പണ്ഡിതന്മാരും രാഷ്ട്രീയ ഇടപെടലുകളും

2 Min Read

ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം

സ്വന്തം ദേഹേച്ഛകളിൽ നിന്ന് മുക്തരായ ആളുകൾ ഒരിക്കലും കടന്നുചെല്ലാത്ത മറ്റൊരു വശത്തുകൂടി ചില ആളുകൾ പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്താൻ മുതിരുന്നത് വളരെ അത്ഭുതകരമാണ്. പണ്ഡിതന്മാർ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഒരാൾ അവരെ അപകീർത്തിപ്പെടുത്തുന്നതെങ്കിൽ, അയാൾ ഉദാഹരണമായി ഇപ്രകാരം പറഞ്ഞേക്കാം: “ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമുള്ളതും സമുദായത്തിന്റെ താല്പര്യങ്ങളുമായി ബന്ധപ്പെട്ടതുമായ അവരുടെ രാഷ്ട്രീയ വിഷയങ്ങൾ വിശദീകരിച്ചുകൊടുക്കുന്നില്ലെങ്കിൽ പിന്നെ ഒരു പണ്ഡിതന്റെ സ്ഥാനമെന്താണ്?”

എന്നാൽ പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്തുന്ന ഈ പ്രസ്താവനയിൽ അയാൾ ഒട്ടും ശരിയല്ല പ്രവർത്തിച്ചിട്ടുള്ളത്. കാരണം, മതനിയമങ്ങൾ കൊണ്ടുവരികയും വിശദീകരിക്കുകയും പ്രമാണങ്ങൾ സംസാരിക്കുകയും ചെയ്തിട്ടുള്ള മതപരമായ രാഷ്ട്രീയത്തെക്കുറിച്ച് പണ്ഡിതന്മാർ ഗ്രന്ഥങ്ങൾ രചിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മതപരമായി അവരിൽ നിന്ന് ആവശ്യപ്പെടുന്നതും അതാണ്.

എന്നാൽ ഇന്ന സ്ഥലത്ത് യുദ്ധം നടന്നു, കാബൂൾ നഗരം കമ്മ്യൂണിസ്റ്റുകളുടെ കൈകളിൽ നിന്നും മുശ്‌രിക്കുകളുടെ കൈകളിലേക്ക് വീണു, ഇന്ന വ്യക്തി ജയിലിലടക്കപ്പെട്ടു, ഇന്നയാൾ അറസ്റ്റ് ചെയ്യപ്പെട്ടു തുടങ്ങിയ ആധുനിക അർത്ഥത്തിലുള്ള രാഷ്ട്രീയ വാർത്തകൾ വിശദീകരിക്കലാണ് അയാൾ ഉദ്ദേശിക്കുന്നതെങ്കിൽ, അത് പണ്ഡിതന്മാരിൽ നിന്ന് ആവശ്യപ്പെടേണ്ട അവരുടെ ബാധ്യതയല്ല. മറിച്ച്, സമൂഹത്തിൽ ഉയർന്നുവരുന്നതോ സംഭവിക്കുന്നതോ ആയ എല്ലാ വിഷയങ്ങളിലുമുള്ള മതപരമായ വിധികൾ വിശദീകരിക്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആ വിഷയങ്ങളിലെ മതപരമായ വിധി എന്താണെന്ന് വ്യക്തമാക്കുക എന്നതാണ് അവരുടെ ബാധ്യത.

അതുകൊണ്ടുതന്നെ, ഇമാം അഹ്‌മദോ, ഇബ്‌നു തൈമിയ്യയോ, ഇബ്‌നുൽ ഖയ്യിമോ, ഇബ്‌നു അബ്ദിൽ വഹ്ഹാബോ ഇത്തരം രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് താങ്കൾക്ക് കാണാൻ കഴിയുമോ? സുഡാനിലെ അവസ്ഥകളെക്കുറിച്ചോ, ബോസ്നിയ-ഹെർസഗോവിനയിലെ കാര്യങ്ങളെക്കുറിച്ചോ ഒക്കെ അവർ സംസാരിക്കുമോ? ഇല്ല; കാരണം, പൊതുവേ ഇത്തരം കാര്യങ്ങൾ ഭരണാധികാരിയുടെയോ അല്ലെങ്കിൽ അതിനായി അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയും ബാധ്യതയാണ്.

കൂടുതൽ കൃത്യമായി പറയുകയാണെങ്കിൽ: ഈ സമുദായത്തിലെ ഭൂരിഭാഗം പണ്ഡിതന്മാരും, അതെ, അവരിൽ മഹാഭൂരിപക്ഷവും ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല എന്നതാണ് യാഥാർത്ഥ്യം. ഇനി ഇതിനുള്ള തെളിവെന്താണെന്ന് താങ്കൾ ചോദിക്കുകയാണെങ്കിൽ, അവരുടെ ഗ്രന്ഥങ്ങൾ തന്നെ അത് വ്യക്തമാക്കുന്നുണ്ട്.

അതെ, അവർ ജനങ്ങളെ ജിഹാദിനും ധർമ്മം ചെയ്യുന്നതിനും അത്തരം മറ്റ് കാര്യങ്ങൾക്കും പ്രേരിപ്പിക്കാറുണ്ട്. എന്നാൽ പണ്ഡിതന്മാർ ഒരു വാർത്താ ഏജൻസിയായി മാറുക എന്നതിൽ നിന്ന് നാം അവരെ പരിശുദ്ധരാക്കേണ്ടതുണ്ട്. നമ്മുടെ പണ്ഡിതന്മാർ رَحِمَهُمُ اللَّهُ ഭരണകൂടത്തിന്റെ നിയമസാധുതയിലും, അവർക്ക് കീഴൊതുങ്ങുകയും അവരെ അനുസരിക്കുകയും ചെയ്യേണ്ടതിന്റെ നിർബന്ധകതയിലും വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ളതുകൊണ്ട് തന്നെ, ഈ കാര്യങ്ങളെല്ലാം പൊതുവെ ഭരണാധികാരികളുടെ അവകാശങ്ങളിൽ പെട്ടതാണെന്ന് അവർക്ക് കൃത്യമായി അറിയാം. അതിനാൽ അവർ അതിൽ ഇടപെടാറില്ല.

എന്നാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടുകയും, പണ്ഡിതന്മാർ അതിനെക്കുറിച്ച് സംസാരിച്ചില്ലെങ്കിൽ അവരെ വിമർശിക്കുകയും ചെയ്യുന്നവരോ, അല്ലെങ്കിൽ പണ്ഡിതന്മാർക്കും വിജ്ഞാനാന്വേഷികൾക്കും അത് നിർബന്ധമാണെന്ന് വാദിച്ചുകൊണ്ട് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട മതപരമായ വിജ്ഞാനങ്ങളോട് അതിനെ കൂട്ടിച്ചേർക്കുന്നവരോ ആരായാലും; അയാൾ കുഴപ്പത്തിലകപ്പെട്ട ദുരുദ്ദേശക്കാരനായ ഒരു വ്യക്തിയോ, അല്ലെങ്കിൽ അങ്ങേയറ്റം വിവരദോഷിയോ ആണ്.1

  1. മൻ ഹുമുൽ ഉലമാഅ്? ↩︎
Share This Article
Leave a Comment