ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം
നമ്മുടെ മേൽ പണ്ഡിതന്മാർക്കുള്ള അവകാശങ്ങളിൽ അവരുടെ വിദ്യാർത്ഥികൾ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണ്ഡിതന്മാരോടുള്ള തന്റെ അങ്ങേയറ്റത്തെ വിനയത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ ഇമാം ശാഫിഇ رَحِمَهُ اللَّهُ ഇപ്രകാരം പറയുകയുണ്ടായി: “ഞാൻ അവർക്ക് മുന്നിൽ എന്നെത്തന്നെ താഴ്ത്തുന്നു; അപ്പോൾ അവർ എന്നെ ആദരിക്കുന്നു. സ്വയം വിനയം കാണിക്കാത്തവർ ഒരിക്കലും ആദരിക്കപ്പെടുകയില്ല.” ഇമാം അഹ്മദ് رَحِمَهُ اللَّهُ പറയുന്നു: “നാം ആരിൽ നിന്നാണോ അറിവ് പഠിക്കുന്നത് അവരോട് വിനയം കാണിക്കാൻ നാം കൽപ്പിക്കപ്പെട്ടിരിക്കുന്നു.” അപ്പോൾ ഒരു പണ്ഡിതന് നമ്മുടെ മേലുള്ള അവകാശങ്ങളിൽ പെട്ടതാണ് നാം അദ്ദേഹത്തോട് വിനയം കാണിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്.
പണ്ഡിതന്മാരുടെ അവകാശങ്ങളിൽ വളരെ സുപ്രധാനമായ മറ്റൊരു കാര്യമാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക എന്നത്. അബൂ ഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി സുനനുത്തിർമിദിയിൽ വന്നിട്ടുണ്ട്:
إِنَّ اللَّهَ وَمَلَائِكَتَهُ وَأَهْلَ السَّمَوَاتِ وَالْأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
“തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും, ആകാശഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പും മത്സ്യവും വരെ ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന് വേണ്ടി പ്രാർത്ഥിക്കുന്നു.”
ഇതിലെ പ്രാർത്ഥിക്കുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവർക്ക് വേണ്ടി അല്ലാഹുവിനോട് ചോദിക്കുന്നു എന്നാണ്. അതുപോലെ മറ്റൊരു ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
وَمَن صَنَعَ إِلَيْكُم مَعْرُوفاً فَكَافِئُوهُ، فَإِنْ لَم تَجِدُوا ما تُكَافِئُوه بِهِ فَادْعُوا لَهُ حَتّى تَرَوْا أَنّكُم قَدْ كَافأْتُموهُ
“ആരെങ്കിലും നിങ്ങൾക്ക് ഒരു ഉപകാരം ചെയ്താൽ അവന് നിങ്ങൾ പ്രത്യുപകാരം ചെയ്യുക. ഇനി അവന് നൽകാൻ നിങ്ങൾക്ക് യാതൊന്നും ലഭിച്ചില്ലെങ്കിൽ, നിങ്ങൾ അവന് പ്രത്യുപകാരം ചെയ്തുവെന്ന് നിങ്ങൾക്ക് ബോധ്യമാകുന്നത് വരെ അവനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക.”
ദീനിലും ദുനിയാവിലും നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ പഠിപ്പിച്ചുതരുന്ന ഒരു പണ്ഡിതന്റെ ഉപകാരത്തേക്കാൾ വലിയ എന്ത് ഉപകാരമാണ് ഈ ദുനിയാവിൽ നമുക്കുള്ളത്!
