്നിയായ സലഫി വിജ്ഞാനാന്വേഷകനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ഇതാണ്; അദ്ദേഹം ഇത്തരം സംഭവങ്ങളെ ശറഇയായ കാഴ്ചപ്പാടിലൂടെയാണ് സമീപിക്കുന്നത്. കൃത്യവും വ്യക്തവുമായ, യാതൊരുവിധത്തിലും ചോദ്യം ചെയ്യപ്പെടാനോ നിരാകരിക്കാനോ സാധിക്കാത്ത സ്വഹീഹായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ വിശകലനങ്ങൾ.

​അദ്ദേഹം കേവല വൈകാരികതകൾക്കോ, ഊഹങ്ങൾക്കോ, അടിസ്ഥാനമില്ലാത്ത കണക്കുകൂട്ടലുകൾക്കോ അവിടെ ഇടം നൽകുകയില്ല. അതുപോലെ, ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള – അവ സ്വഹീഹായതോ ദുർബലമായതോ ആകട്ടെ – ഫിത്‌നകളെക്കുറിച്ചുള്ള ഹദീസുകളുമായി സമകാലിക സംഭവങ്ങളെ ബന്ധിപ്പിക്കാൻ ശ്രമിക്കുകയുമില്ല. കാരണം, സംഭവങ്ങളെ ഫിത്‌നകളെക്കുറിച്ചുള്ള ഹദീസുകളുമായി ബന്ധിപ്പിക്കുക (إنزال الحوادثعلى أحاديث الفتن) എന്നത് തോന്നിയവരൊക്കെയും, അറിവില്ലാത്തവരും, യാതൊരു യോഗ്യതയുമില്ലാത്തവരുമായ ആളുകൾ ചെയ്യാൻ പാടുള്ള ഒന്നല്ല. മറിച്ച്, റബ്ബാനിയ്യീങ്ങളായ പണ്ഡിതന്മാരാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അവർക്കാണ് ഇതിൽ മിക്കവാറും കൃത്യമായ മാർഗ്ഗദർശനം ലഭിക്കുക. നബി ﷺ യുടെ വചനത്തിൽ വന്നിട്ടുള്ളത് പോലെ:

​الْبَرَكَةُ مَعَ أَكَابِرِكُمْ

“ബർക്കത്ത് (അനുഗ്രഹം) നിങ്ങളുടെ വലിയവർക്കൊപ്പമാണ്.” [സ്വഹീഹ് ഇബ്‌നു ഹിബ്ബാൻ – 559]

​നമുക്ക് വളരെ ചുരുക്കത്തിൽ ഈ ആമുഖം തുടങ്ങാം. ഒന്നാമതായി, ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അല്ലാഹു ﷻ യുടെ ഖദ്‌ർ (വിധി) അനുസരിച്ചാണ് സംഭവിക്കുന്നത് എന്ന് ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കണം. ഒരു മുസ്‌ലിം വെറുക്കുന്ന കാര്യങ്ങൾ ഈ സംഭവങ്ങളിൽ അടങ്ങിയിട്ടുണ്ടെങ്കിൽ പോലും, ഇതിന് പിന്നിൽ അതിമഹത്തായ യുക്തികളും വലിയ അനുഗ്രഹങ്ങളും ഉണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിൽ വലിയ യുക്തിയും അനുഗ്രഹവുമുണ്ടെന്ന കാര്യത്തിൽ, ഒരു അണുമണിത്തൂക്കം പോലും വ്യതിചലിക്കാത്ത പൂർണ്ണവും അടിയുറച്ചതുമായ ദൃഢവിശ്വാസം ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കണം; അതിൽ അൽപം തിന്മയോ അല്ലെങ്കിൽ മുസ്‌ലിംകൾ വെറുക്കുന്ന കാര്യങ്ങളോ അടങ്ങിയിട്ടുണ്ടെങ്കിൽ പോലും. ഒരു മുസ്‌ലിം തന്റെ അണപ്പല്ലുകൾ കൊണ്ട് കടിച്ചുമുറുകെ പിടിക്കേണ്ട ഒന്നാമത്തെ വിഷയം ഇതാണ്.

ഫിത്‌നകൾക്കും പരീക്ഷണങ്ങൾക്കും പിന്നിലുള്ള മഹത്തായ യുക്തികൾ (الحكم من الفتن والابتلاءات)

​അല്ലാഹു ﷻ നിശ്ചയിക്കുന്ന ഇത്തരം വിധികൾ, പരീക്ഷണങ്ങൾ, ഫിത്‌നകൾ എന്നിവയ്ക്ക് പിന്നിലെ ഏറ്റവും വലിയ യുക്തികളിൽ പെട്ടതാണ് ‘പദവികൾ ഉയർത്തപ്പെടുക’ (رفعة الدرجات), ‘പാപങ്ങൾ പൊറുക്കപ്പെടുക’ (تكفير الخطايا) എന്നിവ. ഇത് വളരെ മഹത്തായ ഒരു യുക്തിയാണ്. കാരണം, മനുഷ്യർ എക്കാലത്തും ഒരേ അവസ്ഥയിലല്ല ജീവിക്കുന്നത്; സമ്പൂർണ്ണമായ സുഖസൗകര്യങ്ങളിലും പ്രശാന്തതയിലും ആർക്കും എപ്പോഴും കഴിയാനാകില്ല. അങ്ങനെ സുഖസൗകര്യങ്ങൾ മാത്രം നിറഞ്ഞ ഒരു ജീവിതമായിരുന്നു വേണ്ടിയിരുന്നതെങ്കിൽ, അതിന് ഏറ്റവും അർഹർ അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത നബിമാരും റസൂലുകളും ആയിരുന്നു.

​നമ്മുടെ പ്രിയപ്പെട്ട മുസ്തഫയായ നബി ﷺ യെ ഒന്ന് നോക്കുക! തൗഹീദ് പരസ്യമായി പ്രഖ്യാപിച്ചതു മുതൽ എത്രയെത്ര പരീക്ഷണങ്ങൾക്കാണ് ആ പ്രവാചകൻﷺ വിധേയനായത്. മക്കയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവനായും അഭയാർത്ഥിയായും അദ്ദേഹം പുറപ്പെട്ടു. നബി ﷺ യുടെ തല ജീവനോടെയോ അല്ലാതെയോ കൊണ്ടുവരുന്നവർക്ക് 100 ഒട്ടകങ്ങൾ അന്ന് ഇനാം പ്രഖ്യാപിക്കപ്പെട്ടു. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് നോക്കുക. രോഗങ്ങളാലും പ്രയാസങ്ങളാലും അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ നോക്കുക. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യവുമായി 10,000 സായുധരായ ശത്രുക്കൾ മദീനയെ വളഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കുക. അന്ന് സ്വഹാബികൾ അനുഭവിച്ച കടുത്ത പട്ടിണിയെയും ഭയത്തെയും കുറിച്ച് അല്ലാഹുവിന്റെ വചനം വിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്, സുന്നത്തിലും അത് വന്നിട്ടുണ്ട്. അതിനാൽ, ഇത്തരം പരീക്ഷണങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുക എന്നതാണ്.

