സ്വഹാബത്തിൽ നിന്നുള്ള സന്ദേശങ്ങൾ

30 Min Read
ഉള്ളടക്കം
താങ്കൾക്ക് ശേഷം ഞങ്ങൾ ജീവിച്ചിരിക്കുമോ?!അതുകണ്ട് യത്തീമായ കുട്ടി കരയുംഎന്തിനാണ് താങ്കളെ ഞാൻ എന്റെയടുത്ത് തടഞ്ഞുവെച്ചതെന്ന് അറിയാമോ?!നിന്റെ വെറുപ്പ് നാശത്തിന് കാരണമാകരുത്മടുപ്പ് കാണിക്കുന്നത് ദുഃസ്വഭാവത്തിൽ പെട്ടതാണ്!ജനങ്ങളിൽ ഏറ്റവും കൂടുതൽ തമാശ പറയുന്നവർനിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് നീ വിട്ടുനിൽക്കുക!അതു കണ്ടപ്പോൾ അദ്ദേഹം കരഞ്ഞുജനങ്ങളെ ഉപദ്രവിക്കാതിരിക്കുകഉമറിനോടുള്ള ലജ്ജ കാരണം!നന്മ എന്നത് ഒരു ശീലമാണ്എനിക്ക് വേണ്ടത് തന്നെയാകുന്നു…താങ്കൾ സുരക്ഷിതനാണെങ്കിൽ എനിക്കൊന്നിലും സങ്കടമില്ലനാളെ എന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ച് നീ എന്നോട് തർക്കിക്കരുത്!അദ്ദേഹത്തിന്റെ കണ്ണുനീർ ഒഴുകുന്നതുവരെഅദ്ദേഹം അത് തന്റെ മുതുകിൽ ചുമന്നുകൊണ്ടുപോയിരണ്ട് ജോലികൾ ഒരുമിച്ച് നൽകുന്നത് ഞങ്ങൾ വെറുത്തുഅതുകൊണ്ട് ഹൃദയം വിനയാന്വിതമാകുംതാങ്കളെ കരയിപ്പിച്ചതെന്താണ്?!നീ എന്തിനാണ് ഈത്തപ്പനയ്ക്ക് നേരെ കല്ലെറിയുന്നത്?!മുസ്‌ലിംകൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യത്തെ ഞാൻ വെറുത്തുപോയി!അവരനുഭവിച്ച കടുത്ത അധ്വാനം കാരണം!സ്വർഗ്ഗമല്ലാത്ത മറ്റെന്തെങ്കിലുമായിരുന്നെങ്കിൽമെലിഞ്ഞ ശരീരം, എന്നാൽ അറിവുകൊണ്ട് നിറഞ്ഞിരിക്കുന്നുനിന്റെ സഹോദരൻ നിന്നെ ക്ഷണിക്കുകയും നിനക്ക് വേണ്ടി ബുദ്ധിമുട്ടുകയും ചെയ്തുക്ഷമാപണം നടത്തേണ്ടി വരുന്ന വാക്കും പ്രവൃത്തിയും നീ സൂക്ഷിക്കുക!നീ ആഗ്രഹിക്കുന്നതെല്ലാം നീ വാങ്ങാറുണ്ടോ?!താങ്കളുടെ ചിറക് എനിക്കായി താഴ്ത്തിത്തരിക!ക്ഷണം സ്വീകരിക്കാൻ ഞാൻ ആഗ്രഹിച്ചുആർത്തി ദാരിദ്ര്യമാണ്സൈന്യങ്ങളെപ്പോലെ അണിനിരത്തപ്പെട്ടവയാണ്

അദ്ഹം ശർഖാവി

താങ്കൾക്ക് ശേഷം ഞങ്ങൾ ജീവിച്ചിരിക്കുമോ?!

മുഅത്തഅ് ഇമാം മാലികിൽ ഇപ്രകാരം കാണാം: നബി ﷺ തന്റെ സ്വഹാബത്തിനോട് പറഞ്ഞു:

«لا أدري ما تُحدثُونَ بعدي»

“എനിക്ക് ശേഷം നിങ്ങള്‍ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ഉണ്ടാക്കുകയെന്ന് എനിക്കറിയില്ല.”

അപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ കരഞ്ഞു. അദ്ദേഹം വീണ്ടും കരഞ്ഞു. ശേഷം അദ്ദേഹം ചോദിച്ചു: “താങ്കൾക്ക് ശേഷം ഞങ്ങൾ ജീവിച്ചിരിക്കുമോ?!”1

  • ഞങ്ങളുടെ നേതാവേ, ഞങ്ങളുടെ മാതൃകാവ്യക്തിത്വമേ, ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുന്നവരോ, ഞങ്ങളുടെ ശിരസ്സിലെ കിരീടമേ, താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • താങ്കൾ ജനിച്ച ദിവസവും, മരണപ്പെട്ട ദിവസവും, ലോകർക്കാകമാനം നേതാവായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസവും താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • നമുക്കൊരു ദീൻ ഉണ്ടാകുന്നതിന് വേണ്ടി, അബൂത്വാലിബ് താഴ്‌വരയിൽ വെച്ച് വിശന്നുപൊരിഞ്ഞ താങ്കളുടെ വയറിന്മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • നമുക്കൊരു വിശ്വാസപ്രമാണം ഉണ്ടാകുന്നതിന് വേണ്ടി ത്വാഇഫിലും ഉഹ്ദിലും വെച്ച് രക്തം ചിന്തിയ താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • നമുക്കൊരു പ്രതാപവും ഇസ്ലാമിക രാഷ്ട്രവും ഉണ്ടാകുന്നതിന് വേണ്ടി ഹിജ്റയുടെ വേളയിൽ താങ്കളൊഴുക്കിയ കണ്ണുനീരിന്മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • “എന്റെ സമുദായമേ, എന്റെ സമുദായമേ” എന്ന് പ്രാർഥിച്ചുകൊണ്ട് ഒരു രാത്രി മുഴുവൻ നിന്ന് നമസ്കരിച്ചതിന്റെ ഫലമായി നീരുവന്ന താങ്കളുടെ പാദങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • താങ്കളുടെ സമുദായത്തിന്റെ കാര്യത്തിൽ നാം താങ്കളെ തൃപ്തിപ്പെടുത്തും എന്ന അല്ലാഹുവിന്റെ വാഗ്ദാനവുമായി ജിബ്‌രീൽ عَلَيْهِ السَّلَام ഇറങ്ങിവരുന്നതുവരെ മനസ്സമാധാനം ലഭിക്കാതിരുന്ന താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
  • താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നു, താങ്കളെ സ്നേഹിക്കുന്നവരെയും ഞങ്ങൾ സ്നേഹിക്കുന്നു.
  • താങ്കളെ ഭൗതിക ലോകത്ത് വെച്ച് കാണാൻ കഴിയാത്തതിലുള്ള ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസം, നാളെ ഹൗളുൽ കൗസറിന്റെ അരികിൽ വെച്ച് താങ്കളുമായി സന്ധിക്കാമല്ലോ എന്നതാണ്.

അതുകണ്ട് യത്തീമായ കുട്ടി കരയും

ഇമാം അഹ്മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ രചിച്ച ‘കിതാബുസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: ഒരാൾ തന്റെ കുട്ടിക്ക് എന്തെങ്കിലും ഒരു വസ്തു നൽകുകയും, ആ കുട്ടി അതുമായി പുറത്തുപോകുമ്പോൾ ദരിദ്രനായ മറ്റൊരു കുട്ടി അത് കണ്ട് തന്റെ വീട്ടുകാരെ ഓർത്ത് കരയാനും, അല്ലെങ്കിൽ അനാഥനായ ഒരു കുട്ടി അത് കണ്ട് തന്റെ വീട്ടുകാരെ ഓർത്ത് കരയാനുമുള്ള സാഹചര്യം ഉണ്ടാകുന്നത് സ്വഹാബത്ത് കഠിനമായി വെറുത്തിരുന്നു.

  • അനുഗ്രഹങ്ങൾ നിഷേധിക്കപ്പെട്ടവരുടെ മുന്നിൽ വെച്ച് അതിനെക്കുറിച്ച് അഹങ്കാരം നടിക്കാതിരിക്കുക എന്നത് അനുഗ്രഹങ്ങളോടുള്ള മര്യാദകളിൽ പെട്ടതാണ്!
  • മക്കളില്ലാത്തവരുടെ മുന്നിൽ വെച്ച് നിങ്ങളുടെ മക്കളെക്കുറിച്ചുള്ള സംസാരം അധികരിപ്പിക്കരുത്.
  • ദരിദ്രന്റെ മുന്നിൽ വെച്ച് നിങ്ങളുടെ സമ്പത്തിനെക്കുറിച്ചുള്ള സംസാരം അധികരിപ്പിക്കരുത്.
  • രോഗിയുടെ മുന്നിൽ വെച്ച് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സംസാരം അധികരിപ്പിക്കരുത്.
  • ജനങ്ങൾ അവരുടെ പോരായ്മകളുമായി പൊരുത്തപ്പെട്ടുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. എന്നാൽ അവരുടെ മുറിവുകളിൽ ഉപ്പുപുരട്ടുക എന്നത് തികഞ്ഞ നീചത്വമാണ്.

എന്തിനാണ് താങ്കളെ ഞാൻ എന്റെയടുത്ത് തടഞ്ഞുവെച്ചതെന്ന് അറിയാമോ?!

അഹ്നഫ് ബിൻ ഖൈസ് ബസറയിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഉമർ ബിൻ ഖത്താബിന്റെ رَضِيَ اللَّهُ عَنْهُ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും, ദീനീബോധവും, സൽസ്വഭാവവും ഉമർ رَضِيَ اللَّهُ عَنْهُ കണ്ടറിഞ്ഞു. തുടർന്ന് ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ ഒരു വർഷക്കാലം തന്റെയടുത്ത് നിർത്തി. പിന്നീട് അദ്ദേഹത്തെ വിളിപ്പിച്ചു ചോദിച്ചു: “ഹേ അഹ്നഫ്, എന്തിനാണ് താങ്കളെ ഞാൻ എന്റെയടുത്ത് തടഞ്ഞുവെച്ചതെന്ന് അറിയാമോ?!” അദ്ദേഹം പറഞ്ഞു: “ഇല്ല, അമീറുൽ മുഅ്മിനീൻ.” അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞു: “വിവരമുള്ള (സംസാരശേഷിയുള്ള) എല്ലാ കപടവിശ്വാസികളെയും കുറിച്ച് നബി ﷺ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താങ്കളും അവരിൽ പെട്ടവനാണോ എന്ന് ഞാൻ ഭയപ്പെട്ടു.” തുടർന്ന് ബസറയിലെ തന്റെ ഗവർണർക്ക് അദ്ദേഹത്തെക്കുറിച്ച് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തുകൊണ്ട് അദ്ദേഹം ഒരു കത്തെഴുതി: “അഹ്നഫ് ബസറക്കാരുടെ നേതാവാകുന്നു.”

  • ആദ്യത്തെ മതിപ്പ് പ്രധാനപ്പെട്ടതാണ്, എന്നാൽ അത് മനസ്സിലാക്കിവെക്കുക, അപ്പടി ഉടൻ തന്നെ അതിനെ പിന്തുടരരുത്.
  • ആദ്യകാഴ്ച ആകർഷകമായതിനാൽ അത് വിശ്വസിച്ചതിന്റെ പേരിൽ നമ്മളിൽ പലർക്കും അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്.
  • പിന്നീട് നാം അവരുമായി ഇടപഴകിയപ്പോൾ, ആദ്യത്തെ ആ അത്ഭുതം മാത്രം നിലനിർത്തിക്കൊണ്ട് നമ്മൾ അവരോട് അടുക്കാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോയിട്ടുണ്ട്.
  • ആകർഷണം തോന്നുന്ന ആദ്യ നിമിഷത്തിൽ തന്നെ നിങ്ങൾ എടുത്തുചാടരുത്.
  • എന്റെ സുഹൃത്തേ, അല്പം സാവകാശം കാണിക്കൂ. പലപ്പോഴും കടുത്ത പൊള്ളലുകൾക്ക് കാരണം ആദ്യ നിമിഷങ്ങളിലെ തിടുക്കമായിരുന്നു.