അവരുടെ അവകാശങ്ങളെക്കുറിച്ച് അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് വന്നതായി ഇബ്‌നു ജമാഅയും അദ്ദേഹത്തിന് മുമ്പ് ഇബ്‌നു അബ്ദിൽ ബർറും ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: “ഒരു പണ്ഡിതന് നിന്റെ മേലുള്ള അവകാശങ്ങളിൽ പെട്ടതാണ് നീ ആളുകൾക്ക് പൊതുവായി സലാം പറയുകയും അദ്ദേഹത്തിന് പ്രത്യേകമായി അഭിവാദ്യം അർപ്പിക്കുകയും ചെയ്യുക എന്നത്. അദ്ദേഹത്തിന് മുന്നിലായിരിക്കണം നീ ഇരിക്കേണ്ടത്. അദ്ദേഹത്തിന് നേരെ നീ കൈ ചൂണ്ടരുത്. നിന്റെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കരുത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിപരീതമായി ഇന്നയാൾ ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ എന്ന് നീ പറയരുത്. അദ്ദേഹത്തിന്റെ സദസ്സിൽ വെച്ച് ആരെക്കുറിച്ചും നീ പരദൂഷണം പറയരുത്. അദ്ദേഹത്തിന്റെ വീഴ്ചകൾ നീ അന്വേഷിച്ചു നടക്കരുത്. ഇനി അദ്ദേഹത്തിന് എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ അദ്ദേഹത്തിന്റെ ഒഴികഴിവ് നീ സ്വീകരിക്കണം. അല്ലാഹുവിന് വേണ്ടി നീ അദ്ദേഹത്തെ ആദരിക്കണം. അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് നിർവ്വഹിച്ചുകൊടുക്കാൻ മറ്റുള്ളവരേക്കാൾ മുൻപന്തിയിൽ നീ ഉണ്ടാകണം. അദ്ദേഹത്തിന്റെ സദസ്സിൽ വെച്ച് നീ രഹസ്യം പറയരുത്. അദ്ദേഹത്തിന്റെ വസ്ത്രത്തിൽ നീ പിടിക്കരുത്. അദ്ദേഹത്തിന് ക്ഷീണം തോന്നുമ്പോൾ നീ അദ്ദേഹത്തെ നിർബന്ധിക്കരുത്. അദ്ദേഹവുമായുള്ള സഹവാസത്തിന്റെ ദൈർഘ്യത്തിൽ നിനക്ക് മതിവരരുത്. കാരണം എപ്പോഴാണ് അതിൽ നിന്ന് തനിക്ക് എന്തെങ്കിലും വീണുകിട്ടുക എന്ന് കാത്തിരിക്കുന്ന ഒരു ഈന്തപ്പനയെപ്പോലെയാണ് അദ്ദേഹം.”
ഈ ഉപദേശത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. നമ്മുടെ മേൽ പണ്ഡിതന്മാർക്കുള്ള അവകാശങ്ങളിൽ ചിലത് മാത്രമാണിത്. അത്തരം അവകാശങ്ങൾ നിരവധിയുണ്ട്. അവ പ്രാവർത്തികമാക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ഈ അവകാശങ്ങൾ നാം പൂർത്തീകരിക്കുമ്പോൾ അവരോടുള്ള നമ്മുടെ ബാധ്യത നാം നിറവേറ്റുകയാണ് ചെയ്യുന്നത്. അതോടൊപ്പം അവരുടെ അറിവുകളും വിജ്ഞാനങ്ങളും നമുക്ക് കൂടുതലായി പകർന്നുനൽകാനുള്ള ഒരു അനുകൂല സാഹചര്യം നാം അവർക്ക് ഒരുക്കിക്കൊടുക്കുക കൂടിയാണ് ചെയ്യുന്നത്.
അതുകൊണ്ടാണ് ഇബ്‌നു ജുറൈജ് ഇപ്രകാരം പറഞ്ഞത്: “അതാഇൽ നിന്ന് ഞാൻ നേടിയെടുത്ത അറിവുകളൊന്നും അദ്ദേഹത്തോടുള്ള എന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടല്ലാതെ എനിക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.” ഒരു പണ്ഡിതനോടുള്ള നല്ല പെരുമാറ്റം അദ്ദേഹത്തിന്റെ ഹൃദയത്തെ വിശാലമാക്കുകയും അത് അദ്ദേഹത്തിന്റെ വിജ്ഞാനപ്രദാനത്തിൽ പ്രതിഫലിക്കുകയും ചെയ്യും. അങ്ങനെ ഫലപ്രദവും മികച്ചതുമായ അറിവ് അദ്ദേഹം നൽകും. എന്നാൽ അദ്ദേഹത്തോടുള്ള മോശമായ പെരുമാറ്റമോ അദബില്ലായ്മയോ അദ്ദേഹം അറിവ് പകർന്നുനൽകുന്നതിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് ഇമാം സുഹ്‌രി ഇപ്രകാരം പറഞ്ഞത്: “സലമ ഇബ്‌നു അബ്ബാസുമായി തർക്കിക്കുമായിരുന്നു; അതുകാരണം വലിയൊരു അറിവ് അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.”1
- മൻ ഹുമുൽ ഉലമാഅ്? ↩︎