​ശൈഖ് അൽബാനി رَحِمَهُ اللَّهُ ഹസനെന്ന് വിശേഷിപ്പിച്ച ഒരു ഹദീസുണ്ട്:

​إِنَّ الْعَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ، ابْتَلَاهُ اللَّهُ فِي جَسَدِهِ، أَوْ فِي مَالِهِ، أَوْ فِي وَلَدِهِ

“അല്ലാഹു തന്റെ ദാസന് സ്വർഗ്ഗത്തിൽ ഒരു പ്രത്യേക പദവി രേഖപ്പെടുത്തും. എന്നാൽ ആ ദാസന്റെ പ്രവർത്തനങ്ങൾ കൊണ്ട് – അതായത് അയാൾ ജീവിക്കുന്ന 60-70 വർഷക്കാലത്തെ കർമ്മങ്ങൾ, ഹൃദയം കൊണ്ടും ശരീരം കൊണ്ടും സമ്പത്ത് കൊണ്ടുമുള്ള ആരാധനകൾ എന്നിവയിലൂടെയൊന്നും – അവന് ആ പദവിയിൽ എത്തിച്ചേരാൻ സാധിക്കുകയില്ല. അപ്പോൾ അല്ലാഹു ﷻ അവനെ പരീക്ഷണങ്ങളിലൂടെ പ്രയാസപ്പെടുത്തും. അങ്ങനെ ഈ പരീക്ഷണങ്ങളിലൂടെ അവൻ ആ ഉന്നതമായ പദവികളിൽ എത്തിച്ചേരും.” [സുനൻ അബീദാവൂദ് – 3090]

​ഫിത്‌നകളുടെയും പരീക്ഷണങ്ങളുടെയും മറ്റൊരു യുക്തി, ആ സമയത്ത് നിർവ്വഹിക്കപ്പെടുന്ന സവിശേഷമായ ചില ആരാധനകളാണ്. ഫിത്‌നകളുടെയും പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും സമയത്ത് സൃഷ്ടികളിൽ നിന്ന് വെളിപ്പെടുന്ന ചില ആരാധനകളുണ്ട്; അത് സമാധാനത്തിന്റെയും സുഭിക്ഷതയുടെയും കാലത്ത് ഒരിക്കലും ഉണ്ടാകില്ല. 

​ഇതിന്റെ മറ്റൊരു യുക്തി, വിശുദ്ധ ഖുർആനിൽ അല്ലാഹു ﷻഅറിയിച്ചത് പോലെ സത്യവിശ്വാസികളെ ശുദ്ധീകരിക്കുകയും പരീക്ഷിക്കുകയും ചെയ്യുക (التمحيص والاختبار) എന്നതാണ്.

ഫിത്‌നകളുടെ കാലത്ത് ഒരു മുസ്‌ലിം നിർവ്വഹിക്കേണ്ട സുപ്രധാന ആരാധനകൾ (عبودياتالمسلم في زمن الفتن)

ഈ ദിവസങ്ങളിലെ മുസ്‌ലിമിന്റെ ആരാധനകൾ (عبوديات المسلم). എന്താണ് ഈ കാലഘട്ടത്തിൽ ഒരു മുസ്‌ലിം അല്ലാഹുവിനെ ആരാധിക്കേണ്ടത്? ഞാൻ ആ ആരാധനകൾ നിങ്ങൾക്ക് വിവരിച്ചുതരാം. ഹൃദയം കൊണ്ടുള്ളതോ ശരീരം കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഈ ആരാധനകളെല്ലാം നിർവ്വഹിക്കുന്നവനാണ് യഥാർത്ഥ ഭാഗ്യവാൻ.

• ​ഒന്നാമത്തെ ആരാധന: അല്ലാഹുവിന്റെ തൗഹീദ് സാക്ഷാത്കരിക്കുക (تحقيق التوحيد)

ഈ സംഭവവികാസങ്ങളുടെയും പരീക്ഷണങ്ങളുടെയുംഫിത്‌നകളുടെയും നടുവിൽ ഒരു മുസ്‌ലിം നിർവ്വഹിക്കേണ്ട ഏറ്റവുംവലിയ ആരാധന അല്ലാഹുവിന്റെ തൗഹീദ് സാക്ഷാത്കരിക്കുകഎന്നതാണ്. താഴെ പറയുന്ന കാര്യങ്ങളിലൂടെയാണ് ഈസാഹചര്യങ്ങളിൽ ഒരു മുസ്‌ലിം തൗഹീദ് സാക്ഷാത്കരിക്കുന്നത്:

1. ​അല്ലാഹുവിന്റെ അപാരമായ കഴിവും സമ്പൂർണ്ണമായ ആധിപത്യവും എപ്പോഴും സ്മരിക്കുക: ദിവസങ്ങൾക്കും മണിക്കൂറുകൾക്കുമകം ആളുകളുടെ അവസ്ഥകൾ മാറ്റിമറിക്കാൻ അല്ലാഹുവിന് കഴിവുണ്ടെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. സന്തോഷത്തിൽ നിന്ന് ദുഃഖത്തിലേക്കും, വിശപ്പില്ലായ്മയിൽ നിന്ന് പട്ടിണിയിലേക്കും, സമാധാനത്തിൽ നിന്ന് ഭയത്തിലേക്കും അവസ്ഥകളെ മാറ്റാൻ അവന് കഴിയും. നമ്മുടെ നാടുകളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ സംഭവിച്ചത് ഒരു മുസ്‌ലിം നോക്കിക്കാണേണ്ടത് അല്ലാഹുവിന്റെ ഈ മഹത്തായ കഴിവിന്റെ അടിസ്ഥാനത്തിലാണ്. ഗൾഫ് രാജ്യങ്ങൾ ദുനിയാവും ആഖിറത്തും ആഗ്രഹിക്കുന്ന ഏതൊരാളുടെയും ലക്ഷ്യസ്ഥാനമായിരുന്നു. സൗദി അറേബ്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ മക്കയും മദീനയും സന്ദർശിച്ചുകൊണ്ട് പരലോകവും ആഗ്രഹിക്കുന്നു, ഒപ്പം തങ്ങളുടെ ഉപജീവനത്തിനായി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ആളുകൾ വരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ, നിരന്തരം പ്രശ്‌നങ്ങൾ നേരിടുന്ന ഏതെങ്കിലും നഗരത്തിലേക്ക് പോകാൻ ഒരാളോട് പറഞ്ഞാൽ, അയാളുടെ മനസ്സ് അതിന് തയ്യാറാകില്ല. അതിനാൽ, തൗഹീദിന്റെ ഒന്നാമത്തെ പദവി അല്ലാഹുവിന്റെ മഹത്തായ കഴിവും സമ്പൂർണ്ണമായ ആധിപത്യവും എപ്പോഴും മനസ്സിൽ സ്മരിക്കുക എന്നതാണ്.

2. ​ഖദ്റിലുള്ള (വിധിയിലുള്ള) വിശ്വാസം: ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ അല്ലാഹു ﷻ ഇതെല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് വിശ്വസിക്കൽ. അല്ലാഹു ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണ് എന്ന സമ്പൂർണ്ണമായ ദൃഢവിശ്വാസം നിങ്ങൾക്ക് ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് പരിഭ്രമിക്കുന്നത്? നിങ്ങൾ പരിഭ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു വിപത്ത് എന്നതിന് പകരം രണ്ട് വിപത്തുകളായിരിക്കും ലഭിക്കുക. അതെങ്ങനെയെന്ന് ചോദിച്ചാൽ; ഒന്നാമത്തേത് സംഭവവികാസങ്ങളുടെയും ഫിത്‌നകളുടെയും പരീക്ഷണങ്ങളുടെയും വിപത്താണ്. രണ്ടാമത്തേത് നിങ്ങളുടെ പരിഭ്രമത്തിന്റെയും, അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കാതിരിക്കലിന്റെയും, ഖദ്റിലുള്ള വിശ്വാസക്കുറവിന്റെയും വിപത്താണ്. അതിനാൽ മുസ്‌ലിംകൾക്ക് ഒരു വിപത്ത് ബാധിച്ചാൽ, പ്രതിഫലം നഷ്ടപ്പെടുത്തുക എന്ന മറ്റൊരു വിപത്ത് കൂടി അതിലേക്ക് അവർ കൂട്ടിച്ചേർക്കാൻ പാടുള്ളതല്ല. നിങ്ങളെ ബാധിച്ചതൊന്നും നിങ്ങളെ തൊടാതെ കടന്നുപോകില്ലാ-യിരുന്നുവെന്നും, നിങ്ങളെ ബാധിക്കാത്തതൊന്നും നിങ്ങൾക്ക് ഒരിക്കലും ഏൽക്കുമായിരുന്നില്ല എന്നും ഈ സാഹചര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കണം.