നിന്റെ വെറുപ്പ് നാശത്തിന് കാരണമാകരുത്

ഇമാം ബുഖാരി رَحِمَهُ اللَّهُ രചിച്ച ‘അൽ അദബുൽ മുഫ്റദ്’ എന്ന ഗ്രന്ഥത്തിൽ ഉമർ ബിൻ ഖത്താബ് رَضِيَ اللَّهُ عَنْهُ പറഞ്ഞതായി കാണാം: “നിന്റെ സ്നേഹം അന്ധമാകരുത്, നിന്റെ വെറുപ്പ് നാശത്തിന് കാരണമാകുകയുമരുത്!”

  • നീ സ്നേഹിക്കുകയാണെങ്കിൽ നിന്റെ യുക്തി മുഴുവനായും മാറ്റിവെക്കരുത്, കാരണം ഹൃദയങ്ങൾ മാറിക്കൊണ്ടിരിക്കും.
  • അതുപോലെ നിന്റെ ജാഗ്രത മുഴുവനായും ഉപേക്ഷിക്കരുത്, കാരണം ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നിടത്ത് നിന്നായിരിക്കും പലപ്പോഴും ആളുകൾക്ക് പ്രഹരമേൽക്കുന്നത്.
  • പത്ത് വിരലുകളും മെഴുകുതിരിയായി കത്തിച്ചുകൊടുത്ത പലർക്കും, പിന്നീട് ഖേദം കാരണം കടിച്ചുവിരൽ മുറിക്കാൻ ഒരു വിരൽ പോലും ബാക്കിയുണ്ടായിരുന്നില്ല.
  • നീ വെറുക്കുകയാണെങ്കിൽ, ഭാവിയിൽ ഒത്തുതീർപ്പിനുള്ള ഒരു വഴി ബാക്കിയാക്കുക; കാരണം നിലപാടുകൾ മാറിയേക്കാം.
  • പിണങ്ങിയ സമയത്ത് വഴിയിൽ മുഴുവൻ മുള്ളുകൾ വാരിവിതറുകയും, പിന്നീട് അതേ വഴിയിലൂടെ ചെരുപ്പില്ലാതെ നടക്കേണ്ടി വരികയും ചെയ്തവർ നിരവധിയാണ്.
  • ബന്ധങ്ങളുടെ എല്ലാ പാലങ്ങളും നിങ്ങൾ തകർക്കരുത്, എന്നെങ്കിലുമൊരിക്കൽ നിങ്ങൾക്ക് അവയിലൊന്ന് ആവശ്യമായി വന്നേക്കാം.
  • മതിലുകളുടെ ഉയരം അമിതമായി വർദ്ധിപ്പിക്കരുത്, എന്നെങ്കിലുമൊരിക്കൽ നിങ്ങൾക്ക് അത് ചാടിക്കടക്കേണ്ടതായി വന്നേക്കാം!

മടുപ്പ് കാണിക്കുന്നത് ദുഃസ്വഭാവത്തിൽ പെട്ടതാണ്!

അൽ ഖറാഇത്വി رَحِمَهُ اللَّهُ രചിച്ച ‘മകാരിമുൽ അഖ്‌ലാഖ്’ എന്ന ഗ്രന്ഥത്തിൽ കാണാം: അംറ് ബിൻ അൽ ആസ്വ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “എന്റെ വസ്ത്രം എനിക്ക് പാകമായിരിക്കുന്ന കാലത്തോളം ഞാനത് മടുക്കുകയില്ല. എന്റെ ഭാര്യ എന്നോട് നല്ല നിലയിൽ വർത്തിക്കുന്ന കാലത്തോളം ഞാനവരെ മടുക്കുകയില്ല. എന്റെ വാഹനം എന്നെ വഹിക്കുന്ന കാലത്തോളം ഞാനതിനെ മടുക്കുകയില്ല. നിശ്ചയമായും മടുപ്പ് കാണിക്കുന്നത് ദുഃസ്വഭാവത്തിൽ പെട്ടതാണ്.”

  • തങ്ങളുടെ വസ്തുക്കളെ നഖവും പല്ലും ഉപയോഗിച്ച് മുറുകെ പിടിക്കുന്ന ആളുകളെ എനിക്ക് വലിയ ഇഷ്ടമാണ്.
  • തങ്ങളുടെ ബന്ധങ്ങളിൽ ഒരു പോറൽ ഏറ്റാൽ അവർ വേഗത്തിൽ അത് പരിഹരിക്കുന്നു.
  • തങ്ങളുടെ സൗഹൃദങ്ങളിൽ ഒരു മുറിവേറ്റാൽ അവർ വേഗത്തിൽ അത് സുഖപ്പെടുത്തുന്നു.
  • ബന്ധങ്ങൾ ഉപേക്ഷിക്കാൻ എല്ലാവർക്കും സാധിക്കും, എന്നാൽ ഉന്നതമായ സ്വഭാവമുള്ളവർ മാത്രമേ സാധ്യമാകുന്നത്ര അതിനെ മുറുകെ പിടിക്കുകയുള്ളൂ.
  • ഞാൻ എഴുതിത്തീർത്ത എന്റെ കരടുപുസ്തകം ഉപേക്ഷിക്കാൻ പോലും എനിക്ക് വലിയ പ്രയാസമാണ്.
  • അതുകൊണ്ട് തന്നെ ആളുകൾക്ക് എങ്ങനെയാണ് മറ്റു മനുഷ്യർക്ക് നേരെ പുറംതിരിഞ്ഞു നിൽക്കാൻ സാധിക്കുന്നത് എന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട്!

ജനങ്ങളിൽ ഏറ്റവും കൂടുതൽ തമാശ പറയുന്നവർ

ഇമാം ബഗവി رَحِمَهُ اللَّهُ രചിച്ച ‘ശർഹുസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ കാണാം: സൈദ് ബിൻ സാബിത് رَضِيَ اللَّهُ عَنْهُ തന്റെ വീട്ടിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ തമാശ പറയുന്ന വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം പുറത്തിറങ്ങിയാൽ തികഞ്ഞ പക്വതയുള്ള ഒരു പുരുഷനായിരിക്കും.

  • അതാണ് ഉന്നത സ്വഭാവമുള്ളവരുടെ രീതി. തങ്ങളുടെ നല്ല സഹവാസത്തിന് ഏറ്റവും അർഹർ തങ്ങളുടെ കുടുംബമാണെന്ന് അവർ മനസ്സിലാക്കുന്നു!
  • ഇന്നത്തെ കാലത്ത് ആളുകൾക്കിടയിൽ വ്യാപകമായി കാണുന്ന മാനസിക രോഗങ്ങളിൽ പെട്ടതാണ്:
  • ഒരാൾ വീടിന് പുറത്ത് ചിരിക്കുകയും തമാശ പറയുകയും ചെയ്യും, എന്നാൽ വീട്ടിൽ കയറിയാൽ വിലാപയാത്രയിലുള്ളവനെപ്പോലെയായിരിക്കും.
  • വീടിന് പുറത്ത് ഔദാര്യം കാണിക്കാൻ അവൻ മത്സരിക്കും, എന്നാൽ വീട്ടിലെത്തിയാൽ അവൻ പിശുക്കനും ലുബ്ധനുമായിരിക്കും.
  • വീടിന് പുറത്ത് അവൻ വിട്ടുവീഴ്ച കാണിക്കുകയും സഹിക്കുകയും ചെയ്യും, എന്നാൽ കുടുംബത്തിന്റെ ഓരോ വാക്കിലും അക്ഷരത്തിലും അവൻ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും.
  • ഇതിന് യാതൊരു വിശദീകരണമോ ന്യായീകരണമോ നൽകാൻ കഴിയില്ല, ഇത് വിചിത്രവും ഭയാനകവുമായ ഒരു സ്വഭാവദൂഷ്യമാണ്.
  • സ്വന്തം വീട്ടിൽ സൽസ്വഭാവം കാണിക്കാത്തവന്റെ പുറത്തുള്ള സൽസ്വഭാവം വെറുമൊരു മുഖംമൂടി മാത്രമാണ്, അതിനാൽ അവനെ കരുതിയിരിക്കുക.

നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് നീ വിട്ടുനിൽക്കുക!

അൽ ഖറാഇത്വി رَحِمَهُ اللَّهُ രചിച്ച ‘മകാരിമുൽ അഖ്‌ലാഖ്’ എന്ന ഗ്രന്ഥത്തിൽ കാണാം: ഉമർ ബിൻ ഖത്താബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് നീ വിട്ടുനിൽക്കുക!”

  • മിക്ക ഉപദ്രവങ്ങളും നമ്മൾ തന്നെ സ്വയം ചോദിച്ചുവാങ്ങുന്നതാണ്!
  • നമ്മുടെ വിലയിടിക്കുന്ന ഇടങ്ങളിലേക്ക് നമ്മൾ തന്നെ പോവുകയും, വാക്കുകൾകൊണ്ട് നമ്മെ വേദനിപ്പിക്കുന്ന ആളുകളെ നമ്മൾ പിന്തുടരുകയും ചെയ്യുന്നു.
  • നിങ്ങളുടെ മാനസികാവസ്ഥ വിലപ്പെട്ടതാണ്, അതുകൊണ്ട് അത് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്!
  • നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് നീ വിട്ടുനിൽക്കുക, നിന്നെ കൂടുതൽ ഉപദ്രവിക്കാൻ നീ അതിന് അവസരം നൽകരുത്.
  • നിന്നെ മുറിവേൽപ്പിക്കുന്ന ബന്ധങ്ങൾ നിനക്ക് ആവശ്യമില്ല, നിന്നെ വേദനിപ്പിക്കുന്ന സഹവാസം ഇല്ലാതെ തന്നെ നിനക്ക് ജീവിക്കാൻ സാധിക്കും.
  • നിനക്ക് ഇടമില്ലാത്ത സ്ഥലത്ത് നീ തിങ്ങിക്കൂടരുത്, അല്ലാഹുവിന്റെ ഭൂമി വിശാലമാണ്.
  • പകരക്കാരില്ലാത്ത ഒരു മനുഷ്യനും ഈ ലോകത്തില്ല.
  • അറബികൾ പറയാറുണ്ട്: ‘ജനങ്ങളിൽ പകരം വെക്കാൻ ആളുകളുണ്ട്, ഉപേക്ഷിച്ചു പോരുന്നതിൽ വലിയ ആശ്വാസവുമുണ്ട്’.

അതു കണ്ടപ്പോൾ അദ്ദേഹം കരഞ്ഞു

ഇമാം അഹ്മദ് رَحِمَهُ اللَّهُ തന്റെ ‘മുസ്നദ്’ എന്ന ഗ്രന്ഥത്തിൽ ഹാരിസ ബിൻ മദ്‌രിബിൽ നിന്നും ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ ഖബ്ബാബിന്റെ رَضِيَ اللَّهُ عَنْهُ അടുത്തുചെന്നു. അപ്പോൾ അദ്ദേഹത്തിന് തന്റെ കഫൻ പുടവ കൊണ്ടുവരപ്പെട്ടു. അതു കണ്ടപ്പോൾ അദ്ദേഹം കരഞ്ഞു. ശേഷം അദ്ദേഹം പറഞ്ഞു: “എന്നാൽ ഹംസക്ക് رَضِيَ اللَّهُ عَنْهُ ഒരു ബുർദയല്ലാതെ (ഒരു പുതപ്പല്ലാതെ) കഫൻ ചെയ്യാൻ വേറെയൊന്നും ലഭ്യമായിരുന്നില്ല. അത് അദ്ദേഹത്തിന്റെ തലഭാഗത്തേക്ക് നീക്കിയിട്ടാൽ കാൽപാദങ്ങൾ വെളിവാകുമായിരുന്നു. കാൽപാദങ്ങളിലേക്ക് നീക്കിയിട്ടാൽ തല വെളിവാകുമായിരുന്നു. അവസാനം അത് തലഭാഗത്തേക്ക് നീക്കിയിടുകയും, കാൽപാദങ്ങളിൽ ഇദ്‌ഖിർ പുല്ല് വെക്കുകയുമാണ് ചെയ്തത്.”

  • മറ്റുള്ളവരുടെ ഇല്ലായ്മയെക്കുറിച്ച് നീ ഓർക്കുക, അപ്പോൾ നിന്റെ കണ്ണുകളിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ കൂടുതലായി അനുഭവപ്പെടും.
  • നിനക്ക് ലഭിച്ച ഉച്ചഭക്ഷണം നിനക്ക് ഇഷ്ടമായില്ലെങ്കിൽ, ഉണങ്ങിയ ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി കൊതിക്കുന്നവനിലേക്ക് നീ നോക്കുക.
  • നിന്റെ മകന്റെ മാർക്ക് കുറഞ്ഞതിൽ നിനക്ക് ദേഷ്യം വന്നാൽ, അംഗവൈകല്യമുള്ള ഒരു മകനെക്കൊണ്ട് പരീക്ഷിക്കപ്പെട്ടവനിലേക്ക് നീ നോക്കുക.
  • നിന്റെ ഭാര്യയോട് നിനക്ക് അതൃപ്തി തോന്നിയാൽ, അവളെപ്പോലെ ഒരാളെ ലഭിക്കാൻ കൊതിക്കുന്ന ദശലക്ഷക്കണക്കിന് അവിവാഹിതരായ ആളുകളെക്കുറിച്ച് നീ ചിന്തിക്കുക.
  • നിന്റെ ജോലിയെ നീ നിസ്സാരമായി കണ്ടാൽ, തൊഴിലില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നമാണ് അതെന്ന് നീ മനസ്സിലാക്കുക.
  • നാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ മുങ്ങിക്കിടക്കുകയാണ്, നമുക്ക് കൂടുതലായി ഒന്നും ആവശ്യമില്ല.
  • നമുക്ക് കുറവുള്ളത് അല്ലാഹുവിനോടുള്ള മര്യാദകൾ മാത്രമാണ്.

ജനങ്ങളെ ഉപദ്രവിക്കാതിരിക്കുക

അബൂദർറ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും رَحِمَهُمَا اللَّهُ ഇപ്രകാരം ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ നബിയോട് ﷺ ചോദിച്ചു: “ഏത് കർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായത്?” അപ്പോൾ നബി ﷺ പറഞ്ഞു:

«إِيمَانٌ بِاللَّهِ، وَجِهَادٌ فِي سَبِيلِهِ»

“അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാർഗ്ഗത്തിലുള്ള ജിഹാദുമാണ്.” ഞാൻ ചോദിച്ചു: “അടിമകളെ മോചിപ്പിക്കുന്നതിൽ ഏതാണ് ഏറ്റവും ശ്രേഷ്ഠമായത്?” നബി ﷺ പറഞ്ഞു:

«أَنْفَسُهَا عِنْدَ أَهْلِهَا، وَأَكْثَرُهَا ثَمَنًا»

“ഉടമസ്ഥർക്ക് ഏറ്റവും പ്രിയപ്പെട്ടതും, ഏറ്റവും കൂടുതൽ വിലയുള്ളതുമാണ്.” ഞാൻ ചോദിച്ചു: “ഇനി എനിക്കതിന് സാധിച്ചില്ലെങ്കിലോ?” നബി ﷺ പറഞ്ഞു:

«تُعِينُ صَانِعًا أَوْ تَصْنَعُ لِأَخْرَقَ»

“ഒരു തൊഴിലാളിയെ നീ സഹായിക്കുക, അല്ലെങ്കിൽ ജോലി അറിയാത്തവന് നീ ചെയ്തുകൊടുക്കുക.” ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഈ കർമ്മങ്ങളിലൊന്നും എനിക്ക് കഴിവില്ലെങ്കിലോ?” അപ്പോൾ നബി ﷺ പറഞ്ഞു:

«تَكُفُّ شَرَّكَ عَنِ النَّاسِ، فَإِنَّهَا صَدَقَةٌ مِنْكَ عَلَى نَفْسِكَ»

“നിന്റെ ഉപദ്രവങ്ങളിൽ നിന്ന് ജനങ്ങളെ നീ സുരക്ഷിതരാക്കുക, നിശ്ചയമായും അത് നീ നിന്റെ ശരീരത്തിന് വേണ്ടി ചെയ്യുന്ന ഒരു സ്വദഖ ആകുന്നു!”2

  • ജനങ്ങളെ ദ്രോഹിക്കാതിരിക്കുക എന്നത് ഒരു ആരാധനയാണ്.
  • നിനക്ക് മറ്റുള്ളവർക്ക് ഉപകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഉപദ്രവിക്കാതിരിക്കുക.
  • മാന്യമായ ഒരു പ്രവൃത്തിയെ പ്രശംസിക്കാൻ നിനക്ക് കഴിഞ്ഞില്ലെങ്കിൽ, അതിനെ ഇകഴ്ത്താതിരിക്കുക.
  • ഹിജാബ് ധരിച്ചവൾ സങ്കീർണ്ണമായ ചിന്താഗതിയുള്ളവളാണെന്നും, ദീൻ അനുസരിച്ച് ജീവിക്കുന്നവൻ പിന്തിരിപ്പനാണെന്നും നീ ആരോപിക്കരുത്.
  • വിശ്വസ്തനായ ഉദ്യോഗസ്ഥൻ വിഡ്ഢിയല്ല, മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന മകൻ ഭീരുവല്ല.
  • ഭർത്താവിനെ അനുസരിക്കുന്നവൾക്ക് വ്യക്തിത്വമില്ലാഞ്ഞിട്ടല്ല, തന്റെ ഭാര്യയെ ബഹുമാനിക്കുന്ന ഭർത്താവ് അടിമയുമാവില്ല.
  • ചിലർക്ക് മനോഹരമായ പല കാര്യങ്ങളും അങ്ങനെ കാണാൻ കഴിയാത്തത് അവരുടെ ഉള്ളിലെ പോരായ്മ കൊണ്ടാണ്!

ഉമറിനോടുള്ള ലജ്ജ കാരണം!

ഇമാം അഹ്മദ് رَحِمَهُ اللَّهُ തന്റെ ‘മുസ്‌നദ്’ എന്ന ഗ്രന്ഥത്തിൽ ആയിശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് ഉദ്ധരിക്കുന്നു, അവർ പറഞ്ഞു:

«كنتُ أدخل بيتي الذي دفن فيه رسول الله ﷺ وأبي فأضع ثيابي، فأقول: إنما هو زوجي وأبي. فلما دفن عمر معهم، والله ما دخلته إلا وأنا مشدودة علي ثيابي حياء من عمر»

“അല്ലാഹുവിന്റെ റസൂലും ﷺ എന്റെ പിതാവും മറവ് ചെയ്യപ്പെട്ട എന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ഞാൻ എന്റെ മേൽവസ്ത്രം അഴിച്ചുവെക്കാറുണ്ടായിരുന്നു. അത് എന്റെ ഭർത്താവും പിതാവുമാണല്ലോ എന്ന് ഞാൻ പറയുമായിരുന്നു. എന്നാൽ ഉമർ رَضِيَ اللَّهُ عَنْهُ അവരോടൊപ്പം മറവ് ചെയ്യപ്പെട്ടപ്പോൾ, അല്ലാഹുവാണെ സത്യം, ഉമറിനോടുള്ള ലജ്ജ കാരണം എന്റെ വസ്ത്രം ശരീരത്തോട് പൂർണ്ണമായും മൂടിപ്പൊതിഞ്ഞുകൊണ്ടല്ലാതെ ഞാൻ ആ വീട്ടിൽ പ്രവേശിച്ചിട്ടില്ല!”3

  • ഖബറിലുള്ള ഒരു മനുഷ്യനെ കരുതി അവർ ലജ്ജയോടെ മറച്ചുപിടിക്കുന്നു! ആയിശയുടെ رَضِيَ اللَّهُ عَنْهَا ലജ്ജ എത്ര മഹത്തരമാണ്!
  • എന്റെ ഉമ്മമാരേ, സഹോദരിമാരേ, പെൺമക്കളേ, നിങ്ങൾക്ക് എന്തുപറ്റി? നിങ്ങളുടെ സ്വന്തം അഭിമാനം നിങ്ങൾക്ക് ഇത്ര നിസ്സാരമായിപ്പോയോ?
  • മുടി അഴിച്ചിടുകയും, കഴുത്ത് വെളിവാക്കുകയും, സുഗന്ധം പരത്തുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?!
  • ശരീരവടിവുകൾ കാണിക്കുന്നതും, ഉള്ളുകാണുന്നതും, ആകർഷിക്കുന്നതുമായ ഈ പുതിയ ഫാഷൻ ഹിജാബുകൾക്ക് എന്തുപറ്റിയതാണ്?
  • ഇതൊക്കെ അടിമസ്ത്രീകളുടെ വസ്ത്രങ്ങളായിരുന്നു, കാരണം അവർ വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്തിരുന്നു.
  • എന്നാൽ സ്വതന്ത്രരായ സ്ത്രീകൾ അവരുടെ സൗന്ദര്യം തങ്ങൾക്ക് വിവാഹം നിഷിദ്ധമായവരോടല്ലാതെ (മഹ്‌റമുകളോട്) വെളിവാക്കിയിരുന്നില്ല.

നന്മ എന്നത് ഒരു ശീലമാണ്

ഇമാം ബൈഹഖി رَحِمَهُ اللَّهُ തന്റെ ‘അസ്സുനനുൽ കുബ്റാ’യിൽ ഉദ്ധരിക്കുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

«حافظوا على أولادكم في الصلاة وعلموهم الخير، فإنما الخير عادة»

“നിങ്ങളുടെ മക്കളുടെ നമസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുക, അവർക്ക് നിങ്ങൾ നന്മ പഠിപ്പിച്ചുകൊടുക്കുക, നിശ്ചയമായും നന്മ എന്നത് ഒരു ശീലമാണ്.”