3. ​അല്ലാഹുവിന്റെ വിധിയെ അല്ലാഹുവിന്റെ വിധി കൊണ്ടുതന്നെ പ്രതിരോധിക്കുക: ശറഇയായ കാരണങ്ങൾ സ്വീകരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫിത്‌നകളും പരീക്ഷണങ്ങളും ഇറങ്ങുമ്പോൾ ഒരു വിജ്ഞാനാന്വേഷകൻ ശറഇയായ കാരണങ്ങൾ സ്വീകരിക്കുന്നത്, അല്ലാഹുവിന്റെ വിധിയെ അല്ലാഹുവിന്റെ വിധി കൊണ്ടുതന്നെ പ്രതിരോധിക്കലാണ്. ഉമർ رَضِيَ اللَّهُ عَنْهُ ശാമിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിച്ചപ്പോൾ അവിടെ പ്ലേഗ് രോഗം പടർന്നിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറയപ്പെട്ടു. അദ്ദേഹം സ്വഹാബികളോട് കൂടിയാലോചിച്ചു. ശാമിലേക്ക് പ്രവേശിക്കരുതെന്ന് ചിലർ പറഞ്ഞപ്പോൾ, മറ്റു ചിലർ പ്രവേശിച്ച് തവക്കുൽ ആക്കാമെന്ന് പറഞ്ഞു. അപ്പോൾ അബ്ദുറഹ്മാൻ ബിൻ ഔഫ് رَضِيَ اللَّهُ عَنْهُ വരികയും, തന്റെ പക്കൽ ഈ വിഷയത്തിൽ ഒരു തെളിവുണ്ടെന്ന് പറയുകയും ചെയ്തു: ഒരു നാട്ടിൽ പ്ലേഗ് ബാധിച്ചാൽ നിങ്ങൾ അവിടെ നിന്ന് പുറത്തുപോകരുത്, നിങ്ങൾ പുറത്താണെങ്കിൽ അവിടേക്ക് പ്രവേശിക്കുകയും അരുത്. ഇതുകേട്ടപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُഅൽഹംദുലില്ലാഹ് എന്ന് പറഞ്ഞു. അപ്പോൾ ഒരു സ്വഹാബി ചോദിച്ചു: “അല്ലാഹുവിന്റെ വിധിയിൽ നിന്ന് താങ്കൾ ഒളിച്ചോടുകയാണോ ഉമർ?”. അദ്ദേഹം മറുപടി പറഞ്ഞു: “നാം അല്ലാഹുവിന്റെ വിധിയിൽ നിന്നും അല്ലാഹുവിന്റെ വിധിയിലേക്ക് തന്നെ ഓടിയകലുന്നു”.

4. ​അല്ലാഹുവിലേക്ക് ആത്മാർത്ഥമായി അഭയം പ്രാപിക്കലും കേഴലും: നാം ഇന്ന് ജീവിക്കുന്നത് മണലിൽ തല പൂഴ്ത്തിവെക്കേണ്ട ഒരു കാലത്തല്ല. ഭയവും, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും, സുരക്ഷ നഷ്ടപ്പെടുന്ന അവസ്ഥയും ഇന്നത്തെ കാലത്തുണ്ട്. ഭയത്തിന്റെയും പരിഭ്രാന്തിയുടെയും ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിയിട്ടില്ലെങ്കിൽ പോലും ചില കാര്യങ്ങൾക്കൊക്കെ തുടക്കം കുറിച്ചിട്ടുണ്ട്. വിപത്തുകളുടെയും പ്രതിസന്ധികളുടെയും സമയത്ത് ഒരു മുസ്‌ലിമിന് തൗഹീദിന്റെ ചില പദവികൾ കരഗതമാകുന്നുണ്ട്; അത് സമാധാനമുള്ള സമയത്ത് ലഭിക്കുകയില്ല. അതായത്, പ്രതിസന്ധികൾ വരുമ്പോൾ ഭൗതികമായ എല്ലാ കാരണങ്ങളും മുറിഞ്ഞുപോയെന്നും, ആകാശത്തുനിന്നുള്ള കാരണങ്ങൾ അല്ലാതെ മറ്റൊരു രക്ഷയുമില്ലെന്നും അവൻ തിരിച്ചറിയുന്നു. ഹൃദയത്തിൽ ഉണ്ടാകുന്ന ഈ വിശ്വാസം തൗഹീദിന്റെ പദവികളിൽ പെട്ടതാണ്. ഈ ഹൃദയവിശ്വാസമാണ് യഥാർത്ഥത്തിൽ ദുരിതങ്ങൾ നീങ്ങാനും ഉമ്മത്തിനെ ബാധിച്ച പ്രയാസങ്ങൾ മാറാനുമുള്ള കാരണം. ഇബ്‌നുൽ ഖയ്യിം رَحِمَهُ اللَّهُ ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്. അദ്ദേഹം പറയുന്നു: ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം എന്തുകൊണ്ടാണ് ആശ്വാസം കടന്നുവരുന്നത്? കാരണം, ഭൗതികമായ എല്ലാ മാർഗ്ഗങ്ങളും അടയുകയും, അല്ലാഹുവല്ലാതെ മറ്റാരും തന്നെ ഈ പ്രയാസം നീക്കാൻ കഴിയില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു. ഈ വിശ്വാസം ഹൃദയത്തിൽ വേരൂന്നുമ്പോൾ, അത് ദുരിതങ്ങൾ നീങ്ങാൻ കാരണമാകുന്ന അതിമഹത്തായ തൗഹീദായി മാറുന്നു.

​നമ്മുടെ മാതാവായ, സത്യസന്ധനായ അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُവിന്റെ മകളായ, അല്ലാഹുവിന്റെ പ്രവാചകൻ ﷺ യുടെ പ്രിയതമയായ, ഏഴ് ആകാശങ്ങൾക്ക് മുകളിൽ നിന്ന് അല്ലാഹു കുറ്റവിമുക്തയാക്കിയ ആഇശ رَضِيَ اللَّهُ عَنْهَا യുടെ ചരിത്രത്തിൽ നമുക്ക് വലിയ പാഠമുണ്ട്. ആരെങ്കിലും ആഇശ رَضِيَ اللَّهُ عَنْهَا യെ അല്ലാഹു ﷻകുറ്റവിമുക്തയാക്കിയതിന് വിപരീതമായി അവർക്ക് നേരെ അപവാദം ഉന്നയിച്ചാൽ അയാൾ കാഫിറാണ്, അയാൾക്ക് ഇസ്‌ലാമിൽ യാതൊരു പങ്കുമില്ല. മജൂസുകളായ, മാലിന്യങ്ങളായ, ഖബ്റുകളെയും മഖാമുകളെയും ആരാധിക്കുന്ന റാഫിളികളെ പോലെ. അവർ കാഫിറാണോ എന്നതിൽ ആരെങ്കിലും സംശയിച്ചാൽ അയാളും അവരോടൊപ്പം ചേരുന്നതാണ്. കാരണം, അത് ഖുർആനിനെ നിഷേധിക്കലാണ്. മുൻഗാമികളും പിൻഗാമികളുമായ സലഫുകളുടെ ഏകാഭിപ്രായം ആണിത്.