  • ദരിദ്രന്റെ കയ്യിൽ നൽകാനായി നിന്റെ മകന്റെ കയ്യിൽ സ്വദഖ ഏൽപ്പിക്കുക, അവൻ അതുമായി പൊരുത്തപ്പെടട്ടെ.
  • രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ അവനെയും കൂടെ കൂട്ടുക, അവനത് ശീലമാക്കട്ടെ.
  • പള്ളികളിലേക്ക് എപ്പോഴും അവനെ കൂടെ കൊണ്ടുപോവുക, ആ വഴി അവന്റെ പാദങ്ങൾ ഹൃദിസ്ഥമാക്കട്ടെ.
  • അവന് ഉപകാരപ്രദമായ ഒരു പുസ്തകം തിരഞ്ഞെടുത്ത് നൽകുക, ഉപകാരപ്രദമായ ഒരു പ്രോഗ്രാം തിരഞ്ഞെടുത്തു നൽകുക. അവന്റെ അഭിരുചി നീ രൂപപ്പെടുത്തുക!
  • ഇതിനെല്ലാമുപരി, നീ നിന്റെ മക്കൾക്ക് ഒരു നല്ല മാതൃകയാവുക.
  • നിന്റെ പ്രവൃത്തികൾ നിന്റെ വാക്കിന് വിപരീതമാണെങ്കിൽ നിന്റെ സംസാരത്തിന് യാതൊരു ഫലവുമുണ്ടാകില്ല.
  • നിന്റെ കാറിന്റെ ജനാലയിലൂടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞുകൊണ്ട്, അവനോട് ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നതിൽ എന്ത് പ്രയോജനമാണുള്ളത്?
  • കുട്ടികൾ നാം പറയുന്ന കാര്യങ്ങളേക്കാൾ നാം പ്രവർത്തിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്!

എനിക്ക് വേണ്ടത് തന്നെയാകുന്നു…

ഇബ്നു സഅ്ദ് رَحِمَهُ اللَّهُ രചിച്ച ‘അത്ത്വബഖാത്തി’ലും ത്വബറാനി رَحِمَهُ اللَّهُ രചിച്ച ‘അൽ ഔസത്വി’ലും ഇപ്രകാരം കാണാം: ഉഹ്ദ് യുദ്ധദിവസം ഉമർ ബിൻ ഖത്താബ് رَضِيَ اللَّهُ عَنْهُ തന്റെ സഹോദരനായ സൈദ് ബിൻ ഖത്താബിനോട് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “എന്റെ ഈ പടയങ്കി (യുദ്ധവസ്ത്രം) നീ ധരിക്കണമെന്ന് ഞാൻ നിന്നോട് സത്യം ചെയ്ത് ആവശ്യപ്പെടുന്നു.” അപ്പോൾ സൈദ് അത് ധരിക്കുകയും, പിന്നീട് അത് അഴിച്ചുവെക്കുകയും ചെയ്തു. ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് ചോദിച്ചു: “നിനക്കെന്തുപറ്റി?” അപ്പോൾ സൈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “താങ്കൾ താങ്കൾക്ക് എന്ത് (രക്തസാക്ഷിത്വം) ആഗ്രഹിക്കുന്നുവോ, അത് തന്നെയാണ് എനിക്കും വേണ്ടത്!”

  • നിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്ന എല്ലാവരും മുറിവേൽക്കാത്തവരല്ല.
  • നിനക്ക് നൽകുന്ന എല്ലാവരും അവരുടെ പക്കൽ അധികമുള്ളത് നൽകുന്നവരല്ല.
  • ‘ഈസാർ’ (സ്വന്തത്തേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകൽ) എന്ന അതിമഹത്തായ ഒരു സ്വഭാവമുണ്ട്. അല്ലാഹു അവന്റെ സൃഷ്ടികളിൽ ചിലർക്ക് മാത്രമാണ് അത് നൽകുന്നത്.
  • ചിലപ്പോൾ നിന്റെ കണ്ണുനീർ തുടച്ചുമാറ്റുന്നവന്റെ ഉള്ളിൽ വലിയൊരു സങ്കടം (ജനാസ) ഉണ്ടായിരിക്കാം.
  • ചിലപ്പോൾ നിന്റെ തകർച്ചകൾ പരിഹരിച്ചുതരുന്നവന്റെ ആത്മാവ് തന്നെ തകർന്നിട്ടുണ്ടാകാം.
  • ഭയാനകമായ ഈ ലോകത്ത് നിന്റെ ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനം ഒരുപക്ഷേ സകല ഭയവും അനുഭവിച്ചവനായിരിക്കാം.
  • അങ്ങനെയുള്ളവരെ പല്ലും നഖവും ഉപയോഗിച്ച് മുറുകെ പിടിക്കുക, കാരണം അവർ വളരെ അപൂർവ്വമാണ്.
  • ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിനക്ക് നൽകപ്പെടുന്ന സ്നേഹത്തിന് പകരമായി നീയും തിരിച്ചു നൽകുക എന്നതാണ്.
  • ചിലപ്പോൾ ആളുകൾ തങ്ങൾക്ക് മറ്റുള്ളവർ ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്നത്.

താങ്കൾ സുരക്ഷിതനാണെങ്കിൽ എനിക്കൊന്നിലും സങ്കടമില്ല

അബൂ നുഐം അൽ അസ്വ്ബഹാനി رَحِمَهُ اللَّهُ രചിച്ച ‘ഹിൽയതുൽ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിൽ അനസ് ബിൻ മാലികിൽ رَضِيَ اللَّهُ عَنْهُ നിന്നും ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഉഹ്ദ് യുദ്ധദിവസം മദീനക്കാർ ഭയന്നുവിറച്ചു. നബി ﷺ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് ജനങ്ങൾ പറഞ്ഞു. അങ്ങനെ മദീനയുടെ അതിർത്തികളിൽ നിലവിളിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു. അപ്പോൾ അൻസാറുകളിൽ പെട്ട ഒരു സ്ത്രീ പുറത്തിറങ്ങി. തന്റെ പിതാവും മകനും ഭർത്താവും രക്തസാക്ഷികളായ വാർത്തയാണ് അവർക്ക് അവിടെവെച്ച് നേരിടേണ്ടി വന്നത്! അപ്പോൾ അവർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലിന് ﷺ എന്ത് സംഭവിച്ചു?” അവർ പറഞ്ഞു: “അതാ അദ്ദേഹം വരുന്നു.” ഉടനെ അവർ നബിയുടെ ﷺ വസ്ത്രത്തിന്റെ ഒരറ്റം പിടിച്ചുകൊണ്ട് പറഞ്ഞു: “എന്റെ മാതാവും പിതാവും താങ്കൾക്ക് ഫിദയാകട്ടെ, താങ്കൾ സുരക്ഷിതനാണെങ്കിൽ (എന്റെ കുടുംബത്തിന് സംഭവിച്ച) ഒരു നാശത്തെയും ഞാൻ സങ്കടത്തോടെ കാണുന്നില്ല.”

  • പുരുഷന്മാരാണ് നമുക്ക് ഈ ദീൻ ചുമന്നുകൊണ്ടുവന്നതെങ്കിൽ, നമുക്ക് ഈ ദീൻ ചുമന്നുകൊണ്ടുവന്ന പുരുഷന്മാരെ വളർത്തിയെടുത്തത് സ്ത്രീകളാണ്.
  • ഇമാം അഹ്മദ് رَحِمَهُ اللَّهُ തന്റെ മാതാവിനെക്കുറിച്ച് പറയുന്നു: “എനിക്ക് പത്ത് വയസ്സുള്ളപ്പോൾ എന്റെ ഉമ്മ എനിക്ക് ഖുർആൻ മനഃപാഠമാക്കിത്തന്നു. ഫജ്ർ നമസ്കാരത്തിന് മുമ്പായി അവർ എന്നെ വിളിച്ചുണർത്തുമായിരുന്നു. ബാഗ്ദാദിലെ കടുത്ത തണുപ്പുള്ള രാത്രികളിൽ അവർ എനിക്ക് വുദു എടുക്കാനുള്ള വെള്ളം ചൂടാക്കിത്തരികയും, വസ്ത്രങ്ങൾ ധരിപ്പിച്ചുതരികയും ചെയ്തു. ശേഷം അവർ മുഖമക്കന ധരിച്ചുകൊണ്ട് എന്റെ കൂടെ പള്ളിയിലേക്ക് വരുമായിരുന്നു. കാരണം ഞങ്ങളുടെ വീട് പള്ളിയിൽ നിന്നും ദൂരെയുമായിരുന്നു, വഴിയിലാണെങ്കിൽ കടുത്ത ഇരുട്ടുമായിരുന്നു.”

നാളെ എന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ച് നീ എന്നോട് തർക്കിക്കരുത്!

ഇബ്നു അബീ ദുൻയാ رَحِمَهُ اللَّهُ രചിച്ച ‘അൽ വറഅ്’ എന്ന ഗ്രന്ഥത്തിലും ഇബ്നു അസാകിർ رَحِمَهُ اللَّهُ രചിച്ച ‘താരീഖു ദിമശ്ഖി’ലും ഇപ്രകാരം കാണാം: അബൂ ദർദാഇന് رَضِيَ اللَّهُ عَنْهُ ദമൂൻ എന്ന് പേരുള്ള ഒരു ഒട്ടകമുണ്ടായിരുന്നു! ആളുകൾ അതിനെ വായ്പയായി ചോദിച്ചുവരുമ്പോൾ അദ്ദേഹം അവരോട് പറയുമായിരുന്നു: “അതിന് താങ്ങാൻ കഴിയാത്ത ഭാരം നിങ്ങൾ അതിന്മേൽ കയറ്റരുത്.” അദ്ദേഹത്തിന് മരണസമയം വന്നെത്തിയപ്പോൾ അദ്ദേഹം ആ ഒട്ടകത്തോട് പറഞ്ഞു: “ഹേ ദമൂൻ, നാളെ എന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ച് നീ എന്നോട് തർക്കിക്കരുത്! നിശ്ചയമായും നിനക്ക് താങ്ങാൻ കഴിയാത്ത ഭാരം ഞാൻ നിന്റെ മേൽ കയറ്റിയിരുന്നില്ല.”

  • നിനക്ക് താങ്ങാൻ കഴിയാത്ത ഭാരം നീ ആരുടെയൊക്കെ മേൽ കയറ്റിവെച്ചിട്ടുണ്ടോ അവരെല്ലാം നാളെ നിന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ച് നിന്നോട് തർക്കിക്കുന്നതാണ്.
  • നീ ഒരു അടിമയെപ്പോലെ കൈകാര്യം ചെയ്ത നിന്റെ ഭാര്യ നാളെ ആ മഹാസംഗമത്തിൽ നിന്റെ മുന്നിൽ ഹാജരാകും.
  • നീ അടിമകളെപ്പോലെ കൈകാര്യം ചെയ്ത നിന്റെ ജോലിക്കാരുമായി നീ അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരും.
  • നീ ചോരയൂറ്റിക്കുടിച്ച വീട്ടുവേലക്കാരി അല്ലാഹുവിന്റെ മുന്നിൽ നിന്നോട് തർക്കിക്കുന്നതാണ്.
  • കൊട്ടാരങ്ങൾ വാടകയ്ക്ക് നൽകുന്നതുപോലെ എപ്പോഴും വാടക വർദ്ധിപ്പിക്കുന്ന വീട്ടുടമസ്ഥനെതിരെ വാടകക്കാരൻ തർക്കിക്കുന്നതാണ്.
  • വീട്ടുജോലികൾ കൊടുത്ത് ബുദ്ധിമുട്ടിക്കുകയും, ആസ്വദിക്കാൻ വേണ്ടി പരീക്ഷകളിൽ വെല്ലുവിളിക്കുകയും ചെയ്യുന്ന അധ്യാപകനെതിരെ വിദ്യാർത്ഥി തർക്കിക്കുന്നതാണ്.
  • ഓരോ തവണ വരുമ്പോഴും ഫീസ് വാങ്ങി തളർത്തുന്ന ഡോക്ടർക്കെതിരെ രോഗി തർക്കിക്കുന്നതാണ്.
  • അന്ത്യനാളിന്റെ വിചാരണക്കോടതിയിൽ ഇവരെല്ലാം നിന്റെ എതിരാളികളായിരിക്കും, അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കുക!

അദ്ദേഹത്തിന്റെ കണ്ണുനീർ ഒഴുകുന്നതുവരെ

ഇമാം അഹ്മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ രചിച്ച ‘കിതാബുസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: ഉമ്മുദ്ദർദാഅ് رَضِيَ اللَّهُ عَنْهَا പറയുന്നു: “അബൂ ദർദാഇനെ ഞങ്ങളുടെ ഈ പാത്രത്തിന്റെ അടിയിൽ തീ ഊതിക്കൊടുക്കുന്നത് ഞാൻ കണ്ടു, അങ്ങനെ അദ്ദേഹത്തിന്റെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.”

  • വീട്ടിലെ ജോലികളിൽ അവളെ സഹായിച്ചതുകൊണ്ട് നിന്റെ ഉന്നതമായ പദവി താഴോട്ട് പോവുകയില്ല.
  • വീട്ടിൽ കേടായ എന്തെങ്കിലും സാധനം ശരിയാക്കിക്കൊടുത്താൽ നിന്റെ ഉന്നതമായ സ്ഥാനം ഇല്ലാതാവുകയില്ല.
  • ഒരു കുട്ടിക്ക് സ്കൂളിലെ ഹോംവർക്ക് ചെയ്യാൻ സഹായിച്ചാൽ നിന്റെ ഗാംഭീര്യം എടുത്തുമാറ്റപ്പെടുകയില്ല.
  • വീടിന് വേണ്ട സാധനങ്ങൾ വാങ്ങിക്കൊടുത്താൽ നിന്റെ പ്രതാപം നഷ്ടപ്പെടുകയില്ല.
  • എല്ലാ കാര്യങ്ങളും സഹിക്കാൻ കഴിയുന്ന സ്പെഷ്യൽ ഫോഴ്സിലെ ഒരു പോരാളിയൊന്നുമല്ല സ്ത്രീ.
  • സ്നേഹവും പരിഗണനയും ആവശ്യമുള്ള ലോലമായ ഒരു സൃഷ്ടിയാണ് സ്ത്രീ.
  • ഏറ്റവും സത്യസന്ധമായ സ്നേഹം എന്നത് പ്രവൃത്തിയും, സഹായവും, പിന്തുണയും, തോളോടുതോൾ ചേരലും, പരിഗണന നൽകലുമാണ്.
  • ഏറ്റവും വ്യാജമായ സ്നേഹം എന്നത് വെറും വാക്കുകൾ മാത്രമാണ്.

അദ്ദേഹം അത് തന്റെ മുതുകിൽ ചുമന്നുകൊണ്ടുപോയി

ഇബ്നു സഅ്ദ് رَحِمَهُ اللَّهُ രചിച്ച ‘അത്ത്വബഖാത്തുൽ കുബ്റാ’യിൽ ഇബ്നു അബിൽ ഹുദൈൽ പറഞ്ഞതായി കാണാം: കൂഫയിലെ അമീർ (ഭരണാധികാരി) ആയിരിക്കെ അമ്മാർ ബിൻ യാസിർ رَضِيَ اللَّهُ عَنْهُ മാർക്കറ്റിൽ നിന്നും തന്റെ വീട്ടിലെ മൃഗങ്ങൾക്ക് വേണ്ടി ഒരു ദിർഹമിന് കാലിത്തീറ്റ വാങ്ങുകയും, പിന്നീട് അദ്ദേഹം അത് തന്റെ മുതുകിൽ ചുമന്നുകൊണ്ട് പോകുകയും ചെയ്യുന്നത് ഞാൻ കണ്ടു.

  • ഇന്ന് നമ്മുടെ ഇടയിലുള്ള രോഗങ്ങളിലൊന്നാണ് നമ്മളിലുള്ള അഹംഭാവം (ഈഗോ) വലുതാകുക എന്നത്.
  • സ്വയം ബഹുമാനിക്കുന്നതും വിലകൽപ്പിക്കുന്നതും നല്ല കാര്യം തന്നെയാണ്, പക്ഷെ നീ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമൊന്നുമല്ല.
  • നീ ഒരു മന്ത്രിയാണെങ്കിൽ പോലും നിന്റെ വീട്ടിലേക്കുള്ള സാധനങ്ങൾ നീ വാങ്ങുന്നതിൽ എന്താണ് പ്രശ്നം?
  • നീ ഒരു മാനേജറാണെങ്കിൽ പോലും അടുക്കളയിൽ സഹായിക്കുന്നതിൽ എന്താണ് പ്രശ്നം?
  • നീ ഉയർന്ന സ്വാധീനമുള്ളവനാണെങ്കിൽ പോലും ഒരു വിരിപ്പ് കഴുകുന്നതിലോ, കേടായ ഒരു വസ്തു നന്നാക്കുന്നതിലോ എന്താണ് പ്രശ്നം?
  • അതിലൊന്നും യാതൊരു പ്രശ്നവുമില്ല, സുഹൃത്തേ ഏറ്റവും വലിയ പ്രശ്നം നീ എവിടെയാണെങ്കിലും അവിടെയെല്ലാം നീ മാനേജർ ആകാൻ ആഗ്രഹിക്കുന്നു എന്നതാണ്!

രണ്ട് ജോലികൾ ഒരുമിച്ച് നൽകുന്നത് ഞങ്ങൾ വെറുത്തു

അൽ അസ്വ്ബഹാനി رَحِمَهُ اللَّهُ രചിച്ച ‘ഹിൽയതുൽ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിൽ അബൂ ഖിലാബ പറഞ്ഞതായി കാണാം: സൽമാന്റെ رَضِيَ اللَّهُ عَنْهُ അടുത്തു ഒരാൾ പ്രവേശിച്ചു. അപ്പോൾ അദ്ദേഹം മാവ് കുഴക്കുകയായിരുന്നു. അന്നത്തെ ദിവസം അദ്ദേഹം മദാഇനിലെ അമീറായിരുന്നു. അയാൾ ചോദിച്ചു: “അബൂ അബ്ദില്ലാഹ്, ഇതെന്താണ്?” അപ്പോൾ സൽമാൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ഞങ്ങൾ സേവകനെ ഒരു ജോലിക്ക് പുറത്തേക്ക് അയച്ചിട്ടുണ്ട്. അവൻറെ മേൽ രണ്ട് ജോലികൾ ഒരുമിച്ച് ഭാരമാക്കുന്നത് ഞങ്ങൾ വെറുത്തു!”

  • വീട്ടുവേലക്കാരിയെ ഒരു ജോലി ഏൽപ്പിക്കുകയാണെങ്കിൽ അവർക്ക് താങ്ങാൻ കഴിയുന്ന ജോലി മാത്രം ഏൽപ്പിക്കുക.
  • അവർക്കത് താങ്ങാൻ കഴിയുന്നില്ലെങ്കിൽ നിന്റെ കൈകൊണ്ടും അവരെ സഹായിക്കുക, അത് കാരുണ്യത്തിന്റെ ഭാഗമാണ്.
  • ഉദ്യോഗസ്ഥർ നിന്റെ കീഴിൽ ജോലി ചെയ്യുന്നവരാണ്, എന്നാൽ അവർ നിന്റെ അടിമകളല്ല, അതിനാൽ അവരോട് ദയ കാണിക്കുക!
  • ആരാണ് കൂടുതൽ ഹോംവർക്കുകൾ നൽകുക എന്ന് നമ്മൾ മത്സരിക്കാനുള്ള പാത്രങ്ങളല്ല വിദ്യാർത്ഥികൾ.
  • വിദ്യാർത്ഥിക്ക് പുസ്തകം തുറക്കാനും പഠിക്കാനും വീട്ടിൽ ഒരു പരിശീലനം നൽകിയാൽ മതിയാകും. അല്ലാതെ പാഠഭാഗത്തെ എല്ലാ വർക്കുകളും വീട്ടിൽ വെച്ച് ചെയ്യുകയാണെങ്കിൽ പിന്നെ സ്കൂൾ എന്തിനാണ്?!
  • എല്ലാ അധ്യാപകരും പാഠഭാഗത്തെ മുഴുവൻ വർക്കുകളും വീട്ടിലേക്ക് ആവശ്യപ്പെട്ടാൽ, ഈ കുട്ടികൾ എപ്പോഴാണ് വിശ്രമിക്കുക? എപ്പോഴാണ് അവർ കളിക്കുക? എപ്പോഴാണ് അവർ കുടുംബത്തോടൊപ്പം പുറത്തുപോകുക?!
  • ചിലപ്പോൾ നിങ്ങൾ ഒരു കുടുംബത്തെ മുഴുവൻ പൂട്ടിയിടുകയും, നിങ്ങൾ നല്ലതാണ് ചെയ്യുന്നതെന്ന് വിചാരിക്കുകയും ചെയ്യുന്നു. എന്നിട്ട് അവർ സ്കൂളിനെ ഇഷ്ടപ്പെടുന്നില്ല എന്ന് പിന്നീട് പരാതി പറയുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അവർ സ്കൂളിനെ ഇഷ്ടപ്പെട്ടാൽ അവർ വിഡ്ഢികളാണ്!

അതുകൊണ്ട് ഹൃദയം വിനയാന്വിതമാകും

ഇബ്നു സഅ്ദ് رَحِمَهُ اللَّهُ രചിച്ച ‘അത്ത്വബഖാത്തുൽ കുബ്റാ’യിൽ അംറ് ബിൻ ഖൈസ് പറഞ്ഞതായി കാണാം: അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ തുന്നിച്ചേർത്ത ഒരു വസ്ത്രം ധരിച്ചതായി കാണപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “അമീറുൽ മുഅ്മിനീൻ, താങ്കൾക്ക് വേറൊരു വസ്ത്രം സ്വീകരിച്ചുകൂടായിരുന്നോ?” അപ്പോൾ അദ്ദേഹം പറഞ്ഞു: “ഇതിന് കുഴപ്പമൊന്നുമില്ല, ഇതുകൊണ്ട് ഹൃദയം വിനയാന്വിതമാകും, വിശ്വാസികൾക്ക് ഇതൊരു മാതൃകയുമാകും.”

  • മനുഷ്യന്റെ മനസ്സ് ഒരു കുട്ടിയെപ്പോലെയാണ്, ചിലപ്പോഴൊക്കെ അതിനോട് ‘ഇല്ല’ എന്ന് പറയേണ്ടതുണ്ട്.
  • ചോദിക്കുന്നതെല്ലാം നൽകുന്ന കുട്ടി, ഈ ലോകം മുഴുവൻ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് വിശ്വസിക്കാൻ തുടങ്ങും. അങ്ങനെ അവൻ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാർത്ഥനായി വളരും, ജീവിതത്തിന് കൊള്ളാത്ത ദുർബലനായി മാറും. മനസ്സിന്റെ കാര്യവും അങ്ങനെത്തന്നെയാണ്, ചോദിക്കുന്നതെല്ലാം നൽകിയാൽ അത് കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെ അവസാനം അവൻ പോലുമറിയാതെ അവൻ അതിൻ്റെ സേവകനും അടിമയുമായി മാറും.
  • ജീവിതത്തിലെ ചില കാര്യങ്ങളെ നീ അച്ചടക്കം പഠിപ്പിച്ചാൽ മാത്രമേ അവ നിനക്ക് നേരെയായി നിൽക്കുകയുള്ളൂ!

താങ്കളെ കരയിപ്പിച്ചതെന്താണ്?!

ഇബ്നു അബീ ശൈബ رَحِمَهُ اللَّهُ ‘അൽ മുസ്വന്നഫിൽ’ ഉദ്ധരിക്കുന്നു: അബ്ദുല്ലാഹിബ്നു റവാഹ رَضِيَ اللَّهُ عَنْهُ കരഞ്ഞു, അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കരഞ്ഞു. അദ്ദേഹം അവരോട് ചോദിച്ചു: “നിന്നെ കരയിപ്പിച്ചതെന്താണ്?” അവർ പറഞ്ഞു: “താങ്കൾ കരയുന്നത് ഞാൻ കണ്ടു, അപ്പോൾ ഞാനും കരഞ്ഞു.” അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നരകത്തെ മറികടക്കേണ്ടവനാണല്ലോ, ഞാൻ അത് കടന്നുപോകുമോ എന്നെനിക്കറിയില്ല, അതാണ് എന്നെ കരയിപ്പിച്ചത്!”