​ആളുകൾ തന്റെ മാനത്തെക്കുറിച്ച് അപവാദം പറയുന്നുവെന്ന്അറിഞ്ഞപ്പോൾ ആഇശ رَضِيَ اللَّهُ عَنْهَا ക്ക് കടുത്ത ദുഃഖമുണ്ടാകുകയും അവർ ശക്തമായി കരയുകയും ചെയ്തു. അപ്പോൾ നബി ﷺ അവരുടെ അടുത്തേക്ക് വന്നു. ഇവിടെയൊരു മഹത്തായ പാഠം നിങ്ങൾ ശ്രദ്ധിക്കുക; ഭൂമിയിലുള്ളവരുടെയും ഭൗതികമായ കാരണങ്ങളും മുറിഞ്ഞുപോവുകയും, ഹൃദയം അല്ലാഹുവുമായി മാത്രം ബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ആശ്വാസം വന്നിറങ്ങുക എന്ന് നോക്കുക. നബി ﷺ വന്നിട്ട് പറഞ്ഞു: “ഹേ ആഇശ, നീ വല്ല പാപവും ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് പാപമോചനം തേടുക. നീ നിരപരാധിയാണെങ്കിൽ അല്ലാഹു നിന്നെ കുറ്റവിമുക്തയാക്കുന്നതാണ്”.

​അപ്പോൾ ആഇശ رَضِيَ اللَّهُ عَنْهَا തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ഉമ്മയോട് പറഞ്ഞു: “ഉമ്മാ, താങ്കൾ അല്ലാഹുവിന്റെ റസൂലിന് മറുപടി നൽകിയാലും”. ഉമ്മ പറഞ്ഞു: “അല്ലാഹുവാണെ സത്യം, എന്ത് മറുപടിയാണ് നൽകേണ്ടതെന്ന് എനിക്കറിയില്ല”. അവർ ഉപ്പയോട് പറഞ്ഞു: “ഉപ്പാ, താങ്കൾ അല്ലാഹുവിന്റെ റസൂലിന് മറുപടി നൽകിയാലും”. ഉപ്പ പറഞ്ഞു: “അല്ലാഹുവാണെ സത്യം, എന്റെ പക്കൽ ഒന്നുമില്ല”. ഈ അപവാദത്തിൽ നിന്ന് അവളെ രക്ഷിക്കാൻ ഭൂമിയിലുള്ള എല്ലാ കാരണങ്ങളും, സ്വന്തം മാതാപിതാക്കൾക്ക് പോലും സാധിക്കാത്ത വിധം മുറിഞ്ഞുപോയി.

​അപ്പോൾ ആഇശ رَضِيَ اللَّهُ عَنْهَا പറഞ്ഞു: “യൂസുഫ് നബിയുടെ പിതാവ് പറഞ്ഞത് മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്”. ഈ വിഷയത്തിൽ അല്ലാഹുവല്ലാതെ മറ്റാർക്കും തന്നെ രക്ഷിക്കാൻ സാധിക്കില്ല എന്ന് അവർക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. ഉടനെത്തന്നെ നബി ﷺ ക്ക് പ്രിയർപ്പ് അനുഭവപ്പെടുകയും അവിടുത്തെ മേൽ വഹ്‌യ് ഇറങ്ങുകയും ചെയ്തു. വഹ്‌യ് ഇറങ്ങിയ ശേഷം നബി ﷺഅറിയിച്ച അതിമഹത്തായ സന്തോഷവാർത്തകൾ നോക്കുക.

​ഒന്നാമതായി, അവിടുത്തെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി. ഇത് ആഇശ رَضِيَ اللَّهُ عَنْهَا ക്ക് എന്നതിനേക്കാൾ നബി ﷺ ക്കുള്ള സന്തോഷമായിരുന്നു, കാരണം അവർ അവിടുത്തെ പത്‌നിയും അഭിമാനവുമാണ്. തുടർന്ന് നബി ﷺ പറഞ്ഞു: “ആഇശ, സന്തോഷിച്ചുകൊള്ളുക”. രണ്ടാമതായി അവിടുന്ന് പറഞ്ഞു: “നിന്റെ മാതാവ് നിനക്ക് ജന്മം നൽകിയതിന് ശേഷം സൂര്യനുദിച്ച ഏറ്റവും ഉത്തമമായ ദിവസമാണിത്. അല്ലാഹു നിന്നെ കുറ്റവിമുക്തയാക്കി വചനം അവതരിപ്പിച്ചിരിക്കുന്നു.” തുടർന്ന് നബിﷺ ആയത്തുകൾ ഓതിക്കേൾപ്പിച്ചു. എപ്പോഴാണ് ഈ വചനം ഇറങ്ങിയത്? അവരുടെ ഹൃദയം അല്ലാഹുവുമായി മാത്രം ബന്ധിക്കപ്പെട്ടപ്പോൾ!

• ​രണ്ടാമത്തെ ആരാധന: പ്രാർത്ഥന (الدعاء)

​പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു മുസ്‌ലിമിനെ രക്ഷപ്പെടുത്തുന്ന ഏറ്റവുംമഹത്തായ കാര്യങ്ങളിലൊന്ന് പ്രവാചകൻ ﷺ പഠിപ്പിച്ചുതന്ന ഈ വിഷയമാണ്:

​مَنْ سَرَّهُ أَنْ يَسْتَجِيبَ اللَّهُ لَهُ عِنْدَ الشَّدَائِدِ وَالْكُرَبِ فَلْيُكْثِرِ الدُّعَاءَ فِي الرَّخَاءِ

“പ്രതിസന്ധികളുടെയും വിഷമങ്ങളുടെയും സമയത്ത് അല്ലാഹു തനിക്ക് ഉത്തരം നൽകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വേളകളിൽ പ്രാർത്ഥന വർദ്ധിപ്പിക്കട്ടെ.” [സുനൻ അത്തിർമിദി – 3382]

​അതിനാൽ, നീ നിന്റെ വീട്ടിൽ സുരക്ഷിതനായി, ആരോഗ്യവാനായി, നിനക്കും നിന്റെ കുട്ടികൾക്കും കഴിക്കാനുള്ള ഭക്ഷണവുമായി കഴിയുമ്പോൾ, രാവും പകലും രഹസ്യമായും പരസ്യമായും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. അങ്ങനെ നീ ചെയ്യുകയാണെങ്കിൽ, നിനക്കൊരു പ്രതിസന്ധിയോ പ്രയാസമോ വരുമ്പോൾ അല്ലാഹു ﷻനിന്നെ അറിയുകയും ആ പ്രയാസം നീക്കിത്തരുകയും ചെയ്യും. ബദ്‌ർ യുദ്ധത്തിന്റെ ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ നബി ﷺ യുടെ മാതൃക നോക്കുക.