അല്ലാഹുവിന്റെ വചനം: ﴿وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا﴾ “നിങ്ങളില്‍ ആരും തന്നെ അതിനടുത്തുകൂടി കടന്നുപോകാതിരിക്കുകയില്ല. അത് നിന്‍റെ രക്ഷിതാവിന്‍റെ അലംഘനീയമായ ഒരു തീരുമാനമാകുന്നു.”4

  • നിങ്ങളിലൊരാൾ കരയുമ്പോൾ മറ്റൊരാളും കരയുക എന്നതല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.
  • മറിച്ച്, ഒരാൾ ദുഃഖിക്കുമ്പോൾ മറ്റെയാൾ സന്തോഷിക്കാതിരിക്കുക, ഒരാൾ സന്തോഷിക്കുമ്പോൾ മറ്റെയാൾ ദുഃഖിക്കാതിരിക്കുക എന്നതാണ്!
  • എന്റെ വിലാപത്തിൽ നീ വിവാഹമാഘോഷിക്കുകയും, നിന്റെ വിവാഹത്തിൽ ഞാൻ വിലാപമൊരുക്കുകയും ചെയ്താൽ പിന്നെ സ്നേഹത്തിൽ എന്ത് പ്രയോജനമാണുള്ളത്?!
  • മനുഷ്യൻ അവന്റെ പ്രയാസകരമായ ദിനങ്ങളെ മറക്കും, എന്നാൽ ആ ദിനങ്ങളിൽ അവന്റെ കൂടെ നിന്നവരെ അവൻ എപ്പോഴും ഓർക്കും!

നീ എന്തിനാണ് ഈത്തപ്പനയ്ക്ക് നേരെ കല്ലെറിയുന്നത്?!

ഇമാം അഹ്മദും അബൂ ദാവൂദും തിർമിദിയും റാഫിഅ് ബിൻ അംറിൽ رَضِيَ اللَّهُ عَنْهُ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞാനൊരു കുട്ടിയായിരിക്കെ അൻസാരികളുടെ ഈത്തപ്പനകൾക്ക് നേരെ കല്ലെറിയാറുണ്ടായിരുന്നു. അപ്പോൾ നബിയോട് ﷺ പറയപ്പെട്ടു: “ഇവിടെയൊരു കുട്ടിയുണ്ട്, അവൻ നമ്മുടെ ഈത്തപ്പനകൾക്ക് നേരെ കല്ലെറിയുകയാണ്!” അങ്ങനെ എന്നെ നബിയുടെ ﷺ അടുക്കൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ നബി ﷺ എന്നോട് ചോദിച്ചു: “കുട്ടീ, നീ എന്തിനാണ് ഈത്തപ്പനയ്ക്ക് നേരെ കല്ലെറിയുന്നത്?” ഞാൻ പറഞ്ഞു: “എനിക്ക് തിന്നാൻ വേണ്ടിയാണ്!” അപ്പോൾ നബി ﷺ എന്നോട് പറഞ്ഞു: “നീ കല്ലെറിയരുത്, അതിന് താഴെ വീഴുന്നതിൽ നിന്ന് നീ തിന്നുകൊള്ളുക.” ശേഷം നബി ﷺ എന്റെ തലയിൽ തലോടിക്കൊണ്ട് പ്രാർഥിച്ചു: “അല്ലാഹുവേ, നീ ഇവന്റെ വയറുനിറക്കേണമേ.”5

  • കുട്ടി അവന്റെ ചെറുപ്പത്തിൽ തന്നെ അനുവദനീയമായതും നിഷിദ്ധമായതും പഠിക്കേണ്ടതുണ്ട്, അത് അവന്റെ മാംസത്തിലും രക്തത്തിലും അലിഞ്ഞുചേരണം.
  • “അവരെ അവരുടെ കുട്ടിക്കാലം ജീവിക്കാൻ അനുവദിക്കൂ!” എന്ന് പറയുന്നവർ വിവരദോഷികളാണ്.
  • ജീവിതം മതത്തിന് എതിരാണെന്നാണോ അവർ കരുതുന്നത്? യഥാർത്ഥ ജീവിതം മതത്തിലല്ലാതെ മറ്റെവിടെയാണുള്ളത്?!
  • എങ്കിൽപ്പിന്നെ എന്തിനാണ് നിങ്ങൾ കുട്ടികളെ കണക്കും ശാസ്ത്രവും വ്യാകരണവും അക്ഷരങ്ങളും പഠിപ്പിക്കുന്നത്?
  • എന്തുകൊണ്ട് നിങ്ങൾക്ക് അവരെ കുട്ടിക്കാലം ആസ്വദിക്കാൻ വിട്ടുകൂടാ? അതോ മതം മാത്രമാണോ കുട്ടിക്കാലത്തിന് എതിര്?!

മുസ്‌ലിംകൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യത്തെ ഞാൻ വെറുത്തുപോയി!

ഇമാം അഹ്മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ രചിച്ച ‘കിതാബുസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: മിസ്‌വർ ബിൻ മഖ്റമ رَضِيَ اللَّهُ عَنْهُ കച്ചവടത്തിനായി ധാരാളം ഭക്ഷണം സംഭരിച്ചുവെച്ചു. അങ്ങനെ അദ്ദേഹം ശരത്കാലത്ത് മഴമേഘങ്ങൾ കണ്ടപ്പോൾ അദ്ദേഹം അത് വെറുത്തു. (മഴ പെയ്താൽ കൃഷി നന്നാകുകയും ഭക്ഷണവില കുറയുകയും ചെയ്യുമല്ലോ). ശേഷം അദ്ദേഹം ചിന്തിച്ചു: “മുസ്‌ലിംകൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യത്തെ ഞാൻ വെറുത്തുപോയല്ലോ എന്ന് ഞാൻ മനസ്സിലാക്കുന്നു.” തുടർന്ന് അദ്ദേഹം ഉമർ ബിൻ ഖത്താബിന്റെ رَضِيَ اللَّهُ عَنْهُ അടുത്തുവന്നു പറഞ്ഞു: “അമീറുൽ മുഅ്മിനീൻ, ഞാൻ കുറെ ഭക്ഷണം സംഭരിച്ചുവെച്ചിരുന്നു, അപ്പോൾ മഴമേഘങ്ങൾ രൂപപ്പെടുന്നത് കണ്ടപ്പോൾ ഞാൻ അത് വെറുത്തുപോയി. അതിനാൽ അതിൽ നിന്ന് ഞാൻ യാതൊരു ലാഭവും എടുക്കില്ല എന്ന് ഞാൻ സത്യം ചെയ്തിരിക്കുകയാണ്!” അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞു: “അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ!”

  • നീ ഒരു ഡോക്ടറാണെങ്കിലും, നിന്റെ ഉപജീവനം അവരുടെ രോഗങ്ങളിൽ നിന്നാണെങ്കിലും ജനങ്ങൾക്ക് സുരക്ഷ ഉണ്ടാകാൻ നീ ആഗ്രഹിക്കുക.
  • നീ കഫൻ പുടവ വിൽക്കുന്നവനാണെങ്കിലും, നിന്റെ ഉപജീവനം അവരുടെ ജനാസകളിൽ നിന്നാണെങ്കിലും ജനങ്ങൾക്ക് ദീർഘായുസ്സ് ലഭിക്കാൻ നീ ആഗ്രഹിക്കുക.
  • നീ ഒരു വക്കീലാണെങ്കിലും, നിന്റെ ഉപജീവനം അവരുടെ തർക്കങ്ങളിൽ നിന്നാണെങ്കിലും ജനങ്ങൾക്കിടയിൽ യോജിപ്പുണ്ടാകാൻ നീ ആഗ്രഹിക്കുക.
  • സങ്കടകരമായ കാര്യങ്ങൾ എപ്പോഴും സംഭവിക്കും, എന്നാൽ നീ നേട്ടമുണ്ടാക്കാൻ വേണ്ടി അത് സംഭവിക്കണമെന്ന് ആഗ്രഹിക്കരുത്!

അവരനുഭവിച്ച കടുത്ത അധ്വാനം കാരണം!

ഹന്നാദ് ബിൻ സരിയ്യ് رَحِمَهُ اللَّهُ രചിച്ച ‘അസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: അല്ലാഹുവിന്റെ റസൂലിന്റെ ﷺ മകൾ ഫാത്വിമ رَضِيَ اللَّهُ عَنْهَا മാവ് കുഴക്കാറുണ്ടായിരുന്നു. അവരനുഭവിച്ച കടുത്ത അധ്വാനം (ക്ഷീണം) കാരണം അവരുടെ മുൻമുടി മാവ് വെക്കുന്ന പാത്രത്തോളം എത്തുമായിരുന്നു!

  • വീട്ടിലെ ജോലി എന്നത് അപമാനമാണെന്ന് സ്ത്രീകളെ വിശ്വസിപ്പിക്കാനാണ് ഫെമിനിസ്റ്റുകൾ ശ്രമിക്കുന്നത്!
  • കുടുംബം എന്നത് നമ്മുടെ അവസാനത്തെ കോട്ടയാണെന്ന് അവർക്കറിയാം, അതുകൊണ്ട് അവർ അത് തകർക്കാൻ ആഗ്രഹിക്കുന്നു!
  • ഇത് സ്വർഗ്ഗക്കാരായ സ്ത്രീകളുടെ നേതാവാണ്, വീട്ടിലെ ജോലി കാരണം അവർ ക്ഷീണിതയായിരുന്നു.
  • അവർ തിരിക്കല്ല് തിരിക്കുമായിരുന്നു, അത് അവരുടെ കൈകളിൽ പാടുണ്ടാക്കി.
  • അവർ തോൽപാത്രത്തിൽ വെള്ളം ചുമക്കുമായിരുന്നു, അത് അവരുടെ കഴുത്തിൽ പാടുണ്ടാക്കി.
  • ഓരോ മനുഷ്യനും ജീവിതത്തിൽ തന്റെ കടമ നിർവഹിക്കുന്നതിൽ എന്താണ് അപമാനമുള്ളത്?
  • ഒരു സ്ത്രീ തന്റെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിലും, തന്റെ വീട് വൃത്തിയാക്കുന്നതിലും, ഭർത്താവിനെ പരിചരിക്കുന്നതിലും എന്താണ് അപമാനമുള്ളത്?!
  • പുരുഷൻ വീടിന് പുറത്ത് പോയി അധ്വാനിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് അവന്റെ ഉത്തരവാദിത്തം കൊണ്ടാണ്, അല്ലാതെ അവൻ അടിമയായതുകൊണ്ടല്ല.
  • ഈ ജീവിതം എന്നത് പരസ്പര പൂരകമാണ്. കൈകൾ ചേർത്തുപിടിക്കുന്നതാണ്, രണ്ടു ചിറകുകൾ കൊണ്ട് ഒരു പക്ഷി പറക്കുന്നതുപോലെയാണത്.
  • സ്ത്രീ പുരുഷന്റെ അടിമയല്ല, പുരുഷൻ സ്ത്രീയുടെ യജമാനനുമല്ല.