​മുസ്‌ലിംകൾ കേവലം 300 പേർ മാത്രമായി, തങ്ങളുടെ വാളുകളുമായി പുറപ്പെട്ടു. അവർ പുറപ്പെട്ടത് 40-50 പേർ കാവൽ നിൽക്കുന്ന ഒരു കച്ചവട സംഘത്തെ തടയാനായിരുന്നു. എന്നാൽ അവിടെ ഖുറൈശികൾ തങ്ങളുടെ സർവ്വ സന്നാഹങ്ങളോടും ആയുധങ്ങളോടും അടിമകളോടും കൂടി നബി ﷺ യോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടുവന്നിരിക്കുന്നു. ബദ്‌റിന്റെ തലേദിവസം രാത്രി എല്ലാവരും ഉറങ്ങുകയായിരുന്നു; നബി ﷺയും അബൂബക്കർ رَضِيَ اللَّهُ عَنْهُ വും ഒഴികെ. അല്ലാഹുവിന്റെ വാഗ്ദാനം ലഭിച്ച, ആളുകൾ ദീനിലേക്ക് കടന്നുവരുമെന്ന് ഉറപ്പ് ലഭിച്ച നബി ﷺരാത്രി മുഴുവൻ നിന്ന് പ്രാർത്ഥിക്കുകയാണ്! എന്നിട്ടും അദ്ദേഹം ഭൗതികമായ കാരണങ്ങൾ സ്വീകരിച്ചു. അവിടുത്തെ തോളിൽ നിന്ന് തട്ടം താഴെ വീഴുന്നതുവരെ പ്രാർത്ഥിച്ചു. ഇത് കണ്ട അബൂബക്കർ رَضِيَاللَّهُ عَنْهُ വിന് വല്ലാത്ത സഹതാപം തോന്നി. അദ്ദേഹം ആ തട്ടം എടുത്തുനൽകിക്കൊണ്ട് പറഞ്ഞു: “താങ്കൾ അല്ലാഹുവിനോട് കേണപേക്ഷിച്ചത് മതിയാക്കുക, അല്ലാഹു താങ്കൾക്ക് നൽകിയ വാഗ്ദാനം പൂർത്തീകരിച്ചു തരുന്നതാണ്”. ആദം സന്തതികളുടെ നേതാവും പ്രവാചകൻമാരുടെ ഇമാമുമായ നബി ﷺ അല്ലാഹുവിലേക്ക് അഭയം പ്രാപിച്ചത് എങ്ങനെയെന്ന് നോക്കുക!

• ​മൂന്നാമത്തെ ആരാധന: നമസ്കാരവും മറ്റ് ആരാധനകളും (الصلاة والعبادة)

​അല്ലാഹുവിന്റെ വചനം:

​وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ

സഹനവും നമസ്കാരവും മുഖേന നിങ്ങൾ (അല്ലാഹുവിനോട്‌) സഹായം തേടുക. [അൽ ബഖറ – 45]

​നബി ﷺ പറഞ്ഞു:

​الْعِبَادَةُ فِي الْهَرْجِ كَهِجْرَةٍ إِلَيَّ

“ഫിത്‌നകളുടെയും കൊലപാതകങ്ങളുടെയും (ഹർജ്) കാലത്തുള്ള ആരാധന, എന്നിലേക്കുള്ള ഒരു ഹിജ്‌റ പോലെയാണ്.” [സ്വഹീഹ് മുസ്‌ലിം – 2948]

​വിജ്ഞാനവിദ്യാർത്ഥികൾ ശ്രദ്ധിക്കുക, ‘ആരാധന’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സ് പെട്ടെന്ന് നമസ്കാരത്തിലേക്കും നോമ്പിലേക്കുമാണ് പോകുക. എന്നാൽ അങ്ങനെയല്ല, അല്ലാഹു നിർബന്ധമാക്കിയ ഏതൊരു കാര്യവും ആരാധനയാണ്, അല്ലാഹു സുന്നത്താക്കിയ ഏതൊരു കാര്യവും ആരാധനയാണ്, അല്ലാഹു വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കലും ആരാധനയാണ്.

​ഫിത്‌നകളുടെ കാലത്തെ ആരാധനയെ ഹിജ്റയോട് പ്രവാചകൻ ﷺഉപമിച്ചതിന് പിന്നിൽ പണ്ഡിതന്മാർ കണ്ടെത്തിയ നിരവധി യുക്തികളുണ്ട്. നമ്മുടെ വിഷയത്തിൽ നിന്ന് അല്പം പുറത്താണെങ്കിലും, ആരാധനകൾ നിർവ്വഹിക്കാൻ മുസ്‌ലിംകൾക്ക് സഹായകമാകുമെന്നതിനാൽ അത് ചുരുക്കി ഞാൻ ഉണർത്തുന്നു:

1. ​അശ്രദ്ധയുടെ (غفلة) കാലത്തുള്ള ആരാധനകൾ മറ്റേത് കാലത്തുള്ള ആരാധനകളേക്കാളും മഹത്തായതാണ്. രാത്രി നമസ്കാരം (ഖിയാമുല്ലൈൽ) ഏറ്റവും വലിയ സുന്നത്തായതിന് കാരണം അതാണ്. ഫജ്ർ നമസ്കാരമാണ് ഏറ്റവും പ്രതിഫലാർഹമായ നമസ്കാരം. അതിലെ പ്രതിഫലം ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അവർ മുട്ടിലിഴഞ്ഞെങ്കിലും പള്ളിയിൽ വരുമായിരുന്നു. അതെന്തുകൊണ്ടാണ്? കാരണം അത് അശ്രദ്ധയുടെ സമയമാണ്. അശ്രദ്ധയുടെ സമയത്തുള്ള ആരാധനകൾക്ക് പ്രതിഫലം കൂടുതലായിരിക്കും.

2. ​ആരാധനകളിൽ മുഴുകുന്നവർക്ക് ഫിത്‌നകളുടെയുംപ്രതിസന്ധികളുടെയും സമയത്ത് അല്ലാഹു ﷻ തൗഫീഖ് (സൗഭാഗ്യം) നൽകും. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ പറയുന്നു:

​وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّىأُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُالَّتِي يَمْشِي بِهَا

“ഞാൻ എന്റെ അടിമയുടെ മേൽ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്കേറ്റവും പ്രിയപ്പെട്ട മറ്റൊന്നും മുഖേന അവൻ എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ ദാസൻ ഐച്ഛികമായ കർമ്മങ്ങളിലൂടെ (നവാഫിലുകൾ) എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും; ഞാൻ അവനെ സ്നേഹിക്കുന്നത് വരെ. അങ്ങനെ ഞാൻ അവനെ സ്നേഹിച്ചാൽ, അവൻ കേൾക്കുന്ന കാതും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കൈയ്യും അവൻ നടക്കുന്ന കാലും ഞാനാകും (അതായത് ഈ അവയവങ്ങളിലൂടെയുള്ള അവന്റെ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ പൊരുത്തത്തിലായിരിക്കും).” [സ്വഹീഹ് ബുഖാരി – 6502]

അവന്റെ കേൾവിയും കാഴ്ചയും നടത്തവും അല്ലാഹുവിന്റെ പൊരുത്തത്തിലായാൽ, പിന്നീട് അവന് എപ്പോഴും നന്മയിലേക്കുള്ള തൗഫീഖ് ലഭിക്കുന്നതാണ്.

3. നിരന്തരം ആരാധനകളിൽ മുഴുകിയാൽ അല്ലാഹുവിനെ അനുസരിക്കുന്ന അവസ്ഥയിൽ അവന് മരണപ്പെടാൻ സാധിക്കും. ഫിത്‌നകളുടെയും പരീക്ഷണങ്ങളുടെയും സമയത്ത് കൊലപാതകങ്ങൾ വർദ്ധിക്കുമെന്ന് തെളിവുകൾ വന്നിട്ടുണ്ട്. അങ്ങനെ ആരെങ്കിലും കൊല്ലപ്പെടാൻ അല്ലാഹു വിധിച്ചിട്ടുണ്ടെങ്കിൽ, അത് അവന് ഏറ്റവും നല്ലൊരു അന്ത്യമായിരിക്കും.

• ​നാലാമത്തെ ആരാധന: അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിക്കുക (حسن الظن بالله)

ഈ സംഭവവികാസങ്ങളിൽ നാം അല്ലാഹുവിനെ ആരാധിക്കേണ്ടഏറ്റവും മഹത്തായ മറ്റൊരു മാർഗ്ഗം അവനെക്കുറിച്ച് എപ്പോഴും നല്ലത്മാത്രം വിചാരിക്കുക എന്നതാണ്. നബി ﷺ തന്റെ മരണത്തിന് അഞ്ച് ദിവസം മുമ്പ് പറഞ്ഞതായി സ്വഹീഹ് മുസ്‌ലിമിൽ സ്ഥിരപ്പെട്ടിട്ടുണ്ട്:

​لَا يَمُوتَنَّ أَحَدُكُمْ إِلَّا وَهُوَ يُحْسِنُ بِاللَّهِ الظَّنَّ

“അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിക്കുന്നവനായിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിക്കരുത്.” [സ്വഹീഹ് മുസ്‌ലിം – 2877]

​വിജ്ഞാന വിദ്യാർത്തികൾക്ക് ഇവിടെയൊരു പാഠമുണ്ട്; നബി ﷺ തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് കൽപ്പിച്ചതും ശക്തമായി പിടിക്കാൻ പറഞ്ഞതുമായ ഏതു കാര്യവും വളരെ നിർണ്ണായകവും സുപ്രധാനവുമാണ്. മുൻഗാമികളായ പണ്ഡിതന്മാർ ഈ വലിയ പാഠം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ചിലപ്പോഴൊക്കെ സ്വഹാബികൾ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ ‘ഇത് നബി ﷺ തന്റെ ജീവിതത്തിന്റെ അവസാനത്തിൽ പറഞ്ഞതാണ്’ എന്ന് പ്രത്യേകം എടുത്തുപറയാറുണ്ടായിരുന്നു.

• ​അഞ്ചാമത്തെ ആരാധന: ശാന്തതയും ഗാംഭീര്യവും കാത്തുസൂക്ഷിക്കുക (السكينة والوقار)

​ഫിത്‌നകൾക്കും കിംവദന്തികൾക്കും പിന്നാലെ പോകാതെയും, അനാവശ്യമായി വാർത്തകൾ തിരയാതെയും ശാന്തതയും ഗാംഭീര്യവും കാത്തുസൂക്ഷിക്കുക എന്നത് ഒരു മുസ്‌ലിം നിർവ്വഹിക്കേണ്ട ആരാധനയാണ്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് ജരീർ ബിൻ അബ്ദില്ലാഹ് അൽ ബജലി رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസ് (ബുഖാരിയിലാണെന്ന് ഞാൻ കരുതുന്നു). ബസ്വറയുടെ അമീറായിരുന്ന മുഗീറ ബിൻ ശുഅബ رَضِيَ اللَّهُ عَنْهُ മരണപ്പെട്ടപ്പോൾ, സ്വഹാബികളുടെ ഫിഖ്ഹ് നിങ്ങൾ നോക്കുക, ജരീർ رَضِيَ اللَّهُ عَنْهُ ജനങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്ന് ഖുതുബ നിർവ്വഹിച്ചു. ആ നാടിന് അപ്പോൾ ഒരു അമീറില്ല, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമാകട്ടെ മദീനയിലുമാണ്. അദ്ദേഹം ജനങ്ങളോട് പറഞ്ഞു: “ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ ശാന്തതയും ഗാംഭീര്യവും കാത്തുസൂക്ഷിക്കുക”. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? കാരണം ഒരു അമീർ മരണപ്പെട്ട, പകരക്കാരനില്ലാത്ത ആ അവസ്ഥയിൽ ഫിത്‌നകളും കുഴപ്പങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ശാന്തത കൈക്കൊള്ളാൻ ആവശ്യപ്പെട്ടത്.

• ​ആറാമത്തെ ആരാധന: ജമാഅത്തിനെ മുറുകെപ്പിടിക്കലും ഭരണാധികാരികളെ അനുസരിക്കലും (لزوم الجماعة والسمع والطاعة)

​ഈ ഫിത്‌നകളുടെ കാലത്ത് ജമാഅത്തിനെ മുറുകെപ്പിടിക്കലും, അല്ലാഹു മുസ്‌ലിംകളുടെ ഭരണം ഏൽപ്പിച്ചവരെ കേൾക്കാനും അനുസരിക്കാനും തയ്യാറാകലും, അവർക്ക് വേണ്ടി പ്രാർത്ഥിക്കലും നമ്മുടെ ബാധ്യതയാണ്. അല്ലാഹുവാണെ സത്യം, ഒരു മുസ്‌ലിം തന്റെ ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അതിൽ വലിയ നന്മയുണ്ട്.

​ആരാധനയ്ക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നുംഅവനല്ലാതെ മറ്റൊരു രക്ഷിതാവുമില്ലെന്നും സത്യം ചെയ്തുകൊണ്ട്എന്റെ സഹോദരങ്ങളെ ഇതിലേക്ക് പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഞാൻപറയട്ടെ; സമൂഹത്തിലെ ചില വിഭാഗങ്ങളെ എന്റെ പ്രാർത്ഥനയിൽ ഞാൻ പ്രത്യേകം ഉൾപ്പെടുത്താറുണ്ട്; യാത്രയിലും നാട്ടിലായിരിക്കുമ്പോഴും, കരയിലും കടലിലും ആകാശത്തുവെച്ചും, കാടുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും വെച്ച് എന്റെ പ്രാർത്ഥനകളിൽ ഞാൻ അവരെ ഉൾപ്പെടുത്താറുണ്ട്. താഴെ പറയുന്നവരാണവർ:

1. ​ഭരണാധികാരികൾ

2. പണ്ഡിതന്മാർ

3. ​തൗഹീദിന്റെ നാട്ടിലെ സൈനികർ (പട്ടാളം, പോലീസ്, ട്രാഫിക്, സിവിൽ ഡിഫൻസ് മുതലായവ).

4. നാലാമത്തെ വിഭാഗം ന്യായാധിപന്മാർ (ഖാളിമാർ) ആണ്. കാരണം അവർ മുസ്‌ലിം സമൂഹത്തിന്റെ ഒരു സുപ്രധാന കോട്ടകാക്കുന്നവരാണ്.

5. അഞ്ചാമത്തെ വിഭാഗം നന്മ കൽപിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുന്നവരാണ്. അവരും ഒരു പ്രധാന കോട്ടകാക്കുന്നവരാണ്.

6. എന്റെ പ്രാർത്ഥനകളിലും സുജൂദുകളിലും ഞാൻ പ്രത്യേകംഉൾപ്പെടുത്തുന്ന ആറാമത്തെ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരാണ്(رجال الجمارك). കാരണം നമ്മുടെ നാടിന്റെയും നമ്മുടെ കരളിന്റെ കഷ്ണങ്ങളായ ആൺമക്കളുടെയും പെൺമക്കളുടെയും സംരക്ഷണത്തിന്റെ ഒന്നാമത്തെ പ്രതിരോധ നിര അവരാണ്.