സ്വർഗ്ഗമല്ലാത്ത മറ്റെന്തെങ്കിലുമായിരുന്നെങ്കിൽ

ഇബ്നു അൽ അസീർ رَحِمَهُ اللَّهُ രചിച്ച സ്വഹാബികളുടെ ചരിത്ര ഗ്രന്ഥമായ ‘ഉസ്ദുൽ ഗാബ’യിൽ കാണാം: മുസ്‌ലിംകൾ ബദർ യുദ്ധത്തിന് പുറപ്പെടാൻ ഉദ്ദേശിച്ചപ്പോൾ ഖൈസമ ബിൻ അൽ ഹാരിസ് رَضِيَ اللَّهُ عَنْهُ തന്റെ മകൻ സഅ്ദിനോട് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “നമ്മളിൽ ഒരാൾ എന്തായാലും വീട്ടിൽ നിൽക്കേണ്ടതുണ്ട്. അതിനാൽ പുറപ്പെടാനുള്ള അവസരം നീ എനിക്ക് നൽകുക, നീ നമ്മുടെ സ്ത്രീകൾക്കും കുടുംബത്തിനുമൊപ്പം ഇവിടെ നിൽക്കുക!” അപ്പോൾ സഅ്ദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അത് സ്വർഗ്ഗമല്ലാത്ത മറ്റെന്തെങ്കിലുമായിരുന്നെങ്കിൽ ഞാൻ അത് താങ്കൾക്ക് നൽകുമായിരുന്നു. നിശ്ചയമായും ഞാൻ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നു.” അങ്ങനെ ആര് പുറപ്പെടണം, ആര് നിൽക്കണം എന്നതിന് അവർ രണ്ടുപേരും നറുക്കിട്ടു. അതിൽ സഅ്ദിന് رَضِيَ اللَّهُ عَنْهُ നറുക്ക് ലഭിച്ചു. അങ്ങനെ അദ്ദേഹം നബിയോടൊപ്പം ﷺ ബദറിലേക്ക് പുറപ്പെടുകയും, രക്തസാക്ഷിയാകുകയും ചെയ്തു.

  • സ്വർഗ്ഗത്തിലേക്കല്ലാത്ത എല്ലാ ഓട്ടമത്സരങ്ങളും നീ ഉപേക്ഷിക്കുക, പരലോകത്തിന് വേണ്ടിയല്ലാത്ത എല്ലാ മത്സരങ്ങളെയും നീ മഹത്വവൽക്കരിക്കാതിരിക്കുക.
  • നമ്മുടെ ഏറ്റവും നല്ല ഊർജ്ജങ്ങളെ നാം അസ്ഥാനത്താണ് ചോർത്തിക്കളയുന്നത്.
  • തെറ്റായ വഴിയിൽ, അല്ലെങ്കിൽ നിസ്സാരമായ മൈതാനങ്ങളിൽ.
  • എതിരാളികളാക്കാൻ പോലും യോഗ്യതയില്ലാത്ത ആളുകളുമായി, അല്ലെങ്കിൽ അടിസ്ഥാനപരമായി ശത്രുക്കളാകാൻ അർഹതയില്ലാത്ത ആളുകളുമായി.

മെലിഞ്ഞ ശരീരം, എന്നാൽ അറിവുകൊണ്ട് നിറഞ്ഞിരിക്കുന്നു

ഇമാം ദഹബി رَحِمَهُ اللَّهُ രചിച്ച ‘സിയറു അഅ്‌ലാമിന്നുബലാഅ്’ എന്ന ഗ്രന്ഥത്തിൽ കാണാം: അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ മെലിഞ്ഞവനും കുറിയവനുമായിരുന്നു. അദ്ദേഹം ഉമർ ബിൻ ഖത്താബിന്റെ رَضِيَ اللَّهُ عَنْهُ സദസ്സിൽ വന്നപ്പോൾ, അവിടെ ഇരിക്കുന്നവർക്കിടയിൽ അദ്ദേഹം തീരെ വ്യക്തമായിരുന്നില്ല. എന്നാൽ ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് സംസാരിക്കുകയും, ദയ കാണിക്കുകയും, ചിരിക്കുകയും ചെയ്തു. ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ തിരിച്ചുപോയപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ നോക്കിക്കൊണ്ട് പറഞ്ഞു: “മെലിഞ്ഞ ശരീരം, എന്നാൽ അറിവുകൊണ്ട് നിറഞ്ഞിരിക്കുന്നു!”

  • മുഖസൗന്ദര്യങ്ങളിലല്ല, മറിച്ച് ഹൃദയങ്ങളിലാണ് കാര്യം.
  • ശരീരവലുപ്പങ്ങളിലല്ല, മറിച്ച് ബുദ്ധിശക്തിയിലാണ് കാര്യം.
  • കായികശക്തിയിലല്ല, മറിച്ച് തഖ്‌വയിലാണ് കാര്യം.
  • നിന്റെ അളവുകോലുകൾ നീ തിരുത്തുക. പുസ്തകങ്ങളെ വിലയിരുത്തേണ്ടത് അതിന്റെ പുറംചട്ട കൊണ്ടല്ല, ഉള്ളടക്കം കൊണ്ടാണ്; മനുഷ്യരും അങ്ങനെത്തന്നെയാണ്!

നിന്റെ സഹോദരൻ നിന്നെ ക്ഷണിക്കുകയും നിനക്ക് വേണ്ടി ബുദ്ധിമുട്ടുകയും ചെയ്തു

അബൂ സഈദിൽ ഖുദ്‌രിയിൽ رَضِيَ اللَّهُ عَنْهُ നിന്ന് ഇമാം ബൈഹഖി رَحِمَهُ اللَّهُ ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ നബിക്കുവേണ്ടി ﷺ ഭക്ഷണം തയ്യാറാക്കി. അങ്ങനെ അത് വിളമ്പിയപ്പോൾ ഒരാൾ പറഞ്ഞു: “ഞാൻ നോമ്പുകാരനാണ്.” അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു:

«دَعَاكَ أَخُوكَ وَتَكَلَّفَ لَكَ، أَفْطِرْ، وَصُمْ مَكَانَهُ إِنْ شِئْتَ»

“നിന്റെ സഹോദരൻ നിന്നെ ക്ഷണിക്കുകയും നിനക്ക് വേണ്ടി ബുദ്ധിമുട്ടുകയും ചെയ്തിരിക്കുന്നു. നീ നോമ്പുമുറിക്കുക, വേണമെങ്കിൽ അതിന് പകരം നീ നോമ്പെടുക്കുക.”6

  • ഒരു വസ്തുവോട് ജനങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം കാണിക്കേണ്ടത് അത് നൽകുന്നവനാണ്.
  • അതിനാൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ തണുത്ത പ്രതികരണം നൽകരുത്, അത് നൽകിയ വ്യക്തിയെ വല്ലാതെ വേദനിപ്പിക്കുന്ന കാര്യമാണ്!
  • സമ്മാനം നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടിയും നീ നിന്റെ സന്തോഷം പ്രകടിപ്പിക്കുക, അത് നൽകാൻ അവർ കാണിച്ച ആ മുൻകൈ മാത്രം മതിയാകുമല്ലോ.
  • നിന്നെ ക്ഷണിച്ചവനോട് നന്ദി പറയുക, വിമർശിക്കരുത്. നിന്നെ ക്ഷണിച്ചു എന്നത് തന്നെ നിനക്ക് മതിയായ കാര്യമാണ്.
  • ജനങ്ങൾ ചെയ്ത നന്മയെക്കുറിച്ച് അവർക്ക് ഖേദം തോന്നാൻ നീ അവസരമുണ്ടാക്കരുത്.
  • ജനങ്ങളിലെ നന്മയെ നീ കൊന്നുകളയരുത്!

ക്ഷമാപണം നടത്തേണ്ടി വരുന്ന വാക്കും പ്രവൃത്തിയും നീ സൂക്ഷിക്കുക!

ഇമാം ത്വബറാനി رَحِمَهُ اللَّهُ തന്റെ ‘അൽ മുഅ്ജമുൽ കബീർ’ എന്ന ഗ്രന്ഥത്തിൽ ഇക്‌രിമ ബിൻ ഖാലിദിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: സഅ്ദ് ബിൻ അബീ വഖാസ് رَضِيَ اللَّهُ عَنْهُ മരണാസന്നനായപ്പോൾ തന്റെ മകനോട് പറഞ്ഞു: “മകനേ, എന്നെക്കാൾ നിനക്ക് ഗുണകാംക്ഷയുള്ള ഒരാളെയും നീ ഒരിക്കലും കണ്ടുമുട്ടുകയില്ല. ആർത്തിയെ നീ സൂക്ഷിക്കുക, നിശ്ചയമായും അത് പെട്ടെന്നുള്ള ദാരിദ്ര്യമാണ്. ജനങ്ങളുടെ പക്കലുള്ളതിനെക്കുറിച്ചുള്ള നിരാശയെ നീ മുറുകെ പിടിക്കുക, അതാണ് യഥാർത്ഥ ഐശ്വര്യം. ക്ഷമാപണം നടത്തേണ്ടി വരുന്ന വാക്കും പ്രവൃത്തിയും നീ സൂക്ഷിക്കുക!”

  • ജനങ്ങളുടെ കണ്ണുകളിൽ നിന്റെ വിലയിടിക്കുന്ന യാതൊരു സാഹചര്യത്തിലും നീ ചെന്നുപെടരുത്.
  • ഒരു നിമിഷം കൊണ്ട് നീ പറയുന്ന വാക്കെയോർത്ത് പിന്നീട് ദിവസങ്ങളോളം നീ ഖേദിക്കേണ്ടി വരരുത്.
  • നിന്റെ സ്ഥാനം കുറച്ചുകാണിക്കുന്ന ഇടങ്ങളിലേക്ക് നീ പോകരുത്.
  • നിന്നെ അപമാനിക്കുന്ന സഹവാസം നിനക്കൊരിക്കലും ആവശ്യമില്ല.
  • ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് തലകുനിച്ചു നിൽക്കുന്നതിനേക്കാൾ നല്ലത് കൃത്യസമയത്ത് ജോലിക്ക് ഹാജരാകുന്നതാണ്.
  • നിന്റെ ശരീരത്തിന് നിന്റെ മേൽ അവകാശങ്ങളുണ്ട്, അതിനാൽ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അതിനെ നീ നിന്ദിക്കരുത്!

നീ ആഗ്രഹിക്കുന്നതെല്ലാം നീ വാങ്ങാറുണ്ടോ?!

ഇബ്നു അബീ ശൈബ رَحِمَهُ اللَّهُ ‘അൽ മുസ്വന്നഫിൽ’ ഉദ്ധരിക്കുന്നു: ജാബിർ رَضِيَ اللَّهُ عَنْهُ ഒരു ദിർഹമിന് വാങ്ങിയ മാംസവുമായി ഉമറിന്റെ رَضِيَ اللَّهُ عَنْهُ അടുത്തുകൂടി നടന്നുപോയി. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “ഇതെന്താണ്?” ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ഞാനൊരു ദിർഹമിന് വാങ്ങിയ മാംസമാണിത്.” അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “നീ ആഗ്രഹിക്കുന്നതെല്ലാം നീ വാങ്ങാറുണ്ടോ?!”