​ഇമാം അൽ ബർബഹാരി رَحِمَهُ اللَّهُ യുടെ വാക്ക് എത്ര മനോഹരമാണ്! അദ്ദേഹം പറഞ്ഞു: “ഒരാൾ ഭരണാധികാരിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് നീ കണ്ടാൽ, അയാൾ സുന്നത്തിന്റെ ആളാണെന്ന് നീ മനസ്സിലാക്കുക. ഒരാൾ ഭരണാധികാരിക്ക് എതിരെ പ്രാർത്ഥിക്കുന്നത് നീ കണ്ടാൽ, അയാൾ ബിദ്അത്തിന്റെ ആളാണെന്ന് നീ മനസ്സിലാക്കുക.”

നാം അവർക്ക് വേണ്ടി നേർവഴിക്കും വിജയത്തിനും വേണ്ടിപ്രാർത്ഥിക്കുന്നു. അല്ലാഹുവാണെ സത്യം, ദുനിയാവിന്റെ യാതൊരു നേട്ടവും നാം അവരിൽ നിന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ പിരടികളിൽ അവർക്കുള്ള ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ഉണ്ട്. നാം അവർക്ക് വേണ്ടി സദാ പ്രാർത്ഥിക്കുന്നു. അവരിൽ നിന്ന് നമുക്ക് യാതൊരു ഭൗതിക ലാഭവും ലഭിച്ചില്ലെങ്കിലും അവർക്ക് വേണ്ടി നാം അല്ലാഹുവിനെ ഭയപ്പെടുന്നു.

• ​ഏഴാമത്തെ ആരാധന: ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള താക്കീത് (التحذير من نشرالإشاعات)

​അവസാനത്തെ കാര്യം ഇതാണ്; അല്ലാഹുവിന്റെ അടിമയേ, ജനങ്ങളെ ഭയപ്പെടുത്തുന്നതും അവരുടെ മനോവീര്യം തകർക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നീ കർശനമായി ജാഗ്രത പാലിക്കുക. ആ വാർത്തകൾ സത്യമാണെങ്കിൽ പോലും അത് ചെയ്യാതിരിക്കാൻ നീ ശ്രദ്ധിക്കുക! ഞാൻ ആവർത്തിക്കുന്നു: ജനങ്ങളുടെ മനോവീര്യം തകർക്കുന്ന, ഭയവും പരിഭ്രാന്തിയും പരത്തുന്ന വാർത്തകൾ അത് സത്യമാണെങ്കിൽ പോലും നീ പ്രചരിപ്പിക്കരുത്! അങ്ങനെയെങ്കിൽ, വെറും കിംവദന്തികളും (شائعات), സത്യത്തേക്കാളേറെ കളവുകൾ നിറഞ്ഞതും അതിശയോക്തി കലർന്നതുമായ വാർത്തകളുടെ അവസ്ഥ എന്തായിരിക്കും!

ഞാൻ അവസാനിപ്പിക്കുന്ന ഈ ഹദീസ് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. അഹ്സാബ് യുദ്ധവേളയിൽ ഇസ്‌ലാമിനെയും മുസ്‌ലിംകളെയുംവേരോടെ പിഴുതെറിയാൻ പതിനായിരം സായുധരായ സൈനികർമദീനയെ വളഞ്ഞു. ആ സമയത്ത്, കുരങ്ങുകളുടെയും പന്നികളുടെയും സഹോദരങ്ങളായ ബനൂ ഖുറൈളക്കാർ മദീനയുടെ പിൻഭാഗത്ത് നിന്ന് കരാർ ലംഘിച്ച് അഹ്സാബുകളോട് (ശത്രുസൈന്യം) ചേർന്നുവെന്ന വാർത്ത നബി ﷺ ക്ക് ലഭിച്ചു. അപ്പോൾ നബി ﷺ സഅദ് ബിൻ മുആദ്, സഅദ് ബിൻ   ഉബാദ رَضِيَ اللَّهُ عَنْهُمَا എന്നിവരെയും മറ്റ് രണ്ട് സ്വഹാബികളെയും അവിടേക്ക് അയച്ചുകൊണ്ട് പറഞ്ഞു: “എനിക്ക് ഇന്നയിന്ന കാര്യങ്ങൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്. നിങ്ങൾ പോയി ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കുക. വാർത്ത തെറ്റാണെങ്കിൽ നിങ്ങൾ ഉച്ചത്തിൽ വന്ന് പറയുക: ‘അല്ലാഹുവിന്റെ റസൂലേ, ആ വാർത്ത തെറ്റാണ്, ബനൂ ഖുറൈളക്കാർ നമ്മുടെ കൂടെത്തന്നെയുണ്ട്’.” എന്തുകൊണ്ടാണ് ഉച്ചത്തിൽ പറയാൻ പറഞ്ഞത്? കാരണം ആളുകൾക്കിടയിൽ ചില വാർത്തകൾ എത്തിയിട്ടുണ്ട്, അവർ വല്ലാത്ത ഭയത്തിലും പരിഭ്രാന്തിയിലുമാണ്. ഇസ്‌ലാമിനെ ഇല്ലാതാക്കാൻ പതിനായിരം പേർ വന്നിരിക്കുന്നു, അന്ന് മദീനയിലാകെ സ്ത്രീകളും കുട്ടികളുമൊഴികെ 700 മുതൽ 800 വരെ പോരാളികൾ മാത്രമേയുള്ളൂ.

​എന്നിട്ട് നബി ﷺ പറഞ്ഞു: “ഇനി വാർത്ത സത്യമാണെങ്കിലോ, നിങ്ങൾ എന്നോട് ആംഗ്യരൂപത്തിൽ മാത്രം സൂചിപ്പിക്കുക (لمحا ولا تصرحا). അത് പരസ്യമായി പറയരുത്.” അവർ പോയി അന്വേഷിച്ചപ്പോൾ ആ കുരങ്ങുകളുടെയും പന്നികളുടെയും സഹോദരങ്ങളുടെ ഭാഗത്ത് നിന്നുള്ള ആ വാർത്ത സത്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. അവർ തിരികെ വന്ന് നബി ﷺ യോട് സൂചനയായി പറഞ്ഞു: “വഞ്ചനയുടെ ദിനം (ഈ സംഭവത്തിന് റിപ്പോർട്ടുകളിൽ പല വാചകങ്ങളുമുണ്ട്)”. അപ്പോൾ നബി ﷺ ക്ക് കാര്യം മനസ്സിലായി.

​അല്ലാഹുവിന്റെ അടിമയേ, ജനങ്ങളുടെ മനോവീര്യം കെടുത്തുന്ന വാർത്തകൾ സത്യമാണെങ്കിൽ പോലും പ്രചരിപ്പിക്കുന്നതിനെ നീ സൂക്ഷിക്കുക! അപ്പോൾ പച്ചക്കള്ളങ്ങളായ വാർത്തകൾ പ്രചരിപ്പിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും? ഞാൻ എപ്പോഴും പറയാറുണ്ട്, ഇന്ന് തങ്ങളുടെ രാജ്യങ്ങളെ തകർക്കാൻ കൂട്ടുനിൽക്കുന്ന രണ്ട് വിഭാഗം ആളുകളുണ്ട്. അതിൽ ഒന്നാമത്തെ വിഭാഗം, കിംവദന്തികളും കള്ള വാർത്തകളും ഭീതിജനകമായ കാര്യങ്ങളും പ്രചരിപ്പിച്ച് പണം വാങ്ങുന്നവരാണ്. അവർ തങ്ങളുടെ നാടിനെ നശിപ്പിക്കുകയാണെന്ന് അവർക്ക് കൃത്യമായി അറിയാം, അതിനവർക്ക് പണം ലഭിക്കുന്നുമുണ്ട്. രണ്ടാമത്തെ വിഭാഗം, സ്വന്തം തലയിൽ നിന്ന് എന്താണ് പുറത്തുവരുന്നതെന്ന് പോലും അറിയാത്ത വിഡ്ഢികളാണ്. കിംവദന്തികളും കള്ളങ്ങളും ഭീതിജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നതിലൂടെ സ്വന്തം നാടിനെ നശിപ്പിക്കാൻ താനും കൂട്ടുനിൽക്കുകയാണെന്ന യാഥാർത്ഥ്യം അയാൾ അറിയുന്നില്ല.

ഉപസംഹാരം 

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമാണ് എനിക്ക് സാധിച്ചത്. ഈ പ്രഭാഷണത്തിലെ ചില ഭാഗങ്ങൾ നമ്മുടെ പ്രിയപ്പെട്ട സഹോദരൻശൈഖ് ഡോക്ടർ ഖാലിദ് അദ്ദഫീരിയുടെ മൂന്ന് പേജുകളുള്ള ഒരുലഘുലേഖയിൽ നിന്ന് ഞാൻ ഉൾക്കൊണ്ടതാണ്. അതിനോടൊപ്പംനമ്മുടെ മാന്യരായ ശൈഖുമാരിൽ നിന്ന് പഠിച്ച കാര്യങ്ങളും ഞാൻഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ വാക്കുകളിൽ എനിക്ക് യാതൊരുപങ്കുമില്ല; എനിക്ക് സാധ്യമായ രൂപത്തിൽ തെളിവുകൾ സഹിതം അവയെ ക്രമപ്പെടുത്തുകയും വിഷയങ്ങളായി തിരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഞാൻ ചെയ്തത്.

അൽഹംദുലില്ലാഹ്, അല്ലാഹു നിങ്ങൾക്ക് നന്മ നൽകി അനുഗ്രഹിക്കട്ടെ. നമുക്കും നിങ്ങൾക്കും അല്ലാഹു പ്രതിഫലം തടയാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ സഹോദരങ്ങളായ വിദ്യാർത്ഥികളോട് ഞാൻ എപ്പോഴും പറയാറുള്ളത് പോലെ, ഒരു മുസ്‌ലിമും ഇൽമിന്റെ സദസ്സുകളിൽ നിന്ന് വിട്ടുനിൽക്കാൻ പാടുള്ളതല്ല. ആ സദസ്സുകൾ മുതിർന്ന പണ്ഡിതന്മാരുടേതാകട്ടെ, അല്ലെങ്കിൽ വിദ്യാർത്ഥികളായ നമ്മുടെ മുതിർന്ന ശൈഖുമാരുടേതാകട്ടെ, അതുമല്ലെങ്കിൽ അറിവ് തേടുന്നതിൽ നിങ്ങളെക്കാൾ രണ്ടോ മൂന്നോ വർഷം മുന്നിലുള്ള നിങ്ങളുടെ ഒരു സുഹൃത്തിന്റേതാകട്ടെ – നമ്മുടെയും നിങ്ങളുടെയും അവസ്ഥ അതാണല്ലോ.

​ഒരു മുസ്‌ലിമും ഇത്തരം സദസ്സുകളിൽ നിന്ന് ഒരിക്കലും തന്നെത്തന്നെതടഞ്ഞുവെക്കരുത്. ഇത്തരം സദസ്സുകളിൽ നിന്ന് അവൻ സുന്നത്ത്പഠിക്കുകയും, ബിദ്അത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകപ്പെടുകയും ചെയ്യുന്നു. നമസ്കാരത്തിലൂടെയും സകാത്തിലൂടെയും നോമ്പിലൂടെയുമൊക്കെ അല്ലാഹുവിനെ ആരാധിക്കുന്നത് പോലെ, ഇത്തരം വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കുന്നതിലൂടെയും അവൻ അല്ലാഹുവിനെ ആരാധിക്കുകയാണ് ചെയ്യുന്നത്. അതുപോലെത്തന്നെ, ഇത്തരം സദസ്സുകളിൽ നബി ﷺ യുടെ പേര് പരാമർശിക്കപ്പെടുമ്പോൾ അവൻ അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുകയും, അങ്ങനെ ഒന്നിന് പകരമായി പത്ത് സ്വലാത്തുകൾ അല്ലാഹു ﷻ അവന്റെ മേൽ ചൊല്ലുകയും ചെയ്യുന്നു. ഈ വാക്കുകൾ കേൾക്കുന്നതിലൂടെ, അല്ലാഹു ﷻ നമ്മുടെ മേൽ നൂറോ അതിൽ കൂടുതലോ കുറവോ സ്വലാത്തുകൾ ചൊല്ലുക എന്നത് മാത്രമാണ് നമുക്ക് ലഭിക്കുന്നതെങ്കിൽ പോലും, കഅ്ബയുടെ രക്ഷിതാവാണെ സത്യം, അതൊരു മഹത്തായ നേട്ടം തന്നെയാണ്.

​നിങ്ങൾ ആത്മാർത്ഥമായ ഹൃദയത്തോടെ ‘ആമീൻ’ പറയുക: അത്യുന്നതനായ അല്ലാഹുവിനോട്, മഹത്തായ അർശിന്റെ രക്ഷിതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു; ഈ രാജ്യത്തിനും, പൊതുവായി ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ മറ്റ് സഹോദരങ്ങൾക്കും, അതുപോലെത്തന്നെ മറ്റ് മുസ്‌ലിം രാജ്യങ്ങൾക്കും സുരക്ഷയുടെയും സമാധാനത്തിന്റെയും അനുഗ്രഹം അവൻ പൂർണ്ണമാക്കി നൽകട്ടെ. നമ്മളിലോ നമ്മുടെ മുസ്‌ലിം സഹോദരങ്ങളിലോ വെറുക്കപ്പെടുന്ന യാതൊന്നും അവൻ കാണിക്കാതിരിക്കട്ടെ.

​അല്ലാഹു ﷻ തനിക്ക് സ്വയം നാമകരണം ചെയ്തതോ, തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചതോ, തന്റെ സൃഷ്ടികളിൽ ആർക്കെങ്കിലും പഠിപ്പിച്ചു കൊടുത്തതോ ആയ മഹത്തായ മുഴുവൻ നാമങ്ങൾ കൊണ്ടും അവനോട് നാം ചോദിക്കുന്നു; ജൂതന്മാർ, ക്രിസ്ത്യാനികൾ, നിരീശ്വരവാദികൾ, മജൂസുകളായ റാഫിളികൾ തുടങ്ങിയ ദുഷ്ടന്മാരുടെ ഉപദ്രവങ്ങളിൽ നിന്ന് അവൻ നമ്മെ കാത്തുരക്ഷിക്കട്ടെ.

​ഞങ്ങളുടെ അവസാനത്തെ പ്രാർത്ഥന, സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും എന്നതാണ്. പ്രവാചകന്മാർക്ക് മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ. അല്ലാഹു നിങ്ങൾക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ.

Share This Article
Leave a Comment