  • ഉമർ ബിൻ ഖത്താബിന്റെ رَضِيَ اللَّهُ عَنْهُ ഈ വാക്കുകളുടെ ഉദ്ദേശ്യം സാമ്പത്തിക ലാഭമോ പണം ലാഭിക്കലോ അല്ല.
  • മറിച്ച് അതിന്റെ മാനസികവും വിദ്യാഭ്യാസപരവുമായ വശമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
  • ഈ മനസ്സ് നിയന്ത്രണമില്ലാത്ത ഒരു കുതിരയെപ്പോലെയാണ്, അതിനെ പിടിച്ചുനിർത്തിയില്ലെങ്കിൽ അത് അതിന്റെ ഉടമസ്ഥനെ നശിപ്പിച്ചുകളയും. അതൊരു കുട്ടിയെപ്പോലെയാണ്, അച്ചടക്കം പഠിപ്പിക്കാൻ വേണ്ടി ചിലപ്പോഴൊക്കെ അതിനോട് ‘ഇല്ല’ എന്ന് പറയേണ്ടതുണ്ട്.
  • അനുവദനീയമായ ചില കാര്യങ്ങളിൽ സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്നവന്, നിഷിദ്ധമായ പല കാര്യങ്ങളിൽ നിന്നും അതിനെ നിയന്ത്രിക്കാൻ എളുപ്പമായിരിക്കും. എന്നാൽ എല്ലാ കാര്യങ്ങളിലും മനസ്സിന്റെ ഇംഗിതത്തിന് വഴങ്ങുന്നവന് പിന്നീട് അതിനെ നിയന്ത്രിക്കുക എന്നത് പ്രയാസകരമായിരിക്കും!

താങ്കളുടെ ചിറക് എനിക്കായി താഴ്ത്തിത്തരിക!

ഇമാം അഹ്മദ് رَحِمَهُ اللَّهُ തന്റെ ‘മുസ്‌നദ്’ എന്ന ഗ്രന്ഥത്തിൽ സിർറ് ബിൻ ഹുബൈശിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ ഉബയ്യ് ബിൻ കഅ്ബിന്റെ رَضِيَ اللَّهُ عَنْهُ കൂടെ കൂടി. അദ്ദേഹത്തിന് അല്പം പരുക്കൻ സ്വഭാവമുണ്ടായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “അല്ലാഹു താങ്കളോട് കരുണ കാണിക്കട്ടെ, താങ്കളുടെ ചിറക് എനിക്കായി ഒന്ന് താഴ്ത്തിത്തരിക!” അതിനുശേഷം ഉബയ്യ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് മൃദുവായിട്ടാണ് പെരുമാറിയിരുന്നത്!

  • ഓരോ മനുഷ്യനിലും സൃഷ്ടിപ്പിൽ തന്നെ അവന് നൽകപ്പെട്ട ഒരു പ്രകൃതമുണ്ട്. ഈമാൻ ആ പ്രകൃതത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ സംസ്കരിക്കുകയാണ് ചെയ്യുന്നത്.
  • അബൂബക്കറും رَضِيَ اللَّهُ عَنْهُ ഉമറും رَضِيَ اللَّهُ عَنْهُ ഈമാനിന്റെ ഉന്നതിയിലുള്ളവരായിരുന്നു, എന്നാൽ അവരുടെ പ്രകൃതങ്ങൾക്കിടയിലുള്ള വ്യത്യാസം എല്ലാവർക്കും അറിയാവുന്നതാണ്.
  • അബൂബക്കർ رَضِيَ اللَّهُ عَنْهُ മൃദുല സ്വഭാവക്കാരനും, ഉമർ رَضِيَ اللَّهُ عَنْهُ കാർക്കശ്യക്കാരനുമായിരുന്നു. ഇരുവരും ഇസ്‌ലാമിലെ ഉന്നതരായ മഹാരഥന്മാരാണ്. അതിനാൽ നിങ്ങൾ ഇടപഴകുന്ന ആളുകളുടെ പ്രകൃതങ്ങൾ മനസ്സിലാക്കുക, അത് നിങ്ങൾക്കും അവർക്കും ആശ്വാസം നൽകും.
  • പ്രകൃതം എന്നത് ഒരു താക്കോലാണ്. താക്കോൽ സ്വന്തമാക്കിയവന് മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. അതിനെക്കുറിച്ച് അറിവില്ലാത്തവൻ വാതിലിൽ ചെന്നിടിക്കുകയും, മറ്റുള്ളവരെ ഉപദ്രവിക്കുകയും, സ്വയം ഉപദ്രവിക്കപ്പെടുകയും ചെയ്യും.
  • പ്രകൃതം എന്നത് ഉപയോഗിക്കാനുള്ള ഒരു വഴികാട്ടിയാണ്, അത് നേരത്തെ തന്നെ മനസ്സിലാക്കിയാൽ കാര്യങ്ങൾ നിനക്ക് എളുപ്പമാകും!

ക്ഷണം സ്വീകരിക്കാൻ ഞാൻ ആഗ്രഹിച്ചു

ഇമാം അഹ്മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ രചിച്ച ‘കിതാബുസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: മുഗീറ ബിൻ ശുഅ്ബയുടെ رَضِيَ اللَّهُ عَنْهُ ഒരു ഭൃത്യൻ വിവാഹം കഴിച്ചു. അങ്ങനെ അന്നത്തെ അമീറുൽ മുഅ്മിനീനായിരുന്ന ഉസ്മാൻ ബിൻ അഫ്ഫാന്റെ رَضِيَ اللَّهُ عَنْهُ അടുത്തേക്ക് ക്ഷണിക്കാനായി ആളെയയച്ചു. ഉസ്മാൻ رَضِيَ اللَّهُ عَنْهُ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നോമ്പുകാരനാണ്. എങ്കിലും നിങ്ങളുടെ ക്ഷണം സ്വീകരിക്കാനും നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാനും ഞാൻ ആഗ്രഹിച്ചു.”

  • ജനങ്ങളുടെ ഹൃദയം നന്നാക്കുക (ജബ്റുൽ ഖവാത്വിർ) എന്നത് ഒരു ആരാധനയാണെന്ന് എപ്പോഴും ഓർക്കുക.
  • നമ്മുടെ വീട്ടിൽ ഭക്ഷണമില്ലാത്തതുകൊണ്ടല്ല നാം ക്ഷണങ്ങൾ സ്വീകരിക്കുന്നത്, മറിച്ച് ജനങ്ങളുടെ ഹൃദയം സന്തോഷിപ്പിക്കാൻ വേണ്ടിയാണ്.
  • പദവികൾ വലുതാകുന്തോറും, അവർ മറ്റുള്ളവരുടെ ഹൃദയങ്ങൾക്ക് നൽകുന്ന ആശ്വാസത്തിന്റെ ഭംഗിയും വർദ്ധിക്കും. അതിനാൽ ഭൗതികകാര്യങ്ങൾ നിന്നെ ജനങ്ങളിൽ നിന്ന് അകറ്റാതിരിക്കട്ടെ.
  • നിനക്ക് വളരെ സാധാരണമായി തോന്നുന്ന ചില കാര്യങ്ങൾ മറ്റൊരു മനുഷ്യന് വലിയ സന്തോഷം നൽകിയേക്കാം, അതിനാൽ അതിൽ നീ പിശുക്ക് കാണിക്കരുത്.

ആർത്തി ദാരിദ്ര്യമാണ്

അബ്ദുല്ലാഹിബ്നുൽ മുബാറക് رَحِمَهُ اللَّهُ രചിച്ച ‘കിതാബുസ്സുഹ്ദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: ഉമർ ബിൻ ഖത്താബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “നിശ്ചയമായും ആർത്തി ദാരിദ്ര്യമാണ്, ജനങ്ങളുടെ പക്കലുള്ളതിനെക്കുറിച്ചുള്ള നിരാശ ഐശ്വര്യമാണ്.”

  • ഹൃദയത്തിൽ ദാരിദ്ര്യം പേറുന്നവന് ലോകം മുഴുവൻ സ്വന്തമാക്കിയാലും മതിയാകില്ല.
  • സ്വന്തം ശരീരത്തിൽ വിശപ്പുള്ളവന് ലോകത്തുള്ളതെല്ലാം കഴിച്ചാലും വയറുനിറയില്ല.
  • ആത്മാവിൽ ദാരിദ്ര്യമുള്ളവൻ ഭൗതിക ലോകം മുഴുവൻ എടുത്താലും അവന് തൃപ്തിവരികയില്ല.
  • സംതൃപ്തിയില്ലാത്ത എല്ലാ ഐശ്വര്യവും ദാരിദ്ര്യമാണ്!
  • സംതൃപ്തിയുള്ളവനും സന്തോഷിക്കുന്നവനുമല്ലാതെ ഈ ദുനിയാവിൽ സമാധാനമില്ല.
  • ജീവിതാനുഭവങ്ങളിലൂടെയും നീണ്ട സഹവാസത്തിലൂടെയും നീ ഒരുകാര്യം തിരിച്ചറിയും:
  • കണ്ണുകളെ ആകർഷിക്കുന്ന നിറങ്ങളുള്ള കണ്ണുകളേക്കാൾ എത്രയോ മനോഹരമാണ് സംതൃപ്തിയുള്ള കണ്ണുകൾ!

സൈന്യങ്ങളെപ്പോലെ അണിനിരത്തപ്പെട്ടവയാണ്

ഇബ്നു അബ്ദിൽ ബർറ് رَحِمَهُ اللَّهُ രചിച്ച ‘അത്തംഹീദ്’ എന്ന ഗ്രന്ഥത്തിൽ കാണാം: അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ഒരാൾക്ക് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് നീ അയാളോട് ചോദിക്കേണ്ടതില്ല, മറിച്ച് നിന്റെ ഹൃദയത്തിൽ അയാൾക്കുള്ള സ്ഥാനം നീ നോക്കുക. നിശ്ചയമായും നിനക്ക് അയാളോടുള്ളത് പോലെത്തന്നെയായിരിക്കും അയാൾക്ക് നിന്നോടുമുള്ളത്. കാരണം ആത്മാവുകൾ അണിനിരത്തപ്പെട്ട സൈന്യങ്ങളെപ്പോലെയാണ്. അതിൽ പരസ്പരം പരിചയപ്പെട്ടവ യോജിക്കുകയും, അപരിചിതമായവ വിയോജിക്കുകയും ചെയ്യും.”

  • ആത്മാവുകൾ അണിനിരത്തപ്പെട്ട സൈന്യങ്ങളെപ്പോലെയാണ് എന്ന ഈ വാചകത്തേക്കാൾ വ്യക്തമായി സ്നേഹത്തെ വിശദീകരിക്കാൻ മറ്റൊന്നിനും കഴിയില്ല. അപരിചിതരായ രണ്ടുപേർ കണ്ടുമുട്ടുന്നു, അധികം വൈകാതെ അവർ പരസ്പരം ഒന്നായി മാറുന്നു.
  • ഒരാളുടെ അസാന്നിധ്യം മറ്റൊരാൾക്ക് തന്റെ ലോകം തന്നെ ഇല്ലാതായത് പോലെ തോന്നും! മറ്റാരുടെ സാന്നിധ്യവും അയാൾക്ക് ആശ്വാസം നൽകില്ല! എന്നാൽ മനുഷ്യൻ ചില ആളുകളുമായി വർഷങ്ങളോളം സഹവസിക്കുന്നു. എന്നിട്ടും അവർ അവന്റെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നതുപോലെയായിരിക്കും, അവരെ വിഴുങ്ങാനോ തുപ്പിക്കളയാനോ അവന് സാധിക്കില്ല.

റസാഇൽ മിനസ്സഹാബ

  1. മുഅത്തഅ് ഇമാം മാലിക് – 997 ↩︎
  2. സ്വഹീഹുൽ ബുഖാരി – 2518, സ്വഹീഹ് മുസ്‌ലിം – 84 ↩︎
  3. മുസ്‌നദ് ഇമാം അഹ്മദ് – 25660 ↩︎
  4. സൂറത്ത് മർയം – 71 ↩︎
  5. മുസ്‌നദ് ഇമാം അഹ്മദ് – 16245 ↩︎
  6. അസ്സുനനുൽ കുബ്റാ – ബൈഹഖി ↩︎
Share This Article
Leave a Comment